സാമൂഹ്യമാദ്ധ്യമം സാമൂഹ്യവിരുദ്ധ മാദ്ധ്യമമാവരുത്

എൻ.പി.രാജേന്ദ്രൻ

അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവം തന്നെയാണ്  പുതുമാദ്ധ്യമങ്ങൾ. നവ മാദ്ധ്യമങ്ങൾ എന്ന വിഭാഗത്തിൽ ഇന്റർനെറ്റ് മാദ്ധ്യമങ്ങളെല്ലാം ഉൾപ്പെടുന്നുണ്ട്. ഇന്റർനെറ്റ് വഴി പ്രസിദ്ധപ്പെടുത്തുന്ന മാദ്ധ്യമങ്ങളിൽ ഒരു വിഭാഗം അച്ചടിക്കുന്നില്ല എന്നതൊഴിച്ചാൽ ബാക്കി മിക്ക കാര്യങ്ങളിലും അച്ചടിമാദ്ധ്യമത്തിന്റെ പരമ്പരാഗത രീതികളും മുൻകരുതലുകളും പുലർത്തുന്നവയാണ്. അവയ്ക്ക് എഡിറ്റർമാരുണ്ട്, പ്രസിദ്ധപ്പെടുത്തുന്നത് ശരിയോ എന്ന സൂക്ഷ്മ പരിശോധനയുണ്ട്, ഭാഷപരമായ എഡിറ്റിങ്ങ് ഉണ്ട്. ഇതൊന്നുമില്ലാത്തതാണ് രണ്ടാം വിഭാഗമായ സാമൂഹ്യമാദ്ധ്യമം. ആർക്കും എന്തും എഴുതാം പ്രസിദ്ധപ്പെടുത്താം. ഒരു എഡിറ്ററുടെയും ഔദാര്യം വേണ്ട. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സീമാതീതമായ വളർച്ച തന്നെ. പത്തു വർഷമെങ്കിലുമായി ഈ മാദ്ധ്യമവും അതിനോടു ചേർന്നുള്ള സ്വാതന്ത്ര്യവും വളർന്നു പന്തലിക്കുകയാണ്. എന്താണ് ഇപ്പോഴത്തെ സ്ഥിതി?

സാമൂഹ്യമാദ്ധ്യമം ഉപയോഗിക്കുന്നവരിലും സ്വാഭാവികമായി രണ്ടു വിഭാഗക്കാരുണ്ട്. ഉത്തരവാദിത്തബോധത്തോടെ, തങ്ങളെഴുതുന്നതെല്ലാം സത്യവും മാന്യവും ആണ് എന്ന ഉറപ്പോടെ എഴുതുന്നവർ ധാരാളം. വീണുകിട്ടിയ സ്വാതന്ത്ര്യം ആരെക്കുറിച്ചും എന്തും എഴുതാനുള്ള സ്വാതന്ത്ര്യമാണ് എന്നു ധരിച്ചുവശായ മറ്റൊരു കൂട്ടം. ആരാണ് ഭൂരിപക്ഷം, ന്യൂനപക്ഷം എന്നു ഉറപ്പായി പറയാനാവാത്ത വിധം സാമൂഹ്യവിരുദ്ധരുടെയും നീച ബുദ്ധികളുടെയും ആധിക്യം സാമൂഹ്യമാദ്ധ്യമലോകത്തെ തന്നെയല്ല, സമൂഹത്തെയാകെ  പിടിച്ചുകുലുക്കുകയാണ്. ഇതു കേരളത്തെ മാത്രം ബാധിച്ച വിനയല്ല. ലോകം മുഴുവനുമുണ്ട്. ഏകാധിപത്യ ഭരണകൂടങ്ങൾ ഉള്ള രാജ്യങ്ങളിൽ പ്രശ്‌നമില്ല. മിക്കയിടത്തും സാമൂഹ്യമാദ്ധ്യമത്തിനു പ്രവേശനമില്ല. പ്രവേശനമുള്ളയിടത്ത് അധികൃതരുടെ പൂർണ്ണ നിയന്ത്രണത്തിലാണ് കാര്യങ്ങൾ. കൊച്ചുവർത്തമാനവും നിരുപദ്രവ സാമൂഹ്യവിമർശനവുമായി കഴിഞ്ഞു കൂടുന്നു.

