മാധ്യമക്കുത്തക: കണ്ടതും കാണാനിരിക്കുന്നതും

എൻ.പി.രാജേന്ദ്രൻ

ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ പത്രപ്രവര്‍ത്തകന്‍ പി.സായ്‌നാഥ് മൂന്നു വര്‍ഷം മുമ്പ് പറഞ്ഞ ഒരു കാര്യമുണ്ട്. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ താന്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പത്രപ്രവര്‍ത്തകരെല്ലാം റിലയന്‍സ് കമ്പനിയില്‍നിന്നു ശമ്പളം പറ്റുന്നവരായി മാറിയേക്കാം എന്നാണ് സായ്‌നാഥ് പറഞ്ഞത്. അതിനൊരു പശ്ചാത്തലമുണ്ട്. 2014ലാണ് നെറ്റ്‌വര്‍ക്ക് 18 എന്ന ടെലിവിഷന്‍ ചാനല്‍ കമ്പനി റിലയന്‍സ് ഏറ്റെടുത്തത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി ഒരു ചാനല്‍ ഏറ്റെടുക്കുന്നത് വലിയ സംഭവമാണോ എന്നു ചോദിച്ചേക്കാം. സംഭവമാണ്. കാരണം നെറ്റ്‌വര്‍ക്ക് 18 ഇന്ത്യയിലെ ഏറ്റവും വലിയ ചാനല്‍ കമ്പനിയാണ്. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ-വ്യവസായ സ്ഥാപനം രാജ്യത്തെ ഏറ്റവും വലിയ വിനോദ-വാര്‍ത്താ സംവിധാനം കൈവശപ്പെടുത്തുമ്പോള്‍ അതു രാജ്യത്തിലെ ഫോര്‍ത്ത് എസ്റ്റേറ്റിനേയും ജനാധിപത്യവ്യവസ്ഥയെത്തന്നെയും ബാധിക്കുന്ന കാര്യമാണ്.

പക്ഷേ, രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കോ ബുദ്ധിജീവികള്‍ക്കോ മറ്റു മാധ്യമങ്ങള്‍ക്കു പോലുമോ അതൊരു വലിയ സംഭവമായി തോന്നിയില്ല. സായ്‌നാഥിനെയും പരഞ്ചോയ് ഗുഹ താക്കുര്‍ത്തയെയും പോലുള്ള അപൂര്‍വം ചില പത്രപ്രവര്‍ത്തകരും ചില ഇടതുപക്ഷ ചിന്തകരും ഈ ഏറ്റടുക്കലിന്റെ ഗൗരവമേറിയ വശങ്ങളിലേക്കു ശ്രദ്ധ ക്ഷണിച്ചുവെങ്കിലും പൊതുസമൂഹത്തിലേക്ക് അതൊന്നും എത്തിയതേ ഇല്ല. കാരണം, പൊതുജനം വായിക്കുന്ന മുഖ്യധാരാ പത്രങ്ങളിലൊന്നുമല്ലല്ലോ അവര്‍ ലേഖനങ്ങള്‍ എഴുതാറുള്ളത്.

നെറ്റ്‌വര്‍ക്ക്18ന്റെ ഉടമസ്ഥതയിലുള്ള ചാനലുകളെയും മറ്റു സ്ഥാപനങ്ങളെയും കുറിച്ച് അറിഞ്ഞാലേ നടന്ന സംഭവത്തിന്റെ ഗൗരവം മനസ്സിലാവൂ. ചാനലുകളുടെ കൂട്ടത്തിലുള്ളത് സി.എന്‍.ബി.സി., ടി.വി.18, സി.എന്‍.എന്‍-ഐ.ബി.എന്‍, സി.എന്‍.എന്‍ അവാസ്, കളേഴ്‌സ്, എംടിവി ഹോംഷോപ്പ് എന്റര്‍ടെയിന്‍മെന്റ് എന്നിവയും നിരവധി പ്രാദേശികഭാഷാ ചാനലുകളുമാണ്. ഫസ്റ്റ്‌പോസ്റ്റ്‌ഡോട്‌കോം, മണികണ്‍ട്രോള്‍ഡോട്‌കോം എന്നീ പ്രശസ്തമായ വെബ്‌സൈറ്റുകളും ഫോബ്‌സ് ഇന്ത്യ മാഗസീനും അന്ന്  റിലയന്‍സിന്റെ കൈകളിലെത്തി. നാലായിരം കോടി രൂപയാണ് ഇതിനു റിലയന്‍സ് കമ്പനി മുടക്കിയത്. തെലുങ്കില്‍ ഏറ്റവും സ്വാധീനമുള്ള ഈനാട് ഗ്രൂപ്പിനു പുറമെ ആന്ധ്ര, തെലങ്കാന, ഉത്തരപ്രദേശ്, പ.ബംഗാള്‍, മഹരാഷ്ട്ര, കര്‍ണാടക, ഒഡിഷ, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാണ, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, കേരളം തടങ്ങിയ സംസ്ഥാനങ്ങളിലെ ഭാഷാചാനലുകളും ഇപ്പോള്‍ റിലയന്‍സിന്റെ പക്കലുണ്ട്.

ഇത്രയും മാധ്യമങ്ങള്‍ കൈവശമുള്ള മറ്റൊരു കമ്പനി ഇന്ത്യയിലില്ല. റിലയന്‍സിനെ സംബന്ധിച്ചിടത്തോളം അവരുടെ വ്യവസായസാമ്രാജ്യത്തിന്റെ ഒരു ചെറിയ വിഭാഗം മാത്രമാണ് മാധ്യമം. പക്ഷേ, ഈ ചെറിയ ന്യൂക്ലിയസ് ആവും വരുംകാലങ്ങളില്‍ പൊതുജനാഭിപ്രായത്തെയും ഇന്ത്യന്‍ ജനാധിപത്യത്തെത്തന്നെയും നിയന്ത്രിക്കുക എന്ന് നിരീക്ഷകര്‍ ഭയപ്പെട്ടുതുടങ്ങിയിട്ടുണ്ട്. റിയലന്‍സുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഗോള മാധ്യമവീരന്‍ റുപര്‍ട് മര്‍ഡോക്ക് പോലും ഇന്ത്യയില്‍ പിറകിലേ വരൂ.

