ജമ്മു-കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം തന്നെ, സംശയമില്ല. പക്ഷേ, അത് അകലെയുള്ള പ്രദേശമാണ്. ഭീകരന്മാരും രാജ്യദ്രോഹികളും പാകിസ്താന് പക്ഷക്കാരും പെരുകിയ പ്രദേശം. കൂട്ടക്കൊലകള്‍ നടന്നാല്‍ മാത്രമാണ് നമ്മുടെ പത്രങ്ങള്‍ക്ക് കാശ്മീര്‍ തലക്കെട്ടുകള്‍ ആകാറുള്ളത്. പ്രമുഖനായ കാശ്മീര്‍ പത്രാധിപര്‍ ഷുജാത് ബുഖാരിയെ വെടിവെച്ചുകൊന്നത് നമുക്ക് രണ്ട് കോളം തലക്കെട്ടുപോലുമായില്ല.
റംസാന് മാസം മുഴുക്കെ കാശ്മീരീല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു സര്‍ക്കാര്‍. മാസം തീരുന്നതിന് ഒരു നാള് മുമ്പ്, നോമ്പ് അവസാനിക്കുന്നതിനു മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ ശ്രീനഗര്‍ പ്രസ് എന്‍്ക്ളേവില്‍ മുഴങ്ങിയ വെടിയൊച്ചകള്‍ ഷുജാത് ബുഖാരിയുടെ ജീവന് കവരുന്നതിന്റേതായിരുന്നു. അങ്ങനെ ഷുജാത് ബുഖാരിയും നിശ്ശബ്ദനാക്കപ്പെട്ടു. മൂന്നു പതിറ്റാണ്ടിനിടയില്‍ കാശ്മീരില്‍ രാഷ്ട്രീയാക്രമം കവരുന്ന എത്രാമത്തെ ജീവനായിരുന്നു ഷുജാതിന്റേത്? കണക്കുകളുടെ കൃത്യതയില്‍ കാര്യമില്ല. അനേകായിരം ജീവനുകള്‍ പൊലിഞ്ഞിരിക്കുന്നു. നിരവധി പത്രപ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടിരിക്കുന്നു. പക്ഷേ, ഒരു ദശകത്തിനിടയില്‍ കാശ്മീരില്‍ കൊല്ലപ്പെടുന്ന മിതഭാഷിയും മിതവാദിയുമായ ഏറ്റവും ഉയര്‍ന്ന പത്രാധിപരാണ് ഷുജാത് ബുഖാരിയെന്ന് അദ്ദേഹത്തെ അറിയുന്നവര്‍ നടുക്കത്തോടെ ഓര്‍ക്കുന്നു.
മനില സര്‍വകലാശാലയില്‍ നിന്നു ജേണലിസത്തില്‍ മാസേ്്റ്റഴ്സ് ബിരുദം നേടിയ ബുഖാരി വേള്‍ഡ് പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സിംഗപ്പൂരിലെ ഏഷ്യന്‍ സെന്റര്‍ ഫോര്‍ ജേണലിസത്തിന്റെയും ഫെലോഷിപ്പുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കാശ്മീരിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ കലാ-സാംസ്കാരിക സംഘടനയായി അഡ്ബീ മര്‍കസ് കംറാസിന്റെ അദ്ധ്യക്ഷന്‍ കൂടിയായിരുന്ന അദ്ദേഹം. 1996-ല്‍ തീവ്രവാദി സംഘടനയായ ഇഖ്വാന് തട്ടിയെടുത്ത് ബന്ദിയാക്കിയ 19 പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഷുജാത്. അന്ന് അദ്ദേഹത്തിനു നേരെ ഉയര്‍ന്ന റിവോള്‍വര്‍ ആരോ തട്ടിനീക്കിയതുകൊണ്ടുമാത്രമാണ് അദ്ദേഹം മരണത്തില്‍നിന്നു രക്ഷപ്പെട്ടത്. ‘ ആരാണ് ശത്രു ആരാണ് മിത്രം എന്നറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് കാശ്മീരിലെ പത്രപ്രവര്‍ത്തകര്‍’ എന്ന് അദ്ദേഹം അന്നു ആഗോള സംഘടനയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പ്രതിനിധികളോട് പറഞ്ഞിരുന്നു.
ദ് ഹിന്ദുവിന്റെ ശ്രീനഗര്‍ ബ്യൂറോ ചീഫ് സ്ഥാനം വെടിഞ്ഞാണ് അദ്ദേഹം ദ് റൈസിങ്ങ് കാശ്മീര്‍ എന്ന പത്രം പത്തുവര്‍ഷം മുമ്പ് ആരംഭിച്ചത്. അദ്ദേഹത്തന്റെ പിതാവും ഒരു പത്രപ്രവര്‍ത്തകനായിരുന്നു.
