മോഹന്‍ ഭാഗവതിന്റെ ഗാന്ധിലേഖനവും മാതൃഭൂമിയും

എൻ.പി.രാജേന്ദ്രൻ

മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനനാളില്‍ മാതൃഭൂമി ദിനപത്രം രണ്ടു പേജുള്ള(8,9 പേജുകളില്‍ സെന്റല്‍ സ്‌പ്രെഡ്) പ്രത്യേകപതിപ്പും മറ്റു ചില പേജുകളില്‍ ചില ഓര്‍മറിപ്പോര്‍ട്ടുകളും പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിലൊന്നും പെടാത്ത ഒരു ലേഖനം വാര്‍ത്താപേജില്‍ ഉണ്ടായിരുന്നു. ആര്‍.എസ്.എസ് തലവന്റെ ആ ലേഖനം വായനക്കാരുടെയും വിമര്‍ശകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയതില്‍ അത്ഭുതമില്ല. ലേഖനം കൊടുത്ത പേജും രീതിയും കാണുമ്പോള്‍ അര്‍ദ്ധമനസ്സോടെ കൊടുത്തതുപോലെയേ തോന്നൂ. ഒളിപ്പിച്ചു കടത്തിയതുപോലെ എന്നുംപറയാം. മോഹന്‍ ഭാഗവത് മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ എഴുതി എന്നു ചില ബുദ്ധിജീവികള്‍ വിശേഷിപ്പിച്ചത് ശ്രദ്ധക്കുറവോ അറിവില്ലായ്മയോ ആകാം. അതവിടെ നില്‍ക്കട്ടെ.മഹാത്മാ ഗാന്ധിയെ പ്രകീര്‍ത്തിച്ചു കൊണ്ട്് ആര്‍.എസ്.എസ് തലവന്‍ ഒരു ലേഖനമയച്ചാല്‍ മാതൃഭൂമി പത്രം എന്തു ചെയ്യണമായിരുന്നു എന്ന ചോദ്യത്തിന് എളുപ്പം ഉത്തരം പറയാന്‍ നാലു പതിറ്റാണ്ടോളമായി മാതൃഭൂമിയുമായും പത്രപ്രവര്‍ത്തനവുമായി പൊതുവായും ഉറ്റബന്ധം പുലര്‍ത്തുന്ന ഈ ലേഖകനു കഴിയില്ല. മാതൃഭൂമി ഉറച്ച ആര്‍.എസ്.എസ്-ഹിന്ദുത്വ വിരുദ്ധ പ്രഖ്യാപിതനയം ഉള്ള പത്രമായിരുന്നുവെങ്കില്‍ ആ ലേഖനം ഉപേക്ഷിക്കാന്‍ എഡിറ്റര്‍ക്ക്  അനായാസം തീരുമാനിക്കാം. പൊതുവെ മതേതരത്വം, മതസൗഹാര്‍ദ്ദം, ജനാധിപത്യം എന്നെല്ലാം പറയുമെങ്കിലും വര്‍ഗീയവാദികളെ തീര്‍ത്തും അകറ്റിനിര്‍ത്തുക, അവരുടെ ലേഖനം കൊടുക്കാതിരിക്കുക, വാര്‍ത്ത കവര്‍ ചെയ്യാതിരിക്കുക തുടങ്ങിയ രീതികള്‍ രാഷ്്ട്രീയേതര പത്രങ്ങള്‍ക്കില്ല. മലയാളത്തില്‍ ഒട്ടുമില്ല. എല്ലാ പാര്‍ട്ടികളെയും പോലെ മാത്രമേ ഹിന്ദുത്വ പാര്‍ട്ടിയെയും സംഘടനകളെയും മാതൃഭൂമി ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റുകള്‍ കാണുന്നുള്ളൂ.

