ബി.ജി. വര്‍ഗീസ്- നന്മ നിറഞ്ഞ മാധ്യമ പോരാളി

എൻ.പി.രാജേന്ദ്രൻ

എഴുത്തില്‍ മാത്രമല്ല സംസാരത്തിലും അദ്ദേഹം മികച്ച  എഡിറ്ററായിരുന്നു എന്നോര്‍ക്കുന്നവരുമുണ്ട്. ആരോടും ക്ഷോഭിക്കാതെ, ആവശ്യമില്ലാത്ത ഒരു വാക്കും പ്രയോഗിക്കാതെ എല്ലാവരോടും തുല്യതയോടെ, ആത്മനിയന്ത്രണത്തോടെ പെരുമാറിയിരുന്നു വര്‍ഗീസ്. ഖുഷ് വന്ത് സിങ്ങ് അദ്ദേഹത്തെ സെയിന്റ് ജോര്‍ജ് എന്ന് വിളിച്ചിരുന്നത് അദ്ദേഹത്തിന്റെ അതീവമാന്യമായ പെരുമാറ്റവും മുല്യവത്തായ നിലപാടുകളും കാരണമായിരുന്നു. 

കുറെ മലയാളികള്‍  ബി.ജി.വര്‍ഗീസിനെ ഓര്‍ക്കുക ഒരു പക്ഷേ, 1977 ല്‍ മാവേലിക്കരയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചുതോറ്റ ഒരു സ്ഥാനാര്‍ത്ഥി ആയിട്ടായിരിക്കും. ആവട്ടെ, അതിലും ഓര്‍മിക്കപ്പെടേണ്ട കാര്യങ്ങള്‍ ഏറെയുണ്ട്. മാധ്യമസ്വാതന്ത്ര്യം നിശ്ശേഷം നിഷേധിക്കപ്പെട്ട, ആധുനിക ഇന്ത്യാചരിത്രത്തിലെ ഒരേയൊരു കാലെത്ത ഭരണകൂടത്തെ ചോദ്യംചെയ്യാന്‍ മലയാളിയായ ഒരു സമുന്നത മാധ്യമപ്രവര്‍ത്തകന്‍ ജന്മനാട്ടിലേക്ക് മടങ്ങിവന്ന സന്ദര്‍ഭം എന്ന് അതിനെ രേഖപ്പെടുത്താം.

ബി.ജി.വര്‍ഗീസ് എന്ന വ്യക്തിത്വത്തിന്റെ സവിശേഷത വെളിവാക്കുന്ന ഒരു ഓര്‍മ കൂടി ഈ സന്ദര്‍ഭവുമായി ബന്ധപ്പെട്ടുണ്ട്. ചരമവാര്‍ത്തക്കൊപ്പം മാധ്യമങ്ങളില്‍ വന്ന അനുസ്മരണകുറിപ്പുകളില്‍ അക്കാര്യവും ഓര്‍മിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ പിറ്റേന്നാല്‍ വര്‍ഗീസ് അധികമാരെയും കൂടെക്കൂട്ടാതെ ആലപ്പുഴ കലക്റ്ററേറ്റില്‍ കയറിച്ചെന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവാക്കിയ പണത്തിന്റെ കണക്കുകള്‍ ബോധിപ്പിക്കാനാണ്. അങ്ങനെയൊരു പൂര്‍വാനുഭവം ഇല്ലാത്തതുകൊണ്ട് ഉദ്യോഗസ്ഥര്‍ അമ്പരന്നു. തിരഞ്ഞെടുപ്പുനിയമപ്രകാരം സ്ഥാനാര്‍ത്ഥി അങ്ങനെ ചെയ്യണം. പക്ഷേ, നിയമം കര്‍ശനമല്ലാത്തതുകൊണ്ട് ആരും ചെയ്യാറില്ല. വര്‍ഗീസ് സാധാരണ രാഷ്ട്രീയക്കാരനല്ലല്ലോ. അദ്ദേഹത്തിന് അങ്ങനെ ചെയ്തല്ലേ പറ്റൂ.

