ഗവര്‍ണര്‍ തമാശകള്‍

എൻ.പി.രാജേന്ദ്രൻ

ഗവര്‍ണര്‍ എന്നൊരു തസ്തിക ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് ജനങ്ങള്‍ വല്ലപ്പോഴും കുറെ തമാശ ആസ്വദിക്കാനാണോ എന്നു സംശയിച്ചുപോകുന്നു. ചില ഗവര്‍ണര്‍മാര്‍ അവരുടെ നടപടികള്‍ കൊണ്ടുതന്നെ തമാശ ഉണ്ടാക്കും. ഗൗരവത്തില്‍ പറയുന്ന കാര്യങ്ങള്‍തന്നെയാണ് തമാശയാവുക. ഇത്തവണ വര്‍ഷാരംഭത്തില്‍ നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് ഗവര്‍ണര്‍ജി തമാശ കൂട്ടിച്ചേര്‍ത്തത്. എഴുതിത്തയ്യാറാക്കിയ പ്രസംഗത്തില്‍ തമാശ ഉണ്ടാവില്ല. കാരണം, അതു വളരെ ഗൗരവപൂര്‍വം തയ്യാറാക്കുന്നതാണ്. ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്കു പ്രസംഗിക്കാന്‍ വേണ്ടിയാണ് എന്ന ബോധത്തോടെ ഏതെങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥനോ പണ്ഡിതനോ തയ്യാറാക്കിയതായിരിക്കും. അതു പലരും വായിച്ചു കുറ്റമറ്റതാക്കിയിരിക്കും. പിന്നെ ഗവര്‍ണറുടെ ഓഫീസിലെ ഉന്നതന്മാരും ഓരോ വാചകവും രണ്ടു വട്ടം വായിക്കും. എവിടെയാണ് ഗവര്‍ണര്‍ക്ക് പാര ഒളിപ്പിച്ചുവച്ചിരിക്കുന്നത് എന്നു പറയാന്‍ കഴിയില്ലല്ലോ.

അങ്ങനെയെല്ലാമുള്ള ഇത്തവണത്തെ പ്രസംഗത്തിനിടയില്‍ ഒരു പാരയുടെ തുടക്കമെത്തിയപ്പോള്‍ ഗവര്‍ണര്‍ ഒന്നു നിറുത്തി സദസ്സിലെ നോക്കിച്ചിരിച്ചുകൊണ്ട് പറയുകയാ-അഭിപ്രായവ്യവ്യത്യാസമുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ആഗ്രഹം മാനിച്ച് പൗരത്വഭേദഗതിക്കെതിരായ പതിനെട്ടാം പാരഗ്രാഫ് വായിക്കുകയാണെന്ന്. അതും പറഞ്ഞ്, ഒന്നു കൂടി വെളുക്കെ ചിരിച്ചാണ് ഗവര്‍ണര്‍സാര്‍ അതു വായിച്ചത്. ഇതിലും വലിയ തമാശ ഇക്കാലത്തിനിടയില്‍ ഒരു ഗവര്‍ണര്‍ പറഞ്ഞുകാണില്ല. ഗവര്‍ണര്‍ക്കു വായിക്കാന്‍ കൊള്ളാത്ത കാര്യമാണ് എന്നറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഇഷ്ടം പരിഗണിച്ച് അതീവ ഉദാരമതിയായി ഗവര്‍ണര്‍ അതു സഭയില്‍ വായിക്കുക! എന്നിട്ടത് ലോകംമുഴുവന്‍ കേള്‍ക്കേ ലൈവ് ആയി സംപ്രേഷണം ചെയ്യുക. സഭാരേഖകളില്‍ അത് ലോകാവസാനം വരെ സൂക്ഷിക്കുക….ഇതെല്ലാം വെറും തമാശയാണോ അല്ല വേറെ എന്തോ പ്രശ്‌നമോ? പൊതുജനത്തിന് ആകപ്പാടെ ഒന്നും തിരിയുന്നില്ല.

