പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാന്‍ ആരാണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് പേര് ഓര്‍ക്കില്ല. വാര്‍ത്തയിലും വിവാദത്തിലും സദാ നിറഞ്ഞുനില്‍ക്കുന്നതുകൊണ്ട് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു തന്നെയാണ് ഇപ്പോഴും ചെയര്‍മാന്‍ എന്ന് കരുതുന്നവരും കാണും. പുതിയ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ. പ്രസാദാണ്. എന്തുകൊണ്ടോ, സ്ഥാനമേറ്റ് ഏഴുമാസം പിന്നിട്ടിട്ടും അദ്ദേഹം നിശ്ശബ്ദനാണ്. കാര്യങ്ങള്‍ പഠിക്കാന്‍ സമയമെടുക്കുന്നതാവാം.
ഇതിനുമുമ്പ് സ്ഥാനംവഹിച്ച ചെയര്‍മാന്മാര്‍ ഏതാണ്ടെല്ലാവരും സ്ഥാനമേറ്റ് ആഴ്ചകള്‍ക്കകം ഒരു പ്രശ്നം ഉന്നയിക്കാറുണ്ട്. മൂന്നുവര്‍ഷം കഴിഞ്ഞ് സ്ഥാനമൊഴിയുന്നതുവരെ അത് പറഞ്ഞുകൊണ്ടിരിക്കാറുമുണ്ട്. ഇതാണ് പ്രശ്നം-പ്രസ് കൗണ്‍സില്‍ വെറും പല്ലില്ലാപ്പുലിയാണ്-ടൂത്ലെസ് ടൈഗര്‍. ഒരധികാരവുമില്ല. പരാതികള്‍ സ്വീകരിക്കാം, വിചാരണ ചെയ്യാം. തെറ്റോ ശരിയോ എന്നു കണ്ടത്തെി വിധി പ്രഖ്യാപിക്കാം. കേസില്‍ പ്രതിസ്ഥാനത്തുനിന്ന പത്രങ്ങള്‍പോലും പ്രസിദ്ധപ്പെടുത്തില്ല വിധി. തെറ്റ് ചെയ്തവരെ ഉപദേശിക്കാം. തീര്‍ന്നു. സമീപകാലത്തായി മറ്റൊരു പ്രശ്നംകൂടി ചെയര്‍മാന്മാരും മാധ്യമനിരീക്ഷകരും ഉന്നയിക്കാറുണ്ട്. അച്ചടിപ്പത്രം മാത്രമേ പ്രസ് കൗണ്‍സിലിന്‍െറ പരിധിയില്‍ വരുന്നുള്ളൂ. പ്രസ് കൗണ്‍സില്‍ രൂപവത്കരിക്കുമ്പോള്‍ ടെലിവിഷന്‍ ഉണ്ടായിരുന്നില്ലല്ളോ. ഇപ്പോള്‍ പത്രങ്ങളല്ല, ചാനലുകളാണ് കൂടുതലാളുകളില്‍ വാര്‍ത്തയത്തെിക്കുന്നത്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളുമുണ്ട്. ഇവയെല്ലാമുള്ളപ്പോള്‍ പ്രസ് കൗണ്‍സില്‍ പഴയമട്ടില്‍ പരിമിതമായ അധികാരങ്ങളോടും പരിധികളോടെയും നിലനിന്നിട്ട് എന്തുകാര്യം?