തോറ്റുമടങ്ങിയ  തിരഞ്ഞെടുപ്പിനെ കുറിച്ച്  വര്‍ഗീസ് സന്തോഷത്തോടെയാണ് ഓര്‍ക്കുന്നത് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ‘സ്ഥാനാര്‍ത്ഥിയായ ഞാന്‍ തോറ്റു. പക്ഷേ, എനിക്കറിയാം ഞാന്‍ ജയിച്ചുകഴിഞ്ഞു എന്ന് ‘ .തിരഞ്ഞെടുപ്പുഫലം വന്ന ദിവസം തനിക്ക് 1947 ആഗസ്ത് 15 പോലെ അത്രയും സന്തോഷകരമായി  എന്നും അദ്ദേഹം എഴുതി.  ഭരണകക്ഷി തോറ്റമ്പുകയും ദേശീയ അടിയന്തരാവസ്ഥ പിന്‍വലിക്കകയും എല്ലാ പൗരാവകാശങ്ങളും പുനസ്ഥാപിക്കുകയും ചെയ്ത ആ നാളിനെ, ജീവിതത്തിലുടനീളം മനുഷ്യാവകാശങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട ആള്‍ക്ക് അങ്ങനെല്ലേ കാണാന്‍ പറ്റൂ.
.
ഈ തിരഞ്ഞെടുപ്പുവാര്‍ത്തക്ക് ഒരു അനുബന്ധം കൂടിയുണ്ട്. അത് അധികംപേര്‍ ഓര്‍ത്തിരിക്കില്ല. പ്രചാരണച്ചെലവിലേക്ക് പിരിഞ്ഞുകിട്ടിയ തുക മുഴുവന്‍ ചെലവായില്ല.  അത്ഭുതംതന്നെ. പക്ഷേ, ബാക്കി  എന്തുചെയ്തു, വര്‍ഗീസ് സ്വന്തം പോക്കറ്റിലിട്ടോ ?  ഇല്ല. അദ്ദേഹം ആ തുക കൊണ്ടാണ് മീഡിയ ഫൗണ്ടേഷന്‍ എന്ന സ്ഥാപനമുണ്ടാക്കിയത്.  ഫൗണ്ടേഷന്‍ ചെയ്ത ഒരു കാര്യം ആ തുക കൊണ്ട്, വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ചമേലി ദേവി ജെയിനിന്റെ സ്മാരകമായി അവാര്‍ഡ് ഏര്‍പ്പെടുത്തുകയാണ്. ഏറെ വനിതാ  മാധ്യമപ്രവര്‍ത്തകര്‍ ഈ അവാര്‍ഡിന് അര്‍ഹരായി. സ്വാതന്ത്ര്യ സമര രംഗത്ത് ധീരമായ പങ്കുവഹിച്ച ഡല്‍ഹി വീട്ടമ്മയാണ് ചമേലി ദേവി. അവരുടെ കുടുംബത്തിന്റെ കൂടി സഹായത്തോടെയാണ് പുരസ്‌കാരം 1982 മുതല്‍ ഏര്‍പ്പെടുത്തിയത്. വനിതകള്‍ കടന്നുചെല്ലാന്‍ മടിച്ച ഒരു രംഗത്തേക്ക് കടന്നുചെന്ന് വ്യക്തിമുദ്ര പതിപ്പിച്ച വനിതകളാണ് പുരസ്‌കാരം നേടിയവരെല്ലാം. ഈ വനിതാ മാധ്യമപ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ ഒരു പുസ്തകമായി മീഡിയ ഫൗണ്ടേഷന്‍ ‘ മെയ്കിങ്ങ് ന്യൂസ്, ബ്രെയ്കിങ്ങ് ന്യൂസ് ഹേര്‍ ഓണ്‍ വേ ‘ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത കുറിപ്പുകള്‍ ‘ അനുഭവ സഞ്ചാരങ്ങള്‍- വനിതാ മാധ്യമപ്രവര്‍ത്തകരുടെ ഓര്‍മകള്‍ ‘ എന്ന പേരില്‍ കേരള പ്രസ് അക്കാദമി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിനുള്ള അനുമതിക്കും മറ്റുമായി പല വട്ടം ബി.ജി.വര്‍ഗീസുമായി ബന്ധപ്പെടാന്‍ ഈ ലേഖകന് അവസരം ലഭിച്ചിരുന്നു. അനുമതിയും മറ്റു സൗകര്യങ്ങളുമെല്ലാം അദ്ദേഹം ഉടനുടന്‍ നല്‍കി. പുസ്തകത്തിന് ആമുഖ കുറിപ്പും അയച്ചുതന്നു. പ്രസ് അക്കാദമിയുമായും അക്കാദമി തുടങ്ങിവെച്ച മീഡിയ എന്ന മാസികയുമായും അദ്ദേഹത്തെ ബന്ധപ്പെടാന്‍ ഇതൊരു കാരണമായി. അദ്ദേഹം നിരവധി ലേഖനങ്ങള്‍ അയച്ചുതരികയുമുണ്ടായി.

മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയിലുള്ള വര്‍ഗീസിന്റെ പ്രകടനം അസാമാന്യമാംവിധം മാന്യമായിരുന്നു എന്ന് അന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടറും പില്‍ക്കാലത്ത് പല തിരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോ.സെബാസ്റ്റിയന്‍ പോള്‍ ഓര്‍ക്കുന്നു. കേരളത്തിലല്ല ഉത്തരേന്ത്യയിലെവിടെയെങ്കിലും ആയിരുന്നുവെങ്കില്‍ അദ്ദേഹം പാട്ടുംപാടി ജയിക്കുമായിരുന്നു. അടിയന്തരാവസ്ഥയുടെ അന്തരാള കഥകളൊന്നും അറിയാത്ത മലയാളി പുറമെ കണ്ട ശാന്തിയും സമാധാനവും ശാശ്വതമാണെന്ന് കരുതി 20ല്‍ 20 ലോക്‌സഭാ സീറ്റും കോണ്‍ഗ്രസ് – സി.പി.ഐ- മുസ്ലിം ലീഗ് ഐക്യമുന്നണിക്കാണ് നല്‍കിയിരുന്നത്. ആ കാറ്റില്‍ വര്‍ഗീസും വീണു. എല്‍.കെ.അദ്വാനിക്കും ഇ.എം.എസ്സിനും ഇക്കാര്യത്തില്‍ ചെറിയ കുറ്റബോധം ഉണ്ടായിക്കാണണം. വര്‍ഗീസിന് ജനതാപാര്‍ട്ടി കേന്ദ്രനേതൃത്വം രാജ്യസഭാംഗത്വം ഉള്‍പ്പെടെ പല  സ്ഥാനമാനങ്ങളും ഓഫര്‍ ചെയ്തിരുന്നുവെങ്കിലും അതൊന്നും സ്വീകരിച്ചില്ല. ജനവിധി എതിരെ ലഭിച്ചവര്‍ പിന്നെ സ്ഥാനങ്ങളിലിരുന്നുകൂടാ എന്നദ്ദേഹം നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

