ഈ ചോദ്യത്തിലെ രണ്ടു സങ്കല്‍പ്പങ്ങളും സംശയാസ്പദ നിര്‍വചനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നവയാണ്. ഫാഷിസ്റ്റ് കാലം എന്നാല്‍ എന്താണ് അര്‍ത്ഥം? നമ്മള്‍ ഇപ്പോള്‍ .ജീവിക്കുന്ന കാലം ഫാഷിസ്റ്റ് കാലമാണോ? ഇവിടെ ജനാധിപത്യവ്യവസ്ഥയാണോ നിലനില്‍ക്കുന്നത്, അതോ ഫാഷിസ്റ്റ് വ്യവസ്ഥയോ? പൊതുതിരഞ്ഞെടുപ്പിലൂടെ ഒരു ഫാഷിസ്റ്റ് സംഘത്തിന് അധികാരത്തില്‍ വരാനും അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരാനും സാധിക്കുമോ? ഈ ചോദ്യങ്ങള്‍ക്ക് നമുക്കു സ്വയം ബോധ്യമാകുന്ന ഉത്തരങ്ങള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കാരണം, ഈ ചോദ്യങ്ങള്‍ മോദി ഭരണത്തെ ഫാഷിസ്റ്റ് ഭരണം എന്നു വിശേഷിപ്പിക്കുന്ന വിമര്‍ശകരോട് മോദിഭക്തന്മാര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കൂടിയാണ്.
ഫാഷിസ്റ്റ് കാലം എന്നത് നരേന്ദ്ര മോദിയുടെ ഭരണത്തിനുള്ള ഒരു പര്യായം ആയാണ് ഉപയോഗിക്കപ്പെടുന്നത് എന്നു മറന്നുകൂടാ. ഇന്ത്യയില്‍ ജനാധിപത്യം എല്ലാ അര്‍ത്ഥത്തിലും നില നില്‍ക്കുന്നു എന്നതും മറച്ചുവെച്ചുകുടാ. ഇന്ത്യന്‍ തിരഞ്ഞെടുപ്പുകള്‍ക്ക് പല ചീത്തപ്പേരുകളും ഉണ്ടെങ്കിലും അതു മുഴുക്കെ ഒരു തട്ടിപ്പ് പരിപാടി മാത്രമാണ് എന്നാര്‍ക്കും പറയാനാവില്ല. മോദി ഭരണകൂടം അധികാരത്തില്‍ വന്നത് കള്ളത്തരത്തിലാണ്് എന്ന് 2014-ലോ 2019-ലോ ആരും പറഞ്ഞിട്ടില്ല. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അവര്‍ ആവര്‍ത്തിച്ചു തോല്‍ക്കുന്നു എന്നതും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധതയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. ജുഡീഷ്യറിയെക്കുറിച്ചും പല പരാതികള്‍ നമുക്കുണ്ട്. പക്ഷേ, ജുഡീഷ്യറി ഇപ്പോഴും ഭരണകൂടത്തിന്റെ പിടിയില്‍ ആയിക്കഴിഞ്ഞിട്ടില്ല. അവര്‍ അതിനു ശ്രമിക്കുന്നുണ്ടാവാം. പുതിയതും നമുക്ക് ഇപ്പോഴും വ്യക്തമല്ലാത്തതുമായ തന്ത്രങ്ങളിലൂടെ അവര്‍ ജുഡീഷ്യറിയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നുണ്ടാവാം. പക്ഷേ, ഇന്ത്യയില്‍ സ്വതന്ത്ര ജുഡീഷ്യറി ഇല്ല എന്നു ഇപ്പോഴും പറയാനാവില്ല.