ജസ്റ്റിസ് കട്ജു എന്തുവിഷയവും ‘അക്രമാസക്തമായി’ അവതരിപ്പിക്കാന്‍ കഴിവുള്ളയാളാണ്. കഴിഞ്ഞദിവസമാണ് അദ്ദേഹം നിലവിലുള്ള ചീഫ് ജസ്റ്റിസിനെ അഴിമതിക്കാരനെന്നു വിളിച്ചത്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ പരസ്യമായി വെല്ലുവിളിച്ചു. മിണ്ടാട്ടമുണ്ടായിരുന്നില്ല എതിര്‍പക്ഷത്ത്. പ്രസ് കൗണ്‍സില്‍ ചെയര്‍മാനായിരുന്ന ആളുടെ ആരോപണം മുഖ്യധാരാപത്രങ്ങള്‍ പൂര്‍ണമായി ബ്ളാക്കൗട്ട് ചെയ്തു. മഹാത്മാഗാന്ധിയെ ബ്രിട്ടീഷ് ഏജന്‍റ് എന്ന് ഇതേ കട്ജു ആക്ഷേപിച്ചത് വലിയ തലക്കെട്ടായി പ്രസിദ്ധപ്പെടുത്തിയവര്‍ ചീഫ് ജസ്റ്റിസിനെ ഭയന്നു. നാം ചര്‍ച്ച ചെയ്യുന്നത് ഈ വിഷയമല്ല. ജസ്റ്റിസ് കട്ജു പ്രസ് കൗണ്‍സിലിന്‍െറ അധികാരമില്ലായ്മ എന്ന പ്രശ്നം നിരന്തരം ഉന്നയിക്കുകയും ബഹളമുണ്ടാക്കുകതന്നെയും ചെയ്തിരുന്നു. പക്ഷേ, പ്രയോജനപ്രദമായ ഒന്നും സംഭവിച്ചില്ല. എന്നാല്‍, ഇപ്പോള്‍ വിഷയം സര്‍ക്കാറിന്‍െറ പരിഗണനയിലുണ്ട് എന്ന് സൂചനകളുണ്ട്. മൂന്നുമാസം മുമ്പ് വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദൃശ്യമാധ്യമങ്ങളെയും കൗണ്‍സിലിന്‍െറ പരിധിയില്‍ ഉള്‍പ്പെടുത്തുന്നകാര്യം സര്‍ക്കാറിന്‍െറ പരിഗണനയിലുണ്ടെന്നും ചെയര്‍മാന്‍െറ അഭിപ്രായം ആരാഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തുകയുണ്ടായി. പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ എന്തെങ്കിലും പ്രതികരിച്ചതായി സൂചനയില്ല.
പ്രസ് കൗണ്‍സിലിന്‍െറ പരിധിയില്‍ ദൃശ്യമാധ്യമങ്ങളെക്കൂടി ഉള്‍പ്പെടുത്തണമോ, പ്രസ് കൗണ്‍സിലിനെ മീഡിയ കൗണ്‍സിലായി പുനര്‍നാമകരണം ചെയ്യണമോ എന്നുള്ളതൊന്നുമല്ല യഥാര്‍ഥ പ്രശ്നം. ഇതില്‍ നയപരമായ കീറാമുട്ടികളൊന്നുമില്ല. പ്രസ് കൗണ്‍സില്‍ ഇന്നത്തെപ്പോലെ ഒരു പല്ലില്ലാപ്പുലിയായി തുടരണമോ അതല്ല, കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമോ, നല്‍കണമെങ്കില്‍ എന്തെല്ലാം അധികാരങ്ങള്‍ എന്നതാണ് കാതലായ പ്രശ്നം. ഗ്രീക് പുരാണത്തിലെ ‘പണ്ടോറപ്പെട്ടി’ തുറക്കലാവുമിതെന്ന് എല്ലാവര്‍ക്കുമറിയാം. മാധ്യമങ്ങളുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാനുള്ള ഏതൊരു നീക്കവും മാധ്യമസ്വാതന്ത്ര്യത്തിന്മേല്‍ കൈവെക്കാനുള്ള ഗൂഢനീക്കമായി ചിത്രീകരിക്കപ്പെടുമെന്നുറപ്പാണ്. പത്രസ്വാതന്ത്ര്യം ലംഘിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നും ഭൂരിപക്ഷമാളുകളും. മുന്‍കാലത്ത് പത്രസ്വാതന്ത്ര്യം തകര്‍ക്കപ്പെടും എന്ന് സംശയിക്കാവുന്ന ചെറിയ നീക്കങ്ങളെങ്കിലും ഉണ്ടായപ്പോഴെല്ലാം പൊതുസമൂഹം ഇതിനെ ചോദ്യംചെയ്ത് തെരുവിലിറങ്ങിയിട്ടുണ്ട്.