എല്ലാ നിലയിലും വ്യത്യസ്തനായിരുന്നു വര്‍ഗീസ് എന്ന് വിളിച്ചുപറയുന്നതാണ് ഈ സംഭവങ്ങളെല്ലാം. അദ്ദേഹത്തിന്റെ പേരുപോലും ആ വ്യക്തിത്വം പോലെ അപൂര്‍വത ഉള്ളതായിരുന്നു. ബൂബ്ലി ജോര്‍ജ് വര്‍ഗീസ് ആണ് ബി.ജി.വര്‍ഗീസ്. ഇതില്‍ ജോര്‍ജ് വര്‍ഗീസ് അച്ഛന്റെ പേരാണ്. ബൂബ്ലിയാണ് മകന്റെ പേര്. ജീവിതം മുഴുവന്‍ പല വട്ടം ആവര്‍ത്തിച്ച് മറുപടി പറയേണ്ടിവന്ന ചോദ്യം- എന്താണ് ഈ ബൂബ്ലി-എന്നതായിരുന്നു എന്ന് വര്‍ഗീസ് ആത്മകഥയില്‍ പറയുന്നുണ്ട്. ടെറ്റനസ് ബാധിച്ച് ചെറുപ്പത്തില്‍ മരിച്ചുപോയ അമ്മാമന്റെ പേരാണ് തന്നിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് വര്‍ഗീസ് ഓര്‍ക്കുന്നു. അമ്മാമന്‍ എങ്ങനെ ഈ അത്യപൂര്‍വ പേര് ലഭിച്ചതെന്ന് വര്‍ഗീസിനും അറിയില്ല ! എന്തായാലും അമ്മാമനെ വര്‍ഗീസ് അനശ്വരനാക്കി എന്ന് പറയാം.

തിരുവല്ലയിലെ പ്രശസ്തമായ കുടുംബത്തില്‍ ജനിച്ച വര്‍ഗീസ് പക്ഷേ ഒരിക്കലും കേരളത്തില്‍ താമസക്കാരനായിരിന്നിട്ടില്ല. ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ ഡോക്റ്ററായിരുന്ന അച്ഛനുമൊത്ത്  രാജ്യത്തും പുറത്തും താമസിച്ചുവളര്‍ന്ന വര്‍ഗീസിന് കഷ്ടിയേ മലയാളം അറിയുമായിരുന്നുള്ളൂ. ആരും അസൂയയോടെ മാത്രം ഓര്‍ക്കുന്ന ഡൂണ്‍ സ്‌കൂളിലും സെയിന്റ് സ്റ്റീഫന്‍സ് കോളേജിലും കാംബ്രിഡ്ജ് ട്രിനിറ്റി കോളേജിലും പഠിച്ചുമടങ്ങിയ വര്‍ഗീസ് ടൈംസ് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് എഡിറ്ററാവാന്‍ സന്നദ്ധനായത് മറ്റൊരു അപൂര്‍വതയായി. വേഗം അദ്ദേഹം പ്രത്യേക ലേഖകനായി ന്യൂ ഡല്‍ഹിയിലുമെത്തി. സ്വതന്ത്രഭാരതം അതിന്റെ ആദ്യചുവടുകള്‍ വെക്കുന്ന നിര്‍ണായകനാളുകളില്‍ ചരിത്രനിര്‍മാണത്തില്‍ പങ്കാളിയാകാനുള്ള അസുലഭഭാഗ്യം വര്‍ഗീസിന് ലഭിച്ചു.

അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് ഫസ്റ്റ് ഡ്രാഫ്റ്റ് ആയത് അസാധാരണമല്ല. വാര്‍ത്തയെ ചരിത്രത്തിന്റെ ആദ്യ ഡ്രാഫ്റ്റ് ആയി അംഗീകരിക്കുന്ന പാശ്ചാത്യസങ്കല്‍പ്പത്തില്‍ ലേഖകന്‍ ചരിത്രകഥാപാത്രമല്ല. പക്ഷേ, ഇവിടെ വര്‍ഗീസ് പല ഘട്ടങ്ങളിലും വാര്‍ത്ത എഴുതുക മാത്രമല്ല, ചരിത്രനിര്‍മാണത്തില്‍ പങ്കാളിയുമായി. ജമ്മു കാശ്മീരില്‍, നേപ്പാളില്‍,  ആദ്യ ലോക് സഭാ തിരഞ്ഞെടുപ്പ് നാളുകളില്‍ ദക്ഷിണേന്ത്യയില്‍….  അതങ്ങനെ നീണ്ടുപോയി. എവിടെ ചരിത്രസംഭവം നടക്കുന്നുണ്ടോ അവിടെയെല്ലാം. ഒരിക്കലും വെറുതെ ഇരുന്നിട്ടില്ല അദ്ദേഹം.