ഫാഷിസവും അഭിപ്രായസ്വതന്ത്ര്യവും
ഇനി നമുക്കു ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നു വിളിക്കപ്പെടുന്ന മാധ്യമങ്ങളിലേക്കു കടക്കാം. മാധ്യമങ്ങള്‍ പൂര്‍ണമായി ഭരണകൂടസ്വരം ആയിരുന്ന ഒരേ ഒരു കാലഘട്ടമേ സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളൂ. അതു 1975-77-ലെ അടിയന്തരാവസ്ഥക്കാലമാണ്. പ്രി സെന്‍സറിങ്ങ് ആയിരുന്നു മിക്ക പത്രങ്ങള്‍ക്കും നേരിടേണ്ടിവന്നത്. അച്ചടിക്കുംമുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കാണിച്ച് അനുമതി വാങ്ങണം. മറ്റുള്ളവര്‍ക്ക് മുന്‍കൂട്ടി അനുമതി വേണ്ട, പക്ഷേ, പ്രസിദ്ധപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ വിമര്‍ശനം ഉണ്ടായാല്‍ പത്രാധിപരും എഴുത്തുകാരനും ജയിലിലാകും. ഫലത്തില്‍ സെന്‍സര്‍ഷിപ്പും പ്രി സെന്‍സര്‍ഷിപ്പും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ എല്ലാ രാഷ്ട്രീയസ്വാതന്ത്ര്യങ്ങള്‍ക്കും വേണ്ടി എക്കാലവും നിലനിന്ന കോണ്‍ഗ്രസ് തന്നെയാണ് ഈ ഏകാധിപത്യഭരണകൂടത്തിനും നേതൃത്വം നല്‍കിയത് എന്നു നമ്മള്‍ ഓര്‍ക്കണം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എല്ലാം കരുത്തിനും കാരണക്കാരന്‍ എന്നുതന്നെ വിളിക്കാവുന്ന പണ്ഡിറ്റ് നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാഗാന്ധിയാണ് ഈ ജനാധിപത്യനിഷേധത്തിനു കാരണക്കാരി എന്നതും മറന്നുകൂട. ഇതൊരു പ്രസക്ത വസ്തുത തന്നെ. എങ്കിലും ഇന്നത്തേതുള്‍പ്പെടെ ഒരു പില്‍ക്കാല ഭരണത്തിനും ഇതൊരു ന്യായീകരണമാവുകയേ ഇല്ല. ഇതു, പുതിയ കാല ഏകാധിപതങ്ങളെ ചോദ്യം ചെയ്യുന്നതില്‍ നിന്നു ആരെയും തടയാനുള്ള വാദമായി ഉപയോഗിച്ചുകൂടാത്തതുമാണ്.
ഫാഷിസം, നാസിസം തുടങ്ങിയ ലേബല്‍ ഉള്ളതോ ഇല്ലാത്തതോ ആയ ഒരു ഏകാധിപത്യ ഭരണകൂടവും അഭിപ്രായസ്വാതന്ത്ര്യമോ മാധ്യമസ്വാതന്ത്ര്യമോ അനുവദിക്കുകയില്ല. ലോകത്ത് തത്ത്വത്തിലെങ്കിലും ഇത് അനുവദിക്കുന്നത് ജനാധിപത്യഭരണകൂടങ്ങളാണ്. ജനാധിപത്യഭരണകൂടങ്ങള്‍ അനുവദിക്കുന്ന അഭിപ്രായപ്രകടനസ്വാതന്ത്ര്യം അനുദിനം പരിമിതപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഒരു ഭാഗത്തുണ്ട്. ഇതു് ഇന്ത്യയിലും സംഭവിക്കുകയാണ്.
ഭൂരിപക്ഷം എപ്പോഴും ശരിയോ?
നിലവിലുള്ള ഭരണവ്യവസ്ഥകളില്‍ ഏറ്റവും സ്വീകാര്യമായത് ജനാധിപത്യമാണ് എന്ന്, ജനവിരുദ്ധഭരണം നടത്തുന്നവരും അംഗീകരിച്ചേക്കും. മനുഷ്യകുലത്തിന് ഇതുവരെയുള്ള അതിന്റെ സാംസ്‌കാരികവും ബുദ്ധിപരവുമായ വളര്‍ച്ചയ്ക്കും നേട്ടങ്ങള്‍ക്കും ഏറ്റവുമേറെ സംഭാവന ചെയ്തത് ജനാധിപത്യമാണ്. മനുഷ്യന്‍ കാംക്ഷിച്ചുകൊണ്ടേ ഇരിക്കുന്ന ചിന്താസ്വാതന്ത്ര്യത്തിന്റെയും പ്രവര്‍ത്തനസ്വാതന്ത്ര്യത്തിന്റെയും പരമാവധിയും ലഭ്യമാകുന്നത് ജനാധിപത്യത്തില്‍തന്നെയാണ്. ഇതിനര്‍ത്ഥം ജനാധിപത്യം കുറ്റമറ്റ ഭരണസമ്പ്രദായം ആണ് എന്നല്ല. കുറ്റങ്ങളും കുറവുകളും ഏറെയുണ്ട്്. പക്ഷേ, വ്യവസ്ഥയെ കുറ്റംപറയാന്‍ അനുവദിക്കുന്ന വ്യവസ്ഥ ഏകാധിപത്യം തന്നെയാണ്. അതുകൊണ്ടു തന്നെ കുറ്റങ്ങള്‍ കുറഞ്ഞ വ്യവസ്ഥയും ജനാധിപത്യം തന്നെയാണ്.