പ്രസ് കൗണ്‍സിലിന് കൂടുതല്‍ അധികാരം വേണമെന്ന് പ്രസ് കൗണ്‍സിലിന് അകത്തുള്ളവര്‍ മാത്രമല്ല, പുറത്തുള്ളവരും പറയുന്നുണ്ടെങ്കില്‍ അതിന് മതിയായ കാരണംകാണും. പ്രധാനപ്പെട്ട ഒരു കാരണം പ്രസ് കൗണ്‍സില്‍ ഘടന തീരുമാനിക്കുന്നതിന് അടിസ്ഥാനമായ നമ്മുടെ പഴയ ധാരണകളും വിശ്വാസങ്ങളും പിശകായിരുന്നൂവെന്ന് നാമിപ്പോള്‍ തിരിച്ചറിയുന്നു എന്നതാണ്. പുറത്തുനിന്നാരും പത്രങ്ങളെ നിയന്ത്രിച്ചുകൂടാ, മാധ്യമങ്ങള്‍തന്നെ സ്വയംനിയന്ത്രിക്കണം എന്നതാണ് ആ തത്ത്വം. സെല്‍ഫ് റെഗുലേഷന്‍ എന്ന് വിളിക്കുന്നരീതിയെ സഹായിക്കുകമാത്രമാണ് പ്രസ് കൗണ്‍സില്‍ ചെയ്യുന്നത്. തെറ്റ് ചെയ്യാതിരിക്കാനും ശരിചെയ്യാനും വ്യഗ്രതയുണ്ട് പത്രങ്ങള്‍ക്ക്. ശരിതെറ്റുകളെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാകുകയോ പരിതസ്ഥിതികളുടെ എന്തോ സമ്മര്‍ദം കാരണം ശരിചെയ്യാന്‍ പറ്റാതെ പോവുകയോ ചെയ്യുമ്പോള്‍ ശരിയും തെറ്റും വേര്‍തിരിച്ചുകൊടുക്കുക മാത്രമേ പ്രസ് കൗണ്‍സില്‍ ചെയ്യേണ്ടൂ. അങ്ങനെ ശരി ചൂണ്ടിക്കാട്ടുമ്പോള്‍ മാധ്യമങ്ങള്‍ അത് ആദരപൂര്‍വം സ്വീകരിക്കുകയും ആ തെറ്റ് തിരുത്തുകയും ഭാവിയില്‍ അത് ആവര്‍ത്തിക്കാതിരിക്കാതെ നോക്കുകയുംവേണം. എങ്കിലേ പ്രസ് കൗണ്‍സില്‍കൊണ്ട് പ്രയോജനമുള്ളൂ. പൊതുജനത്തിന്‍െറ നികുതിപ്പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ജനങ്ങള്‍ക്ക് പ്രയോജനമില്ളെങ്കില്‍ അങ്ങനെ ഒരു സ്ഥാപനം നിലനിന്നുകൂടാ.
ഒരുകാര്യം ജനങ്ങള്‍ അറിയേണ്ടതുണ്ട്. 1978 മുതല്‍ ഇന്നലെവരെ പ്രസ് കൗണ്‍സില്‍ നടത്തിയ വിധിപ്രസ്താവനകളില്‍ എത്ര ശതമാനം മാധ്യമങ്ങള്‍ സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്? എത്ര സ്ഥാപനങ്ങള്‍ തങ്ങള്‍ക്കെതിരെ പ്രസ് കൗണ്‍സില്‍ നടത്തിയ വിധിപ്രസ്താവനകള്‍ ഒറ്റക്കോളത്തിലെങ്കിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് ? കേന്ദ്രസര്‍ക്കാറിന്‍െറ വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് ഇതിനുമുമ്പും മാധ്യമ ഉടമസ്ഥതയും മറ്റും സംബന്ധിച്ച പല പഠനങ്ങളും നടത്താന്‍ ട്രായിയെയും അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ് കോളജ് ഓഫ് ഇന്ത്യപോലുള്ള സ്ഥാപനങ്ങളെയും ഏല്‍പിക്കുകയും അവരുടെ റിപ്പോര്‍ട്ട് സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. മാധ്യമങ്ങള്‍ എത്രത്തോളം പ്രസ് കൗണ്‍സില്‍ എന്ന പല്ലില്ലാപ്പുലിയെ വിലമതിച്ചിട്ടുണ്ട് എന്ന് കൗണ്‍സിലിനെ നിലനിര്‍ത്തുന്ന നാം അറിയണം. കൗണ്‍സില്‍ ശിപാര്‍ശകളെ മാധ്യമങ്ങള്‍ മുഖവിലക്കെടുക്കുകയെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ സെല്‍ഫ് റെഗുലേഷന്‍ തുടരുന്നതില്‍ തെറ്റില്ല. ഇല്ളെങ്കില്‍ സെല്‍ഫ് റെഗുലേഷന്‍ എന്നത് വെറും ആത്മവഞ്ചനയാണെന്ന് നാം തിരിച്ചറിയണം.