1966 മുതല്‍ 69 വരെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇന്‍ഫര്‍മേഷന്‍ അഡൈ്വസര്‍ ആയിരുന്ന ആളാണ് അവരുടെ കടുത്ത വിമര്‍ശകനായി മാറിയത്. അടിയന്തരാവസ്ഥക്കെതിരായി  ഉറച്ച നിലപാടെടുത്ത അദ്ദേഹം എന്തോ പരിഗണനയാല്‍ ജയിലിലടക്കപ്പെട്ടില്ല എന്നേയുള്ളൂ.  അടിയന്തരാവസ്ഥക്കാലത്താണ് അദ്ദേഹത്തിന് മാഗ്‌സാസെ അവാര്‍ഡ് ലഭിക്കുന്നത്. അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ച പത്രപ്രവര്‍ത്തകനെ ജയിലിലടക്കുന്നത് വിദേശത്ത് ചീത്തപ്പേരുണ്ടാക്കും എന്ന് ഭരണനേതൃത്വത്തിലുള്ളവര്‍ കരുതിയിരിക്കാം. അങ്ങനെത്തന്നെയാണ് വര്‍ഗീസും കരുതുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രാധിപത്വം നഷ്ടപ്പെട്ട് തൊഴില്‍ രഹിതനായിരുന്ന കാലം പിന്നിടാന്‍ സഹായിച്ചത് പുരസ്‌കാരത്തുക ആയിരുന്നു എന്നും വര്‍ഗീസ് ഓര്‍ക്കുന്നുണ്ട്. ഗാന്ധിയന്‍ പ്രവര്‍ത്തനങ്ങളിലും മനുഷ്യാവകാശസംഘടനാരംഗത്തും ആണ് അദ്ദേഹം ഈ കാലത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഹിന്ദുസ്ഥാന്‍ ടൈംസ് പത്രാധിപരായ കാലം ഏറെ സംഭവബഹുലമായിരുന്നു. 1969 മുതല്‍ 75 വരെ ആ സ്ഥാനം വഹിച്ചു. ഇംഗഌഷ് പത്രങ്ങളിലും ചാനലുകളിലും ഇപ്പോള്‍ വനിതകള്‍ക്ക്് പഞ്ഞമില്ലെങ്കിലും അക്കാലത്ത് വനിതാ പത്രപ്രവര്‍ത്തകര്‍ അപൂര്‍വമായിരുന്നു. ഒരുപാട് വനിതകളെ ന്യൂസ് റൂമുകളില്‍ നിയോഗിച്ചത് വലിയ  എതിര്‍പ്പും കുശുകുശുപ്പും വക വെക്കാതെയായിരുന്നു. അന്ന്  രംഗത്ത് വന്ന വനിതകള്‍ ഏറെപ്പേര്‍ പിന്നീട് വളരെ പ്രശസ്തരും ആയിത്തീര്‍ന്നു. വര്‍ഗീസ് എഴുതിയ പല മുഖപ്രസംഗങ്ങളും ഇന്നും ഓര്‍മിക്കപ്പെടുന്നുണ്ട്. സ്വതന്ത്രരാജ്യമായിരുന്ന സിക്കിമിനെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയിലേക്ക് കൂട്ടിച്ചേര്‍ത്ത നടപടിയെക്കുറിച്ച് അദ്ദേഹമെഴുതിയ മുഖപ്രസംഗം-കാഞ്ചന്‍ജംഗ, ഞങ്ങള്‍ വരുന്നു- അക്കൂട്ടത്തില്‍ ഒന്നാണ്. മുഖപ്രസംഗമെഴുതാന്‍ വിഷയമൊന്നുമില്ലാത്ത ദിവസങ്ങളെ മുന്‍കൂട്ടിക്കണ്ട് നല്ല വിഷയങ്ങള്‍ കണ്ടെത്തി മുഖപ്രസംഗം തയ്യാറാക്കിവെക്കുമായിരുന്നു അദ്ദേഹമെന്ന് ഒരു പഴയ സഹപ്രവര്‍ത്തകന്‍ ഓര്‍ക്കുന്നു.

