ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഗുജറാത്തിലെ ഒരു നദീദ്വീപില്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. നര്‍മ്മദ അണക്കെട്ടിന് അഭിമുഖമായി, 3.2 കിലോ മീറ്റര്‍ അകലെ 12 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയുള്ള തടാകത്തിനകത്ത് ഇരുപതിനായിരം ചതുരശ്ര മീറ്റര്‍ ഭൂമിയില്‍ ഉയര്‍ന്ന ഈ പ്രതിമ ഒരു വിസ്മയം തന്നെയാണ്. ഉയരം കൊണ്ടും കരകൗശല പാടവം കൊണ്ടും തീര്‍ച്ചയായും അതൊരു വിസ്മയം തന്നെയാവും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ച പ്രതിമാനിര്‍മ്മാണം അദ്ദേഹം പ്രധാനമന്ത്രിയായ ശേഷം അതിവേഗം മുന്നോട്ടു പോവുകയും കാലവിളംബമില്ലാതെ പൂര്‍ത്തിയാവുകയും ചെയ്തു. എല്ലാ അര്‍ത്ഥത്തിലും ഇതു പ്രധാനമന്ത്രിയുടെ ആശയമാണ്, അദ്ദേഹത്തിന്റെ സംഭാവനയാണ്, അദ്ദേഹത്തിന്റെ കൂടി എക്കാലത്തേക്കുമുള്ള സ്മാരകവുമാണ്. ഐക്യത്തിന്റെ പ്രതിമ-സ്റ്റാച്ച്യൂ ഓഫ് യൂണിറ്റി- എന്നു പേരിട്ട ഈ പ്രതിമ അമേരിക്കയുടെ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയെ വെല്ലുന്ന സൃഷ്ടിയാണ് എന്നത് ഇന്ത്യക്കാര്‍ക്ക് അഭിമാനകരം തന്നെ. 182 മീറ്റര്‍ ഉയരമുള്ള ഈ മഹാസംരംഭവുമായി ബന്ധപ്പെട്ട വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളുമെല്ലാം നിര്‍മ്മിതിയുടെ അപൂര്‍വ്വതയ്ക്കും അപാരതയ്ക്കുമുള്ള തെളിവുകളായി എക്കാലത്തും പാടിപ്പുകഴ്ത്തപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
എങ്കിലും സംശയങ്ങള്‍ അവശേഷിക്കുന്നു. പ്രധാനമന്ത്രി സ്വന്തം സംസ്ഥാനത്തിന്റെ കൂടി അഭിമാനമായ ഒരു രാഷ്ട്രനേതാവിനെ ഇവ്വിധം അനശ്വരനാക്കുന്നതില്‍ തെറ്റുപറയാന്‍ പറ്റില്ല. പക്ഷേ, പ്രതിമയുടെ വലിപ്പവും ഉയരവും നിര്‍മ്മാണച്ചെലവുമൊക്കെയാണോ ആ പ്രതിമയിലൂടെ ആദരിക്കപ്പെടുന്ന വ്യക്തിയുടെ മഹത്വത്തിനുള്ള തെളിവുകള്‍? ആണ് എന്നാണ് മറുപടിയെങ്കില്‍ അത് അസ്വാസ്ഥ്യമുണ്ടാക്കുന്ന നിഗമനങ്ങളിലേക്കാണ് നമ്മെ കൊണ്ടു ചെന്നെത്തിക്കുക. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഈ പ്രതിമയുടെ അനാച്ഛാദനം പ്രമാണിച്ച് ഇന്ന് ഇന്ത്യയിലെ പത്രങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ട മുഴുവന്‍ പേജ് പരസ്യത്തില്‍ ഇതു സംബന്ധിച്ച ചില വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. അമേരിക്കയിലെ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയെ അല്ല നമ്മള്‍ സര്‍ദാര്‍ പട്ടേലിലൂടെ പിന്തള്ളുന്നത്. പരസ്യത്തിലുള്ള ആറു പ്രതികളില്‍ നാലും ഒരു ഭാരതീയന്റെ പ്രതിമയാണ്. ശ്രീബുദ്ധന്‍ ആണ് ആ ഭാരതീയന്‍. ചൈനയിലെ ലിങ്ങ്ഷാന്‍ (88മീറ്റര്‍), തായ്ലാന്‍ഡ് (92 മീറ്റര്‍), ജപ്പാനിലെ ഉഷികു ഡായ്ബുട്സു (110മീറ്റര്‍), മ്യാന്‍മാറിലെ ലെയ്കുന്‍ സെറ്റ്ക്യാര്‍ (116 മീറ്റര്‍) എന്നിവയാണ് ഈ നാലു ബുദ്ധപ്രതിമകള്‍. ഒന്നു പോലും ഭാരതത്തിലല്ല.
