അഴിമതി മാനസാന്തരം

ഇന്ദ്രൻ

ആര്‍.ബാലകൃഷ്ണപ്പിള്ള അഴിമതിക്കാരനാണ്, കോടതി ശിക്ഷിച്ച് ജയിലില്‍ കിടന്ന ആളാണ്, അഴിമതിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട ഏക മുന്‍മന്ത്രിയാണ്, ശിക്ഷിക്കപ്പെട്ടത് വി.എസ്. അച്യുതാനന്ദന്‍ സുപ്രിം കോടതി വരെ പോയി വാദിച്ച കേസ്സിലാണ് തുടങ്ങിയ കുറെ സത്യങ്ങളും അര്‍ദ്ധസത്യങ്ങളും പറയാതെ പറഞ്ഞ് ജനങ്ങളില്‍ ഇടതുപക്ഷത്തിനെതിരെ പരിഹാസം, പുച്ഛം തുടങ്ങിയ അധമവികാരങ്ങള്‍ ഉല്പ്പാദിപ്പിക്കുക എന്ന ഗൂഡചിന്തയോടെയാണ് ഫോട്ടോ പ്രസിദ്ധീകരിച്ചത്. 

‘അഴിമതിക്കാരെ വിറപ്പിച്ച് സെക്രട്ടേറിയറ്റ് സത്യാഗ്രഹം’ എന്ന് പാര്‍ട്ടി മുഖപത്രത്തില്‍ ഒന്നാം പേജ് തലക്കെട്ട് കണ്ട് ജനം ഞെട്ടിയിരിക്കണം. ലക്ഷക്കണക്കിന് ജനം വന്ന് രാവുംപകലും സെക്രട്ടേറിയറ്റ് വളഞ്ഞിട്ടും വിറക്കാത്തവരാണ് ഈ അഴിമതിക്കാര്‍. സെക്രട്ടേറിയറ്റ് ഇടിച്ചുനിരത്തിയാലും അവര്‍ വിറക്കില്ല. കെട്ടിടം പുതുക്കിപ്പണിയുന്ന കോണ്‍ട്രാക്റ്റില്‍ വല്ലതും ഒപ്പിക്കാമെന്നവര്‍ സന്തോഷിക്കുകയും ചെയ്യും. നൂറ് ജനപ്രതിനിധികള്‍ സത്യാഗ്രഹം നടത്തിയാല്‍ അഴിമതിക്കാര്‍ വിറക്കുമെന്ന് അറിയുന്നത് നല്ല കാര്യം തന്നെ. പഴഞ്ചന്‍ സത്യാഗ്രഹത്തിനൊക്കെ ന്യൂജന്‍ കാലത്ത് വിലയിടിഞ്ഞു എന്നാണ് കരുതിയിരുന്നത്. ഇപ്പോഴും വലിയ വിലയാണ് എന്ന് അറിയുന്നത് സന്തോഷം തന്നെയാണേ… സമരം നടക്കുമ്പോള്‍ അടുത്ത മരത്തില്‍ ആരെയെങ്കിലും കെട്ടിത്തൂങ്ങിച്ചാകാന്‍ ഏര്‍പ്പാടാക്കുകയാണ് പുതിയ സ്റ്റൈല്‍. അതൊക്കെ ബുദ്ധിമുട്ടാണ്. എന്തായാലും, കെ.എം.മാണിയും കെ.ബാബുവും സത്യാഗ്രഹം കണ്ട് വിറച്ച് ഉടനെ രാജിവെച്ച് നമ്മളെ നിരാശപ്പെടുത്തില്ല എന്ന് വിചാരിക്കുന്നു.

