പ്രസിഡന്റേ, ആ ഫയല്‍ ക്ലോസാക്കല്ലേ…

എൻ.പി.രാജേന്ദ്രൻ

ശശി തരൂര്‍ അയച്ച വിശദീകരണക്കത്ത് കെ.പി.സി.സി പ്രസിഡന്റ് ക്ലോസ് ആക്കിയതിനു സ്പീഡ് കൂടിപ്പോയി. അത്രയും ധൃതി വേണ്ടായിരുന്നു. കേസ് ഏതെന്നു അറിയാമല്ലോ. മോദിയെ സ്തുതിച്ചതിന്, അല്ലെങ്കില്‍ സ്തുതിച്ചതാണ് എന്നു ആളുകളെ തോന്നിപ്പിച്ചതിന്, അച്ചടക്കനടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നു ആവശ്യപ്പെട്ടതാണ് കേസ്. കോംപ്ലിക്കേറ്റഡ് കേസ്സാണ്. കപില്‍ സിബലും പി.ചിദംബരവും അഭിഷേക് സിങ്ങ് സംഘ്വിയും ഒന്നിച്ചു വരേണ്ടിവരും എന്തെങ്കിലും ഒരു തീര്‍പ്പുണ്ടാക്കാന്‍. അവരാണെങ്കില്‍ ഇതിലും വലിയ കേസ്സില്‍ കുടുങ്ങിക്കിടപ്പാണ്. ഉടനെയൊന്നും റിലീസാകുന്ന ലക്ഷണമില്ല.

കോണ്‍ഗ്രസ്സില്‍ അച്ചടക്കനടപടിയെടുത്ത് ആരെയെങ്കിലും പുറത്താക്കുക എളുപ്പമാണ്. അതിനു വിശദീകരണം ചോദിക്കേണ്ട കാര്യം പോലുമില്ല. പക്ഷേ, വകുപ്പും ന്യായവും നോക്കി നടപടിയെടുക്കലാവട്ടെ ശ്ശി പ്രയാസവുമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്തുതിക്കുന്നത് അച്ചടക്കലംഘനമാണ് എന്നു ഏതെങ്കിലും പാര്‍ട്ടിയുടെ ഭരണഘടനയിലുണ്ടോ? സാധ്യതയില്ല. എന്തായാലും കോണ്‍ഗ്രസ് ഭരണഘടനയില്‍ അങ്ങനെയൊരു വകുപ്പില്ലെന്നുറപ്പാണ്. പിന്നെ എന്തിനാണ് മോദിയെ സ്തുതിച്ചത് കുറ്റമാണ് എന്ന മട്ടില്‍ മുല്ലപ്പള്ളി തരൂരിന് കടലാസ് കൊടുത്തത്?  തരൂരിന്റെ മറുപടിക്കത്ത് കിട്ടിയപ്പോള്‍ ഒരു പക്ഷേ അതു വേണ്ടിയിരുന്നില്ല എന്നു തോന്നിക്കാണണം. സംഗതി കൂടുതല്‍ വഷളാവും മുമ്പ് അദ്ധ്യായം അടച്ചുകളഞ്ഞതാവണം. പക്ഷേ, ഇതു അങ്ങനെയൊന്നും അടയാന്‍ പോകുന്ന കേസ്സല്ല കേട്ടോ.

ഫയല്‍ ക്ലോസ് ആക്കിയാല്‍ വേറെ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ ഇടയുണ്ട്. തരൂര്‍ ഭയങ്കര പാര്‍ട്ടിവിരുദ്ധം പറഞ്ഞു എന്നു അലറിവിളിച്ച് ബഹളമുണ്ടാക്കിയവര്‍ ഈ നടപടിയില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? മുരളീധരനാദികള്‍ എന്താണ് ധരിക്കേണ്ടത്? തരൂര്‍ പാര്‍ട്ടിവിരുദ്ധം പറഞ്ഞോ ഇല്ലയോ? പ്രധാനമന്ത്രിയെ പ്രശംസിക്കുന്നത് ശരിയോ തെറ്റോ? ഇനി ഒരു കോണ്‍ഗ്രസ് നേതാവിന് ലവലേശമൊന്ന് പ്രശംസിച്ചേ തീരൂ എന്ന് മുട്ടിപ്പോയാല്‍ അതിന് മുന്‍കൂര്‍ അനുമതി പ്രസിഡന്റ് തരുമോ അതല്ല ഹൈക്കമാന്‍ഡിന് എഴുതണമോ?

