കേരളത്തില്‍ അതൊരു വിവാദമൊന്നും ആയില്ല. എന്തുകൊണ്ട് വിവാദമായില്ല എന്ന് അത്ഭുതം കൂറിയത് സി.പി.എം സെക്രട്ടറി പിണറായി വിജയനാണ്. എന്തിനും പ്രതികരിക്കുന്നവരാണല്ലോ കേരളീയര്‍ എന്നൊരു കുത്തുവാക്ക് പ്രസംഗത്തില്‍ ഉയര്‍ന്നുവരികയും ചെയ്‌തു. പ്രാധാന്യമുള്ള സംഗതി തന്നെയാണ് പിണറായി വിജയന്‍ എന്‍.ജി.ഓ യൂണിയന്‍ സംസ്ഥാനതല യോഗത്തില്‍ ഉന്നയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മാധ്യമഭീമനായ റുപര്‍ട് മര്‍ഡോക് നമ്മളാരുമറിയാതെ കേരളത്തില്‍ മാധ്യമസ്ഥാപനം കൈക്കലാക്കിയിരിക്കുന്നു. തട്ടിയെടുത്തതൊന്നുമല്ല, ഓസ്‌ട്രേലിയ മുതല്‍ അമേരിക്ക വരെ ലോകമാസകലം ചെയ്‌തതുപോലെ പണംകൊടുത്ത് ഓഹരി വാങ്ങിത്തന്നെയാണ് അദ്ദേഹം ഏഷ്യാനെറ്റ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥരില്‍ രാളായി മാറിയത്. ഇതിനെതിരെ എന്തുകൊണ്ട് കേരളത്തില്‍ അലമുറ ഉയര്‍ന്നില്ല എന്നദ്ദേഹം ഉച്ചത്തിലാണ് ചോദിച്ചത്. ആരും മറുപടി പറഞ്ഞില്ല. സഖാവിന്റെ വാക്കുകള്‍ അവഗണിക്കപ്പെട്ടതിലുള്ള പ്രയാസം കൊണ്ടാവണം പാര്‍ട്ടിപത്രത്തില്‍ പാര്‍ട്ടി ആസ്ഥാനമാധ്യമപ്രവര്‍ത്തകന്മാര്‍ കടുത്ത ധാര്‍മികരോഷം ഉന്നയിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ തുടരെ എഴുതിവിട്ടത്.
ഇക്കാലത്ത് വിപണിയില്‍ ചെന്ന് ഇഷ്ടമുള്ള സ്ഥാപനത്തിന്റെ ഓഹരി വാങ്ങുന്നതില്‍ ആരും പുതുമയും കാണുകയില്ല. മാധ്യമസ്ഥാപനങ്ങളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും മറ്റും ഓഹരികള്‍ വാങ്ങുന്നതില്‍ ചില നിയമപരമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. വിദേശികളെ മാധ്യമങ്ങളില്‍ ഓഹരി വാങ്ങാന്‍ അനുവദിക്കുന്നത് ശരിയോ എന്നതുസംബന്ധിച്ച് വ്യത്യസ്‌തങ്ങളായ അഭിപ്രായങ്ങള്‍ സ്വാഭാവികമായും നിലവിലുണ്ട്. മാധ്യമങ്ങള്‍ ഫോര്‍ത് എസ്റ്റേറ്റ് ആണെന്നും ജുഡീഷ്യറിയിലോ എക്‌സിക്യൂട്ടീവിലോ വിദേശപങ്കാളിത്തം അനുവദിക്കുകയില്ലെന്നതുപോലെ മാധ്യമത്തിലും അതുപാടില്ലെന്നുമുള്ള തീവ്രവാദനിലപാടും മറ്റേതൊരു വ്യവസായവും പോലെയൊരു വ്യവസായമാണ് മാധ്യമങ്ങളെന്നും ഈ ആഗോളവല്‍ക്കരണകാലത്ത് ആര്‍ക്കും എവിടെയും ചെന്ന് ഓഹരിവാങ്ങാമെന്നും പറയുന്ന തീവ്ര നിയോലിബറലിസ്റ്റ് നിലപാട് മറുവശത്തും ഉയര്‍ന്നുവന്നതാണ്. എന്തായാലും ചില പരിധികള്‍ക്കകത്ത് വിദേശമൂലധനം ദൃശ്യമാധ്യമരംഗത്ത് നിയമവിധേയം തന്നെയാണ്. മര്‍ഡോക്ക് നിയമം ലംഘിച്ചല്ല ഓഹരിവാങ്ങിയത്. ഓഹരി വാങ്ങിയ ശേഷം മാത്രമേ നമ്മളെല്ലാം വിവരമറിഞ്ഞുള്ളൂ എന്നത് നമ്മുടെ ദൗര്‍ബല്യമാണ്. അത് മര്‍ഡോക്കിന്റെ കുറ്റമല്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ദേശീയപത്രമായ മാതൃഭൂമിയുടെ ഓഹരി ടൈംസ് ഓഫ് ഇന്ത്യ വാങ്ങിയത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മാതൃഭൂമിയുടെ തലപ്പത്തുള്ളവരും ഓഹരിയുടമകളും ജീവനക്കാരും പൊതുപ്രവര്‍ത്തകരുമെല്ലാമാണ് അതിനെതിരെ ബഹളമുണ്ടാക്കിയത്. വലിയ കോലാഹലം കുറെനാള്‍ നിലനിന്നു. ദീര്‍ഘകാലം മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ച അതിന്റെ ഏറ്റവും ഉയര്‍ന്ന നേതാക്കളിലൊരാളായിരുന്ന വി.എം.നായരുടെ പിന്‍മുറക്കാരാണ് ഓഹരി വിറ്റത്. അതിനകത്ത് സാമ്രാജ്യത്വ അജന്‍ഡയൊന്നുമില്ല. ഓഹരി വില്‍ക്കാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ അതുവാങ്ങാനും സ്വാതന്ത്ര്യമുണ്ട്. എം.ഡി.നാലപ്പാട് ഓഹരി വിറ്റത് നിയമവിധേയമെങ്കില്‍ ടൈംസ് ഓഫ് ഇന്ത്യ അതുവാങ്ങിയതും നിയമപരമായത്തന്നെയായിരുന്നു. നിയമപ്രശ്‌നമായിരുന്നില്ല അന്ന് ഉന്നയിക്കപ്പെട്ടത്. സ്വാതന്ത്ര്യസമരത്തിന്റെ സൃഷ്ടിയായ ദേശീയസ്ഥാപനത്തെ ഉത്തരേന്ത്യന്‍ കുത്തക കൈവശപ്പെടുത്താന്‍ പോകുന്നു എന്നതായിരുന്നു പ്രശ്‌നം. സാങ്കേതികമായി അതുപോലും ശരിയായിരുന്നില്ല. മൂന്നിലൊന്നില്‍താഴെ ഓഹരി കള്‍ മാത്രമേ വില്‌ക്കപ്പെട്ടിരുന്നുള്ളൂ. അത്രയും ഓഹരി കൈയിലിരുന്നിട്ട് ഒരു പ്രയോജനവും ഇല്ലാതിരുന്നതുകൊണ്ടാണല്ലോ നാലപ്പാട് അതുവിറ്റത്. പിന്നെ അത്രയുംകിട്ടിയിട്ട് ടൈംസ് ഓഫ് ഇന്ത്യ എന്തുചെയ്യാനാണ് ?നാലപ്പാട് അല്ല ടൈംസ് ഓഫ് ഇന്ത്യ എന്നതുതന്നെയായിരുന്നു പ്രശ്‌നം. കാലുവെക്കാന്‍ ഇടംകിട്ടിയാല്‍ ബാക്കി എന്തുചെയ്യണമെന്ന് അവര്‍ക്കറിയാം. നാലപ്പാടിന്റെ ഓഹരി കളുടെ വില്‌പ്പന അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഉത്തരേന്ത്യന്‍ കുത്തകക്കെതിരായി ശബ്ദമുണ്ടാക്കിയവരില്‍ ചിലര്‍പ്പോലും ചിലപ്പോള്‍ ഓഹരി അവര്‍ക്ക് വിറ്റ് സ്ഥലംവിടുമായിരുന്നു എന്നാര്‍ക്കാണ് അറിയാത്തത്. എന്തായാലും അതൊന്നും സംഭവിച്ചില്ല. പത്രംഉണ്ടാക്കിയ ബഹളംകൊണ്ടൊന്നുമല്ല ടൈംസ് ഓഫ് ഇന്ത്യ തടയപ്പെട്ടത് എന്ന് മാതൃഭൂമിയിലുള്ളവര്‍ക്കെങ്കിലും അറിയാം. മാതൃഭൂമി ഓഹരിയുടമകളുടെ അംഗീകാരത്തോടെ മാത്രമേ പുതുതായി ആര്‍ക്കെങ്കിലും ഓഹരി വാങ്ങാനാകൂ എന്ന ഭേദഗതി കമ്പനിയുടെ ആര്‍ട്ടിക്ക്‌ള്‍ ഓഫ് അസോസിയേഷനില്‍ വരുത്തിയപ്പോഴാണ് സംഗതി നിയമപ്രശ്‌നമായി മാറിയതും ബഹളമെല്ലാം കെട്ടടങ്ങിയതും. പിന്നീട് ആ ഓഹരിക്കെന്തുസംഭവിച്ചുവെന്നത് ഇവിടെ പ്രസക്തമല്ലല്ലോ.