ഭൂരിപക്ഷമാളുകള്‍ എന്തു പറയുന്നു എന്നാണ് ജനാധിപത്യം നോക്കുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമോ എന്നു തീരുമാനിച്ചത് ബ്രിട്ടീഷ് പാര്‍ലമെന്റോ മന്ത്രിസഭയോ രാഷ്ട്രീയവിദഗ്ദ്ധന്മാരുടെ സംഘമോ സാമ്പത്തികവിദഗ്ദ്ധന്മാരുടെയോ ആഗോളരാഷ്ട്രീയകാര്യവിദഗ്ദ്ധരുരോ ഒന്നുമല്ല. ഇപ്പറഞ്ഞ വിഷയങ്ങളെക്കുറിച്ചൊന്നും ഒരു ചുക്കും അറിയാത്തവര്‍ക്കു നല്ല ഭൂരിപക്ഷമുള്ള പൊതുജനം ആണ് ബ്രിട്ടന്‍ ഇ.യു വിടണം എന്നു തീരുമാനിച്ചത്. ജനങ്ങളുടെ ആ തീരുമാനം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് അവിടത്തെ ഭരണകൂടം. വിവരമില്ലാത്തവരാണ് തീരുമാനമെടുത്തത് എന്നു പറഞ്ഞ് ഒരു കോടതിയും അതു തള്ളിക്കളയില്ല. തെറ്റായാലും ശരിയായാലും ഭൂരിപക്ഷതീരുമാനത്തിന്റെ ഫലം അവര്‍ അനുഭവിച്ചല്ലേ തീരൂ. ഇത്തരം ഭൂരിപക്ഷ തീരുമാനങ്ങള്‍ ശരിയാവാന്‍ സാധ്യത കുറവാണ് എ്ന്ന് ആരും സമ്മതിക്കും. പക്ഷേ, ഇത് അനിവാര്യമാണ്.
മൂല്യരഹിതമായ ഏകാധിപത്യങ്ങള്‍
ജനാധിപത്യം ഭൂരിപക്ഷത്തിന്റെ തീരുമാനം ആണെങ്കിലും അത് ഭൂരിപക്ഷാധിപത്യമല്ല. അങ്ങനെ ആവാന്‍ പാടില്ല എന്നല്ലേ നമ്മുടെ ഭരണഘടനാനിര്‍മാതാക്കള്‍ സ്വപ്‌നം കണ്ടിരുന്നത്. ജനാധിപത്യം ഉറപ്പുനല്‍കുന്ന നിയമവാഴ്ചയും ജുഡീഷ്യല്‍ പരിശോധനയും ഭരണഘടനാവ്യവസ്ഥകളും ജനാധിപത്യം ഭൂരിപക്ഷാധിപത്യം ആകുന്നില്ല എന്നുറപ്പു നല്‍കുന്നുണ്ട്. ഇന്ന് ഇന്ത്യന്‍ ജനാധിപത്യം എത്തിയിരിക്കുന്ന അവസ്ഥ പൂര്‍ണ അര്‍ത്ഥത്തിലുള്ള ഫാസിസമല്ല, മെജോറിറ്റെറിയനിസം(Majoritarianism )ആണ്. ഇതിനെ ഭൂരിപക്ഷാധിപത്യം എന്നു വിളിക്കാവുന്നതാണ്. ഫാസിസം, നാസിസം എന്നിവ രണ്ടാം ലോകയുദ്ധത്തിനു മുമ്പ് ഇറ്റലിയിലും ജര്‍മനിയിലും രൂപം കൊണ്ടപ്പോള്‍ അവ തരിമ്പു പോലും ജനാധിപത്യമൂല്യങ്ങളെ വക വെച്ചിരുന്നില്ല. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെയാണ് ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നത് എന്നത് ഇന്ന് ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്താറുള്ള ഒരു സത്യമാണ്. പക്ഷേ, അവര്‍ക്ക് ഒരു വക ജനാധിപത്യമുഖംമൂടിയും ഇല്ലായിരുന്നു. ഇതറിഞ്ഞുതന്നെയാവണം ജനങ്ങള്‍ അവരെ ജയിപ്പിച്ചതുതന്നെ. 1933-ല്‍ സ്ഥാനമേറ്റ ഉടനെ ഹിറ്റ്‌ലര്‍ രൂപപ്പെടുത്തിയ പ്രചാരണ മന്ത്രാലയത്തിന്റെ പ്രധാന ചുമതല എല്ലാതരം ആശയവിനിമയങ്ങളെയും പ്രചരണങ്ങളെയും നിയന്ത്രിക്കക എന്നതായിരുന്നു. പ്രചാരണവകുപ്പ്് മന്ത്രി ജോസഫ് ഗീബല്‍സ് ആയിരുന്നു അതിന്റെ തലവന്‍. 17 സര്‍ക്കാര്‍ വകുപ്പുകളിലായി 1800 സര്‍ക്കാര്‍ ജീവനക്കാരെ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും സെന്‍സര്‍ ചെയ്യാന്‍ നിയോഗിച്ചിരുന്നു. പുസ്തകങ്ങളും പത്രങ്ങളും പ്രസംഗങ്ങളും മാത്രമല്ല സംഗീതം പോലും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വന്നു. ജൂത എഴുത്തുകാരുടെ ആയിരക്കണക്കിനു പുസ്തകങ്ങള്‍ വാരിവലിച്ച് തീയിലിടാന്‍ പ്രത്യേകസംഘങ്ങള്‍ നിയോഗിക്കപ്പെട്ടിരുന്നു. ലൈബ്രറികളിലെ മൂന്നിലൊന്ന് പുസ്തകങ്ങള്‍ കത്തിച്ചത്് സ്വാഗതം ചെയ്യാന്‍ യുവാക്കളുടെ പ്രകടനങ്ങള്‍ നാടൊട്ടുക്കും നടന്നു എന്നറിയുമ്പോഴേ ആ നാസിസം എന്ന ഭൂരിപക്ഷാധിപത്യത്തിന്റെ ഭീകരസ്വഭാവം മനസ്സിലാക്കാന്‍ കഴിയൂ.
ഫാഷിസത്തിന്റെ എക്കാലത്തേക്കുമുള്ള ‘മികച്ച മാതൃക’ മുസ്സോളിനിയുടെ നേതൃത്വത്തില്‍ 1922 മുതല്‍ 1944 വരെ നിലനിന്ന ഇറ്റാലിയന്‍ ഭരണകൂടമാണ്. സമ്പൂര്‍ണമായ സെന്‍സറിങ്ങ് ആയിരുന്നു ആശയവിനിമയത്തിന്റെ എല്ലാ മേഖലകളിലും. പോസ്റ്റല്‍ കത്തിടപാടുകള്‍ പോലും പരിശോധനയ്ക്ക് വിധേയമായിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ഇവിടെ പ്രസക്തമല്ലല്ലോ. ഇവയൊന്നും ഇന്ത്യയില്‍ ഇന്നു നില നില്‍ക്കുന്ന അവസ്ഥയുമായി ഒരു തരത്തിലും താരതമ്യപ്പെടുത്താനാവില്ല. അതുകൊണ്ട് വസ്തുതാപരമായി പരിശോധിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ഫാഷിസം ഉണ്ട് എന്നു പറയാനാവില്ല.
