ആഗോളവല്‍ക്കരണമല്ല നമ്മുടെ വിഷയം. പക്ഷേ, അതെന്ത് എന്ന് ഒന്ന് കണ്ണോടിച്ചുനോക്കാതെ പോകുന്നത് ശരിയല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം എല്‍.ഡി.എഫ് ജയിച്ചാലും യു.ഡി.എഫ് ജയിച്ചാലും ശാശ്വതമായി നില്‍ക്കുന്ന ഒരവസ്ഥയുണ്ട്. കേരളീയര്‍ വര്‍ത്തമാനത്തിലെങ്കിലും ഇടതുപക്ഷക്കാരാണ്. നമ്മളെല്ലാം ഇടതുപക്ഷക്കാരാണ്. അതുകൊണ്ടുതന്നെ ആഗോളവല്‍ക്കരണം ഒരു ചീത്ത സംഗതിയാണ് എന്ന കാര്യത്തില്‍ നമുക്കിടയില്‍ അഭിപ്രായ ഐക്യമാണ് ഉള്ളത്. പ്രളയം പോലെ, പ്രകൃതിദുരന്തം പോലെ, സുനാമി പോലെ ഒരു അത്യാഹിതം. എന്നാല്‍ ആഗോളവല്‍ക്കരണം എന്ത്, എങ്ങിനെ അതുണ്ടായി, എന്താണ് അതിന്റെ ഗുണദോഷങ്ങള്‍ എന്നതിനെ കുറിച്ച് വലിയ ചര്‍ച്ചകളൊന്നും നടക്കാറില്ല. ഇവിടെയും നമുക്കതിലേക്ക് ആണ്ടിറങ്ങാനാവില്ല. പക്ഷേ, അതിന്റെ അത്യാവശ്യം ഘടകങ്ങള്‍ നമുക്ക് പരിശോധിക്കാം.
ആഗോളവല്‍ക്കരണം ഇന്നലെ തുടങ്ങിയതല്ല, അത് പണ്ടേ ഉണ്ട്. വാണിജ്യവും മൂലധനനിക്ഷേപവും വലിയ തോതിലുള്ള നിയന്ത്രണങ്ങളൊന്നുമില്ലാതെ ലോകമാസകലം നടത്താന്‍ കഴിയുന്ന അവസ്ഥയാണ് ആഗോളീകരണം. ഏറിയും കുറഞ്ഞും ഇത് നൂറ്റാണ്ടുകളായി നടക്കുന്നു എന്നതാണ് സത്യം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ വന്നതും നമ്മുടെ മലയോരവിഭവങ്ങള്‍ ലോകത്തെങ്ങും വിറ്റഴിക്കപ്പെട്ടതും. അറബികളുമായി കച്ചവടം നടത്തിയതും ചീനച്ചട്ടി മുതല്‍ ചീനപ്പടക്കം വരെയുള്ള ചൈനാ ഉല്പ്പന്നങ്ങള്‍ കേരള ഗ്രാമങ്ങളില്‍ പോലും എത്തിയതുമെല്ലാം വാണിജ്യത്തിന്റെ ആഗോളസ്വഭാവം കൊണ്ടുതന്നെയാണ്.
ഇരുപതാംനൂറ്റാണ്ടില്‍ കോളനികള്‍ മോചിപ്പിക്കപ്പെടുകയും ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങള്‍ സ്വതന്ത്രമാവുകയും അവര്‍ വ്യാവസായവല്‍ക്കരണത്തിലേക്ക് കടക്കുകയും ചെയ്തപ്പോഴാണ് രാജ്യങ്ങള്‍ സംരക്ഷിത സമ്പദ്വ്യവസ്ഥയെ കുറിച്ച് ചിന്തിച്ചുതുടങ്ങിയതും അന്താരാഷ്ട്ര വ്യാണിജ്യത്തില്‍ ഏറെ നിയന്ത്രണങ്ങള്‍ ഉണ്ടായതും. നമ്മുടെ വ്യവസായങ്ങള്‍ക്ക് ലോകത്തിലെ എല്ലാ ഉല്‍പ്പാദകരോടും മത്സരിക്കാന്‍ കഴിയല്ല. വിദേശ ഉല്‍പ്പന്നങ്ങള്‍ ഇവിടെ അനിയന്ത്രതിമായി വില്‍ക്കപ്പെട്ടാല്‍ നമ്മുടെ വ്യവസായസ്ഥാപനങ്ങള്‍ തകരും. ഇതൊഴിവാക്കാനാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ചില ഇറക്കുമതികള്‍ പൂര്‍ണമായി നിരോധിച്ചു. ചിലവയുടെ മേല്‍ വലിയ നികുതി ഏര്‍പ്പെടുത്തി. ഇക്കണോമിക്സ്സില്‍ പ്രൊട്ടക്ഷനിസം എന്ന് വിളിക്കപ്പെട്ട ഈ സാമ്പത്തിക നയമാണ് ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങള്‍ നടപ്പാക്കിയിരുന്നത്.
1990ല്‍ ലോക രാഷ്ട്രീയ വ്യവസ്ഥയിലുണ്ടായ മാറ്റം നൂറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും രണ്ടാമത്തെ വലിയ വിപ്ലവമായിരുന്നു. കമ്യുൂണിസത്തിന്റെ ഏറ്റവും വലിയ ശത്രുക്കള്‍േപ്പോലും ലോകത്തെ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഏതാണ്ടെല്ലാം ഒന്നടങ്കം തകര്‍ന്നുപോകുമെന്ന് സ്വപ്‌നം കണ്ടതല്ല. ലോകസോഷ്യലിസ്റ്റ് ചേരിയുടെ തലപ്പത്ത് സോവിയറ്റ് യൂണിയനാണ് എല്ലാകാലത്തും ഉണ്ടായിരുന്നത്. 1917 ല്‍ ലെനിന്‍ നേതൃത്വം നല്‍കിയ വിപ്ലവത്തിലൂടെയാണ് റഷ്യ സോഷ്യലിസത്തിലേക്ക് കടന്നതും തുടര്‍ന്ന് സോവിയറ്റ് യൂണിയന്‍ എന്ന വന്‍ശക്തി രൂപപ്പെട്ടതും. ആസൂത്രിത സമ്പദ്ഘടനയിലൂടെ, ഉദ്പാദകോപകരണങ്ങളുടെ സാമൂഹ്യ ഉടമസ്ഥതയിലൂടെ, തൊഴിലാളി വര്‍ഗത്തിന്റെ ഏകാധിപത്യത്തിലൂടെ റഷ്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ സോഷ്യലിസത്തിലേക്ക് കുതിക്കുന്നതായാണ് ലോകം കണ്ടിരുന്നത്. സോവിയറ്റ് യൂണിയന്‍ ഒരു ഭാഗത്തും അമേരിക്ക എതിര്‍ഭാഗത്തുമായി ലോകം തുല്യശക്തിയുള്ള രണ്ട് ചേരികളായി നിന്ന് ശീതയുദ്ധത്തിലേര്‍പ്പെടുകയായിരുന്നു. ഇന്ത്യ ഒരു ചേരിചേരാ രാഷ്ട്രം ആയാണ് സ്വയം അവകാശപ്പെടാറുള്ളതെങ്കിലും ഇന്ത്യ സോവിയറ്റ് പക്ഷത്തായിരുന്നു എന്നതാണ് സത്യം. ലോകം മുഴുവന്‍ സോഷ്യലിസം വരുന്നതിനെകുറിച്ചുള്ള സ്വപ്‌നം പൂവിടുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് മുന്നറിയിപ്പൊന്നുമില്ലാതെ സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണം തകര്‍ന്നുവീഴുന്നത്.
