നികേഷ് പ്രശ്‌നം: ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍

എൻ.പി.രാജേന്ദ്രൻ

റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനലിന്റെ മാനേജിങ്ങ് ഡയറക്റ്റര്‍ എം.വി.നികേഷ് കുമാറിനെ അറസറ്റ് ചെയ്തതും ജാമ്യത്തില്‍ വിട്ടതും കേരളീയരെല്ലാം ഇതിനകം അറിഞ്ഞിട്ടുണ്ട്. അവര്‍ ആ വിവരം ആദ്യമായി അറിഞ്ഞതും സംഭവത്തിന്റെ കാര്യകാരണങ്ങള്‍ മനസ്സിലാക്കിയതും പത്രവാര്‍ത്തകള്‍ വായിച്ചിട്ടില്ല, ചാനലുകളിലെ ചര്‍ച്ച കേട്ടിട്ടുമല്ല. ഒന്നോ രണ്ടോ അച്ചടിമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയല്ല അവരില്‍ വിവരമെത്താന്‍ കാരണം. കേരളത്തിലെ സാമൂഹ്യമാധ്യമങ്ങളില്‍ ആ വാര്‍ത്ത ദിവസങ്ങളോളം ചര്‍ച്ച ചെയ്യപ്പെട്ടു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വിശദമായ ലേഖനങ്ങള്‍ വന്നു. സംഭവത്തിലെ കേന്ദ്രകഥാപാത്രം ഒരു ചാനല്‍ എം.ഡി. ആയിരുന്നിട്ടും ചാനലുകളിലൊന്നും ചര്‍ച്ച നടന്നില്ല. അറസ്റ്റിനെകുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം പ്രത്യക്ഷപ്പെട്ടത് ചാനലിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലാണ്. ആശങ്കയോടെ ചോദിക്കട്ടെ, ഇത് ഭാവിയെകുറിച്ചുള്ള ഒരു സൂചനയല്ലേ ? അച്ചടി-ദൃശ്യമാധ്യമങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും അവലോകനങ്ങള്‍ക്കുംപോലും വായനക്കാര്‍ ഇനി സാമൂഹ്യമാധ്യമങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നാണോ ഇതിന്റെ അര്‍ത്ഥം ? അച്ചടി- ദൃശ്യമാധ്യമങ്ങള്‍ തങ്ങളെത്തന്നെ അപ്രസക്തമാക്കുകയാണോ ?

പതിനഞ്ചുവര്‍ഷത്തിനിടയില്‍ മലയാള മാധ്യമരംഗത്ത് ഒരുപാട് മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഏറെ ശ്രദ്ധേയനായ ഒരു മാധ്യമപ്രവര്‍ത്തകനുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ കാര്യമാണിത്. വാര്‍ത്ത നികേഷ് കുമാറിന്റെ വ്യക്തിപരമായ കാര്യത്തെ കുറിച്ചുള്ളതായിരുന്നില്ല. മാധ്യമസ്ഥാപനത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടായ നടപടിയെ കുറിച്ചുള്ളതായിരുന്നു. അദ്ദേഹത്തെയും സ്ഥാപനത്തെയും ‘ഉടുക്ക്  കൊട്ടി  പേടിപ്പിക്കാന്‍’ ഏതോ അധികാരശക്തി നടത്തിയ ശ്രമമായിരുന്നു അതെന്ന് നികേഷ് പിന്നീട് വിശദീകരിച്ചു. അപ്പോള്‍ ഒന്നോ രണ്ടോ വ്യക്തികളെയോ സ്ഥാപനത്തെയോ മാത്രമല്ല, ഏറ്റവും മൗലികമായ മാധ്യമസ്വാതന്ത്ര്യത്തെതന്നെ ബാധിക്കുന്നതാണ്  ആ നടപടിയെന്ന് വരുന്നു. സമൂഹം ഒറ്റമനസ്സോടെ പ്രതികരിക്കേണ്ട ഒരു വിഷയമാണ് മാധ്യമങ്ങള്‍ കൂട്ടമായി തമസ്‌കരിച്ചത് എന്നല്ലേ ഇതിനര്‍ത്ഥം ? നികേഷ് കുമാര്‍ ചെയ്തതാണോ, അദ്ദേഹത്തോട് ചെയ്തതാണോ, ആ വാര്‍ത്തയോട് ചെയ്തതാണോ വലിയ കുറ്റം എന്നുചോദിച്ചാല്‍ വാര്‍ത്തയോട് ചെയ്തത് എന്ന് മറുപടി പറയേണ്ടി വരും.

