യാത്രാവിവരണവും രാഷ്ട്രീയമാണ്‌

എൻ.പി.രാജേന്ദ്രൻ

യാത്രാവിവരണമാണ്‌ ഏറ്റവുമേറെ വൈവിദ്ധ്യവും അനന്തസാധ്യതകളും ഉള്ള സാഹിത്യശാഖ എന്ന്‌ തോന്നാറുണ്ട്‌. കവിതയ്‌ക്കും കഥയ്‌ക്കും നോവലിനുമെല്ലാം നിശ്ചിതമായ ഫോര്‍മാറ്റുകളുണ്ട്‌. ഒരു പരിധിക്കപ്പുറം അതിന്റെ പരിധികള്‍ ലംഘിക്കാനാവില്ല. ലംഘിച്ചാല്‍ കവിത കവിതയല്ലാതാകും, കഥ കഥയല്ലാതാകും നോവല്‍ നോവലുമല്ലാതായിപ്പോകും. യാത്രാവിവരണം രചയിതാവിന്‌ ഏറെ സ്വാതന്ത്ര്യം നല്‍കുന്നു. കഴിവുള്ള എഴുത്തുകാരന്റെ മുമ്പില്‍ അത്‌ അനന്തസാധ്യതകളുടെ വാതില്‍ തുറയ്‌ക്കുന്നു.

കണ്ട എല്ലാറ്റിന്റെയും ദൃക്‌സാക്ഷിവിവരണമായി യാത്രാവിവരണം മാറ്റിയവരുണ്ട്‌. അത്‌ മോശമാണ്‌ എന്നല്ല. കണ്ട ആളുകളുമായി സംസാരിച്ചിരുന്നത്‌ മുഴുവന്‍ എഴുതിനിരത്തിയവരുണ്ട്‌. കണ്ട നാടുകളുകളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളെല്ലാം വേറെ റഫറന്‍സ്‌ പുസ്‌തകം നോക്കി എഴുതിനിറച്ചവരുണ്ട്‌. തന്റെ ദിനചര്യങ്ങളും തനിക്ക്‌ മനസ്സില്‍ തോന്നിയതും വിവരിക്കാന്‍ വേണ്ടി പുസ്‌തകത്തിന്റെ മുഴുവന്‍ ഏതാണ്ട്‌ മുഴുവന്‍ ഭാഗം വിനിയോഗിച്ചവരുമുണ്ട്‌. അത്തരമൊരു യാത്രാവിവരണത്തെക്കുറിച്ച്‌ പ്രൊഫ.സുകുമാര്‍ അഴീക്കോട്‌ പറഞ്ഞിട്ടുണ്ട്‌- എല്ലാ ദിവസത്തെക്കുറിച്ചുമുള്ള വിവരണം ആരംഭിച്ചത്‌ ‘ഞാന്‍ ചായകുടിച്ച്‌….` എന്ന മട്ടിലായിരുന്നു. ഇത്രയും ചായ കുടിക്കാന്‍ വിദേശത്ത്‌ പോകേണ്ടിയിരുന്നോ എന്ന്‌ വായനക്കാരന്‌ തോന്നിപ്പോകും ! ഈ പറഞ്ഞതെല്ലാം യാത്രാവിവരണത്തില്‍ ആവശ്യമാണ്‌. ഇവ ഏതെങ്കിലും ഒന്ന്‌ മാത്രമായി ചുരുങ്ങുമ്പോഴാണ്‌ യാത്രാവിവരണം പരാജയപ്പെട്ട്‌ ഭൂമിശാസ്‌ത്രവിവരണമോ രാഷ്ട്രീയവിവരണമോ ആയി ചുരുങ്ങിപ്പോകുക. ഓരോന്നും ആവശ്യത്തിനെടുത്ത്‌ ഇണക്കിച്ചേര്‍ക്കുമ്പോഴാണ്‌ ഹൃദ്യമായ യാത്രാവിവരണം ജന്മം കൊള്ളുന്നത്‌. തീര്‍ച്ചയായും ഞാന്‍ പറഞ്ഞുവരുന്നത്‌ എ.വി.അനില്‍കുമാറിന്റെ യാത്രാവിവരണം ആ രീതിയില്‍ സമ്പന്നവും സമൃദ്ധവുമാണ്‌ എന്നാണ്‌.