ഷുജാത് ബുഖാരി തീവ്രവാദികള്‍ക്കു വേണ്ടിയോ ഇന്ത്യാഭരണാധികാരികള്ക്കു വേണ്ടിയോ എഴുതുകയും വാദിക്കുകയും ചെയ്ത പത്രാധിപരായിരിന്നില്ല. അദ്ദേഹം സ്വതന്ത്ര കാശ്മീരിനു വേണ്ടിയും വാദിച്ചിട്ടില്ല. പക്ഷേ, അക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു. ഇന്ത്യന്‍ പത്രങ്ങള്‍ക്കു വേണ്ടിയേ അദ്ദേഹം എഴുതിയിരുന്നുള്ളൂ. അവയില്‍ ദ് ഇന്ത്യന്‍ എക്സ്പ്രസ്സും ദ് ഹിന്ദുവും പെടുന്നു. ഷുജാത് ബുഖാരി തീവ്രവാദി അക്രമങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ അതേ കര്‍ക്കശശബ്ദം പാവപ്പെട്ട കാശ്മീരികള്‍ അനുഭവിക്കേണ്ടി വരുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും പൊലീസ്-പട്ടാള അതിക്രമങ്ങളെക്കുറിച്ചും ഉയര്‍ത്തിയിരുന്നു. ഏറ്റവും ഒടുവില്‍ കാശമീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭാ പ്രതിനിധിസംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ വസ്തുതകളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളും അദ്ദേഹം നിര്‍ഭയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട് അദ്ദേഹം.
ചീഫ് എഡിറ്ററുടെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്ത
റൈസിങ്ങ് സ്റ്റാര്‍ പത്രം- 15.6.2018
|
കാശ്മീരില്‍ ഈ വിധം കൊല്ലപ്പെടുന്ന ആദ്യത്തെ പത്രപ്രവര്‍ത്തകനല്ല ഷുജാത്. പതിനെട്ടു പത്രപ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടതായി കോളമിസ്റ്റ് മനോജ് ജോഷി ഒരു കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. 1990-ല്‍ ശ്രീനഗര്‍ ദൂര്ദര്ശന് തലവന്‍ ലസ്സ കോള്‍ ഈ നിരയില്‍ ആദ്യത്തെ ആളായി. കാശ്മീരി പണ്ഡിറ്റുകളില്‍ നിന്നുയര്‍ന്നു വന്ന അപൂര്‍വം മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ എന്നതാവാം അദ്ദേഹം കൊലചെയ്യപ്പെടാന്‍ കാരണം. ഒരു വശത്ത് പൊലീസ്-പട്ടാള പക്ഷത്തിന്റെയും മറുവശത്ത് ഭീകരരുടെയും ഭീഷണികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും നടുവില്‍ നിന്നു കൊണ്ടുള്ള അപകടകരമായ പത്രപ്രവര്‍ത്തനമാണ് അവര്‍ നടത്തിപ്പോന്നിരുന്നത്. എന്നിട്ടും അവര്‍ പത്രപ്രവര്‍ത്തനം എന്ന ആവേശം കൈവെടിയാന്‍ കൂട്ടാക്കിയിരുന്നില്ല. വെടിയൊച്ചകള്‍ മുഴങ്ങുന്ന കാശ്്്മീരിലേക്കാണ് ഷുജാത് ബുഖാരിയും പേനയേന്താന്‍ കടന്നുവന്നത്. നിര്‍ഭയം അദ്ദേഹം പത്രപ്രവര്‍ത്തനം തുടര്‍ന്നുപോന്നു. കാശ്മീരില്‍ മാത്രമല്ല ഇന്ത്യയ്ക്കകത്തും പുറത്തും ഏറെ വായനക്കാരുടെ ആദരവ് നേടിയ നിരീക്ഷകനായിരുന്ന ഷുജാത്.
വികസനം മാത്രമാണ് കാശ്മീരിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉള്ള പരിഹാരം എന്ന പ്രധാനമന്ത്രി നിരന്തരം അവര്‍ത്തിക്കുന്ന നയത്തെ ചോദ്യം ചെയ്തുകൊണ്ട് ഷുജാത് ബുഖാരി മെയ് 25ന് ദ് വയര്‍ ഓണ്‍ലൈന്‍ മാഗസീനില്‍ എഴുതിയ ലേഖനത്തില്‍, കാശ്മീര്‍ പ്രശ്നത്തിന്റെ രാഷ്ട്രീയവശം ഒരിക്കലും വിസ്മരിക്കപ്പെട്ടുകൂടെന്നാണ് ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടിയത്. കാശ്മീരില്‍ ഒരു മാസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് ഷുജാത് ബുഖാരി, അക്രമങ്ങളുടെ അവസാനിക്കാത്ത പരമ്പരകള്ക്ക അന്ത്യമാകും ഇതെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. പക്ഷേ, വെടിനിര്‍ത്തല്‍ മാസത്തിന്റെ അവസാനത്തോടെ അക്രമം പുനരാരംഭിക്കുന്നതിന്റെ ആദ്യസൂചനയായി കൊല ചെയ്യപ്പെട്ടത് ഷുതാത് തന്നെ ആയി. വെടിനിര്‍ത്തല്‍ ഇവിടെ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ തന്നെയാവണം വെടിയുതിര്‍ത്തതെന്നു കരുതാം. ഭീകരര്‍ എല്ലാം കയ്യടക്കുന്ന നാട്ടില്‍ നിര്‍ഭയം പത്രപ്രവര്‍ത്തനം നടത്തി ജീവാഹുതി ചെയ്ത ഷുജാത് ബുഖാരിക്കു മുന്നില്‍ മുഴുവന്‍ ഇന്ത്യയും ഒരു നിമിഷം ശിരസ്സ് കുനിക്കേണ്ടതുണ്ട്.