സ്വാതന്ത്ര്യസമരകാലവും തുടര്‍ന്നു നെഹ്‌റു കാലവും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയും കഴിഞ്ഞാണ് മാതൃഭൂമിക്കു പുതിയ മാനേജ്‌മെന്റ് നയങ്ങളും പത്രാധിപനയങ്ങളും ഉണ്ടാകുന്നത്. ഉള്ളടക്കം സംബന്ധിച്ച എല്ലാ ചുമതലയും പത്രാധിപര്‍ക്കാണ്. നിയമം അനുശാസിക്കുന്നതും അങ്ങനെയാണ്. മാറുന്ന പത്രാധിപന്മാരില്‍ ചിലര്‍ ഈ അധികാരം നൂറു ശതമാനം ഉപയോഗിച്ചിട്ടുണ്ട്, ചിലര്‍ അര ശതമാനം പോലും ഉപയോഗിക്കാതിരുന്നിട്ടുമുണ്ട്. അങ്ങനെ ഉടമസ്ഥന്മാരോടൊന്നും ചോദിക്കാതെ തീരുമാനമെടുക്കാന്‍ അധികാരമുള്ള ഒരു എഡിറ്റര്‍ ഇന്നു മാതൃഭൂമിക്കില്ല. അങ്ങനെ ഒരു നയവുമില്ല. പൂര്‍ണ എഡിറ്റര്‍തന്നെ ഇല്ല എന്നാണ് പറയേണ്ടത്. എക്‌സി. എഡിറ്റര്‍ക്ക്, പരമിതമായ ചുമതലകളേ ഉള്ളൂ എന്നാണ് അറിയാന്‍ കഴിയുന്നത്. പൂര്‍ണതോതിലുള്ള, കരുത്തനായ എഡിറ്റര്‍ ഉണ്ടാകരുത് എന്നാണ് എല്ലാ മാനേജ്‌മെന്റുകളുടെയും ആഗ്രഹം. ഡയറക്റ്റര്‍മാര്‍ക്കും മാര്‍ക്കറ്റിങ് മാനേജര്‍മാര്‍ക്കും ഇന്‍ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍മാര്‍ക്കും വിലസാന്‍ അങ്ങനെയൊരു എഡിറ്റര്‍ ഉണ്ടാവാനേ പാടില്ല.

മോഹന്‍ ഭാഗവതിനും സ്വാതന്ത്ര്യമുണ്ട്
ആര്‍.എസ്.എസ് തലവന് മഹാത്മാഗാന്ധിയെക്കുറിച്ച് നല്ല വാക്കുകള്‍ പറയാന്‍ അവകാശമില്ലേ? ഉണ്ടെങ്കില്‍ അതു അപ്പടി ബ്ലാക്കൗട് ചെയ്യുകയാണോ ഒരു സ്വതന്ത്രപത്രം ചെയ്യേണ്ടത്? ഉറച്ച കക്ഷിരാഷ്ട്രീയനിലപാടുകളുള്ള ഒരോ ആളും ഇക്കാര്യത്തിലും ഓരോ നിലപാട് സ്വീകരിക്കും. കക്ഷിരാഷ്ട്രീയബന്ധമോ, അനുഭാവം പോലുമോ ഇല്ലാത്ത പ്രൊഫഷനല്‍ പത്രപവര്‍ത്തകന് വായനക്കാരുടെ പക്ഷത്തുനിന്നു കൊണ്ടേ ചിന്തിക്കാന്‍ പറ്റൂ. മോഹന്‍ ഭാഗവതിനു ഗാന്ധിജിയെക്കുറിച്ച് പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അതു പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമിക്കും സ്വാതന്ത്ര്യമുണ്ട്. ഭാഗവത് എന്തു പറയുന്നു എന്നറിയാന്‍ ഓരോ വായനക്കാരനും അവകാശമുണ്ട്. അവരുടെ നയമാറ്റങ്ങളെക്കുറിച്ചറിയാന്‍ താല്പര്യവുമുണ്ട്. അതിനെക്കുറിച്ച് തലങ്ങും വിലങ്ങും ചര്‍ച്ച ചെയ്യാനും മോഹന്‍ ഭാഗവത്തിന്റെ നിലപാട് പച്ചക്കള്ളവും വഞ്ചനയും ഗാന്ധിജിയെ വെടിവെച്ചുകൊന്നവരെന്ന കറുത്ത മുഖം വെളുപ്പിക്കാനുള്ള തന്ത്രവുമാണെന്ന് ആഞ്ഞടിക്കാനും ഈ ലേഖനം ഉപയോഗിക്കാവുന്നതേ ഉള്ളൂ. അതിനുള്ള വേദിയൊരുക്കലാണ് ജനാധിപത്യത്തിലെ സ്വതന്ത്ര പത്രങ്ങള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തം. അല്ലാതെ വിവാദലേഖനം ഒളിച്ചുവയ്ക്കുകയല്ല തന്നെ.

