അതിരില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ചാവേറുകള്‍

എൻ.പി.രാജേന്ദ്രൻ

പാരീസിലെ ചാര്‍ലി ഹെബ്‌ഡോ  ആക്ഷേപ ഹാസ്യ പ്രസിദ്ധീകരണത്തിന്റെ പത്രാധിപര്‍ സ്റ്റീഫന്‍ ചാര്‍ബോന്നീര്‍, 2011 ല്‍ പത്രം ഓഫീസ് തകര്‍ക്കപ്പെട്ടപ്പോള്‍ പറഞ്ഞത് ‘ഒരു എലിയെപ്പോലെ ഭയന്ന് ജീവിക്കുന്നതിലും ഭേദം മരിക്കുകയാണ്’ എന്നാണ്. ഒന്നിനെയും ഭയക്കാതെ ജീവിച്ചു, മരിക്കുകയും ചെയ്തു. ഇതൊരു ധിക്കാരം മാത്രമായി കാണാം.  എന്നാല്‍, അതിനപ്പുറം ഇത്  ഫ്രഞ്ച് സംസ്‌കാരത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പ്രഖ്യാപനമാണ്. നിങ്ങള്‍ക്ക് യോജിക്കാം, വിയോജിക്കാം.

മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എല്ലാം മേലെയാണ് മനുഷ്യന്റെ സ്വതന്ത്രചിന്തയും അഭിപ്രായ സ്വാതന്ത്ര്യവും എന്ന് ഉറച്ചുവിശ്വസിക്കുകയും അതിനൊത്ത് അപകടകരമായി ജീവിക്കുകയും ചെയ്തവരാണ് ഈ പത്രപ്രവര്‍ത്തകര്‍. പൊതു ധാരണ ചാര്‍ലി ഹെബ്‌ഡോ ഒരു മുസ്ലിം വിരുദ്ധപത്രം ആണ് എന്നതാണ്. പക്ഷേ, പ്രസിദ്ധീകരണത്തിന്റെ മുന്‍ ലക്കങ്ങള്‍ കണ്ടവരാരും അതംഗീകരിക്കില്ല. അതിന്റെ മുഖപേജിലും ഉള്‍പേജുകളിലും പരിഹസിക്കപ്പെടുകയോ ആക്ഷേപിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു വിശുദ്ധപശുവുമില്ല.

പോപ്പിനെകുറിച്ചും ക്രിസ്ത്യന്‍ പാതിരിമാരെകുറിച്ചും കന്യാസ്ത്രീകളെ കുറിച്ചും പ്രസിദ്ധീകരിച്ചിട്ടുള്ള കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും അപ്പുറം തികഞ്ഞ അധിക്ഷേപത്തിന്റെ പരിധിയില്‍ വരുന്നവ ആയിരുന്നു. ഫ്രഞ്ച്  നേതാക്കളെയും പ്രസിഡന്റുമാരെപ്പോലും അവര്‍ നിര്‍ദ്ദയം ആക്രമിച്ചിട്ടുണ്ട്. ലോകം ബഹുമാനിക്കുന്ന പ്രസിഡന്റ് ആയിരുന്ന ഡിഗോള്‍ മരിച്ചുകിടക്കുമ്പോള്‍ അദ്ദേഹത്തെ പരിഹസിച്ചതിന്റെ പേരില്‍ നിരോധിക്കപ്പെട്ട ഹരകിരി മാഗസീനിന്റെ തുടര്‍ച്ചയാണ് ചാര്‍ലി ഹെബ്‌ഡോ.

