രണ്ട് വാര്‍ത്താ ഏജന്‍സി ജീവിതങ്ങള്‍- ഇവര്‍ വിസ്മരിക്കപ്പെടുകയില്ല

എൻ.പി.രാജേന്ദ്രൻ

പത്രപ്രവര്‍ത്തകനാകുന്നതു വരെ എനിക്കും വാര്‍ത്താ ഏജന്‍സികളെക്കുറിച്ച് വലിയ പിടിപാടുണ്ടായിരുന്നില്ല. അങ്ങനെ ചിലതുണ്ട് എന്നറിയാമെന്നല്ലാതെ രീതികളൊന്നും അറിയില്ല. പത്രവാര്‍ത്തകളോടൊപ്പം സ്വന്തം ലേഖകന്‍ എന്നും മറ്റും ചേര്‍ക്കുന്നതുപോലെ പി.ടി.ഐ എന്നും യു.എന്‍.ഐ എന്നും ചേര്‍ത്തിരുന്ന കാലം ഉണ്ടായിരുന്നു. ഇന്നത്തെ തലമുറ അതും കണ്ടിട്ടില്ല. വാര്‍ത്തകള്‍ ശേഖരിച്ച് ലോകമെങ്ങും പത്രസ്ഥാപനങ്ങള്‍ക്ക് എത്തിക്കുന്നത് വാര്‍ത്താ ഏജന്‍സികളാണ്. പക്ഷേ, അവര്‍ നിര്‍ഭാഗ്യവന്മാരാണ്. വായനക്കാര്‍ അവരുടെ സേവനം അറിയാറില്ല. അവരുടെ ലേഖകരുടെ പേരുകള്‍ വാര്‍ത്ത വായിക്കുന്നവര്‍ അറിയുകയില്ല.

1981 മുതല്‍ ന്യൂസ് റൂമില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു അനീതി കണ്ട് ഞാന്‍ പലപ്പോഴും അമ്പരന്നിട്ടുണ്ട്. മിക്കവാറും എല്ലാ പ്രധാന ദേശീയവാര്‍ത്തകളും തരുന്നത് പി.ടി.ഐ, യു.എന്‍.ഐ എന്നീ രണ്ട് വാര്‍ത്താ ഏജന്‍സികളാണ്. ആ റിപ്പോര്‍ട്ടുകള്‍ മലയാളത്തിലാക്കുകയാണ് മാതൃഭൂമി കോഴിക്കോട് സെന്‍ട്രല്‍ ഡസ്‌കിലെ ഞങ്ങളുടെ പ്രധാനജോലി. അതേപടി കൊടുക്കണം എന്നില്ല. ചിലപ്പോള്‍ രണ്ട് ഏജന്‍സികളുടെ വാര്‍ത്തകള്‍ കൂട്ടിക്കലര്‍ത്തി മൂന്നാമതൊന്നു സൃഷ്ടിക്കും. കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുമാകാം. പക്ഷേ… വാര്‍ത്തയിലൊരിടത്തും ഏജന്‍സിയെക്കുറിച്ച് മിണ്ടില്ല. അതു പോകട്ടെ, മിക്കപ്പോഴും ഏജന്‍സി റിപ്പോര്‍ട്ടുകള്‍ക്ക് പത്രത്തിലെ സ്വന്തം ലേഖകരുടെ ബൈലൈന്‍ കൊടുക്കുക എന്ന അതിക്രമവും ഏതാണ്ടെല്ലാ ദിവസവും കാണിക്കാറുണ്ട്. ഒരു പ്രമുഖ ലേഖകന്‍ പ്രധാന വാര്‍ത്തകളുടെ തലക്കെട്ടും ആദ്യത്തെ മൂന്നു വാചകവും എഴുതിയയക്കും. ചുവടെ add agency എന്നു ചേര്‍ക്കും. പണിതീര്‍ന്നു!

