നാടകാന്തം മഅദനി

ഇന്ദ്രൻ

നാടകം ശുഭപര്യവസായിയായതില്‍ എല്ലാവരും അതീവ തൃപ്തരാണെന്നാണ് -ചില യു.ഡി.എഫ്.-മാധ്യമനികൃഷ്ടര്‍ ഒഴികെ-ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. സമദൂര സിദ്ധാന്തക്കാരായ എന്‍.എസ്.എസ്. പോലും അതംഗീകരിച്ച് കോടിയേരിക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയിട്ടുണ്ട്. ഒരു വെടിപോലും പൊട്ടിയില്ല, ചോരപ്പുഴയൊഴുകിയില്ല, കേരളം ഇളകിമറിഞ്ഞില്ല. അബ്ദുന്നാസര്‍ മഅദനിയെ അറസ്റ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുക എന്ന അതി സാഹസികകൃത്യം നിര്‍വഹിക്കാന്‍ കേരളസര്‍ക്കാറിന് കഴിഞ്ഞു. 1961 ലെ ഗോവ വിമോചനത്തിനുശേഷം നടന്ന ഏറ്റവും വലിയ സംഭവമായി ഇത് ചരിത്രം തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്.

ആരാണ് ഈ മഅദനി? രോഗിയും വികലാംഗനും ദുര്‍ബലനുമായ ഒരു പാവം നിരപരാധിയാണ് അദ്ദേഹം എന്നാണ് വലിയൊരു വിഭാഗമാളുകള്‍ വിശ്വസിക്കുന്നത്. അത്ര നിരപരാധിയൊന്നുമല്ലെന്ന് കരുതുന്നവരില്‍ പോലും നല്ലൊരുപങ്ക് ആളുകള്‍ സംശയത്തിന്റെ ആനുകൂല്യം ഇദ്ദേഹത്തിന് നല്‍കാന്‍ തയ്യാറായിരുന്നു. ഇദ്ദേഹമാണെങ്കിലോ പോലീസ് ഇങ്ങോട്ടൊന്നു വരേണ്ട താമസമേ ഉള്ളൂ, ഞാനിതാ കീഴടങ്ങിക്കൊടുക്കും എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് മാധ്യമങ്ങളോട് പറയുന്നുമുണ്ടായിരുന്നു. മഹാത്മാഗാന്ധി പോലും ഇത്ര വിനീതനായിരുന്നില്ല. കുറച്ച് അനുയായികള്‍ കണ്ണീര്‍ വാര്‍ക്കുകയും നിലവിളിക്കുകയും ചെയ്യുന്നതിനപ്പുറം കരുനാഗപ്പള്ളിയില്‍ കാര്യമായ സംഭവമൊന്നുമുണ്ടായിരുന്നില്ലെന്നാണ് നമ്മള്‍ ധരിച്ചിരുന്നത്. ആഭ്യന്തരമന്ത്രി പറഞ്ഞത് കേട്ടപ്പോഴാണ് മനസ്സിലായത്, സംഗതി നിസ്സാരമൊന്നുമല്ല. 1984 ജുണില്‍ സുവര്‍ണക്ഷേത്രത്തില്‍ സിഖ് ഭീകരര്‍ തമ്പടിച്ചതുപോലുള്ള അവസ്ഥയാണ് ഇവിടെയും ഉണ്ടായിരുന്നത്. അന്ന് ഭിന്ദ്രന്‍വാല, ഇന്ന് മഅദനി. അന്‍വാര്‍ശ്ശേരിയില്‍ വാര്‍ തന്നെ വേണ്ടിവരുമായിരുന്നു. ഭീകരരെ കീഴടക്കാന്‍ ഇന്ദിരാഗാന്ധിക്ക് പട്ടാളത്തെ അയയ്‌ക്കേണ്ടിവന്നു. ഭീകരരുടെ നട്ടെല്ലൂരാന്‍ ഇന്ദിരാഗാന്ധിക്ക് ചോരപ്പുഴയൊഴുക്കേണ്ടി വന്നു, ഹര്‍ഷിത അട്ടല്ലൂരിക്ക് യാതൊന്നും വേണ്ടിവന്നില്ല. രണ്ട് ഷെല്ലേ പൊട്ടിക്കേണ്ടിവന്നുള്ളൂ. എല്ലാം പോലീസിന്റെ ബുദ്ധി, കോടിയേരിയുടെ കൃപ എന്നല്ലാതെന്ത് പറയാന്‍.