വലുതായി ചര്‍ച്ച ചെയ്യപ്പെടാറില്ലെങ്കിലും വിപുലമാണ് മര്‍ഡോക്കിന്റെ ഇന്ത്യന്‍ സാമ്രാജ്യം. സ്റ്റാര്‍ ഇന്ത്യ നെറ്റ്‌വര്‍ക്‌സ് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പറേഷന്റെ നൂറു ശതമാനം അനുബന്ധ സ്ഥാപനമാണ്. ആഴ്ചതോറും നാല്പതു കോടി പേര്‍ കാണുന്ന, എട്ടു ഭാഷകളിലുള്ള 32 ചാനലുകള്‍ ഇവര്‍ക്കുണ്ട്. സ്റ്റാര്‍ പ്രസ്സും സ്റ്റാര്‍ വണും സ്റ്റാര്‍ ഗോള്‍ഡും സ്റ്റാര്‍ ന്യൂസും ഇ.എസ്.പി.എനും സ്റ്റാര്‍ സ്‌പോര്‍ട്‌സും ഇതില്‍ പെടുന്നു. ഇന്ത്യന്‍ നിയമങ്ങളുടെ പരിധിയില്‍ നില്‍ക്കുന്നതിനും ചിലതിനെയെല്ലാം മറുകടക്കുന്നതിനുമായി സങ്കീര്‍ണമായ ഓഹരി നിക്ഷേപ രീതികളിലൂടെ മര്‍ഡോക്ക് മറ്റനേകം ഇന്ത്യന്‍ മാധ്യമ-വിനോദ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവുംവലിയ സ്വതന്ത്ര വിപണിയായ ഇന്ത്യക്ക് അവര്‍ വലിയ പ്രാധാന്യം നല്‍കുന്നത് സ്വാഭാവികം മാത്രം. ടി.വി.പ്രോഗ്രാം നിര്‍മാണം മുതല്‍ ടി.വി.വാര്‍ത്തയും കേബ്ള്‍ വിതരണവും വയര്‍ലസ് ഡിജിറ്റല്‍ സര്‍വ്വീസും അടങ്ങുന്നതാണ് ആ സാമ്രാജ്യം.

താല്പര്യസംഘട്ടനം 

രാജ്യത്തിലെ ഏറ്റവും വലിയ വ്യവസായസ്ഥാപനം രാജ്യത്തെ ഏറ്റവും ജനസ്വാധീനമുള്ള മാധ്യമങ്ങളെ നിയന്ത്രിക്കുന്ന അവസ്ഥ ജനാധിപത്യത്തിന് ഗുണകരമാണോ എന്ന ചോദ്യം പോലും ഇപ്പോള്‍ ഉയരാതായിട്ടുണ്ട്. ടാറ്റയ്ക്കും ബിര്‍ലയ്ക്കും ഒന്നോ രണ്ടോ ഇംഗ്ലീഷ് പത്രങ്ങളുണ്ടായിരുന്ന അറുപതുകളിലും എഴുപതുകളിലും ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷാംഗങ്ങള്‍ നിരന്തരം കുത്തകമാധ്യമങ്ങള്‍ക്കെതിരെ ഘോരഘോരം ശബ്ദമുയര്‍ത്തിപ്പോന്നിട്ടുണ്ട്. ചണവ്യവസായത്തിന്റെ പിന്‍ബലമുള്ള ടൈംസ് ഓഫ് ഇന്ത്യയെ വിമര്‍ശകര്‍ ചണമാധ്യമം-ജൂട്ട് പ്രസ്- എന്നാണു വിളിക്കാറുള്ളത്. സര്‍ക്കാര്‍ പക്ഷത്തു നിന്ന് നിരവധി നടപടികളും അതിനെതിരെ കോടതികളില്‍ അനേകം കേസ്സുകളും അക്കാലത്ത് ഉണ്ടായിട്ടുണ്ട്. ഇന്ന് പാര്‍ലമെന്റില്‍ ആരും ഇത്തരം കാര്യങ്ങളൊന്നും പറയാറില്ല.

ഇന്ത്യയിലെന്നല്ല എവിടെയും, ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്നതെന്നു കരുതുന്ന നാലു തൂണുകളില്‍ നാലാം തൂണ് മാത്രമാണ് ലാഭത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്ന് അറിയാത്തവരില്ല. ആ ഒന്നു മാത്രമാണ് ജനങ്ങളുടെ നികുതിപ്പണം കൊണ്ടല്ലാതെ പ്രവര്‍ത്തിക്കുന്നതും. നയരൂപവല്‍ക്കരണത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന പൊതുജനാഭിപ്രായം രൂപവല്‍ക്കരിക്കുന്നതില്‍ ഫോര്‍ത്ത് എസ്റ്റേറ്റിന് സുപ്രധാന പങ്കുണ്ട്. അതുകൊണ്ടുതന്നെയാണ് സ്വതന്ത്രവും നിഷ്പക്ഷവും വസ്തുനിഷ്ഠവും പൊതുസമൂഹത്തിന്റെ താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായിരിക്കണം ഫോര്‍ത്ത് എസ്റ്റേറ്റ് എന്നു പറയാറുള്ളത്. രാജ്യത്തെ ഏറ്റവും വലിയ വ്യവസായക്കുത്തക ഫോര്‍ത്ത് എസ്റ്റേറ്റിനെ കൈവശപ്പെടുത്തുമ്പോള്‍ എന്താണു സംഭവിക്കുക? ഫോര്‍ത്ത് എസ്‌റ്റേറ്റ് സ്വതന്ത്രമോ നിഷ്പക്ഷമോ അല്ലാതാവും. വ്യവസായി വര്‍ഗത്തിന്റെ താല്പര്യങ്ങളാണ് ഫോര്‍ത്ത് എസ്റ്റേറ്റ് ഉയര്‍ത്തിപ്പിടിക്കുക. ഇപ്പോള്‍തന്നെ അത് അങ്ങനെയല്ലേ എന്നു വേണമെങ്കില്‍ ചോദിക്കാവുന്നതാണ്. അങ്ങനെയാണ്. പക്ഷേ, സ്ഥിതി കൂടുതല്‍ നിയന്ത്രണാതീതമാവും തീര്‍ച്ച.

രാഷ്ട്രീയപാര്‍ട്ടികള്‍ പത്രമോ ചാനലോ നടത്തുമ്പോള്‍ അവയ്ക്ക് സ്വതന്ത്രമോ നിഷ്പക്ഷമോ ആയി പ്രവര്‍ത്തിക്കാനാവില്ല എന്നു പറയാറുണ്ട്. അതു ശരിയാണ്. പാര്‍ട്ടിയുടെ താല്പര്യം സംരക്ഷിക്കാനേ പാര്‍ട്ടി പത്രത്തിനു കഴിയൂ. ഇതുപോലെ മാധ്യമസ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകളുടെ കൈവശം എത്തുമ്പോള്‍ അവ കോര്‍പ്പറേറ്റ് താല്പര്യമേ സംരക്ഷിക്കൂ എന്നു കരുതുന്നത് ശരിയാണോ?   ആഗോളീകരണത്തിന്റെ മലവെള്ളപ്പാച്ചില്‍ ആരംഭിക്കുന്നതുവരെ ഇതു ഭാഗികമായി മാത്രം ശരിയായിരുന്നു. വലിയ കമ്പനികള്‍ നടത്തുന്ന മാധ്യമങ്ങളായിരുന്നില്ല ബഹുഭൂരിപക്ഷം ജനങ്ങളിലുമെത്തിയിരുന്നത്. അവയേറെയും ഇടത്തരം കമ്പനികളായിരുന്നു. ചെറിയ കമ്പനികളുടെ നിക്ഷിപ്തതാല്പര്യവും ചെറുതാകുമായിരുന്നു. പത്രാധിപര്‍ക്ക് ഉടമയേക്കാള്‍ അധികാരം പല പത്രസ്ഥാപനങ്ങളിലും ഉണ്ടായിരുന്ന കാലവും അത്ര പഴക്കമുള്ളതല്ല. അവരാണ് പത്രത്തിന്റെ ഉള്ളടക്കം തീരുമാനിച്ചിരുന്നത്. നിയമം അനുസരിച്ച് ഇപ്പോഴും അതിന്റെ ചുമതലയും അധികാരവും പത്രാധിപര്‍ക്കാണ്. പത്രാധിപരുടെ സ്വാതന്ത്ര്യത്തെ ഉടമകളും മാനിച്ചുപോന്ന കാലം വളരെയൊന്നും അകലെ ആയിരുന്നില്ല.

ഇന്ന് ഇതൊരു പഴങ്കഥയായേ ആരും കാണുന്നുള്ളൂ. എഡിറ്റര്‍ ഇല്ലാതെ പത്രം നടത്താനൊരു പ്രയാസവുമില്ലെന്ന് പല സ്ഥാപനങ്ങളും തെളിയിച്ചുകഴിഞ്ഞു. പ്രഗത്ഭപത്രാധിപന്മാര്‍ ഇരുന്ന കസേരയില്‍ ബിസിനസ് എക്‌സിക്യൂട്ടീവിനെ ഇരുത്താന്‍പോലും ടൈംസ് ഓഫ് ഇന്ത്യക്ക് മടിയുണ്ടായില്ല. പ്രൊഫഷനല്‍ പത്രപ്രവര്‍ത്തനം എന്നു പറയുന്നതുതന്നെ പരസ്യ-സര്‍ക്കുലേഷന്‍ താത്പര്യങ്ങള്‍ സംരക്ഷിച്ച് വാര്‍ത്തയെഴുതലാണ് എന്ന നിലയും ഉണ്ടായിക്കഴിഞ്ഞു. വാര്‍ത്തയല്ല, പരസ്യമാണ് തങ്ങളുടെ ബിസിനസ് എന്നു പറയാന്‍ മടിക്കാത്ത സമീര്‍ജെയിനിന് ഇന്ന് എല്ലാ ഭാഷാപത്രങ്ങളിലും അനുയായികളുണ്ട്. പരസ്യക്കാരെ പ്രീണിപ്പിച്ച് കൂടെ നിറുത്തി അവര്‍ ബാലന്‍സ് ഷീറ്റുകളിലെ കള്ളികള്‍ ശോഭനമാക്കിക്കൊണ്ടിരിക്കുകയാണ്. വാര്‍ത്ത വായിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളേക്കാള്‍ മഹാന്മാര്‍ പരസ്യയിനത്തില്‍ ലക്ഷങ്ങള്‍തരുന്ന വ്യവസായികളാണ് എന്ന യാഥാര്‍ത്ഥ്യം പത്രപ്രവര്‍ത്തകരും അംഗീകരിച്ചുകഴിഞ്ഞു. പല കമ്പനി ഉടമസ്ഥന്മാര്‍ക്കും ലഭിക്കുന്ന അതേ തോതില്‍ അഞ്ചും പത്തും കോടി രൂപ വര്‍ഷം തോറും ശമ്പളയിനത്തില്‍ കൈപ്പറ്റുന്ന എഡിറ്റര്‍മാര്‍ ഇന്ത്യയിലുമുണ്ട്. അവരെ വെറുതെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്നും മറ്റും പറഞ്ഞ് ശല്യപ്പെടുത്തരുതാരും!

പത്രസ്വാതന്ത്ര്യത്തിന്റെ സുവര്‍ണകാലമാണ് ഇതെന്നും മാധ്യമമത്സരം രൂക്ഷമായതുകൊണ്ട് ഒരു വാര്‍ത്തയും ആര്‍ക്കും പൂഴ്ത്തിവെക്കാന്‍ കഴിയാതായി എന്നൊക്കെയുള്ള ഒരഹന്ത മാധ്യമലോകത്തു ചിലര്‍ക്കെങ്കിലുമുണ്ടായിരുന്നു. ഒരു മുഖ്യമന്ത്രിയോ ഒരു പോലീസ് മേധാവിയോ വിചാരിച്ചാല്‍ ഏതെങ്കിലും വാര്‍ത്ത തടഞ്ഞുവെക്കാന്‍ കഴിയുമോ? ഇല്ല പറ്റുകയില്ല.  മാധ്യമങ്ങളെ നിലനിര്‍ത്തുന്നത് പരസ്യവരുമാനമാണ് എന്ന നിലമാറി, പരസ്യവരുമാനത്തിനു വേണ്ടിയാണ് മിക്ക മാധ്യമങ്ങളും നിലനില്‍ക്കുന്നത് എന്നു വന്നതോടെ മാധ്യമങ്ങള്‍ക്കു മേല്‍  പ്രധാനമന്ത്രിക്കോ കേന്ദ്രഭരണകൂടത്തിനു പോലുമോ ഉള്ളതിലേറെ അധികാരവും സ്വാധീനവും ഉള്ളത് പരസ്യക്കാരായ വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് എന്നു വന്നിരിക്കുന്നു. ഇത് കേരളത്തിലോ ഇന്ത്യയിലോ മാത്രമുള്ള അവസ്ഥയല്ല എന്നു മാത്രം.

ഒരു സ്വതന്ത്ര പത്രത്തിന്റെ പത്രാധിപര്‍ രാഷ്ട്രീയനേതാവാണെങ്കില്‍ സംഭവിക്കുന്ന താല്പര്യസംഘട്ടനം വന്‍വ്യവസായി മാധ്യമ ഉടമ ആകുമ്പോഴും സംഭവിക്കുന്നുണ്ട്. റിലയന്‍സ് കമ്പനിക്ക് ഉടമസ്ഥതയുള്ള ഒരു ചാനലിനോ പത്രത്തിനോ സര്‍ക്കാറും റിലയന്‍സും തമ്മില്‍ കടുത്ത നിയമയുദ്ധം നടക്കുന്ന ഒരു വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്താനോ വിവരങ്ങള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കാനോ കഴിയുമോ? പറ്റില്ല എന്നു പലവട്ടം തെളിയിക്കപ്പെട്ടിട്ടുണ്ട്. ആ അപരാധം പക്ഷേ മര്‍ഡോക്കിനു മേല്‍ വെച്ചുകെട്ടാനാവില്ല. മര്‍ഡോക്കിന് വേറെ വ്യവസായങ്ങളില്ല, മാധ്യമവ്യവസായമേ ഉള്ളൂ.

ള്ളടക്കം ആരു തീരുമാനിക്കും?

റിലയന്‍സ് ഏറ്റെടുത്ത ഫസ്റ്റ്‌പോസ്റ്റ്‌ഡോട്‌കോം ഓണ്‍ലൈന്‍ മാധ്യമത്തിലുണ്ടായ ഒരു സംഭവം പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഫസ്റ്റ്‌പോസ്റ്റ്‌ഡോട്‌കോം വിശ്വാസ്യതയുള്ള ഒരു പ്രസിദ്ധീകരണമായിരുന്നു. ആര്‍.ജഗനാഥന്‍ എഡിറ്ററായിരുന്നപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനം-കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വിമര്‍ശിക്കുന്നത്- മാനേജ്‌മെന്റ് ഇടപെട്ട് പിന്‍വലിപ്പിച്ചതാണ് വിവാദമായത്. കുത്തകസ്ഥാപനം ഏറ്റെടുത്തതുകൊണ്ടല്ലേ ഈ സ്വാതന്ത്ര്യനിഷേധം ഉണ്ടായത് എന്ന ചോദ്യമുയര്‍ന്നപ്പോള്‍ എഡിറ്റര്‍ മറ്റൊരു രീതിയിലാണ് വിശദീകരിച്ചത്. കോര്‍പ്പറേറ്റുകള്‍ മാധ്യമ ഉടമസ്ഥരായി വരുന്നത് നല്ലതാണ്. പക്ഷേ, എന്തെല്ലാം എഴുതാം, എന്തെല്ലാം പാടില്ല എന്ന കാര്യത്തില്‍ മാനേജ്‌മെന്റും എഡിറ്ററും തമ്മില്‍ ധാരണയുണ്ടെങ്കില്‍ പ്രശ്‌നമില്ല എന്നായിരുന്നു വിശദീകരണം.