അജ്ഞാതനായി പ്രവര്‍ത്തിച്ച് അപ്രത്യക്ഷമാകുമായിരുന്ന വാര്‍ത്താഏജന്‍സി ലേഖകരുടെ കൂട്ടത്തില്‍ പെട്ട രണ്ട് മലയാളി ലേഖകര്‍ അവരുടെ ജീവിതകഥ വരും തലമുറകള്‍ക്കു വേണ്ടി എഴുതി വെച്ചിട്ടുണ്ട്.  വി.പി. രാമചന്ദ്രനും കെ.പി. കൃഷ്ണനുണ്ണയും. എഴുതിവച്ചതു കൊണ്ടു അവര്‍ മറക്കപ്പെടില്ല എന്നുറപ്പിക്കാം. അവര്‍ തമ്മില്‍ ഒരു വ്യത്യാസമുണ്ട്. വി.പി.ആര്‍ എന്ന വി.പി.രാമചന്ദ്രന്‍ അജ്ഞാതനായല്ല പത്രരംഗം വിട്ടത്. മാതൃഭൂമി പത്രാധിപത്യവും കേരള മീഡിയ അക്കാദമി അദ്ധ്യക്ഷപദവിയും വഹിച്ച, കേസരി-സ്വദേശാഭിമാനി പുരസ്‌കാരം നേടിയ വ്യത്യസ്തനായ ഒരു പത്രപ്രവര്‍ത്തകനാണ് വി.പി.രാമചന്ദ്രന്‍.  95 പിന്നിട്ട് എറണാകുളം കാക്കനാട്ട് വിശ്രമജീവിതം നയിക്കുന്ന വി.പി.ആറിനു ദീര്‍ഘമേറിയ പത്രപ്രവര്‍ത്തനജീവിതത്തിന്റെ എണ്ണമറ്റ കഥകള്‍ പറയാനുണ്ട്. പക്ഷേ,അദ്ദേഹം അധികമൊന്നും പറയാറില്ല. അദ്ദേഹത്തിന്റെ ജീവിതകഥയുടെ നല്ലൊരു ഭാഗം അദ്ദേഹം രചിച്ച് കേരള പ്രസ് അക്കാദമി (ഇപ്പോള്‍ മീഡിയ അക്കാദമി) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്- VPR Revisited-The life and times of an extra ordinary journalist. വാര്‍ത്താ ഏജന്‍സികളുടെ വേറെയും നിരവധി ലേഖകര്‍ തൊഴില്‍രംഗത്തു വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ആത്മകഥകളോ ഓര്‍മക്കുറിപ്പുകളോ എഴുതിയതായി അറിയില്ല.

വിനീതമായ തുടക്കം
വി.പി.ആറിന്റെ തലമുറയില്‍പ്പെട്ട പാശ്ചാത്യ പത്രാധിപന്മാരുടെ ജീവചരിത്രക്കുറിപ്പുകള്‍ വായിച്ചപ്പോഴെല്ലാം ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. അവരില്‍ നല്ലൊരു പങ്ക് ആളുകള്‍ നേരെ വന്ന്  റിപ്പോര്‍ട്ടര്‍മാരോ എഡിറ്റര്‍മാരോ ആയവരല്ല. അതിനുള്ള വിദ്യാഭ്യാസം പോലും നേടിയവരല്ല. പലരും ന്യൂസ്‌റൂമുകളില്‍ കോഫി ബോയ്‌സ് അല്ലെങ്കില്‍ പ്യൂണ്‍മാര്‍ ആയിരുന്നു.സാമാന്യവിദ്യാഭ്യാസയോഗ്യത പോലും ഇല്ലാത്ത പലരും ന്യൂസ്‌റൂമിലിരുന്ന് കാര്യങ്ങള്‍ പഠിച്ച്  നല്ല ലേഖകരും കോളമിസ്റ്റുകളും എഡിറ്റര്‍മാരും ആയിട്ടുണ്ട്. തീര്‍ച്ചയായും അഭിരുചിയും അര്‍പ്പണബോധവും ആണ് അവരെ വലിയ സ്ഥാനങ്ങളിലെത്തിച്ചത് എന്ന കാര്യത്തില്‍ സംശയമില്ല. നമ്മുടെ പത്രാധിപന്മാരില്‍ ആ വിധത്തില്‍ പെട്ടവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒരാള്‍ വി.പി.രാമചന്ദ്രനാണ്. അദ്ദേഹം ഒരു ടെലിപ്രിന്റര്‍ ഓപ്പറേറ്റര്‍ ആയി ന്യൂസ് എജന്‍സിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മാതൃഭൂമിയുടെ പത്രാധിപര്‍ വരെ ആയിട്ടുണ്ട്.

അസാധാരണത്വങ്ങളും യാദൃച്ഛികതകളും അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം ഉണ്ട്. രാമദാസ് എന്നാണ് അദ്ദേഹത്തിന് മാതാപിതാക്കള്‍ വിളിച്ച പേര്. ഒട്ടും ആരോഗ്യമില്ലാത്ത വികൃതമുഖം ഉള്ള ഒരു കുഞ്ഞായിരുന്നു രാമദാസ്. കുരങ്ങനെപ്പോലെ ആയിരുന്നു എന്നാണ് വി.പി.ആര്‍ തന്നെ എഴുതുന്നത്!  രാമന്റെ ദാസന്‍ എന്നു വിളിച്ചതുകൊണ്ടാണ് കുഞ്ഞിന് വൈകൃതമുണ്ടായത് എന്ന് ആരെല്ലാമോ പറഞ്ഞതു കേട്ട് രക്ഷിതാക്കള്‍ പേരു രാമചന്ദ്രന്‍ എന്നാക്കി. അതിനു ശേഷം കുഞ്ഞിന് ആരോഗ്യവും മുഖപ്രസാദവും ഉണ്ടായത്രെ! തുടര്‍ന്ന് വി.രാമചന്ദ്രന്‍ എന്ന പേരുമായി സ്‌കൂളില്‍ ചേര്‍ന്ന കുട്ടിയുടെ പേര് ഏതോ ഘട്ടത്തില്‍ ഏതോ സ്‌കൂള്‍ ക്ലര്‍ക്ക് വി.പി രാമചന്ദ്രന്‍ എന്നു മാറ്റി. ആരോട് ചോദിക്കാന്‍!

