‘മൂവായിരം രൂപയുണ്ട്. അതു പോരേ?’

എൻ.പി.രാജേന്ദ്രൻ

ലോക്‌സഭയിലേക്കു പത്രിക നല്‍കിയ കെ.ആര്‍ നാരായണന്‍ എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് ചോദിച്ചു പ്രചാരണം നടത്താനൊക്കെ കുറെ പണം വേണ്ടിവരില്ലേ? കാശുണ്ടോ ? നാരായണന്റെ നിഷ്‌കളങ്കമായ മറുപടി മൂവായിരം രൂപ കൊണ്ടുവന്നിട്ടുണ്ട്. അതു പോരേ? എന്നെ കളിയാക്കിയതാണോ എന്നൊരു നിമിഷം തോന്നിപ്പോയി.  ആള്‍ ഗൗരവത്തിലായിരുന്നു.  പല രാജ്യങ്ങളില്‍  ഹൈക്കമ്മീഷണറും അംബാസ്സഡറും ഡല്‍ഹിയില്‍ വൈസ് ചാന്‍സലറുമെല്ലാം ആയിരുന്ന ആള്‍ക്ക് അന്നു നമ്മുടെ രാഷ്ട്രീയത്തെക്കുറിച്ച് ഇത്രയൊക്കൊയേ  അറിയൂ എന്നു തോന്നിപ്പോയി.

1984ലാണ് സംഭവം. കെ.ആര്‍ നാരായണന്‍ പത്രിക നല്‍കാനെത്തിയത് ഇന്നു നിലവിലില്ലാത്ത ഒറ്റപ്പാലം ലോക്‌സഭാ സീറ്റില്‍ മത്സരിക്കാനാണ്. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, കുഴല്‍മന്ദം, ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം നിയമസഭാ മണ്ഡലങ്ങളടങ്ങിയ ഒറ്റപ്പാലം മണ്ഡലം 1977 മുതല്‍ 2004 വരെയേ ഉണ്ടായിട്ടുള്ളൂ.

നാരായണന്റെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നു. ഉദ്യോഗങ്ങളില്‍ നിന്നെല്ലാം വിരമിച്ച് ഡല്‍ഹിയില്‍ വിശ്രമിക്കുകയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചിട്ടേ ഉണ്ടായിരുന്നില്ല. എങ്ങനെയാണ് താങ്കള്‍ സ്ഥാനാര്‍ത്ഥിയായത് എന്ന്, അന്നു പാലക്കാട്ടെ മാതൃഭൂമി റിപ്പോര്‍ട്ടറായിരുന്ന ഈ ലേഖകന്‍ ഒരുതവണ നാരായണനോട് ചോദിച്ചതാണ്. അദ്ദേഹം തുറന്നു പറഞ്ഞു ‘എം.പി.യാകാന്‍ ആഗ്രഹമുണ്ടെന്ന് ഇന്ദിരാഗാന്ധിയോട് ഞാന്‍ പറഞ്ഞിരുന്നു. ഇന്ദിരാഗാന്ധിയുടെ മരണശേഷം ഇക്കാര്യം രാജീവ് ഗാന്ധിയോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ രാജീവ് ഗാന്ധി തന്‌നെവിളിച്ച് നോമിനേഷന്‍ കൊടുക്കാന്‍ പറഞ്ഞു. ഞാനിതാ എത്തിയിരിക്കുന്നു.’ എത്ര നിസ്സാരം!
ഇത്രയും പ്രമുഖനായ ഒരു വ്യക്തിക്കു ഒരു സംവരണ മണ്ഡലം മാത്രം അനുവദിച്ചതിനെക്കുറിച്ച് അന്നു പലര്‍ക്കും പരിഭവമുണ്ടായിരുന്നു. പക്ഷേ, അതൊന്നും നാരായണനെ അലട്ടിയില്ല. അദ്ദേഹത്തിന്റെ വരവ് ഇഷ്ടപ്പെടാതിരുന്ന ഒരു ലീഡര്‍ അദ്ദേഹത്തെ സംവരണമണ്ഡലത്തിലാക്കിയതാണ് എന്നും കേട്ടിരുന്നു.