ജര്‍മനിയെക്കുറിച്ചുള്ള ഒരു യാത്രാവിവരണം എന്നത്‌ എനിക്ക്‌ ഒരേ സമയം സന്തോഷവും അത്രതന്നെ എന്തോ അജ്ഞാതവേദനയും നല്‍കുന്ന അനുഭവമാണ്‌. അതിന്‌ കാരണമുണ്ട്‌. ഞാനും ജര്‍മനിയില്‍ യാത്രചെയ്‌തിട്ടുണ്ട്‌, യാത്രാവിവരണമെഴുതിയിട്ടുമുണ്ട്‌. ജര്‍മനിയെക്കുറിച്ച്‌ വായിക്കുമ്പോള്‍ ഒരുപാട്‌ ഓര്‍മകള്‍ കെട്ടുകളെല്ലാം പൊട്ടിച്ച്‌ എന്നിലേക്ക്‌ ഓടിവരും. എന്റെ ഓര്‍മകളും ഗ്രന്ഥകാരന്റെ ഓര്‍മകളും കെട്ട്‌പിണഞ്ഞ്‌ ഏതാണ്‌ ഓര്‍മ ഏതാണ്‌ വായിച്ചത്‌ എന്നറിയാതെ കലങ്ങിമറിയും. അനില്‍കുമാര്‍ കണ്ടത്‌ ഞാന്‍ കണ്ടില്ലല്ലോ, അദ്ദേഹം മനസ്സിലാക്കിയത്‌ ഞാന്‍ മനസ്സിലാക്കിയില്ലല്ലോ, അദ്ദേഹം എഴുതിയത്‌ പോലെ എഴുതാന്‍ എനിക്കായില്ലല്ലോ എന്നെല്ലാമുള്ള ചിന്തകള്‍ തലങ്ങും വിലങ്ങും വായനയെ തടസ്സപ്പെടുത്തിക്കൊണ്ടേ ഇരുന്നു.

ഫ്രാങ്ക്‌ഫര്‍ട്ട്‌ പുസ്‌തകോത്സവത്തില്‍ പങ്കെടുത്ത അനില്‍കുമാര്‍ ജര്‍മനിയില്‍ രണ്ടാഴ്‌ച്ചക്കാലമാണ്‌ ചെലവഴിച്ചത്‌ എന്ന്‌ തോന്നുന്നു. ഇരുനൂറ്റിപ്പതിനാല്‌ പേജുകളുള്ള സാമാന്യം വലിയൊരു യാത്രാവിവരണമാണ്‌ ഇത്രയും നാളത്തെ യാത്രയില്‍ നിന്ന്‌ അദ്ദേഹം ചാലിച്ചെടുത്തത്‌. ഒരു വിധത്തില്‍ നോക്കിയാല്‍, അനില്‍കുമാറിനേക്കാള്‍ ഭാഗ്യവാനാണ്‌ എന്ന്‌ എനിക്ക്‌ അവകാശപ്പെടാം. അതിന്‌ കാരണം പറയാം. അനില്‍കുമാര്‍ കണ്ട ജര്‍മനി ശാന്തവും സംഭവരഹിതവും മൂകവുമാണ്‌. രാഷ്ട്രീയമായോ സാമൂഹ്യമായോ ഉള്ള കോളിളക്കങ്ങളൊന്നുമില്ല. പതിനേഴ്‌ വര്‍ഷം മുമ്പ്‌ ഞാന്‍ ജര്‍മനിയിലെത്തുമ്പോള്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലുതെന്ന്‌ തന്നെ അവകാശപ്പെടാവുന്ന ചരിത്രസംഭവത്തിന്റെ നിലയ്‌ക്കാത്ത ആഘോഷത്തിലായിരുന്നു ആ രാജ്യം. ജര്‍മന്‍ ഏകീകരണത്തിന്റെയും ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയുടെയും ഇരമ്പങ്ങള്‍ അവസാനിച്ചിരുന്നില്ല. ബര്‍ലില്‍ തെരുവില്‍ ഞാനെന്നും കണ്ടിരുന്നത്‌ കിഴക്കന്‍ ജര്‍മനിയില്‍ നിന്ന്‌ ആര്‍ത്തലച്ചുവന്നിരുന്ന വലിയ ജനാവലിയുടെ ആനന്ദനൃത്തമായിരുന്നു. തകര്‍ത്തെറിഞ്ഞ മതിലിന്റെ അവശിഷ്ടങ്ങള്‍ ചെത്തിയെടുത്ത്‌ നാട്ടിലേക്ക്‌ കൊണ്ടുപോകാന്‍ തിങ്ങിക്കൂടുകയായിരുന്നു വിദേശികള്‍. മതില്‍ നിന്നിരുന്ന സ്ഥലങ്ങളെല്ലാം മതില്‍കഷണങ്ങളുടെ വലിയവിപണികളായി മാറിയിരുന്നു. ഏകീകൃതജര്‍മനിയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിന്‌ സാക്ഷ്യം വഹിക്കാനും റിപ്പോര്‍ട്ട്‌ ചെയ്യാനുമുള്ള ഭാഗ്യവും അന്നെനിക്കുണ്ടായി. ഒന്നര മാസക്കാലം ജര്‍മനിയിലെ മഹാനഗരങ്ങളിലെല്ലാം ചുറ്റിക്കറങ്ങിയിട്ടും തിരിച്ചുവന്ന്‌ ഞാനെഴുതിയ യാത്രാവിവരണകൃതിക്ക്‌ അനില്‍കുമാറിന്റെ ജര്‍മന്‍ സ്‌കെച്ചുകളുടെ പാതി പേജുകള്‍ പോലുമുണ്ടായിരുന്നില്ല. തുറന്നുവെച്ച കണ്ണുകളോടെ, മനസ്സുകളോടെ യാത്ര ചെയ്യുമ്പോള്‍ ഹൃദയത്തില്‍ തട്ടുന്ന കാര്യങ്ങള്‍ ഏറെയാണ്‌. കഴിവുള്ള എഴുത്തുകാരന്‌ യാത്രാവിവരണം നീണ്ട കവിതയാക്കി, ചരിത്രഗ്രന്ഥമാക്കി, രാഷ്ട്രീയവിശകലനമാക്കി, സംസ്‌കാരത്തിന്റെ പഠനമാക്കി,സാമൂഹ്യമാറ്റങ്ങളെക്കുറിച്ചുള്ള ഗവേഷണകൃതിയാക്കി മാറ്റാനാകും. ഏറിയും കുറഞ്ഞും ജര്‍മന്‍ സ്‌കെച്ചുകള്‍ ഇതെല്ലാമാണ്‌.