ഫ്രഞ്ച് വിപ്ലവകാലം മുതല്‍ തങ്ങള്‍ ആര്‍ജിച്ചെടുത്ത സ്വാതന്ത്ര്യം ഇതാണെന്ന് അവര്‍ വിശ്വസിക്കുന്നു. മതങ്ങളെയല്ല മതങ്ങളിലെ ഭീകരപ്രവര്‍ത്തക പ്രവണതകളെയും ഫണ്ടമെന്റലിസ്റ്റുകളെയും ആണ് തുറന്നുകാട്ടുന്നത് എന്നവര്‍ അവകാശപ്പെടുന്നു. സെക്കുലര്‍ തീവ്രവാദികള്‍ എന്നുവേണമെങ്കില്‍ അവരെ വിശേഷിപ്പിക്കാം.

പ്രവാചകനെ കുറിച്ച് ഡാനിഷ് പത്രം പ്രസിദ്ധപ്പെടുത്തിയ  കാര്‍ട്ടൂണ്‍ ചാര്‍ലി ഹെബ്‌ഡോ പുന:പ്രസിദ്ധപ്പെടുത്തിയതിനെതിരെ രണ്ട് ഫ്രഞ്ച് മുസ്ലിം ഗ്രൂപ്പുകള്‍ കോടതിയെ സമീപിക്കുകയുണ്ടായി. കേസ് കോടതി തള്ളി. -കാര്‍ട്ടൂണുകള്‍ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നു. അവ ഇസ്ലാം മതത്തിന് എതിരല്ല. ഫണ്ടമെന്റലിസത്തിനാണ് എതിര് – എന്ന വിധി ചാര്‍ലി ഹെബ്‌ഡോ പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചിരിക്കണം. അവര്‍ പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. പ്രവാചകനെ കാര്‍ട്ടൂണില്‍ ചിത്രീകരിക്കാന്‍ കിട്ടിയ അവസരമൊന്നും പാഴാക്കിയുമില്ല.

2011 ല്‍ ഒരുതവണ ലക്കത്തിന്റെ പേരുതന്നെ ‘ചരിയ ഹെബ്‌ഡോ’ എന്നാക്കി. ഇത് ‘ശരിയ’ത്തിനെ പരിഹസിക്കാനാണ് എന്ന് അവര്‍ സമ്മതിക്കുകയും ചെയ്തു. ‘ ചിരിച്ചുമരിക്കാത്തവര്‍ക്ക് 100 അടി നല്‍കുന്നതാണ് ‘ എന്ന് പ്രവാചകന്‍ പറയുന്നതായാണ് കവറില്‍ ചിത്രീകരിച്ചത്. ഉള്‍പ്പേജുകളിലും പ്രവാചകനെ ചിത്രീകരിച്ചിട്ടുണ്ട്. ഇതിന്റെ പിറ്റേന്നാണ് പത്രം ഓഫീസ്  തകര്‍ക്കപ്പെട്ടത്. പിന്നെ ഓഫീസ് അകലെയൊരിടത്തേക്ക് മാറ്റി.

പോലീസ് കാവലും ഏര്‍പ്പെടുത്തി. പത്രം ആര്‍ക്കും വഴങ്ങില്ല എന്ന് എഡിറ്റര്‍ സ്റ്റീഫന്‍ ചാര്‍ബോന്നീര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. 2012 സപ്തംബറില്‍ ഒരു മുസ്ലിം വിരുദ്ധ അമേരിക്കല്‍ സിനിമയുടെ പേരില്‍ അറബ് നഗരങ്ങളില്‍ പ്രതിഷേധവും അക്രമങ്ങളുമുണ്ടായപ്പോള്‍ പത്രം വീണ്ടും ഇസ്ലാമും പ്രവാചകനും  വിഷയമാക്കി.

വളരെ പ്രകോപനപരമായ ഒരു കാര്‍ട്ടൂണ്‍ പുന: പ്രസിദ്ധീകരിക്കപ്പെടും എന്നറിഞ്ഞ് അതില്‍നിന്ന് പിന്തിരിയണമെന്ന് ഫ്രഞ്ച് പോലീസ് അവരോട് ആവശ്യപ്പെട്ടു. ആര്‍ക്കും അത് മുന്‍കൂട്ടി തടയാന്‍ നിയമപരമായി സാധ്യമായിരുന്നില്ല. പ്രതികാരം ഭയന്ന് പലേടത്തും അംബസ്സികളും സ്‌കൂളുകളും അടച്ചിടാനേ ഗവണ്മെന്റിന് കഴിഞ്ഞുള്ളൂ.