മാധ്യമങ്ങള്‍ക്കോ പത്രസ്വാതന്ത്ര്യത്തിനുതന്നെയോ യഥാര്‍ഥത്തില്‍ ഭരണഘടനാസംരക്ഷണമില്ല. ഉള്ളത് പൗരന്‍െറ അഭിപ്രായസ്വാതന്ത്ര്യത്തിനാണല്ളോ. എന്നാല്‍, സ്വാതന്ത്ര്യസംരക്ഷണത്തിന്‍െറ കാര്യംവരുമ്പോള്‍ സര്‍ക്കാറുകള്‍ മാധ്യമങ്ങളെ ഭയപ്പെടുകയും പൗരനെ ഭയപ്പെടുത്തുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നത്. സെല്‍ഫ് റെഗുലേഷന്‍ മഷിയിട്ട് നോക്കിയാല്‍ കാണാത്ത മിഥ്യയെ വലിയ യാഥാര്‍ഥ്യമായി സ്വീകരിച്ച് നിയമനിര്‍മാണങ്ങള്‍ക്ക് മടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പൗരന്‍െറ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാന്‍ ഒട്ടും മടിക്കില്ളെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 66 എ വകുപ്പ് തെളിയിക്കുകയും ചെയ്തു. പ്രസ് കൗണ്‍സില്‍ നിയമഭേദഗതി ഉണ്ടാകുമോ? ഉണ്ടായാല്‍ത്തന്നെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വല്ലതുമുണ്ടാകുമോ? ദൃശ്യമാധ്യമത്തെക്കൂടി പ്രസ് കൗണ്‍സിലിന്‍െറ പരിധിയില്‍ കൊണ്ടുവരുന്നതില്‍ ഒതുങ്ങുമോ പരിഷ്കാരം? പുലി പല്ലില്ലാതെ തുടരുമോ?
പഠിക്കാവുന്ന ഒരു പാഠം ബ്രിട്ടനില്‍നിന്നുണ്ട്. ന്യൂസ് ഓഫ് ദ വേള്‍ഡ് ഫോണ്‍ ചോര്‍ത്തല്‍ അപവാദത്തെ തുടര്‍ന്ന് തിളച്ച ജനരോഷമാണ് ലോഡ് ജസ്റ്റിസ് ലെവ്സണ്‍ അധ്യക്ഷനായ കമീഷന്‍െറ നിയമനത്തിലേക്ക് നയിച്ചത്. മാധ്യമങ്ങള്‍ പിന്തുടരുന്ന സംസ്കാരം, പ്രവര്‍ത്തനരീതി, ധാര്‍മികത എന്നിവയെ കുറിച്ച് പഠിക്കാനും ദുഷിച്ച പ്രവണതകള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ ശിപാര്‍ശ ചെയ്യാനുമാണ് കമീഷനോട് ആവശ്യപ്പെട്ടിരുന്നത്. ചില നിയന്ത്രണങ്ങള്‍ കമീഷന്‍ ശിപാര്‍ശ ചെയ്തുവെങ്കിലും ഗവണ്‍മെന്‍റ് അവയൊന്നും സ്വീകരിച്ചില്ല. ജനരോഷം മാധ്യമങ്ങള്‍ക്കും ഗവണ്‍മെന്‍റിനും എതിരായാണ് ഉയര്‍ന്നത്. നിയന്ത്രണങ്ങള്‍ നടപ്പാക്കണം എന്ന മുറവിളി വ്യാപകമായി. പൗരന്‍െറ അഭിപ്രായസ്വാതന്ത്ര്യത്തെയും കോര്‍പറേറ്റ് മാധ്യമങ്ങളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെയും തുല്യമായി കാണുന്ന പഴയ കാഴ്ചപ്പാടുകള്‍ മാറിവരുകയാണ്. തങ്ങള്‍ വാര്‍ത്താവ്യവസായത്തിലല്ല പരസ്യവ്യവസായത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറയുന്നവര്‍ക്ക് എത്രത്തോളം മാധ്യമസ്വാതന്ത്ര്യത്തിന് അര്‍ഹതയുണ്ട്?
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുതന്നെ, പേഡ് ന്യൂസ്, മാധ്യമങ്ങളുടെ കുത്തകവത്കരണം തുടങ്ങിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ട്രായ്, ലോ കമീഷന്‍ എന്നിവ മാധ്യമ നടത്തിപ്പ് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അവ സര്‍ക്കാറിന്‍െറ പരിഗണനയിലുള്ളതുമാണ്. 20 വര്‍ഷത്തിനിടയില്‍ മാധ്യമം എന്ന സങ്കല്‍പംതന്നെ സമ്പൂര്‍ണമായി മാറിയ പശ്ചാത്തലത്തില്‍ ഒരു മീഡിയ കമീഷന്‍-പഴയ പ്രസ് കമീഷന്‍ മാതൃകയില്‍-വിഷയം സമഗ്രമായി പഠിക്കണമെന്ന നിര്‍ദേശവും സര്‍ക്കാറിന്‍െറ മുന്നിലുണ്ട്. പുതിയ സര്‍ക്കാര്‍ സ്ഥാനമേറ്റ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പുതിയ നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല.