സൗഹൃദങ്ങള്‍ സമ്പാദ്യമാക്കിയ കെ.പി കുഞ്ഞിമൂസ

എൻ.പി.രാജേന്ദ്രൻ

വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകള്‍, ലേഖനങ്ങള്‍ ഇത്രയധികം എഴുതിയ മറ്റൊരാളില്ല. അദ്ദേഹം ആറായിരം വ്യക്തികളെക്കുറിച്ച് മരണശേഷമുള്ള അനുസ്മരണങ്ങള്‍ എഴുതിയതായി മാദ്ധ്യമറിപ്പോര്‍ട്ടുകളില്‍ കണ്ടു. അവിശ്വനീയംതന്നെ. അരനൂറ്റാണ്ടു കാലം വര്‍ഷം തോറും നൂറും നൂറ്റമ്പതും കുറിപ്പുകള്‍ എഴുതിയാലേ ഈ എണ്ണം തികക്കാനാവൂ. അപരിചിതരെക്കുറിച്ചുള്ള ചരമറിപ്പോര്‍ട്ടുകളല്ല അവ. അദ്ദേഹത്തിന്റെ അസൂയാര്‍ഹമായ സൗഹാര്‍ദ്ദ ബന്ധങ്ങളുടെ തെളിവാണ് ഈ രചനകള്‍. പരിചയപ്പെടുന്നവരെക്കുറിച്ചെഴുതാന്‍ അദ്ദേഹം ആള്‍ മരിക്കുന്നതു വരെ കാത്തുനില്‍ക്കാറില്ല! കാലിക്കറ്റ് ടൈംസ് പത്രത്തില്‍ അറുനൂറോളം വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. മിക്കതും ജീവിച്ചിരിക്കുന്നവരെ കുറിച്ചുള്ളതായിരുന്നു. അതൊരു സര്‍വകാല റെക്കോഡ് തന്നെയാണ്, സംശയമില്ല. 

ഒരാഴ്ച മുമ്പ് ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലെ ഒരു തെരഞ്ഞെടുപ്പ് അനുഭവം എഴുതിത്തരണമെന്ന് ആവശ്യപ്പെടാനാണ് വിളിച്ചത്. തത്മമയം പത്രത്തില്‍ അങ്ങനെയൊരു പംക്തി പലരെക്കൊണ്ടും എഴുതിക്കുന്നുണ്ടായിരുന്നു. എന്തെഴുതാന്‍ പറഞ്ഞാലും കുഞ്ഞിമൂസ തടസ്സമൊന്നും പറയാറില്ല. ലേഖനകാര്യം ഓര്‍മ്മിപ്പിക്കാന്‍ വീണ്ടും കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. കിട്ടിയില്ല. തിരിച്ചുവിളിച്ചുമില്ല. ഇല്ല, ആ ലേഖനം അദ്ദേഹം ഇനി എഴുതുകയില്ല.