കിഴക്കന്‍ ജര്‍മനിയാണ് ആദ്യം തകരുന്നത്. രണ്ട് ജര്‍മനികളെ വേര്‍തിരിക്കുന്ന മതില്‍ തകരുകയും കമ്യൂണിസ്റ്റ ്പാര്‍ട്ടി ഭരണം ഇല്ലാതാകുകയും ചെയ്തു. തുടര്‍ന്ന് സോവിയറ്റ് യൂണിയന്‍ ശിഥലമായി. പോളണ്ട്, ഹങ്കറി, ബള്‍ഗേറിയ, റുമാനിയ, ചെക്കോസ്ലോവാക്യ, യൂഗോസ്ലാവിയ, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണം ഇല്ലാതായത്. സോവിയറ്റ യൂണിയന്‍ ശിഥിലീകരിച്ച് റഷ്യ, ഉസ്ബക്കിസ്താന്‍, ഉക്രൈന്‍, മോള്‍ഡോവ, ലാറ്റ്വിയ, ജോര്‍ജിയ, അര്‍മേനിയ, അസര്‍ബൈജാന്‍, ലിത്വാനിയ, ബെലാറസ്, എസ്‌തോണിയ, കസഖ്സ്ഥാന്‍ എന്നിങ്ങനെ പുതിയ രാജ്യങ്ങള്‍ ഉദയം ചെയ്യുകയും ഉണ്ടായി.
ഏതാണ്ട് ഒരേ കാലത്ത് സമാന്തരമായി ഉണ്ടായ നാല് പ്രതിഭാസങ്ങള്‍ ലോകത്തിന്റെയും മാധ്യമങ്ങളുടെ ഗതി പാടെ മാറ്റിമറിച്ചു. അവ ഇവയാണ്.
1. മുതലാളിത്തത്തിന്റെ വിജയവും ശീതസമരത്തിന്റെ അന്ത്യവും
2. ആഗോളവല്‍ക്കരണത്തിന്റെ കുത്തൊഴുക്ക്
3. മാധ്യമസാങ്കേതിക വിദ്യയിലുണ്ടായ വന്‍മാറ്റം.
4. ബഹുരാഷ്ട്രകുത്തകകളുടെ ആവിര്‍ഭാവം
സോവിയറ്റ് തകര്‍ച്ചയോടെ സ്വാഭാവികമായും ശീത യുദ്ധം അവസാനിച്ചു. അമേരിക്ക ഏക വന്‍ശക്തിയായി അംഗീകരിക്കപ്പെട്ടു. മുതലാളിത്തവും കമ്യൂണിസവും തമ്മിലുള്ള ആഗോള യുദ്ധം അവസാനിച്ചു. മുതലാളിത്തത്തിന്റെ വിജയം ആയി ഇത് കണക്കാക്കപ്പെട്ടു. ലോകത്തിന്റെ പ്രത്യയശാസ്ത്രസമരം തന്നെ അവസാനിച്ചെന്നും ചരിത്രംതന്നെ അവസാനച്ചെന്നും വ്യാഖ്യാക്കപ്പെട്ടു. ശീതയുദ്ധത്തിന്റെയോ ലോകയുദ്ധാനന്തരകാലത്തിലെ ഒരു പ്രധാനഘട്ടത്തിന്റെയോ അവസാനം മാത്രമല്ല ഇത്. മനുഷ്യന്റെ പ്രത്യയശാസ്ത്രപരമായ പരിണാമത്തിന്റെ അവസാനമാണിത് എന്നാണ് പ്രശസ്ത രാഷ്ട്രീയചിന്തകനായ ഫ്രാന്‍സിസ് ഫുകുയാമ 1992ല്‍ എഴുതിയത്.അദ്ദേഹത്തിന്റെ എന്‍ഡ് ഓഫ് ഹിസ്റ്ററി ആന്റ് ദ ലാസ്റ്റ് മേന്‍ എന്ന കൃതി ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെട്ടു.
വ്യവസായവിപ്ലവകാലത്തെ ലെയ്‌സെ ഫെയര്‍ വീണ്ടും ആഗോള സാമ്പത്തിക തത്ത്വശാസ്ത്രമായി. സ്വതന്ത്ര വിപണിയെന്നതാണ് സത്യം. വിപണി എല്ലാം ശരിയായി നടത്തിക്കൊള്ളും. സ്വതന്ത്രവിപണിയാണ് ജനാധിപത്യത്തിന്റെ അര്‍ത്ഥം എന്നുപോലും വ്യാഖ്യാനിക്കപ്പെട്ടു. വിലയായാലും കൂലിയായാലും ശമ്പളമായാലും സ്വതന്ത്രവിപണി എല്ലാം തീരുമാനിക്കും. ഭരണകൂടങ്ങള്‍ ഇതിലൊന്നും ഇടപെടേണ്ടതില്ല എന്നതും ആഗോളീകരണത്തിന്റെ അടിസ്ഥാനതത്ത്വങ്ങളില്‍ പെടും.
ആഗോളീകരണം ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചുതുടങ്ങുന്നത് ഇക്കാലം മുതലാണ്. ഇന്ത്യയിലെ ലൈസന്‍സ് കണ്‍ട്രോള്‍ സമ്പദ് വ്യവസ്ഥ അതോടെ അവസാനിച്ചു. വിദേശമൂലധനം പ്രവഹിച്ചു. പൊതുമേഖല ദുര്‍ബലമായി. രാജ്യങ്ങള്‍ തമ്മിലുള്ള ഉല്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കൈമാറ്റത്തിന് നിയന്ത്രണമൊന്നും ഇല്ലാതായി. വേള്‍ഡ് ട്രേഡ് ഒര്‍ഗനൈസേഷന്‍ എന്നൊരു ആഗോളസംഘടനതന്നെ അതിനായി രൂപപ്പെട്ടു. മുതലാളിത്തത്തിന്റെ ശക്തമായ സാന്നിദ്ധ്യം എല്ലാവരും അംഗീകരിച്ചു. ലോകത്തിലെ ഏറ്റവുംവലിയ കമ്യൂണിസ്റ്റ് രാജ്യം ചൈനയായിരുന്നു. ചൈനയില്‍ കമ്യൂണിസം ഒരു ഭരണരൂപമെന്ന നിലയില്‍ തുടര്‍ന്നുവെങ്കിലും അവിടെയും മുതലാളിത്തവ്യവസ്ഥയെ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുക എന്നതായി കമ്യൂണിസ്റ്റ് ഭരണത്തിന്റെ ചുമതല. മുതലാളിത്തം പ്രാവര്‍ത്തികമാക്കുന്നതില്‍ മുതലാളിത്ത പാര്‍ട്ടികളേക്കാള്‍ കാര്യക്ഷമത കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടെന്ന് തെളിയിക്കുകയാണ് ചൈനീസ് പാര്‍ട്ടി ചെയ്യുന്നത്.