ഇതു വളരെ എളുപ്പമാണ്. മാനേജ്‌മെന്റിന് അനിഷ്ടമുണ്ടാക്കുന്ന യാതൊന്നും പ്രസിദ്ധീകരിച്ചുകൂടാ എന്നൊരു ചട്ടം പാലിച്ചാല്‍ പിന്നെ പ്രശ്‌നമൊന്നുമുണ്ടാകില്ല എന്നു കരുതുന്ന പത്രാധിപന്മാര്‍ നമ്മുടെ നാട്ടിലുമുണ്ട്. എന്തു വാര്‍ത്ത വരുമ്പോഴും അതു നോക്കിയാല്‍ മതി. ഈ വാര്‍ത്ത മാനേജ്‌മെന്റിലുള്ള ആര്‍ക്കെങ്കിലും ഇഷ്ടപ്പെടാതെ വരുമോ, ആരുടെയെങ്കിലും താല്പര്യത്തിന് ഹാനിയുണ്ടാകുമോ, പരസ്യംമാനേജര്‍ക്ക് അഹിതം തോന്നുമോ, ഏതെങ്കിലും ജാതി-മത-രാഷ്ട്രീയ-സംഘടിത ഗ്രൂപ്പിന് അനിഷ്ടം തോന്നി പത്രപ്രചാരം കുറച്ചുകളയുമോ എന്നിത്യാദി  സംശയങ്ങളുണര്‍ത്തുന്ന ഒരു വാര്‍ത്തയും കൊടുക്കേണ്ട എന്നു തീരുമാനിച്ചാല്‍ പിന്നെ പ്രശ്‌നമില്ല. ഒരു പ്രശ്‌നമേയുള്ളൂ, ഈ പ്രവര്‍ത്തനത്തിന് പത്രപ്രവര്‍ത്തനം എന്നു പേരുവിളിക്കാന്‍ പറ്റില്ല എന്നുമാത്രം. എന്തുവേണമെങ്കിലും വിളിച്ചോട്ടെ. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം…….

2015ലാണ് ഫസ്റ്റ്‌പോസ്റ്റ്‌ഡോട്‌കോം വിവാദമുണ്ടായത്. പത്രാധിപര്‍ക്ക് നയം വ്യക്തമായതുകൊണ്ടാവണം അധികം വൈകാതെ, ഒ.എന്‍.ജി.സി. എണ്ണപ്പാടങ്ങളില്‍നിന്നു റിലയന്‍സ് കമ്പനി ഗ്യാസ് മോഷ്ടിച്ചുവെന്ന ആരോപണത്തെക്കുറിച്ചൊരു റിപ്പോര്‍ട്ടും ഫസ്റ്റ്‌പോസ്റ്റ്‌ഡോട്‌കോമില്‍ പ്രസിദ്ധപ്പെടുത്തിയില്ല. റിലയന്‍സ് കമ്പനിക്ക് വാണിജ്യതാല്പര്യമില്ലാത്ത ഏത് മേഖലയാണ് ഇന്ത്യയിലുള്ളത്? പച്ചക്കറിക്കച്ചവടത്തിലും ഉപ്പുമുളക് കച്ചവടത്തില്‍പ്പോലും അവരുണ്ട്. എല്ലാ മേഖലയിലും അവര്‍ക്ക് സ്വന്തക്കാരും ശത്രുക്കളുമുണ്ട്. അവരുടെ പട്ടിക ഓരോ പത്രാധിപരും മേശപ്പുറത്തോ പേഴ്‌സണല്‍ കമ്പ്യൂട്ടറിലോ ദിവസവും അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിച്ചില്ലെങ്കില്‍ എന്നാണ് അപകടത്തില്‍പെടുന്നത് എന്നു പറയാന്‍പറ്റില്ല. കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് അരവിന്ദ് കെജ്‌റിവാളിന് ഗുണം ചെയ്യുന്ന ഒരു കൊച്ചുറിപ്പോര്‍ട്ട് പോലും റിലയന്‍സിന്റെ കൈവശമുള്ള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടില്ലത്രെ. കെജ്‌റിവാള്‍ റിലയന്‍സിനെ വിമര്‍ശിക്കുന്നു എന്നതാണ് കാരണം. ഈ ചാനല്‍ ബ്ലാക്കൗട്ട് പല വേദിയിലും ചര്‍ച്ചയായി. അടുത്ത തിരഞ്ഞെടുപ്പാവുമ്പോഴേക്ക് പത്രാധിപരുടെ മേശപ്പുറത്തെ ബ്ലാക്കൗട്ട് ചെയ്യപ്പെടേണ്ടരുടെ ലിസ്റ്റുണ്ടാവൂം, നീണ്ട ലിസ്റ്റ്. അപ്പോഴത് ചര്‍ച്ചയേ അല്ലാതാകും.

നിരവധി ദേശീയ മാധ്യമസ്ഥാപനങ്ങളുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ പരസ്യദാതാക്കളായ കമ്പനികളുടെ ഉടമസ്ഥരെ ഡയറക്റ്റര്‍മാരാക്കിയിട്ടുള്ളത് അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും അതുവഴി പരസ്യവരുമാനം പുഷ്ടിപ്പെടുത്താനുമാണ്. ഏതെല്ലാം മാധ്യമകമ്പനികളില്‍ ആരെല്ലാം ഡയറക്റ്റര്‍മാരായി തുടരുന്നു എന്ന് പരഞ്ചോയ് ഗുഹ താക്കുര്‍ത്ത, ദി ഹൂട്ട്‌ഡോട് കോം എന്ന  മാധ്യമവിമര്‍ശന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ വിവരിച്ചതായി കാണാം. ഈ പ്രവണത തുറന്നുകാട്ടുന്ന ഗവേഷണങ്ങള്‍ പുസ്തകരൂപത്തില്‍തന്നെ പുറത്തിറങ്ങിയിട്ടുമുണ്ട്.

