ബി.ബി.സി. വീണ്ടും വിവാദത്തിരയില്‍ ഉലയുകയാണ്. സംഭവവികാസങ്ങളെ കുറിച്ച് വാര്‍ത്താമാധ്യമങ്ങളില്‍ ഒരുപാട് എഴുതിക്കഴിഞ്ഞു. 90 വര്‍ഷം പഴക്കമുള്ള പടുകൂറ്റന്‍ മാധ്യമ സ്ഥാപനമായ ബി.ബി.സി.യെ കുറിച്ച് കൊച്ചുകേരളത്തിലിരുന്നുകൊണ്ട് എഴുതുമ്പോള്‍ ആ സംഭവത്തില്‍ നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ എന്നതാണ് ഉയരുന്ന ഒരു ചോദ്യം. വെറുതെ അറിയുക മാത്രം ചെയ്യേണ്ട വാര്‍ത്താകൗതുകങ്ങള്‍ മാത്രമാണോ നമുക്ക് ബി.ബി.സി. സംഭവവികാസങ്ങള്‍ ? അല്ല എന്നുതോന്നുന്നു.
ബി.ബി.സി. അസാധാരണമായ ഒരു മാധ്യമസ്ഥാപനമാണ്. മാധ്യമസ്വാതന്ത്ര്യത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുമ്പോള്‍തന്നെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. സര്‍ക്കാര്‍ നടത്തുന്ന ഒരു മാധ്യമസ്ഥാപനം നിക്ഷ്പക്ഷതയോ സ്വാതന്ത്ര്യമോ ഉള്ള ഒരു സ്ഥാപനമാവില്ല. കാരണം, സര്‍ക്കാര്‍ അതില്‍ ഇടപെടും. സര്‍ക്കാര്‍ അതിന്റെ കാര്യങ്ങളെല്ലാം നിയന്ത്രിക്കും. സര്‍ക്കാര്‍ ആണ് അതിലെ വാര്‍ത്തകള്‍ പോലും തീരുമാനിക്കുക. സര്‍ക്കാറിന് എതിരായ ഒരു വാര്‍ത്തയും അതില്‍ വരില്ല.
നീണ്ട കാലത്തെ ദൂരദര്‍ശന്‍, ആകാശവാണി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഒരു തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്വന്തം മണ്ഡലത്തില്‍ വമ്പിച്ചതോതില്‍ പരാജയപ്പെട്ടു എന്ന ബ്രെയ്ക്കിങ് ന്യൂസ് സംപ്രേഷണം ചെയ്യാനാവാതെ മണിക്കൂറുകളോളം ആകാശവാണി കെട്ടിപ്പൂട്ടിവെച്ചത് ഭരിക്കുന്നവരെ ഭയന്നിട്ടായിരുന്നു-1977ല്‍. ചില കമ്യൂണിസ്റ്റ് ഏകാധിപത്യരാജ്യങ്ങളില്‍ ഏകാധിപതികള്‍ മരണമടഞ്ഞാല്‍ വാര്‍ത്ത പുറത്തുവിടാറുള്ളത്, നേതൃത്വം ദിവസങ്ങളോളം യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് പിന്‍ഗാമിയെ തീരുമാനിച്ചതിന് ശേഷമാണ് എന്ന് കേട്ടിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി രാവിലെ വെടിയേറ്റുമരിച്ച വാര്‍ത്ത ലോകവാര്‍ത്താമാധ്യമങ്ങളെല്ലാം പ്രക്ഷേപണം ചെയ്തപ്പോള്‍ ഇന്ത്യന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ വൈകുന്നേരം വരെ പുറത്തുവിട്ടില്ല. അധികൃതരുടെ അനുമതി കാത്തിരിക്കുകയായിരുന്നു അവര്‍. ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ് എന്ന് പറഞ്ഞാല്‍ ആരും തര്‍ക്കിക്കാന്‍ വരികയുമില്ല. പക്ഷേ, ഇങ്ങനെയെല്ലാം സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ദൂരദര്‍ശനെയും ആകാശവാണിയേയും സ്വതന്ത്രമാക്കണം എന്ന മുറവിളി ഉയര്‍ന്നത്. സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണം ഇല്ലാതായിട്ടും നമ്മുടെ ഔദ്യോഗിക മാധ്യമങ്ങള്‍ അതിന്റെ ഹാങ്ഓവറില്‍ തന്നെയാണിപ്പോഴുമെന്നത് മറ്റൊരു സത്യം.
ബി.ബി.സി. ഒരു സര്‍ക്കാര്‍ സ്ഥാപനമാണ്. ജനങ്ങള്‍ നല്‍കുന്ന ഒരിനം നികുതിയില്‍ നിന്നാണ് അതിന്റെ ചെലവുകള്‍ നിര്‍വഹിക്കുന്നത്. 25000ത്തോളം ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമുള്ള ആ സ്ഥാപനത്തിന് ഇന്നും ഏറ്റവും വിശ്വാസ്യതയുണ്ട്. ബ്രിട്ടീഷ് സംസ്‌കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന ബി.ബി.സി. സര്‍ക്കാറിന്റെ ചെലവില്‍ കഴിയുമ്പോഴും അവര്‍ സര്‍ക്കാറിന്റെ അഴിമതികളെ, കാര്യക്ഷമതയില്ലായ്മയെ, തെറ്റുകളെ, കുറ്റങ്ങളെ തുറന്നുകാട്ടുന്നു. അന്വേഷണാത്മകമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് വന്‍പ്രാധാന്യം നല്‍കുന്നു, അതിനായി വലിയ തുക ചെലവഴിക്കുന്നു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്നു എന്നത് അവരെ അഹങ്കാരികളും അലസരും ആക്കുന്നില്ല, സര്‍ക്കാറിന്റെ മുന്നില്‍ മുട്ടുകുത്തുന്ന അടിമകളുമാക്കുന്നില്ല. തങ്ങള്‍ ജനങ്ങളോട് കണക്ക് പറയേണ്ടവരാണ് എന്ന ഉറച്ച ബോധമാണ് അവരെ നയിക്കുന്നത്. വാര്‍ത്താറിപ്പോര്‍ട്ടിങ്ങിലെ തെറ്റുകള്‍ക്ക് തെറ്റുചെയ്തവര്‍ വലിയ നല്‍കേണ്ടി വരുന്ന ഒരു മാധ്യമ സംസ്‌കാരമാണ് ബ്രിട്ടനിലേത്. ന്യൂസ്‌നൈറ്റ് എന്ന പ്രോഗ്രാമില്‍ ഒരു രാഷ്ട്രീയ നേതാവിനെ തെറ്റായി ശിശുപീഡകനായി മുദ്ര കുത്തിയതിന് സ്ഥാപനത്തിന്റെ തലവന്റെ തലയാണ് തെറിച്ചുപോയത്.
പ്രസ് കൗണ്‍സില്‍ വിധി പോലും- എതിരാണെങ്കില്‍ മാത്രം ! – പ്രസിദ്ധപ്പെടുത്താത്ത മാധ്യമസംസ്‌കാരമാണ് നമ്മുടേത്. ബി.ബി.സി.യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍, തങ്ങളുമായി ഈ വാര്‍ത്തകള്‍ക്ക് ഒരു ബന്ധവുമില്ല എന്ന മട്ടിലാണ് ബി.ബി.സി. ലേഖകന്മാര്‍ അത് റിപ്പോര്‍ട്ട് ചെയ്തത്. സ്വന്തം മേലധികാരികളെ സ്റ്റുഡിയോവില്‍ വിളിച്ചുവരുത്തി ഏതോ അന്യനെ ചോദ്യം ചെയ്യും പോലെ ചോദ്യം ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞു. തെറ്റുകള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ഒഴിവാക്കാന്‍ കഴിയാത്ത ഘടകമാണ് എന്ന് അറിയുന്നവരാണ് ബ്രിട്ടീഷ് മാധ്യമങ്ങളെ നയിക്കുന്നവര്‍. തെറ്റുകള്‍ക്ക് വില നല്‍കേണ്ടി വരും. അപ്പോഴും, തങ്ങള്‍ക്ക് പറ്റിയ തെറ്റുകള്‍ ഒളിച്ചുവെക്കുകയല്ല, ക്ഷമാപണത്തോടെ തുറന്നുപറയുകയാണ് അവര്‍ ചെയ്യുന്നത്.