മോഹന്‍ ഭാഗവത് ആ ലേഖനം മാതൃഭൂമിക്കു വേണ്ടി മാത്രമായി അയച്ചുകൊടുത്തതല്ല എന്ന് എല്ലാവര്‍ക്കും അറിയുമായിരിക്കും. എല്ലാ ഭാഷകളിലും ഒന്നോ രണ്ടോ പത്രത്തിനാവണം ലേഖനം കൊടുത്തിരിക്കുക. ഇംഗ്ലീഷ് പത്രങ്ങളുടെ കൂട്ടത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ മാത്രമാണ്, ഒറ്റ നോട്ടത്തില്‍, ആ ലേഖനം കണ്ടത്്. സംഘപരിവാര്‍ അനുയായികളെയല്ല, പൊതു സമൂഹത്തെയാണ് സംഘപരിവാറിലെ പ്രചാരണസംഘം ലക്ഷ്യമിടുന്നത് എന്നു വ്യക്തം. അല്ലായിരുന്നുവെങ്കില്‍ ആ ലേഖനം ജന്മഭൂമിയിലോ കേസരിയിലോ ഒന്നാം പേജ് ലേഖനമായി വന്നേനെ. മഹാത്മാഗാന്ധിയെ ബഹുമാനിക്കുന്ന ജനവിഭാഗം, സംഘപരിവാര്‍ സംഘടനകളുടെ അനുഭാവിക്കൂട്ടത്തിനു പുറത്താണുള്ളത്. അവര്‍ വായിക്കാനാണ് ലേഖനം മാതൃഭൂമിയിലേക്കു അയച്ചത്. ഇതൊക്കെ വലിയ ആസൂത്രണത്തിന്റെ ഭാഗമാണ്.

ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69 ാം ജന്മദിനത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഒന്നും രണ്ടും പത്രങ്ങളില്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ മോദി പ്രകീര്‍ത്തന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ചില പത്രങ്ങളില്‍ മന്ത്രി പ്രകാശ് ജാവേദ്കറാണ് ഈ പ്രകീര്‍ത്തനം എഴുതിയത്. മുന്‍പൊരു ജന്മദിനത്തിലും ഇല്ലാത്ത ഈ പുതുമ അടുത്ത വര്‍ഷത്തെ എഴുപതാം ജന്മദിനാഘോഷത്തിന്റെ ട്രെയ്‌ലര്‍ മാത്രമാവും. ആസൂത്രണത്തിന്റെ തലം സൂചിപ്പിച്ചുവെന്നു മാത്രം. മോഹന്‍ ഭാഗവതിന്റെ ലേഖനം യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സ്വീകരിച്ചുപോന്ന ഗാന്ധിവിരുദ്ധ നിലപാടുകള്‍ തുറന്നു കാട്ടാനുള്ള ഒരു അവസരമാണ്. ആ തുറന്നുകാട്ടല്‍ രാജ്യത്തു നടക്കുന്നുണ്ട്. മാതൃഭൂമിതന്നെ അത് ഒരു പരിധിയോളം  ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്- ഒരു വീണ്ടുവിചാരം ആണെന്നു തോന്നിപ്പിക്കുന്നുണ്ടെങ്കിലും.