മാതൃഭൂമി സംഭവം
ഇവിടെ പ്രസക്തമായ കാര്യമുണ്ട്. മാതൃഭൂമിയുടെ ഓഹരി ടൈംസ് ഓഫ് ഇന്ത്യ വാങ്ങിയതുപോലൊരു ഗുരുതരമായ പ്രശ്‌നമാണോ അതല്ല അതിനേക്കാള്‍ ഗുരുതരമായ പ്രശ്‌നമാണോ ഏഷ്യാനെറ്റ് ഓഹരി കള്‍ മര്‍ഡോക് വാങ്ങിയത് ? മാതൃഭൂമി പോലെയൊരു സ്ഥാനം ഏഷ്യനെറ്റിന് കേരളചരിത്രത്തിലോ സംസ്‌കാരത്തിലോ രാഷ്‌ട്രീയത്തിലോ ഇല്ലതന്നെ. കടലും കടലാടിയും തമ്മിലുള്ള അന്തരമാണ് മാതൃഭൂമിയും ഇന്നലത്തെ ചാനല്‍ചാകരയില്‍ മുളച്ച ഏഷ്യാനെറ്റും തമ്മിലുള്ളത്. ഏഷ്യാനെറ്റില്‍ നിന്ന് വാര്‍ത്താവിഭാഗത്തെ ഒഴിവാക്കിയാണ് മര്‍ഡോക് വാങ്ങിയത്. വാര്‍ത്തയില്ലാത്ത സ്ഥാപനമൊരു മാധ്യമസ്ഥാപനം പോലുമല്ല. അത് വെറുമൊരു വിനോദക്കമ്പനി മാത്രം. സിനിമയോ നാടകമോ ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ളതില്‍ വലിയ പ്രാധാന്യമൊന്നും ഏഷ്യാനെറ്റ് എന്ന വിനോദക്കമ്പനിക്കില്ല. നാടകവും സിനിമയും കാണാന്‍ ഉപയോഗിക്കുന്നതിന്റെ ആയിരംമടങ്ങ് സമയം നമ്മള്‍ ചാനലുകള്‍ക്ക് മുന്നിലിരിക്കുന്നുണ്ടെന്നത് സത്യം തന്നെ. പക്ഷേ മലയാളത്തില്‍ത്തന്നെ ചാനലുകള്‍ എത്രയുണ്ട്. ശരാശരി ഈ ചാലനുകളില്‍ എത്രസമയംനമ്മള്‍ കണ്ണുനട്ടിരിക്കാറുണ്ട് ? സിനിമയും സിനിമാധിഷ്‌ഠിതപരിപാടികളും കഴിഞ്ഞാല്‍ എത്രമിനിട്ട് ഈ ചാനല്‍ അതിന്റെ സ്വന്തം പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നുണ്ടാവും ?
സാമ്രാജ്യത്വഅജന്‍ഡ അവതരിപ്പിക്കാന്‍ ഏതാനും മിനിട്ട് മതി എന്ന് വേണമെങ്കില്‍ വാദിക്കാം, തീര്‍ച്ചയായും എന്താണ് വാദിച്ചുകൂടാത്തത് ! ലോകമെങ്ങും ആഗോളവല്‍ക്കരണത്തിന്റെ കൊടുങ്കാറ്റ് അടിപ്പിച്ച മാധ്യമം ടെലിവിഷന്‍ തന്നെയാണ്. സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെയുള്ള കമ്യുണിസ്റ്റ് രാഷ് ട്രങ്ങളുടെ തകര്‍ച്ചക്ക് കാരണമായ പല ഘടകങ്ങളിലൊന്ന് ടെലിവിഷന്‍ അഴിച്ചുവിട്ട കണ്‍സ്യുമറിസ്റ്റ് മനോഭാവമാണെന്ന് പല നിരീക്ഷകരും ശരിയായി വിലയിരുത്തിയിട്ടുണ്ട്. പ്രസക്തമായ ചോദ്യം അതിന് റുപര്‍ട് മുര്‍ഡോക് തന്നെ പ്രത്യക്ഷപ്പെടേണ്ടതുണ്ടോ എന്നതാണ്. ആവശ്യമില്ല.
എണ്‍പതുകളുടെ അന്ത്യത്തില്‍ കമ്യുണിസ്റ്റ് വിരുദ്ധകൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ റുപര്‍ട് മര്‍ഡോക് കാര്യമായി രംഗത്തുണ്ടായിരുന്നില്ല. സ്റ്റാര്‍ടി.വിയുമായി അയാളുടെ കടന്നാക്രമണം ആരംഭിക്കുന്നത് അതിന് ശേഷമാണ്. അതുപോലും പ്രസക്തമല്ല. വേറിട്ടൊരു ചാനല്‍ ആയി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിതന്നെ കൊണ്ടുവന്ന കൈരളി ചാനലും ഇത്രയും നാള്‍ രാജീവ് ചന്ദ്രശേഖര്‍ എന്ന പക്ക മുതലാളിയുടെ കൈയിലിരുന്ന ഏഷ്യാനെറ്റുമെല്ലാം രേ ധര്‍മമാണ് നാട്ടില്‍ നിര്‍വഹിച്ചുകൊണ്ടിരുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്. പരസ്യങ്ങളെ ആശ്രയിച്ച് നിലനില്‍ക്കുന്ന ദൃശ്യമാധ്യമത്തിനും മറ്റൊരു ധര്‍മം നിര്‍വഹിക്കാനാവില്ല. കടുത്ത കമ്യുണിസ്‌റ്റ് വിരുദ്ധപ്രോഗ്രാമുകളാണ് ഏഷ്യാനെറ്റ് കഴിഞ്ഞ കുറെ കാലമായി സംപ്രേഷണം ചെയ്‌തുകൊണ്ടിരിക്കുന്നത്. തുടങ്ങിയ കാലത്ത് അതൊരു ഇടതുപക്ഷാഭിമുഖ്യമുള്ള സ്ഥാപനമായിരുന്നു എന്ന കാര്യം കൂടി ര്‍ക്കേണ്ടതുണ്ട്. മുര്‍ഡോക് കൈവശപ്പെടുത്തിയാല്‍ ഏഷ്യാനെറ്റിന്റെ കമ്യുണിസ്റ്റ് വിരുദ്ധത കുറയാനേ സാധ്യതയുള്ളു.
