എന്നുമുതലാണ് ആ ഒറ്റമൂലിയെകുറിച്ച് കേള്‍ക്കാതായത് എന്ന് ഓര്‍മിക്കാനാവുന്നില്ല. എണ്‍പതുകള്‍ വരെ എപ്പോഴും കേള്‍ക്കാറുണ്ടായിരുന്നുഎന്നുറപ്പായി പറയാം, എവിടെ എന്ത് പ്രശ്നം ചര്‍ച്ച ചെയ്യുമ്പോഴും ആരെങ്കിലും ആവേശപൂര്‍വം നിര്‍ദ്ദേശിക്കാറുണ്ട്- ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ ഒറ്റ മാര്‍ഗമേ ഉള്ളൂ, പട്ടാള ഭരണം ഏര്‍പ്പെടുത്തണം. ആരെയാണ് പട്ടാളഭരണാധികാരിയാക്കേണ്ടത് എന്നതുസംബന്ധിച്ച് അക്കാലത്ത് പത്രങ്ങളില്‍ തുടരന് ചര്‍ച്ചകള്‍ പോലും നടന്നിട്ടുണ്ട്. ആ മനോഹരവ്യാമോഹം എപ്പോഴാണ്, എന്തുകൊണ്ടാണ് അപ്രത്യക്ഷമായത് എന്ന് പറയാനാവില്ല. എന്തായാലും അടുത്ത കാലത്തൊന്നും പഴയ തലമുറക്കാര്‍ പോലും അങ്ങനെ പറയുന്നതു കേട്ടിട്ടില്ല. പട്ടാളത്തിന്റ അച്ചടക്കത്തിലും സത്യസന്ധതയിലും കാര്യക്ഷമതയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണോ അതല്ല പട്ടാളം വിചാരിച്ചാലും ഇന്ത്യയെ രക്ഷിക്കാനാമവില്ല എന്ന തോന്നല്‍ കൊണ്ടാണോ എന്നറിയില്ല. ഏഷ്യയിലെ ഏറ്റവും സമ്പന്ന രാജ്യമായിരുന്ന ബര്‍മയെ പട്ടാളഭരണം എത്ര എളുപ്പമാണ് പാപ്പരാക്കിയത് എന്നറിഞ്ഞതുകൊണ്ടാണെന്നു തോന്നുന്നുമില്ല. ഒന്നുറപ്പിച്ചുപറയാനാവും, ജനാധിപത്യത്തിന് നൂറുകുറ്റവും കുറവും പറയാനാവുമെങ്കിലും അതല്പ്പമെങ്കിലും പരിഹരിക്കാന്‍ കഴിയുക ജനാധിപത്യവ്യവസ്ഥയ്ക്ക് മാത്രമാണെന്ന് ഇന്ന് ലോകം അംഗീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ജനാധിപത്യം എന്നാണ് അസ്തമിക്കുക എന്ന് നോക്കിയിരിപ്പായിരുന്നു പാശ്ചാത്യലോകം. കോടിക്കണക്കിന് നിരക്ഷരരുള്ള, വൈരുദ്ധ്യങ്ങളും ഭിന്നതകളും സംഘര്‍ഷങ്ങളും നിറഞ്ഞ, രാജഭരണത്തിന്റെ പാരമ്പര്യം മാത്രമുള്ള ഒരു രാജ്യം ജനാധിപത്യ രാജ്യമാകാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍തന്നെ പുഛിച്ചുചിരിച്ചവരുണ്ട്. നമുക്കും വളരെയൊന്നും ആത്മവിശ്വാസമുണ്ടായിരുന്നില്ല. വിദേശപ്രസിദ്ധീകരണങ്ങളുടെ ലേഖകന്മാര് ഡല്‍ഹിയിലിരുന്ന്, ഇതാ ഇവിടെ ജനാധിപത്യം ഇല്ലാതാകാന്‍ പോകുന്നു എന്ന് ഇടക്കിടെ എഴുതാറുണ്ടായിരുന്നു. 1975 വരെ അതുതുടര്‍ന്നു. അടിയന്തരാവസ്ഥയോടെ അവര്‍ ഉറപ്പിച്ചു- പ്രവചനം സത്യമായി ഭവിച്ചിരിക്കുന്നു. ജനാധിപത്യം ഇല്ലാതായിക്കഴിഞ്ഞു, ഇനി അത് ഉയര്ത്തെഴുനേല്ക്കാന് പോകുന്നില്ല. രണ്ടുവര്‍ഷത്തിനകം ജനാധിപത്യം പൂര്‍ണരൂപത്തില്‍ പുന:സ്ഥാപിക്കപ്പെട്ടപ്പോഴാണ് അവര്‍ ഞെട്ടിപ്പോയത്. പിന്നീടൊരിക്കലും ആരും ഇന്ത്യയില്‍ ജനാധിപത്യത്തിന് എത്ര ആയുസ്സുണ്ടെന്ന ചര്‍ച്ചയില്‍ ഏര്‍പ്പെട്ടതായി തോന്നുന്നില്ല. ഇന്ന് അങ്ങനെയൊരു ചര്‍ച്ച എങ്ങും കേള്‍ക്കാനില്ല.
