‘ വിസില്‍ വിളി ‘ ക്കാന്‍ ഇവിടെ ആരുമില്ലേ ?

എൻ.പി.രാജേന്ദ്രൻ

വിസില്‍ബ്ലോവര്‍മാര്‍ ലോകശ്രദ്ധയാകര്‍ഷിച്ചുവരികയാണ്. കുറച്ചുകാലം മുമ്പുവരെ കേട്ടുകേള്‍വി ഇല്ലാത്ത ഒരു പ്രതിഭാസമായിരുന്നു ഇത്.  സ്വന്തം സ്ഥാപനത്തിന്റെയോ ഡിപാര്‍ട്‌മെന്റിന്റെയോ മേലുദ്യോഗസ്ഥന്റെയോ നിയമവിരുദ്ധ പ്രവര്‍ത്തനം ഭരണകൂടത്തിന്റെയോ ജനങ്ങളുടെയോ ശ്രദ്ധയില്‍ പെടുത്തി അത് തടയുന്നവരെയാണ് വിസില്‍ബ്ലോവര്‍ എന്ന് വിളിക്കുന്നത്. കളിയില്‍ ഫൗള്‍ കാണുമ്പോള്‍ റഫറി മുഴക്കുന്ന വിസില്‍ ആവാം ഈ പേരിന്റെ ആധാരം.

മാധ്യമങ്ങളുടെ രഹസ്യസോഴ്‌സുകളായി മറയത്തുനിന്നിരുന്നു മുന്‍കാല വിസില്‍ബ്ലോവര്‍മാര്‍. പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമ്പോള്‍ തന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിരാളികളായ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ആസ്ഥാനത്ത് നടത്തിയ രഹസ്യം ചോര്‍ത്തല്‍ വെളിച്ചത്ത് കൊണ്ടുവന്നത് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ.) രണ്ടാമന്‍ ആയിരുന്ന മാര്‍ക്ക് ഫെല്‍ട്ടണ്‍ ആണ്. വാര്‍ത്ത കൊടുത്ത മാര്‍ക്ക് ഫെല്‍ട്ടന് വാഷിംഗ്ടണ്‍ പോസ്റ്റ് കൊടുത്ത രഹസ്യപ്പേര് ‘ഡീപ്പ് ത്രോട്ട്’ എന്നായിരുന്നു. മാര്‍ക്ക് ഫെല്‍ട്ടണ്‍ അടുത്ത കാലം വരെ രഹസ്യമറയ്ക്ക് പിന്നിലായിരുന്നു.  ലോകചരിത്രത്തില്‍ ഇത്തരത്തില്‍ ഏറെ സംഭവങ്ങളുണ്ട്. മറയത്തിരുന്ന് വിസില്‍ വിളിക്കുന്നവരും യഥാര്‍ത്ഥ വിസില്‍ ബ്ലോവര്‍മാരുമായി ഒരു വ്യത്യാസമുള്ളത് യഥാര്‍ത്ഥ വിസില്‍ബ്ലോവര്‍മാര്‍  അനീതി, അക്രമം അല്ലെങ്കില്‍ നിയമലംഘനം വെളിച്ചത്തുകൊണ്ടുവരാനും അതിനെ ചെറുക്കാനും ജീവന്‍തന്നെ വെടിയാന്‍ സന്നദ്ധരാണ് എന്നതാണ്. മറ്റേക്കൂട്ടര്‍ക്ക് സാമൂഹ്യപ്രതിബദ്ധത ആവണമെന്നില്ല പ്രചോദനം. തന്നോടുകാട്ടിയ എന്തെങ്കിലും അനീതിയോടുള്ള പ്രതികാരപരമായ പ്രതികരണം മാത്രമാവാം അവരെ രഹസ്യം വെളിപ്പെടുത്താന്‍ പ്രേരിപ്പിച്ചക്കുന്നത്. എന്നാല്‍ സത്യസന്ധമാണ് വെളിപ്പെടുത്തല്‍ എങ്കില്‍ രണ്ടുതരവും സാമൂഹ്യമായി പ്രയോജനപ്രദവും സ്വീകാര്യവുമാണ്.