തീര്‍ച്ചയായും ടൈംസ് ഓഫ് ഇന്ത്യയേക്കാള്‍ കൊടുംവിഷമുള്ള മൂര്‍ഖനാണ് മര്‍ഡോക് എന്ന കാര്യത്തില്‍ സംശയം ഇതെഴുതുന്ന ആള്‍ക്കില്ല. അതുള്ളവര്‍ ധാരാളമുണ്ടാകുമെങ്കിലും. യുദ്ധകാര്യലേഖകന്റെ മകനായി ചുറ്റിത്തിരിഞ്ഞുനടന്നിരുന്ന രാള്‍, പണ്ട് സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യം എന്നൊക്കെ പറഞ്ഞിരുന്നതുപോലെ ഇപ്പോള്‍ സൂര്യനസ്‌തമിക്കാത്ത മാധ്യമസാമ്രാജ്യം സൃഷ്ടിച്ച് ലോകത്തെ കൈപ്പിടിയിലൊതുക്കിയതിനെ എങ്ങനെ കാണുന്നുവെന്നത്‌ആളുടെ രാഷ്ട്രീയവിശ്വാസത്തെ ആശ്രയിച്ചാണിരിക്കുന്നത്. മാധ്യമങ്ങള്‍ ജനാധിപത്യത്തെ നിലനിര്‍ത്താനും പൗരന്റെ കണ്ണും കാതുമാകാനും നിയോഗിക്കപ്പെട്ട സ്ഥാപനങ്ങളാണ്. അത് വെറും സ്വകാര്യവ്യവസായമല്ല. അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മുതലാളിത്തപരവുമായ അജന്‍ഡയാണ് ഈ കാലത്ത് ലോകമാസകലമുള്ള മാധ്യമങ്ങള്‍ മുന്നോട്ട് വെക്കുന്നത്. അത് വാര്‍ത്തയെ ഉത്‌പന്നം മാത്രമായി കാണുന്ന തത്വശാസ്‌ത്രമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പരസ്യവും പരസ്യത്തിലൂടെയുള്ള വരുമാനവും മാത്രമാണ് അതിന്റെ ലക്ഷ്യം. പത്രത്തില്‍ പരസ്യംവെച്ച ശേഷം ബാക്കിസ്ഥലം നിറക്കാനുള്ള സാധനം മാത്രമാണ് വാര്‍ത്ത എന്ന് മര്‍ഡോക് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തായാലും വാര്‍ത്തയല്ല, പരസ്യമാണ് ലക്ഷ്യമെന്ന് ഇന്നത്തെ മാധ്യമസ്ഥാപനങ്ങളൊക്കെ അംഗീകരിച്ചുകഴിഞ്ഞു എന്നു പറയാന്‍ മടിക്കേണ്ടതില്ല.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വന്തം ഉടമസ്ഥതയില്‍ സ്ഥാപിച്ച ദൃശ്യമാധ്യമവും ഇതേ അജന്‍ഡതന്നെയാണ് അംഗീകരിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെ അങ്ങേയറ്റം അപഹസിക്കുന്ന, വെറുക്കപ്പെട്ടവനെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച ആളുടെ അഭിമുഖം രണ്ടുദിവസം തുടര്‍ച്ചയായി സംപ്രേഷണം ചെയ്‌തശേഷം കൈരളി ടി.വിയുടെ തലവന്‍ പറഞ്ഞത് ആളുടെ നന്മ നോക്കിയല്ല വാര്‍ത്താമൂല്യം നിര്‍വചിക്കുന്നത് എന്നാണ്. ഇതുതന്നെയാണ് മുതലാളിത്തമാധ്യമത്തിന്റെ സുചിന്തിതമായ തത്വശാസ്‌ത്രവും. പ്രോഗ്രാമിനും കാഴ്‌ചക്കാര്‍ എത്രപേരുണ്ടെന്നുനോക്കിയാണ് പരസ്യക്കാര്‍ കാശിറക്കുന്നത്. റുപര്‍ട് മര്‍ഡോക്കിനും കൈരളിക്കും ഇത് ദരേപോലെ ബാധകമാണ്. വേറിട്ടൊരു മാധ്യമമല്ലേ പാവങ്ങള്‍ പിഴച്ചുപോയ്‌ക്കോട്ടെ എന്നുവിചാരിച്ച് ആരും പരസ്യം കൊടുക്കാന്‍പോകുന്നില്ല. കൈരളി ടിവി ലാഭകരമായാലേ അതിലെ ഓഹരിയുടമകളായ തൊഴിലാളിവര്‍ഗത്തിനും ലാഭവിഹിതം കിട്ടൂ.