കൊളംബിയ ജേണലിസം റെവ്യുവില്‍ പ്രശസ്ത മാധ്യമ വിദഗ്ദ്ധ എമിലി ബെല്‍ ഇങ്ങനെ എഴുതി-
‘ ഒരു വന്‍ വാര്‍ത്ത പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിക്കുന്നത് ഗ്രനേഡ് എറിയുംമുമ്പ് അതിന്റെ പിന്‍ ഊരുംപോലെയാണ്. നിര്‍ണായകമായ വിവരങ്ങള്‍ പൊതുസമൂഹത്തിലേക്ക് എറിഞ്ഞുകൊടുക്കാന്‍ തീരുമാനിക്കുന്നതിന് കഴിവും ധൈര്യവും- ചിലപ്പോള്‍ വിഡ്ഡിത്തവും – ആവശ്യമാണ്. വാര്‍ത്ത ഒരു ഗ്രനേഡായി പൊട്ടിത്തെറിച്ചുകഴിയുമ്പോഴേ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ അറിയാന്‍ കഴിയൂ. പലതും പ്രവചിക്കാനേ കഴിയില്ല. എപ്പോഴാണ് പിന്‍ ഊരേണ്ടത്, പൊട്ടിക്കഴിഞ്ഞാല്‍ ഓരോ ഘട്ടത്തിലും എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുകയാണ് എഡിറ്ററുടെ ജോലി. അതിനാണ് എഡിറ്റര്‍ക്ക് ശമ്പളം കൊടുക്കുന്നത്. വാര്‍ത്ത തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുമ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം ഭയാനകമായിരിക്കും ‘
സ്ഥാപനത്തെ മാത്രമല്ല, രാജ്യത്തെതന്നെയും പിടിച്ചുലക്കുന്ന തീരുമാനങ്ങളെടുക്കാന്‍ നിയോഗിക്കപ്പെടുന്ന എഡിറ്റര്‍മാര്‍ക്ക് അതിനുള്ള ചുമതലയും അധികാരവും നല്‍കുന്നു എന്നതാണ് ഒരു സര്‍ക്കാര്‍ സ്ഥാപനമായിരുന്നിട്ടുകൂടി ബി.ബി.സി.യുടെ പ്രത്യേകത. തീരുമാനങ്ങള്‍ എടുക്കുന്നത് പൂര്‍ണമായും തൊഴില്‍പരമായ തത്ത്വങ്ങള്‍ ഉപയോഗിച്ചാണ്. സര്‍ക്കാറിന് ഗുണം കിട്ടുമോ, പ്രധാനമന്ത്രിക്ക് അപ്രിയം തോന്നുമോ, കമ്പനി ചെയര്‍മാന് ഇഷ്ടപ്പെടില്ലേ, ടാം റെയ്റ്റിങ്ങ് കൂടുമോ എന്നൊന്നും നോക്കിയല്ല തീരുമാനങ്ങളുണ്ടാകുന്നത്. എങ്കില്‍പോലും തീരുമാനങ്ങളില്‍ തെറ്റുകള്‍ വരാം, ദുരുദ്ദേശങ്ങള്‍ ആരോപിക്കപ്പെടാം. അതെല്ലാം തൊഴിലിന്റെ അനിവാര്യമായ വൈതരണികളാണ്. എല്ലാ തൊഴിലിനുമുണ്ടാകും ഇത്തരം എന്തെങ്കിലും അപായങ്ങള്‍.