ശാശ്വത ഭൂരിപക്ഷം
എന്നാല്‍പ്പോലും, ഇന്ത്യയില്‍ ഒരു തരം ഫാഷിസം രുപപ്പെട്ടുവരികയാണെന്ന ആശങ്ക അസ്ഥാനത്തല്ല. നേരത്തെ പറഞ്ഞതുപോലെ ഭൂരിപക്ഷാധിപത്യം ആണ് രണ്ടാം ഘട്ട മോദി ഭരണകാലത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. രാജ്യം ഭരിക്കുന്നത് ആരാണ് എന്നു തീരുമാനിക്കുന്നത് ഭൂരിപക്ഷം വരുന്ന വോട്ടര്‍മാരാണ്. അത് അഭിപ്രായങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ഭൂരിപക്ഷമാവണമല്ലോ. അതു രാഷ്ട്രീയഭൂരിപക്ഷമാണ്. അതു മാറിക്കൊണ്ടിരിക്കാം. എന്നാല്‍, രാഷ്ട്രീയതത്ത്വശാസ്ത്രം അപ്രസക്തമാവുകയും മതമോ ഭാഷയോ മറ്റെന്തെങ്കിലും വിഭാഗീയതകളോ ഭൂരിപക്ഷം നിര്‍ണയിക്കാന്‍ തുടങ്ങുകയും ചെയ്താല്‍ ആ അവസ്ഥ ജനാധിപത്യത്തെ അര്‍ത്ഥരഹിതമാക്കും. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പുതന്നെ 1944-ല്‍ ബി.ആര്‍ അംബേദ്കര്‍ ഈ അപകടത്തിലേക്ക് വിരല്‍ ചൂണ്ടിയിട്ടുണ്ട്. മതം,ജാതി, ഭാഷ, ദേശീയത തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തു ഭൂരിപക്ഷ-ന്യൂനപക്ഷ സംഘര്‍ഷം രൂപപ്പെടാം. മിക്കപ്പോഴും ഇതു കൃത്രിമമായി സൃഷ്ടിക്കുന്ന ഭൂരിപക്ഷബോധമാണ്. ന്യൂനപക്ഷത്തിനെതിരെ എന്തെങ്കിലും വികാരങ്ങള്‍ ആളിക്കത്തിക്കുക എന്നതാണ് ഭൂരിപക്ഷ ആധിപത്യ രാഷ്ട്രീയം.ഇന്ത്യയില്‍ ഇപ്പോള്‍ ഇതാണ് സംഭവിക്കുന്നത്.
രാഷ്്ട്രീയഭൂരിപക്ഷം മാറിക്കൊണ്ടിരിക്കാം. കാരണം, അതു വികാരപരമല്ല. ജയിക്കുന്നത് ഒരേ കക്ഷിയാവില്ല എല്ലാ തിരഞ്ഞെടുപ്പിലും. നയങ്ങള്‍ നോക്കി ജനം ഓരോ തവണയും ഭരണാധികാരികളെ മാറ്റാം. മതവികാരം സൃഷ്ട്രിക്കുക ശാശ്വത ഭൂരിപക്ഷമാണ്. ആളിക്കത്തിക്കുന്ന വികാരങ്ങള്‍ മൂലം മിക്കപ്പോഴും ഒരേ കൂട്ടരെ ജനങ്ങള്‍ തിരഞ്ഞെടുക്കും. ഇതു ജനാധിപത്യമല്ല, ഭൂരിപക്ഷാധിപത്യമാണ്. അംബേദ്കര്‍ മുന്നറിയിപ്പ് നല്‍കിയ അവസ്്ഥ ഇന്ത്യയില്‍ രൂപപ്പെടുത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.
മാധ്യമങ്ങള്‍ക്ക് എന്തു ചെയ്യാനാവും
ഏഴു പതിറ്റാണ്ടു മുമ്പ് യൂറോപ്പില്‍ ഫാഷിസ്റ്റുകള്‍ പയറ്റിയ അതേ തന്ത്രം, അതേ രൂപത്തില്‍ ഇന്ത്യയില്‍ പ്രയോഗിക്കും എന്നു കരുതാനാവില്ല. ആര്‍.എസ്.എസ് തുടക്കക്കാലത്തുതന്നെ ഇറ്റാലിയന്‍ ഫാഷിസം ഒരു മാതൃകയായി കണ്ടിരുന്നു എന്ന യാഥാര്‍ത്ഥ്യം അവരും നിഷേധിക്കുകയില്ല. അവര്‍ പുതിയ തന്ത്രങ്ങള്‍ പ്രയോഗിക്കും. മോദിഭരണത്തിന്റെ ആദ്യഘട്ടത്തില്‍ പ്രയോഗിച്ച തന്ത്രങ്ങളോ നയങ്ങളോ അല്ല ഈ രണ്ടാം ഘട്ടത്തില്‍ പ്രയോഗിക്കുന്നത്. തങ്ങള്‍ ഫാസിസ്റ്റുകളേ അല്ല തോന്നിപ്പിക്കുന്ന മൃദു ഭരണരീതികളാണ് എ.ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഭരണം സ്വീകരിച്ചത്. നരേന്ദ്ര മോദി പോലും അത്തരമൊരും പ്രതിച്ഛായ സൃഷ്ടിക്കാന്‍ ആദ്യഘട്ടത്തില്‍ ശ്രമിച്ചിരുന്നു. ഇന്ന് അദ്ദേഹം മൗനം പാലിക്കുകയും അമിത് ഷാ മാത്രം അമിതമായി സംസാരിക്കുകയും ചെയ്യുന്നത് വെറും ശൈലീപരമായ പ്രശ്‌നമാണ് എന്നു കരുതിക്കൂട. ഭൂരിപക്ഷവികാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നയങ്ങളും പരിപാടികളുമാണ് അവര്‍ നടപ്പാക്കുന്നത്. ഇന്ത്യയിലെ മുസ്ലിങ്ങളെ നാടുകടത്താന്‍ പറ്റുമെന്ന് വിശ്വസിക്കാന്‍ മാത്രം ബുദ്ധിശൂന്യരല്ല സംഘപരിവാര്‍ തലപ്പത്തുള്ളത്. പക്ഷേ, ന്യൂനപക്ഷ വികാരം കത്തിജ്വലിപ്പിക്കുന്നത് ഭൂരിപക്ഷവികാരത്തിന് വളരാന്‍ നല്ല വളമാവില്ലേ എന്നാണ് അവര്‍ രാജ്യത്തുടനീളം പരീക്ഷിക്കുന്നത്.
ഏതു തരം ഏകാധിപത്യത്തിനും പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം കവരാതെ മുന്നോട്ടുപോകാന്‍ പറ്റില്ല. അങ്ങനെ കവരാന്‍ അവര്‍ക്കു ഭൂരിപക്ഷത്തിന്റെ പിന്തുണയും ലഭിച്ചേക്കാം. ഇന്നു ഇന്ത്യയിലുള്ളതു ഫാഷിസമല്ല, ഏകാധിപത്യം പോലുമല്ല. എന്നാല്‍, ഇതിലേക്കു ഏതു സമയവും കടന്നേക്കുമെന്നു കരുതാവുന്ന ഭൂരിപക്ഷാധിപത്യ പ്രവണതയാണ്. മാധ്യമങ്ങള്‍ക്ക് അവരുടെ സ്വാതന്ത്ര്യം പൂര്‍ണമായി നഷ്ടപ്പെടും വരെ ഈ അപകടാവസ്ഥയെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാനുള്ള ബാധ്യതയുണ്ട്. സ്വയംരക്ഷയെ ഓര്‍ത്തെങ്കിലും അത് അവര്‍ ചെയ്യേണ്ടതുണ്ട്.
പത്രപ്രവര്‍ത്തനത്തിന്റെ തത്ത്വങ്ങളും ധാര്‍മികതയും അനുസരിച്ച് പ്രത്യക്ഷമായ രാഷ്ട്രീയപ്രചാരണം ഏറ്റെടുക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ട്. പക്ഷേ, സത്യം എടുത്തുകാട്ടാന്‍ അതു തടസ്സമാവില്ല. വസ്തുതകളെ അടിസ്ഥാനപ്പെടുത്തി, സത്യത്തില്‍ ഊന്നി നിന്നുകൊണ്ട് വരാന്‍പോകുന്ന വിപത്തിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. സര്‍ക്കുലേഷന്‍/ ചാനല്‍ റെയ്റ്റിങ് വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ഭൂരിപക്ഷത്തെ വികാരം കൊള്ളിക്കുന്ന മാധ്യമങ്ങള്‍ രാജ്യത്തെ നാശത്തിന്റെ പടുകുഴിയിലേക്കാണ് തള്ളിയിടുക. അത്രത്തോളം ഇല്ലെങ്കിലും, നിഷ്പക്ഷതയുടെ പേരില്‍ സത്യം വിളിച്ചുപറയാന്‍ മടിക്കുന്നവരും ഇതേ അപകടത്തിലേക്കാണ് ജനതയെ നയിക്കുക. സ്വതന്ത്രമെന്ന അവരുടെ അവകാശവാദംപോലും പൊള്ളയാവുകയാണ്. കാലടിയിലെ മണ്ണ് ഒഴുകിപ്പോവുകയാണ്. ഉറച്ച നിലപാടുകള്‍ എടുക്കുന്നില്ലെങ്കില്‍ നിലംപതിക്കുമെന്ന് അവരോര്‍ക്കണം.