ജര്‍മനിയില്‍ ചെന്നപ്പോള്‍ ഞാനും ബിയര്‍ കഴിച്ചിട്ടുണ്ട്‌. നമ്മള്‍ ചായ കഴിക്കുന്നതുപോലെ അതിസാധാരണമാണ്‌ അവര്‍ക്ക്‌ ബിയര്‍പാനം. മദ്യശാലകളില്‍ ബ്രാന്‍ഡിയോ വിസ്‌കിയോ കഴിക്കുന്നവര്‍ നന്നെ കുറവായിരിക്കും. ബിയര്‍ നുണച്ചിരിക്കുന്നവരാകും ഏറെ. ഫ്രാങ്ക്‌ഫര്‍ട്ടിലിറങ്ങി ബിയര്‍പാര്‍ലര്‍ സന്ദര്‍ശിച്ച അനില്‍ കുമാറിന്റെ അന്വേഷണത്വര കുപ്പിയില്‍ ഒതുങ്ങിയില്ല. ബിയര്‍ എന്നാണ്‌ രംഗപ്രവേശം ചെയ്യുന്നത്‌ ? ബിയര്‍ പാര്‍ലറിലെ സപ്ലയറോടോ പാര്‍ലര്‍ ഉടമയോടോ ചോദിച്ചാല്‍ ഉത്തരം കിട്ടുന്ന ചോദ്യമല്ല അത്‌. ബി.സി. ഏഴാം നൂറ്റാണ്ടിലെ ജനനം മുതല്‍ ജര്‍മന്‍കാരന്റെ ലിക്വിഡ്‌ ബ്രഡ്‌ ആകുന്നത്‌ വരെയുള്ള ചരിത്രം വിവരിക്കുന്നുണ്ട്‌ അനില്‍കുമാര്‍. റൊട്ടിയേക്കാള്‍ പ്രായമുണ്ടത്രെ ബിയറിന്‌. 1500ല്‍ ഹാംബര്‍ഗില്‍ മാത്രം അറുനൂറു ബിയര്‍ നിര്‍മാണകേന്ദ്രങ്ങളുണ്ടായിരുന്നുവത്രെ. ലാഗര്‍ എന്ന യൂറോപ്യന്‍ ബിയറിന്റെ പേര്‌ പോലും നല്‍കിയത്‌ ജര്‍മന്‍കാരാണ്‌ എന്നും ലോകം ഒരു വര്‍ഷം കുടിച്ചുവറ്റിക്കുന്നത്‌ 13300 കോടി ലിറ്റര്‍ ബിയര്‍ ആണ്‌ എന്നും അനില്‍കുമാര്‍ ഗവേഷണത്തില്‍ കണ്ടെത്തുന്നുണ്ട്‌ !