ആഗോളീകരണത്തിന്റെ ആശയങ്ങളും നടപടികളും വമ്പിച്ച തോതില്‍ ഉല്‍പ്പാദനത്തെയും ഉപഭോഗത്തെയും കെട്ടഴിച്ചുവിട്ടിട്ടുണ്ടെന്നത്. അവിതര്‍ക്കിതമായ സംഗതിയാണ്. സമ്പദ്വ്യവസ്ഥയില്‍ ഉല്‍പ്പാദനം കര്‍ക്കശമായി പരിമിതപ്പെടുത്തിയിരുന്ന നിരവധി മേഖലകളുണ്ടായിരുന്നു. എണ്‍പതുകള്‍ വരെ ജീവിച്ചിരുന്നവര്‍ ഇത് നേരിട്ട് അനുഭവിച്ചതാണ്. ഒരു സ്‌കൂട്ടര്‍ കിട്ടണമെങ്കില്‍ കമ്പനികളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് എട്ടുംപത്തും വര്‍ഷം കാത്തിരുന്നവരുണ്ട്. അമ്പാസ്സഡര്‍ അല്ലാതെ കാറുകള്‍ നാട്ടിലുണ്ടായിരുന്നില്ല, അതുപോലും വാങ്ങാന്‍ കഴിവുള്ളവര്‍ അതിവിരളവുമായിരുന്നു. ഉപഭോക്തൃസംസ്‌കാരം എന്ന് നാമിന്ന് കുറ്റപ്പെടുത്തുന്ന സംസ്‌കാരം രൂപപ്പെടുന്നത് ലോകമെങ്ങും ഈ കാലത്താണ്. ഇതിന് മാധ്യമങ്ങളുമായി ഉറ്റ ബന്ധമുണ്ട്. ഉപഭോഗാസക്തിയുടെ ബീജങ്ങള്‍ മനുഷ്യമനസ്സില്‍ വിതയ്ക്കുന്നത് മാധ്യമങ്ങളാണ്. ഉപഗ്രഹടെലിവിഷന്റെ വരവ് വേറൊരു വലിയ വിപ്ലവമായിരുന്നു. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ ജര്‍മനിയിലും ജനങ്ങള്‍ കമ്യൂണിസത്തിന് അപ്പുറത്തേക്ക് ചിന്തിക്കാന്‍ കാരണമായത് പാശ്ചാത്യ മുതലാളിത്തരാജ്യങ്ങളില്‍നിന്നുള്ള ടെലിവിഷന്‍ ചാനലുകള്‍ വന്നതോടെയാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രത്യക്ഷത്തില്‍ തീര്‍ത്തും രാഷ്ട്രീയരഹിതമായിരുന്ന വിനോദചാനലുകളില്‍ കമ്യൂണിസ്റ്റ് വിരുദ്ധമായി യാതൊന്നുമില്ലെന്നാണ് അവിടത്തെ ഭരണാധികാരികള്‍ കരുതിയിരുന്നതെങ്കിലും പാശ്ചാത്യര്‍ക്ക് കിട്ടുന്ന ഇക്കണ്ട ഇലക്ട്രോണിക്- ഫാഷന്‍- ഭക്ഷ്യവസ്തു- പാനീയങ്ങള്‍ ഒന്നും തങ്ങള്‍ക്ക് കിട്ടുന്നില്ലല്ലോ എന്ന വ്യാധി അവരില്‍ പടര്‍ത്തിയത് ടി.വി.പരസ്യങ്ങള്‍ ആയിരുന്നു. പരസ്യങ്ങള്‍ അങ്ങേയറ്റം സ്‌ഫോടനാത്മകമായ രാഷ്ട്രീയ പ്രചരണായുധങ്ങളായി മാറി. സാംസ്‌കാരിക മൂല്യങ്ങളുടെ പുനര്‍നിര്‍ണയം ഇതോടൊപ്പം നടന്നുപോന്നു. ലാഭമുണ്ടാക്കുക, മൂലധനം സ്വരൂപിക്കുക, ഒരുപാട് ഉത്പാദിപ്പിക്കുക, ഒരുപാട് ഉപഭോഗിക്കുക തുടങ്ങിയവകളോട് ഒരു കാലത്തുണ്ടായിരുന്ന വിരോധം ലോകമെങ്ങും ഇല്ലാതാവുകയായിരുന്നു. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് തെറ്റായ ഒരു കാര്യമല്ല എന്ന് എല്ലാവര്‍ക്കും തോന്നിത്തുടങ്ങി. അതിന് വേണ്ടിയായി എല്ലാ പരിശ്രമങ്ങളും എന്നുവന്നു.
ഈ കാലഘട്ടം കമ്യൂണിക്കേഷണ്‍സ് വിപ്ലവത്തിന്റെ കൂടി തുടക്കമായിരുന്നു. സോവിയറ്റ് യൂണിയന്‍ തകരുന്ന കാലത്ത് വികസിത രാജ്യമായ ജര്‍മനിയില്‍ പോലും മൊബൈല്‍ ഫോണോ, ഇന്റര്‍നെറ്റോ ഉണ്ടായിരുന്നില്ല. കളര്‍ ടെലിവിഷന്‍ പോലും അപൂര്‍വമായിരുന്നു. പക്ഷെ, പെട്ടന്ന് കമ്യൂണിക്കേഷണ്‍സ് സാങ്കേതികതയില്‍ വിപളവമുണ്ടായി. പ്രിന്റിങ്ങ്, ഫോട്ടോഗ്രാഫി, കമ്യൂണിക്കേഷന്‍സ് വിപളവങ്ങള്‍ അതിന് മുമ്പത്തെ നൂറുവര്‍ഷംകൊണ്ടുണ്ടായതിനേക്കാള്‍ വലിയ മാറ്റങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ടുണ്ടാക്കി. ടെലിവിഷനുകള്‍ വീടുതോറുമെത്തി.
മാധ്യമങ്ങളുടെ സാമ്പത്തിക നിലയില്‍ ഇത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. പരസ്യങ്ങളുടെ ഒഴുക്ക് പത്രങ്ങളെയും ടെലിവിഷനുകളെയും വലിയ ലാഭംകിട്ടുന്ന വ്യവസായങ്ങളാക്കി. ലോകമെങ്ങും കോര്‍പ്പറേറ്റുകള്‍ വന്‍തോതില്‍ മാധ്യമവ്യവസായത്തിലേക്ക് കടന്നു. പഴയ കാലത്തെ ഫോര്‍ത്ത് എസ്റ്റേറ്റ് ധര്‍മസ്ഥാപനം എന്ന നിലയില്‍ നിന്ന് മാറി ലാഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായി മാറി മാധ്യമങ്ങള്‍. മാധ്യമ ഉടമസ്ഥരുടെ തത്ത്വശാസ്ത്രംതന്നെ സമൂലം മാറി. റുപര്‍ട്ട് മര്‍ഡോക്കിനെ പോലുള്ള വന്‍കിടക്കാര്‍ പാശ്ചാത്യരാജ്യങ്ങളിലെ മാധ്യമങ്ങള്‍ കൈവശത്തിലാക്കി.
