ആചാരമൗലിക വാദവും അത്യപകടകരമാണ്

എൻ.പി.രാജേന്ദ്രൻ

ശബരിമലയില്‍ ആര്‍ത്തവപ്രായത്തിലുള്ള സ്ത്രീകളുടെ പ്രവേശനം ശരിയോ എന്നത് ഒരു ആചാരകാര്യമായിരുന്നു അടുത്തകാലം വരെ. ഇന്ന് അത് ഇന്ത്യന്‍ ഭരണഘടനയുമായും നിയമനടത്തിപ്പുമായും മാന്യമായ പൊതുപ്രവര്‍ത്തനവുമായുമെല്ലാം ബന്ധപ്പെട്ട ഗൗരവമേറിയ ഒരു തര്‍ക്കപ്രശ്‌നമായും അതിലേറെ ഗൗരവമായ ഒരു ക്രമസമാധാനപ്രശ്‌നമായും വളര്‍ന്നിരിക്കയാണ്. ശാന്തിയുടെയും പക്വതയുടെയും മാന്യതയുടെയും മുഖമാണ് ഭക്തിയിലും ആദ്ധ്യാത്മികതയിലുമെല്ലാം ഉണ്ടായിരിക്കുക എന്നാണ് സങ്കല്പം. എല്ലാ മതങ്ങളുടെയും കാര്യത്തില്‍ ഇതു ശരിയാണ്. എങ്കിലും, തര്‍ക്കം വ്യത്യസ്തമതവിശ്വാസികള്‍ തമ്മിലാകുമ്പോള്‍ മനുഷ്യത്വം പോലും ഇല്ലാതാകുന്നത് അനേകവട്ടം ഇന്ത്യയില്‍ മാത്രമല്ല ലോകത്തെങ്ങും കാണാറുമുണ്ട്. ശബരിമലത്തര്‍ക്കത്തില്‍ മറ്റു മതങ്ങള്‍ക്കൊന്നും പങ്കാളിത്തമില്ല. എന്നിട്ടും ഒരു രാഷ്ട്രീയത്തര്‍ക്കത്തില്‍ നാം പ്രതീക്ഷിക്കുന്ന പക്വതയോ എതിര്‍പക്ഷ ബഹുമാനമോ പോലും ഈ തര്‍ക്കത്തില്‍ ഉണ്ടാകുന്നില്ല എന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്.ശബരിമല വിഷയത്തില്‍ ഇടപെട്ടതു സുപ്രിം കോടതിയാണ്. ഒരു ജനാധിപത്യസമൂഹത്തില്‍ സംഭവിക്കാവുന്ന ഒരു കാര്യം മാത്രമാണിത്. തര്‍ക്കപ്രശ്‌നത്തില്‍ അവസാനവാക്ക് പറയാന്‍ കോടതികളെ അനുവദിക്കുക എന്നതു പ്രാഥമികമായ ജനാധിപത്യ മര്യാദ മാത്രമാണ്. പല നിക്ഷിപ്ത താല്പര്യങ്ങളുള്ളവരാണ് ഏതു തര്‍ക്കവിഷയത്തിലും രണ്ടു പക്ഷത്തും നില്‍ക്കുന്നവര്‍. കോടതികള്‍ക്ക് അത്തരമൊരു നിക്ഷിപ്തതാല്പര്യവുമില്ല. അവര്‍ പരിഗണിക്കുന്നത് നിയമവും നീതിയും മാത്രമാണ്. സംസ്‌കാരമുള്ള മനുഷ്യര്‍ ലോകത്തെങ്ങും അംഗീകരിച്ചിട്ടുള്ള ഈ അടിസ്ഥാനതത്ത്വം വലിച്ചെറിഞ്ഞ്, ആള്‍ക്കൂട്ടങ്ങളെ നിയമം കയ്യിലെടുക്കാനും തെരുവുകളില്‍ ആധിപത്യം വഹിക്കാനും ഇറക്കിവിടുന്നത് നിയമത്തിനും നീതിക്കും മാത്രമല്ല എല്ലാ മതങ്ങളും അംഗീകരിക്കുന്ന സാമാന്യതത്ത്വങ്ങള്‍ക്കും എതിരാണ്. ഇന്ത്യന്‍ ഭരണഘടനയുടെ പവിത്രത അംഗീകരിക്കുന്നു എന്നവകാശപ്പെടുന്നവര്‍ കൂടി ശബരിമല പ്രശ്‌നത്തില്‍ നിയമരാഹിത്വത്തിന്റെയും അക്രമത്തിന്റെയും കായികബലത്തിന്റെയും മാര്‍ഗ്ഗമാണ് പിന്തുടരുന്നത്.