ഞാനും കുഞ്ഞിമൂസയെപ്പോലൊരു തലശ്ശേരിക്കാരനാണ്. പത്തു വര്‍ഷത്തെ സീനിയോറിറ്റി അദ്ദേഹത്തിനുണ്ട്. 1966-ല്‍ 21 ാം വയസ്സില്‍ അദ്ദേഹം കോഴിക്കോട്ട് മാദ്ധ്യമപ്രവര്‍ത്തകനായി എത്തിയിട്ടുണ്ട്. കുറച്ചു പത്രപ്രവര്‍ത്തനവും കുറെ രാഷ്ട്രീയ പ്രവര്‍ത്തനവും ആയിരുന്നു അന്നത്തേത്. പിന്നെയും പതിനഞ്ചു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ എത്തുന്നത്. യൂണിയന്‍ സമ്മേളനങ്ങളില്‍ കണ്ടു മുട്ടാറുണ്ടെങ്കിലും തലശ്ശേരി ബന്ധം പറഞ്ഞു പരിചയപ്പെടാനൊന്നും പോയിരുന്നില്ല. അദ്ദേഹം ചന്ദ്രികയില്‍നിന്നു വിരമിച്ച ശേഷമാണ് അതിനു അവസരമുണ്ടായത്. ഞാന്‍ ചോദിച്ചു-നമ്മള്‍ തമ്മില്‍ ആദ്യം കണ്ടത് എപ്പോള്‍ എവിടെ എന്നു ഓര്‍മ്മയുണ്ടോ? അദ്ദേഹം സംശയത്തോടെ എന്നെ നോക്കി ഇല്ലെന്നു തലയാട്ടി. ഞാനതു വിവരിച്ചു. എഴുപതുകളുടെ ആദ്യം വിദ്യാര്‍ത്ഥി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ചെന്നു കണ്ടിട്ടുണ്ട്. അദ്ദേഹം അന്നൊരു പ്രമുഖ എം.എസ്.എഫ് നേതാവാണ്. ഞാന്‍ ഒരു സാധാരണ വിദ്യാര്‍ത്ഥി മാത്രവും. വിമത ലീഗ് എന്നു വിളിച്ചിരുന്ന അഖിലേന്ത്യാ ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടന. മുസ്ലിം ലീഗില്‍ നിന്നു പിളര്‍ന്നു മാറിയ പാര്‍ട്ടിയാണ് അഖിലേന്ത്യാ ലീഗ്. അന്നു കുഞ്ഞിമൂസയെ ചെന്നു കണ്ടത് തലശ്ശേരി പട്ടണമദ്ധ്യത്തിലെ ഒരു വീട്ടിലാണ്. മുസ്ലിം ലീഗിന്റെ പ്രമുഖനായ നേതാവ് ചെറിയ മമ്മുക്കേയിയുടെ വീടാണ് അത്. വിമത ലീഗിന്റെ ഒരു സംസ്ഥാനതല നേതാവാണ് ചെറിയ മമ്മുക്കേയി. പാര്‍ട്ടിയിലെ ഒരു വലിയ ശക്തി ആയിരുന്നു അദ്ദേഹമെങ്കിലും തെരഞ്ഞെടുപ്പുകളിലൊന്നും മത്സരിക്കാത്ത നേതാവായിരുന്നു. തലശ്ശേരി അഖിലേന്ത്യാ ലീഗിന്റെ ശക്തികേന്ദ്രമായത് അദ്ദേഹം കാരണമാണ്.

പെരിങ്ങളത്തെ കിരീടമില്ലാ രാജാവായിരുന്ന പി.ആര്‍ കുറുപ്പിന്റെ സ്‌കൂള്‍ മാനേജ്മെന്റ് ഒരു വിദ്യാര്‍ത്ഥിയെ പിരിച്ചുവിട്ടതിന് എതിരെ സമരം നടക്കുന്നുണ്ടായിരുന്നു. എസ്.എഫ്.ഐയും വിമത എം.എസ്. എഫും സോഷ്യലിസ്റ്റ് വിദ്യാത്ഥി സംഘടനയായ ഐ.എസ്.ഓ വും
പരിവര്‍ത്തനവാദി വിദ്യാര്‍ത്ഥി സംഘടനയുമാണ് സമരത്തിലുണ്ടായിരുന്നു. പിരിച്ചുവിടലിനു എതിരെ തലശ്ശേരി ഡി.ഇ.ഓ ഓഫീസിനു മുന്നില്‍ നടക്കുന്ന ഉപവാസസമര വേദിയില്‍ പ്രസംഗിക്കുന്നതിനാണ് കുഞ്ഞിമൂസ ക്ഷണിച്ചത്. അദ്ദേഹം വരികയും ആവേശകരമായി പ്രസംഗിക്കുകയും ചെയ്തു. തമാശയൊന്നും ഒട്ടും ഇല്ലാത്ത പ്രസംഗമായിരുന്നു അതെന്നു ഓര്‍ക്കുന്നു. ഒരു പക്ഷേ, കുഞ്ഞിമൂസ എന്തിലും തമാശ കലര്‍ത്തിത്തുടങ്ങിയത് പിന്നീടെപ്പോഴോ ആയിരിക്കാം.

