ഇ.പി.എഫ്. ആനുകൂല്യനിഷേധം: ഒരു മാതൃഭൂമി അനുഭവം

എൻ.പി.രാജേന്ദ്രൻ

മാതൃഭൂമിയില്‍ നിന്നു വിരമിക്കുമ്പോള്‍ പ്രോവിഡന്റ് ഫണ്ട് ആനുകൂല്യം പൂര്‍ണരൂപത്തില്‍ അനുവദിച്ചില്ലെന്ന എന്റെ പരാതിയിന്മേല്‍ ഡിപാര്‍ട്‌മെന്റിന്റെ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായി. പരാതി  അന്വേഷിച്ച കോഴിക്കോട് റീജനല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ പരാതി പൂര്‍ണമായി അംഗീകരിക്കുകയും തടഞ്ഞുവെക്കപ്പെട്ട തുക അനുവദിക്കാന്‍ മാതൃഭൂമിയോട് ആവശ്യപ്പെടുകയും ചെയ്തു. കേസ് പരിഗണിക്കാന്‍ ഫിബ്രവരി 16 നടന്ന സിറ്റിങ്ങ് പിരിഞ്ഞ് ഒരു മണിക്കുറിനകം, പരാതിക്കാരനായി എനിക്കും സഹപ്രവര്‍ത്തകന്‍ വി.എന്‍.ജയഗോപാലനും മാതൃഭൂമി ചെക്ക് എത്തിച്ചുതരികയും ചെയ്തു. റിട്ടയര്‍ ചെയ്ത മൊത്തം ഇരുപത്തഞ്ച് ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കും. 59,000 രൂപ വരെ ലഭിക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്.

ഈ ഇരുപത്തഞ്ചുപേരെ മാത്രം ബാധിക്കുന്നതല്ല പ്രശ്‌നം എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്. മജീതിയ വേജ് ബോര്‍ഡ് ശുപാര്‍ശകളുടെ അടിസ്ഥാനത്തിലുള്ള ശമ്പളവര്‍ദ്ധന നടപ്പാക്കാതിരിക്കാനും സുപ്രിം കോടതി വിധി കാരണം അതു നടപ്പാക്കേണ്ടി വന്നപ്പോള്‍ ആനുകൂല്യം പിടിച്ചുവെക്കാനും മാനേജ്‌മെന്റ്  നടത്തിപ്പോന്ന ശ്രമങ്ങളില്‍ ഒടുവിലത്തേതായിരുന്നു ഇത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഒര്‍ഗനൈസേഷന്‍ ഒരു കേന്ദ്രഗവ. സ്ഥാപനമായതിനാലും അതിന്റെ പ്രവര്‍ത്തനത്തിന് നിശ്ചിതമായ വ്യവസ്ഥകള്‍ ഉള്ളതിനാലും ആണ് അധികം സമയം പാഴാക്കാതെ അവര്‍ വ്യക്തമായ തീരുമാനമെടുത്തതും അതു നടപ്പിലായതും. ഇതുമായി ബന്ധപ്പെട്ട്, പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം തൊഴിലാളികളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടത് നിങ്ങളുടെ മുമ്പില്‍ വെക്കുന്നു.

വേജ് ബോര്‍ഡ് പ്രകാരം 11.11.2011 മുതല്‍ ശമ്പളത്തിന്റെ ഭാഗമായി വേരിയബ്ള്‍ പെ എന്നൊരു ഘടകം ഉണ്ട്. അത് ശമ്പളം തന്നെയാണ്. റിപ്പോര്‍ട്ടില്‍ ഇക്കാര്യം  കൃത്യമായി നിര്‍വചിച്ചിട്ടും വിവരിച്ചിട്ടും ഉണ്ട്. റിപ്പോര്‍ട്ടിലെ നിര്‍വചനം ഇങ്ങനെ:

9. Variable pay: The concept of variable pay has been introduced, which aims to achieve twin objectives as stated below: a. The Sixth pay commission had recommended the concept of Grade pay and the same was agreed to by the government for implementation. On similiar anology the concept of variable pay need to be introduced for all employees working in the newspaper establishments and news agencies. The variable pay will be the specified percentage of the basic pay drawn by the employee in the newspaper industry. All allowances, such as HRA, Transport allowances etc will be computed by taking the total sum of the revised basic pay and the variable pay applicable to an employee.
b. Variable pay recommended by the wageboards would be the minimum maintainable for all employees including those working on contract and the management would be free to pay more than recommended variable pay subject to the performance of the workers as well as profitability and viability of the newspaper establishment

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറാം ശമ്പളക്കമ്മീഷന്‍ ബാധകമാക്കിയ ഗ്രേഡ് പെ ആണ് പത്രജീവനക്കാര്‍ക്ക് നടപ്പാക്കിയ വേരിയബ്ള്‍ പേ  എന്നു വ്യക്തമായിത്തന്നെ കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവില്‍ പറഞ്ഞിട്ടും അതു കണ്ടില്ലെന്നു നടിക്കാനും ആ ഇനത്തില്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കാനുമാണ് ശ്രമം നടന്നത്. ജീവനക്കാര്‍ക്ക് ഇതു നല്‍കിയേ തീരു എന്ന പി.എഫ്. കമ്മീഷണര്‍ 2015ല്‍ ഉത്തരവിട്ടപ്പോള്‍ അതു സര്‍വ്വീസില്‍ തുടരുന്നവര്‍ക്കു മാത്രം പരിമിതപ്പെടുത്താനും റിട്ടയര്‍ ചെയ്തവര്‍ക്കു നല്‍കാതിരിക്കാനുമാണ് മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇതറിഞ്ഞ് 2016 ജൂണിലാണ് ഞാന്‍ പരാതി നല്‍കിയത്. ഈ പരാതി പരിഗണിക്കപ്പെടാതിരിക്കാന്‍ ആകാവുന്നതെല്ലാം ചെയതു. ഞാന്‍ മാനേജ്‌മെന്റിനെ ആദ്യം സമീപിക്കേണ്ടതായിരുന്നു, അതു ചെയ്തില്ല തുടങ്ങിയ ന്യായങ്ങളാണ് ഉന്നയിച്ചത്. ഇ.പി.എഫ് കമ്മീഷണര്‍ ഇതെല്ലാം പരിശോധിച്ച ശേഷം എന്റെ പരാതി ന്യായമാണെന്ന നിഗമനത്തിലെത്തി അത് മാനേജ്‌മെന്റിനെ അറിയിച്ചിട്ടും ആനുകൂല്യം അനുവദിക്കാന്‍ കൂട്ടാക്കിയില്ല. വേറെ പല നിയമപ്രശ്‌നങ്ങളും ഉന്നയിച്ച് പ്രശ്‌നം നീട്ടിക്കൊണ്ടുപോയി.

രണ്ടു അദാലത്തുകളില്‍ പങ്കെടുത്ത് പരാതി ഉന്നയിക്കുകയും  ഓര്‍മിപ്പിക്കുകയുംആറു മാസം പിന്നിടുകയും ചെയ്ത ശേഷം, ഒടുവില്‍, ഇ.പി.എഫ് ആന്റ് മിസലേനിയസ് പ്രൊവിഷന്‍ ആക്റ്റ് പ്രകാരമുള്ള പ്രത്യേക നടപടിക്രമം സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായി. കമ്മീഷണര്‍ക്കു കോടതിയുടെ അധികാരത്തോടെ പരാതി പരിഗണിക്കുന്നതിനുള്ള അധികാരമാണിത്. പി.എഫ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ മാതൃഭൂമിയില്‍ ചെന്ന് എല്ലാ രേഖകളും പരിശോധിച്ച റിപ്പോര്‍ട്ട തയ്യാറാക്കുകയും ഇരുപക്ഷത്തിന്റെയും മൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് തീരുമാനമുണ്ടായത്. അവസാനഘട്ടമാകുംമുമ്പുതന്നെ മാതൃഭൂമി 25 പേര്‍ക്ക് ആനുകൂല്യം നല്‍കാനുള്ള തീരുമാനമെടുത്തിരുന്നു. .