ആഭ്യന്തരനയങ്ങളില്‍ കൈരളിയും സ്‌റ്റാര്‍ ടി.വി.യും തമ്മില്‍വല്ല വ്യത്യാസവുമുണ്ടോ ? കൈരളി തുടങ്ങി വളരെക്കാലമൊന്നും പിന്നിടുന്നതിന് മുമ്പ് കുറെ പത്രപ്രവര്‍ത്തകരെ സ്ഥാപനത്തില്‍നിന്ന് പിരിച്ചുവിടുകയുണ്ടായി. സ്ഥാപനത്തിനകത്തെ സേവന വേതന വ്യവസ്ഥകള്‍ മുതലാളിത്തസ്ഥാപനങ്ങളിലുള്ളതിനേക്കാള്‍ ക്രൂരമാണെന്ന് പത്രപ്രവര്‍ത്തകയൂണിയന്‍ വേദിയില്‍ തുറന്നുപറഞ്ഞ വനിതാപത്രപ്രവര്‍ത്തകയെ കൈരളിമാനേജ്‌മെന്റും പാര്‍ട്ടിയും എത്രക്രൂരമായാണ് പീഡിപ്പിച്ചതെന്ന് പത്രപ്രവര്‍ത്തകരംഗത്തുള്ളവര്‍ക്കറിയാം. സ്ഥാപനത്തിലെ കുറെ പത്രപ്രവര്‍ത്തകരെ അകാരണമായി പിരിച്ചുവിട്ടതിന് എതിരെ ശബ്ദമുയര്‍ത്തിയെന്നതാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ഇപ്പോഴുമുള്ള യൂണിയന്‍ വിരോധത്തിന്റെ കാരണമെന്നും ഈ മേഖലയിലുള്ളവര്‍ക്കെങ്കിലും അറിയാം. അന്ന് പിരിച്ചുവിടലിനെ ന്യായീകരിച്ച് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്, സ്ഥാപനത്തിന്റെ താത്‌പര്യംനോക്കി തൊഴിലാളികളെ പിരിച്ചുവിടാന്‍ മാനേജ്‌മെന്റുകള്‍ക്ക് അധികാരമുണ്ടെന്നാണ്. കേരളത്തില്‍ മര്‍ഡോക് വന്നത് ഇന്നല്ല അന്നായിരുന്നു. പിണറായിയോട് നമ്മളെല്ലാം അന്നുവിയോജിച്ചപ്പോള്‍ മര്‍ഡോക് അവസരം കൊടുത്തിരുന്നുവെങ്കില്‍ പിണറായിയെ ശരിവെക്കുമായിരുന്നു.
ഉറക്കംകെടുത്തുന്ന എന്തോന്ന് !
കേരളത്തിലുള്ള, അമേരിക്കയുടെ ഉറക്കംകെടുത്തുന്ന എന്തോ ഒന്നിലാണ് സായിപ്പിന്റെ കണ്ണ് എന്ന് പാര്‍ട്ടിപത്രത്തില്‍ ലേഖനമെഴുതാന്‍ ആളുണ്ടായി. ഇത്രയും ബുദ്ധിമാന്ദ്യം കാത്തുസൂക്ഷിക്കുന്നവര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും അതിന്റെ മാധ്യമങ്ങളിലും ഉണ്ടെന്നത് പാര്‍ട്ടിക്കാര്‍ക്കുപോലും സങ്കടകരമായിരിക്കും. അമേരിക്കക്ക് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഓര്‍ത്ത് ഉറക്കം നഷ്ടപ്പെടുകയാണെന്ന് വിശ്വസിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ എന്തൊരു മാധ്യമപ്രവര്‍ത്തകന്‍ ആയിരിക്കണം! സങ്കടം തോന്നുന്നു.