വിവിധ ഭാഷകളിലുള്ള ഒരു ലക്ഷത്തോളം മാധ്യമങ്ങള്‍ രജിസ്ട്രാര്‍ ഓഫ് ന്യൂസ്‌പേപ്പഴ്‌സ് വശം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യന്‍ മാധ്യമരംഗത്ത് കുത്തകവല്‍ക്കരണമുണ്ട് എന്നങ്ങനെ പറയും എന്ന ചോദ്യം പ്രസക്തമാണ്. പത്രങ്ങള്‍ക്ക് പുറമെയാണ് ചാനലുകളും റേഡിയോവും ഓണ്‍ലൈന്‍ മാധ്യമങ്ങളുമെല്ലാമുള്ളത്. എണ്ണൂറിലേറെ ചാനലുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതില്‍ മുന്നൂറും വാര്‍ത്താചാനലുകളാണ്. ഇതെല്ലാമാണെങ്കിലും നമ്മുടെ മാധ്യമരംഗം നൂറില്‍ത്താഴെ കമ്പനികളുടെ നിയന്ത്രണത്തിലാണെന്നതാണ് സത്യം. പത്രങ്ങളുടെ എണ്ണം ഇരുപതും മുപ്പതുമെല്ലാം ഉണ്ടാവാം. പക്ഷേ, ഒന്നോ രണ്ടോ പത്രങ്ങളെയാവും മൂന്നില്‍രണ്ടു വായനക്കാരും ആശ്രയിക്കുന്നത്. ഇതും മോശം അവസ്ഥതന്നെ. പക്ഷേ, ഇത്തരം കുത്തക അടിച്ചേല്‍പ്പിക്കപ്പെടുന്നതല്ല, വായനക്കാര്‍തന്നെ സൃഷ്ടിക്കുന്നതാണ്. ഇതും പല വികസിതരാജ്യങ്ങളിലെ നിലയേക്കാള്‍ ഭേദമാണ്. ചില ആസ്‌ത്രേല്യന്‍ പ്രവിശ്യകളെക്കുറിച്ച്  ജോണ്‍ പില്‍ജര്‍ എഴുതിയത് ഓര്‍ക്കുന്നു. വലിയ അഞ്ചു പത്രങ്ങളുണ്ട് ഒരു സംസ്ഥാനത്ത്. നല്ലതുതന്നെ. പക്ഷേ അഞ്ചില്‍ നാലും മര്‍ഡോക്കിന്റെ പത്രങ്ങളാണ്! പോരേ. ആ നില ഇന്ത്യയിലിതുവരെ ഉണ്ടായിട്ടില്ല എന്നു പൊതുവെ പറയാം. ഇന്ത്യയില്‍ മാധ്യമരംഗത്തെ കുത്തകനിയന്ത്രണത്തിന് പല കാലങ്ങളില്‍ പല റിപ്പോര്‍ട്ടുകള്‍ പല നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നുവെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. മാധ്യമസ്വതന്ത്ര്യകാര്യത്തില്‍ ഇന്ത്യയേക്കാള്‍ എത്രയോ മുന്നില്‍നില്‍ക്കുന്ന അമേരിക്കയിലും ബ്രിട്ടനിലും ഉള്ള നിയന്ത്രണങ്ങള്‍പോലും നമ്മുടെ രാജ്യത്തില്ലെന്ന സത്യം പല നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. .


ടൈംസ് ഓഫ് ഇന്ത്യ എവിടെ നില്‍ക്കുന്നു? 

എത്രയോ കാലമായി നിലനില്‍ക്കുന്ന ടൈംസ് ഓഫ് ഇന്ത്യ എന്ന കുത്തകയെക്കുറിച്ച് എന്താണ് മിണ്ടാത്തത് എന്നും ചോദിക്കാം. തീര്‍ച്ചയായും ഈ ചോദ്യത്തില്‍ കഴമ്പുണ്ട്. ആഗോളതലത്തില്‍ റുപര്‍ട്ട് മര്‍ഡോക്ക് എന്തു ചെയ്യുന്നുവോ അത് അതിലേറെ ആവേശപൂര്‍വം ഇന്ത്യയില്‍ ചെയ്യുന്നത് ടൈംസ് ഓഫ് ഇന്ത്യയാണ്. മാധ്യമം എന്ന വ്യവസായം മറ്റേതൊരു വ്യവസായത്തെയും പോലെ ലാഭം ഉണ്ടാക്കുന്നതിനുള്ള, ലാഭം ഉണ്ടാക്കുന്നതിന് മാത്രമുള്ള ഒരു വ്യവസായമാണ് എന്ന തത്ത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് ടൈംസ് ഓഫ് ഇന്ത്യ ഉടമസ്ഥന്മാര്‍. അവര്‍ക്ക് അതു തുറന്നു പറയാന്‍ ഒരു മടിയുമില്ല.