അഴിമതിക്കാര്‍ വിറച്ച വാര്‍ത്തയൊന്നും ബൂര്‍ഷ്വാപത്രങ്ങളില്‍ ഇല്ലാത്തതില്‍ അത്ഭുതമില്ല. അഴിമതിക്കാരെ താങ്ങിനിര്‍ത്തുന്ന അവരും വിറച്ചിരിക്കുകയാവും. പക്ഷേ, അവരെല്ലാം സംഘടിതമായി ചെയ്ത ഒരു അധാര്‍മികതയുണ്ട്. മാധ്യമസിണ്ടിക്കേറ്റിന്റെ തിരിച്ചുവരവാകാം. കേരള കോണ്‍ഗ്രസ് (ബി) എന്ന പാര്‍ട്ടിയുടെ തലൈവര്‍ ആര്‍.ബാലകൃഷ്ണപ്പിള്ള സമരവേദിയില്‍ വന്ന്, സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ  കൈപിടിച്ച് അഭിവാദ്യം ചെയ്യുന്ന ഫോട്ടോ അവരെല്ലാം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു. ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സി.പി.എമ്മിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന സിംഗ്ള്‍ പോയന്റ് ദുരുദ്ദേശ്യമാണ് ഇതിന്റെ പിന്നില്‍. ആര്‍.ബാലകൃഷ്ണപ്പിള്ള അഴിമതിക്കാരനാണ്, കോടതി ശിക്ഷിച്ച് ജയിലില്‍ കിടന്ന ആളാണ്, അഴിമതിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട ഏക മുന്‍മന്ത്രിയാണ്, ശിക്ഷിക്കപ്പെട്ടത് വി.എസ്. അച്യുതാനന്ദന്‍ സുപ്രിം കോടതി വരെ പോയി വാദിച്ച കേസ്സിലാണ് തുടങ്ങിയ കുറെ സത്യങ്ങളും അര്‍ദ്ധസത്യങ്ങളും പറയാതെ പറഞ്ഞ് ജനങ്ങളില്‍ ഇടതുപക്ഷത്തിനെതിരെ പരിഹാസം, പുച്ഛം തുടങ്ങിയ അധമവികാരങ്ങള്‍ ഉല്പ്പാദിപ്പിക്കുക എന്ന ഗൂഡചിന്തയോടെയാണ് ഫോട്ടോ പ്രസിദ്ധീകരിച്ചത്. കേരളത്തിലെ ഉദ്ബുദ്ധജനതയ്ക്ക് പച്ചവെള്ളംപോലെ ഇതെല്ലാം മനസ്സിലാവും. സംശണ്ടോ ?

ഏതെല്ലാം മനസ്സിലാവുമെന്നോ ? പറയാം. ആര്‍.ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചിരുന്നു എന്നതും അദ്ദേഹത്തിനെതിരെ കേസ് കൊടുത്തത് അച്യുതാനന്ദനായിരുന്നു എന്നതുമെല്ലാം സത്യംതന്നെ. പക്ഷേ, നമ്മുടെ സമരം വ്യക്തികള്‍ക്കെതിരെ അല്ല. അഴിമതി എന്ന മുതലാളിത്തരോഗത്തിന് എതിരെയുള്ള സമരമാണത്. ഈ ദുഷിച്ചുനാറിയ സാമൂഹ്യവ്യവസ്ഥ വ്യക്തിയെ അഴിമതിക്കാരനും കൊള്ളക്കാരനുമാക്കുകയാണ്. പോരാട്ടം ഈ വ്യവസ്ഥക്കെതിരെയാണ്. ബാലകൃഷ്ണപിള്ള വ്യവസ്ഥയുടെ ഒരു ഇര മാത്രം. പിള്ളയെ എന്തായാലും ശിക്ഷിച്ചുകഴിഞ്ഞു. ഒരു വര്‍ഷം ജയിലില്‍  കിടക്കേണ്ട ആളെ വെറും 69 ദിവസം മാത്രം കിടത്തിയിട്ടായാലും ശിക്ഷാകാലാവധി കഴിഞ്ഞല്ലോ. നിരന്തരം പരോള്‍ കൊടുത്തും ഇല്ലാത്ത രോഗത്തിന് ആസ്പത്രിയില്‍ കഴിയാന്‍ അനുവദിച്ചും ജയിലില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചുമെല്ലാം യു.ഡി.എഫ് അഴിമതിക്കാരനെ സഹായിച്ച വിവരം ഞങ്ങളും നേര് നേരത്തെ അറിയിക്കുന്ന ഞങ്ങളുടെ പത്രവും ജനങ്ങളോട് വിളിച്ചുപറഞ്ഞതുമാണ്. അന്നൊന്നും മിണ്ടാതിരുന്ന ബൂര്‍ഷ്വാമാധ്യമങ്ങളാണ് ഇപ്പോള്‍ ഇടതുപക്ഷത്തെ ഇടിച്ചുതാഴ്ത്തുന്ന ഫോട്ടോ കൊടുക്കുന്നത്.

എന്തായാലും പിള്ളക്ക് മത്സരിക്കുന്നതിനേ തടസ്സുള്ളൂ, ഷെയ്ക്ക്ഹാന്‍ഡ് കൊടുക്കാന്‍ നിയമതടസ്സമില്ല. അഴിമതിക്കെതിരെ അടരാടാന്‍ അദ്ദേഹത്തിന് പൂര്‍ണസ്വാതന്ത്ര്യമുണ്ട്. തിരഞ്ഞെടുപ്പുകളില്‍ എന്ന പോലെ, ഏത് ചെകുത്താനുമായും കൂട്ടുചേര്‍ന്ന് ഇടതുപക്ഷം അഴിമതി വിരുദ്ധസമരവും നടത്തും. അഴിമതിക്കാരനുമായി കൂട്ടുചേര്‍ന്നും അഴിമതിക്കെതിരെ സമരം നടത്താം എന്ന് മാക്കിയവെല്ലിയോ ചാണക്യനോ ആരോ എവിടെയോ എഴുതിയിട്ടുണ്ടെന്നാണ് ഓര്‍മ. അഴിമതിയുണ്ടോ എന്ന് നോക്കിയാല്‍ മുന്നണിയുണ്ടാക്കാന്‍ പറ്റില്ല എന്ന് പാവങ്ങളുടെ കാറല്‍മാര്‍ക്‌സ് ആയ പ്രകാശ് കാരാട്ട് പറഞ്ഞതുമാണ്. ഇനി, സുപ്രീം കോടതിയല്ല ഏത് ദൈവംതമ്പുരാന്‍ പറഞ്ഞാലും താന്‍ അഴിമതിക്കാരനാണ് എന്ന് ബാലകൃഷ്ണപിള്ള അംഗീകരിക്കില്ല. അദ്ദേഹം പറയുന്നത് നമ്മള്‍ അപ്പടിയങ്ങ് തള്ളാനും പാടില്ല. ഇനി അഴിമതിക്കാരനാണ് എന്ന് തന്നെ കരുതൂ. എങ്കിലെന്ത് ? കെ.എം.മാണിയേക്കാളും കെ.ബാബുവിനേക്കാളും വലിയ അഴിമതിക്കാരനായിരുന്നില്ലേ നമ്മുടെ വാല്മീകി. നിര്‍ണായകഘട്ടം വന്നപ്പോള്‍  വാല്മീകിയും സംഗതി തിരിച്ചറിഞ്ഞ് ഇടതുപക്ഷമായില്ലേ… സോറി, മാനസാന്തരപ്പെട്ടില്ലേ. അതാണ് പ്രധാനം.

അല്ലെങ്കിലും, ശിക്ഷാകാലാവധി കഴിഞ്ഞ ആളെ കുറ്റവാളി എന്ന് വിളിക്കുന്നത് നീതിയല്ല. ശിക്ഷിക്കപ്പെടുന്നതുവരെ ഒരാള്‍ നിരപരാധിയാണ് എന്നും മറ്റും പറഞ്ഞ് അഴിമതിക്കാരെ സംരക്ഷിക്കുന്നവരാണ് യു.ഡി.എഫുകാര്‍. നീതിയുടെ തത്ത്വം അതല്ല. അഴിമതി ആരോപിക്കപ്പെടുന്ന ആരും -അയാള്‍ യു.ഡി.എഫിലാണെങ്കില്‍ – വിധി വരുന്നതുവരെ കുറ്റവാളിയാണ്. എന്നാല്‍ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ആള്‍ കുറ്റത്തിന്റെ സകല പാപവും കഴുകിക്കഴിഞ്ഞ മാലാഖയെപ്പോലെയാണ്. അഴിമതിയുടെ അവശേഷിക്കുന്ന കറയും കഴുകിക്കളയുന്നതിനാണ് അദ്ദേഹം അഴിമതി വിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നത്. അതിലും വലിയ പശ്ചാത്താപം ഒരു വ്യക്തിക്ക് സാധ്യമാണോ സഖാക്കേേേേള…..

അഴിമതിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ വേദിയില്‍, വേറെ ഒരു പ്രതി ആഭ്യന്തരമന്ത്രിക്കൊപ്പം ഫോട്ടോയില്‍, പീഡനക്കേസ് പ്രതി മന്ത്രിക്കൊപ്പം സെല്‍ഫിയെടുത്തു എന്നും മറ്റും വാര്‍ത്ത വരുന്നതിനെ ഇതുമായി താരതമ്യപ്പെടുത്തി ന്യായീകരിക്കാന്‍ ചില യു.ഡി.എഫ് വൈതാളികന്മാര്‍ ശ്രമിക്കുന്നുണ്ട്. യു.ഡി.എഫ് മന്ത്രിമാരുടെയും നേതാക്കളുടെയും ധാര്‍മികച്യുതിയ്ക്കുള്ള തെളിവുകള്‍ ആണ് അത്തരം ഫോട്ടോകള്‍. ഇടതുപക്ഷത്തെ ആ കൂട്ടത്തില്‍ പെടുത്താന്‍ നോക്കേണ്ട. ഇടതുപക്ഷം അഴിമതിക്കെതിരെ പോരാടും, സുപ്രീംകോടതി വരെ കേസ് നടത്തും,  ശിക്ഷിപ്പിക്കും, ഒടുവില്‍ പുറത്തിറങ്ങി തെറ്റുതിരുത്തി നമ്മുടെ പക്ഷത്ത് ചേര്‍ന്നാല്‍ ഷെയ്ക്ഹാന്‍ഡും കൊടുക്കും. ചിലപ്പോള്‍ മത്സരിക്കാന്‍ ഒരു സീറ്റും കൊടുക്കും.

പോകട്ടെ, അഞ്ച് വര്‍ഷം തടവ് ലഭിക്കുന്ന കുറ്റമാണ് പിള്ള ചെയ്തത് എന്ന് കോടതി പറഞ്ഞിട്ടുണ്ട്. പിള്ളയുടെ പ്രായവും കേസ്സിന്റെ പ്രായയും പരിഗണിച്ചാണ് തടവ് ഒരു വര്‍ഷമാക്കിക്കുറച്ചതും. ഗണേശിന്റെ പ്രായമായിരുന്നു പിള്ളക്കെങ്കില്‍ അദ്ദേഹം ഇപ്പോഴും ജയിലില്‍ തന്നെയുണ്ടാകുമായിരുന്നു. എങ്കിലെന്ത് ? അഴിമതിക്കെതിരെ പടപൊരുതാന്‍ അപ്പോള്‍ ഗണേശനെ അയച്ചാല്‍ മതിയല്ലോ. അപ്പോഴും ഷെയ്ക്ക്ഹാന്‍ഡ് നിരസിക്കില്ല. പീഡനശ്രമക്കേസ്സില്‍ പ്രതിയായ സിനിമാ നടന് പൊന്നാട നിരസിച്ചത് പോലല്ല ഇത് എന്നെങ്കിലും മനസ്സിലാക്ക് സുഹൃത്തെ…..
****