എല്ലാവരെയും പ്രീണിപ്പിക്കുക
മാതൃഭൂമിയും മാതൃഭൂമി പോലെയുള്ള പാര്‍ട്ടിരഹിത പത്രങ്ങളും എത്തിപ്പെട്ടിട്ടുള്ള ധര്‍മസങ്കടാവസ്ഥ വിമര്‍ശകര്‍ കാണാതെ പോകരുത്. എല്ലാ പാര്‍ട്ടികളോടും തീര്‍ത്തും സ്വതന്ത്രവും വസ്തുനിഷ്ഠവും ശരിതെറ്റുകള്‍ മാത്രം ആധാരമാക്കിയുമുള്ള നിലപാട് സ്വീകരിക്കും എന്നതാണ് ഈ പത്രങ്ങള്‍ പറയുന്നത്. അഭിപ്രായങ്ങള്‍ മുഖപ്രസംഗത്തിലും ലേഖനങ്ങളിലും ഒതുക്കും, വാര്‍ത്തകള്‍ സത്യസന്ധമായിരിക്കും. ഓരോ വിഭാഗത്തിനും അവര്‍ക്ക് സമൂഹത്തിലുള്ള പിന്‍ബലം നല്‍കുന്ന അര്‍ഹതയ്‌ക്കൊത്ത പ്രാതിനിധ്യം വാര്‍ത്തകളുടെ കവറേജില്‍ ലഭിക്കും. ഈ തത്ത്വം പ്രയോഗിക്കുമ്പോള്‍ മോഹന്‍ ഭാഗവതിനെപ്പോലൊരാളുടെ ലേഖനം പ്രസിദ്ധീകരിക്കാതെ തിരിച്ചയക്കാന്‍ കഴിയില്ല. ബി.ജെ.പി അനുകൂലികളാരും മാതൃഭൂമി വായിക്കേണ്ട എന്നൊരു നയം മാതൃഭൂമിക്കില്ല, ഉണ്ടാകാന്‍ പാടുള്ളതുമല്ല. സോഷ്യല്‍ മീഡിയയിലും മറ്റ് ഹിന്ദുത്വവിരുദ്ധ നിലപാടുകളുള്ള ഓണ്‍ലൈന്‍-അച്ചടി പ്രസിദ്ധീകരണങ്ങളിലും എഴുതുന്നവര്‍ ആഗ്രഹിക്കുന്നത് അവര്‍ പുലര്‍ത്തുന്ന അതേ തോതിലുള്ള ഹിന്ദുത്വവിരുദ്ധവികാരം മാതൃഭൂമി പോലുള്ള പത്രങ്ങളും പുലര്‍ത്തണം എന്നാണ്. അത് സാധ്യമാവില്ല. കാരണം, പാര്‍ട്ടികളെയും മതങ്ങളെയും വര്‍ഗങ്ങളെയും വര്‍ഗീയവാദികളെയും സംഘടനകളെയും എല്ലാം തുല്യതോതില്‍ പ്രീണിപ്പിച്ച്, പത്രപ്രചാരം ഉയര്‍ത്തുക എന്നതാണ് പത്രങ്ങളുടെ അടിസ്ഥാനനയം. തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വായനക്കാരെയോ പരസ്യക്കാരെയോ അകറ്റാന്‍ അവരെക്കൊണ്ടാവില്ല. വിപണിയിലാണ് അവരുടെ തത്ത്വങ്ങളുള്ളത്. അതാണ് അവരുടെ നിലനില്‍പ്പ്.

പക്ഷേ, മാതൃഭൂമി  ഉള്‍പ്പെടെയുള്ള പല മാനേജ്‌മെന്റുകളും കാണാതെ പോകുന്ന ഒരു കാര്യമുണ്ട്. ഹിന്ദുത്വസംഘടനകളെയോ ആ വികാരം കൊണ്ടുനടക്കുന്നവരെയോ അനുകൂലവാര്‍ത്തയും ലേഖനവും കൊടുത്ത് ഒപ്പം നിര്‍ത്താനാവില്ല. തത്കാലം സര്‍ക്കുലേഷന്‍ ഉള്ളതുകൊണ്ട് മോഹന്‍ ഭാഗവതിന്റെ ലേഖനം മാതൃഭൂമിക്കും അയച്ചുതന്നേക്കും. പക്ഷേ, സ്വതന്ത്രനിലപാടുകളുള്ള ഒരു പത്രം കേരളത്തില്‍ ഉണ്ടാകണം എന്ന ആഗ്രഹം അവര്‍ക്കില്ല. എന്നു മാത്രമല്ല എത്രയും വേഗം ആ പത്രത്തെ കൊന്നു കുഴിച്ചുമൂടണമെന്ന് അവര്‍ ആഗ്രഹിക്കുന്നുമുണ്ട്. ഇതു പകല്‍വെളിച്ചം പോലെ വ്യക്തമാണ്. മാതൃഭൂമി നടത്തിപ്പുകാര്‍ക്ക് ഇതു ഇപ്പോഴും ബോധ്യപ്പെടാത്തതാണോ അതല്ല, അറിഞ്ഞിട്ടും നിസ്സഹായത കൊണ്ട് ഒന്നുമറിയില്ലെന്നു ഭാവിക്കുന്നതാണോ എന്നറിയില്ല.