ജോലി തേടി എസ്.എസ്.എല്‍.സി, ടൈപ്പിസ്റ്റ്, ഷോര്‍ട്ട്ഹാന്‍ഡ് സര്‍ട്ടിഫിക്കറ്റുകളുമായി പുനെയില്‍ എത്തിയ രാമചന്ദ്രന് മിലിട്ടറി ഓഫീസിലാണ് ആദ്യം താല്ക്കാലിക നിയമനം കിട്ടിയത്. അവിടെ ജോലി ചെയ്തു കൊണ്ടിരിക്കേ ഉണ്ടായ ഒരു യാദൃച്ഛികസംഭവം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വഴി തിരിച്ചുവിട്ടതു കൗതുകകരമാണ്. റോഡില്‍ രണ്ട് സൈക്കിളുകള്‍ കൂട്ടിയിടിച്ച് വീണവരെ സഹായിക്കാന്‍ ചെന്നതായിരുന്നു രാമചന്ദ്രന്‍. അവരെ എഴുന്നേല്‍പ്പിച്ച് സൈക്കിള്‍ കയറാന്‍ സഹായിച്ച ശേഷം പരിചയപ്പെട്ടു. ഒരാള്‍ മലയാളിയായ ഒരു വാര്‍ത്താ ഏജന്‍സി ലേഖകനാണ്. റോയ്‌റ്റേഴ്‌സ് ലേഖകന്‍. ആ സൗഹൃദം ക്രമേണ വളര്‍ന്നുണ്ടായപ്പോള്‍ രാമചന്ദ്രന്‍ 1945-ല്‍ റോയ്‌റ്റേഴ്‌സ് ഓഫീസില്‍ ടെലിപ്രിന്റര്‍ ഓപറ്റേറ്റര്‍ ആവുകയുമാണ് ഉണ്ടായത്. റോയ്‌റ്റേഴ്‌സിന്റെ ഇന്ത്യന്‍ ഏജന്‍സിയെ അന്നു അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യ(എ.പി.ഐ) എന്നാണ് വിളിച്ചിരുന്നത്. സ്വാതന്ത്ര്യലബ്ധിയോടെ  അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യ, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ(പി.ടി.ഐ) ആയി.

പി.ടി.ഐയില്‍ അന്നു ചെറിയ ശമ്പളവും  മോശമായ ജീവിതസാഹചര്യങ്ങളുമൊക്കെയായിരുന്നതു കൊണ്ട് രാമചന്ദ്രന്‍ എവിടേക്കെങ്കിലും മാറാന്‍ വഴി തേടുകയായിരുന്നു. ശമ്പളക്കുറവില്‍ പ്രതിഷേധിച്ചിരുന്നതു കൊണ്ട് രാമചന്ദ്രനെ സ്ഥലംമാറ്റാന്‍ മാനേജ്‌മെന്റ് ആലോചിക്കുന്നുമുണ്ടായിരുന്നു. എന്തായാലും സ്ഥലംമാറ്റം വൈകിയില്ല. അസമിന്റെ തലസ്ഥാനമായ ഗുവഹാട്ടിയേക്കാണ് മാറ്റപ്പെട്ടത്. 1947-ലാണത്.  വളരെ വിദൂരവും തീര്‍ത്തും അവികസിതവും ആയ ആ പട്ടണത്തിലേക്ക് സന്തോഷപൂര്‍വമാണ് അദ്ദേഹം പോയത്. രാത്രിയാകുമ്പോഴേക്ക് കൂരിരുട്ടില്‍ വന്യമൃഗങ്ങള്‍ ഇറങ്ങിനടക്കുന്ന, യാത്രചെയ്യാന്‍ കുതിരവണ്ടികള്‍ മാത്രമുള്ള, ഓല മേഞ്ഞ ഷെഡ്ഡുകളല്ലാതെ ഒരു കോണ്‍ക്രീറ്റ് കെട്ടിടം പോലുമില്ലാത്ത പട്ടണമായിരുന്നെങ്കിലും രാമചന്ദ്രന് ഒരു മെച്ചം കിട്ടി. അദ്ദേഹം അവിടെ റിപ്പോര്‍ട്ടര്‍ ജോലിയില്‍ പരിചയം നേടി. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹവും.