രാജിയും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്‌ എന്ന എം.എന്‍. വിജയന്റെ അര്‍ഥഗര്‍ഭനിരീക്ഷണത്തെ അനുകരിച്ച്‌ പറയട്ടെ, യാത്രാവിവരണവും രാഷ്ട്രീയപ്രവര്‍ത്തനമാണ്‌. അനില്‍കുമാറിന്റെ അരാഷ്ട്രീയമെന്ന്‌ പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന പരാമര്‍ശങ്ങളും വിവരണങ്ങളും വളരെപ്പെട്ടന്ന്‌ രാഷ്ട്രീയത്തിലേക്ക്‌ കടന്നുചെല്ലുന്നുണ്ട്‌. വിശാലമായ അര്‍ത്ഥത്തിലുള്ള രാഷ്ട്രീയം എല്ലാറ്റിലുമുണ്ടാകും. ബിയര്‍ പോലുള്ള തീര്‍ത്തും നിര്‍ദ്ദോഷമായ വസ്‌തുവില്‍ നിന്നും ജര്‍മന്‍രാഷ്ട്രീയചരിത്രത്തിലെ ഒരു സുപ്രധാനഏടിലേക്കാണ്‌ വിവരണം കടന്നുചെല്ലുന്നത്‌. 1923 ലെ ബിയര്‍ഹാള്‍ അട്ടിമറി സംഭവം ഹിറ്റ്‌ലറുടെ രാഷ്ട്രീയമായ ഉയര്‍ച്ചയിലെ നിര്‍ണായകസംഭവമായിരുന്നു. മ്യൂണിക്കില്‍ ഔദ്യോഗികചടങ്ങുകള്‍ നടക്കുന്ന പ്രധാനഹാളാണ്‌ ബിയര്‍ ഹാള്‍. റിപ്പബ്‌ളിക്കിന്റെ വാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തുന്നത്‌ തടയാനാണ്‌ ഹിറ്റ്‌ലറും കൂട്ടുകാരും കടന്നുചെന്ന്‌്‌ ബഹളമുണ്ടാക്കിയത്‌. പുറത്ത്‌ ആയിരക്കണക്കിന്‌ അനുയായികളെ അണിനിരത്തിയാണ്‌ ഹിറ്റ്‌്‌ലര്‍ തന്റെ ആദ്യത്തെ സുപ്രധാനഇടപെടല്‍ നടത്തിയത്‌. പോലീസ്‌ നടപടികള്‍ അക്രമത്തിലേക്ക്‌ നയിച്ചു. വെടിവെപ്പില്‍ പതിനാറുപേര്‍ മരിച്ചു. ഹിറ്റലര്‍ക്ക്‌ പരിക്കേറ്റു. ഹിറ്റ്‌ലര്‍ അധികാരത്തിലേക്കുള്ള മാര്‍ച്ച്‌ ആരംഭിക്കുന്നത്‌ ഈ സംഭവത്തിലൂടെയാണ്‌. അനില്‍കുമാറിന്റേത്‌ ഒരു യാത്രാവിവരണമായിരിക്കാം. എന്നാല്‍, ഇതും ഇതുപോലെയുള്ള ഏറെ ചരിത്രസംഭവങ്ങളും സവിസ്‌തരം വിവരിച്ചുകൊണ്ടാണ്‌്‌ അദ്ദേഹം ഓരോ പ്രദേശത്തുകൂടെയും കടന്നുപോകുന്നത്‌.

പത്രപ്രവര്‍ത്തകനായ അനില്‍കുമാറിന്‌ ജര്‍മനിയിലെ പത്രങ്ങളുടെ ചരിത്രത്തിലെ പ്രധാനസംഭവങ്ങള്‍ വിവരിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. യൂനസ്‌കോ മേധാവികള്‍ സാക്ഷരതാപ്രവര്‍ത്തനത്തെക്കുറിച്ച്‌ വിവരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ പരാമര്‍ശിച്ച ശേഷം ഗ്രന്ഥകാരന്‍ നേരെ പോകുന്നത്‌ പെനാങ്ങിലെ ഉപഭോക്തൃസമിതി പത്രങ്ങളെക്കുറിച്ച്‌ നടത്തിയ സെല്ലിങ്ങ്‌ ഡ്രീംസ്‌ എന്ന പഠനത്തിലേക്കാണ്‌. പത്രാധിപന്മാര്‍ പരസ്യങ്ങളെ ഭയപ്പെടുന്നു എന്ന നിരീക്ഷണത്തിലേക്ക്‌ വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ച ശേഷം പരസ്യമൊട്ടും ഇല്ലാതെ 1911 ല്‍ ചിക്കാഗോവില്‍ ഡേബുക്ക്‌ എന്ന പത്രമിറക്കിയ ഇ.ഡബ്‌ള്യൂ.സ്‌ക്രിപ്‌സിലേക്ക്‌ കടക്കുന്നു. പൊതുവെ അവഗണിക്കപ്പെടുന്ന വിഭാഗങ്ങളുടെ വാര്‍ത്തകള്‍ക്ക്‌ മുന്‍ഗണന നല്‍കിപ്പോന്ന ഈ പത്രത്തിന്‌ അധികകാലം നിലനില്‍ക്കാനായില്ലെന്നും ആറുവര്‍ഷത്തിന്‌ ശേഷം പത്രത്തിന്റെ താഴ്‌ വീണുവെന്നും അനില്‍കുമാര്‍ വിവരിക്കുന്നുണ്ട്‌. പ്രത്യക്ഷത്തില്‍ ജര്‍മനിയിലെ യാത്രയുമായി ബന്ധമില്ലാത്തതെന്ന്‌ തോന്നുമെങ്കിലും യാത്രാവിവരണത്തിന്റെ ഈ ശൈലി വിജ്ഞാനപ്രദവും രാഷ്‌്‌ട്രീയവിദ്യാഭ്യാസത്തിന്റെ സിലബസ്സില്‍ പെടുന്നതുമാണ്‌. അതുകൊണ്ടാണ്‌ യാത്രാവിവരണരചനയും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്‌ എന്ന്‌ പറയേണ്ടിവരുന്നത്‌.

