സാമൂഹ്യമാദ്ധ്യമത്തില്‍ ആരെയാണ് അപകീര്‍ത്തിപ്പെടുത്തിക്കൂടാത്തത്? ഇന്ത്യയിലെ ഏറ്റവും പരമോന്നതമായ നീതിപീഠത്തിന്റെ തലവന്‍ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ പേരിലും ഉണ്ട് ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ട്. @ranjan_GogoiCJI എന്നു തന്നെയാണ് അതിന്റെ ഹാന്‍ഡ്ല്‍. രണ്ടായിരം അനുയായികളും 11000 ലൈക്‌സും മാത്രമേ ഉള്ളൂ എന്നതുതന്നെ ചീഫ് ജസ്റ്റിസിനു നാണക്കേടല്ലേ.
വ്യാജന് എതിരെ ഇന്ത്്യയുടെ ചീഫ് ജസ്റ്റിസിനു പരാതിയുമായ പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങാനൊട്ടു പറ്റുകയുമില്ല. എന്തായാലും, അഭിഭാഷകനായ ഗൗരവ് കുമാര്‍ ബന്‍സാല്‍ ഈ അക്കൗണ്ട് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു എന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.ആഗസ്ത് 15 മുതല്‍ ഈ അക്കൗണ്ട് നിലവിലുണ്ട്. പ്രധാനമന്ത്രിയുടെയും മറ്റു വി.ഐ.പി മാരുടെയും ട്വീറ്റുകള്‍ റിട്വീറ്റ് ചെയ്യല്‍ മാത്രമായിരുന്നു പരിപാടി. വേറെ ഉപദ്രവമൊന്നുമില്ല. രഞ്ജന്‍ ഗോഗോയി ചീഫ് ജസ്റ്റിസ് ആയപ്പോഴാണ് സംഗതി ഗൗരവമുള്ളതായത്. ഈയിടെ പ്രധാനമന്ത്രിക്കു ജന്മദിനം ആശംസകളും നേര്‍ന്നു ഈ വ്യാജ ചീഫ് ജസ്റ്റിസ്.
സോഷ്യല്‍ മീഡിയയില്‍ വിശ്വസിക്കാവുന്നതായി എന്തുണ്ട്, ആര്‍ക്കറിയാം.
യു.പി. പൊലീസ് കൊന്ന യുവാവിനും അപകീര്‍ത്തി
വിവേക് തിവാരിയെ മറക്കാന്‍ സമയമായില്ല. ഉത്തരപ്രദേശിലെ തെരുവില്‍, പറയാന്‍ കൊള്ളാവുന്ന ഒരു കാരണവുമില്ലാതെ പൊലീസ് കോണ്‍സ്റ്റബിളിന്റെ വെടിയേറ്റു മരിച്ച യുവാവാണ് വിവേക് തിവാരി. ഉത്തരപ്രദേശ് പൊലീസിന് ഈ കൊലയുടെ പേരില്‍ ഉണ്ടായ ചീത്തപ്പേര് ചെറുതൊന്നുമല്ല. ആഗോള സ്ഥാപനമായ ആപ്പിള്‍ കമ്പനിയിലെ ടെക്കിയായിരുന്നു വിവേക് തിവാരി.
ഉത്തരപ്രദേശ് പൊലീസിനോ ഗവണ്മെന്റിനോ തെറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്നു വിശ്വസിക്കുന്ന കുറെപ്പേര്‍ ഈ ഭൂലോകത്തുണ്ട്. കാരണം ഉത്തരപ്രദേശ് ഭരിക്കുന്നത് യോഗി ആദിത്യനാഥ് ആണ്. ഭക്തന്മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും പൊലീസ് വിവേകിനെ വെടിവെച്ചുകൊന്നതിനെ ന്യായീകരിക്കാനായില്ല. പിന്നെ അവര്‍ ചെയ്തത് ഇന്നത്തെ സാമൂഹ്യ മാദ്ധ്യമകാലത്ത് പലരും ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ ചെയ്യുന്ന കാര്യമാണത്. ഭരണകൂട അതിക്രമത്തിന് ഇരയാകുന്ന ആളെ അപകീര്‍ത്തിപ്പെടുത്തുക. അവന്‍ കൊല്ലപ്പെടേണ്ടവന്‍ തന്നെ ആയിരുന്നു എന്നു പ്രചരിപ്പിക്കുക. വിവേകിന്റെ കാര്യത്തിലും അതുണ്ടായി. ആരോ ഒരു പെണ്‍കുട്ടിയെ ബലാല്‍ക്കാരമായി കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിക്കുന്നതിന്റെ ഫോട്ടോ പ്രചരിപ്പിച്ചു. ഫോട്ടോ കണ്ടാലൊന്നും ആര്‍ക്കും അതു വിവേക് ആണെന്നു തോന്നില്ല. പക്ഷേ, അടിക്കുറിപ്പില്‍ ആ പേരു ചേര്‍ത്താല്‍ മതിയല്ലോ, സോഷ്യല്‍ മീഡിയ ജീവികള്‍ വിശ്വസിച്ചുകൊള്ളും. ആരു തിരക്കാന്‍ പോകുന്നു?
