മാധ്യമനിരീക്ഷണത്തിന്റെ സൂക്ഷ്മതലങ്ങള്‍

എൻ.പി.രാജേന്ദ്രൻ

വിഷ്ണുമംഗലം കുമാര്‍

മാധ്യമമേഖലയുടെ അകവും പുറവും സൂക്ഷ്മമായി അപഗ്രഥിക്കാന്‍ പ്രാപ്തിയുള്ള പ്രഗത്ഭരായ എത്രയോ മാധ്യമ പ്രവര്‍ത്തകര്‍ നമുക്കുണ്ടായിരുന്നു. ഇപ്പോഴും ഉണ്ടുതാനും. എന്നാല്‍ രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങള്‍ മുടിനാരിഴകീറി പരിശോധിക്കുന്ന അവരില്‍ പലരും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമ മേഖലയെ വിശകലനം ചെയ്യാന്‍ കൂട്ടാക്കുന്നില്ല. പരിണിതപ്രജ്ഞരായ ചില പത്രാധിപന്മാരും പത്രപ്രവര്‍ത്തകരുമാകട്ടെ സ്വന്തം തൊഴിലുമായി ബന്ധപ്പെട്ട് അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്രവര്‍ത്തിക്കുന്ന മാധ്യമരംഗം സ്വതന്ത്രമായി വീക്ഷിക്കുകയും ക്രിയാത്മമായ പഠനങ്ങള്‍ നടത്തുകയും ചെയ്തുപോരുന്ന മാധ്യമപ്രവര്‍ത്തകനാണ് എന്‍.പി.രാജേന്ദ്രന്‍. തൊഴിലിന്റെ ഭാഗമായി രാഷ്ട്രീയസാമൂഹ്യ വിഷയങ്ങളാണ് പ്രധാനമായും കൈകാര്യം ചെയ്തതെങ്കിലും രാജേന്ദ്രന്റെ മാധ്യമപഠനങ്ങള്‍ സത്യസന്ധമായ സമീപനവും വ്യത്യസ്തതയും കൊണ്ട് ശ്രദ്ധേയമായിത്തീര്‍ന്നു. 1981പത്രപ്രവര്‍ത്തനരംഗത്തെത്തിയ ഇദ്ദേഹം രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് മാധ്യമനിരീ ക്ഷണം ആരംഭിച്ചതെന്ന് തോന്നുന്നു. പഴയകാല പത്രപ്രവര്‍ത്തനത്തിലും ആധുനിക മാധ്യമപ്രവര്‍ത്തനത്തിലും രാജേന്ദ്രന്‍ ഒരുപോലെ വിജയം വരിക്കുകയും അംഗീകാരം നേടുകയും ചെയ്തു. ജേര്‍ണലിസ്റ്റ് ട്രെയിനിയായി മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം ഓണ്‍ലൈന്‍ വിഭാഗത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ ആയിരിക്കെയാണ് വിരമിച്ചത്. കേരള പ്രസ് അക്കാദമി (ഇപ്പോള്‍ മീഡിയ അക്കാദമി)നായി പ്രവര്‍ത്തിച്ച കാലയളവിലാണ് ഇദ്ദേഹം മാധ്യമപഠനത്തിന് കൂടുതല്‍ ഊന്നല്‍ കൊടുത്തത്. എന്‍.പി.ആര്‍ എന്ന ചുരുക്കപ്പേരിലും ഇന്ദ്രന്‍ എന്ന
തൂലികാനാമത്തിലും അറിയപ്പെടുന്ന രാജേന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘വേണം മാധ്യമങ്ങളുടെ മേലെയും ഒരു കണ്ണ്് . ‘അക്കാദമി പ്രസിദ്ധീകരണമായ ‘ മീഡിയ’യുടെ പത്രാധിപര്‍ എന്ന നിലയില്‍ എഴുതിയ മുഖപ്രസംഗങ്ങളുടേയും മറ്റ് ലേഖനങ്ങളുടേയും സമാഹാരമാണ് ഈ കൃതി. വിമര്‍ശനം, സ്വയം വിമര്‍ശനം, വര്‍ത്തമാനം ഭാവി, വ്യക്തികള്‍ അനുഭവങ്ങള്‍ എന്നീ മൂന്ന് ഭാഗങ്ങളിലായി