സ്ത്രീസങ്കല്പ്പവും സ്ത്രീയാഥാര്‍ത്ഥ്യവും

എൻ.പി.രാജേന്ദ്രൻ

കഴിഞ്ഞ ഇരുപത്-ഇരുപത്തഞ്ച് വര്‍ഷത്തിനകം കേരളത്തില്‍ ഏറ്റവും വലിയ മാറ്റം ഉണ്ടായത് ഏത് മേഖലയിലാണ് എന്ന് ചോദിച്ചാല്‍, സ്ത്രീകളുടെ സാമൂഹികമായ നിലയിലാണ് അതുണ്ടായത് എന്ന് ഞാന്‍ പറയും. എത്രപേര്‍ ഇതിനോട് യോജിക്കും എന്നറിയില്ല. ഇരുപതോ ഇരുപത്തഞ്ചോ വയസ് പ്രായം ഉള്ളവര്‍ക്ക് ഈ മാറ്റം കാണാന്‍ പറ്റിയിട്ടുണ്ടാവില്ല. പ്രായമേറിയവരാകട്ടെ, പെണ്ണുങ്ങള്‍ നാട് കുട്ടിച്ചോറാക്കുകയാണ് എന്നാവും കരുതുന്നത്. മാധ്യമങ്ങളില്‍ ദിവസേന വരുന്ന സ്ത്രീപീഡനവാര്‍ത്തകള്‍ വായിച്ചാല്‍ തോന്നുക സ്ത്രീയുടെ നില പണ്ടത്തേക്കാള്‍ തീര്‍ത്തും മോശമായിരിക്കുകയാണ് എന്നാണ്. ഇത് സത്യമായ കാര്യമല്ല.

ഞാനിവിടെ പറഞ്ഞുവരുന്നത് സ്ത്രീസങ്കല്‍പ്പത്തെകുറിച്ചല്ല, സ്ത്രീ യാഥാര്‍ഥ്യത്തെകുറിച്ചാണ്. സമൂഹത്തിലെ സ്ത്രീയെകുറിച്ചുള്ള എന്റെ സങ്കല്‍പ്പമല്ല മാറുന്നത്. സ്ത്രീയാഥാര്‍ഥ്യമാണ്. ഈ മാറ്റം ശരിയായ രീതിയിലല്ല മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നത് എന്നതില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലല്പം പ്രയാസമുണ്ട്. മറ്റുകാര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ബോധപൂര്‍വമായല്ല മാധ്യമങ്ങള്‍ ഇങ്ങനെ തെറ്റായ ചിത്രം നല്‍കുന്നതെന്ന് സമാധാനിക്കാമെന്നുമാത്രം.

പുതിയ തലമുറയിലെ പെണ്‍കുട്ടി എന്റെ തലമുറയിലെ സ്ത്രീയേക്കാള്‍ കൂടുതല്‍ സ്വതന്ത്രയും കൂടുതല്‍ ധീരയും കൂടുതല്‍ വിദ്യാസമ്പന്നയും കൂടുതല്‍ സമത്വം അനുഭവിക്കുന്നവളുമാണെന്ന കാര്യം ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ പറ്റുമോ ? മാറ്റത്തിന്റെ കൊടുങ്കാറ്റടിച്ച കാലമെന്നൊക്കെ വിശേഷണങ്ങളുളള എഴുപതുകളില്‍ കോളേജില്‍ പഠിച്ച എനിക്ക്് ഇന്നത്തെ ക്യാമ്പസ്സുകളിലെ ആണ്‍-പെണ്‍ കൂട്ടായ്മ സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ വികാസം പ്രാപിച്ചതാണ്. രണ്ട് വര്‍ഷം മുമ്പ് ഒരു കോളേജ് വിദ്യാര്‍ഥിയോട് ഒപ്പം പഠിക്കുന്ന പെണ്‍കുട്ടി നീ പോടാ എന്ന് പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ ചെറുതായൊന്ന് ഞെട്ടുകയുണ്ടായി. അവന്‍ തിരിച്ചുതല്ലുകയോ മറ്റോ ചെയ്യുമോ എന്നായിരുന്നു എന്റെ പേടി. ഒന്നും സംഭവിച്ചില്ല. അവന്‍ ഹൃദ്യമായൊന്നുചിരിക്കുകയാണ് ചെയ്തത്. എന്റെ ചെറുപ്പകാലമല്ലല്ലോ ഇതെന്ന് തിരിച്ചറിയാന്‍ എനിക്ക് കുറച്ചുസമയം വേണ്ടിവന്നു. എന്റെ ഒരു മരുമകള്‍ ഭര്‍ത്താവിനെ പേരുവിളിക്കുന്നത് കേട്ടപ്പോഴും ഇതേ അവസ്ഥയിലായിരുന്നു ഞാന്‍. വലിയ ധിക്കാരമാണല്ലോ അവള്‍ കാട്ടുന്നത് എന്നാണ് എനിക്ക് ആദ്യം തോന്നിയത്. ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്, പേര് വിളിച്ചാല്‍ മതിയെന്നാണ് ഭര്‍ത്താവ് പറഞ്ഞിരിക്കുന്നതെന്നാണ്. ഭര്‍ത്താവൊരു സ്ത്രീപക്ഷ വിപ്ലവകാരിയൊന്നുമായിരുന്നില്ല. ഭര്‍ത്താവിന്റെ പേര് ഉച്ചരിക്കാന്‍ അനുവാദമില്ലാതെ ഭാര്യമാര്‍ മോന്റെ അച്ഛന്‍ എന്നും മറ്റും പറഞ്ഞിരുന്നത് ഈ കേരളത്തില്‍ തന്നെയാണ്. പത്തുവര്‍ഷം മുമ്പ് മാത്രം മരിച്ച എന്റെ അമ്മ, എന്റെ അച്ഛന്റെ പേര് ഉച്ചരിക്കുന്നത് ഞാന്‍ കേട്ടിട്ടേയില്ല.