”ഉസ്താദേ ആസ്ഥാനമന്ദിരത്തില്‍ നിന്നിറങ്ങി വരാനുള്ള സന്മനസ്സുണ്ടാകണേ….. അറസ്റ്റിന് വഴങ്ങി ഞങ്ങളുടെ മാനം കാക്കണേ’ എന്ന് കേണപേക്ഷിച്ച് കേരളാപോലീസിന് ഒരാഴ്ചയിലേറെ അഖണ്ഡപ്രാര്‍ഥനായജ്ഞം നടത്തേണ്ടിവന്നത് നാണക്കേടായി കരുതുന്നവര്‍ കാണും. കാര്യമാക്കാനില്ല. കര്‍ണാടക പോലീസ് വന്നത് കരുനാഗപ്പള്ളി പട്ടണം പിടിച്ചെടുത്ത് കര്‍ണാടക സംസ്ഥാനത്തോട് കൂട്ടിച്ചേര്‍ക്കാനൊന്നുമായിരുന്നില്ല. ഒരുകേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനാണ്. നിയമാനുസൃത വാറന്റ് പോക്കറ്റിലുണ്ടായിരുന്നു. പ്രതി ഒളിവിലായിരുന്നില്ല. പ്രാര്‍ഥനയും പ്രസംഗവും പത്രസമ്മേളനവുമായി സദാ ചാനലുകളില്‍ നിറഞ്ഞുനിന്ന ആളെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെയാണ് കര്‍ണാടക പോലീസ് , പോലീസ് ക്ലബ്ബില്‍ ഉണ്ടുറങ്ങി ഒരാഴ്ച കഴിഞ്ഞുകൂടിയത്. നാളും നക്ഷത്രവും നോക്കിവേണം പ്രതികളെ കസ്റ്റഡിയിലെടുക്കാനെന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പറയുന്നുണ്ട്. രാഹുകാലത്ത് പാടില്ല, വെളുത്ത വാവിനും കറുത്ത വാവിനും പാടില്ല. ഹിരണ്യകശിപുവിന്റെ കാര്യത്തിലെന്നപോലെ അകത്തുനിന്നും പുറത്തുനിന്നും പിടിച്ചുകൂടാ, പകലും രാവും പിടിക്കാന്‍ പാടില്ല. റംസാന്‍ മാസത്തിലും ചിങ്ങമാസത്തിലും പറ്റില്ല. മുന്‍കൂര്‍ ജാമ്യം വാങ്ങിയാലും പാടില്ല, മുന്‍കൂര്‍ ജാമ്യം കിട്ടുമോ എന്നന്വേഷിക്കാന്‍ വക്കീലിനെ കണ്ടെന്നറിഞ്ഞാലും അറസ്റ്റ് പാടില്ല. എന്നിട്ടും വരുന്നതുവരട്ടെ എന്ന് രണ്ടും കല്പിച്ച് അറസ്റ്റ് ചെയ്തല്ലോ. കോടിയേരിക്ക് അടുത്ത റിപ്പബ്ലിക് ദിനത്തില്‍ അശോകചക്രയില്ലെങ്കില്‍ പോകട്ടെ ഒരു കീര്‍ത്തിചക്രയെങ്കിലും നല്‍കണം. അതും സംസ്ഥാനസര്‍ക്കാര്‍ തന്നെ ശുപാര്‍ശ ചെയ്യേണ്ടിവരും.വേറെ ആര് ചെയ്യാന്‍.

കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതുകൊണ്ടാണ് അറസ്റ്റ് ചെയ്തത്. അതല്ല സി.പി.എം. കേന്ദ്രക്കമ്മിറ്റി കല്പിച്ചതുകൊണ്ടാണ് സംഭവം നടന്നത്; അതുമല്ല കോടതിയലക്ഷ്യത്തിന് സര്‍ക്കാര്‍ കൂട്ടില്‍കയറേണ്ടി വരുമെന്നായപ്പോഴാണ് നാടകാന്ത്യം ഉണ്ടായത് എന്നെല്ലാം തത്പരകക്ഷികള്‍ പ്രചരിപ്പിക്കുന്നുണ്ട്. സത്യമതൊന്നുമല്ല. തന്റെ മനോഹരവദനം ഒരാഴ്ച ഉടനീളം ദിവസം ഇരുപത്തിനാല് മണിക്കൂര്‍ ഒരുഡസന്‍ ചാനലുകളില്‍ കണ്ട് സഹിക്കാതെയാണ് മഅദനി തന്നെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന അന്ത്യശാസനം പുറപ്പെടുവിച്ചത്. ഇങ്ങോട്ടുകേറി അറസ്റ്റ് ചെയ്തില്ലെങ്കില്‍ അങ്ങോട്ടുകേറി കീഴടങ്ങുമെന്ന്അദ്ദേഹത്തിന് ഭീഷണിപ്പെടുത്തേണ്ടിവന്നു. ക്ഷമയ്ക്കുമില്ലേ അതിരൊക്കെ. സൂഫിയ സഹിക്കില്ല ആ നോണ്‍സ്റ്റോപ്പ് ലൈവ് പ്രദര്‍ശനം. പിന്നെയല്ലേ ജനത്തിന്റെ കാര്യം. രണ്ടുമൂന്നുനാളത്തെ മഅദനിവിലാപവും നെഞ്ചത്തടിയും സഹിക്കാമായിരുന്നു. പിന്നെയും പിന്നെയും ഇതുസഹിക്കാനാര്‍ക്കുകഴിയും? ഒരാഴ്ച കഴിഞ്ഞിട്ടായാലും അതവസാനിപ്പിച്ചത് നന്നായി, ഇല്ലെങ്കില്‍ ജനം സ്വന്തം വീട്ടിലെ ടി.വി. തല്ലിപ്പൊളിച്ചുപോകുമായിരുന്നു.