ഇത്തരം ചിത്രങ്ങളും വൈറല്‍ രോഗ കേസ്സുകളും സൂക്ഷ്മ പരിശോധന നടത്തുന്ന ആള്‍ട് ന്യൂസ്, വിവേകിന്റേത് എന്നു പ്രചരിപ്പിക്കപ്പെട്ട ചിത്രം ഗൂഗ്‌ളില്‍ തെരഞ്ഞു. എതെല്ലാമോ സെക്‌സ് സൈറ്റുകളില്‍ കുറെയായി പ്രചരിച്ചുകൊണ്ടിരിക്കുന്നതാണ് ആ ചിത്രം. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ പലരും ഉപയോഗിച്ചിട്ടുള്ളതുമാണ് അത്. വിവേകുമായി അതിനൊരു ബന്ധവുമില്ല.
ദിഗ്വിജയ് സിങ്ങും വ്യാജ ഫോട്ടോ പ്രചാരണത്തില്‍
യോഗി ആദിത്യനാഥിനെ പ്രകീര്‍ത്തിക്കാന്‍ മാത്രമല്ല, അപകീര്‍ത്തിപ്പെടുത്താനും തട്ടിക്കൂട്ടുന്നുണ്ട് വ്യാജ വീഡിയോകളും ഫോട്ടോകളും. യു.പി.യില്‍ ആംബുലന്‍സുകള്‍ റിപ്പേര്‍ ചെയ്യാതെ കട്ടപ്പുറത്ത് നിര്‍ത്തിയിരിക്കയാണെന്നും അതിനാലാണ് പാവപ്പെട്ട രോഗികള്‍ ചികിത്സ കിട്ടാതെ മരിക്കുന്നതെന്നും ഉള്ള ആരോപണം ശരിയോ തെറ്റോ എന്നറിയില്ല. പക്ഷേ, നിരവധി ആംബുലന്‍സുകള്‍ വെറുതെ തുരുമ്പാകാന്‍ ഉപേക്ഷിച്ചതിന്റെ ഫോട്ടോ തന്റെ യോഗിവിരുദ്ധ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് ശരിക്കും ചമ്മി. അദ്ദേഹം ഇട്ട ചിത്രം ഉത്തരപ്രദേശില്‍ നിന്നുള്ളതായിരുന്നില്ല, ആന്ധ്ര പ്രദേശില്‍നിന്നുള്ളതായിരുന്നു. സാക്ഷി ടിവി നേരത്തെ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്ന ഈ ആംബുലന്‍സ് ഫോട്ടോ.
സത്യവും അത്യാസന്നനിലയിലാണ്. ആംബുലന്‍സ് വേണം.
സമ്പാദ്യത്തില്‍ നാലാം സ്ഥാനം സോണിയ ഗാന്ധിക്ക്!
സപ്പോര്‍ട് മോദി ആന്റ് മോദിജി എന്നൊരു ഫെയ്‌സ്ബുക് പേജില്‍ പ്രചരിക്കുന്നതാണ് സെപ്തംബര്‍ 27ന് പ്രസിദ്ധപ്പെടുത്തിയതായി പറയുന്ന ആ പത്രവാര്‍ത്ത- സമ്പന്നതയില്‍ ലോകത്തില്‍ നാലാം സ്ഥാനം സോണിയ ഗാന്ധിക്ക്. അതിനോടൊപ്പ്ം ഈ ഗംഭീരന്‍ ചോദ്യവുമുണ്ട്. അംബാനിയും അദാനിയും സമ്പന്നരായത് ലക്ഷങ്ങള്‍ക്ക് ജോലി നല്‍കിയിട്ട്…സോണിയാ ഗാന്ധിയോ?