കാല്‍ നൂറ്റാണ്ടുമുമ്പ് വിവാഹച്ചടങ്ങിലേക്ക് മലയാളിവധുക്കള്‍ എങ്ങനെയാണ് വന്നിരുന്നത് എന്നോര്‍ക്കുക കൗതുകരമായിരിക്കും. സ്വന്തം പാദമല്ലാതെ മറ്റൊന്നും കാണാന്‍ പറ്റാത്ത വിധത്തില്‍ തലതാഴ്ത്തിയുള്ള വരവും തൂക്കിക്കൊല്ലാന്‍ കൊണ്ടുപോകുന്നതുപോലുള്ള പൊട്ടിക്കരച്ചിലുകളും ഞാനേറെ കണ്ടിട്ടുണ്ട്. ഇന്നത് എത്ര മാറിയിരിക്കുന്നു. തല കുനിച്ച് വരുന്ന വധു ഇല്ലെന്നുമാത്രമല്ല, ഈയിടെ ഒരു വിവാഹച്ചടങ്ങില്‍ വരന്‍ നെര്‍വസ് ആയും വധു രാഷ്ട്രീയനേതാവിനെപ്പോലെ സദസ്സിലുള്ളവരെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്തുകൊണ്ട് ചടുലതയോടെയും കടന്നുവന്ന രസകരമായ കാഴ്ചയും കാണുകയുണ്ടായി.

ഭാര്യയും ഭര്‍ത്താവും നടന്നുപോകുമ്പോള്‍ കൊച്ചുകുഞ്ഞിനെ ഭര്‍ത്താവ് എടുത്തുകൊണ്ടുനടക്കുന്നത്് ഒരു പതിനഞ്ചുകൊല്ലം മുമ്പുപോലും കേരളത്തിലെ തെരുവുകളില്‍ കാണാന്‍ പറ്റുമായിരുന്നില്ല. ആരെങ്കിലും റോഡിലൂടെ അങ്ങനെ നടക്കുന്നത് കണ്ടാല്‍ അവനെ ശുദ്ധ പെണ്‍കോന്തനായും അവളെ മഹായക്ഷിയായും മുദ്ര കുത്തുമായിരുന്നു. ഇന്ന് ഭാര്യ കുഞ്ഞിനെ എടുക്കുന്നതാണ് അപൂര്‍വ കാഴ്ച്ച. നവദമ്പതികള്‍ പോലും നാട്ടിലെ കടകള്‍ക്ക് മുമ്പിലൂടെ സംസാരിച്ചുനടന്നുപോകാറില്ല. ഭര്‍ത്താവിനേക്കാള്‍ അഞ്ചടിയെങ്കിലും പിന്നിലേ ഭാര്യക്ക് നടക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. ഭര്‍ത്താവിനേക്കാള്‍ മുന്നില്‍ നടക്കുക ഒരുമ്പെട്ടോള്‍ മാത്രം. ഇന്ന് യുവതീയുവാക്കള്‍ പൊതുതെരുവില്‍ കൈപിടിച്ചുനടക്കുന്നതുകണ്ടാല്‍ ആരും അത് നോക്കുക പോലുമില്ല. ചുമലില്‍ കൈയിട്ടോ ചേര്‍ത്തുപിടിച്ചോ ഭാര്യാഭര്‍ത്താക്കന്മാര്‍ നടന്നുപോകുന്നത് എന്നും കാണുന്ന കാഴ്ചയാണ്.