ചിലരെങ്കിലും തെറ്റിദ്ധരിച്ചിരിക്കുക നികുതി വെട്ടിപ്പാണ് റിപ്പോര്‍ട്ടര്‍ ടി.വി.യില്‍ നടന്നത് എന്നാണ്. അത് സത്യമല്ല. പിരിച്ചെടുത്ത നികുതി കൊടുക്കാതിരിക്കാന്‍ കള്ളക്കണക്കുകള്‍  ഒന്നും ചാനല്‍കമ്പനി ഹാജരാക്കിയിരുന്നില്ല. മറ്റ് സേവന വില്പനകളില്‍ നിന്ന് വ്യത്യസ്തമായി പരസ്യം എന്ന ചാനല്‍ സമയ-പത്രസ്ഥല വില്പനയില്‍, ഇടപാട് നടക്കുമ്പോള്‍തന്നെ പണം കൈപ്പറ്റാന്‍ എല്ലാ സ്ഥാപനങ്ങക്കും കഴിഞ്ഞെന്നുവരില്ല. പ്രത്യേകിച്ച്, പരസ്യത്തിന് വേണ്ടി കഴുത്തറപ്പന്‍ മത്സരം നടക്കുന്ന ദൃശ്യമാധ്യമരംഗത്ത്. പരസ്യം ആദ്യവും പണം പിന്നീടും എന്ന നിലയുണ്ട്. വാങ്ങാത്ത പരസ്യപ്പണത്തിന് നികുതിയടക്കേണ്ടിവരുന്നത് രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന ചെറുകിട സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം വിനാശകരമാണ്.  ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന മഹത്തരമായ സേവനം നിര്‍വഹിക്കുന്ന മാധ്യമ സ്ഥാപനങ്ങളോട് ഇക്കാര്യത്തില്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് എന്തുകൊണ്ട് മാധ്യമ സംഘടകകള്‍ക്കെങ്കിലും ആവശ്യപ്പെട്ടുകൂടാ ?

നികേഷ് കുമാറിന്റെ പ്രശ്‌നം മാധ്യമസ്വാതന്ത്ര്യ പ്രശ്‌നമാണ് എന്ന് വിലയിരുത്തിയ ഏക പൊതുപ്രവര്‍ത്തകന്‍ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ്. പത്രപ്രവര്‍ത്തകരുടെ സംഘടനയോ പത്രഉടമസ്ഥരുടെ സംഘടനയോ ദൃശ്യമാധ്യമസ്ഥാപനങ്ങളുടെ സംഘടനയോ ഒന്നും ഇങ്ങനെയൊരു പ്രസ്താവന പുറപ്പെടുവിക്കാന്‍ തയ്യാറായില്ലെന്നതിന്റെ അര്‍ത്ഥമെന്താണ് ? അവര്‍ക്കൊന്നുമില്ലാത്ത വേവലാതിയായിരുന്നുവോ പിണറായി വിജയന്റേത് ?  പിണറായി വിജയന്‍ ബ്ലോഗില്‍ എഴുതിയ കുറിപ്പിന് ശേഷവം ഇടതുപക്ഷ സംഘടനകളും മൗനം ദീക്ഷിച്ചതെന്തുകൊണ്ട് എന്ന ചോദ്യവും തികട്ടിവരുന്നു. ഇന്ത്യയിലെ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ ഒന്നൊന്നായി കയ്യടക്കിക്കൊണ്ടിരിക്കുന്ന ഉത്തരേന്ത്യന്‍ കുത്തകകള്‍ ഒരു മലയാള സ്ഥാപനത്തെ ഭീഷണിപ്പെടുത്തി കയ്യടക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന സൂചന വൈകി പുറത്തുവന്നപ്പോള്‍ പോലും എന്താണ് ആളുകള്‍ പ്രതികരിക്കാഞ്ഞത് ?  സ്ഥാപനം കയ്യടക്കാന്‍ വേണ്ടി ഒരു കൂട്ടര്‍ തന്നെ പേടിപ്പിക്കുകയായിരുന്നു എന്ന നികേഷിന്റെ പ്രസ്താവന പുറത്തുവന്ന ശേഷവും മൗനം തുടര്‍ന്നത് ആശങ്കാജനകമാണ്.