വിസില്‍ബ്ലോയിങ് അപായകരമായ ഒരു നടപടിയാണ്. ഇന്ത്യയില്‍ കുറച്ച് മുമ്പുണ്ടായത് ഞെട്ടിക്കുന്ന സംഭവമാണ്. 1400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗ്രാന്‍ഡ് ട്രങ്ക് റോഡ് നിര്‍മാണത്തിലെ അഴിമതി പ്രധാനമന്ത്രിയെ അറിയിച്ച ബിഹാറുകാരനായ യുവ എന്‍ജിനീയര്‍ സത്യേന്ദ്ര ദുബെയ്ക്ക് തന്റെ രാജ്യസ്‌നേഹത്തിന് ജീവന്‍വില നല്‍കേണ്ടിവന്നു. കോണ്‍ട്രാക്റ്റ് മാഫിയയുടെ കൊലക്കത്തിയില്‍നിന്ന് ദുബെയെ രക്ഷിക്കാന്‍ പ്രധാനമന്ത്രിക്കുപോലും കഴിഞ്ഞില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. റാഞ്ചിയില്‍ ഗ്രാമീണ തൊഴില്‍ദാന പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവന്ന പൊതുപ്രവര്‍ത്തകനായ ലളിത് മേത്തയ്ക്കും ഇതേ ഗതി ഉണ്ടായി. ഇന്ത്യയെമ്പാടും വിവരാവകാശനിയമം അഴിമതിക്കെതിരായ ആയുധമായി ഉപയോഗപ്പെടുത്തിയ എത്രയെത്ര പേരെയാണ് അഴിമതിക്കാരും ഭൂമാഫിയക്കാരും കൊന്നത്. റുപര്‍ട്ട് മുര്‍ഡോക്കിന്റെ ന്യൂസ്  ഓഫ് ദ വേള്‍ഡ് സ്ഥാപനത്തിന്റെ ഫോണ്‍ ഹാക്കിങ്ങ് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ പുറത്തുകൊണ്ടുവന്ന ന്യൂസ് ഓഫ് ദ വേള്‍ഡ് ബിസിനസ് റിപ്പോര്‍ട്ടര്‍ സീന്‍ ഹോരെയും ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ വിസില്‍ മുഴക്കിയ രണ്ടുപേര്‍ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജുലിയന്‍ അസാന്‍ജെ ആണ് ആദ്യത്തെ ആള്‍. യഥാര്‍ഥത്തില്‍ അസാന്‍ജെ വിസില്‍ബ്ലോവര്‍ നിര്‍വചനത്തില്‍ വരുന്നില്ല. അദ്ദേഹം എഡിറ്ററും പ്രക്ഷോഭകാരിയായ പൊതുപ്രവര്‍ത്തകനുമായിരുന്നു. അമേരിക്കന്‍ നയതന്ത്ര ഓഫീസുകളില്‍ നിന്നുള്ള എണ്ണമറ്റ രേഖകള്‍ ലോകത്തുടനീളം വാരിവിതറിയ അസാന്‍ജെ മാധ്യമസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള ഒരു പ്രസ്ഥാനമായാണ് തന്റെ രേഖചോര്‍ത്തലിനെ കാണുന്നത്. എണ്ണമറ്റ വിസില്‍ബ്ലോവര്‍മാരുടെ പിന്‍ബലത്തോടെയാണ് അദ്ദേഹം രേഖകള്‍ സംഭരിച്ചത്. അസാന്‍ജെ ഇന്ന് ജയില്‍വാസതുല്യമായ അവസ്ഥയില്‍ ലണ്ടനിലെ ഇക്വഡോര്‍ നയതന്ത്രകാര്യലയത്തില്‍ കഴിഞ്ഞുകൂടുകയാണ്. പുറുത്തിറങ്ങിയാല്‍ പിടിക്കാന്‍ പോലീസ് കാവലുണ്ട്. ഏറ്റവും ഒടുവില്‍ യു.എസ്. രഹസ്യവിഭാഗം ഉദ്യോഗസ്ഥനായിരുന്ന എഡ്‌വേഡ് സ്‌നോഡന്‍ ആണ് യഥാര്‍ഥത്തിലുള്ള ഒരു  വമ്പന്‍ വിസില്‍വിളി സംരംഭത്തിലേര്‍പ്പെട്ട് ലോകശ്രദ്ധയാകര്‍ഷിച്ചത്. അമേരിക്കന്‍  രഹസ്യന്വേഷണ ഏജന്‍സിയില്‍ ഉദ്യോഗസ്ഥനായിരുന്നപ്പോള്‍ ശേഖരിച്ച രഹസ്യ വിവരങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയത്. മുഴുവന്‍ പൗരന്മാരുടെയും സ്വകാര്യവിവരങ്ങള്‍ ശേഖരിക്കാനുള്ള യു.എസ് സര്‍ക്കാറിന്റെ രഹസ്യാന്വേഷണ സംരംഭത്തെ തകിടംമറിച്ച വെളിപ്പെടുത്തല്‍ സ്‌നോഡന്റെ ജീവനും അപകടത്തിലാക്കിയിരിക്കുകയാണ്.