പിന്നിട്, 1951 ആവുമ്പോഴേക്ക് ബോംബെയില്‍ മടങ്ങിയെത്തിയതുകൊണ്ട് അവിടെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ലഭിച്ചു. 1955-ല്‍ രണ്ടാം പൊതുതിരഞ്ഞെടുപ്പാവട്ടെ പഞ്ചാബില്‍ സഞ്ചരിച്ചാണ് റിപ്പോര്‍ട്ട് ചെയ്തത്.

പാകിസ്താനിലേക്ക് 
അപ്രതീക്ഷിതമായി പാകിസ്താനിലേക്ക് നിയോഗിക്കപ്പെട്ടത് രാമചന്ദ്രന് വലിയ അവസരവും വെല്ലുവിളിയുമായി. കറാച്ചി ആയിരുന്നു തലസ്ഥാനമെങ്കിലും ലാഹോറായിരുന്നു രാഷ്ട്രീയകേന്ദ്രം. വിഭജനത്തിന്റെയും കലാപങ്ങളുടെയും വൈരാഗ്യങ്ങളും അവിശ്വാസങ്ങളും നിലനില്‍ക്കെ ലാഹോറില്‍ പ്രവര്‍ത്തിക്കുക അനായാസമായിരുന്നില്ല. സദാ പൊലീസ് പിന്തുടര്‍ന്നു കൊണ്ടിരുന്നു. പത്രപ്രവര്‍ത്തകനാണോ ചാരനാണോ എന്നറിയില്ലല്ലോ. ഇന്ത്യക്കാരനുമായി ഇടപെടാന്‍ ആളുകള്‍ക്കും ഭയമായിരുന്നു.

1958-ല്‍ പട്ടാളം പാകിസ്താന്‍ ഭരണം കയ്യടക്കിയതോടെ സ്ഥിതി ഒന്നു കൂടി മോശമായി. പട്ടാളവിപ്ലവവാര്‍ത്ത അവിടത്തെ  പത്രങ്ങളില്‍ വന്നിരുന്നുവെങ്കിലും വിദേശപത്രങ്ങള്‍ക്കു സമ്പൂര്‍ണ വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഒന്നും റിപ്പോര്‍ട്ട് ചെയ്തുകൂട. പാകിസ്താനില്‍ പട്ടാളവിപ്ലവം എന്ന ഒരു വരി മാത്രമാണ് റോയ്‌റ്റേഴ്‌സ് അയച്ച വാര്‍ത്തയില്‍ ഉണ്ടായിരുന്നത്. ലോകം അന്നു മറ്റൊന്നും അറിഞ്ഞില്ല. പി.ടി.ഐ ലേഖകനായ വി.പി.ആറിന് വാര്‍ത്ത അയക്കാനുള്ള ഒരു വഴിയും കണ്ടെത്താനായില്ല. ആലോചിച്ചപ്പോള്‍ ഒരു വഴി തോന്നി. പുലരും മുമ്പ് പത്രങ്ങള്‍ ഇറങ്ങും. പുലര്‍ച്ചെ പാകിസ്താന്‍ ടൈംസ് പത്രം വാങ്ങി എയര്‍ ഇന്ത്യ മാനേജരുടെ വീട്ടിലെത്തി അദ്ദേഹത്തെ വിളിച്ചുണര്‍ത്തി. പരിചയമുള്ള ആളാണ്. ഏഴു മണിക്കു വരുന്ന ഡല്‍ഹി വിമാനം ഏഴരയ്ക്കു മടങ്ങിപ്പോകാറുണ്ട്. പൈലറ്റ് വശം പത്രം കൊടുത്തയക്കണമെന്നും പി.ടി.ഐ ഓഫീസില്‍ എത്തിക്കണമെന്നും അദ്ദേഹത്തോട് അപേക്ഷിച്ചു. അപകടകരമായ ദൗത്യമാണ്. ജയിലിലാകും. സൗഹൃദത്തിന്റെ ബലം കൊണ്ടുമാത്രം മാനേജര്‍ ആ ദൗത്യം ഏറ്റു. വിമാനം പുറപ്പെട്ട ശേഷം മാത്രമേ അദ്ദേഹത്തിനു ശ്വാസം നേരെയായുള്ളൂ. പി.ടി.ഐയില്‍ എത്തിച്ച പത്രത്തിലെ ചൂടുള്ള വിവരങ്ങളാണ് പട്ടാളവിപ്ലവ വാര്‍ത്തയായി ലോകമെമ്പാടും എത്തിയത്. താന്‍ കൈകാര്യം ചെയ്ത വാര്‍ത്തകളില്‍ എക്കാലവും ഓര്‍ക്കുന്ന സ്‌കൂപ്പുകളില്‍ ഒന്നു ഇതാണ് എന്നു രാമചന്ദ്രന്‍ ആത്മകഥക്കെഴുതിയ ആമുഖത്തില്‍ പറയുന്നുണ്ട്.