ഫാസിസത്തിന്റെ ഏറ്റവും ആപല്‍ക്കര രൂപമായ നാസിസത്തിന്റെ വളര്‍ച്ചയിലേക്കും ജനാധിപത്യുപ്രസ്ഥാനങ്ങള്‍ക്ക്‌ എന്തുകൊണ്ട്‌ ഇത്‌ തടയാനായില്ല എന്ന്‌ ചോദ്യത്തിലേക്കും വെളിച്ചം വീശുന്ന വിവരണം ഈ കൃതി ഉള്‍ക്കൊള്ളുന്നു. ഗൃഹാതുരമായ ഒരു നിശ്ശബ്ദ ആരാധന ജര്‍മനിയില്‍ ഇന്നും ഹിറ്റ്‌ലറോടും നാസിസത്തോടും ഉണ്ടെന്ന ഗ്രന്ഥകാരന്റെ നിരീക്ഷണം ശരിയാണ്‌ എന്ന്‌ ജര്‍മന്‍ അനുഭവങ്ങള്‍ ആരേയും ബോധ്യപ്പെടുത്തും. ഒരു സാധാരണജര്‍മന്‍കാരനോട്‌ ഏതെങ്കിലും തെരുവോരത്ത്‌ നിന്ന്‌ എന്തെങ്കിലും ചോദിച്ചാല്‍ അവരുടെ ഭാഷയോടുള്ള അസാധാരണമായ അഭിനിവേശം ബോധ്യമാകും. ജര്‍മന്‍ അല്ലാത്ത ഭാഷ ലോകത്തുണ്ട്‌ എന്നുപോലും അംഗീകരിക്കാത്ത ആളുകളാണ്‌ അവരെന്ന്‌ തോന്നിപ്പോകും. ഇംഗ്ലീഷില്‍ ചോദിച്ചാലും ജര്‍മന്‍ അറിയില്ലെന്ന്‌ പറഞ്ഞാലും ജര്‍മനില്‍ ദീര്‍ഘനേരം കൈയും കലാശവും കാട്ടി പ്രഭാഷണം നടത്തുന്ന നിരവധി പേരെ ജര്‍മന്‍ യാത്രക്കിടയില്‍ സഹിക്കേണ്ടിവരും. ടാക്‌സിക്ക്‌ ഫോണ്‍ ചെയ്‌തപ്പോള്‍, ‘ ജര്‍മനിയിലാണെങ്കില്‍ നിങ്ങള്‍ ജര്‍മന്‍ഭാഷ അറിഞ്ഞേതീരൂ’ എന്ന്‌ ഈ ലേഖകനോട്‌ ഒരു വനിത ഇംഗ്ലീഷില്‍ അധികാരസ്വരത്തില്‍ പറഞ്ഞത്‌ ഇന്നും മറക്കാന്‍ കഴിയാത്ത അനുഭവമാണ്‌. ഒരുപാട്‌ നല്ല ഗുണങ്ങളുള്ള ജനതയാണ്‌ എന്ന്‌ പറയുമ്പോള്‍ത്തന്നെ ഈ വശം മറക്കാവുന്നതല്ല. വിദേശികളെക്കണ്ടാല്‍ ദ്രോഹിക്കുന്ന നിയോ നാസികളുടെ വളര്‍ച്ച ഈ അപകടകരമായ വശത്തിലേക്ക്‌ വെളിച്ചം വീശുന്നു.