ശശി തരൂര്‍ മുല്ലപ്പള്ളിക്ക് അയച്ച കത്തിന്റെ  മറുപടി സൈബര്‍ തരംഗമായി പറപറക്കുന്നുണ്ട്. തലക്കകത്ത് ആള്‍പാര്‍പ്പുള്ളവരോട് വിശദീകരണം ചോദിക്കുംമുമ്പ് രണ്ടുവട്ടം ആലോചിച്ചേ തീരൂ എന്നാണ് ഇത് കോണ്‍ഗ്രസ്സിനെ പഠിപ്പിക്കുന്നത്. ലോകരാഷ്ട്രസഭയില്‍ വര്‍ത്തമാനം പറഞ്ഞു ശീലമുള്ള കക്ഷിയാണ് അബദ്ധത്തില്‍ ഇവിടെയെത്തിപ്പോയത്. ഇനി തിരിച്ചുപോകാനും നിവൃത്തിയില്ല. എം.പി പണിക്കിടയിലും ഘനഗംഭീര പുസ്തകങ്ങള്‍ എഴുതുന്നുമുണ്ട്. വില്പന ഉണ്ടോ എന്നറിയില്ല. ശശി തരൂര്‍ സഭയില്‍ എഴുനേറ്റുനിന്നാല്‍ മോദിപക്ഷക്കാര്‍ വാളെടുക്കും. എങ്കിലേ കക്ഷിയെ നേരിടാന്‍ പറ്റൂ. എന്നാല്‍, തരൂര്‍ വിമര്‍ശകര്‍ പലരും ലോക്‌സഭയില്‍ എഴുനേറ്റു നില്‍ക്കുന്നതുതന്നെ പണ്ടാരോ പറഞ്ഞതു പോലെ മുണ്ടൊന്നു മുറുക്കി ഉടുക്കുന്നതിനു മാത്രമാണ്.

സത്യത്തില്‍, ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡാണ് വിധി പറയേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ ഒരു പൊതുനയം ഉണ്ടാകാന്‍ ഇതാവശ്യമാണ്. ആരെയെല്ലാം സ്തുതിക്കാം, എപ്പോഴെല്ലാം സ്തുതിക്കാം, എത്ര തവണ സ്തുതിക്കാം, മറുകണ്ടം ചാടാന്‍ വേണ്ടി അല്ലാതെ ചില്ലറ കാര്യസാദ്ധ്യത്തിനു സ്്തുതിക്കാമോ? മറുകണ്ടം ചാടുന്നതിനുള്ള മുന്നോടിയായുള്ള   സ്തുതിയെ എങ്ങനെ വേര്‍തിരിച്ചറിയാം എന്നിങ്ങനെയുള്ള കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകണം. വേണമെങ്കില്‍ മുല്ലപ്പള്ളി കണ്‍വീനറായി ഒരു നൂറംഗ അന്വേഷണക്കമ്മിറ്റി രൂപവല്‍ക്കരിക്കാം.