കമ്യൂണിസ്റ്റുകാര്‍ക്ക് ദ്രോഹംചെയ്യാനാണ് മര്‍ഡോക് ചാനല്‍ തുടങ്ങുന്നതെന്ന തോന്നല്‍ ഉണ്ടായിരുന്നുവെങ്കില്‍ അതു തകര്‍ക്കാന്‍ ചൈനയിലെ കമ്യുണിസ്റ്റ് ഭരണകൂടത്തിന് ഒരു പ്രയാസവും ഉണ്ടാകുമായിരുന്നില്ല. 1993 ലാണ് മര്‍ഡോക് സ്റ്റാര്‍ ചാനലുമായി ഹോങ്കോങ്ങിലെത്തുന്നത്. ആകാശത്ത്‌കൂടെ പോകുന്ന തരംഗങ്ങള്‍ തടയാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയില്ലെന്ന് മര്‍ഡോക് അക്കാലത്ത് ധരിച്ചിരുന്നു. തന്റെ വാര്‍ത്താചാനലുകള്‍ വരുന്നതോടെ ലോകത്തെ എല്ലാ ഏകാധിപത്യങ്ങളും തകരുമെന്ന് വീമ്പിളക്കാന്‍ അക്കാലത്ത് അദ്ദേഹം ഒരുമ്പെടുകയും ചെയ്‌തു. പക്ഷേ വീട്ടില്‍ ഡിഷ് ആന്റിന വെക്കാനും നാട്ടില്‍ കേബ്‌ള്‍ ഇടാനും ഭരണകൂടങ്ങളുടെ അനുമതി വേണമെന്ന കാര്യം മര്‍ഡോക് ഓര്‍ത്തില്ല. അതിന്റെ ബുദ്ധിമുട്ട് നാലഞ്ചുകൊല്ലക്കാലം അനുഭവിക്കുകയും ചെയ്‌തു. പിന്നീട് പാര്‍ട്ടിയുടെ തലപ്പത്തുള്ളവരുമായി ബന്ധം സ്ഥാപിക്കാനും അവരെയെല്ലാം പോക്കറ്റിലാക്കാനും കഴിഞ്ഞതുകൊണ്ട് ചൈനയില്‍ തന്റെ പദ്ധതികള്‍ ഓരോന്നുനടപ്പാക്കാന്‍ അദ്ദേഹത്തിനായി. ഡെങ് സിയാവോ പിങിന്റെ ജീവചരിത്രംപ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു തുടക്കം. സഖാവിന് മര്‍ഡോക്കിനെ ക്ഷ ബോധിച്ചു. പിന്നെ വെച്ചടി വെച്ചടി കേറ്റമായിരുന്നു.ഡെങ്ങിന്റെ വികാലാംഗനായ മകന്‍ ഡെങ് പുഫാങ്ങിന്റെ ആവശ്യാര്‍ഥം വിദേശത്തേക്ക് വികലാംഗകലാകാരന്മാര്‍ക്ക് സഞ്ചരിക്കാന്‍ ജെറ്റ് വിമാനം ചാര്‍ട്ടര്‍ ചെയ്‌തുകൊടുത്തത് മര്‍ഡോക് ആയിരുന്നു. 1994 ല്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ സ്റ്റാര്‍ ടിവിയുടെ കേബ്‌ള്‍ നെറ്റ് വര്‍ക്കില്‍ നിന്ന് ബി.ബി.സി.യെ മര്‍ഡോക് ഒഴിവാക്കിയത് ലോകമെങ്ങും ചര്‍ച്ചാവിഷയമായിരുന്നു. മാവോസെതൂങ്ങിനെ അപഹസിക്കുന്ന പ്രോഗ്രാം അവതരിപ്പിച്ചതിന്റെ വിരോധം തീര്‍ക്കുകയായിരുന്നു പാര്‍ട്ടി. മര്‍ഡോക്കിനെന്ത് മാവോ എന്ത് ബി.ബി.സി ! കച്ചവടം നടത്തണം കാശുണ്ടാക്കണം എന്നതിനപ്പുറം ഒരു തത്ത്വശാസ്‌ത്രവും ഇത്തരം മുതലാളിമാര്‍ക്കില്ല.