സര്‍വീസ് ടാക്‌സ് പ്രശ്‌നത്തില്‍ പീഡിപ്പിക്കപ്പെടുന്ന ആദ്യത്തെ മാധ്യമപ്രവര്‍ത്തകനല്ല നികേഷ് കുമാര്‍. നികേഷിന് ജെയിലില്‍ കിടക്കേണ്ടി വന്നിട്ടില്ല. നികേഷ്തന്നെ സൃഷ്ടിച്ചെടുത്തത് എന്ന് പറയാവുന്ന ഇന്ത്യാവിഷന്റെ റസിഡന്റ് ഡയറക്റ്റര്‍ ജമാലുദ്ദീന്‍ ഫറൂക്കിക്ക്  അനേകദിവസം ജയിലില്‍ കിടക്കേണ്ടിവന്നു. അദ്ദേഹം പണം പോക്കറ്റിലിട്ടുപോയി പുട്ടടിച്ച ആളല്ല. സ്ഥാപന ഉടമയുമല്ല. സ്ഥാപനത്തിന്റെ ഉദ്യോഗസ്ഥന്‍ മാത്രമായ ഒരു നിര്‍ഭാഗ്യവാനാണ്. തുടര്‍ച്ചയായി രണ്ട്് മാധ്യമസ്ഥാപനങ്ങള്‍ക്ക് ഒരേ അനുഭവം ഉണ്ടാകുമ്പോള്‍ അതിനകത്ത് പൊതുസമൂഹം അറിയേണ്ട എന്തോ പ്രശ്‌നമുണ്ടെന്ന് ആര്‍ക്കും തോന്നുന്നില്ലേ ? ഫോര്‍ത്ത് എസ്റ്റേറ്റിന്റെ സംരക്ഷകരായി രംഗത്തുള്ളവരൊന്നും എന്തുകൊണ്ടാണ് ഈ വിഷയം ചര്‍ച്ച ചെയ്യാഞ്ഞത് ? നികേഷ് കുമാറിന് കിട്ടിയ അനുഭാവത്തിന്റെ നേരിയ പങ്കുപോലും എന്തേ ജമാലുദ്ദീന്‍ ഫറൂക്കിക്ക് ലഭിക്കാതിരുന്നത് ?

സേവനനികുതിക്ക് പത്രമാണോ ഫോര്‍ത്ത് എസ്റ്റേറ്റ് ആണോ എന്ന പരിഗണനയൊന്നുമില്ല, നികുതി എല്ലാവര്‍ക്കും ബാധകമാണ് എന്ന് വാദിക്കുന്നവരുണ്ടാകാം. അത് ശരിയല്ല. സര്‍വീസ് ടാക്‌സ് നെഗറ്റീവ് ലിസ്റ്റ് സമ്പ്രദായം വരുന്നതിനുമുമ്പും പത്രപരസ്യം നികുതിയില്‍ നിന്ന്  ഒഴിവാക്കിയിരുന്നു. ഇപ്പോഴും പത്രങ്ങള്‍ക്ക് ഈ നികുതിയില്ല. റേഡിയോ, ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് സേവനനികുതിയുണ്ട്. ബില്‍ ബോര്‍ഡുകള്‍, പൊതുസ്ഥലങ്ങള്‍, സെല്‍ഫോണുകള്‍, ടെല്ലര്‍ യന്ത്രങ്ങള്‍, ഇന്റര്‍നെറ്റ് തുടങ്ങിയവയില്‍ വരുന്ന പരസ്യങ്ങള്‍ക്കും സേവന നികുതിയില്ലെന്നിരിക്കെ ലാഭം കുറഞ്ഞ ന്യൂസ് ചാനലുകളെ എന്തുകൊണ്ട് സേവന നികുതിയില്‍ നിന്ന് ഒഴിവാക്കുന്നില്ല ? ഫോര്‍ത്ത് എസ്റ്റേറ്റ് ധര്‍മം നിര്‍വഹിക്കുന്ന സ്ഥാപനങ്ങളല്ലേ ന്യൂസ് ചാനലുകള്‍ ? അച്ചടിപത്രങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന അവരും അര്‍ഹിക്കുന്നില്ലേ ?