അമേരിക്കന്‍ സര്‍ക്കാര്‍തന്നെ പത്രത്തെ പരസ്യമായി വിമര്‍ശിച്ചു. ‘പ്രസിദ്ധീകരിക്കാനുള്ള അവകാശത്തെ ഞങ്ങള്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ആ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തിന്റെ ഔചിത്യത്തെ ചോദ്യംചെയ്യുന്നു’ എന്നാണ് വൈറ്റ് ഹൗസ് വിശദീകരിച്ചത്. ഇപ്പോള്‍ ഒടുവില്‍ പത്രം ഓഫീസിലെ  കൂട്ടക്കൊലയ്ക്ക്  ശേഷം  പാശ്ചാത്യപത്രങ്ങള്‍ വിവാദ കാര്‍ട്ടൂണുകള്‍ പുന: പ്രസിദ്ധീകരിക്കണമോ എന്ന കാര്യത്തില്‍ മടിച്ചുനിന്നു.

വാഷിങ്ങ്ടണ്‍ പോസ്റ്റ് ആദ്യം  പ്രസിദ്ധകരിച്ചവ പിന്നീട്  വെബ്‌സൈറ്റില്‍ നിന്ന് നീക്കംചെയ്തു. തത്ത്വത്തില്‍, അവ പ്രസിദ്ധീകരിക്കേണ്ടതുതന്നെ എന്നവര്‍ വിശ്വസിക്കുന്നു. കാരണം അവയ്ക്ക് വാര്‍ത്താപ്രാധാന്യം ഉണ്ട്. എന്നാല്‍, വീണ്ടും പ്രകോപനം ഉണ്ടാക്കി എന്ന ആക്ഷേപിക്കപ്പെടരുത് എന്ന് ഓര്‍ത്ത് പ്രസിദ്ധീകരണം ഉപേക്ഷിക്കുയും ചെയ്തു.

പ്രവാചകനെ  ആക്ഷേപിക്കുന്ന കാര്‍ട്ടൂണുകളോട് വിശ്വാസികള്‍ ഒരു തരത്തിലും സഹിഷ്ണത കാട്ടുകയില്ല എന്ന് സമ്മതിക്കുമ്പോള്‍തന്നെ  പ്രശസ്ത ചിന്തകന്‍ ഫരീദ് സകറിയയെ പോലുള്ള പലരും പ്രവാചകന്റെ ചിത്രം പ്രസിദ്ധപ്പെടുത്തുന്നതിനോടുള്ള അസഹിഷ്ണതയോട് യോജിക്കുന്നില്ല.
ഏത് ഖുറാനിക തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിനെ എതിര്‍ക്കുന്നത് എന്ന ചോദ്യം അദ്ദേഹം ഉന്നയിക്കുന്നു. ആദ്യത്തെ പത്ത് നൂറ്റാണ്ടുകളോളം ചെയ്തുപോന്നത് ചില കൂട്ടര്‍ തടയുകയാണ് ചെയ്തത് എന്നദ്ദേഹം വിശദീകരിക്കുന്നു. ഇതുമാത്രമല്ല, ദൈവനിന്ദയ്ക്ക് വിശുദ്ധഗ്രന്ഥം വധശിക്ഷയെ എന്തെങ്കിലും ശിക്ഷയോ വിധിക്കുന്നില്ല എന്ന വാദവും ഉയര്‍ത്തുന്നുണ്ട്.