ഒരു കാര്യത്തില്‍ പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ പിന്നിലാക്കാന്‍ മറ്റാര്‍ക്കും കഴിയില്ല. വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകള്‍, ലേഖനങ്ങള്‍ ഇത്രയധികം എഴുതിയ മറ്റൊരാളില്ല. അദ്ദേഹം 1500ല്‍ ഏറെ
വ്യക്തികളെക്കുറിച്ച് മരണശേഷമുള്ള അനുസ്മരണങ്ങള്‍ എഴുതിയതായി മാദ്ധ്യമറിപ്പോര്‍ട്ടുകളില്‍ കണ്ടു. അവിശ്വനീയംതന്നെ. അപരിചിതരെക്കുറിച്ചുള്ള ചരമറിപ്പോര്‍ട്ടുകളല്ല അവ. അദ്ദേഹത്തിന്റെ അസൂയാര്‍ഹമായ സൗഹാര്‍ദ്ദ ബന്ധങ്ങളുടെ തെളിവാണ് ഈ രചനകള്‍.

പരിചയപ്പെടുന്നവരെക്കുറിച്ചെഴുതാന്‍ അദ്ദേഹം ആള്‍ മരിക്കുന്നതു വരെ കാത്തുനില്‍ക്കാറില്ല! കാലിക്കറ്റ് ടൈംസ് പത്രത്തില്‍ അറുനൂറോളം വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. മിക്കതും ജീവിച്ചിരിക്കുന്നവരെ കുറിച്ചുള്ളതായിരുന്നു. അതൊരു സര്‍വകാല റെക്കോഡ് തന്നെയാണ്, സംശയമില്ല. പത്രപ്രവര്‍ത്തകന്‍ ഒരിക്കലും വിരമിക്കുന്നില്ല എന്നു പറയാറുണ്ട്. അപൂര്‍വം ആളുകളുടെ കാര്യത്തില്‍ മാത്രമേ അതു സത്യമാകാറുള്ളൂ. പലരും പത്രവായന പോലും ഉപേക്ഷിച്ച് ജീവിക്കുന്നതായി അറിയാം. കുഞ്ഞിമൂസ പത്രപ്രവര്‍ത്തകനും പൊതു പ്രവര്‍ത്തകനുമായിരുന്നു അവസാനദിവസം വരെ. ചെറുതും വലുതുമായ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം എല്ലായ്പ്പോഴും പത്രങ്ങളില്‍ വായനക്കാരുടെ പംക്തികളില്‍ എഴുതാറുണ്ട്.

തികഞ്ഞ മതവിശ്വാസിയായിരിക്കവെ തന്നെ അദ്ദേഹം മതനിരപേക്ഷതയുടെ പക്ഷത്ത് ഉറച്ചുനിന്നിരുന്നു. രാഷ്ട്രീയം പോലെ സൗഹൃദവും അദ്ദേഹത്തിനു മതേതരം ആയിരുന്നു. മാതൃഭൂമിയുടെ ഡപ്യൂട്ടി എഡിറ്ററായി വിരമിച്ച വി.എം. കൊറാത്തിനെക്കുറിച്ച് ചെറിയ ഒരു ജീവചരിത്രഗ്രന്ഥം എഴുതിയത് ഒരു ഉദാഹരണമാണ്. മാതൃഭൂമിയില്‍നിന്നു വിരമിച്ച ശേഷം സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചുപോന്ന ആളായിരുന്നു കൊറാത്ത്. പക്ഷേ, അദ്ദേഹത്തിന്റെ മറ്റനേകം നന്മകള്‍, ഇക്കാരണം കൊണ്ട് അവഗണിക്കപ്പെട്ടുകൂടാ എന്ന് കുഞ്ഞിമൂസ ഉറച്ചു വിശ്വസിച്ചു. മുസ്ലിം വിശ്വാസികള്‍ക്കിടയിലുള്ള പല അന്ധവിശ്വാസങ്ങള്‍ക്കും മത മൗലികവാദ പ്രവണതകള്‍ക്കും എതിരെ ശബ്ദമുയര്‍ത്താന്‍ അദ്ദേഹം മടിച്ചിട്ടില്ല.