ഒറ്റപ്പാലത്ത് അതൊന്നുമായിരുന്നില്ല പ്രശ്‌നം. വലിയ ആളൊക്കെയായിരിക്കാം, പക്ഷേ ആള്‍ക്ക് മലയാളം അറിഞ്ഞുകൂടാ എന്നതായിരുന്നു വലിയ എതിര്‍പ്രചാരണം. ശശിതരൂരിനെ പോലെ മലയാളത്തിന് അദ്ദേഹം കുറച്ച് ഇടിവും ചതവും ഉണ്ടാക്കും എന്നത് ശരി. മലയാളമറിയില്ലെന്ന പ്രചാരണം നാരായണന് നന്നെ പൊള്ളിയതായി തോന്നി. ഒരു ദിവസം രാവിലെ ഗസ്റ്റ് ഹൗസ് മുറ്റത്ത് കണ്ടപ്പോള്‍ അദ്ദേഹമതിനെക്കുറിച്ച് പരിഭവം പ്രകടിപ്പിച്ചു.

നാരായണന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ഇപ്പോഴത്തെ നമ്മുടെ മന്ത്രി എ.കെ.ബാലനായിരുന്നു. 1980ല്‍ ഒറ്റപ്പാലത്തു ജയിച്ച് ലോക്‌സഭാംഗമായതാണ് ബാലന്‍. നാലു വര്‍ഷം മാത്രം മുമ്പ് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ എന്റെ സീനിയറാണ് ബാലന്‍. അന്നേ പരിചയമുണ്ട്. ഒരു ദിവസം, ഷൊര്‍ണ്ണൂര്‍ ഗസ്റ്റ് ഹൗസ് വരാന്തയില്‍ കെ.ആര്‍.നാരായണന്‍ വരാന്തയില്‍ നില്‍ക്കുമ്പോഴുണ്ട്  എതിര്‍സ്ഥാനാര്‍ഥി വരുന്നു. എതിരാളികള്‍ മുഖാമുഖം. ഹലോ ഹൗ ആര്‍ യു സാര്‍ ബാലന്‍ നാരായണന്റെ കൈപിടിച്ചു ചോദിച്ചു. ഹോ ഹോ അപ്പോള്‍ ബാലനും മലയാളം ശരിക്ക് അറിയത്തില്ല അല്ല്യോ എന്നായിരുന്നു നാരായണന്റെ മറു കുസൃതിച്ചോദ്യം. ബാലന്‍ ചിരിച്ചുകൊണ്ടുതന്നെ എന്തോ പറഞ്ഞു. പിന്നെ സൗഹൃദപൂര്‍വം പിരിയുകയും ചെയ്തു. വാര്‍ത്തകള്‍ക്കായി നടക്കുന്ന റിപ്പോര്‍ട്ടര്‍ക്ക് അവഗണിക്കാവുന്നതല്ലല്ലോ സംഭവം. പിറ്റേന്ന് മാതൃഭൂമിയുടെ ഒന്നാം പേജില്‍ ബോക്‌സ് വാര്‍ത്ത. തലവാചകം  ‘ബാലനും മലയാളം അറിയത്തില്ലേ?’

നാരായണനാണ് അത്തവണ മാത്രമല്ല, തുടര്‍ന്നു രണ്ടു വട്ടവും ജയിച്ചത്. പിന്നെ അങ്ങനെ ഉയരങ്ങളിക്കു പറന്നു. ഒറ്റപ്പാലം മണ്ഡലത്തിന്റെ ചരിത്രത്തില്‍ രണ്ട് കോണ്‍ഗ്രസ്സുകാരേ ജയിച്ചിട്ടുള്ളൂ.  ഒന്ന് കെ.കുഞ്ഞമ്പു. അത് 1977ല്‍. പിന്നെ നാരായണന്‍.

(തത്സമയം  (തത്സമയം ദിനപത്രത്തിലെ റിപ്പോര്‍ട്ടര്‍ ഡയറി പംക്തിയില്‍ 9.4.2019ന് എഴുതിയ കുറിപ്പ്)

Leave a Reply

Your email address will not be published. Required fields are marked *

Go Top