ആഗോള മാധ്യമകുത്തകകളുടെ വളര്‍ച്ച
ആഗോളതലത്തില്‍ മാധ്യമങ്ങള്‍ക്കുണ്ടായ വളര്‍ച്ചയോടൊപ്പം മാധ്യമക്കുത്തകകളും വളര്‍ന്നു. പത്തും അമ്പതും പത്രസ്ഥാപനങ്ങള്‍ ഉണ്ടായിരുന്ന ആസ്‌ത്രേലിയ പോലുള്ള രാജ്യങ്ങളില്‍ ആഗോളീകരണകാലമായപ്പോഴേക്ക് അവരുടെ എണ്ണം അഞ്ചും ആറും ആയി കുറഞ്ഞു. റോബര്‍ട്ട് മെക്‌ചെസ്‌നി, എഡ്വേഡ് ഷെര്‍മന്‍, നോം ചോംസ്‌കി, തുടങ്ങി നിരവധി ഗവേഷകര്‍ ആഗോള മാധ്യമ വളര്‍ച്ചയെ കുറിച്ച് പഠനങ്ങള്‍ നടത്തുകയും പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 70 ശതമാനം ആസ്‌ത്രേലിയന്‍ പത്രങ്ങള്‍ റുപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്തതയിലുള്ളതാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചില പ്രവിശ്യകളില്‍ നാലോ അഞ്ചോ പത്രങ്ങളുള്ളതില്‍ എല്ലാം മര്‍ഡോക്ക് വക ആണ് എ്ന്നും തിരിച്ചറിഞ്ഞു.
ആഗോളതലത്തില്‍ അഞ്ചാറ് സ്ഥാപനങ്ങളുടെ വാഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്. പത്രങ്ങള്‍ മാത്രമല്ല, ടെലിവിഷനും റേഡിയോയും സിനിമയും പുസ്തകങ്ങളും എല്ലാം ഇവരുടെ കൈകളിലായി. ന്യൂസ് കോര്‍പ്പറേഷന്‍,. ടൈംവാര്‍ണര്‍, ഡിസ്‌നി, ബര്‍ട്ടല്‍സ്മന്‍, വയാകോം, ടി.സി.ഐ, തുടങ്ങിയവയാണ് ഈ കുത്തകകള്‍.
പബ്ലിക് ബ്രോഡ്കാസ്റ്റിങ്ങ് സംവിധാനം ലോകമെങ്ങും തകര്‍ന്നു. പബ്ലിക് ബ്രോഡ്കാസ്റ്റിങ്ങ് എന്നത് പൂര്‍ണമായും നല്ല ഒരു ഏര്‍പ്പാടായിരുന്നു എന്ന അഭിപ്രായമില്ല. കമ്യൂണിസ്റ്റ് രാജ്യങ്ങളിലെപോലെ സര്‍ക്കാര്‍വിരുദ്ധ ആശയങ്ങളും പാര്‍ട്ടികളും സര്‍ക്കാര്‍ മാധ്യമത്തില്‍ പ്രവേശനമില്ല എന്ന അവസ്ഥ പോലുമുണ്ടായിരുന്നു. സര്‍ക്കാറുകളുടെ നിയന്ത്രണത്തില്‍ അവര്‍ക്കുവേണ്ടി മാത്രമുള്ള പ്രചാരണ പ്രവര്‍ത്തനമാണ് ഇത്തരം സ്ഥാപനങ്ങളില്‍ മിക്കവയിലും നടന്നുപോന്നത്. സര്‍ക്കാറുകള്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്ത അവര്‍ പൂര്‍ണമായി സെന്‍സര്‍ ചെയ്തുപോന്നു. ബി.ബി.സി. പോലെ അത്യപൂര്‍വം സ്ഥാപനങ്ങളേ മാധ്യമസ്വതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങളായി നിലനിന്നുള്ളൂ. ആകാശവാണിയും ദൂര്‍ദര്‍ശനും ഈ രംഗത്തെ വളരെ മോശം ഉദാഹരണങ്ങളായിരുന്നു.
ഇന്ത്യന്‍ മാധ്യമ വളര്‍ച്ച
ഏതെങ്കിലും കുത്തക സ്ഥാപനം ഇന്ത്യന്‍ മാധ്യമങ്ങളെ പിടിച്ചടക്കുന്ന സ്ഥിതി ആദ്യഘട്ടത്തിലൊന്നും ഉണ്ടായില്ലെങ്കിലും ഇരുപത് വര്‍ഷം പിന്നിട്ടപ്പോഴേക്ക്് പുതിയ സ്ഥാപനങ്ങള്‍ വലിയ കുത്തകകളായി വളരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. റിലയന്‍സ് ആണ് ഇക്കാര്യത്തില്‍ ഇപ്പോള്‍ മുന്‍നിരയില്‍ എത്തിയിരിക്കുന്നത്.
1990 ന് ശേഷമുള്ള 20 വര്‍ഷം കൊണ്ട് ദേശീയ മാധ്യമങ്ങള്‍ നാലും അഞ്ചും ഇരട്ടിയാക്കി അവരുടെ വരുമാനവും ലാഭവും. ലോകത്തിലെ നൂറു ഏറ്റവും ശക്തിയുള്ള മാധ്യമങ്ങളില്‍ പത്തൊമ്പതും ഇന്ത്യയിലാണ്. ചൈനയിലാണ് 25 മാധ്യമങ്ങള്‍. സര്‍ക്കുലേഷന്‍ കാര്യത്തില്‍ ഇന്ത്യയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ വിപണി.
മലയാള മാധ്യമവളര്‍ച്ച
പുതിയ കുത്തകക്കമ്പനികള്‍ കടന്നുവന്നിട്ടില്ലെങ്കിലും മലയാളത്തിലും നിലവിലുള്ള മാധ്യമങ്ങള്‍ക്ക് വലിയ വളര്‍ച്ച കൈവരിക്കാനായി. സംസ്ഥാനത്തെ ഏതാണ്ട് എല്ലാ ജില്ലകളില്‍ ഇപ്പോള്‍ പ്രമുഖ പത്രങ്ങള്‍ക്ക് യൂണിറ്റുകളുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ അഞ്ചും ആറുംലക്ഷം കോപ്പി സര്‍ക്കുലേഷന്‍ ഉണ്ടായിരുന്ന പത്രങ്ങള്‍ക്ക് ഇപ്പോള്‍ പതിനഞ്ചും ഇരുപതുംലക്ഷം കോപ്പി പ്രചാരമുണ്ട്. പുതുതായി രംഗത്തുവന്ന പത്രങ്ങളെല്ലാംതന്നെ പ്രൊഫഷനല്‍ ഗുണനിലവാരത്തില്‍ ഒന്നും രണ്ടും റാങ്കിലുള്ള പത്രങ്ങളുമായി മത്സരിക്കാന്‍ കഴിയുന്നവയാണ്. അന്യരാജ്യങ്ങളില്‍ യൂണിറ്റുകളുള്ള അപൂര്‍വം ഭാഷാപത്രങ്ങളില്‍ ഏറെയും കേരളത്തിലെ പത്രങ്ങളാണ്. ഗള്‍ഫ് പ്രദേശത്തെ ആറേഴ് രാജ്യങ്ങളില്‍ യൂണിറ്റുകള്‍ ഉള്ള പത്രങ്ങളും മലയാളത്തിലുണ്ട്.