ഇരുപത്തിനാല് രചനകളാണ് ഈ മാധ്യമനിരീക്ഷണ ഗ്രന്ഥത്തിലുള്ളത്. മാധ്യമത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലേക്കും രാജേന്ദ്രന്‍ കടന്നുചെല്ലുന്നുണ്ട്. ‘പത്രപ്രവര്‍ത്തനത്തിലെ പുതിയ രൂപങ്ങളിലൊന്നായ വ്യാഖ്യാനാത്മക റിപ്പോര്‍ട്ടിങ്ങ്. പക്ഷപാത റിപ്പോര്‍ട്ടിങ്ങിനുള്ള ഉദാഹരണമായി ഉദ്ധരിക്കപ്പെടാറുണ്ട്. വ്യാഖ്യാനങ്ങള്‍ നിഷ്പക്ഷമാവുകയല്ല. തികച്ചും ന്യായമാവുകയാണ് വേണ്ടത്.’- നമ്മുടെ പക്ഷപാതങ്ങള്‍ എന്ന ലേഖനത്തില്‍ രാജേ ന്ദ്രന്‍ നിരീക്ഷിക്കുന്നു. ‘അച്ചടിക്കുന്ന പത്രത്തിന്റെ ചെലവില്‍ നാലിലൊരു പങ്ക് വാര്‍ത്താശേഖരണവുമായി ബന്ധപ്പെട്ടതാണെങ്കില്‍ അത്രയും തന്നെ കടലാസ്സിനും ചെലവാകുന്നു. കടലാസ്സിലെ അച്ചടി നിര്‍ത്തി അതേ പടി ഇന്റര്‍നെറ്റിലേക്ക് മാറുമ്പോള്‍ ഉദ്പാദനച്ചെലവും പ്രകൃതിവിഭവത്തിന്റെ നാശവും തടയാനാവുന്നു.’ അച്ചടിമാധ്യമങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മറ്റൊരു ലേഖനത്തില്‍ അദ്ദേഹം ‘ശരി തെറ്റ്, സത്യം അസത്യം, ന്യായം അന്യായം, മൂല്യം മൂല്യരഹിതം, ഗുണമുള്ളത് ദോഷമുള്ളത്, നല്ലത് ചീത്ത തുടങ്ങിയ അനേകമനേകം വിരുദ്ധ ദ്വന്ദ്വങ്ങളില്‍ തീരുമാനമെടുത്തിരുന്ന ഇടനിലക്കാരനെയാണ് നവമാധ്യമം ഇല്ലാതാക്കുന്നത്. പൊതു നിരത്തില്‍ ട്രാഫിക് പോലീസുകാരനില്ലാതാകുന്നത് എത്രത്തോളം സ്വാതന്ത്യത്തെ പരിപോഷിപ്പിക്കുമോ അത്രത്തോളമാണ് മാധ്യമങ്ങളിലെ അനിയന്ത്രിതാവസ്ഥ അഭിപ്രായസ്വാതന്ത്ര്യത്തെ പരിപോഷിപ്പിക്കുന്നത്. ‘ഇന്നത്തെ പത്രം, നാളത്തെ മാധ്യമം’ എന്ന ലേഖനത്തില്‍ സമൂഹമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ബഹളത്തെ സ്വതസിദ്ധമായ ശൈലിയില്‍ രാജേന്ദ്രന്‍ നിരീക്ഷിക്കുന്നു. പത്രപ്രവര്‍ത്തനരംഗത്ത് തനതായ ഇടം നേടിയെടുത്ത വിഎം. കൊറാത്ത്, ടി. വേണുഗോപാലന്‍, വിംസി എന്നിവരെപ്പറ്റിയുള്ള ഉള്ളില്‍ തട്ടുന്ന കുറിപ്പുകള്‍ വ്യക്തികള്‍ അനുഭവങ്ങള്‍ എന്ന വിഭാഗത്തിലാണ് ചേര്‍ത്തിട്ടുള്ളത്. അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും മാധ്യമ-ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമവിഷയങ്ങളില്‍ താല്‍പ്പര്യമുള്ള വായനക്കാര്‍ക്കും ഒരു പോലെ ഉപകാരപ്രദമാണ് സവിശേഷതകളേറെയുള്ള ഈ മാധ്യമപഠന കൃതി.

(കേരളശബ്ദം വാരിക)

Leave a Reply

Your email address will not be published. Required fields are marked *

Go Top