` എന്റെ രാജ്യം, എന്റെ ജനത’, മെയ്‌ന്‍കാംഫും ചാടിവീഴുന്ന വാക്കുകളും ` എന്നീ അദ്ധ്യായങ്ങള്‍ നാസിസത്തിന്റെ ഉദയവും വളര്‍ച്ചയും ഹിറ്റ്‌ലറുടെ അധികാരാരോഹണവും സംബന്ധിച്ച വിലപ്പെട്ട വിവരങ്ങള്‍ അടങ്ങിയ അധ്യായങ്ങളാണ്‌. എന്തുമാത്രം വിനാശകരമായിരുന്നു ആ തത്ത്വശാസ്‌ത്രം എന്ന്‌ ലേഖകന്‍ വിവരിക്കുന്നു. മെയ്‌ന്‍കാംഫ്‌ എന്നത്‌ ഹിറ്റ്‌ലറുടെ ആത്മകഥയാണ്‌, നാസിസത്തിന്റെ താത്ത്വികഗ്രന്ഥവുമാണ്‌. ആ ഗ്രന്ഥമുണ്ടാക്കിയ നാശം വിവരിച്ചാല്‍ തീരാത്തതാണ്‌. ലോകത്തിന്റെ ഗതിയെത്തന്നെ അതുപിടിച്ചുനിറുത്തി. എത്രപേര്‍ക്ക്‌ ജീവന്‍ നഷ്ടപ്പെട്ടു, ജീവിതം നഷ്ടപ്പെട്ടു എന്ന്‌ ഇപ്പോഴും കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ല. ഒരു കണക്കനുസരിച്ച്‌ മെയ്‌ന്‍കാംഫിന്റെ ഓരോ വാക്കിനും 125 ജീവിതങ്ങള്‍ നഷ്ടമായി. ഓരോ പേജിനും 47000 മരണം, ഓരോ അധ്യായത്തിലും പന്ത്രണ്ട്‌ലക്ഷം മരണം ! രണ്ടാം ലോകമഹായുദ്ധത്തിന്‌ മുമ്പ്‌ തന്നെ ഈ ഗ്രന്ഥത്തിന്റെ 61 ലക്ഷം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. വര്‍ഷത്തില്‍ റോയല്‍ട്ടി മാത്രമായി ഹിറ്റ്‌ലര്‍ക്ക്‌ പത്ത്‌ ലക്ഷം മാര്‍ക്ക്‌ ലഭിച്ചുപോന്നു. ബൈബ്‌ള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വിറ്റഴിഞ്ഞതെന്ന അവകാശവാദവുമുണ്ടായി.