എഴുത്തില്‍ മാത്രമല്ല സംസാരത്തിലും അദ്ദേഹം മികച്ച  എഡിറ്ററായിരുന്നു എന്നോര്‍ക്കുന്നവരുമുണ്ട്. ആരോടും ക്ഷോഭിക്കാതെ, ആവശ്യമില്ലാത്ത ഒരു വാക്കും പ്രയോഗിക്കാതെ എല്ലാവരോടും തുല്യതയോടെ, ആത്മനിയന്ത്രണത്തോടെ പെരുമാറിയിരുന്നു വര്‍ഗീസ്. ഖുഷ് വന്ത് സിങ്ങ് അദ്ദേഹത്തെ സെയിന്റ് ജോര്‍ജ് എന്ന് വിളിച്ചിരുന്നത് അദ്ദേഹത്തിന്റെ അതീവമാന്യമായ പെരുമാറ്റവും മുല്യവത്തായ നിലപാടുകളും കാരണമായിരുന്നു.

ദ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഉടമസ്ഥരായ കെ.കെ.ബിര്‍ല വര്‍ഗീസിനെ എഡിറ്റര്‍പദവിയില്‍ നിന്ന് പിരിച്ചുവിട്ട സംഭവം ഇന്ത്യന്‍ മാധ്യമചരിത്രത്തിലെ ശ്രദ്ധേയമായ ഒരു സംഭവമായി. സിക്കിം വിഷയം ഉള്‍പ്പെടെ പല കാര്യങ്ങളിലും കേന്ദ്രസര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയ വര്‍ഗീസിനെ ബിര്‍ല പുറത്താക്കിയത് അധികാരികളുംട സമ്മര്‍ദ്ദം മൂലമാണെന്ന് വ്യക്തമായിരുന്നു. പുറത്താക്കലിനെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ കേസ് കൊടുത്തത് മറ്റൊരു പ്രശസ്ത മലയാളി പത്രപ്രവര്‍ത്തകനായ സി.പി.രാമചന്ദ്രനായിരുന്നു. പത്രാധിപസ്വാതന്ത്ര്യം എന്ന തത്ത്വം ഉയര്‍ത്തിപ്പിടിക്കാന്‍ സ്ഥാപനത്തിലെ പത്രപ്രവര്‍ത്തകര്‍ രൂപവല്‍ക്കരിച്ച സമിതിയുടെ പേരിലാണ് രാമചന്ദ്രന്‍ പ്രസ് കൗണ്‍സിലിനെ സമീപിച്ചത്.  കേസ്സ് കാരണം വര്‍ഗീസിനെതിരായ നടപടികള്‍ സ്റ്റേ ചെയ്യപ്പെട്ടു. ഇതിനെതിരെ ഹിന്ദുസ്ഥാന്‍  ടൈംസ് മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഭരണഘടന അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന 19 ാം വകുപ്പ് പത്രാധിപര്‍ക്ക് പ്രത്യേക സ്വാതന്ത്ര്യമൊന്നും  നല്‍കുന്നില്ലെന്നും അഭിപ്രായസ്വാതന്ത്ര്യം പത്രാധിപരെ  മാറ്റാനുള്ള മാനേജ്‌മെന്റിന്റെ സ്വതന്ത്ര്യം കൂടി ആണ് എന്നുമായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസ് മാനേജ്‌മെന്റിന്റെ വാദം. കോടതി ഇത് സ്വീകരിച്ചില്ല. പത്രത്തിന്റെ നയം നിശ്ചയിക്കാനും ഇഷ്ടമുള്ള എഡിറ്ററെ നിയമിക്കാനും മാനേജ്‌മെന്റിന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, പത്രത്തിന്റെ ഉള്ളടക്കം നിര്‍ണയിക്കാനുള്ള അവകാശം പത്രാധിപര്‍ക്കാണെന്നും ഇതില്‍ മനേജ്‌മെന്റിന് ഇടപെടാന്‍ അധികാരമില്ലെന്നുമായിരുന്നു കോടതി വിധിയില്‍ വ്യക്തമാക്കിയത്. ബിര്‍ലയുടെ ഹരജി തള്ളിയെന്ന് മാത്രമല്ല സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അനുമതിയും നിഷേധിച്ചു. വിധി വന്ന് മിനിട്ടുകള്‍ക്കകം എഡിറ്റര്‍സ്ഥാനത്തുനിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവാണ് വര്‍ഗീസിന് ലഭിച്ചത്. അടിയന്തരാവസ്ഥയോടെ പ്രസ് കൗണ്‍സിലും പിരിച്ചുവിട്ടതിനാല്‍ ആ പോരാട്ടം അവിടെ അവസാനിപ്പിക്കേണ്ടി വന്നു. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ എഡിറ്ററായി 1982-86 കാലത്ത് വര്‍ഗീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