ആഗോളതലത്തില്‍ ഉണ്ടായ ഈ മാധ്യമവളര്‍ച്ചയുടെ ഫലമായി വലിയ ലാഭമുണ്ടാക്കുന്ന വ്യവസായങ്ങളായി മാധ്യമം വളര്‍ന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ‘ഞാനിവിടെ പോരാടാനാണ് പത്രമിറക്കുന്നത്, പണമുണ്ടാക്കാനല്ല’ എന്ന പഴയ ആഗോള തത്ത്വം ഇപ്പോള്‍ നേരെ വിപരീതമായിട്ടുണ്ട്. മാധ്യമം എന്നതും വാര്‍ത്ത എന്നതും വാണിജ്യാര്‍ത്ഥത്തിലുള്ള വ്യവസായവും ഉത്പ്പന്നവും ആണ് എന്ന് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മര്‍ഡോക്ക് ഇല്ലാതെതന്നെ മര്‍ഡോക്കൈസേഷന്‍ എന്ന് ഈ പ്രവണത വിളിക്കപ്പെട്ടു. അതിന്റെ തത്ത്വശാസ്ത്രം വളരെ ലളിതമായിരുന്നു.
പോഡക്റ്റ് ആണ് പത്രം, വാര്‍ത്ത അതിന്റെ അസംസ്‌കൃത പദാര്‍ത്ഥമാണ് വായനക്കാര്‍ സാധാരണ ഉപഭോക്താക്കളാണ് സമൂഹം വിപണിയാണ്.
പാശ്ചാത്യ മാധ്യമങ്ങളിലെ മര്‍ഡോക് ഫിലോസഫി
ആഗോളതലത്തില്‍ വന്‍കിടകമ്പനികള്‍ എന്തുവില കൊടുത്തും ലാഭം വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കുന്നത്. കൂടുതല്‍ വായനക്കാര്‍, അതിലൂടെ കൂടുതല്‍ പരസ്യം എന്നതാണ് നയം. ഈ ചിന്താഗതിയുടെ ആഗോള ആചാര്യന്‍ റുപര്‍ട്ട് മുര്‍ഡോക് ആണ്. മാധ്യമ ഉത്പാദനച്ചെലവിന്റെ നല്ലൊരു ശതമാനം പരസ്യങ്ങള്‍ മുഖേനയാണ് കിട്ടുന്നത് എന്നത് ഒരു ആഗോളസത്യമാണ്. പരസ്യങ്ങള്‍ ഇല്ലെങ്കില്‍ പത്രവില രണ്ടോ മൂന്നോ ഇരട്ടിയാകുമെന്നത് ലോകത്തെങ്ങുമുള്ള അവസ്ഥയതാണ്. ഫലത്തില്‍ പത്രങ്ങളെ സബ്‌സിഡൈസ് ചെയ്യുകയാണ് പരസ്യങ്ങള്‍. തീര്‍ച്ചയായും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് പരസ്യക്കാരോട് കടപ്പാടുണ്ടാകുന്നതില്‍ അത്ഭുതമില്ല. അതുകൊണ്ടുതന്നെ പരസ്യക്കാരോടുള്ള താല്പര്യം വായനക്കാരനോടുള്ളതിലേറെ ആയിപ്പോകുന്നതില്‍ അത്ഭുതമില്ല. പല രാജ്യങ്ങളിലും ഫ്രീ ന്യൂസ്‌പേപ്പറുകള്‍ പെരുകുന്നു. അവര്‍ക്ക് വായനക്കാരില്‍നിന്ന് ഒന്നും കിട്ടുന്നില്ല. പരസ്യക്കാരനാണ് ലാഭം ഉണ്ടാക്കിക്കൊടുക്കുന്നത്. തീര്‍ച്ചയായും ഇവിടെ വായനക്കാരന്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു ഘടകമേ അല്ലാതാവുന്നു. ടെലിവിഷനില്‍ സമാനമാണ് സ്ഥിതിയെങ്കിലും ഉള്ളടക്കം മെച്ചപ്പെട്ടാലേ ചാനലിന് കാഴ്ച്ചക്കാരനുണ്ടാവൂ. കാഴ്ചക്കാരനുണ്ടെങ്കില്‍ മാത്രമേ പരസ്യക്കാരനും നേട്ടമുള്ളൂ. പരമാവധി കാഴ്ചക്കാരനെ പരസ്യക്കാരന് ഏര്‍പ്പാടാക്കിക്കൊടുക്കുക എന്നതാണ് ഉള്ളടക്കത്തിന്റെ ഉദ്ദേശ്യം.
മര്‍ഡോക്കിന്റെ തത്ത്വശാസ്ത്രം ഇന്ത്യന്‍ ദേശീയ മാധ്യമങ്ങളും പിന്തുടരുകയാണ്. വാര്‍ത്തയേക്കാളേറെ പരസ്യത്തിന് പ്രാധാന്യം നല്‍കുന്നതാണ് മാധ്യമസമീപനം. ജേണലിസ്റ്റിനേക്കാള്‍ പ്രാധാന്യം ഇവിടെ മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവിനാണ്. വാര്‍ത്തകള്‍ പിന്നിലും പരസ്യം മുന്നിലുമാകുന്നത് മാധ്യമനടത്തിപ്പുകാര്‍ക്കുമാത്രമാണ്. വായനക്കാരന് വാര്‍ത്തയാണ് മുന്നില്‍. പരസ്യം വേണ്ട എന്നല്ല, പരസ്യമില്ലാത്ത പത്രം അവനും ഇഷ്ടമില്ല. എന്നാലും സഹിക്കും. എന്നാല്‍ വാര്‍ത്തയില്ലെങ്കില്‍ അത് പത്രമേ അല്ലാതാവും. കൂടുതല്‍ ആളുകള്‍ വാര്‍ത്ത വായിക്കാന്‍ പത്രം വാങ്ങണം എന്നതാണ് പരസ്യക്കാരുടെയും താത്പര്യം. പക്ഷേ, അത് പത്രം നല്ല ഗൗരവമുള്ള വാര്‍ത്ത കൊടുത്താണ് സാധിക്കേണ്ടത് എന്ന് അവന് അഭിപ്രായമില്ല.