തനിക്ക് ഉപജീവനമാര്‍ഗം നല്‍കുന്ന സ്ഥാപനത്തിന്റെ രഹസ്യങ്ങളും പൊതുതാല്പര്യാര്‍ത്ഥം വെളിപ്പെടുത്താം. അങ്ങനെ ചെയ്യുന്നത് ശരിയും ന്യായവും സംരക്ഷണം അര്‍ഹിക്കുന്നതുമായ നടപടിയാണ് എന്ന തത്ത്വം ജനാധിപത്യ മൂല്യങ്ങളുടെ മുഖ്യഘടകമായി വളര്‍ന്നുവരികയാണ്. ഈ തത്ത്വം സ്വീകരിച്ചുകൊണ്ടാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ വിസില്‍ ബ്ലോവര്‍ പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. വിസില്‍ബ്ലോവര്‍മാര്‍ക്ക് സംരക്ഷണം നല്കുന്നതിനുള്ള നമ്മുടെ നിയമം ( ജൗയഹശര കിലേൃലേെ ഉശരെഹീൗെൃല മിറ ജൃീലേരശേീി ീേ ജലൃീെി െങമസശിഴ വേല ഉശരെഹീൗെൃല ആശഹഹ, 2010) ഇപ്പോഴും പ്രാബല്യത്തില്‍ വന്നിട്ടില്ല. മൂന്നുവര്‍ഷം മുമ്പ് തുടങ്ങിയതാണ് ഇതിനുള്ള ശ്രമങ്ങള്‍. പല അപാകങ്ങളും പരിമിതികളും ഉള്ള ഒരു നിയമമാണെങ്കിലും ശരിയായ തത്ത്വം നിയമപരമായി ഉറപ്പിക്കുന്ന നിയമം എന്ന നിലയില്‍ ഇത് സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ രാജ്യസഭയുടെ പരിഗണന കാത്തിരിക്കുന്ന നിയമം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളെ മാത്രം ബാധിക്കുന്ന ഒന്നാണ്. സ്വകാര്യമേഖലയെയും  സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഐ.ടി.ആക്റ്റ് പോലുള്ള പല സുപ്രധാന നിയമനിര്‍മാണങ്ങള്‍ക്കുമുണ്ടായ ഗതികേട് ഈ നിയമത്തിനും പാര്‍ലമെന്റിലുണ്ടായി. ഒരു ചര്‍ച്ചയും കൂടാതെ ഏതോ ബഹളത്തിനിടയില്‍  ലോക്‌സഭയില്‍ ബില്‍ പാസ്സാക്കപ്പെട്ടു. രാജ്യസഭയില്‍ ഇത് അവതരിപ്പിക്കപ്പെട്ടിട്ടുപോലുമില്ല.

വിസില്‍ ബ്ലോവിങ്ങ് എന്നത് മാധ്യമപ്രവര്‍ത്തനവുമായ ബന്ധമുള്ള ഒരു പ്രവര്‍ത്തനമാണ്. പക്ഷേ, ഇപ്പോള്‍ പരിഗണനയിലുള്ള നിയമം ആ വശം പരാമര്‍ശിക്കുന്നുതന്നെയില്ല. സര്‍ക്കാറിനെ  അഴിമതിവിവരം അറിയിച്ചവര്‍ക്ക് മാത്രം നല്‍കിയാല്‍പോര സംരക്ഷണം. മാധ്യമങ്ങളെയും ഇതിന്റെ ഭാഗമാക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍  ഇതുസംബന്ധിച്ച് ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല.

പതിവുപോലെ നാം- കേരളീയരും മാധ്യമപ്രവര്‍ത്തകരും- ഇത്തരം പുരോഗമനപരമായ നീക്കങ്ങളോട് തികഞ്ഞ നിസംഗതയാണ് പുലര്‍ത്തുന്നത്. വിവരാവകാശം ഗോവയും തമിഴ്‌നാടും ഗുജറാത്തും പോലുള്ള സംസ്ഥാനങ്ങള്‍ നിയമമാക്കിയപ്പോള്‍ കേരളം ആ ഭാഗത്തേക്ക് നോക്കുക പോലും ചെയ്തില്ല. കേന്ദ്രം ഇതുസംബന്ധിച്ച അത്യന്തം പുരോഗമന പരമായ നിയമമുണ്ടാക്കിയപ്പോള്‍ അത് ഉപയോഗപ്പെടുത്തുന്നതില്‍ വളരെ പിറകില്‍ നില്‍ക്കുകയാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍. ആര്‍.ടി.ഐ.പ്രവര്‍ത്തകര്‍ക്കുപോലും വഴികാട്ടികളാവേണ്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍. പക്ഷേ, വിവരാവകാശപ്രവര്‍ത്തകര്‍ ശേഖരിക്കുന്ന വിവരം വാര്‍ത്തയാക്കി മേനി നടിക്കുകയാണ് നാം പലപ്പോഴും. വിസില്‍ ബ്ലോയിങ്ങ് സംരക്ഷണനിയമത്തെയും കാത്തിരിക്കുന്നത് ഇത്തരം ഒരു ഗതികേടാവരുത്.