ഇസ്ലാമിക രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണ് ഇതെല്ലാം എന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. എന്തായാലും അത് വേറൊരു വിഷയമാണ്; മാധ്യമസ്വാതന്ത്ര്യധ്വംസനത്തിന്റെ ചര്‍ച്ചയില്‍ അതുവരുന്നില്ല.  ചാര്‍ലി ഹെഡ്‌ബോ പ്രവര്‍ത്തകരുടെ എഴുത്തും വരയും പരിഹാസവും അമേരിക്ക ഉള്‍പ്പെടെ മിക്ക വികസിത രാജ്യങ്ങളിലെയും നിയമാനുസൃത ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നില്ല.
‘ഹേറ്റ് സ്പീച്ച്’ എന്ന കുറ്റമായാണ് അവര്‍ ഇതിനെ കാണുന്നത്. എത്ര വികസിത  ജനാധിപത്യത്തിലായാലും വിമര്‍ശനത്തിനും പരിഹാസത്തിനും പരിധി ഉണ്ടാവേണ്ടതുണ്ടല്ലോ. ആ പരിധിയുടെ കാര്യത്തില്‍ തീര്‍ച്ചയായും യോജിപ്പുണ്ടാവില്ല. അതത് രാജ്യങ്ങള്‍ അതുസംബന്ധിച്ച നിയമങ്ങളുണ്ടാക്കുകയും എല്ലാ മാധ്യമങ്ങളും അതിന് വഴങ്ങുകയും ചെയ്താല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവും. ഇങ്ങനെയെല്ലാം പറയുമ്പോഴും, ലോകം കണ്ടതില്‍വെച്ചേറ്റവും വലിയ മാധ്യമ വിരുദ്ധ ആക്രമണമാണ് പാരീസില്‍ നടന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മതശാസനകളും വിശ്വാസങ്ങളും കൂട്ടക്കൊലകളിലൂടെ മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കുന്നത് സംസ്‌കാരമുള്ള ആരും അംഗീകരിക്കുകയുമില്ല. ദൈവനിന്ദയെ കൈകാര്യം ചെയ്യാന്‍ ദൈവത്തിന്  കഴിയില്ല, അത് തങ്ങള്‍ തോക്കെടുത്ത് നടത്തേണ്ട കാര്യമാണ് എന്ന നിലപാടുതന്നെയാണ്  ഏറ്റവും വലിയ ദൈവനിന്ദ എന്ന് കരുതുന്നതില്‍ തെറ്റുകാണുന്നില്ല.

ഈ കാലത്ത് എഴുത്തിലും വരയിലും വരുന്ന, മതവിരുദ്ധമെന്നുതന്നെ വിളിക്കാവുന്ന കാര്യങ്ങള്‍ക്ക് പാരീസില്‍ നടന്നതുപോലുള്ള പ്രതികാരങ്ങള്‍ ഉദ്ദേശിച്ചതിന് വിപരീതമായ ഫലമല്ലേ ഉണ്ടാക്കുക എന്ന ചോദ്യവും ഉയരുന്നുണ്ട്. ചാര്‍ലി ഹെബ്‌ഡോവിന്റെ പേജുകളിലൂടെ വളരെ കുറച്ച്  ആളുകള്‍ മാത്രം കണ്ട ആ ‘ദൈവനിന്ദാ  കാര്‍ട്ടൂണുകള്‍’ കൂട്ടക്കൊലയുടെ ഫലമായി ലോകമെങ്ങുമുള്ള പ്രസിദ്ധീകരണങ്ങള്‍ ദുരുദ്ദേശമൊന്നുമില്ലാതെ  പുന:പ്രസിദ്ധീകരിച്ചിരിക്കുന്നു. അവരുടെ ഈ ഇനത്തില്‍ പെട്ട എല്ലാ കാര്‍ട്ടൂണുകളും ആര്‍ക്കും കാണാവുന്ന വിധത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.  ഭീകരപ്രവര്‍ത്തനവും കാലഹരണപ്പെടുമെന്നാണ് മനസ്സിലാക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Go Top