ദേശദ്രോഹം മുതല്‍ അനേകം കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ട കേസിലെ പ്രതിയെ അനുനയിപ്പിച്ച്, പ്രീണിപ്പിച്ച്, കാല് പിടിച്ച്, സോപ്പിട്ട് അറസ്റ്റിന് വഴങ്ങിച്ച സര്‍ക്കാര്‍ ഭയങ്കര പക്വതയും വിവേകവും രാഷ്ട്രതന്ത്രജ്ഞതയും ഒക്കെയാണ് പ്രദര്‍ശിപ്പിച്ചതെന്ന് സര്‍ക്കാര്‍തന്നെ അവകാശപ്പെട്ടത് കേട്ടിരിക്കുമല്ലോ. മുമ്പൊരു സര്‍ക്കാറും ഇത്രയും ധൈര്യപ്പെട്ടിട്ടില്ല. നീണ്ട കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കെതിരെ കേസ് വന്നപ്പോള്‍, സ്വന്തമായി നട്ടെല്ലൊന്നുമില്ലാതിരുന്നിട്ടു കൂടി ജനതാസര്‍ക്കാര്‍ ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ചരിത്രമുണ്ട്. പിറ്റേന്ന് കോടതി എഫ്.ഐ.ആര്‍. എടുത്ത് ചവറ്റുകൊട്ടയിലെറിഞ്ഞെന്നത് വേറെ കാര്യം. അഞ്ചുവര്‍ഷം പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനെ കൈയറപ്പില്ലാതെയാണ് പിടിച്ച് ജയിലിലടച്ചത്. രാജ്യം ഇളക്കിമറിച്ച് കുട്ടിച്ചോറാക്കി അയോധ്യയിലേക്ക് രഥയാത്ര നടത്തിക്കൊണ്ടിരിക്കെ ആണ് ലാല്‍ കൃഷ്ണ അദ്വാനിയെ ലാലുവിന്റെ പോലീസ് പിടികൂടിയത്. പെണ്ണൊരുമ്പെട്ടാള്‍ കാഞ്ചി മഠാധിപനെ കൊലക്കേസില്‍ പിടിച്ചുജയിലിട്ടത് മുന്‍പിന്‍ നോക്കാതെയാണ്. എന്തിനേറെ ഹിന്ദുത്വഫാസിസ്റ്റ് ഗുജറാത്തിന്റെ ആഭ്യന്തരമന്ത്രി ഇപ്പോള്‍ കൊലക്കേസില്‍ ജയിലിലാണ്.
അവര്‍ക്കൊന്നും കഴിയാത്ത വിധം പോലീസിനെ ഒരാഴ്ച ഗേറ്റിന് പുറത്ത് നട്ടെല്ലൂരി നിര്‍ത്തിച്ച മഅദനി ആരാ മോന്‍!

** **

പത്തുവര്‍ഷത്തോളം ജയിലില്‍ കിടന്നശേഷം നിരപരാധി എന്ന വിധിപ്പകര്‍പ്പുമായി ജയിലില്‍നിന്നുപുറത്തുവന്ന ആളാണ് മഅദനിയെന്ന് മറന്നുകൂടാ. ഇന്നത്തെ ആശങ്കയ്ക്കും വികാരത്തിനും പിന്നില്‍ അതുണ്ടല്ലോ. പോലീസും നീതിന്യായവ്യവസ്ഥയും ഇനി ഇതിലേറെ നാണംകെടാനില്ല. മഅദനി പുറത്തിറങ്ങിയാല്‍ കേരളത്തില്‍ തീയാളുമെന്ന് പറഞ്ഞ് പത്തുവര്‍ഷം നിരന്തരം പരോളും ജാമ്യവും നിരസിച്ചവര്‍ക്കൊന്നും മിണ്ടാട്ടമില്ല.
പത്തുമണിക്കൂര്‍ വിമാനം വൈകിയാല്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ നിയമം വരുന്നു. നീതിന്യായത്തിന്റെ വണ്ടി വഴിയില്‍ കിടന്നതുകൊണ്ട് പത്തുവര്‍ഷം ജീവിതം പാഴാക്കേണ്ടിവന്ന പൗരന് പത്തുരൂപ നഷ്ടപരിഹാരം നല്‍കാന്‍ നിയമമില്ലത്രെ. ഒരു കേസിലും ശിക്ഷിക്കപ്പെടാതെയാണ് ഒരാള്‍ പത്തുവര്‍ഷം ഇരുമ്പഴിക്ക് പിന്നില്‍ കിടന്നത്. അപ്പോഴിതാ വേറൊരു വാര്‍ത്ത കേള്‍ക്കുന്നു. കണ്ണൂര്‍ എന്ന സ്വതന്ത്ര പരമാധികാര ജനകീയ റിപ്പബ്ലിക്കില്‍ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ ആകെ ജയിലില്‍ കിടക്കേണ്ടത് മൂന്നര വര്‍ഷം മാത്രം. ബാക്കി തടവ് ഉത്സവകാല റിബേറ്റും സബ്‌സിഡിയുമൊക്കെയായി സര്‍ക്കാര്‍ ഇളവുചെയ്തുകൊടുക്കും.