മുപ്പത്തിമൂന്നു വര്‍ഷം മാതൃഭൂമിയില്‍നിന്നു കിട്ടിയ തുക ഒരു കണക്കും നോക്കാതെ വാങ്ങി തൃപ്തിപ്പെടുക മാത്രം ചെയ്തുപോന്ന എന്നെയും എന്നെപ്പോലെയുള്ള നിരവധി ജീവനക്കാരെയും ഇപ്പോള്‍ അണ പൈക്കുവേണ്ടി കേസ് നടത്തേണ്ട അവസ്ഥയിലേക്കും മാനസികനിലയിലേക്കും എത്തിച്ചത് മാനേജ്‌മെന്റിന്റെ മനോഭാവമാണ്. വേജ്‌ബോര്‍ഡ് കുടിശ്ശിക തന്നില്ലെന്നു മാത്രമല്ല, പലരുടെയും ഗ്രാറ്റ്വിറ്റി എന്ന പിച്ചച്ചട്ടിയില്‍ കൈയിട്ട് ലക്ഷവും അതിലേറെയും രൂപ വാരുകയും ചെയ്തു. പലര്‍ക്കും റിട്ടയര്‍ ചെയ്യാന്‍ വെറും രണ്ടുദിവസവും അഞ്ചുദിവസവുമൊക്കെ ബാക്കിനില്‍ക്കുമ്പോഴാണ് പെന്‍ഷന്‍പദ്ധതി  റദ്ദാക്കപ്പെട്ടത്. റിട്ടയര്‍ ചെയ്തവര്‍ മാതൃഭൂമി ഓഫീസില്‍ കയറിച്ചെല്ലുന്നതു വിലക്കുക പോലും ചെയ്തു.

പത്രപ്രവര്‍ത്തനസംഘടനാ രംഗത്തു തുടരുന്നവര്‍ ശ്രദ്ധിക്കേണ്ട ഗൗരവമുള്ള കാര്യങ്ങള്‍ പലതും ഇ.പി.എഫുമായും വേരിയബ്ള്‍ പെ ആയും ബന്ധപ്പെട്ട് ഉണ്ട് എന്ന് ഓര്‍മിപ്പിക്കട്ടെ.

ഇ.പി.എഫ് പദ്ധതിയില്‍ നിങ്ങളുടെ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും അംഗങ്ങളാണോ? ആക്റ്റ് അനുസരിച്ച് സ്ഥാപനത്തിനകത്തോ സ്ഥാപനത്തിനു വേണ്ടിയോ വേതനത്തിനു എന്തുതരം ജോലി ചെയ്യുന്നവരും ഇ.പി.എഫ് പദ്ധതിക്കു കീഴില്‍ വരും. കരാറുകാര്‍ മുഖേന ഒരു സ്ഥാപനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെയും ഇതില്‍ അംഗങ്ങളാക്കേണ്ടതുണ്ട്. സ്ഥിരംജീവനക്കാര്‍ക്കു മാത്രം ബാധകമായ പദ്ധതിയല്ല ഇത്. കൂടുതല്‍ പേര്‍ അംഗങ്ങളാവുന്നത് തങ്ങള്‍ക്കു സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതിനാല്‍ പരമാവധി പേരെ ഒഴിവാക്കാന്‍ മാനേജ്‌മെന്റുകള്‍ ശ്രമിക്കും. അഞ്ചും പത്തും വര്‍ഷമായി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന പല വിഭാഗക്കാരെയും ഇപ്പോഴും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നു ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് ഇങ്ങനെ എഴുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Go Top