ഇനി അഥവാ മോദിഭരണത്തില്‍ എന്തെങ്കിലും നല്ല കാര്യം എന്നെങ്കിലും ഉണ്ടായാല്‍-ഉണ്ടാവാതിരിക്കട്ടെ- എന്തു പറയണം? തല പോയാലും സത്യം പറയാന്‍ പാടില്ല എന്ന നയം പാര്‍ട്ടി സ്വീകരിക്കണമോ?  ഇതെല്ലാം ഹൈക്കമാന്‍ഡ് വേണം കൂലങ്കഷമായി ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍. അതുകൊണ്ട്, തരൂര്‍ ഫയല്‍ ക്ലോസാക്കാതെ ഉടന്‍ കൊറിയര്‍ മാര്‍ഗം ഡല്‍ഹിക്കു വിടണം മുല്ലപ്പള്ളി സാറേ…

വാര്‍, നൊ പീസ്
സീതാറാം യച്ചൂരിയുടെ ശ്രീനഗര്‍ യാത്ര ഒരു ചരിത്രസംഭവം തന്നെ. ഒരു ഇന്ത്യന്‍ സംസ്ഥാനത്ത് പോകാന്‍ ഒരു രാഷ്ട്രീയ നേതാവ് പെട്ട പാട് കണ്ടപ്പോള്‍ ഇതിലും എളുപ്പം ചന്ദ്രയാന്റെ പിറകില്‍ തൂങ്ങി ചന്ദ്രനില്‍ പോകുകയാണ് എന്നു തോന്നിപ്പോകും. ഇന്ത്യാ ചരിത്രത്തില്‍ ഇതു വരെ ഏതെങ്കിലും പാര്‍ട്ടി നേതാവിന്, സ്വന്തംപാര്‍ട്ടിയിലെ മറ്റൊരു നേതാവിനെ കാണാന്‍ ഇത്രയും പെടാപ്പാട് പെടേണ്ടി വന്നിരുന്നുവോ എന്തോ…ഗിന്നസ് ബുക്കുകാരെ ഉടന്‍ വിവരമറിയിക്കണം.( അതു ചോദിച്ചിട്ടു മതി.രാജ്യദ്രോഹമാവുമോ എന്നറിയില്ല)

തോക്കേന്തിയ ഭീകരര്‍ ഒളിച്ചിരിക്കുന്ന ഗുഹയിലേക്ക് തോക്കില്ലാതെ  പോവുകയാണോ യച്ചൂരി എന്നു സംശയിച്ചുപ്പോകും പൊലീസ് പട്ടാളം പടയുടെ ഓട്ടം കണ്ടാല്‍. കടുപ്പമായിരുന്നു ശ്രീനഗര്‍ വിമാനത്താവളം മുതല്‍ യച്ചൂരിക്ക്് ഏര്‍പ്പെടുത്തിയ പൊലീസ് പാറാവ്. പത്രക്കാര്‍ക്കൊന്നും ഒപ്പം പോകാന്‍ അനുമതി ലഭിച്ചില്ല. യച്ചൂരിക്ക് കാണാം, മടങ്ങാം. അത്രമാത്രം.

പോകും മുമ്പ് തന്നെ ജഡ്ജ് യച്ചൂരിക്കു മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്ത ഉണ്ടായിരുന്നു. തരിഗാമിയെ കാണുകയല്ലാതെ മറ്റൊന്നും ചെയ്യരുത്. തീര്‍ച്ചയായും അതു നന്നായി. യച്ചൂരി ചില്ലറക്കാരനൊന്നുമല്ല. അങ്ങേര്, പത്രസമ്മേളനം നടത്തി മോദിയെ വിമര്‍ശിക്കുകയോ പ്രതിഷേധ പ്രകടനം നടത്തിക്കളയുകയോ കുത്തിയിരിപ്പുനടത്തി അറസ്റ്റ് വരിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ഇന്ത്യയുടെ സ്ഥിതി!  ലോകത്തിനു മുന്‍പില്‍ ഈ ജനാധിപത്യരാജ്യം നാണം കെട്ടുപോകുമായിരുന്നില്ലേ?

വാര്‍ ആന്‍ഡ് പീസ്

ടോള്‍സ്റ്റോയിയുടെ  നോവല്‍ ‘വാര്‍ ആന്‍ഡ് പീസ്’ (യുദ്ധവും സമാധാനവും)വീട്ടില്‍ സൂക്ഷിച്ചത് എന്തിനാണെന്ന് വിശദീകരിക്കണമെന്ന് ഭീമാ കോറേഗാവ് കേസ്സിലെ പ്രതി സാമൂഹിക പ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാാല്‍വസ്സിനോട് ബോംബെ ഹൈക്കോടതി ചോദിച്ചതായി ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ശുദ്ധ വ്യാജവാര്‍ത്ത ആയിരുന്നുവത്രെ. അങ്ങനെ യാതൊന്നും സംഭവിച്ചിട്ടില്ല.
സംഭവിച്ചത് ഇതാണ്.

ഏതോ ഒരു ബിശ്വജിത് റോയ് എഴുതിയ ‘വാര്‍ ആന്റ് പീസ് ഇന്‍ ജംഗ്ള്‍മഹള്‍:പീപ്പ്ള്‍ സ്റ്റേറ്റ് ആന്റ് മാവോയിസ്റ്റ്‌സ്’ എന്നു പുസ്തകം ഒരു കാരണവുമില്ലാതെ ആ വിദ്വാന്‍ വാങ്ങി വീട്ടില്‍ സൂക്ഷിച്ചതാണ് പ്രശ്‌നം. ആ പുസ്തകം നിരോധിച്ചിട്ടൊന്നുമില്ലെന്നതാണ് ഇതിനു അദ്ദേഹം കണ്ട ന്യായം. നിരോധിക്കേണ്ട പുസ്തകവും ഉണ്ട് നിരോധിക്കപ്പെടേണ്ട പുസ്തകവും ഉണ്ട്. രണ്ടും ഒരു പോലെ വര്‍ജിക്കണം. അതു തിരിച്ചറിയാന്‍ വകതിരിവു വേണം.

സംഭവം ശരിയാണ്. പക്ഷേ, ജസ്റ്റിസ് തെറ്റിദ്ധരിച്ചതു  അതു മറ്റേതോ രാജ്യത്തിലെ യുദ്ധത്തെക്കുറിച്ചാണെന്നായിരുന്നു. അതല്ല, ഇന്ത്യയില്‍ മാവോയിസ്റ്റ് പ്രശ്‌നമുള്ള പ്രദേശങ്ങളെക്കുറിച്ചാണ് പുസ്തകം. തയ്യാറാക്കിയത് ഒരു മാധ്യമപ്രവര്‍ത്തകനുമാണ്. എന്തുകൊണ്ടാണ് സമാധാനശ്രമങ്ങള്‍ വിജയിക്കാത്തത് എന്നതു സംബന്ധിച്ച് സാമൂഹ്യപ്രവര്‍ത്തകരും ആക്റ്റിവസ്റ്റുകളും മറ്റും എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണത്രെ അത്.

എന്തൊക്കെയായാലും കഠിനം തന്നെ. യുദ്ധം, കൊലപാതകം,വാഴക്കുലപാതകം,വിപ്ലവം, ഘാതകന്‍, ആരാച്ചാര്‍, വെട്ടുകത്തി തുടങ്ങിയ പേരുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്നവരും വാങ്ങുന്നവരും സൂക്ഷിച്ചേ പറ്റൂ. അക്രമവാസന വളര്‍ത്താന്‍ പാടുണ്ടോ നമ്മള്? ഇതൊക്കെ എഴുതിയിട്ടു രക്ഷപ്പെട്ടു കളയാമെന്ന് എഴുത്തുകാരും  വിചാരിക്കേണ്ട. കുടുങ്ങും…

മുനവാക്ക്
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം ഇനിയും വൈകിക്കൂ
ട: ഡി.രാജ, സി.പി.ഐ സിക്രട്ടറി
* ധൃതിപ്പെടേണ്ട. ഒരംഗം പോലും ഇരുപാര്‍ട്ടികള്‍ക്കും ഒരു സഭയിലും ഇല്ലാത്ത അവസ്ഥ ഉണ്ടായ ശേഷംമതി അതിനെക്കുറിച്ച് ആലോചിക്കാന്‍. അതിനെന്തായാലും പത്തു വര്‍ഷമെങ്കിലുമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Go Top