വിനോദ വ്യവസായത്തിന്റെ ഭാഗമാണ് ഇപ്പോള്‍ മാധ്യമങ്ങളും. മീഡിയ ആന്റ് എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ര്ട്രി എന്നാണ് ഇതിനെ വിളിക്കുന്നത്. എങ്ങനെ വാര്‍ത്തകള്‍ ആസ്വാദ്യമാക്കാം എന്ന് ആലോചിക്കാനാണ് ദേശീയമാധ്യമങ്ങളുടെ തലപ്പത്തുള്ളവര്‍ പത്രാധിപന്മാരോട് നിര്‍ദ്ദേശിക്കുന്നത്. ഈ സമീപനം പത്രങ്ങളുടെ ഉള്ളടക്തത്തെ കാര്യമായി ബാധിക്കുന്നുണ്ട്. പഴയ കാലത്തെപ്പോലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പൊരുതുക, സമൂഹത്തിന്റെ ഉയര്‍ച്ചക്കായി യത്‌നിക്കുക എന്നതൊന്നും പ്രധാന ലക്ഷ്യങ്ങളല്ലാതായിട്ടുണ്ട്. ഈ പ്രശനം പല മാധ്യമചിന്തകരും ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടുള്ളതാണ്. വാര്‍ത്തയില്‍ വിനോദത്തിനും ഗ്ലാമറിനുമെല്ലാമാണ് പ്രാധാന്യം നല്‍കുന്നത്. കൂടുതല്‍ സ്ഥലവും സമയവും ഇതിന് വേണ്ടിയാണ് ചെലവഴിക്കുന്നത്. കയ്യെത്തും ദൂരത്ത് പട്ടിണി കൊണ്ട് ജനങ്ങള്‍ മരിക്കുകയോ, കൃഷിനശിച്ച് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കിലും അത് അന്വേഷിക്കാന്‍ ദേശീയ തലസ്ഥാനത്തെ പത്രങ്ങള്‍ ലേഖകരെ നിയോഗിച്ചു എന്നുവരില്ല. എന്നാല്‍ ഫാഷന്‍ ഷോയോ അതുപോലെ വല്ലതുമോ നടക്കുകയാണെങ്കില്‍ ഡസന്‍കണക്കിന് റിപ്പോര്‍ട്ടര്‍മാരും ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും ഓരോ സ്ഥാപനത്തില്‍ നിന്നും പാഞ്ഞത്തിയേക്കും.
സമീപകാലത്ത് ഒരു പാശ്ചാത്യമാധ്യമവുമായുള്ള അഭിമുഖത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് ദിനപത്രത്തിന്റെ അധിപന്‍ പറഞ്ഞത് വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. ഞങ്ങള്‍ വാര്‍ത്താവ്യവസായത്തിലല്ല, പരസ്യവ്യവസായത്തിലാണ് എന്നാണ് അവര്‍ പറഞ്ഞത്. ലോകപ്രശസ ്തമായ ദി ന്യൂയോര്‍ക്കര്‍ മാസികയുടെ പ്രതിനിധി പ്രശസ്ത പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ കെന്‍ ഔലറ്റയുമായുള്ള അഭിമുഖത്തിലാണ് ടൈംസ് ഓഫ് ഇന്ത്യ ഉടമസ്ഥ സഹോദരന്മാരായ സമീര്‍ ജെയിനും വിനീത് ജെയിനും ഇങ്ങനെ പറഞ്ഞത്. ലവലേശം മറച്ചുവെക്കാതെ, കുറ്റബോധം ഒട്ടുമില്ലാതെ അവര്‍ ഇത് വിശദീകരിക്കകുയും ചെയ്തു. ഇത് വളരെ ശ്രദ്ധേയവും നമ്മുടെ കണ്ണുതുറപ്പിക്കുന്നതുമായ പ്രസ്താവനയാണ്. വാര്‍ത്തയ്ക്ക് വന്‍കിട മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ എന്തുപ്രാധാന്യമാണ് കല്പിക്കുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു. വലിയ പത്രങ്ങളുടെ വരുമാനത്തിന്റെ എണ്‍പതുശതമാനംവരെ പരസ്യങ്ങളില്‍ നിന്നുള്ളതാവുമ്പോള്‍ ഈ ഒരു ചിന്താഗതി ഉണ്ടായതില്‍ അത്ഭുതമില്ല. ഇവരിത് ആദ്യമായി പറയുകയല്ല. പരസ്യങ്ങള്‍ക്കിടയില്‍ വെക്കാനുള്ള ഒരു സാധനം മാത്രമാണ് വാര്‍ത്ത എന്ന വാക്യം ടൈംസ് ഓഫ് ഇന്ത്യയോട് പേര് ചേര്‍ത്താണ് പ്രചരിപ്പിക്കപ്പെട്ടത്. അത് സത്യമാകട്ടെ, അസത്യാകട്ടെ, അതാണ് യഥാര്‍ത്ഥത്തില്‍ മാധ്യമ ഉടമസ്ഥരുടെയും മാര്‍ക്കറ്റിങ്ങ് അധിപന്മാരുടെയും കാഴ്ചപ്പാട്.
പരസ്യമായി ഇങ്ങനെ പറയാറില്ലെങ്കിലും ഭാഷാപത്രങ്ങളും ഇതേ വഴിക്ക് തന്നെയാണ് സഞ്ചരിക്കുന്നത്. വിദേശ പത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ നാട്ടില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് ഒരു പത്രം അതിന്റെ പേജുകള്‍ രൂപപ്പെടുത്തുന്നത്. പല വികസിത രാജ്യങ്ങളിലും ടാബ്ലോയ്ഡ് പത്രങ്ങള്‍ ആളുകളെ ഹരംപിടിപ്പിക്കുന്ന വാര്‍ത്തകളിലാണ് ഊന്നല്‍ നല്‍കുന്നത്. വരുമാനത്തിന്റെ അഞ്ചിലൊന്നുവരെ വിനോദത്തിന് ചെലവഴിക്കുന്നുണ്ട് നഗരവാസികള്‍. അതുകൊണ്ടുതന്നെ വിനോദവ്യവസായത്തില്‍ പങ്കുപറ്റുകയാണ മാധ്യമങ്ങള്‍. വിദ്യാഭ്യാസമുള്ള, സാംസ്‌കാരികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ജനവിഭാഗങ്ങള്‍ വായിക്കുന്ന പത്രങ്ങളില്‍ പ്രധാന്യം കല്പ്പിക്കപ്പെടുന്നത് ഗൗരവമുള്ള വാര്‍ത്തകള്‍ക്കാണ്. ഇതല്ല നമ്മുടെ നാട്ടിലെ സ്ഥിതി.. ഒരേ തരം പത്രമാണ് സമ്പന്നനും ദരിദ്രനും വിദ്യാസമ്പന്നനും നവസാക്ഷരനുമെല്ലാം വായിക്കുന്നത്. ഏറ്റവും കൂടുതള്‍ സമ്പന്നര്‍ വായിക്കുന്ന പത്രമാകാന്‍ കഴിഞ്ഞാല്‍ കൂടുതള്‍ തുകയ്ക്ക പരസ്യസ്ഥലം വില്‍ക്കാന്‍ കഴിയുമല്ലോ എന്നോര്‍ത്ത് ആ രീതിയില്‍ ഉള്ളടക്കം രൂപപ്പെടുത്തുന്ന പത്രങ്ങളുണ്ട്. വേറെ ചിലര്‍, ഏറ്റവും മനോരമ്യമായ വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തിയാല്‍ സര്‍ക്കുലേഷനും അതുവഴി പരസ്യങ്ങളും കൂട്ടാം എന്നുകരുതി ആ വഴി നോക്കുന്നു. കൂടുതല്‍ ആളുകള്‍ വായിക്കാന്‍ വേണ്ടി പത്രത്തിന്റെ നിലവാരം കുറയ്ക്കുക എന്നതാണ് പൊതുവായി കണ്ടുവരുന്നത്. ക്രമാനുഗതമായ തകര്‍ച്ച പത്രങ്ങളുടെ നിലവാരത്തില്‍ ഉണ്ടാകുന്നു എന്ന പരാതി ജനങ്ങളില്‍ നല്ലൊരു വിഭാഗത്തിനുണ്ട്.