എളുപ്പം കിട്ടുന്ന വിവരങ്ങള്‍ ഉപയോഗിച്ച് വാര്‍ത്തകള്‍ എഴുതുന്നവരാണ് നല്ലൊരു വിഭാഗം പത്രപ്രവര്‍ത്തകരെങ്കില്‍ ആഴത്തിലുള്ള ഗവേഷണങ്ങളിലൂടെ വി്ഷയത്തിന്റെ ഉള്ളിലേക്കിറങ്ങുന്ന ഗവേഷകന്‍ ആയിരുന്ന വര്‍ഗീസ്. നദീജലപ്രശ്‌നം, ബംഗഌദേശ്, കിഴക്കന്‍ സംസ്ഥാനപ്രശ്‌നങ്ങള്‍,  ഇന്ത്യയുടെ ഭാവി, വികസനം തുടങ്ങിയ ഒട്ടനവധി വിഷയങ്ങളില്‍ അദ്ദേഹം ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. നയരൂപവല്‍ക്കരണരംഗത്ത് ഇത്രയും സംഭാവന ചെയ്ത പത്രപ്രവര്‍ത്തകന്‍ വേറെ ഇല്ലെന്ന് തന്നെ പറയാം. രചിച്ച പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ വിവിധ വിഷയങ്ങളിലെ ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവും  വെളിവാക്കുന്നു. ദൂര്‍ദര്‍ശന്‍ സ്വയംഭരണാവകാശ സമിതി, കാര്‍ഗില്‍ അന്വേഷണ സമിതി, കാശ്മീര്‍ കൂടിയാലോചന സമിതി തുടങ്ങി നിരവധി ഉന്നതാധികാര കമ്മിറ്റികളില്‍ അദ്ദേഹത്തെ വ്യത്യസ്തസര്‍ക്കാറുകള്‍ അംഗമാക്കിയിരുന്നത് അദ്ദേഹത്തിന്റെ പ്രാവീണ്യം രാജ്യത്തിന് ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ത്‌ന്നെയായിരുന്നു. എണ്ണമറ്റ അനൗദ്യോഗികസമിതികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വികസനകാര്യറിപ്പോര്‍ട്ടുകള്‍ക്കപ്പുറം വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിന് പുതിയ  മാനങ്ങള്‍ സൃഷ്ടിച്ചെടുക്കാനും വര്‍ഗീസിനായി.