1996 ല്‍ ഫീനിക്‌സ് എന്നൊരു എന്റര്‍ടെയ്‌ന്‍മെന്റ് ചാനല്‍ മര്‍ഡോക് ചൈനയില്‍ തുടങ്ങിയത് പീപ്പ്‌ള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ റേഡിയോ ഹോസ്റ്റ് ആയിരുന്ന ലിയ ചാന്‍ഗ്‌ളിയുമായിച്ചേര്‍ന്നാണ്. ( ഓര്‍ക്കുക..ഏഷ്യാനെറ്റ് വെറുമൊരു എന്റര്‍ടെയ്‌ന്‍മെന്റ് ചാനലാണ്, ഫീനിക്‌സില്‍ വാര്‍ത്തയും സമൃദ്ധമായി ഉണ്ടായിരുന്നു) ഇന്ത്യയിലിന്നും വാര്‍ത്താധിഷ്‌ഠിതചാനല്‍ സ്വന്തമായി തുടങ്ങാന്‍ മര്‍ഡോക്കിനാവില്ല, ചൈനയില്‍ അക്കാലത്തുതന്നെ മര്‍ഡോക് അതുചെയ്‌തു. മര്‍ഡോക് നല്ലൊരു സമ്പത്താണ് എന്ന് പാര്‍ട്ടി വളരെവേഗം തിരിച്ചറിഞ്ഞു. പ്രധാനമന്ത്രിയെക്കാണാന്‍ പ്രൊപഗന്‍ഡ ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് അനുമതി നേടാന്‍ പ്രയാസമുണ്ടായില്ല മര്‍ഡോക്കിന്. മര്‍ഡോക്കിനെ കണ്ടപ്പോള്‍ പ്രധാനമന്ത്രി സു റോങ്‌ജി ചോദിച്ചത്രെ, ഓസ്‌ട്രേലിയന്‍ പൗരത്വം ഉപേക്ഷിച്ച് അമേരിക്കന്‍ പൗരത്വം സ്വീകരിച്ച താങ്കള്‍ക്ക് എന്തുകൊണ്ട് ചൈനീസ് പൗരനായിക്കൂടാ എന്ന്. പരിഹാസമായിരുന്നോ അതെന്ന് അറിയില്ല, എന്നാല്‍ ചൈനീസ് പത്രങ്ങളില്‍ ഇത് വാര്‍ത്തയായെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
സുദൃഡബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ചൈനയുടെ സി.സി.ടി.വി.ക്കും പാര്‍ട്ടി മുഖപത്രത്തിനും വെബ്‌സൈറ്റ് ഉണ്ടാക്കുവാന്‍ നിയോഗിക്കുന്നേടത്തോളം വളര്‍ന്നു ഇവര്‍ തമ്മിലുള്ള സൗഹൃദം. ചൈനക്കാരിയായ ഭാര്യയെ മര്‍ഡോക് വേണ്ടത്ര ഉപയോഗപ്പെടുത്തിയാണ് ചൈനയുമായുള്ള ബന്ധം ഉറപ്പിച്ചത്. ബെയ്‌ജിങിനടുത്തൊരു പടുകൂറ്റന്‍ ബംഗ്‌ളാവില്‍ താമസമുറപ്പിക്കാനും ചൈനക്കാരിയിലുള്ള മകള്‍ക്ക് മന്‍ഡാരിന്‍ഭാഷ പഠിക്കാന്‍ ട്യൂട്ടറെ നിയോഗിക്കാനും തയ്യാറായി മര്‍ഡോക്. ഇന്ന് ചൈനയിലേറ്റവും കൂടുതല്‍ സ്വാതന്ത്ര്യവും സ്വാധീനവുമുള്ള വിദേശചാനല്‍ മര്‍ഡോക്കിന്റെതാണ്. ന്യുയോര്‍ക്ക് ടൈംസ് വെബ്‌സൈറ്റില്‍ 2007 ജൂണ്‍ 26 നാല് ഭാഗങ്ങളായി പ്രസിദ്ധീകരിച്ച Murdoch’s dealings in China: it’s Business and it’s personal F Joseph K-ahn ന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളെല്ലാം വിസ്‌തരിച്ചിട്ടുണ്ട്. 2003 മുതല്‍ പാശ്ചാത്യമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് നൂറുകണക്കിന് വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി.ഐ.എ ഇടപെടലുകളുടെ ഫയല്‍ തിരയുന്നതിനിടയില്‍ ഡോ.തോമസ് ഐസക്കും മറ്റും ഇവ കണ്ടിരിക്കാന്‍ ഇടയുണ്ട്. ഇക്കാര്യത്തില്‍ ഒരു സൂചനയെങ്കിലും നല്‍കിയിരുന്നെങ്കില്‍, കേരളത്തിലെ പാര്‍ട്ടിയെ ഓര്‍ത്ത് മര്‍ഡോക്കിന്റെ ഉറക്കം നഷ്ടപ്പെടുകയാണെന്ന് എഴുതിവെക്കാന്‍ ആസ്ഥാന മാധ്യമപുംഗവന്മാര്‍ ഒരുമ്പെടുമായിരുന്നുമില്ല.
പാര്‍ട്ടി ബുദ്ധിജീവികള്‍ മറന്നുപോയ, അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോയ മറ്റൊരു കാര്യവുമുണ്ട്. കേരളത്തില്‍ വരുന്നതിന് അഞ്ചുവര്‍ഷംമുമ്പ് പ.ബംഗാളില്‍ മര്‍ഡോക് എത്തിക്കഴിഞ്ഞിരുന്നു. ആനന്ദബസാര്‍പത്രികയുടെ ഒരു ഗ്രൂപ്പുമായി ചേര്‍ന്ന് സ്റ്റാര്‍ആനന്ദ എന്നൊരു ചാനല്‍ അവിടെ അന്നുമുതല്‍ പ്രവര്‍ത്തിച്ചുവരുന്നു. മര്‍ഡോക്കിന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് പ.ബംഗാള്‍ കമ്യുണിസ്റ്റ് പാര്‍ട്ടിക്ക് എന്ത് സംഭവിച്ചു എന്ന ബുദ്ധദേവ് ഭട്ടചാര്യയൊട് അന്വേഷിച്ചിട്ട് മതിയായിരുന്നല്ലോ കേരളത്തില്‍ ഒന്നിനെ സായ്‌പ് നോട്ടമിട്ടിരിക്കുന്നു എന്ന് ആരോപിക്കാന്‍.