ലാഹോറിലെ പ്രവര്‍ത്തനകാലത്ത് വി.പി.ആറിനു വലിയ സഹായമായിരുന്ന ഒരു മലയാളിയുണ്ട്. രാഷ്ട്രീയ നേതാവായ ബി.എം.കുട്ടി. തിരൂരുകാരനായിരുന്ന അദ്ദേഹം പാക് പൗരത്വം നേടി അവിടെ തുടരുകയായിരുന്നു. ഒരു മലയാളി പത്രലേഖകന്‍ വന്നിട്ടുണ്ട് എന്നറിഞ്ഞ് അങ്ങോട്ടു ചെന്ന് പരിചയപ്പെടുകയായിരുന്നു അദ്ദേഹം. പിന്നെ അവര്‍ കുടുംബസുഹൃത്തുക്കളായി. ലാഹോറില്‍ ജോലി ചെയ്യുന്ന കാലത്താണ് വി.പി.ആര്‍ വിവാഹിതനായത്. കുറച്ചുകാലം ഭാര്യയെ അദ്ദേഹം ലാഹോറില്‍ കൊണ്ടുവന്നു. അവരും ബി.എം. കുട്ടിയുടെ ഭാര്യയും സുഹൃത്തുക്കളായി. ഓര്‍മക്കുറവു കൊണ്ടാവാം വി.പി.ആര്‍ ആത്മകഥയില്‍ ബി.എം. കുട്ടിയെക്കുറിച്ച് ഒന്നും എഴുതുകയുണ്ടായില്ല. പക്ഷേ, അദ്ദേഹവുമൊപ്പമുള്ള ഒരു ഫോട്ടോ ഉണ്ട്.  എന്നാല്‍, ന്നു അക്കാദമി ചെയര്‍മാനായിരുന്ന ഞാന്‍, ആത്മകഥയില്‍ ചേര്‍ക്കാന്‍ വി.ആറിനെക്കുറിച്ച് ഒരു ഓര്‍മക്കുറിപ്പ് അയച്ചുതരണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ബി.എം. കുട്ടി വിസ്തരിച്ച കുറിപ്പ് അയച്ചുതന്നിരുന്നു. ബി.എം കുട്ടി 2019 ആഗസ്റ്റ് 24ന് അന്തരിച്ചു.

എന്തെന്തു ചരിത്രസംഭവങ്ങള്‍
1969-ലെ കോണ്‍ഗ്രസ് പിളര്‍പ്പ് ഓരോ ദിവസവും ആവേശപൂര്‍വം റിപ്പോര്‍ട്ട് ചെയ്തത് അവിസ്മരണീയമായ തൊഴിലനുഭവമായിരുന്നു. പാര്‍ട്ടിയിലെ രണ്ടു പക്ഷവും രാത്രി വൈകി എതിര്‍പക്ഷത്തേക്കു തൊടുത്തുവിട്ടിരുന്ന കത്തുകള്‍ കവര്‍ ചെയ്യാന്‍ എല്ലാവരും അര്‍ദ്ധരാത്രി വരെ കാത്തുനില്‍ക്കുമായിരുന്നു. എതിര്‍പക്ഷം അന്നുതന്നെ മറുപടി പറയാതിരിക്കാനാണ് രാത്രിയാക്കുന്നത്. ഒരു ദിവസം രാത്രി വൈകി രാമചന്ദ്രന്റെ കൈയില്‍മാത്രം കിട്ടിയ ഒരു കത്ത് ഏജന്‍സി വാര്‍ത്തയാക്കി. എക്‌സ്‌ക്ലൂസീവ് വാര്‍ത്ത. പക്ഷേ, എന്തോ കാരണത്താല്‍ അതു രാത്രി വൈകി ഇന്ദിരാഗാന്ധി പിന്‍വലിച്ചു. അതു ഏജന്‍സി അറിഞ്ഞില്ല. ഇല്ലാത്ത കത്തു റിപ്പോര്‍ട്ട് ചെയ്തത് വലിയ കോലാഹലമായതു വി.പി.ആര്‍ വിവരിക്കുന്നുണ്ട്. ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള മുഴുവന്‍ സമുന്നത നേതാക്കന്മാരുമായും അടുത്ത ബന്ധം സ്ഥാപിക്കാന്‍ ഈ കാലത്തെ രാഷ്ട്രീയസംഭവങ്ങള്‍ വി.പി.ആറിനു സഹായകമായി.