ഈ പ്രവണതകളെല്ലാം ചേര്‍ന്ന് മലയാള പത്രങ്ങളുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ നിലപാടുകളില്‍ ഒട്ടേറെ അപഭ്രംശങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നമുക്ക് അവ പരിശോധിക്കാം.
ചാനല്‍ക്കാലത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു പത്രങ്ങള്‍. വാര്‍ത്തകള്‍ വായിക്കുക എന്ന രീതി മാറി വാര്‍ത്തകള്‍ കാണുക എന്നത് സാര്‍വത്രികമാകുമ്പോള്‍ സാംസ്‌കാരികമായിത്തന്നെ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. വായിച്ച് മനസ്സിലാക്കുക എന്നത് കണ്ട് രസിക്കുക എന്നതിലേക്ക് മാറുന്നു എന്നതാണ് ഒരു പ്രശ്‌നം. ദൃശ്യപരതയ്ക്ക പ്രാധാന്യം വരുന്നു. എല്ലാം കാണാന്‍ വേണ്ടിയാകുമ്പോള്‍ കാഴ്ചക്ക് മിഴിവേകാന്‍ ശ്രമം നടക്കും. ആരോ പറഞ്ഞതുപോലെ, മരണം വരെ ഉപവാസം പ്രഖ്യാപിക്കുമ്പോഴും വര്‍ണശബളമായ വസ്ത്രം ധരിച്ചുവേണം അത് എന്ന നിലവരുന്നു. ആരുപറഞ്ഞു, എങ്ങനെ പറഞ്ഞു എന്നുള്ളതാകുന്നു പ്രധാനം.
24 മണിക്കൂര്‍ പോയിട്ട് ഒരുമണിക്കൂര്‍ നേരം കവര്‍ ചെയ്യേണ്ടത്ര പ്രാധാന്യം പോലും വാര്‍ത്തകള്‍ ഇല്ലാത്ത കേരളത്തില്‍ ശുദ്ധ അസംബന്ധങ്ങള്‍പോലും ബ്രെയ്കിങ്ങ് ന്യൂസ് ആയി പകല്‍മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. പക്ഷേ, പിറ്റെ ദിവസം പത്രം വായിക്കുമ്പോഴേ ഇതിന് ഇത്രയേ പ്രാധാന്യം ഉള്ളൂ എന്ന് ജനങ്ങള്‍ തിരിച്ചറിയുകയുള്ളൂ. അതേ സമയം ടെലിവിഷനിലെ കവറേജ് പലപ്പോഴും പത്രവാര്‍ത്തകളുടെ കവറേജിനെയും സ്വാധീനിക്കുന്നു. ഇതാണ് സംഭവിച്ചത് എന്ന് ചാനലുകള്‍ കൊട്ടിഘോഷിച്ചാല്‍ വിരുദ്ധമായി റിപ്പോര്‍ട്ട് എഴുതാന്‍ പത്രങ്ങള്‍ക്ക് കഴിയില്ല.
സര്‍ക്കുലേഷന്‍, ടാം റെയ്റ്റിങ്ങ്- ഇവയാണ് വിജയ മാനദണ്ഡങ്ങള്‍. സെന്‍സേഷനലിസം എന്ന് വിളിക്കപ്പെടുമോ എന്ന ആശങ്ക ഇപ്പോഴില്ല. പരമാവധി കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാവുന്ന രീതിയിലുള്ള വാര്‍ത്താവിഷയങ്ങള്‍ കണ്ടെത്തുക, അത്തരം രീതിയില്‍ എഴുതുക എന്നത് പൊതുതത്ത്വമായിട്ടുണ്ട്. വാര്‍ത്താപ്രാധാന്യത്തിന്റെ നിര്‍വചനങ്ങള്‍ മാറുകയായി. ഗൗരവമുള്ള സാമൂഹ്യ- രാഷ്ട്രീയസംഭവങ്ങളേക്കാള്‍ സിനിമാ, സ്‌പോര്‍ട്‌സ്, സെക്‌സ്, വയലന്‍സ്, ക്രൈം വാര്‍ത്തകള്‍ക്ക് പ്രാധാന്യം ലഭിക്കുന്നു. പത്രങ്ങളും ചാനലുകളും ഒക്കെ ഈ ദൂഷിതവലയത്തില്‍ വീണിരിക്കുന്നു. വായനക്കാര്‍ക്ക് ഇഷ്ടമുള്ള വിഭവമാണ് നല്‍കേണ്ടത് എന്ന് അംഗീകരിച്ചാല്‍ പിന്നെ ഇതേ വഴിയുള്ളൂ.
വാര്‍ത്തകള്‍ വിനോദമാകുന്നു, സംവാദങ്ങള്‍ ആകര്‍ഷകമായ ഏറ്റുമുട്ടലുകളാകുന്നു. സംവാദങ്ങളും ചര്‍ച്ചകളും പോലും സംഭവങ്ങളാക്കപ്പെടുന്നു. എന്തുപറഞ്ഞു എന്നതല്ല എങ്ങനെ പറഞ്ഞു എന്നത് പ്രധാനമായി. അഭിമുഖങ്ങള്‍ പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലിന്റെ രൂപഭാവങ്ങള്‍ സ്വീകരിക്കുന്നു. ചര്‍ച്ചകളും സംവാദങ്ങളും സംഘട്ടനങ്ങളുടെ അക്രമാസക്ത ഭാവം കൈവരിക്കുന്നു. ഇങ്ങനെയാണ് രാഷ് ട്രീയം ചര്‍ച്ച ചെയ്യേണ്ടത്, ഇതാണ് ജനാധിപത്യത്തിലെ സംവാദത്തിന്റെ സ്വഭാവം എന്ന തെറ്റായ സന്ദേശം പുതിയ തലമുറയിലും എത്തുന്നു. പ്രതീകാത്മകമായ നിസ്സാര സമരങ്ങളില്‍ പോലും പ്രകടനക്കാര്‍ കൃത്രിമമായി അക്രമാസക്തരാകുന്നു. ചാനല്‍ ക്യാമറകളെ ആകര്‍ഷിക്കാന്‍ ഇതേ വഴിയുള്ളൂ. ആളുകളെ കാണിക്കാന്‍ വേണ്ടിയുള്ള പ്രകടനക്കാരന്റെ അക്രമം ഏറുന്നു, കാണാതിരിക്കാന്‍ വേണ്ടി ക്രമസമാധാനപാലകന്‍ അക്രമം കുറക്കേണ്ടിയും വരുന്നു.