യു.ഡി.എഫ് നാല് മേഖലാ ജാഥകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്താണ് പ്രകോപനം എന്ന് ചോദിച്ചാല്‍…. അങ്ങനെ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പക്ഷേ, മുന്നണി കടുത്ത ചീത്തപ്പേരിലും പ്രതിസന്ധിയിലുമാണല്ലോ. അഴിമതി, ഭരണത്തകര്‍ച്ച, അനൈക്യം, തമ്മിലടി തുടങ്ങി എന്തെല്ലാമോ ആക്ഷേപങ്ങള്‍ ശത്രുക്കള്‍ ഉന്നയിക്കുന്നുണ്ട്. ശരിയല്ല, അഴിമതി ലവലേശമില്ല, ഭരണം കെങ്കേമം, ഘടകകക്ഷികള്‍ തമ്മിലുള്ള ഐക്യം കാരണം നില്‍ക്കാനോ ഇരിക്കാനോ വയ്യ തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനാണ് ജാഥ ഉദ്ദേശിച്ചിരുന്നത്.

അത് ബുദ്ധിപൂര്‍വകമായ തീരുമാനമായിരുന്നു. നാട്ടിലെ പത്രങ്ങള്‍ വായിക്കുകയും ടെലിവിഷന്‍ കാണുകയും ചെയ്യുന്നതുകൊണ്ടാണല്ലാ ജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നത്. അതേതായാലും തടയാന്‍ കഴിയില്ല. പരിഹാരമായി ജാഥ നടത്തി ആരോപണങ്ങളെല്ലാം മൈക്കിലൂടെ നിഷേധിച്ചാല്‍ ജനം ഉടന്‍ വിശ്വസിക്കുകയും തെറ്റിദ്ധാരണകളെല്ലാം വലിച്ചെറിയുകയും മാധ്യമ-പ്രതിപക്ഷ കള്ളപ്രചരണക്കാരെ ഓടിച്ചിട്ട് തല്ലുകയും ചെയ്യുമായിന്നല്ലോ. പക്ഷേ, ഒരു പ്രശ്‌നം. ജാഥയില്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളിലൊന്നും ജാഥ നടത്താന്‍ പോകുന്നവര്‍ക്ക് വിശ്വാസമില്ല. മാണിയും ബാബുവും കോഴ വാങ്ങിയിട്ടില്ല എന്ന് പ്രസംഗിക്കാന്‍ ആളെ ഡല്‍ഹിയില്‍നിന്ന് കൊണ്ടുവരേണ്ടിവരും. ഇത് തൊലിക്കട്ടിയുടെ മാത്രം പ്രശ്‌നമല്ല. ജാഥ നടക്കുമ്പോഴാണ് ഈ കക്ഷികളെ പിടികൂടുകയോ രാജിവെക്കേണ്ടിവരികയോ ചെയ്യുന്നെങ്കിലോ ? ഭരണം തന്നെയങ്ങ് പൊളിഞ്ഞുവീണാലോ ? ആകപ്പാടെ നാണക്കേടായില്ലേ ?

ജാഥ മാറ്റണം എന്ന ആവശ്യത്തില്‍ കഴമ്പുണ്ട്. നാണം കെട്ടും പണമുണ്ടാക്കിയാല്‍ മാനക്കേടത് തീര്‍ത്തുകൊള്ളും എന്ന തത്ത്വം ജാഥയ്ക്ക് ബാധകമല്ല. നാണക്കേടത് ഇരട്ടിയാക്കാനാണ് സാധ്യത. നിലവിലുള്ള എല്ലാ കോഴക്കേസുകളും ഘട്ടം ഘട്ടമായി അട്ടിമറിച്ച് സ്ലേറ്റ് ക്ലീനാക്കാന്‍ ഒരു മന്ത്രിസഭാ സബ്കമ്മിറ്റിയെ നിയോഗിക്കുക. ഇപ്പോഴും ശ്രമിക്കുന്നില്ല എന്നല്ല. പക്ഷേ, സമയബന്ധിതമായി ചെയ്യണം. അതിന് ശേഷമാകാം ജാഥ.  എന്നിട്ടും മന്ത്രിസഭ വീഴുകയാണെങ്കില്‍ പിന്നെ എന്തുനോക്കാനാണ്….രാവും പകലും ജാഥ  നടത്തുക തന്നെ….വേറെ പണിയൊന്നും ഉണ്ടാവില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Go Top