മീശ നോവല്‍ വിവാദം
എന്താണ് മീശ നോവല്‍ പ്രശ്‌നത്തില്‍ സംഭവിച്ചത്? ഹിന്ദുവിശ്വാസി സമൂഹത്തില്‍ അര ശതമാനം ആളുകള്‍ പോലും കണ്ടിട്ടില്ല ആഴ്ചപ്പതിപ്പിലെ ആ നോവലിലെ വിവാദവാചകം.  മാതൃഭൂമി ഹിന്ദുസ്ത്രീകളെക്കുറിച്ച് മാതൃഭൂമി ഇങ്ങനെ ആഭാസം എഴുതി, ആ പത്രം വാങ്ങരുത് എന്നു  നാടെമ്പാടുമുള്ള ഹിന്ദുവീടുകളില്‍,വനിതകളെ നിയോഗിച്ച് പ്രചാരം നടത്തിയാണ് മാതൃഭൂമി പത്രത്തിന്റെ കോപ്പി ലക്ഷക്കണക്കിന് കുറപ്പിച്ചത്. തൊട്ടുമുന്‍പ് നബിനിന്ദ ആരോപിച്ചും ഇതുപോലെ പത്രബഹിഷ്‌കരണം നടന്നിട്ടുണ്ട്. അതിന്റെ തോതു വേറെ. കാല്‍നൂറ്റാണ്ട് മുന്‍പ് മതസംഘടനകളെ ഭയപ്പെടാതെ എഴുതിയ ഒരു കാര്യവും ഇന്നു പത്രത്തിലെഴുതാന്‍ പറ്റില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു മതസംഘടനയോടും ലവലേശമെങ്കിലും തന്റേടത്തോടെയുള്ള നിലപാട് സ്വീകരിക്കാന്‍ സാധിക്കുന്നില്ല. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ ഭയന്നിട്ടില്ലാത്ത പത്രം ഇന്നു പത്താള്‍ മാത്രമുള്ള ഈര്‍ക്കില്‍ സംഘടനക്കാരന്‍ ഫോണ്‍ വിളിച്ചാലും ഭയക്കും.

ഇതിനിടയിലും നിരന്തരമായ മാതൃഭൂമി വിരുദ്ധപ്രചാരണം ഹിന്ദുത്വസംഘടനക്കാര്‍ നടത്തുന്നുണ്ട്. ഏറ്റവും ഒടുവില്‍ മൂന്നോ നാലോ ഹിന്ദുത്വ അനുകൂലികള്‍, മാതൃഭൂമി വാരാന്തപ്പതിപ്പിലെ ഒരു ലേഖനത്തെക്കുറിച്ച് അമര്‍ഷത്തോടെ എന്നോടു പറഞ്ഞത് ഓര്‍ക്കുന്നു. ആലങ്കോട് ലീലാകൃഷ്ണന്‍ ഈയിടെ എഴുതിയതാണ് ലേഖനം. പാക്കനാര്‍ ക്രിസ്ത്യാനിയാണ് എന്നെഴുതി ലീലാകൃഷ്ണന്‍ എഴുതി എന്നതാണ് അവരുടെ അമര്‍ഷത്തിനു കാരണം.  ഞാന്‍ ആ ലേഖനം വായിച്ചുനോക്കി. ലീലാകൃഷ്ണന്‍ അങ്ങനെ എഴുതിയിട്ടില്ല. േേകസരി ബാലകൃഷ്ണപിള്ള ചരിത്രത്തിന്റെ  അടിവേരുകള്‍ എന്ന ഗ്രന്ഥത്തില്‍ നടത്തിയ പരാമര്‍ശമാണ് വിഷയം. മനയെക്കുറിച്ചുള്ള ചരിത്രപരമായ എന്തോ പരാമര്‍ശമാണ്. ലീലാകൃഷ്ണന്‍ അതു ക്വോട്ട് ചെയ്തു എന്നു മാത്രം. ഹിന്ദുമതവുമായി ബന്ധമൊന്നുമുള്ളതല്ല ആ ലേഖനം. ഇതുപോലും മാതൃഭൂമിയെ തകര്‍ക്കാനുള്ള പ്രചാരണായുധമായി ഉപയോഗിക്കുന്നു. ഇതിന്റെയെല്ലാം ആത്യന്തികമായ ഫലമെന്താണ്? ഒരേ സമയം ഹിന്ദുത്വവാദികളും മതേതരവാദികളും മാതൃഭൂമിക്കെതിരെ ആള്‍ക്കൂട്ട ആക്രമണത്തിനു ഒരുമ്പെടുന്നു. മാതൃഭൂമി അത്രത്തോളമൊന്നും അര്‍ഹിക്കുന്നില്ല. മാതൃഭൂമി നശിക്കേണ്ടത് മതേതരവാദികളുടെ ആവശ്യമല്ല, വര്‍ഗീയവാദികളുടെ മാത്രം ആവശ്യമാണ്്, സംശയമില്ല. മതനിരപേക്ഷപ്രസ്ഥാനങ്ങള്‍ക്കും ന്യൂനപക്ഷതാല്പര്യങ്ങള്‍ക്കും അതാണ് വേണ്ടത് എന്നു നെഞ്ചത്ത് കൈവച്ച് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?

വര്‍ഗ്ഗീയവാദികളുടെ കടന്നാക്രമങ്ങളെ നേരിടേണ്ടി വരുമ്പോള്‍ മാധ്യമങ്ങള്‍ക്കൊന്നും ഒരു ഘട്ടത്തിലും മതനിരപേക്ഷ സംഘടനകളുടെയോ ബുദ്ധിജീവികളുടെയോ ഇടതുപക്ഷത്തിന്റെയോ സഹായമോ വാക്കാലുള്ള പിന്തുണ പോലുമോ ലഭിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മതനിരപേക്ഷത പറയുന്ന മാധ്യമമാകട്ടെ, പാര്‍ട്ടിയാകട്ടെ കാര്യസാധ്യത്തിന് മതാനുയായികള്‍ക്കു മുന്നില്‍ കുമ്പിട്ടുനില്‍ക്കാറുമുണ്ട്. ഒരു കൂട്ടര്‍ക്ക് ആവശ്യം സര്‍ക്കുലേഷനാണ്, മറ്റേ കൂട്ടര്‍ക്ക് ആവശ്യം വോട്ടാണ്. രണ്ടിന്റെയും തന്ത്രങ്ങള്‍ ഒന്നുതന്നെ. ഉറച്ച മതനിരപേക്ഷ നിലപാട്  എടുക്കാന്‍ കരുത്തുള്ള പത്രമോ പാര്‍ട്ടിയോ ഉണ്ടോ കേരളത്തില്‍? ഇന്ത്യയുടെ കാര്യം വിട്.