എന്തെല്ലാം കുറ്റവും കുറവും പറഞ്ഞാലും ഒരു മിനിമം അറിവ് ഗവര്‍ണര്‍മാര്‍ക്ക് ഉണ്ടാവും. അതിലൊന്നാണ് സര്‍ക്കാറിന്റെ നയപ്രഖ്യാപനം ഗവര്‍ണറുടെ ഭരണഘടനാപരമായ ചുതമലയാണ് എന്ന അറിവ്. തനിക്ക് യോജിപ്പുണ്ടോ ഇല്ലയോ എന്നൊന്നും ആരും ഗവര്‍ണറോട് ചോദിക്കില്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത് അയക്കുന്നത് ഗവര്‍ണറെയല്ല, മന്ത്രിസഭയെ ആണ്. അതുപോകട്ടെ, മുഖ്യമന്ത്രിയുടെ ആഗ്രഹം അനുസരിച്ച് ചിലത് വായിക്കാനും ചിലതു വായിക്കാതിരിക്കാനും ഗവര്‍ണറെ ഭരണഘടന ചുമതലപ്പെടുത്തിയതായി ആരാണാവോ ഗവര്‍ണര്‍ജിയെ തെറ്റിദ്ധരിപ്പിച്ചത്? യോജിപ്പുള്ളതു മാത്രം വായിച്ചാല്‍ മതി എന്നു ഭരണഘടനയിലുണ്ടോ? വായിച്ച എല്ലാ കാര്യത്തോടും ഗവര്‍ണര്‍ക്ക്ാ നല്ല യോജിപ്പാണോ?   പൗരത്വം സംബന്ധിച്ച ഖണ്ഡികയും വായിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഗ്രഹം ആരാണ് ഗവര്‍ണറെ അറിയിച്ചത്്? അതിനു മുമ്പ്, പൗരത്വനിയമം സംബന്ധിച്ച സര്‍ക്കാറിന്റെ നയം താന്‍ വായിക്കില്ല എന്നു ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവോ? അതു മനസ്സിലാക്കിയ മുഖ്യമന്ത്രി ‘ അയ്യോ ഗവര്‍ണര്‍ സാറേ അതു വായിക്കാതെ പോയിക്കളയരുതേ…. എന്റെ തല പോകുന്ന പ്രശ്‌നമാണേ’ എന്നെഴുതിയ കണ്ണീരൊലിക്കുന്ന കത്തു ഗവര്‍ണര്‍ക്കയച്ചുവോ?  മുഖ്യമന്ത്രിയുടെ ആഗ്രഹം മാനിച്ച് ഗവര്‍ണറും വല്ലതും ചെയ്യാന്‍ ഇതു മുഖ്യമന്ത്രിയുടെ കുടുംബത്തിലെ വിവാഹത്തിനുള്ള ക്ഷണക്കത്താണോ?  മുഖ്യമന്ത്രി അപേക്ഷിച്ചാല്‍ ചെയ്യാന്‍ പാടില്ലാത്തത് ഗവര്‍ണര്‍ ചെയ്യാമോ? അതും പോകട്ടെ, ഗവര്‍ണര്‍ വായിച്ചില്ലെന്നു വിചാരിക്കുക. എന്താണ് സംഭവിക്കുക?  യാതൊന്നും സംഭവിക്കില്ല. യു.പി.എ ഭരണകാലത്ത് സുപര്‍ സീനിയര്‍ സിറ്റിസണ്‍സിനെയാണ് ഗവര്‍ണറായി നിയമാക്കാറുള്ളത്. അവര്‍ക്ക് ഇത്തരം പ്രസംഗങ്ങള്‍ പാതിഭാഗം വായിക്കാനേ പലപ്പോഴും കഴിയാറുള്ളൂ. ഒരു ചുക്കും അതുകൊണ്ട് സംഭവിക്കാറില്ല.

പലരും പലവട്ടം ആവര്‍ത്തിച്ചിട്ടുള്ള ഒരു കാര്യം ആരെങ്കിലും ഇംഗ്‌ളീഷിലേക്കു വിവര്‍ത്തനം ചെയ്ത് ഗവര്‍ണര്‍ക്കു കൊടുക്കണം. -ഗവര്‍ണര്‍ പദവി ഒരു അജാഗളസ്തനം മാത്രമാണ്-. വിശദീകരണം ആവശ്യമില്ല.

നയപ്രഖ്യാപന പ്രസംഗത്തിനു വരുന്ന ഗവര്‍ണറെ തടയാന്‍ ബലംപിടിച്ചു നിന്ന പ്രതിപക്ഷത്തിന്റെ കാര്യമാണ് അതിലേറെ കഷ്ടം. ഗവര്‍ണറെ തിരികെ വിളിക്കാനാണ് ഗവര്‍ണറെ തടഞ്ഞത്്. അതിനു കേന്ദ്രത്തിലെ ആരെയെങ്കിലും വേണ്ടേ തടയാന്‍.  ഗവര്‍ണറാണോ ഗവര്‍ണറെ തിരികെ വിളിക്കേണ്ടത്? ഇതു പോലെ സംസ്ഥാനത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടതു കേട്ട് എന്നെങ്കിലും എവിടെയെങ്കിലും കോണ്‍ഗ്രസ് ഭരണകാലത്ത് ഗവര്‍ണര്‍മാരെ തിരികെ വിളിച്ചിട്ടുണ്ടോ? നയപ്രഖ്യാപനവാര്‍ത്തയ്ക്കിടയില്‍ അല്പനേരം മാധ്യമങ്ങളില്‍ ഇടംകിട്ടിയത് ലാഭം. അല്ലെങ്കിലും അതാണല്ലോ ്അടിസ്ഥാനപ്രശ്‌നം.