അനില്‍കുമാര്‍ സ്വാഭാവികവും തന്റെ താമസത്തിന്റെ മുഖ്യഭാഗം ചിലവഴിച്ചത്‌ ഹിറ്റ്‌ലറേയും നാസിസത്തേയും കുറിച്ച്‌ പഠിക്കാനാണ്‌. ഒപ്പം ഇന്ത്യയില്‍ ഒരു വിഭാഗം ഈ തത്ത്വസംഹിതയില്‍ നിന്ന്‌ ആവേശമുള്‍ക്കൊണ്ടിരുന്നു എന്ന, ചിലര്‍ക്ക്‌ ‘ രസിക്കാത്ത സത്യ’ ത്തിലേക്കും വെളിച്ചം വീശുന്നുണ്ട്‌. 1925 ല്‍ ആര്‍.എസ്‌. എസ്സിന്റെ രൂപവവല്‍ക്കരണവും വളര്‍ച്ചയും നാസി പാര്‍ട്ടിയുടെ കാലടികള്‍ പിന്തുടര്‍ന്നുകൊണ്ടായിരുന്നുവെന്നത്‌ ഏറെ തെളിവുകള്‍ നിരത്തി അനില്‍കുമാര്‍ സ്ഥാപിക്കുന്നുണ്ട്‌. ജൂതരുടെ പ്രശ്‌നം ഹിറ്റ്‌ലര്‍ പരിഹരിച്ചതുപോലെ ഇന്ത്യയിലെ മുസ്ലിം പ്രശ്‌നം പ്രശ്‌നം പരിഹരിക്കണം എന്ന്‌ വാദിച്ചിരുന്നു പല ആര്‍.എസ്‌. എസ്‌ നേതാക്കളും. ഇതിന്‌ ഒരു മറുവശമുണ്ട്‌. രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തോടെയാണ്‌ നാസിസത്തെക്കുറിച്ചും ജര്‍മനിയില്‍ നടമാടിയ ഉന്മൂലനത്തെക്കുറിച്ചും ലോകമറിഞ്ഞത്‌. അതും വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം. ലോകയുദ്ധത്തിന്‌ മുമ്പ്‌ ഹിറ്റ്‌ലര്‍ക്ക്‌ ലോകം മുഴുവന്‍ ആരാധകരുണ്ടായിരുന്നു. കമ്യൂണിസ്റ്റുകാര്‍ പോലും ഹിറ്റ്‌ലറെ പൂര്‍ണമായി മനസ്സിലാക്കി എന്ന്‌ പറയാനാവില്ല. മനസ്സിലായിരുന്നുവെങ്കില്‍ ഹിറ്റ്‌ലറുമായി യുദ്ധമില്ലാക്കരാര്‍ ഉണ്ടാക്കാന്‍ സ്റ്റാലിന്‍ ഒരുമ്പെടുമായിരുന്നുവോ ? നാസിസത്തിന്റെ രാഷ്ട്രീയ ഘടനയും കമ്യൂണിസത്തിന്റെ സാമ്പത്തിക ഘടനയും ഉള്ള രാഷ്ട്രമാണ്‌ താന്‍ ലക്ഷ്യം വെക്കുന്നതെന്ന്‌ സുഭാഷ്‌ ചന്ദ്ര ബോസ്‌ ബര്‍മയിലെ പോരാട്ടകാലത്ത്‌ പോലും പ്രസംഗിച്ചിരുന്നതായി ഐ.എന്‍.എ അനുഭവങ്ങള്‍ എഴുതിയ പലരും സൂചിപ്പിച്ചിട്ടുണ്ട്‌. അതൊരു രാഷ്ട്രീയതര്‍ക്കവിഷയമാണ്‌. ഇവിടെ അതേറെ വിശദീകരിക്കേണ്ടതില്ലെന്നു തോന്നുന്നു.
യാത്രക്കിടയില്‍ അനില്‍കുമാര്‍ കണ്ടെത്തിയ ഒരു മലയാളിയെക്കുറിച്ചുള്ള വിവരണം ഏറെ ആനന്ദമേകി. പഴയ ഒരു സൂഹൃത്തിനെ അപ്രതീക്ഷിതമായി കണ്ടെത്തിയാലുള്ള സന്തോഷം. ഫ്രാങ്ക്‌ഫര്‍ട്ടില്‍ മറ്റൊരു മലയാളി മുഖേനയാണ്‌ അനില്‍കുമാര്‍ അഗസ്റ്റില്‍ എലഞ്ഞിപ്പള്ളിയെ പരിചയപ്പെട്ടത്‌. പതിനേഴ്‌ വര്‍ഷം മുമ്പ്‌ ഈ ലേഖകന്‍ ജര്‍മന്‍ യാത്രക്കിടയില്‍ ആദ്യം കണ്ട മലയാളി ഇതേ അഗസ്റ്റില്‍ ഇലഞ്ഞിപ്പള്ളി തന്നെ. അന്ന്‌ ഡുസല്‍ഡോര്‍ഫിനടുത്ത്‌ വുപ്പര്‍താളില്‍ വെച്ചാണ്‌ അദ്ദേഹത്തെ കണ്ടത്‌. നേരത്തെ, കോഴിക്കോട്‌ ഓഫീസില്‍ നിന്ന്‌ പുറപ്പെടുംമുമ്പ്‌ ചിത്രകാരന്‍ ജെ.ആര്‍.പ്രസാദാണ്‌ അഗസ്റ്റിന്റെ വിലാസം എന്നെ ഏല്‌്‌പ്പിച്ചിരുന്നത്‌. ഒരു സായാഹ്നം അദ്ദേഹത്തോടൊപ്പം ചെലവഴിച്ചതും രാത്രി വൂപ്പര്‍നദിക്ക്‌ മുകളിലൂടെ നിര്‍മിച്ച റെയിലിന്മേല്‍ തൂങ്ങിക്കിടന്നോടുന്ന പ്രത്യേകതരം തീവണ്ടി കാണാന്‍ പോയതും പാതിരാത്രിക്ക്‌ ശേഷം നൂറ്റിഇരുപതിലേറെ കിലോമീറ്റര്‍ എന്നെ മിന്നല്‍വേഗത്തില്‍ കാറോടിച്ച്‌ ബോണില്‍ കൊണ്ടുചെന്നാക്കിയതും അന്ന്‌ മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിലെഴുതിയ യാത്രാവിവരണത്തില്‍ ഞാന്‍ വിവരിച്ചിരുന്നു. ഭാര്യ പുഷ്‌പക്കും രണ്ടുമക്കള്‍ക്കുമൊപ്പം അന്നദ്ദേഹം അവിടെയൊരു ഫ്‌ളാറ്റിലാണ്‌ താമസിച്ചിരുന്നത്‌. എല്ലാം മതിയാക്കി നാട്ടിലേക്ക്‌ മടങ്ങണമെന്ന്‌ അന്നദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആ ആഗ്രഹം സാധിച്ചിട്ടില്ലെന്ന്‌ അനില്‍കുമാറിന്റെ യാത്രാവിവരണം വായിച്ചപ്പോള്‍ മനസ്സിലായി. ശാലിനി എന്റെ കൂട്ടുകാരി ഉള്‍പ്പെടെ പല മലയാള സിനിമകളുടെയും നിര്‍മാതാവാണ്‌ അഗസ്റ്റിന്‍.