കഥ/കവിത കൊടുക്കില്ല
മോഹന്‍ ഭാഗവതിന്റെ ലേഖനം പ്രസിദ്ധീകരിച്ചതുകൊണ്ട് ഇനി തന്റെ കഥ/ കവിത/ലേഖനം മാതൃഭൂമിയില്‍ പ്രസിദ്ധീകരണത്തിന് അയക്കില്ല എന്ന പ്രഖ്യാപിച്ചിട്ടുള്ള ആദര്‍ശവാദികളോട് ആത്മാര്‍ത്ഥമായും സഹതാപമുണ്ട്. എനിക്ക് ഇഷ്ടമില്ലാത്തവരുടെ ലേഖനം പ്രസിദ്ധപ്പെടുത്തുന്ന മാധ്യമത്തില്‍ എന്റെ ലേഖനം കൊടുക്കില്ല എന്ന നിലപാട് ജനാധിപത്യപരമാണോ?   ഫാസിസ്റ്റുകളുടെ ലേഖനം പ്രസിദ്ധപ്പെടുത്താനുള്ള അവകാശവും പത്രസ്വാതന്ത്ര്യത്തിന്റെ ഭാഗം തന്നെയാണ്. പത്രത്തിലുടെ നിങ്ങളുടെ രചന വായനക്കാരില്‍ എത്തും എന്നതുകൊണ്ടാണ് നിങ്ങള്‍ അവര്‍ക്ക് അതയച്ചുകൊടുക്കുന്നത്. ഇല്ലെങ്കില്‍ നിങ്ങള്‍ക്കു നഷ്ടപ്പെടുന്നത്  നല്ല വായനക്കാരെയാണ്. ഒരു തരത്തിലും സ്വീകാര്യമല്ലാത്ത പ്രസിദ്ധീകരണങ്ങളില്‍ നമ്മളാരും സൃഷ്ടികള്‍ പ്രസിദ്ധീകരിക്കില്ല. മാതൃഭൂമി ഇപ്പോഴും അത്തരമൊരു പ്രസിദ്ധീകരണമായിട്ടില്ല.

4 thoughts on “മോഹന്‍ ഭാഗവതിന്റെ ഗാന്ധിലേഖനവും മാതൃഭൂമിയും

  1. ഈ ബഹിഷ്ക്കരണ വാദികളെല്ലാംകൂടി മാതൃഭൂമിയെ വർഗീയ കൊട്ടകയിൽ കൊണ്ട് കെട്ടും എന്നാണ് തോന്നുന്നത്. ആർ.എസ്.എസ്സിനെ സംബന്ധിച്ചേടത്തോളം അതൊരു നിധി കിട്ടിയതുപോലാവും. മാതൃഭൂമിയെ നിലവിലുള്ളതുപോലെയെങ്കിലും നിലനിർത്തുക എന്നതാണ് കേരളം ഏറ്റെടുക്കേണ്ട വെല്ലുവിളി.
    എൻ.ഇ.സുധീർ

  2. ഒരുതരത്തിലും മാതൃഭൂമി "ഇപ്പോഴും " ഒരു തരത്തിലും സ്വീകാര്യമല്ലാത്ത ഒരു പ്രസിദ്ധീകരണമായിട്ടില്ല.. concluding sentence കലക്കി.

    ഓൻ ദേശീയഗെയിംസ് ഒന്നും കളിക്കാൻ
    "ഇപ്പോഴും " ആയിട്ടില്ല, അതിനു കുറെ ഓണം കൂടി ഉണ്ണണം എന്ന മട്ട്..

    സുധീർ, താങ്കളുടെ concern ok. പക്ഷേ ഇപ്പോഴത്തെ സ്ഥിതിയിൽ എന്തിനു ആ പത്രം നിലനിൽക്കണം…?
    വർഗീയതയുടെ തൊഴുത്തിൽ സ്വയം പോയി കിടന്നുകൊടുത്തിട്ടു ആരെ പഴിക്കാൻ?

  3. തീർത്തും സത്യം…. മാതൃഭൂമിക്കാർക്കാണ് അതൊട്ടും മനസ്സിലാകാത്തത്. നമുക്ക് അറിയാത്ത മറ്റൊരു കാര്യം രാജ്യത്ത് മൊത്തം പടരുന്ന ഭയം അതിനേക്കാൾ രൂക്ഷമായി മാതൃഭൂമി ഉൾപ്പെടെ ഉള്ള കക്ഷിബന്ധമില്ലാത്ത മാധ്യമങ്ങളെയും ബാധിക്കുന്നുണ്ട് എന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

Go Top