ഒരു കുറ്റബോധം വര്‍ഗീസിന്റെ കാര്യത്തില്‍ അവശേഷിക്കുന്നുണ്ട്.  അദ്ദേഹത്തിന്റെ ആത്മകഥ ഫസ്റ്റ് ഡ്രാഫ്റ്റ്- മലയാളത്തില്‍ ഇറങ്ങണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അക്കാര്യം പ്രസാധകരുമായി ആലോചിക്കാന്‍ അദ്ദേഹം പുസ്തകം അയച്ചുതരാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. ചില പ്രസാധകരുമായി സംസാരിക്കുകയും ചെയ്തു. 550 പേജുകളുള്ള പുസ്തകം വിവര്‍ത്തനം ചെയ്തിറക്കുക എളുപ്പം സാധിക്കുന്ന കാര്യമായിരുന്നില്ല. അത്രയും വലിയ പുസ്തകം ഇറക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് പ്രസാധകര്‍ക്ക് സംശയവുമായിരുന്നു. കാര്യങ്ങള്‍ വലുതായി മുന്നോട്ട് പോയില്ലെന്ന്  ചുരുക്കം. അക്കാദമിയിലുള്ള ഞങ്ങള്‍ക്കും മറ്റൊരു കാര്യത്തില്‍ കൂടി നിരാശയുണ്ട്.
കേരളത്തില്‍ വരാന്‍ പല വട്ടം അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ തടസ്സമുണ്ടാക്കി. അക്കാദമി മലയാള പത്രപ്രവര്‍ത്തകന്മാരെ കുറിച്ച് തയ്യാറാക്കിവരുന്ന അഭിമുഖ-ഡോക്കുമെന്ററി പരമ്പരയില്‍ അദ്ദേഹത്തെയും ഡല്‍ഹിയിലുള്ള സീനീയര്‍ മാധ്യമപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തുന്നതിനായി  ഫിബ്രുവരിയില്‍ ഡല്‍ഹിക്ക് പോകുന്നതിനെ കുറിച്ച് ചര്‍ച്ച നടന്നത് ഡിസംബര്‍ മുപ്പതിന് വൈകീട്ട്് കാക്കനാട്ട് അക്കാദമിയില്‍ നടന്ന ഉപസമിതി യോഗത്തിലായിരുന്നു. അന്ന് വൈകുന്നേരമാവുമ്പോഴേക്ക് അദ്ദേഹം എന്നന്നേക്കുമായി വിട്ടുപിരിയുകയും ചെയ്തു.

Books authored and edited by B.G.Varghese

  • First Draft: Witness to the Making of Modern India. A memoir. (Tranquebar,).
  • Rage, Reconciliation and Security: Managing India’s Diversities’. (Penguin,)
  • A J&K Primer: From Myth to Reality, India Research Press, Delhi, .
  • Tomorrow’s India: Another Tryst with Destiny, (Editor), Penguin, .
  • Warrior of the Fourth Estate: Ramnath Goenka of the Express, Penguin,. A biography of India’s best-known press baron and a political king-maker.
  • Breaking the Big Story: Great moments in Indian journalism, (Editor), Penguin,
  • Reorienting India: The New Geo-Politics of Asia, Konark Publishers, Delhi.
  • Northeast Resurgent: Ethnicity, Insurgency, Governance, Development, Konark Publishers, Delhi Converting Water into Wealth: Regional Cooperation in Harnessing the Eastern Himalayan Rivers, co-edited with colleagues from Bangladesh, Nepal and India, Konark Publishers, Delhi.
  • Winning the Future: From Bhakra to Narmada, Tehri and Rajasthan Canal, Konark Publishers, Delhi, On environmental and displacement controversies surrounding large dams in India.
  • Harnessing the Eastern Himalayan Rivers: Regional Cooperation in South Asia, edited with Ramaswamy Iyer. Konark Publishers, Delhi.
  • Waters of Hope: Himalaya-Ganga Cooperation for a Billion People, Oxford-IBH, Delhi, with an update published by the India Research Press, Delhi.
  • An End to Confrontation: Restructuring the Sub-Continent, Chand and Co, Delhi,. About the 1971 war, the liberation of Bangladesh and a plea for a new beginning.
  • Design for Tomorrow: Times of India, Bombay. Field reports on India’s planned development.
  • A Journey Through India, Times of India, Bombay. A report card on India’s unfolding economic development.
  • Our Neighbour Pakistan, Yusuf Meharally Centre, Bombay.
  • Himalayan Endeavour, Times of India, Bombay. The story of Indian mountaineering.

Leave a Reply

Your email address will not be published. Required fields are marked *

Go Top