ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ എം.ജി.രാധാകൃഷ്ണനെയും ശ്രീ ജോണി ലൂക്കോസിനെയും ശ്രീ ജോണ്‍ ബ്രിട്ടാസിനെയും ആദ്യമായി ഹാര്‍ദ്ദമായി അഭിനന്ദിക്കട്ടെ. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അവാര്‍ഡുകളില്‍ നിന്ന് ശ്രദ്ധേയമായ ചില വ്യത്യാസങ്ങള്‍ ഇത്തവണത്തെ അവാര്‍ഡിനുണ്ട്. അതില്‍ പ്രധാനം ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേരും ദൃശ്യമാധ്യമങ്ങളില്‍ നിന്നുള്ളവരാണ് എന്നതാണ്. ജീവിതം മുഴുവന്‍ അച്ചടി മാധ്യമത്തില്‍ പ്രവര്‍ത്തിച്ച ആളാണ് ഞാന്‍ എങ്കിലും എനിക്ക് ഈ തീരുമാനത്തില്‍ ഒട്ടും പരിഭവമില്ല. ദൃശ്യമാധ്യമമാണ് കേരളത്തിലെ സമൂഹത്തെയും രാഷ്ട്രീയത്തെയും ജനജീവിതത്തെതന്നെയും ഈ കാലത്ത് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. അവിടെ സംഭവിക്കുന്ന കാര്യങ്ങളാണ് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്. മാധ്യമങ്ങള്‍ക്ക് എതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ യഥാര്‍ത്ഥത്തില്‍ നല്ലൊരു പങ്ക് ദൃശ്യമാധ്യമങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങളാണ്. തീര്‍ച്ചയായും അതുകൊണ്ടുതന്നെ ദൃശ്യമാധ്യമത്തെ നയിക്കുന്നവര്‍ക്ക് മേലെയാണ് സമൂഹത്തിന്റെ കണ്ണ് എപ്പോഴും വേണ്ടത്. അത് വിമര്‍ശനത്തിന്റെ രൂപത്തില്‍ മാത്രം പോര. അഭിനന്ദനത്തിന്റെ രൂപത്തിലും വേണം. ആ അഭിനന്ദനമാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത അമേരിക്ക മൂന്നുപേരില്‍ ചൊരിഞ്ഞിരിക്കുന്നത്.
വ്യക്തിപരമായ ചില സന്തോഷങ്ങളും ഇതോടൊപ്പം പ്രകടിപ്പിക്കട്ടെ. ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ എന്നൊരു വിശേഷണത്തില്‍ മൂന്നുപേരെയും ഒതുക്കുമ്പോഴും വിസ്മരിക്കാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ട്. ഈ മൂന്നുപേരും കേരളത്തിലെ അച്ചടിമാധ്യമത്തിന്റെ സൃഷ്ടികളാണ്, സംഭാവനകളാണ്. ഇതില്‍ ശ്രീ എം.ജി.രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം വരെ അച്ചടി മാധ്യമത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്- ദൃശ്യമാധ്യമത്തില്‍ വര്‍ഷങ്ങളായി സജീവ സാന്നിദ്ധ്യമായിരുന്നുവെങ്കിലും. ഇത് ഒരു അച്ചടി മാധ്യമക്കാരന്റെ സന്തോഷം മാത്രമായി എടുത്താല്‍പോര. 33 വര്‍ഷക്കാലത്തെ എന്റെ പത്രപ്രവര്‍ത്തനത്തിന്റെ പല ഘട്ടത്തിലും പല വേദികളില്‍ ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് ഇവര്‍ മൂന്നുപേരും. എം.ജി.ആര്‍ എന്ന ഞങ്ങള്‍ വിളിക്കുന്ന ശ്രീ രാധാകൃഷ്ണന്റെ തുടക്കം മാതൃഭൂമിയിലായിരുന്നു- എണ്‍പതുകളുടെ ആദ്യം. ഒരേ യൂണിറ്റില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും ഒരുപാട് കാര്യങ്ങളില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. വളരെ പക്വമായ നിലപാടുകളും പെരുമാറ്റവും പുരോഗമനപരമായ ചിന്താഗതികളും ഉള്ള രാധാകൃഷ്ണന്റെ ഒരു രചന പോലും കണ്ടിട്ട് വായിക്കാതെ ഞാന്‍ വിട്ടുകളഞ്ഞിട്ടില്ല. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രവര്‍ത്തനങ്ങളിലും പല ഘട്ടങ്ങളില്‍ സഹകരിച്ചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് പി.ജി.യുടെയും സഹോദരി പാര്‍വതി ദേവിയുടെയും സഹായവും ഉപദേശങ്ങളും ലഭിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്.