പി.ടി.ഐയില്‍ ചില സഹപ്രവര്‍ത്തകരുടെയും ഉന്നതരുടെയും മോശമായ പെരുമാറ്റത്തില്‍ നിരാശനായിരുന്ന വി.പി.ആര്‍ അന്നു യു.എന്‍.ഐയുടെ തലവനായിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകനായ കുല്‍ദിപ് നയ്യാരുടെ ക്ഷണം സ്വീകരിച്ച് യു.എന്‍.ഐയില്‍ ചേര്‍ന്നിരുന്നു. യു.എന്‍.ഐയും പി.ടി.ഐയും തമ്മില്‍ കടുത്ത മത്സരമായിരുന്നു. വാര്‍ത്ത ആദ്യം പത്രം ഓഫീസുകളില്‍ എത്തിക്കുന്നത് ആരെന്നതിലാണ് മത്സരം. നല്ല ജനപ്രിയ വാര്‍ത്തകള്‍ ആരു തരുന്നു എന്നതും പത്രങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഇതില്‍ രണ്ടിലും കൂടുതല്‍ ശ്രദ്ധ ചെലുത്തിയതു മൂലമുണ്ടായ ചില ബുദ്ധിമുട്ടുകള്‍ വി.പി.ആര്‍ ഓര്‍ക്കുന്നുണ്ട്. ചില അബദ്ധവാര്‍ത്തകള്‍ കടന്നുകൂടി. ഇത് യു.എന്‍.ഐ.യുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി. മാതൃഭൂമി ഡസ്‌കില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് സീനിയര്‍ ആളുകള്‍ പറയുമായിരുന്നു-യു.എന്‍.ഐ ആദ്യം വാര്‍ത്ത തരും. പക്ഷേ, വിശ്വസിക്കേണ്ട. പി.ടി.ഐ കൂടി നോക്കിയിട്ടേ പ്രസിദ്ധപ്പെടുത്താവൂ എന്ന്.

കോണ്‍ഗ്രസ് പിളര്‍പ്പും ബംഗ്ലാദേശ് വിമോചനയുദ്ധവും ഇന്ദിരക്കെതിരായ അലഹബാദ് കോടതി വിധിയും അടിയന്തരാവസ്ഥാ പ്രഖ്യാപനവും ഉള്‍പ്പെടെ 1969-75 കാലത്തെ പ്രധാനസംഭവങ്ങളെല്ലാം വി.പി.ആര്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ, അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം സ്ഥലം മാറ്റപ്പെട്ടു. പ്രധാനമന്ത്രിയുടെ സ്റ്റാഫില്‍ പ്രമുഖനായിരുന്നു ആര്‍.കെ.ധവാന്‍. എന്തോ അപ്രീതി കാരണം അയാള്‍ വി.പി. ആറിനെ റാഞ്ചിക്കു സ്ഥലംമാറ്റിച്ചു. അതൊരു ക്ഷീണമായി. പക്ഷേ, അവിടെ വ്യവസായിക പ്രശ്‌നങ്ങളെക്കുറിച്ച് വളരെ ഗൗരവപൂര്‍വമായ റിപ്പോര്‍ട്ടിങ്ങ് നടത്തി. വി.പി.ആര്‍ ശരിക്കും അപ്പോഴേക്കു യു.എന്‍.ഐ യുടെ തലവന്‍ ആകേണ്ടിയിരുന്നതാണ്. പക്ഷേ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ രണ്ട് വാര്‍ത്താ ഏജന്‍സികളെയും ലയിപ്പിച്ച് സമാചാര്‍ എന്നൊരു ഏജന്‍സിക്കു രൂപം നല്‍കിയിരുന്നു.

1978-ല്‍ വി.പി.ആര്‍ മാതൃഭൂമിയിലെത്തി. വാര്‍ത്താ ഏജന്‍സികളില്‍ നിന്നു പത്രത്തിലെ ഉയര്‍ന്ന സ്ഥാനങ്ങളിലേക്കു അപൂര്‍വമായി ആരെങ്കിലും എത്താറുള്ളൂ. അന്നത്തെ മാതൃഭൂമി മാനേജിങ് ഡയറക്റ്റര്‍ കൃഷ്ണമോഹന്റെ ക്ഷണം സ്വീകരിച്ച് ആദ്യം എക്‌സിക്യൂട്ടീവ് എഡിറ്ററായാണ് വി.പി.ആര്‍ മാതൃഭൂമിയില്‍ ചേര്‍ന്നത്. മുന്നു മാസത്തിനു ശേഷം  കെ.പി.കേശവമേനോന്‍ അന്തരിച്ചപ്പോള്‍ വി.പി.ആര്‍ പത്രാധിപരായി. മാതൃഭൂമിയെ ആധുനീകരിക്കുന്നതിലും സ്വതന്ത്ര പ്രൊഫഷനല്‍ പത്രമാക്കുന്നതിലും വി.പി.ആര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1983 ഒടുവിലാണ് മാതൃഭൂമി വിട്ടത്. തുടര്‍ന്നു തൃശ്ശൂര്‍ ഏക്‌സ്പ്രസ്സിലും തിരുവനന്തപുരം കേരളപത്രികയിലും കുറച്ചു കാലം പ്രവര്‍ത്തിച്ചെങ്കിലും കേരള പ്രസ് അക്കാദമിയായി തുടര്‍പ്രവര്‍ത്തനമേറെയും. നാലു വര്‍ഷം ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററായും ഏഴു വര്‍ഷത്തോളം അക്കാദമി ചെയര്‍മാനുമായും പ്രവര്‍ത്തിച്ചു. 95 പിന്നിട്ട വി.പി.ആര്‍ കാക്കനാട്ടെ വീട്ടിലാണ് താമസം.