ഏതൊരു രാജ്യത്തിന്റെയും സ്വാതന്ത്ര്യലബ്ധി സന്തോഷകരമായ അനുഭവമേ ആകാന്‍ പാടുള്ളു. ഇന്ത്യയില്‍ അതങ്ങനെയായിരുന്നില്ല. സ്വാതന്ത്ര്യദിനത്തിലും ചോരപ്പുഴയൊഴുകിയ വേറെ അധികം രാജ്യങ്ങളുണ്ടെന്ന് തോന്നുന്നില്ല. ഗാന്ധിജി ആ ദിവസം 24 മണിക്കൂര്‍ ഉപവാസത്തിലായിരുന്നു. എന്തൊരു ദുരന്തമായിരുന്നു ആ ജീവിതമെന്ന് ഇപ്പോള്‍പ്പോലും നമ്മള് സത്യസന്ധമായി വിലയിരുത്തിയിട്ടില്ല. പ്രവാചകതുല്യമായ ജീവിതം നയിച്ച മഹാത്മാവ് ഒരു രാജ്യത്തെ അഹിംസാമന്ത്രമോതി സ്വാതന്ത്ര്യത്തിലേക്ക് നയിച്ചപ്പോള്‍ ആ നാളുകളില്‍ രാജ്യത്ത് ഹിംസയുടെ പെരുങ്കളിയാട്ടമായിരുന്നു നടന്നിരുന്നത്. ആ കാലംവരെ ഗാന്ധിജിക്കൊപ്പം നിന്ന ജനത രാജ്യത്തെ രണ്ടായി വീതം വെക്കുകയായിരുന്നു. പരസ്പരം കൊന്നൊടുക്കുകയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ഒരു വര്‍ഷം മുമ്പ് തുടങ്ങിയ കൂട്ടക്കൊലകള്‍ സ്വാതന്ത്ര്യം കിട്ടി ഒരു വര്‍ഷം കഴിഞ്ഞിട്ടും അവസാനിച്ചിരുന്നില്ല. ജനങ്ങളെയും കൊണ്ടല്ല, ശവശരീരങ്ങളും കൊണ്ടാണ് തീവണ്ടികള്‍ ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും സഞ്ചരിച്ചിരുന്നത്. ലോകചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ഥിപ്രവാഹത്തിനാണ് അത് കാരണമായത്. എത്രപേരാണ് കൊല്ലപ്പെട്ടത് ? അറിയില്ല. പത്തുലക്ഷം പേരെങ്കിലും കൊല ചെയ്യപ്പെട്ടു എന്നാണ് പലരും എഴുതിയിട്ടുള്ളത്. അഭയാര്‍ഥികള്‍ ജീവനുവേണ്ടി നെട്ടോട്ടമോടുകയായിരുന്നു. ജനങ്ങളെ കൊലയാളികള്ക്കെറിഞ്ഞുകൊടുത്ത് ബ്രിട്ടീഷ് പട്ടാളം പിന്‍വാങ്ങുകയായിരുന്നു. ഒടുവില്‍ ആ മഹാത്മാവും വെടിയുണ്ടക്കിരയായി.
ഉടുതുണിക്ക് മറുതുണിയില്ലാതെ ഇന്ത്യയിലേക്ക് ഓടിവന്ന അഭയാര്‍ഥികളുടെ എണ്ണം എണ്‍പതുലക്ഷത്തോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കുരുക്ഷേത്രയിലെ അഭയാര്‍ഥിക്യാമ്പില്‍ മാത്രം ഒരു ലക്ഷം പേരുണ്ടായിരുന്നു. ഉടുതുണിയും ഭക്ഷണവും മേല്‍ക്കൂരയും കൃഷിയിടവും നല്കി അത്രയും പേരെ പുനരധിവസിപ്പിച്ചത് അന്നത്തെ ദുര്‍ബല ഇന്ത്യയിലെ ഭരണകൂടങ്ങള്തന്നെയായിരുന്നു. ലോകം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ പ്രതിസന്ധികളെ മറികടന്നാണ് ഇവിടെ സമാധാനവും മതേതരത്വവും ജനാധിപത്യവും സ്ഥാപിച്ചതും പുലര്‍ത്തിയതും. അന്നത്തെ നേതൃത്വം പോലും തങ്ങള്‍ മനുഷ്യസാധ്യമല്ലാത്ത ഇത്രയും വലിയ കൃത്യമാണ് ചെയ്തത് എന്ന് മനസ്സിലാക്കിയിട്ടുണ്ടാവില്ല. ഇന്ന് പിന്തിരിഞ്ഞുനോക്കുന്ന മിക്കവരും അന്നത്തെ ചെറിയ വീഴ്ചകളിലും അപാകങ്ങളിലും പരാജയങ്ങളിലൂമാണ് ശ്രദ്ധയൂന്നുന്നത്. പിന്നിട്ടത് എന്തൊരു കാളരാത്രിയായിരുന്നു എന്നവര്‍ക്ക് സങ്കല്പ്പിക്കാന് പോലും കഴിയില്ല.