ഇതിനേക്കാള്‍ ഗൗരവമേറിയ സംഭവം വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നടന്നിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ കേബ്‌ള്‍ വിഭാഗമായ എ.സി.വി.യില്‍ മര്‍ഡോക് ഗ്രൂപ്പ് ഓഹരി വാങ്ങിയിട്ട് വര്‍ഷം എട്ട് പിന്നിട്ടുകഴിഞ്ഞു. കേരളത്തിലെ ഇടതുവലതുസര്‍ക്കാറുകള്‍ സദുദ്ദേശത്തോടെ ചെയ്‌ത ഒരു കാര്യമായിരുന്നു ഏഷ്യാനെറ്റിന് വൈദ്യുതിപോസ്റ്റുകളിലൂടെ കേബ്‌ള്‍ വലിക്കാന്‍ അനുമതി നല്‍കുക എന്നത്. അത് മൂലമുണ്ടായ വമ്പിച്ച സൗകര്യം മര്‍ഡോക്കിന് വിറ്റ് കാശാക്കുകയാണ് റഹേജ എന്ന മുമ്പൈ ഗ്രൂപ്പ് ചെയ്‌തത്. എന്തേ കേരളത്തിലാരും പ്രതികരിച്ചില്ല എന്നു ഇപ്പോള്‍ ചോദിക്കുന്ന പിണറായി വിജയനോട് എന്തേ ഇത്രയും കാലം അങ്ങ് മിണ്ടിയില്ല എന്നാരെങ്കിലും ചോദിക്കേണ്ടതാണ്. കാരണം ഏഷ്യനെറ്റിന്റെ വാര്‍ത്താവിഭാഗമല്ല, എന്റര്‍ടെയ്‌ന്‍മെന്റ് വിഭാഗമാണ് മര്‍ഡോക് ഏറ്റെടുത്തത്. എന്നാല്‍ എ.സി.വി യുടെ തലപ്പത്ത് കയറുമ്പോള്‍ വാര്‍ത്താവിഭാഗത്തിന്റെ കൂടി തലപ്പത്താണ് മര്‍ഡോക് കയറിയിരിക്കുന്നത്. സാമ്രാജ്യത്വഅജന്‍ഡയുമായി ഇതാ മര്‍ഡോക് വന്നെത്തിയിരിക്കുന്നു എന്ന് സി.പി.എം മുഖപത്രം അലമുറയിടേണ്ടിയിരുന്നത് എട്ട് വര്‍ഷം മുമ്പാണ്.
ആട്ടെ, ഇനിയെന്താണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്യാന്‍ പോകുന്നത് ? മര്‍ഡോക് വന്നപ്പോള്‍ പത്രപ്രവര്‍ത്തകയൂണിയന്‍ എന്ത് ചെയ്‌തു എന്ന് ചോദിക്കുന്നവവരോട് മര്‍ഡോക് വന്നിട്ട് സി.പി.എം എന്തുചെയ്‌തു എന്ന ചോദ്യം നാളെ ഉയര്‍ന്നുവരും. എന്ത് മറുപടിയാണ് അവര്‍ പറയുക?മര്‍ഡോക്കിനെതിരെ കോടതിയില്‍ പോകുമോ ? റിലയന്‍സിന് എതിരെ ചെയ്യുന്നതുപോലെ സമരം നടത്തുമോ ? കേരളീയരല്ലാത്തവര്‍ കേരളത്തില്‍ മാധ്യമസ്ഥാപനം നടത്താന്‍ പാടില്ല എന്ന് നിയമമുണ്ടാക്കാമോ ?
മര്‍ഡോക്കിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യില്ല എന്നൊരു നിലപാടൊന്നും ഒരു പ്രൊഫഷനല്‍ പത്രപ്രവര്‍ത്തകന്‍ സ്വീകരിക്കില്ല. എല്ലാ അടിസ്ഥാനകാര്യങ്ങളിലും വിട്ടുവീഴ്‌ച ചെയ്‌ത് കടിച്ചുതൂങ്ങാനും അവനാകില്ല. മര്‍ഡോക് വരരുത് എന്ന നിലപാട് ഒരു മാധ്യമപ്രശ്‌നത്തേക്കാള്‍ രാഷ് ട്രീയപ്രശ്‌നമാണ്. ഇവിടെ പ്രശ്‌നം മാധ്യമഉടമസ്ഥതയുടെ രാഷ്‌ട്രീയമാണ് .അത് കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം ഏറെയുള്ളത് പത്രപ്രവര്‍ത്തകര്‍ക്കല്ല രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുതന്നെയാണ്. നമുക്ക് നോക്കാം ഇനിയുള്ള നാളുകളില്‍ മര്‍ഡോക്കിനെ തടയാന്‍ അവര്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന്.
(സപ്‌തംബര്‍ 2008)