എത്ര വേഗമാണ് ആളുകള്‍ ഓരോന്നു മറന്നു കളയുന്നത് എന്നോര്‍ക്കുന്നതും നല്ല തമാശയാണ്. അഞ്ചു വര്‍ഷം മുമ്പ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അവസാനത്തെ കാല്‍ വര്‍ഷത്തിനിടയില്‍ മറ്റൊരു തമാശയുണ്ടായി. അന്നത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവമാണ്. വിവരമുള്ള മനുഷ്യനാണ്. അതുകൊണ്ട് ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തമാശ ഒട്ടും ഉണ്ടാകാറില്ല. പക്ഷേ, അദ്ദേഹത്തിനും,  തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സര്‍ക്കാറിനു വേണ്ടി നയപ്രഖ്യാപനപ്രസംഗം നടത്തേണ്ടിവന്നു. ഒരു മാസം കഴിഞ്ഞാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരും. സര്‍ക്കാര്‍ നിശ്ചലമാകും. ഒരു നയവും നടപ്പാക്കാനാവില്ല. പക്ഷേ, ഗവര്‍ണര്‍ക്ക് നയ്ര്രപഖ്യാപന പ്രസംഗം നടത്തേണ്ടിവന്നു. എന്തൊരു തമാശ- അതു രണ്ടുമണിക്കൂര്‍ 36 മിനിറ്റ് നീണ്ടുനിന്നു!

തമാശയുടെ കാര്യത്തില്‍ അന്നത്തെ പ്രതിപക്ഷം ഒട്ടും അലംഭാവം കാട്ടിയില്ല. ഗവര്‍ണര്‍ നിയമസഭയില്‍ പ്രസംഗിക്കേണ്ട ദിവസത്തിന്റെ തലേന്ന് പ്രതിപക്ഷനേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് ഒരു അഭ്യര്‍ത്ഥന നടത്തി. ബാര്‍ കോഴയിലും അതുമായി ബന്ധപ്പെട്ട ഡസന്‍കണക്കിന് അപവാദങ്ങളിലും പെട്ട് സര്‍ക്കാര്‍ നാണം കെട്ടു നില്‍ക്കുകയായിരുന്നല്ലോ. പിറ്റേന്ന്, ഗവര്‍ണര്‍ നിയമസഭയില്‍ വന്ന് യു.ഡി.എഫ് സര്‍ക്കാറിന്റെ നയപ്രഖ്യാപനം നടത്തി സ്വയം നാണംകെടരുത്, വല്ല നിവൃത്തിയുമുണ്ടെങ്കില്‍
അങ്ങോട്ടു പോകാനേ പാടില്ല-ഇതായിരുന്നു അഭ്യര്‍ത്ഥന. ഗവര്‍ണര്‍ ചിരിച്ചോ പൊട്ടിച്ചിരിച്ചോ എന്നൊന്നും വാര്‍ത്തയിലുണ്ടായിരുന്നില്ല. ഒരു മാസം മാത്രം പ്രവര്‍ത്തനാധികാരമുള്ള സര്‍ക്കാറിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ നീട്ടിപ്പാടി രണ്ടര മണിക്കൂര്‍.

ഗവര്‍ണര്‍ പദവി ആവശ്യമില്ല, അതില്ലാതാക്കണം എന്ന് ഈ തമാശകള്‍ സഹിക്കാതെ വരുമ്പോള്‍ സകലരും പറയാറുണ്ട്. ആരും അതു ചെയ്യില്ല എന്നറിയാം. എങ്കിലും പറയുകയാണ്. ആ പദവി ഇല്ലാതാക്കരുത്. ജനങ്ങള്‍ക്കു കുറച്ച് തമാശ കാണാനും അവകാശമുണ്ട്, ഭരണഘടനയില്‍ അതു ചേര്‍ത്തിട്ടില്ലെങ്കിലും……


മുനയമ്പ്
ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്വന്തം ചിന്തയും ആശയങ്ങളും മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നുത്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കരുത്. പ്രകടനപത്രികയുടെ പേരില്‍ ഇഷ്ടം പോലെ ആകാം.

 

Leave a Reply

Your email address will not be published. Required fields are marked *

Go Top