അന്നത്തെ പ്രധാനമന്ത്രി നെഹ്റുവിനോട് എന്താണ് ഭരണാധികാരിയെന്ന നിലയില്‍ ഏറ്റവും പ്രയാസമായി തോന്നുന്നത് എന്ന് ഫ്രഞ്ച് എഴുത്തുകാരനായ ആന്ദ്രെ മല്‍റോ ചോദിച്ചപ്പോള്‍ നെഹ്റു പറഞ്ഞു- നീതിയുടെയും ന്യായത്തിന്റെയും മാര്‍ഗത്തിലൂടെ നീതിയും ന്യായവുമുള്ള ഭരണവ്യവസ്ഥ സ്ഥാപിക്കലാണ് ഏറ്റവും പ്രയാസം. മതാഭിമുഖ്യമുള്ള രാജ്യത്ത് മതേതരത്വം സ്ഥാപിക്കലും അത്രതന്നെ പ്രയാസമാണ്- നെഹ്റു ഇതുരണ്ടുമാണ് ചെയ്യാന്‍ ശ്രമിച്ചതെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും ഒരു പരിധി വരെ സമ്മതിക്കും. ഒരു പരിധി വരെ രണ്ടുകാര്യത്തിലും നെഹ്റുവും കോണ്‍ഗ്രസ്സും വിജയിച്ചുവെന്നും അവര്‍ സമ്മതിക്കാതിരിക്കില്ല.
ഗാന്ധിജിയുടെയും നെഹ്രുവിന്റെയും പാര്‍ട്ടിയായ കോണ്‍ഗ്രസ് പിന്നിട്ട 125 കൊല്ലത്തില്‍ പാതി ഇന്ത്യയിലെ ഭരണകാര്യം നോക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് അതൊരു പാര്‍ട്ടിയായിരുന്നില്ല, പ്രസ്ഥാനമായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗത്വമുള്ളവരും അക്കാലത്ത് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കാറുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷമേ കോണ്‍ഗ്രസ് ഒരു പാര്ട്ടിയായിട്ടുള്ളു. സ്വാതന്ത്ര്യം കിട്ടിയാല്‍ ഉടനെ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന ആഗ്രഹം ശക്തിയായി പ്രകടിപ്പിച്ചിട്ടുണ്ട് മഹാത്മാഗാന്ധി. രാഷ്ട്രപിതാവിന്റെ അന്ത്യാഭിലാഷങ്ങളിലൊന്ന് സ്വീകരിക്കാതെ അധികാരക്കസേരയില്‍ കയറിയിരുന്നതിന് സകലരും കോണ്‍ഗ്രസ് നേതൃത്വത്തെ ആക്ഷേപിച്ചിട്ടുമുണ്ട്. മഹാത്മാഗാന്ധിയുടെ ദീര്‍ഘവീക്ഷണത്തെ ചോദ്യം ചെയ്യാനുള്ള ബൗദ്ധികശക്തിയോ അറിവോ അനുഭവമോ ഒന്നും ഇല്ലാത്ത ആളുകള്‍പോലും സ്വതന്ത്രഭാരതത്തില്‍ കോണ്‍ഗ്രസ് നിലനില്ക്കേണ്ടതുതന്നെയായിരുന്നു എന്നുറപ്പിച്ചുപറയും. വലിയൊരു വിഭാഗം ജനങ്ങള്‍ ഇന്നും അങ്ങനെ ചിന്തിക്കുന്നതുകൊണ്ടാണ് കോണ്‍ഗ്രസ് രാജ്യത്തെ മുഖ്യ രാഷ്്ട്രീയശക്തിയായി തുടരുന്നതും. പ്രതിസന്ധിയുടെ ആദ്യനാളുകളില്‍ ആരായിരുന്നു രാജ്യത്തിന് നേതൃത്വം നല്‍കേണ്ടിയിരുന്നത്? കോണ്‍ഗ്രസ്സിന് പകരം ഇവിടെ ആരാണ് ഉണ്ടാകുമായിരുന്നത് ? കോണ്‍ഗ്രസ് അല്ലാത്ത ഒരു പാര്‍ട്ടിയും കാര്യമായി ഉണ്ടായിരുന്നില്ല. സോഷ്യലിസ്റ്റുകാരും കമ്യുണിസ്റ്റുകാരുമാണ് ഉണ്ടായിരുന്നത്. ഐക്യത്തോടെ എന്തെങ്കിലും കാര്യം ചെയ്യുക ജാതകപ്രകാരംതന്നെ അസാധ്യമാണ് സോഷ്യലിസ്റ്റുകള്ക്കെന്ന് പലവട്ടം തെളിയിച്ചിട്ടുള്ളതാണ്്.