പക്ഷേ, ഇക്കാര്യത്തില്‍ ടൈംസ് ഓഫ് ഇന്ത്യ എന്ന കുത്തകയും റിലയന്‍സ് എന്ന കുത്തകയും തമ്മില്‍ വലിയ അന്തരമുണ്ട്. മുകേഷ് അംബാനിയുടെ പിതാവ് ധിരുബായി അംബാനി വ്യവസായരംഗത്തേക്കു കടക്കുന്നതിനു മുമ്പുതന്നെ സമ്പന്നമായ പത്രം കൈവശമുണ്ടായിരുന്നു ജെയിന്‍ കുടുംബത്തിന്. ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനി ശാന്തിപ്രസാദ് ജെയിന്‍ എന്ന ബിസിനസ്സുകാരന്‍ വാങ്ങുന്ന കാലത്ത് അംബാനി കുടുംബത്തെക്കുറിച്ച് അയല്‍വാസികള്‍ക്കു പോലും അറിവുകാണില്ല. ഒരു സാധാരണകുടുംബം മാത്രമായിരുന്നു അത്. അവരാണ് ഇന്ന് രാജ്യത്തെത്തന്നെ ഏതാണ്ട് കൈവശമാക്കിയിരിക്കുന്നത്. വ്യവസായതാല്പര്യം ഇല്ല എന്നു പറയാനാവില്ലെങ്കിലും അംബാനികുടുംബത്തിനുള്ളതുപോലുള്ള വന്‍കിട വ്യവസായങ്ങളൊന്നും വിനീത് ജെയിന്‍-സമീര്‍ ജെയിന്‍ സഹോദരന്മാര്‍ക്കില്ല. പത്രത്തെ ഒരു വലിയ വ്യവസായമാക്കി മാറ്റി എന്നല്ലാതെ മറ്റു വലിയ വ്യവസായങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍വേണ്ടി പത്രം നടത്തുന്നു എന്ന കുറ്റം ഇവര്‍ക്കെതിരെ ഉന്നയിക്കാന്‍ പറ്റില്ല. ഇത്രയും വായിച്ച് ആരും ടൈംസ് ഓഫ് ഇന്ത്യ മര്യാദരാമന്മാരാണ് എന്നു ധരിച്ചേക്കരുത്. പത്തു ശതമാനം ഓഹരി തങ്ങള്‍ക്കുതന്നാല്‍ തരുന്ന സ്ഥാപനത്തിന് പലവിധ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് എണ്ണമറ്റ സ്ഥാപനങ്ങളില്‍ ഉടമസ്ഥത നേടിയ സ്ഥാപനമാണ് ടൈംസ് ഓഫ് ഇന്ത്യ. പ്രൈവറ്റ് ട്രീറ്റി എന്നവര്‍ വിവരിച്ച ഈ പദ്ധതി അനുകരിക്കാനും സ്ഥാപനങ്ങളുണ്ടായി. മാധ്യമധാര്‍മികതയെക്കുറിച്ച് പ്രാഥമിക ധാരണയെങ്കിലും ഉള്ളവര്‍ സ്വീകരിക്കാന്‍ മടിക്കുന്ന പല കാര്യങ്ങളും നിര്‍വിശങ്കം ചെയ്യാറുണ്ട് ടൈംസ് ഓഫ് ഇന്ത്യ ഉടമസ്ഥര്‍.

പുതിയ ചൂതാട്ടം

ലോകത്തൊരു വ്യവസായഭീമനും പയറ്റിയിട്ടില്ലാത്ത ഒരു വലിയ ചൂതാട്ടത്തിനുള്ള മുന്നൊരുക്കമായാണ് മുകേഷ് അംബാനി രണ്ടു വര്‍ഷം മുമ്പെ നെറ്റ്‌വര്‍ക്ക് 18 വാങ്ങിയതെന്ന് ഇപ്പോള്‍ പലരും തിരിച്ചറിയുന്നു. സമീപകാലത്ത് റിലയന്‍സ് ജിയോ സൗജന്യമായി ഇന്റര്‍നെറ്റ് ഡാറ്റ കൊടുത്തുതുടങ്ങിയതോടെയാണ് ഈ ബിസിനിസ് ചൂതാട്ടത്തിന്റെ തനിസ്വഭാവം വെളിവാകുന്നത്. 2200 കോടി രൂപ മുതല്‍മുടക്കി ആറുമാസത്തിലേറെ ട്രയലുകള്‍ നടത്തിയാണ് കഴിഞ്ഞ വര്‍ഷം ജിയോ തുടങ്ങുന്നത്.

എന്തിന് ജിയോ സൗജന്യമായി 4ജി ഡാറ്റ നല്‍കുന്നു?  ഇത് ഇന്റര്‍നെറ്റ്  കണക്റ്റിവിറ്റിയില്‍ ഒരു വിപ്ലവംതന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം സൗജന്യമായും പിന്നെ കുറഞ്ഞ നിരക്കിലും നല്‍കപ്പെടുന്ന അതിവേഗ ഡാറ്റ 90 ശതമാനം ഇന്ത്യക്കാരിലും എത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അടുത്ത ഘട്ടത്തില്‍ വളരെ കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട് ഫോണുകളും ലഭ്യമാക്കുമത്രെ. വാര്‍ത്തയും വിനോദവും ഇനി ജനങ്ങളിലേക്കെത്തുന്നത് റിലയന്‍സ് ജിയോ വഴിയാകും എന്ന് ഉറപ്പുവരുത്താനുള്ള കഠിനാദ്ധ്വാനത്തിലാണ് അവര്‍. ഫോണ്‍വിളി തീര്‍ത്തും സൗജന്യമായിരിക്കും. അതുകൊണ്ട് സാമാന്യജനം ജിയോവില്‍ തുടരും. ക്രമേണ അവര്‍ അതിന്റെ അഡിക്റ്റുകളാകും. സിനിമയും വാര്‍ത്തയുമെല്ലാം ജിയോ വഴി ഓരോ വ്യക്തിയിലും അവള്‍ എവിടെയാണോ അവിടെ എത്തിക്കും. ചാനല്‍ സംപ്രേഷണം കാണാന്‍ ടെലിവിഷന്‍ തെരഞ്ഞുപോകേണ്ട: ജിയോ ഫോണില്‍ കാണാം.

ഇതുവരെ കണ്ടതൊന്നുമല്ല മാധ്യമങ്ങളുടെ കുത്തകവല്‍ക്കരണം. ഇനി വരുന്നതാവും ശരിയായ കുത്തക. ഇന്റര്‍നെറ്റ് വഴിയുള്ള വാര്‍ത്താ-വിനോദ പ്രവാഹം മൊബൈഫോണുകളിലൂടെയാകുമ്പോള്‍ അതിന്റെ നിയന്ത്രണം പൂര്‍ണമായും റിലയന്‍സിന്റെ കൈയിലായേക്കും. ഇങ്ങനെ വാര്‍ത്തയും വിനോദവും സൗജന്യമായി ഫോണ്‍ വഴി കൊടുത്തിട്ട് റിലയന്‍സിന് എന്തു കാര്യം എന്നു ചോദിക്കരുത്. തൊണ്ണൂറു ശതമാനം ഇന്ത്യക്കാരിലും എത്തുന്ന ഒരു മാധ്യമം ഉണ്ടായാല്‍ പരസ്യക്കാര്‍ പിന്നെ വേറെ മാധ്യമം തിരഞ്ഞു പോകുമോ?