പുതിയ കാലത്തെ മാധ്യമങ്ങള്‍, അവയുടെ ധാര്‍മികതകള്‍, മാധ്യമങ്ങളുടെ സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങള്‍, അവയ്ക്ക് മേലുള്ള നിയന്ത്രണ സംവിധാനങ്ങള്‍, നികുതി വ്യവസ്ഥകള്‍, മാധ്യമ നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഗൗരവമേറിയ പുന:പരിശോധനയ്ക്ക് വിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  മാധ്യമസംബന്ധമായ വിഷയങ്ങള്‍ സമഗ്രമായി വിലയിരുത്തിയ ഒടുവിലത്തെ പ്രസ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മുപ്പത്തിമൂന്ന് വര്‍ഷമായി. ഒരു വിലയിരുത്തലിന് കൂടി സമയമായില്ലേ ?

മാധ്യമങ്ങളുമായി ബന്ധപ്പെട്ടതല്ല എങ്കിലും എങ്കിലും, ഒരു കാര്യത്തിലേക്കുകൂടി ശ്രദ്ധ ക്ഷണിക്കട്ടെ. സര്‍ക്കാറിന് പണം കിട്ടണമെന്ന ന്യായമല്ലാതെ, ഒരു നികുതിക്കും വേറെ ന്യായമില്ലെന്ന് അറിയായ്കയല്ല. പക്ഷേ, സേവനനികുതി സകലതിനെയും ശ്വാസം  മുട്ടിക്കുന്ന ഒരു കഴുത്തറപ്പന്‍ ഏര്‍പ്പാടായി വളര്‍ന്നുവരുന്നതില്‍ ആര്‍ക്കും പരാതിയില്ലേ ? വെറും ഇരുപത് വര്‍ഷം മുമ്പ് മൂന്ന് സര്‍വീസുകളില്‍ പെട്ട  3943 വിഭാഗങ്ങള്‍ക്ക് മാത്രം ബാധകമാക്കി, 407 കോടി രൂപ മാത്രം വരുമാനം ലഭിച്ചിരുന്ന നികുതിയാണ് ഇത്. ഇന്ന് പതിനേഴ് ലക്ഷം സ്ഥാപനങ്ങളെ ഇത് വരിഞ്ഞുമുറുക്കുകയാണ്. ഒന്നര ലക്ഷത്തോളം കോടി രൂപയാണ് വര്‍ഷം സര്‍ക്കാറിലേക്ക് എത്തുന്നത്. അഞ്ചുശതമാനമായി തുടങ്ങിയ നികുതിയാണ് പതിനാലില്‍ എത്തി നില്‍ക്കുന്നത്. ഇനിയും എത്ര ഉയരുമെന്ന് ആര്‍ക്കും പ്രവചിക്കാനുമാവില്ല. എന്തെങ്കിലും പരിധിയെങ്കിലും ഇക്കാര്യത്തിലും വേണ്ടേ ?

(മാധ്യമം പത്രത്തിലെ മാധ്യമപക്ഷം പംക്തിയില്‍ 2015 എപ്രില്‍ 7 ന് പ്രസിദ്ധപ്പെടുത്തിയത്. )

Leave a Reply

Your email address will not be published. Required fields are marked *

Go Top