ഇന്ത്യാവിഭജനവും ഭരണഘടനാനിര്മാണവും നാട്ടുരാജ്യങ്ങളുടെ ഏകീകരണവും സംസ്ഥാനങ്ങളുടെ രൂപവല്‍ക്കരണവും കൈകാര്യം ചെയ്യേണ്ടിവന്ന ആ നിര്‍ണായക പ്രതിസന്ധികാലത്തെ നേരിട്ടത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ്. സ്വാതന്ത്ര്യലബ്ധിയുടെ ആ പ്രത്യേക ഘട്ടത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായിരുന്നുവെങ്കില്‍ ആ വിടവില്‍ എന്തെല്ലാം ശക്തികളാണ് അധികാരത്തില്‍ കയറിപ്പറ്റുക എന്നു പറയുക അസാധ്യമാണ്. നമ്മള് ഇന്ന് കാണുന്ന പാര്‍ലമെന്റെറി ജനാധിപത്യം ഉണ്ടാകുമായിരുന്നുവോ ? 1951 ല്‍ തുടങ്ങി 1977 വരെ സ്ഥിരതയോടെ തുടര്‍ന്ന കോണ്‍ഗ്രസ് ഭരണത്തിന് പകരം 1951 ല്‍ തന്നെ അനേകം കൊച്ചുകക്ഷികള് ചേര്‍ന്നുള്ള കൂട്ടുകക്ഷി ഭരണമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഭരണത്തിലെ അനിശ്ചിതത്വം രാജ്യത്തെ എങ്ങനെ ബാധിക്കുമായിരുന്നു എന്ന് ഊഹിക്കാനേ കഴിയൂ. ജനാധിപത്യവ്യവസ്ഥയേക്കാള് വലിയ ദുരന്തമാകുമായിരുന്നു ഇന്ത്യന്‍ മതേതരത്വം. ഹിന്ദുക്കള്‍ മുസ്ലിങ്ങളെ തിരഞ്ഞുകൊല്ലുന്ന, പാകിസ്ഥാനില്‍ ഹിന്ദുക്കളെ തിരഞ്ഞുകൊല്ലുന്നതില് പ്രതികാരം ചെയ്യുന്ന പകയും വര്‍ഗീയതയും കൊടികുത്തിവാഴുന്ന നാളുകളില്‍ നെഹ്റുവിന്റെ നേതൃത്വത്തിനല്ലാതെ ആര്‍ക്കെങ്കിലും മതേതരത്വം എന്ന് ഉച്ചരിക്കാനെങ്കിലും കഴിയുമായിരുന്നോ ? മുസ്ലിങ്ങള്‍ക്ക് തുല്യതയും പൗരാവകാശങ്ങളും കൊടുത്തുകൂടാ, അവര്‍ രണ്ടാം തരക്കാരായി അരികില്‍ ജീവിച്ചുപോയാല്‍ മതി എന്ന് ഹിന്ദു സംഘടനാനേതാക്കള്‍ ആവശ്യപ്പെട്ടിരുന്ന കാലത്തുതന്നെയാണ് നെഹ്റുവും കോണ്‍ഗ്രസ്സും എല്ലാവര്ക്കും തുല്യാവകാശങ്ങളുള്ള മതേതരരാജ്യത്തിനുവേണ്ടി നിലകൊണ്ടതും ഇന്ത്യന്‍ ജനത അതംഗീകരിച്ചതും. സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ലെന്ന് തര്ക്കിച്ചവരും ജനാധിപത്യസമ്പ്രദായം പൊളിച്ചുകളയേണ്ട ദുഷിച്ച വ്യവസ്ഥ മാത്രമാണെ് വാദിച്ചവരും മതേതരത്വം വെറുമൊരു പാശ്ചാത്യാനുകരണമാണെന്ന് വിശ്വസിച്ചവരുമെല്ലാം ഇന്ന് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പക്ഷത്തുണ്ടെന്നത് ആശ്വാസകരമാണ്.
ഹിന്ദുത്വശക്തികളുടെ കൊടുങ്കാറ്റുപോലുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളെ നേരിട്ടുകൊണ്ടാണ് നെഹ്റുവിന്റെ നേതൃത്വം ഹിന്ദുസിവില് നിയമഭേദഗതി പാസ്സാക്കിയെടുത്തത്. ഹിന്ദുമതം തകര്‍ക്കുകയാണ് നെഹ്റുവും കോണ്‍ഗ്രസ്സും ചെയ്യുന്നത് എന്ന് പ്രചരിപ്പിച്ചാണ് ഹിന്ദുനേതാക്കള്‍ നിയമനിര്‍മാണത്തെ എതിര്‍ത്തത്. മനുവിന്റെയും യാജ്ഞവല്‍ക്യന്റെയും സൃഷ്ടിയായ ഹിന്ദു നിയമങ്ങള്‍ മാറ്റാന്‍ പാര്‍ലമെന്റിന് എന്ത് അധികാരമാണ് എന്നുപോലും പ്രമുഖ ഹിന്ദുനേതാക്കള്‍ ചോദിച്ചു. ബഹുഭാര്യത്വം നിയമവിധേയമായി തുടരാനും പെണ്മക്കള്ക്ക് സ്വത്തവകാശം നല്കാതിരിക്കാനും മറ്റുമാണ് ഇവര്‍ പോരടിച്ചത് എന്നും ഓര്‍ക്കേണ്ടതായിട്ടുണ്ട്. ഒരു ഘട്ടത്തില്‍ നെഹ്റുവിന് രണ്ടടി പിറകോട്ട് വെക്കേണ്ടിവന്നപ്പോള് നഷ്ടപ്പെട്ടത് നിയമമന്ത്രി അംബേദ്ക്കറെയാണ്. പത്തുവര്ഷങ്ങള് കഴിഞ്ഞാണ്് ഹിന്ദു സിവില്‍ നിയമഭേദഗതി പാസ്സാക്കാനായത്.
സ്വാതന്ത്ര്യലബ്ധിയോടെ ഇന്ത്യ ഒരൊറ്റ രാജ്യമായി എന്ന്് വിശ്വസിക്കാനാണ് എളുപ്പം. ഇന്ത്യ ഒരിക്കലും ഒരൊറ്റ രാജ്യമായിരുന്നില്ലെന്ന പറഞ്ഞാല്‍ അതൊരു രാജ്യദ്രോഹപ്രസ്താവനയായേ ചിലരെങ്കിലും കരുതൂ. ബ്രിട്ടന് വിട്ടുപോയപ്പോള്‍ അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങള്‍ സ്വതന്ത്രരാജ്യങ്ങളാകാന് വെമ്പല്പൂണ്ടിരുന്നുവെന്നും നെഹ്റുവും സര്‍ദാര്‍ പട്ടേലും ഒരു മലയാളി ഉദ്യോഗസ്ഥനായ വി.പി.മേനോനും ചേര്‍ന്നാണ് രണ്ടുവര്‍ഷം നീണ്ട നിരന്തരയജ്ഞത്തിലൂടെ ഈ രാജ്യം ഉണ്ടാക്കിയെടുത്തതെന്നും വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും പുതിയ തലമുറയ്ക്കെങ്കിലും. അതാണ് സത്യം. ഇന്ത്യയോട് ചേരാന്‍ താല്പര്യമില്ല, ഞങ്ങള്‍്ക്ക് സ്വതന്ത്രരാജ്യം വേണം എന്ന് ഇന്ന് പറഞ്ഞാല്‍ അത് ജയിലടക്കപ്പെടാവുന്ന രാജ്യദ്രോഹക്കുറ്റമായികണക്കാക്കും. പക്ഷേ, ഞങ്ങള്‍ക്ക് ഇന്ത്യവേണ്ട, സ്വാതന്ത്ര്യം വേണം എന്ന് പല നാട്ടുരാജാക്കളും പറഞ്ഞു. അക്കൂട്ടത്തില്‍ കേരളരാജാക്കന്മാരും അവരുടെ ശിങ്കിടി ഉദ്യോഗസ്ഥരും പെടുമെന്ന് ഓര്‍ക്കുക കൗതുകകരമാണ്. ഡെന്മാര്ക്കിനും സ്വിറ്റ്സര്ലാണ്ടിനും സിയാമിനും നില നില്ക്കാമെങ്കില് തിരുവിതാംകൂറിനും സ്വതന്ത്രമായി നിലനില്‍ക്കാനാകും എന്നാണ് സര് സി.പി. വാദിച്ചത്. സര്‍ദാര്‍ പട്ടേലിന്റെ പട്ടാളമല്ല, തിരുവിതാംകൂര്‍ ജനതയാണ് സ്വതന്ത്രതിരുവിതാംകൂര്‍ വ്യാമോഹത്തെ തകര്‍ത്തെറിഞ്ഞത്. ഇന്ന് കാശ്മീരിലും മറ്റും പട്ടാളമില്ലെങ്കില്‍ ജനങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കും എന്ന അവസ്ഥയുണ്ടെങ്കില്‍ അതാരുടെ കുറ്റമാണ്, നമ്മുടേതോ അവരുടേതോ ?
മതമല്ല, മതേതരത്വമായിരിക്കും നമ്മുടെ മുഖ്യ ഏകോപന ആശയമെന്നത് ഒരു ഗാന്ധിയന്‍ സിദ്ധാന്തമായിരുന്നില്ല. ഗാന്ധിജിയുടെ രാമരാജ്യസങ്കല്‍പ്പം ഒരു മതാധിഷ്ഠിത രാഷ്ട്രസങ്കല്പ്പമോ ഹിന്ദുരാജ്യത്തിന്റെ അപരനാമമോ ആയിരുന്നില്ലെങ്കിലും അത് പാശ്ചാത്യഅര്ഥത്തിലുള്ള മതേതരത്വമായിരുന്നില്ല. പാശ്ചാത്യഅര്ഥത്തിലുള്ള മതേതരത്വം തന്നെയായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ചത്. ലോകത്തിലെ രണ്ടാമത്തെ വലിയ മുസ്ലിം ജനതയും നല്ലൊരു ശതമാനം ക്രിസ്ത്യാനികളും ഉള്ള ഇന്ത്യക്ക് അതേ കരണീയമായുള്ളൂ എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതിനുപിന്നിലും നെഹ്റുവിന്റെ സ്വാധീനം കാണാനാവും. ഗാന്ധിയന്‍ അര്‍ഥത്തിലുള്ള കുടില്വ്യാവസായമല്ല, പാശ്ചാത്യരീതിയിലുള്ള വന്‍കിട വ്യവസായങ്ങളുടെ പാത സ്വീകരിച്ചതിലും ഇതേപോലൊരു ഗാന്ധിനിരാസം കാണാനാവും. ഇങ്ങനെ സംഭവിക്കുമെന്ന് അറിയാതെയാണ് ഗാന്ധിജി നെഹ്റുവിനെ തന്റെ പിന്‍ഗാമിയായി നിയോഗിച്ചതെന്ന് കരുതുന്നത് മൗഡ്യമാകും. പട്ടാളമോ വന്‍വ്യവസായമോ ഇല്ലാത്ത ഒരു രാജ്യം ഉണ്ടാക്കാനാവില്ല എന്ന യാഥാര്‍ഥ്യബോധമാവാം, ചിന്തയിലും ഭാഷയിലും പാശ്ചാത്യനായ നെഹ്റുവിനെ ഗാന്ധിജി നിര്‍ദ്ദേശിച്ചതെന്നും കരുതാവുന്നതാണ്.
ബ്രിട്ടീഷ് രീതിയിലുള്ള പാര്‍ലമെന്ററി ജനാധിപത്യം, പാശ്ചാത്യ സെക്യുലര്‍ സംവിധാനം, റഷ്യന്‍ രീതിയിലുള്ള പഞ്ചവത്സരപദ്ധതികള്‍, മിശ്ര സമ്പദ വ്യവസ്ഥ, കോണ്‍ക്രീറ്റ്് പര്‍വതങ്ങള്‍ പോലെ ഉയര്‍ന്നുവന്ന വന്‍കിട ജലസേചന പദ്ധതികള്‍, ഒടുവില്‍ ആവഡിയിലെ സോഷ്യലിസ്റ്റ് പാറ്റേണ്‍ ഓഫ് സൊസൈറ്റി- ഇവയെല്ലാം ഇവിടെ ഉണ്ടായത് ഗാന്ധിസത്തിന്റെയല്ല, നെഹ്റുവിസത്തിന്റെ സംഭാവനകളായാണ്. അര നൂറ്റാണ്ടിനിടയില്‍ ഇവയില്‍ ചിലതിന്റെയെല്ലാം തിളക്കം നഷ്ടപ്പെട്ടിരിക്കാം. എന്നാല്‍ ഇവയില്ലാതെ ഇന്ന് കാണുന്ന രാജ്യം ഉണ്ടാകുമായിരുന്നില്ല എന്ന് പറയാനാവൂം. ഓരോന്നിനെ കുറിച്ചും കുറ്റങ്ങളേറെ പറയാന്‍ കാണും. പക്ഷേ രാജ്യത്തിന്റെ വികസനവും വളര്‍ച്ചയും തന്നെയായിരുന്നു അന്നത്തെ നേതൃത്വത്തിന്റെ ഏകമായ ലക്ഷ്യം. അതില്‍ രാഷ്ട്രീയമോ വ്യക്തിഗതമോ ആയ താല്പര്യങ്ങള് പങ്ക് വഹിച്ചിരുന്നില്ല. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന അടിസ്ഥാനരേഖയായ ഭരണഘടനയ്ക്ക് രൂപം നല്‍കുക എന്ന മുഖ്യ ചുമതല ഏല്‍പ്പിച്ചത് സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിയുടെയും നെഹ്റുവിന്റെയും രൂക്ഷ വിമര്ശകന് ആയിരുന്ന അംബേദ്കറെ ആയിരുന്നുവെന്നത് ആ വിശാലമനസ്കതയുടെ വലിയ തെളിവാണ്. ആ ഔന്നത്യം നിലനിര്‍ത്തിയില്ല എന്നുമാത്രമല്ല, അഗാധ ഗര്‍ത്തത്തിലേക്ക് താഴ്്ന്നുപോയി പില്ക്കാലത്ത് കോണ്‍ഗ്രസ് എന്നത് ഇതിന്റെ മുറുവശമാണ്. നെഹ്റുജീവിച്ചിരിക്കവേ തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാനനിയമസഭ പിരിച്ചുവിടാനുള്ള ഭരണഘടനാപരമെങ്കിലും ജനാധിപത്യവിരുദ്ധമായ നടപടി കോണ്‍ഗ്രസ് സ്വീകരിച്ചത്. അദ്ദേഹം അതുമനസ്സില്ലാമനസ്സോടെയാണ് ചെയ്തതെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് ആയ മകള്‍ ഇന്ദിരാഗാന്ധിക്കൊപ്പം പത്രക്കാരെ കണ്ടപ്പോള്‍ ഒരു ചോദ്യത്തിന് മറുപടിയായി നെഹ്റു പറഞ്ഞത്-‘ ജനങ്ങള്‍ തിരഞ്ഞെടുത്ത കേരളമന്ത്രിസഭ പിരിച്ചുവിടുകയോ ? അതുപറ്റില്ല ‘ എന്നാണ്. ഉടന്‍ മകള്‍ തിരുത്തി. പ്രധാനമന്ത്രിക്ക് അങ്ങനെ പറയാം. പിരിച്ചുവിടും എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റായ എനിക്ക് പറയാനുളളത്’ എന്നാണ്. ആ സമീപനം തന്നെയാണ് പില്ക്കാലത്ത് അടിയന്തരാവസ്ഥാപ്രഖ്യാപനത്തിലേക്കും പൗരാവകാശനിഷേധത്തിലേക്കും ഏകാധിപത്യത്തിലേക്കും നയിച്ചത് എന്ന് പറഞ്ഞുവെക്കേണ്ടതുണ്ട്.
കോണ്‍ഗ്രസ് രാജ്യത്തോട് വലിയ പാപങ്ങളും ചെയ്തിട്ടുണ്ട്. ഏറ്റവും വലിയ പാപം മുകളില്‍ പറഞ്ഞതുതന്നെ-അടിയന്തരാവസ്ഥാപ്രഖ്യാപനം. ഭരണഘടനയിലെ വ്യവസ്ഥകള്‍ സ്വന്തം രാഷ്ട്രീയ വാശി തീര്‍ക്കാന്‍ വേണ്ടി ഉപയോഗിക്കുകയാണ് ഇന്ദിരാഗാന്ധി ചെയ്തത്. ഒരു പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സിനുപോലും അതാവശ്യമുണ്ടായിരുന്നില്ല എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗമായ ചന്ദ്രശേഖറും മറ്റും അന്നേ അവരുടെ എതിര്‍പ്പിലൂടെ വിളിച്ചുപറഞ്ഞതാണ്. സമുന്നത നേതാക്കളായ ജഗ്ജീവന് റാമും ബഹുഗുണയും നന്ദിനി സത്പതിയും കിട്ടിയ ആദ്യസന്ദര്‍ഭത്തില്‍ അലറിപ്പറഞ്ഞുതും അതായിരുന്നു. അധികാരസംരക്ഷണത്തിന് വേണ്ടി ഏതറ്റവും വരെയും പോകാം എന്നാണ് ഇന്ദിരാഗാന്ധി അന്ന് കാട്ടിക്കൊടുത്തത്. ധീരത, മതേതരത്വബോധം, നേതൃത്വപ്രാപ്തി, സംഘടനാശേഷി, ഭരണവൈഭവം തുടങ്ങിയ നിരവധി ഗുണങ്ങളില്‍ അവര്‍ അതുല്യയായിരുന്നുവെങ്കിലും ഏകാധിപത്യപ്രവണതയും തത്ത്വദീക്ഷയില്ലായ്മയും അവരെ വല്ലാതെ കീഴ്പ്പെടുത്തി. കോണ്‍ഗ്രസ്സിനെ അവര്‍ ഒരു പോക്കറ്റ് സംഘടനയാക്കി മാറ്റി. ആ സംഘടനയില്‍ ജനാധിപത്യപരമായ വ്യവസ്ഥകള്‍ ഇല്ലാതാക്കി. സ്വതന്ത്രമായ അഭിപ്രായപ്രകടനം പോലും കുറ്റകൃത്യമാക്കി. ഇന്നും നേരാംവണ്ണം സംഘടനാതിരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്താന്‍ ബാധ്യതയുള്ള പാര്‍ട്ടിയില്‍ ആഭ്യന്തരജനാധിപത്യം പേരിനുപോലുമില്ലാതാക്കി. ഈ ദുരന്തങ്ങളില്‍ നിന്ന് പാര്‍ട്ടി ഇപ്പോഴും കരകയറിയിട്ടില്ല. കരകയറണമെന്ന തോന്നല്‍ പോലും ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് ഇല്ലാതാക്കിയിരിക്കുന്നു.
ജനാധിപത്യവും മതേതരത്വവും അടിസ്ഥാനാദര്‍ശമായി കൊണ്ടുനടക്കുന്ന പാര്‍ട്ടി ജനാധിപത്യത്തോട് കാട്ടിയ ക്രൂരതയാണ് മുകളില്‍ പറഞ്ഞതെങ്കില്‍ അടുത്തത് രണ്ടും മതേതരത്വത്തോട് കാട്ടിയ ക്രൂരതകളാണ്. ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം നടന്ന സിഖ് കൂട്ടകൊലയാണ് അതിലൊന്ന്. ഗുജറാത്ത് കലാപത്തെപ്പോലും വെല്ലുന്നതും മനുഷ്യത്വരഹിതവും നിഷ്ഠൂരവുമായിരുന്നു അത്. ഗാന്ധിജിയുടെ അനുയായികള്‍ ആണെന്ന് നടിച്ചുനടന്നവര്‍ നിരാപരാധികളായ സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും വരെ വീടുകളിലും കുടിലുകളിലും കയറി വെട്ടിയും കുത്തിയും കത്തിച്ചും കൊന്നു എന്നത് ഒരിക്കലും മറക്കാനാവില്ല. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട പ്രവര്‍ത്തകരും നേതാക്കളും നേരിട്ടാണ് അതെല്ലാം ചെയ്തിരുന്നതെന്നും അവര്‍ പിന്നെ പാര്‍ലമെന്റംഗങ്ങള്‍ പോലുമായി എന്നതും ആ പാര്‍ട്ടിയുടെ മുഖത്തെ ഒരിക്കലും മായ്ച്ചുകളയാനാകാത്ത പാപക്കറയാണ്. ആദര്‍ശമോ തത്ത്വമോ മനുഷ്യസ്നേഹമെങ്കിലുമോ ഉളള ഒരു പാര്‍ട്ടിയല്ല അരാജകമായ ഒരാള്‍ക്കൂട്ടം മാത്രമാണ് അതെന്ന് ആ സംഭവങ്ങള്‍ തെളിയിച്ചു.
കോണ്‍ഗ്രസ്സിന്റെ മതേതരസംസ്കാരത്തിന് അപരിഹാര്യമായ പരിക്കേല്‍പ്പിച്ചത് ബാബ്റി മസ്ജിദ് സംഭവമാണ്. സുപ്രധാനമായ ഒരു പ്രശ്നത്തില്‍ ഉറച്ച നിലപാട് ഇല്ലാതിരിക്കുക എന്നതിനപ്പുറം രാജ്യം മുഴുവന്‍ സാക്ഷിയായ ഒരു വന്കുറ്റകൃത്യത്തില് കൂട്ടുപ്രതികളായി എന്നതാണ് വലിയ ദോഷമുണ്ടാക്കിയത്. നിയമവും നീതിയും സത്യസന്ധതയും അനുശാസിക്കുന്ന ശരി നിലപാട് സ്വീകരിക്കുക സാധ്യമല്ലാത്ത വിധത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നില്‍ കയറിവന്നപ്പോള്‍ രാജീവ് ഗാന്ധിയെ ഉപദേശിക്കാനുണ്ടായിരുന്നത് കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥന്മാരായിരുന്ന അരാഷ്ട്രീയ’ കമ്പ്യൂട്ടര്കിഡ്ഡു’കളാണ്. ഷബാനാ കേസ്സില്‍ ന്യൂനപക്ഷവോട്ട് ബാങ്കിനെ തുണച്ചതിന്റെ ബാലന്‍സ് ഒപ്പിക്കാന്‍ ബാബ്റി ആരാധനാലയത്തിന്റെ ഗേറ്റ് തുറക്കാമെന്ന ഉപദേശം ആരാവും നല്‍കിയതെന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ അത് പാര്‍ട്ടിക്കും രാജ്യത്തിനും ഉണ്ടാക്കിയ ഹാനി ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും.
നെഹ്റു കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞിട്ട് അഞ്ചുപതിറ്റാണ്ടാവാറായി. ഇപ്പോഴും നെഹ്റു കുടുംബത്തോടുള്ള ആരാധനയും ഭക്തിയും നാട്ടില്‍ നിലനില്ക്കുന്നു എന്നാണ് കോണ്ഗ്രസ്സുകാര് അവകാശപ്പെടുന്നത്. അത് സത്യമല്ല. ആരാധന കോണ്ഗ്രസ്സുകാര്ക്കുപോലുമില്ല, വോട്ടര്‍മാര്‍ക്ക് ഒട്ടുമില്ല. ഉത്തര്‍പ്രദേശിലും ബിഹാറിലും കോണ്‍ഗ്രസ്സിന് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടി ഇത് വെളിവാക്കുന്നുണ്ട്. ആകെ ഉള്ളത് കോണ്‍ഗ്രസ്സുകാരുടെ ദാസ്യമനോഭാവമാണ്. ജനാധിപത്യസംഘടനാരീതിയില് പ്രവര്‍ത്തിക്കാന്‍ ഇന്നും കഴിയാത്തവരാണ് ആ പാര്‍്ട്ടിയുടെ നേതൃതലത്തിലേക്ക് ഉയര്‍ന്നുവരുന്നത്. മുകളില്‍ ഇരുന്ന് കല്‍പ്പനകള്‍ പുറപ്പെടുവിക്കാന്‍ ആരെങ്കിലും ഇല്ലെങ്കില്‍ അവര്‍ക്ക് ഒരു സംഘടനയെന്ന നിലയില്‍ മുന്നോട്ടുപോകാനാവില്ല. അങ്ങനെയൊരാളില്ലെങ്കില്‍ തമ്മിലടിച്ച് പൊട്ടിപ്പൊളിഞ്ഞുപോകും ആ പാര്‍ട്ടി. അതിനുവേണ്ടി മാത്രം നിര്‍ബന്ധിച്ച് വിളിച്ചുവരുത്തി വിഗ്രഹമായി പിടിച്ചുനിര്‍ത്തിയിരിക്കുകയാണ് സോണിയാഗാന്ധിയെ. ഭാവിയിലേക്ക് ഒരു ഉറപ്പിന് ഒരുക്കിയെടുക്കുകയാണ് രാഹുല്‍ ഗാന്ധിയെ. 125 പിന്നിട്ടിട്ടും പ്രായപൂര്‍ത്തിയായിട്ടില്ല കോണ്‍ഗ്രസ്സിന്.
കശ്മീരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഇപ്പോഴും ഇന്ത്യയുടെ ഭാഗമാകാതെ പ്രക്ഷുബ്ധമായി നില്‍ക്കുകയാണ്. വന്‍പുരോഗതി കുറെ മേഖലകളില്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ദാരിദ്ര്യത്തില്‍ നിന്നും നിരക്ഷരതയില്‍ നിന്നും ഫ്യൂഡല്‍ സംസ്കാരത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാന്‍ ആയിട്ടില്ല. കോടിക്കണക്കിനാളുകള്‍ ദാരിദ്ര്യരേഖയ്ക്ക് കീഴെ അന്തിയുറങ്ങുമ്പോള് സമ്പത്തിന്റെ ആഡംബരത്തില്‍ കുറെപ്പേര് ആഗോള മുതലാളിമാരെപ്പോലു തോല്‍പ്പിക്കുന്നു. മാവോയുടെ നാട് തിരസ്കരിച്ച മാവോയിസ തീവ്രവാദികളാണ് രാജ്യത്തിന്റെ നല്ലൊരു ഭാഗത്ത് ഇപ്പോള്‍ ഭരണംതന്നെ നടത്തുന്നത്്. ജനാധിപത്യം പോയിട്ട് ഭരണകൂടം പോലും ഇല്ല അവിടെയൊന്നും. വര്‍ഗീയതയും ജാതീയതയും എന്നത്തേക്കാള്‍ കൂടുതലാണ് ഇന്ന്. ഓരോദിവസവും പുറത്തുവരുന്ന അഴിമതിയുടെ കഥകള്‍ വിശ്വസിക്കാന്‍ പോലും കഴിയാത്ത വലിയ സംഖ്യയുടേതാണ്. ആര്‍ത്തി മൂത്ത കോര്‍പ്പറേറ്റ് ഭീമന്മാര് തരം കിട്ടിയാല്‍ രാജ്യത്തെ വെട്ടിമുറിച്ചുവില്ക്കാന് തയ്യാറെടുത്തുനില്ക്കുന്നു. അതിന് കൂട്ടുനില്‍ക്കുകയാണോ അതല്ല നിസ്സഹായത കൊണ്ട് നിഷ്ക്രിയരായതാണോ ഭരണനേതൃത്വം എന്നറിയില്ല. നാളെ, റിലയന്‍സ് കമ്പനി ഇന്ത്യന്‍ പാര്‍ലമെന്റ് ഏറ്റെടുത്തു എന്ന് വാര്‍ത്ത വന്നാലും ഞെട്ടാതിരിക്കാന്‍ ശീലിക്കുകയാണ് ജനത. അവര്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാന്‍ വേറെ പാര്ട്ടികളില്ലെന്നതാണ് ഇന്ത്യയുടെ വലിയ ദൗര്‍ഭാഗ്യം.
(സമയം മാസികയ്ക്ക് വേണ്ടി തയ്യാറാക്കിയത്)