മല കയറിയെത്തുന്നവരെല്ലാം ഭക്തന്മാരും അവരെ സഹായിക്കുന്നവരും മാത്രമായിരുന്ന അവസ്ഥയല്ല ഇത്തവണയുള്ളത്. സുപ്രിം കോടതി അനുവദിച്ച വിഭാഗങ്ങളില്‍പെട്ടവര്‍ വരുന്നതു തടയാന്‍ നൂറുകണക്കിനാളുകളെ പാര്‍ട്ടികളും സംഘടനകളും തീര്‍ത്ഥാടനപാതയില്‍ നിയോഗിച്ചിരിക്കുന്നു. അവര്‍ മല കയറുന്നത് പ്രാര്‍ത്ഥിക്കാനല്ല. നിയമം കയ്യിലെടുക്കാനാണ്. ഇവരെല്ലാം പൊളിട്ടിക്കല്‍ ആക്റ്റിവിസ്റ്റുകളാണ്. യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് എത്ര ആക്റ്റിവിസ്റ്റുകളെയും അയക്കാം, അനുകൂലിക്കുന്ന ആരെങ്കിലും വരുന്നത് മഹാപരാധം എന്ന സമീപനത്തില്‍ എന്തു ന്യായമാണുള്ളത്? നിയമനടത്തിപ്പിനു സഹായമൊരുക്കാനാണ് ക്ഷേത്രത്തിലായാലും മറ്റ് ഏതു പൊതു സ്ഥാപനത്തിലായാലും സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കാറുള്ളത്. നിയമനടത്തിപ്പ് തടയാനല്ല. കോടതിവിധി പാലിക്കുന്നുണ്ടോ എന്നു അറിയാന്‍ വേണ്ടിയാണ് ചിലര്‍ വരുന്നത് എന്നതു വലിയ കുറ്റമായും നിയമലംഘനത്തിനു ശക്തിപകരാന്‍ വേണ്ടി വരുന്നത് പുണ്യകര്‍മ്മമായും വ്യാഖ്യാനിക്കുന്നത് സാമാന്യനീതിക്കോ രാഷ്ട്രം പുലര്‍ത്തുന്ന മഹനീയമായ തത്ത്വങ്ങള്‍ക്കോ നിരക്കുന്നതല്ല.

അതീവ ഗൗരവമായ മറ്റൊരു പ്രവണതയും ശബരിമലയില്‍ കാണുന്നുണ്ട്. അതു മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഭീഷണിയാണ്. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു വിഷയം എന്ന നിലയില്‍ നാനാഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനു മാദ്ധ്യമപ്രവര്‍ത്തകര്‍ ഇവിടെ എത്തുന്നത് സ്വാഭാവികം മാത്രമാണ്. നിയമം  കയ്യിലെടുക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നോട്ടമിട്ടത് മാദ്ധ്യമപ്രവര്‍ത്തകരെയാണ്. വിദേശമാദ്ധ്യമങ്ങള്‍ക്കു വേണ്ടി നിയോഗിക്കപ്പെട്ട മുതിര്‍ന്ന വനിതാ മാദ്ധ്യമപ്രവര്‍ത്തകരെപ്പോലും ശബരിമലയിലെ നിയമവിരുദ്ധ സന്നദ്ധപ്രവര്‍ത്തകര്‍ വെറുതെ വിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വളരെ ബോധപൂര്‍വ്വം നടപ്പാക്കിയ ഒരു പദ്ധതിയനുസരിച്ച,് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ശബരിമലയില്‍ എന്തു നടക്കുന്നു എന്നു ജനങ്ങളെ അറിയിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പവിത്രമായ ഒരു തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള വഴിയില്‍ കായികശേഷി മാത്രം നോക്കി എണ്ണമറ്റ ആളുകളെ നിയോഗിക്കുക, അവര്‍ നിയമാനുസൃതമായ മാദ്ധ്യമപ്രവര്‍ത്തനം നടത്തുന്നവരെ തെറിയഭിഷേകം ചെയ്യുക, കൊല്ലുമെന്നു ഭീഷണിപ്പെടുത്തുക…ഇതെല്ലാമാണ് നടന്നു കൊണ്ടിരിക്കുന്നത്. അവരെ കൂട്ടത്തോടെ ആക്രമിക്കാന്‍ ഈ അക്രമിക്കൂട്ടം പദ്ധതിയിടുന്നു എന്ന മുന്നറിയിപ്പിന്റെ കൂടി അടിസ്ഥാനത്തില്‍  ചാനല്‍ പ്രവര്‍ത്തകരെല്ലാം തിരിച്ചുപോയിരിക്കുകയാണ്. ഇത് പൊതുസമൂഹത്തിന്റെ കണ്ണില്‍നിന്നു ശബരിമലയെ അപ്രത്യക്ഷമാക്കലാണ്. അവിടെ എന്തുനടക്കുന്നു എന്നു സമൂഹം അറിയരുത് എന്നു ഗൂഢോദ്ദേശ്യമാണ് ഇതിനു പിന്നിലുള്ളത്. ഇതു അനുവദനീയമല്ല.