ഒരു ട്രായി സാഹസം

മൂന്നു വര്‍ഷം മുമ്പ് വിവാദവും ബഹളവുമെല്ലാമായ ഒരു റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ഓര്‍മ്മ ഒരു തമാശ പോലെ മനസ്സില്‍ തെളിയുന്നു. നമുക്ക് ട്രായി എന്നൊരു കേന്ദ്ര അധികൃതസ്ഥാപനമുണ്ട്. ടെലഫോണ്‍ റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. പേര് സൂചിപ്പിക്കുംപോലെ കമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ക്കു മേലെ നിയന്ത്രണാധികാരമുള്ള ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം. അവര്‍ ഗൗരവമേറിയ ഒരു വിഷയത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും ആ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കുറെ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന വിശദമായ ഒരു റിപ്പോര്‍ട്ട് 2014 ജുലായില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ജനാധിപത്യത്തില്‍ വാര്‍ത്താസ്ഥാപനങ്ങള്‍ സ്വതന്ത്രമായിരിക്കണമെന്നും അതിനുവേണ്ടി വാര്‍ത്താമാധ്യമങ്ങളെ നിക്ഷിപ്ത താത്പര്യങ്ങളില്‍നിന്നു സ്വതന്ത്രമാക്കണം എന്നുമായിരുന്നു നിര്‍ദ്ദേശം. ഒരേ സ്ഥാപനത്തിനു തന്നെ വ്യത്യസ്ത മാധ്യമങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കരുതെന്നും  മാധ്യമരംഗത്തെ കുത്തകവല്‍ക്കരണം അപകടമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. മാധ്യമസ്വതന്ത്ര്യം, മാധ്യമബഹുസ്വരത, മാധ്യമസുതാര്യത തുടങ്ങിയ നല്ല തത്ത്വങ്ങള്‍ മുറുകെപ്പിടിക്കുന്നതും,സാധാരണ ഒരു വ്യവസായം അല്ല, ജനാധിപത്യത്തിന്റെ നാലാംതൂണു തന്നെയാണു മാധ്യമം എന്നും ഉറപ്പിച്ചു പറയുന്നതുമായിരുന്നു സുദീര്‍ഘമായ ആ റിപ്പോര്‍ട്ട്.

മാധ്യമങ്ങളെ സ്വതന്ത്രമാക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ച മാര്‍ഗങ്ങള്‍ പലരെയും അമ്പരപ്പിച്ചു. വ്യവസായസ്ഥാപനങ്ങള്‍ മാധ്യമരംഗത്തു കടക്കുന്നത് താല്പര്യസംഘട്ടനം ഉണ്ടാക്കും എന്നതുകൊണ്ട് വ്യവസായ കമ്പനികള്‍ക്ക് ഈ രംഗത്തേക്കു പ്രവേശനം അനുവദിക്കരുത് എന്നതായിരുന്നു പ്രധാന നിര്‍ദ്ദേശം. വ്യവസായങ്ങളെ മാത്രമല്ല, രാഷ്ട്രീയപാര്‍ട്ടികളെയും അനുവദിക്കരുത് എന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. ‘നിങ്ങളുടെ പട്ടണത്തിലെ ടെലിവിഷന്‍ ചാനല്‍ ഉടമ സ്ഥലം എം.എല്‍.എ ആണെങ്കില്‍  ആ ചാനലിലൂടെ നിങ്ങള്‍ അറിയാനാഗ്രഹിക്കുന്ന എന്തെങ്കിലും സത്യം പുറത്തുവരുമോ? ‘-ട്രായിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദീകരിക്കവെ ട്രായി ചെയര്‍മാന്‍ രാഹുല്‍ ഖുല്ലര്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു. സംഭവമൊക്കെ സത്യംതന്നെ. പക്ഷേ, രാഷ്ട്രീയപാര്‍ട്ടികളും കോര്‍പ്പറേറ്റ് കമ്പനികളും പിന്നെ മാധ്യമങ്ങളും ഭരണം നടത്തുന്ന ഒരു രാജ്യത്ത് ആ മൂന്നു കൂട്ടര്‍ക്കും ലവലേശം യോജിപ്പില്ലാത്ത ഒരു നിയമം കൊണ്ടുവരിക സാധ്യമാണോ? രാഷ്ട്രീയക്കാര്‍ക്ക് ചാനല്‍ തുടങ്ങാന്‍ അനുമതി നിഷേധിക്കുന്ന നിയമം രാഷ്ട്രീയക്കാര്‍ മാത്രമുള്ള ലോക്‌സഭ പാസ്സാക്കുമെന്നു എങ്ങനെ പ്രതീക്ഷിക്കാനാകും? കുറെ ചര്‍ച്ചയും വിവാദവുമൊക്ക നടന്നു. പിന്നെ എല്ലാം കെട്ടടങ്ങി.

‘ഇഷ്യൂസ് റിലേറ്റിങ്ങ് ടു മീഡിയ ഓണര്‍ഷിപ്പ്’  എന്നു പേരിട്ട ഈ റിപ്പോര്‍ട്ട് കേന്ദ്ര സിക്രട്ടേറിയറ്റില്‍ വിശ്രമിക്കുന്നുണ്ടാവും-ശാശ്വതമായ വിശ്രമം!

(ഗ്രന്ഥാലോകം 2107 മെയ് ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്)

Leave a Reply

Your email address will not be published. Required fields are marked *

Go Top