കെ.പി.കൃഷ്ണനുണ്ണി
തുടക്കത്തില്‍ പറഞ്ഞിരുന്നതു പോലെ, തീര്‍ത്തും അപ്രശസ്തനായി ഒരു ജീവിതകാലം മുഴുവന്‍ നല്ല നിരവാരത്തിലുള്ള പത്രപ്രവര്‍ത്തനം നടത്തിയ ആളാണ് കെ.പി.കൃഷ്ണനുണ്ണി. വി.പി.ആറുമായുള്ള ഒരു സാദൃശ്യം അദ്ദേഹവും ഓര്‍മക്കുറിപ്പുകള്‍ രചിച്ചിരുന്നു എന്നതാണ്. Reporting memories എന്ന ആത്മകഥയില്‍ സ്വന്തം കാര്യമോ കുടുംബകാര്യങ്ങളോ ഒന്നും ഒട്ടും ഇല്ല.1957-ലെ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണവും വിമോചനസമരവും നേരിട്ടു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് അദ്ദേഹം. അങ്കമാലി വെടിവെപ്പ് നടന്ന വിവരം കിട്ടുകയും കൂടുതലൊന്നും അറിയാതിരിക്കുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രി ഇ.എം.എസ്സിനെ വിളിച്ചു ചോദിച്ചതും അദ്ദേഹം ഒരക്ഷരം മിണ്ടാതെ ഫോണ്‍ ശബ്ദത്തോടെ ക്രാഡലില്‍ ഇട്ടതും പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. രാത്രി വൈകി കൃഷ്ണനുണ്ണി ശേഖരിച്ചയച്ച വിവരങ്ങളാണ് ബി.ബി.സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പി.ടി.ഐ യെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

വി.പി.ആറും കെ.പി.കൃഷ്ണനുണ്ണിയും ഒരുമിച്ച് നടത്തിയ ഒരു റിപ്പോര്‍ട്ടിങ്ങ് യാത്രയെക്കുറിച്ച് വി.പി.ആറിന്റെ ആത്മകഥയില്‍ ഒന്നും പറയുന്നില്ല. പ്രാധാന്യമുള്ള ഒരു യാത്ര തന്നെ ആയിരുന്നു അത്. ഉഗാണ്ടയുടെ കൊടുംക്രൂര ഏകാധിപതിയായിരുന്ന ഇദി അമീനെ ഇന്റര്‍വ്യൂ ചെയ്ത ആള്‍ എന്ന ഒരു ഖ്യാതി വി.പി.ആറിനെക്കുറിച്ച് ഞങ്ങള്‍ മാതൃഭൂമിയില്‍ കേട്ടിരുന്നതാണ്. ഈ യാത്രയെക്കുറിച്ചും ഇദി അമീന്‍ പ്രസംഗിച്ച ചടങ്ങില്‍ പങ്കെടുത്തതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ അറിയാന്‍ കൃഷ്ണനുണ്ണിയുടെ പുസ്തകം വായിക്കണം. 1975-ല്‍ അന്നത്തെ വിദേശകാര്യസഹമന്ത്രിക്കൊപ്പമാണ് രണ്ടു പത്രപ്രവര്‍ത്തകരും കംപാലയില്‍ എത്തുന്നത്. ഇദി അമീന്‍ പങ്കെടുത്ത ഒരു ചടങ്ങിനെക്കുറിച്ച് കൃഷ്ണനുണ്ണി പറയുന്നുണ്ടെങ്കിലും ചോദ്യങ്ങള്‍ ചോദിച്ചതായൊന്നും സൂചനയില്ല. ഇദി അമീനോട് ഇന്ത്യക്കാരെ ഉപദ്രവിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ചോദിച്ചതെന്നും അദ്ദേഹമത് നിഷേധിച്ചതുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ലെന്നുമാണ് ഒരിക്കല്‍ ഒരു സ്വകാര്യസംഭാഷണത്തില്‍ വി.പി.ആര്‍ ഈ ലേഖകനോട് പറഞ്ഞിരുന്നത്. പി.ടി.ഐ-യു.എന്‍.ഐ ലേഖകന്‍മാരായി റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നിരുന്ന കൃഷ്ണനുണ്ണിയും വി.പി.ആറും തിരിച്ചു പോകുമ്പോള്‍ സമാചാറിന്റെ ലേഖകന്മാരായിക്കഴിഞ്ഞിരുന്നു എന്നതാണ് ആ യാത്രയുടെ ഒരു തമാശ.