ഇതിനെല്ലാം പുറമെയാണ്, ശബരിമലയിലെ യുവതിപ്രവേശനത്തെ അനുകൂലിക്കുന്ന സ്ത്രീകള്‍ക്കെതിരെ സംസ്ഥാനത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍. പലരുടെയും വീടാക്രമിച്ചിരിക്കുന്നു. സ്ത്രീകളെ വഴിയില്‍ ആക്രമിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഈ സ്ത്രീകള്‍ ആരെങ്കിലും ശ്രീ അയ്യപ്പന്റെയോ ഹിന്ദുമതത്തിന്റെ തന്നെയോ ശത്രിക്കളാണോ?  അവരും ഭക്തന്മാരല്ലേ? ശ്രീ അയ്യപ്പനെ അങ്ങിനെ എതെങ്കിലും വിഭാഗക്കാര്‍ക്കു വിട്ടുകൊടുക്കുകയും ബാക്കിയുള്ളവരെ അയ്യപ്പശത്രുക്കളായി കണക്കാക്കുകയും ചെയ്യുന്നത് ഏതു ന്യായത്തിന്റെ അ
ടിസ്ഥാനത്തിലാണ്? എവിടേക്കാണ് നമ്മള്‍ പോകുന്നത്?

ഇതെല്ലാം ഒരു തരം ആചാര മൗലികവാദമാണ്. മതമൗലികവാദം പോലെ തിരസ്‌കരിക്കപ്പെടേണ്ട കാര്യമാണിത്. ഹിന്ദുമതത്തിന്റെ ഒരു തത്ത്വവും ഇത് അംഗീകരിക്കുന്നില്ല എന്നതിന്റെ തെളിവ് ഉത്തരേന്ത്യന്‍ ഹിന്ദു ആചാര്യന്മാരുടെ വാക്കുകളില്‍നിന്നു വ്യക്തമാണ്. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകാറില്ലെന്നേ അവര്‍ കേട്ടിട്ടുള്ളൂ. ആ പ്രായത്തിലുള്ള ഒരു സ്ത്രീയെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുത് എന്നു അനുശാസിക്കുന്ന ഒരു  തത്ത്വത്തെക്കുറിച്ചും അവര്‍ കേട്ടിട്ടില്ല. തീര്‍ച്ചയായും വൈവിദ്ധ്യങ്ങളുടെ മഹാസമുദ്രമായ ഹിന്ദുമതത്തില്‍ ആരും കേട്ടിട്ടുപോലുമില്ലാത്ത  ആചാരം എവിടെയെങ്കിലും കണ്ടേക്കാം. പക്ഷേ, ഭരണഘടനയ്ക്കും നിയമത്തിനും വഴങ്ങാത്ത ഒരാചാരവും ഒരിടത്തും ഉണ്ടാവാന്‍ പാടില്ല.

(തത്സമയം പത്രത്തിനു വേണ്ടി എഴുതിയ മുഖപ്രസംഗം)

Leave a Reply

Your email address will not be published. Required fields are marked *

Go Top