ഈ പ്രതിമകളെയെല്ലാം നാം തോല്പിച്ചു എന്ന മട്ടില്‍ അവ ചിത്രസഹിതം കൊടുത്തതു കാണുമ്പോള്‍ ഭാരതത്തിന്റെ മഹാപുത്രനോട് നാം അനീതി കാട്ടി എന്നു തോന്നിയാല്‍ കുറ്റപ്പെടുത്താന്‍ പറ്റില്ല.
ലോകത്തിലെ ഏറ്റവും ഉയരമുള്ള ഭാരതീയന്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ആണെന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകന്‍ പോലും അവകാശപ്പെടുകയില്ല. ഇന്ത്യക്കു വലിയ സംഭാവനകള്‍ ചെയ്ത നേതാവാണ് സര്‍ദാര്‍ പട്ടേല്‍. അദ്ദേഹം ഉരുക്കുമുഷ്ടിയോട നടപ്പാക്കിയ നയങ്ങളിലൂടെയാണ് ഇന്ത്യയുടെ ഏകീകരണം നടപ്പായത്. എന്നാല്‍പ്പോലും, ഇന്ത്യ ഏറ്റവും വലിയ പ്രതിമയിലൂടെ ഒരു ഭാരതപുത്രനെ ഉയര്‍ത്തിക്കാട്ടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിര്‍മ്മിക്കേണ്ടത് സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയല്ല. ശ്രീ ബുദ്ധനും മഹാത്മാ ഗാന്ധിക്കും നെഹ്രുവിനും നേതാജി സുഭാഷ്ചന്ദ്ര ബോസ്സിനും അംബേദ്കര്‍ക്കും മുകളില്‍ സര്‍ദാര്‍ പട്ടേലിനു സ്ഥാനം നല്‍കാനാവുമോ? വലിയ വരയെ ചെറുതാക്കാന്‍, ആ വര മായ്ക്കാതെതന്നെ എളുപ്പം കഴിയും. വലിയ ഒരു വര അടുത്തുവരയ്ക്കുകയാണ് ആ എളുപ്പപ്പണി. പട്ടേലിന്റെ ഉയരം കൂട്ടുന്നതില്‍ ഇങ്ങിനെയൊരു ദുരുദ്ദേശ്യം ആരോപിക്കുന്നില്ല. മഹാത്മാഗാന്ധിയുടെ ഉയരം ആരോ ഉണ്ടാക്കിയ പ്രതിമയുടെ ഉയരമല്ല എന്നാര്‍ക്കാണ് അറിയാത്തത്!
ഒരു കാര്യത്തില്‍ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും പ്രശംസിച്ചേ മതിയാകൂ. സര്‍ദാര്‍ പട്ടേല്‍ ആര്‍.എസ്.എസ്സുകാരനല്ല. മഹാത്മാഗാന്ധിയുടെ വധത്തിനു ശേഷം ആര്‍.എസ്.എസ്സിനെ നിരോധിക്കാന്‍ മുന്‍കൈ എടുത്ത ആളാണ് അദ്ദേഹം. നിരോധനം നീക്കുമ്പോള്‍തന്നെ കര്‍ശനവ്യവസ്ഥകള്‍ സംഘടനയ്ക്കു മേല്‍ നടപ്പാക്കിയ കരുത്തനായ ആഭ്യന്തരമന്ത്രിയുമായിരുന്നു. അത്തരമൊരു നേതാവിനെ ഇത്രയും വലിയ പ്രതിമയിലൂടെ ആദരിക്കാന്‍ അതേ ആര്‍.എസ്.എസ് സംഘടന ജന്മംനല്‍കിയ നേതൃത്വം തയ്യാറായത് ചെറിയ കാര്യമല്ല. എന്തായാലും പട്ടേല്‍ പ്രതിമ എന്ന വലിയ സംഭവത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാം എന്ന കാര്യത്തില്‍ സംശയമില്ല.
3000 കോടി രൂപ ഇതിനായി ചെലവാക്കിയെന്നത് വലിയ അപരാധമായി പലരും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ലോകത്തിലെ വലിയ പ്രതികളെല്ലാം വന്‍ മുതല്‍മുടക്കോടെ നിര്‍മ്മിച്ചവ തന്നെയാണ്. പക്ഷേ, അവയെല്ലാം ലക്ഷക്കണക്കിനാളുകളെ ആകര്‍ഷിക്കുന്ന സഞ്ചാരകേന്ദ്രങ്ങളാണ്. വലിയ വരുമാനവും തൊഴിലും ഉണ്ടാക്കുന്നുണ്ട് അവയെല്ലാം. സര്‍ദാര്‍ പ്രതിമയും ആ അര്‍ത്ഥത്തില്‍ സര്‍ക്കാറിനു മുതല്‍ക്കൂട്ടാവും എന്ന കാര്യത്തിലും സംശയം വേണ്ട.