1942-ല്‍ കൊളമ്പോയില്‍ റോയ്‌റ്റേഴ്‌സ് ലേഖകന്‍ ആയാണ് കൃഷ്ണനുണ്ണി പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് പി.ടി.ഐ. ലേഖകനായി ഇന്ത്യയില്‍ തിരിച്ചെത്തി. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ആരോഹണവും തുടര്‍ന്നുള്ള വിമോചനസമരവും മന്ത്രിസഭയുടെ പിരിച്ചുവിടലുമെല്ലാം കൃഷ്ണനുണ്ണി കാര്യമാത്രപ്രസക്തമായ ഏതാനും കുറിപ്പുകളില്‍ വിവരിക്കുന്നുണ്ട്. പി.ടി.ഐയുടെ വാര്‍ത്താക്കുറിപ്പുകള്‍ പോലെ, അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളിലും  അത്യാവശ്യ വിവരങ്ങള്‍, ഒട്ടും പൊടിപ്പും തൊങ്ങലുമില്ലാതെയാണ്  വിവരിച്ചിട്ടുള്ളത്. കഷ്ടിച്ച് നൂറു പേജേ വരൂ വിവരണം. നാല്പതു വര്‍ഷത്തിലേറെ നീണ്ടുനിന്നിരുന്നു അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനം. നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്, നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്.

1984-ല്‍ പൊതു തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ കൃഷ്ണനുണ്ണി പാലക്കാട്ട് വന്നത് അന്നു അവിടെ മാതൃഭൂമിയുടെ ലേഖകനായിരുന്ന ഈ ലേഖകന്‍ ഓര്‍ക്കുന്നുണ്ട്. കെ.ആര്‍ നാരായണന്‍ ആദ്യമായി ഒറ്റപ്പാലത്തുനിന്നു ലോക്‌സഭയിലേക്കു മത്സരിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. ഞങ്ങള്‍ ഒരുമിച്ച് പാലക്കാട്, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. നീണ്ട കാലത്തെ പത്രപ്രവര്‍ത്തനപരിചയത്തിന്റെ യാതൊരു ജാഡയുമില്ലാതെയാണ് അദ്ദേഹം ഇടപെട്ടിരുന്നത്. ഏജന്‍സിയില്‍നിന്നു വിരമിച്ച ശേഷം ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ പ്രത്യേക ചുമതല ഏറ്റെടുത്താണ് പാലക്കാട്ട് വന്നിരുന്നത്. 2010 ആഗസ്തില്‍ അന്തരിച്ചു.

ഏജന്‍സികളുടെ സുവര്‍ണ്ണകാലം പിന്നിട്ടുവോ എന്നു സംശയിക്കാവുന്ന സാഹചര്യമാണ് ലോകമെങ്ങും ഉള്ളത്.  അന്താരാഷ്ട്ര സംഭവങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് വിശ്വാസ്യമെങ്കിലും പത്രങ്ങള്‍ക്ക് ഈ ഇന്റര്‍നെറ്റ് കാലത്ത് വാര്‍ത്ത കിട്ടാന്‍ ഏജന്‍സി വേണ്ട. ടെലിവിഷനുകളിലൂടെ വിവരമറിയാം, ഇന്റര്‍നെറ്റില്‍തപ്പി വിശദാംശങ്ങള്‍ കണ്ടെത്തുകയും ചെയ്യാം. ലോകത്തെ ഏതു പത്രവും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പത്രങ്ങളുടെ വെബ്‌സൈറ്റുകള്‍ നോക്കിയാല്‍ വാര്‍ത്തയും ചിത്രവുമെല്ലാം കിട്ടും. വാര്‍ത്താ ഏജന്‍സികള്‍ ഇല്ലാതെയും പത്രമിറക്കാം എന്നര്‍ത്ഥം. പൊതുവെ പത്രങ്ങളുടെ തന്നെ ഭാവിയെക്കുറിച്ച് ഇപ്പോഴുള്ള ആശങ്ക പത്ര ഏജന്‍സികളുടെ ഭാവിയ്ക്കും ബാധകമാണല്ലോ.

(ലേഖകന്‍ മാതൃഭൂമി ഡപ്യൂട്ടി എഡിറ്ററും കേരള മീഡിയ അക്കാദമി ചെയര്‍മാനുമായിരുന്നു – Earlier published in navalikam.com)

Leave a Reply

Your email address will not be published. Required fields are marked *

Go Top