പോകട്ടെ, കേസ് നടത്തിപ്പിന്റെ കുഴപ്പം കൊണ്ടാണ് മഅദനിയെ വെറുതെ വിട്ടതെന്നും തമിഴ്‌നാട് സര്‍ക്കാര്‍ രാഷ്ട്രീയ കാരണങ്ങളാലാണ് അപ്പീല്‍ നല്‍കാഞ്ഞതെന്നും വാദിക്കാം. എങ്കില്‍, ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ കാട്ടില്‍ നിന്നിറങ്ങിയ പുലിയെ ശ്രദ്ധിക്കും പോലെ ഭരണകൂടം ശ്രദ്ധിക്കേണ്ടിയിരുന്നില്ലേ? വളരെ ശ്രദ്ധിച്ചു. ജയില്‍ വിമോചിതനായ നെല്‍സണ്‍ മണ്ടേലയെ ആദരിക്കുംപോലെ നേതാക്കള്‍- കേരള ആഭ്യന്തരമന്ത്രിയുള്‍പ്പെടെ- സ്വീകരിച്ചു. ഇപ്പോള്‍ പറയുന്നത്, ബി കാറ്റഗറി സെക്യൂറിറ്റി ഉണ്ടായിരുന്ന കാലത്ത് മഅദനി കുടകില്‍ പോയി തീവ്രവാദി യോഗത്തില്‍ പങ്കെടുത്തെന്നാണ്. വല്ല ഗുളികയും കഴിച്ച് അദൃശ്യനാകാനുള്ള വിദ്യ സ്വായത്തമാക്കിയിട്ടുണ്ടാകണം. വേറെ വഴിയൊന്നും കാണാനില്ല. സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന കേരളാപോലീസ് മൗനവ്രതത്തില്‍; രഹസ്യപ്പോലീസും തഥൈവ.

പോലീസ് ഇപ്പോള്‍ തുരുതുരെ സെല്‍ഫ് ഗോളും അടിക്കുന്നുണ്ട്. മതേതര പക്ഷത്തുറച്ചു നില്‍ക്കുന്നവരുടെ പുസ്തകപ്രസാധന സ്ഥാപനങ്ങളില്‍പോലും റെയ്ഡും വേട്ടയും നടക്കുന്നു. പുസ്തകത്തിന്റെ കവര്‍ നോക്കി ദേശവിരുദ്ധമാണെന്ന് മുദ്രയടിക്കുന്നു. മണല്‍വാരാന്‍ വന്നവരെ മതംമാത്രം നോക്കി പിടികൂടി തീവ്രവാദിപ്പട്ടികയില്‍ പെടുത്തുന്നു. ഹിന്ദുത്വഭീകരര്‍ സ്‌ഫോടനം സംഘടിപ്പിക്കുന്നു എന്ന് പോസ്റ്റര്‍ ഒട്ടിച്ചവരെ മതസ്​പര്‍ധയുണ്ടാക്കിയതിന് അറസ്റ്റു ചെയ്യുന്നു. ഇതുചെയ്യുന്ന പലര്‍ക്കും സിയാവുദ്ദീന്‍ സര്‍ദാരിയെയും ഒസാമ ബിന്‍ ലാദനെയും വേര്‍തിരിച്ചറിയില്ല, മഅദനിയും സമദാനിയുംതമ്മിലുള്ള വ്യത്യാസവുമറിയില്ല.
ഒന്നുകില്‍ ഗുരുക്കളുടെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത്. തീവ്രവാദിസംഘടനക്കാര്‍ക്ക് ഇതിലേറെ സന്തോഷമുള്ള കാര്യം വേറെയില്ല. മേലനങ്ങാതെ എത്ര അനുഭാവികളെയാണ് കിട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Go Top