എന്റെ വിവാഹനിശ്ചയം അറുപതിനുമേല്‍ പ്രായമുള്ള പത്തുപതിനഞ്ചുപുരുഷന്മാര്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. 22 വര്‍ഷം മുമ്പാണ് ആ ചരിത്ര സംഭവം നടന്നത് ! വീട്ടിനുള്ളിലുള്ള സ്ത്രീകള്‍ക്ക് ചായപലഹാരങ്ങള്‍ കൊണ്ടുവെക്കാനല്ലാതെ ചടങ്ങില്‍ അഭിപ്രായപ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ച ഞാന്‍ പങ്കെടുത്ത വിവാഹനിശ്ചയച്ചടങ്ങില്‍ സ്ത്രീകളെ മുട്ടിയിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു !

ഇതെല്ലാം നിസ്സാരകാര്യങ്ങളാണെന്നും സങ്കല്‍പ്പത്തിലും യാഥാര്‍ത്ഥ്യത്തിലും സ്ത്രീയുടെ നിലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും കരുതുന്നവരുണ്ടാകാം. നമ്മള്‍ യാത്ര തുടങ്ങിയിട്ട് ഒരുപാട് ദൂരം പിന്നിട്ടുകഴിഞ്ഞു. പിന്നിട്ട വഴിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മാത്രമേ ഇനി പിന്നിടാനുള്ള ദൂരത്തെക്കുറിച്ച് ആത്മവിശ്വാസമുണ്ടാവുകയുള്ളൂ. തീര്‍ച്ചയായും ഇനിയുമേറെ ദൂരം പിന്നിടാനുണ്ട്. അതുകൊണ്ടുതന്നെ ചിലര്‍ക്കെങ്കിലും നമ്മള്‍ ഒട്ടും മുന്നോട്ടുപോയിട്ടില്ല എന്ന തോന്നലുണ്ടാകും. അവരെ കുറ്റപ്പെടുത്തുന്നില്ല. മറ്റൊരുപാട് കാര്യത്തിലെന്ന പോലെ ഇക്കാര്യത്തിലും പിന്തിരിഞ്ഞുനടക്കാനാര്‍ക്കും കഴിയുകയില്ല. നടത്തിക്കാം എന്നാരും വ്യാമോഹിക്കുകയും വേണ്ട. സമ്പൂര്‍ണമായ സ്ത്രീ പുരുഷസമത്വം തന്നെയാണ് മാനവരാശിയുടെ പുരോഗതിയുടെ പാതയിലെ വളരെയൊന്നും അകലെയല്ലാത്ത ലക്ഷ്യം എന്ന കാര്യത്തില്‍ സംശയം വേണ്ട.

സംവരണമില്ലാതെ സകല പാര്‍ട്ടികളുടെയും കേന്ദ്രകമ്മിറ്റിയില്‍ പകുതി പെണ്ണുങ്ങളുണ്ടാകുന്ന, വീടുകളില്‍ സകല ആണ്‍മക്കള്‍ക്കും രുചിയോടെ പുട്ടും ഉപ്പുമാവും മാത്രമല്ല നല്ല കോഴിക്കറിയും ഉണ്ടാക്കാന്‍ കഴിയുന്ന, സായാഹ്നത്തില്‍ നാട്ടിന്‍പുറത്തെ ചായക്കടയില്‍ ആണുങ്ങള്‍ക്കൊപ്പം പെണ്ണുങ്ങളും ചായ കുടിക്കാന്‍ വന്ന് പത്രംവായിച്ച് രാഷ്ട്രീയം പറയുന്ന…… ഇനിയും ഒരു പാട് സങ്കല്‍പ്പങ്ങള്‍ വേറെയുമുണ്ട്….. ഒരു സ്ത്രീ പറഞ്ഞത്, അത്യാവശ്യം വന്നാല്‍ റോഡരുകിലുരുന്ന് മൂത്രമൊഴിക്കാന്‍ സ്ത്രീ മടിക്കാത്ത ഒരു സമൂഹമേ യഥാര്‍ത്ഥത്തില്‍ സമത്വമുള്ള സമൂഹമായി പരിഗണിക്കാനാവൂ എന്നാണ്. ഇതിന് ഇനിയും എത്ര തലമുറ പിന്നിടേണ്ടി വരും എന്നെനിക്കറിയില്ല.

(നാട്ടുപച്ചയില്‍ എഴുതിയ കുറിപ്പ്‌.)

Leave a Reply

Your email address will not be published. Required fields are marked *

Go Top