സാമൂഹ്യമാദ്ധ്യമം ഉപയോഗിച്ച് ആരെങ്കിലും ആർക്കെങ്കിലും എതിരെ ചെയ്ത കടുംകൈകൾ വിവരിക്കുന്ന നാലും അഞ്ചും വാർത്തിയുണ്ടാകാറുണ്ട് മിക്ക ദിവസങ്ങളിലെയും പത്രങ്ങളിൽ. സൈബർ പൊലീസ് പൊറുതിമുട്ടിയിരിക്കുന്നു. ഹനാൻ എന്ന കൊച്ചു പെൺകുട്ടിയോട് കാട്ടിയതിന് സമാനമായ നേരത്തെ പലർക്കു നേരെയും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ കേരള വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈനെതിരെ നടന്ന  സൈബർ ആക്രമണവും ഭീകരമായിരുന്നു. ഇതെല്ലാം തെറിയാക്രമണങ്ങളാണ്. കേട്ടാലറക്കുന്ന മുട്ടൻ അശ്ലീലങ്ങൾ വ്യാപകം. വീട്ടിന്റെ സ്വകാര്യതയിലിരുന്നു രാത്രി ആർക്കെതിരെയും എന്തും എഴുതിവിടാം, തിരിച്ചൊന്നും ആരും ചെയ്യില്ല. കാരണം, ഒന്നും രണ്ടും പേരല്ല എഴുതുന്നതും സന്തോഷപൂർവം അവ പ്രചരിപ്പിക്കുന്നതും. ആയിരങ്ങൾക്കെതിരെ എങ്ങിനെ കേസ് എടുക്കാനും അറസ്റ്റ് ചെയ്യാനുമൊക്കെ കഴിയും?

സ്ത്രീ വിരുദ്ധതയുടെ ഏറ്റവും വികലവും ക്രൂരവുമായ ലോകമാണ് സാമൂഹ്യമാദ്ധ്യമം എന്നു ലോകം ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതെങ്കിലും രീതിയിൽ അറിയപ്പെടുന്ന വനിതകൾ മാത്രമല്ല സാധാരണ പെൺകുട്ടികൾ വരെ ആക്രമിക്കപ്പെടുന്നു. ഏതാനും വർഷം മുമ്പ് ബിൽ ക്ലിന്റൻ യു.എസ് പ്രസിഡന്റായിരുന്നപ്പോൾ വൈറ്റ് ഹൗസ് ജീവനക്കാരിയായിരുന്ന മോണിക്ക ലെവിൻസ്‌കിയെ ലോകം അറിഞ്ഞത് നല്ല കാര്യങ്ങൾക്കല്ല. പ്രസിഡന്റുമായി അവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായിരുന്നു  ചർച്ചാവിഷയം. പത്രങ്ങളാണ് അന്ന് അതെല്ലാം പുറംലോകത്തെ അറിയിച്ചത്. ക്ലിന്റൻ സ്ഥാനമൊഴിഞ്ഞ ശേഷം അധികമാരും മോണിക്കയെ ഓർത്തില്ല. ഏതാനും വർഷത്തിനു ശേഷം ടെഡ് എന്ന പ്രസിദ്ധ ഇന്റർനെറ്റ് വേദിയിൽ അവർ തന്റെ ജീവിതാനുഭവം വിവരിച്ചു. സാമൂഹ്യമാദ്ധ്യമങ്ങൾ എങ്ങിനെ തന്റെ ജീവിതം നശിപ്പിച്ചു എന്നവർ കണ്ണീരോടെ പ്രതിപാദിച്ചു ആ പ്രഭാഷണത്തിൽ.