കാണുന്ന എല്ലാറ്റിന്റെയും ചരിത്രത്തിലൂടെ പിന്നോട്ട്‌ നടക്കുന്ന അനില്‍കുമാര്‍ എന്തുകൊണ്ടോ ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയുടെയും അതിനിടയാക്കിയ രാഷ്ട്രീയമാറ്റങ്ങളുടെയും പിന്നിലേക്ക്‌ പോകാന്‍ അധികം മെനക്കെട്ടതായി കണ്ടില്ല. ‘ ഏകീകരണത്തിന്റെ മധുവിധു അവസാനിച്ചപ്പോള്‍ ‘ എന്ന അധ്യായം പതിനാറുവര്‍ഷത്തെ അനുഭവപാഠങ്ങളെക്കുറിച്ച്‌ ചിലതെല്ലാം പറയുന്നുണ്ടെന്നത്‌ ശരിയാണ്‌. ഒരുദിവസം കടകള്‍ അടഞ്ഞുകിടക്കുന്നതും ആളുകള്‍ അവധിയുടെ ലഹരിയില്‍ നടക്കുന്നതും കണ്ടപ്പോഴാണ്‌ അത്‌ ഏകീകരണത്തിന്റെ വാര്‍ഷികമാണ്‌ എന്ന്‌ അറിയുന്നത്‌.പതിനാറുവര്‍ഷം പിന്നിട്ടിട്ടും രണ്ടുജര്‍മനിയിലും ഒരേ ജീവിതവ്യവസ്ഥ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഏകീകരണം നടന്ന 1990 ല്‍ വാഗ്‌ദാനം ചെയ്‌തിരുന്നത്‌ അഞ്ചുവര്‍ഷം കൊണ്ട്‌ അത്‌ സാധിക്കുമെന്നായിരുന്നു. നാലര പതിറ്റാണ്ട്‌ കാലത്തെ ഏകാധിപത്യത്തിന്റെ മതില്‍ചാടി പുറത്ത്‌ കടന്ന്‌ ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും ആസ്വദിച്ചുവെങ്കിലും കിഴക്കന്‍ ജര്‍മന്‍കാര്‍ അപ്പോഴേക്കും ആഗോളവല്‍ക്കരണത്തിന്റെ ദുരന്തങ്ങളിലേക്കാണ്‌ നയിക്കപ്പെട്ടത്‌. ഏതാണ്‌ വലിയ ദുരന്തമെന്ന്‌ പറയാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ അവര്‍.

പക്വമതിയായ ഒരു യാത്രക്കാരന്‍ യാത്രയില്‍ മുഴുകുമ്പോഴും വീടിനെ മറക്കുന്നില്ല, നാടിനെ മറക്കുന്നില്ല. യാത്ര നമ്മെ അകലേക്ക്‌ പിടിച്ചുവലിക്കും. വീടില്‍നിന്നും പുറത്തേക്കുള്ള പാതയാണ്‌ യാത്ര. പാത പലതും വിസ്‌മരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. യാത്രയില്‍ നിങ്ങള്‍ മറ്റൊരാളായി മാറിയേക്കും. നാട്ടിന്റെ, തൊഴിലിന്റെ, താന്‍ എന്ന വ്യക്തിയുടെ യാഥാര്‍ഥ്യങ്ങളില്‍ നിന്നെല്ലാം പുറത്ത്‌ കടക്കാനുള്ള പ്രേരണയുണ്ടാകുന്നു. അതൊരു പിടിവലിയാണ്‌. അനില്‍കുമാര്‍ അത്‌ അനുഭവിച്ചുവോ എന്നറിയില്ല. തീര്‍ച്ചയായും അദ്ദേഹം അതിന്‌ വഴങ്ങിയിട്ടില്ല എന്ന്‌ ഈ യാത്രാവിവരണം തെളിവുതരുന്നു.

ജര്‍മന്‍ സ്‌കെച്ചുകള്‍
അനില്‍കുമാര്‍ എ.വി
ഗ്രീന്‍ ബുക്‌സ്‌
വില 105 രൂപ

Leave a Reply

Your email address will not be published. Required fields are marked *

Go Top