ശ്രീ ജോണി ലൂക്കോസ് മലയാള മനോരമയുടെ തൃശ്ശൂര്‍ ബ്യൂറോ ചീഫ് ആയിരുന്ന തൊണ്ണൂറുകളുടെ ആദ്യം അവിടെ മാതൃഭൂമി റിപ്പോര്‍ട്ടറായി ഞാനും ഉണ്ടായിരുന്നു. മലയാള പത്രപ്രവര്‍ത്തന രംഗത്തെ ഏറ്റവും നല്ല അഭിമുഖക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ അന്നും ഇന്നും ഞാന്‍ ശ്രീ ജോണി ലൂക്കോസിന്റെ പേരേ പറയൂ. അച്ചടി മാധ്യമത്തില്‍ ആയിരുന്ന കാലത്തെ അദ്ദേഹത്തിന്റെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട അഭിമുഖം ഇപ്പോള്‍ ഒപ്പം അവാര്‍ഡ് നേടിയിട്ടുള്ള ശ്രീ രാധാകൃഷ്ണന്റെ പിതാവുമായി ഉള്ളതായിരുന്നു എന്നത് ഓര്‍ക്കുക കൗതുകമുള്ള കാര്യമാണ്. ടെലിവിഷനില്‍ എത്തിയപ്പോഴും ജോണിയുടേത് ഏറ്റവും അനുകരണീയമായ, ഏറ്റവും മാന്യമായ അഭിമുഖ രീതിയാണ്. അഭിമുഖത്തിന്റെ ഉള്ളടക്കം കൊണ്ടോ അതിന്റെ ഗഹനത കൊണ്ടോ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയാതെ, പോലീസ് സ്റ്റേഷനിലെ ചോദ്യംചെയ്യലിനെ അനുകരിച്ച് ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന ഇക്കാലത്ത്, ജോണിയും എം.ജി.ആറും ബ്രിട്ടാസും ഏറ്റവും നല്ല മാധ്യമ പ്രവര്‍ത്തകരാവുന്നത് എന്തുകൊണ്ട് എന്ന് അറിഞ്ഞേ തീരൂ.
ജോണ്‍ ബ്രിട്ടാസ് ഡല്‍ഹിയില്‍ ദേശാഭിമാനി ലേഖകനായി തുടങ്ങിയ കാലത്തുത്തന്നെ തന്റെ വ്യത്യസ്തത തെളിയിച്ചിട്ടുണ്ട്്. പാര്‍ട്ടി മുഖപത്രത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ട്ടി പ്രചാരകര്‍ മാത്രമായി ഒതുങ്ങാനുള്ള പ്രചോദനമാണ് കൂടുതല്‍ കിട്ടുക. അതില്‍നിന്ന് വ്യത്യസ്തമായി മുന്നേറാന്‍ കഴിഞ്ഞ ആളാണ് ബ്രിട്ടാസ്. ചീഫ് റിപ്പോര്‍ട്ടര്‍ മാത്രം ആയിരുന്ന കാലത്താണ് അദ്ദേഹം പുതുതായി തുടങ്ങുന്ന ടിവി ചാനലിന്റെ എം.ഡി.യും ചീഫ് എഡിറ്ററുമായത്. സ്വന്തം സ്ഥാപനം തുടങ്ങിയവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇതിനുമുമ്പ് കേരളത്തില്‍ കഴിഞ്ഞിട്ടില്ലാത്ത കാര്യമാണ് അത്. കൈരളി ചാനല്‍ പാര്‍ട്ടി ചാനലായിരുന്നിട്ടും അതിനെ വെറും പാര്‍ട്ടി ചാനലാക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ഒരേ സമയം മാധ്യമപ്രവര്‍ത്തകന്റെയും മാധ്യമസ്ഥാപനനടത്തിപ്പുകാരന്റെയും ചുമതല നിര്‍വഹിക്കുകയും അതോടൊപ്പം പാര്‍ട്ടി ഏല്‍
പ്പിക്കുന്ന ചുമതല നിര്‍വഹിക്കുകയും ചെയ്യുക എന്നത് ചില്ലറ കാര്യമല്ല. മാധ്യമപ്രവര്‍ത്തകന്‍ എന്ന തലത്തില്‍നിന്ന് അദ്ദേഹം ഏറെ വളര്‍ന്നുകഴിഞ്ഞു. ഇനിയുമേറെ വഴി സഞ്ചരിക്കുകയും ചെയ്യാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയവുമില്ല.