ഇത് ലോകവ്യാപക പ്രതിഭാസമാണ്, അനിയന്ത്രിത പ്രതിഭാസമാണ്. ലോകത്തെമ്പാടുമുള്ള, അറിയപ്പെടുന്ന വനിതാപൊതുപ്രവർത്തകരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ശേഖരിച്ചുള്ള വിശദമായ ഒരു പഠനറിപ്പോർട്ട് അറ്റ്‌ലാന്റ  എന്നൊരു സ്ഥാപനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വനിതകൾക്കെതിരെ ആക്രമണം നടത്താൻ സൈബർ സാമൂഹ്യവിരുദ്ധർക്ക് പ്രത്യേക വിരുതാണ്.

സമൂഹവും ഭരണകൂടങ്ങളും എന്തു ചെയ്യണം എന്നറിയാതെ നോക്കി നിൽക്കുകയാണ്. ഇന്ത്യയിൽ ഒരു ഐ.ടി. നിയമവും അതിൽ ധാരാളം ചട്ടങ്ങളും ഉണ്ട്. ഈ നിയമത്തിലെ സുപ്രധാനമായ ഒരു വ്യവസ്ഥ വിവാദവും കോടതിക്കേസ്സുമെല്ലാമായി ഏറെക്കാലം ചർച്ചയിലുണ്ടായിരുന്നു. ആ നിയമത്തിലെ ഒരു വകുപ്പു പ്രകാരം ഇന്റർനെറ്റ് മാദ്ധ്യമത്തിൽ ആർക്കെങ്കിലും ദോഷകരമായി എന്തെങ്കിലും എഴുതിയാൽ കേസ്സെടുക്കാം എന്നു മാത്രമല്ല അറസ്റ്റ് ചെയ്യാനും വ്യവസ്ഥ ചെയ്തിരുന്നു. മുംബൈയിൽ ബാൽ താക്കറെ മരിച്ചപ്പോൾ നടന്ന ഹർത്താൽ ഉണ്ടാക്കിയ പ്രയാസത്തെക്കുറിച്ച് സാമൂഹ്യമാദ്ധ്യമത്തിലെഴുതിയ രണ്ട് പെൺകുട്ടികളെ അറസ്റ്റ് ചെയ്തപ്പോഴാണ് സർക്കാരുകൾക്കും പൊതുസമൂഹത്തിനും ഇത്തരം നിയമങ്ങൾ ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കുമെന്നു ബോധ്യപ്പെട്ടത്. എന്നിട്ടും ഒന്നും സംഭവിച്ചില്ല. സുപ്രിം കോടതി വേണ്ടി വന്നു 66 എ എന്ന ആ വ്യവസ്ഥ അപ്പടി റദ്ദാക്കാൻ. ശ്രേയ സിംഗാൾ എന്നൊരു വനിതയാണ് അന്നു കോടതിയെ സമീപിച്ചത്.  ഈ പ്രശ്‌നം നേരിടാൻ ഭരണഘടനാപരമായ സാധുതയുള്ള  നിയമവ്യവസ്ഥ സർക്കാർ ഉണ്ടാക്കണം എന്നാണ് 2017 നവംബറിൽ പ്രഖ്യാപിച്ച വിധിയിൽ സുപ്രിം കോടതി പ്രസ്താവിച്ചത്. കേന്ദ്രം ഇതുവരെ ആ നിയമം ഉണ്ടാക്കിയിട്ടില്ല.

കൃത്യവും വ്യക്തവുമായ നിയമങ്ങൾ നിർമ്മിച്ചുകൊണ്ടേ ഈ വിപത്തിനെ നേരിടാൻ കഴിയൂ. തങ്ങൾ ചെയ്യുന്നത് കുറ്റകൃത്യമാണ് എന്നറിയാതെ ചെയ്യുന്നവരെ ബോധവൽക്കരണത്തിലൂടെ നിയമപാലകരായി മാറ്റാൻ കഴിയും. ഒരു ബോധവുമില്ലാത്ത സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാൻ നിയമവും ശിക്ഷയുമല്ലാതെ മറ്റൊന്നില്ല. സാമൂഹ്യമാദ്ധ്യമത്തെ കൊല ചെയ്യാൻ പാടില്ല, അതു നിലനിന്നേ പറ്റൂ.

Editorial of Thalsamayam dt 28.07.2018

Leave a Reply

Your email address will not be published. Required fields are marked *

Go Top