കുഞ്ഞിമൂസയുടെ എഴുത്തുകളിലും പ്രസംഗങ്ങളിലും തമാശയുടെ ഹാസ്യത്തിന്റെ അളവ് പ്രായത്തിനൊപ്പം കൂടിക്കൂടി വരുന്നതാണ് കണ്ടത്. പൊതുപ്രവര്‍ത്തനത്തിലെ ഗൗരവാംശങ്ങള്‍ അവഗണിച്ച് അദ്ദേഹം അവ തമാശകളാക്കി മാറ്റുന്നുണ്ടോ എന്നു പോലും ചിലപ്പോഴെല്ലാം തോന്നിയിട്ടുണ്ട്. അദ്ദേഹവും ഞാനും പങ്കാളികളായിരുന്ന ഗവ.ബ്രണ്ണന്‍ കോളജ് അലുംനി പോലുള്ള സംഘടനകളില്‍ എല്ലാവരും കുഞ്ഞിമൂസയുടെ പ്രസംഗം വേണം എന്നു ആദ്യമേ ആവശ്യമുന്നയിക്കാറുണ്ട്. കാരണം, അവര്‍ക്ക് പൊട്ടിച്ചിരിക്കാന്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിലേ അവസരം കിട്ടൂ. അല്ലാതെ, തമാശയല്ലാതെ അലുംനി സമ്മേളനത്തില്‍ ഗൗരവമായി മറ്റെന്താണ് ഉണ്ടാവേണ്ടത് എന്നദ്ദേഹത്തിനു തോന്നിയിരിക്കാം.

ബ്രണ്ണന്‍ കോളജ് അലുംനി സംഘടനയ്ക്ക് കോഴിക്കോട്ട് ബ്രാഞ്ച് ഉണ്ടാക്കാന്‍ മുന്‍കൈ എടുത്തത് കുഞ്ഞിമൂസ ആയിരുന്നു. കോഴിക്കോടിനെയും തലശ്ശേരിയെയും കുറിച്ചുള്ള ഒരു സര്‍വവിജ്ഞാന കോശമായിരുന്നു അദ്ദേഹം. ഗൗരവുമുള്ളതും അല്ലാത്തതുമായ നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. പലതും അദ്ദേഹത്തിന്റെ തന്നെ മൈത്രി ബുക്സ് ആണ് പ്രസിദ്ധപ്പെടുത്തിയത്. അദ്ദേഹം ഒരു ലേഖനമെങ്കിലും എഴുതിയിട്ടില്ലാത്ത ഒരു മലയാള ആനുകാലികം ഇല്ല എന്നു തന്നെ പറയാം.

പൊതുപ്രവര്‍ത്തനവും എഴുത്തും ആരംഭിച്ച ശേഷം ഒരു മിനിട്ടും വെറുതെ ഇരിക്കാതെ മരണം വരെ ഇതു ചെയ്തുകൊണ്ടേ ഇരിക്കുകയായിരുന്നു കുഞ്ഞിമൂസ. വലിയ ഉയരങ്ങള്‍ കയറിപ്പറ്റാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു, വലിയ അധികാരസ്ഥാനങ്ങള്‍ കയ്യടക്കി വലിയ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന പലരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. അദ്ദേഹം അവസാനം വരെയും ഒരു പഴയ സ്‌കൂട്ടറില്‍ സഞ്ചരിച്ചു കൊണ്ടേ ഇരുന്നു. സൗഹാര്‍ദ്ദങ്ങളായിരുന്നു അദ്ദേഹത്തിന്റെ വലിയ സമ്പാദ്യം. അക്കാര്യത്തില്‍ അതിസമ്പന്നനായിരുന്നു കെ.പി.കുഞ്ഞിമൂസ.

(2019 ഏപ്രില്‍ 14നു രാത്രിയാണ് കെ.പി കുഞ്ഞിമൂസ അന്തരിച്ചത്).

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Go Top