ഇതിന്റെ സത്യാവസ്ഥ തെരഞ്ഞ് ആല്‍ട്‌ന്യൂസ്‌ഡോട്‌കോം ഇനി പോകാനൊരു ഇടവും ബാക്കിയില്ല. ഈ കണക്കുകള്‍ സൃഷ്ടിച്ച സൈറ്റുകളെ വിശ്വസിച്ച് വളരെ വിശ്വസനീയ സ്ഥാപനങ്ങള്‍ പോലും സോണിയ ലോകത്തിലെ ഏറ്റവും സമ്പന്നരായ നാലു വനിതകളില്‍ ഒരാളാണെന്നു വാര്‍ത്ത കൊടുത്തിട്ടുണ്ട്. പക്ഷേ, ഓരോ തവണയും ആ വാര്‍ത്ത പിന്‍വലിക്കപ്പെട്ടു. ബിസിനസ് ഇന്‍സൈഡര്‍, വേള്‍ഡ് ലക്ഷ്വറി ഗൈഡ്, ഇന്ത്യാ നാഷനല്‍ ഇലക്ഷന്‍ വാച്ച്, ഓപണ്‍ സീക്രട്‌സ് ഡോട് ഓആര്‍ജി,ഫോബ്‌സ് ഡോട് കോം, ബ്ലൂംബര്‍ഗ്‌ഡോട്‌കോം, വിക്കിപ്പീഡിയ, ദ്ഹഫിങ്ടണ്‍പോസ്റ്റ് തുടങ്ങിയ സൈറ്റുകളെല്ലാം അവ പിന്‍വലക്കുകയോ തിരുത്തുകയോ ചെയ്തു.
ഒടുവില്‍ അവശേഷിക്കുന്നത് ഒരു കണക്കുമാത്രം. 2014ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച കണക്ക്- അതില്‍ കാട്ടിയ സമ്പാദ്യം 2.82 കോടി രൂപയാണ്. ഇതില്‍തന്നെ വല്ല കള്ളവും ഉണ്ടോ എന്നു നാലുകൊല്ലമായി മോദിജിയുടെ ടാക്‌സ് ഡിറ്റക്റ്റീവുമാര്‍ അന്വേഷിക്കുകയായിരിക്കും. തുമ്പൊന്നും കിട്ടിക്കാണില്ല.
മോദിഭരണത്തിലെ വിമാനത്താവളങ്ങള്‍
ഇന്ത്യയില്‍ ഇപ്പോള്‍ നൂറു വിമാനത്താവളങ്ങള്‍ ഉണ്ട്. അതില്‍ 35 എണ്ണം നാലു വര്‍ഷത്തിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ചതാണ്- ഈയിടെ നൂറാമത്തെ വിമാനത്താവളം സെപ്തംബര്‍ 24ന് സിക്കിമില്‍ ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഈ അവകാശവാദം ഉന്നയിച്ചത്.
സത്യം: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തില്‍ ഇന്ത്യയില്‍ 129 വിമാനത്താവളങ്ങളാണ് ഉള്ളത്. അതോറിറ്റി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകളനുസരിച്ച് 2014നും 2018നും ഇടയില്‍ ഓപറേഷനല്‍ ആയ വിമാനത്താവളങ്ങള്‍ ഏഴെണ്ണം മാത്രം. മോദിജിയെ കുറ്റപ്പെടുത്താന്‍ പറ്റില്ല. ഇതൊക്കെ ഉദ്യോഗ്സ്ഥര്‍ അവരുടെ വീര്യം കൂട്ടാന്‍ വേണ്ടി എഴുതി പ്രധാനമന്ത്രിയെക്കൊണ്ടു വായിപ്പിക്കുന്നതല്ലേ….
പാലമെന്റ് രേഖകളനുസരിച്ച് ഈ നൂറാം വിമാനത്താവളത്തിന്റെ 83 ശതമാനം പണി തീര്‍ന്നത് 2014 മുമ്പാണ്. 17 ശതമാനം പണി തീരാന്‍ നാലു വര്‍ഷമെടുത്തു. അതൊരു കുറ്റമല്ല. ഇടക്കിടെ ബന്ദുകള്‍, ഭൂകമ്പം, ചുറ്റുവാടും നടന്ന സമരങ്ങള്‍…ഒരുപാട് തടസ്സങ്ങള്‍ ഉണ്ടായിരുന്നു.എങ്കിലും, മറ്റേതു വെറും പുളുവാണ്.