വല്ലപ്പോഴും ചെറിയ വാര്‍ത്തകള്‍ പത്രപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സോഴ്‌സുകളില്‍ നിന്ന് കിട്ടുന്നില്ല എന്നല്ല. എന്നാല്‍, കക്ഷി രാഷ്ട്രീയത്തിന്റെയും സംഘടനാ  രാഷ്ട്രീയത്തിന്റെയും താത്പര്യങ്ങളാണ് കേരളത്തില്‍ എല്ലാതട്ടിലുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ  നയിക്കുന്നത്. പലരും വാര്‍ത്ത നല്‍കുന്നത് ഭരിക്കുന്ന കക്ഷിയെയോ മുമ്പ് ഭരിച്ച കക്ഷിയെയോ തുറന്നുകാട്ടാന്‍, അല്ലെങ്കില്‍ എതിര്‍സംഘടനക്കാരനെയോ വിരോധമുള്ള ആരെയെങ്കിലുമോ കുഴപ്പത്തില്‍ചാടിക്കാന്‍…..ഇതിനൊക്കെ വേണ്ടിയല്ലാതെ നൂറുശതമാനം സമൂഹതാല്പര്യം മുന്നില്‍വെച്ച് എത്ര വിസില്‍വിളികള്‍ ഉണ്ടായിട്ടുള്ള ഈ കേരളത്തില്‍ ?

ലോകത്ത് പലേടത്തും പത്രപ്രവര്‍ത്തക സമ്മേളനങ്ങളുടെ ഭാഗമായിത്തന്നെ വിസില്‍ബ്ലോവര്‍ സമ്മേളനങ്ങള്‍ നടക്കുന്നുണ്ട് ഇപ്പോള്‍. ബ്രിട്ടീഷ് കാലഘട്ടത്തിലെ കര്‍ക്കശ സര്‍വീസ് നിയമങ്ങളുടെ തടവില്‍ കഴിയുകയാണ് നമ്മുടെ ഉദ്യോഗസ്ഥവര്‍ഗം. ഉദ്യോഗസ്ഥന്‍ കവിതയില്‍ വല്ല അഭിപ്രായവും പറഞ്ഞിട്ടുണ്ടെങ്കില്‍ അതുകണ്ടെത്തി അയാളെ ശിക്ഷിക്കാന്‍ വഴിതേടുകയാണ് അഭിപ്രായസ്വാതന്ത്ര്യം കൊണ്ടുമാത്രം ഉപജീവനം കഴിക്കുന്ന മാധ്യമപ്രവര്‍ത്തകരും. രാഷ്ട്രീയക്കാരെക്കാള്‍ മോശമായ രീതിയില്‍ ജനങ്ങളുടെ മേല്‍ അധികാരഗര്‍വ് പ്രകടിപ്പിക്കുന്നു യുവാക്കളും സര്‍വീസ് സംഘടനാപ്രവര്‍ത്തകരുമായ ഉദ്യോഗസ്ഥര്‍ പോലും. ജനാധിപത്യപരമായ ആഴത്തിലുള്ള മാറ്റം എല്ലാവരിലും ഉണ്ടാകേണ്ടതുണ്ട്. ഉദ്യോഗസ്ഥരാവട്ടെ ഫാക്റ്ററി തൊഴിലാളികളികളാകട്ടെ മാധ്യമപ്രവര്‍ത്തകരാകട്ടെ, ആത്യന്തികമായി സമൂഹമാണ് അവന് അന്നം തരുന്നത്. നിയമന ഉത്തരവും ശമ്പള ബില്ലും ഒപ്പിടുന്നവരല്ല ദൈവങ്ങള്‍. സമൂഹമാണ്, ജനങ്ങളാണ് മനുഷനാണ് വലുത് എന്നതാണ് വിസില്‍ബ്ലോയിങ്ങിന്റെ ആദ്യത്തെയും അവസാനത്തെയും സന്ദേശം.

 

Leave a Reply

Your email address will not be published. Required fields are marked *

Go Top