ഒരു തെറ്റില്‍ ദുരുദ്ദേശം ആരോപിക്കപ്പെട്ടപ്പോള്‍ അതില്‍ നിന്ന് തടിയൂരാന്‍ നടത്തിയ ശ്രമത്തിലാണ് ബി.ബി.സി വലിയ കുടുക്കില്‍ ചെന്നുപെട്ടതെന്നോര്‍ക്കണം. സ്വന്തം സ്ഥാപനത്തിലെ പഴയ ന്യൂസ് പ്രസന്റര്‍ ശിശുപീഡകനായിരുന്നു എന്ന റിപ്പോര്‍ട്ട് എന്തോ മാനദണ്ഡം ഉപയോഗിച്ചോ അല്ലെങ്കില്‍ സ്വന്തക്കാരനാണെന്നതുകൊണ്ടോ പ്രസിദ്ധപ്പെടുത്താതിരുന്നു. അത് മറ്റൊരു മാധ്യമം പ്രസിദ്ധപ്പെടുത്തി. ആ ക്ഷീണം തീര്‍ക്കാനാണ് വീണ്ടും ഒരു കഠിന ഇന്‍വെസ്റ്റിഗേഷന്‍ നടത്തി മറ്റൊരു ശിശുപീഡകനെ കണ്ടെത്തിയത്. പക്ഷേ, ചില്ലറ പാളിച്ചകള്‍ സംഭവിച്ചതുകൊണ്ട് തെറ്റായ വ്യക്തിയിലാണ് അത് ആരോപിക്കപ്പെട്ടത്. പലരുടെയും രാജിയിലും വിചാരണയിലും കലാശിച്ചത് ഈ പിഴവുകളാണ്.
തെറ്റുകള്‍ ബി.ബി.സി ഏറ്റുപറഞ്ഞു. ബ്രിട്ടനിലാകട്ടെ അമേരിക്കയിലാകട്ടെ, വാര്‍ത്താപരമായ പിഴവുകള്‍ തുറന്നുസമ്മതിക്കുകയാണ് പൊതുരീതി. ബി.ബി.സിയോളം വിശ്വാസ്യതയുള്ള മറ്റനേകം മാധ്യമങ്ങളിലും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. സൂക്ഷിച്ചുവണ്ടിയോടിക്കണം എന്ന് നിര്‍ബന്ധിക്കുമ്പോള്‍തന്നെ, ഒരിക്കലും ഒരു അപകടവും ഉണ്ടാവില്ല എന്നുറപ്പിക്കാന്‍ ആവില്ല. തെറ്റുകള്‍ വിശ്വസ്യത തകര്‍ക്കും. സദുദ്ദേശത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന തെറ്റുകള്‍ കുറെയെല്ലാം വായനക്കാര്‍ പൊറുക്കും. ആ സന്മനസ്സിന്റെ ഗുണഭോക്താക്കളാണ് ബി.ബി.സി. വിവാദക്കൊടുങ്കാറ്റില്‍ ബി.ബി.സി.ഇതാദ്യമായൊന്നുമല്ല ഉലയുന്നത്. ഇതിന് മുമ്പുണ്ടായ വന്‍വിവാദം ഓര്‍ത്തുനോക്കൂ. ഇറാഖ് പ്രശ്‌നമുണ്ടായപ്പോള്‍ 2003 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളിലെ പൊള്ളത്തരം വെളിപ്പെടുത്തുന്ന രഹസ്യവിവരങ്ങള്‍ ബി.ബി.സി വെളിപ്പെടുത്തിയത് വലിയ ഒച്ചപ്പാടും പ്രതിസന്ധിയുമുണ്ടാക്കി. രഹസ്യം വെളിപ്പെടുത്തിയെന്ന് കരുതുന്ന ഉയര്‍ന്ന സൈനിക ഉപദേഷ്ടാവിനെ പാര്‍ലമെന്ററി കമ്മിറ്റി വിചാരണ ചെയ്തു. പൊതുസമൂഹത്തിന് മുന്നില്‍ അപമാനിതനായ അദ്ദേഹം ആത്മഹത്യ ചെയ്തു. ഇതിനെ കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ സര്‍ക്കാറിനെയല്ല ബി.ബി.സി.യെ ആണ് കുറ്റപ്പെടുത്തിയത്. ഈ പ്രതിസന്ധിയെയും ബി.ബി.സി. അതിജീവിച്ചു.
അനേക തവണ ഇങ്ങനെ സംഭവിച്ചിട്ടും സ്ഥാപനം മുന്നോട്ടുപോകുന്നത് അതിന്റെ എത്രയോ നന്മകളും മേന്മകളും കൊണ്ടാണ്. ബ്രിട്ടീഷുകാര്‍ എപ്പോഴും വിമര്‍ശിക്കുന്നത് ഇതേ സ്ഥാപനത്തെയാണ്, കാരണം അവര്‍ ഏറ്റവും സ്‌നേഹിക്കുന്നതും ഈ സ്ഥാപനത്തെയാണ് എന്നതുതന്നെ.