നാലുവര്‍ഷം മുമ്പ് PCNA യുടെ ആദ്യപുരസ്‌കാരം ന്യൂയോര്‍ക്കില്‍ ഏറ്റുവാങ്ങിയപ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിക്കയറി വന്നത് മലയാളപത്രപ്രവര്‍ത്തനം പിന്നിട്ട വഴികളില്‍ വഴിവിളക്കുകളായി ജ്വലിച്ചുനിന്ന കൂറെ മഹാന്മാരെകുറിച്ചുള്ള ഓര്‍മകളായിരുന്നു. നേരാംവണ്ണം ജീവിക്കാനുള്ള വേതനം പോലുംകിട്ടാതെ, ഒരു രൂപയുടെ പുരസ്‌കാരം പോലും ഒരിക്കലും ലഭിച്ചിട്ടില്ലാത്ത, ബസ്സില്‍ സഞ്ചരിക്കാന്‍ കാശില്ലാതെ സൈക്കിളിനെ മാത്രം ആശ്രയിച്ചിരുന്നു, വിദേശസഞ്ചാരം പോകട്ടെ, അയല്‍ സംസ്ഥാനത്ത് പോലും പോകാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത എത്രയെത്ര മഹാരഥന്മാര്‍ നമ്മുടെ വഴി വെട്ടി വെടിപ്പാക്കി കാലയവനികക്ക് പിന്നിലേക്ക് പോയ് മറഞ്ഞിട്ടുണ്ട്. മലയാള പത്രപ്രവര്‍ത്തനത്തിലെ ഏറ്റവും വിലയേറിയ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ എനിക്കുറപ്പായിരുന്നു ഇതെനിക്കുള്ള പുരസ്‌കാരമല്ല എന്ന്. നമ്മുടെ ഗുരുനാഥന്മാരായി നമുക്ക് മുന്നെ നഗ്നപാദരായി നടന്നുപോയവര്‍ക്കുള്ള അംഗീകാരങ്ങളാണ് ഇതെല്ലാം. കച്ചവടകാല മൂല്യങ്ങളുടെ ഗുണഭോക്താക്കളായി നാം മാറുമ്പോള്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ മറന്നുകൂടാ എന്നാണ് ഓരോ പുരസ്‌കാരവും നമ്മളോട് പറയുന്നത്.
വിദൂരമായ അമേരിക്കയിലിരുന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയും നമ്മളോട് അതുതന്നെയാണ് പറയുന്നത്.
ജോണി ലൂക്കോസിനെയും എം.ജി.ആറിനെയും ബ്രിട്ടാസിനെയും ഒരിക്കല്‍ കൂടി അഭിനന്ദിക്കട്ടെ.
(ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമപുരസ്‌കാരച്ചടങ്ങിനോട് അനുബന്ധിച്ച് പ്രസിദ്ധപ്പെടുത്തുന്ന സുവനീറിന് വേണ്ടി തയ്യാറാക്കിയ ലേഖനം)
Nannayi.
Good.. thank you
"നാലുവര്‍ഷം മുമ്പ് PCNA യുടെ ആദ്യപുരസ്‌കാരം ന്യൂയോര്‍ക്കില്‍ ഏറ്റുവാങ്ങിയപ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിക്കയറി വന്നത് മലയാളപത്രപ്രവര്‍ത്തനം പിന്നിട്ട വഴികളില്‍ വഴിവിളക്കുകളായി ജ്വലിച്ചുനിന്ന കൂറെ മഹാന്മാരെകുറിച്ചുള്ള ഓര്‍മകളായിരുന്നു. നേരാംവണ്ണം ജീവിക്കാനുള്ള വേതനം പോലുംകിട്ടാതെ, ഒരു രൂപയുടെ പുരസ്‌കാരം പോലും ഒരിക്കലും ലഭിച്ചിട്ടില്ലാത്ത, ബസ്സില്‍ സഞ്ചരിക്കാന്‍ കാശില്ലാതെ സൈക്കിളിനെ മാത്രം ആശ്രയിച്ചിരുന്നു, വിദേശസഞ്ചാരം പോകട്ടെ, അയല്‍ സംസ്ഥാനത്ത് പോലും പോകാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത എത്രയെത്ര മഹാരഥന്മാര്‍ നമ്മുടെ വഴി വെട്ടി വെടിപ്പാക്കി കാലയവനികക്ക് പിന്നിലേക്ക് പോയ് മറഞ്ഞിട്ടുണ്ട്. മലയാള പത്രപ്രവര്‍ത്തനത്തിലെ ഏറ്റവും വിലയേറിയ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ എനിക്കുറപ്പായിരുന്നു ഇതെനിക്കുള്ള പുരസ്‌കാരമല്ല എന്ന്. നമ്മുടെ ഗുരുനാഥന്മാരായി നമുക്ക് മുന്നെ നഗ്നപാദരായി നടന്നുപോയവര്‍ക്കുള്ള അംഗീകാരങ്ങളാണ് ഇതെല്ലാം. കച്ചവടകാല മൂല്യങ്ങളുടെ ഗുണഭോക്താക്കളായി നാം മാറുമ്പോള്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ മറന്നുകൂടാ എന്നാണ് ഓരോ പുരസ്‌കാരവും നമ്മളോട് പറയുന്നത്."
We salute everybody you sirs.Thank you Rajendretta.
ഗംഭീരം…
No Journalist should accept such awards.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Good word, very rare now a days! _ R. Gopalakrishnan