· മാധ്യമസംസ്‌കാരം ഉപഭോക്തൃസംസ്‌കാരമാകുന്നു. ആഗോളീകരണം സൃഷ്ടിച്ച അമിതോല്‍പ്പാദനം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ എന്തും ചെയ്‌തേ പറ്റൂ എന്ന സ്ഥിതി ഉണ്ടാക്കി. ദൃശ്യമാധ്യമങ്ങള്‍ പുതിയ തലമുറയില്‍ ഫാഷന്‍തരംഗം സൃഷ്ടിച്ചുകൊണ്ടിരി്ക്കുന്നു. വരുമാനത്തിന്റെ വലിയ പങ്ക് ഇന്ന് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനല്ല, ആര്‍ഭാടവസ്തുക്കള്‍ വാങ്ങാനാണ് ചെലവഴിക്കുന്നത്. മാധ്യമപരസ്യപ്രളയമാണ് ഈ അനിവാര്യത സൃഷ്ടിക്കുന്നത്.
· ആത്മഹത്യ, അഹിംസ, കണ്‍സ്യൂമര്‍ ആര്‍ത്തി, തുടങ്ങിയവക്ക് മാധ്യമം പ്രോത്സാഹനമാകുന്നു. ഉയര്‍ന്ന ജീവിത സൗകര്യങ്ങള്‍ നേടാനുള്ള ഔത്സുക്യം വഴിവിട്ട രീതികളിലേക്ക് പുതിയ തലമുറയെ തള്ളിവിടുന്നു. ദൈനംദിനജീവിതം മത്സരാധിഷ്ഠിതമാകുന്നു. കൂടുതല്‍ മാര്‍ക്കിന്, കൂടുതല്‍ മെച്ചപ്പെട്ട വിജയത്തിന്, പാഠ്യേതര രംഗത്തെ നേട്ടങ്ങള്‍ക്ക്, മെച്ചപ്പെട്ട പ്രൊഫഷനല്‍ കോളേജിലെ പ്രവേശനത്തിന്- ഇതിനെല്ലാം വേണ്ടിയുള്ള കഴുത്തറപ്പന്‍ മത്സരത്തെ പ്രോത്സാഹിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതും മാധ്യമറിപ്പോര്‍ട്ടിങ്ങ് ആകുന്നു. പരസ്യങ്ങളിലൂടെ മനസ്സുകളെ കീഴടക്കുന്നതും ഈ ചിന്ത തന്നെ.
കടക്കെണിയില്‍ പെട്ടും, അസാധ്യമായ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയാതെ മാനസികസമ്മര്‍ദ്ദങ്ങള്‍ കാരണവും ജീവനൊടുക്കുന്നവരുടെ എണ്ണം വര്‍ഷംതോറും കൂടിവരുന്നു.
· സര്‍ക്കുലേഷന്‍ വര്‍ദ്ധനയ്ക്കായി മാധ്യമങ്ങള്‍ സംഘടിത വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നു. – മതങ്ങള്‍, ജാതികള്‍, സംഘടിത ഗ്രൂപ്പുകള്‍ എന്നിവകളെ ഒട്ടും ചൊടിപ്പിക്കാതിരിക്കാനാണ് ശ്രദ്ധ
· ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം പ്രോത്സാഹിപ്പിക്കപ്പെടുന്നു. അവയുടെ വക്താക്കള്‍ മാധ്യമങ്ങളെ വിരല്‍ചൂണ്ടി നിയന്ത്രിക്കുന്നു. അന്ധവിശ്വാസങ്ങളിലേക്കുള്ള തിരിച്ചുപോക്ക് വ്യാപകമായി നടക്കുന്നു.
· മതം ആരാധന വിശ്വാസം ആഘോഷങ്ങള്‍ എന്നിവയെല്ലാം മുഖ്യ ഉള്ളടക്കമാകുന്നു. വില്പ്പനയ്ക്ക വേണ്ടി വിശ്വാസങ്ങളെ ഉപയോഗിക്കുന്നു
· മിതത്ത്വത്തില്‍ നിന്ന് ആര്‍ഭാടത്തിലേക്ക് കടക്കുന്ന ആത്മീയത. അത് മാധ്യമങ്ങളെയും ബാധിക്കുന്നു. വിശ്വാസങ്ങളെ ഒന്നടങ്കം, വേദങ്ങള്‍ പോലും വില്പനച്ചരക്കാക്കിയിരിക്കുന്നു.
· ഇന്‍ഷ്യൂറന്‍സ് പോലുള്ള സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കിയാണ് സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്.
വാര്‍ത്തയുടെ ആഴവും പരപ്പും വര്‍ദ്ധിപ്പിച്ചല്ല,
· ലാഭവര്‍ദ്ധനയ്ക്ക് വേണ്ടി ചെലവുകുറയ്ക്കുന്നു. ജീവനക്കാരുടെ- പത്രപ്രവര്‍ത്തകരുടെ- എണ്ണം കുറയ്ക്കുന്നു. പണ്ട് ചെയ്തതിനേക്കാള്‍ മൂന്നിരട്ടി ജോലി ഇപ്പോള്‍ ചെയ്യേണ്ടി വരുന്നു എന്നാണ് പാശ്ചാത്യനാടുകളില്‍ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍നടന്ന ഒരു പഠനം വ്യക്തമാക്കിയത്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമപ്രകാരമുള്ള വേജ്‌ബോര്‍ഡിന്റെ ശുപാര്‍ശ നടപ്പാക്കാന്‍ സുപ്രീംകോടതിയുടെ വിധി വേണ്ടിവന്നു. അതുപോലും നടപ്പാക്കാന്‍ കൂട്ടാക്കാത്ത പത്രമാനേജ്‌മെന്റുകള്‍ നിരവധിയാണ്. പത്രപ്രവര്‍ത്തകരുടെ എണ്ണം കുറയ്ക്കുന്നു, ഉള്ളവരെ കോണ്‍ട്രാക്റ്റ് തൊഴിലുകാരാക്കുന്നു. തൊഴില്‍ സുരക്ഷിതത്ത്വം പൂര്‍ണമായി ഇല്ലാതാക്കി മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സ്വതന്ത്രമനോഭാവം തന്നെ ഇല്ലാതാക്കുന്നു.
· മാധ്യമധാര്‍മികത തകരുന്നു
· ജനങ്ങളിലുള്ള വിശ്വാസ്യത തകരുന്നു
മാധ്യമരംഗത്തിന്റെ ഭാവിയെയും വര്‍ത്തമാനത്തെയും സംബന്ധിച്ച ചില സൂചനകള്‍ കൂടി ശ്രദ്ധയില്‍ പെടുത്തുകയാണ്.
മിക്ക രാജ്യങ്ങളിലും അച്ചടി മാധ്യമങ്ങളുടെ അസ്തമയമാണ് നടന്നുകൊണ്ടിരിക്കുന്നത്. സൂര്യന്‍ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു എന്ന് പറഞ്ഞതുപോലെ അച്ചടിമാധ്യമങ്ങള്‍ കിഴക്ക് ഉയരുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുകയാണ്.
അച്ചടിക്കുന്ന പത്രത്തേക്കാള്‍ ഡിജിറ്റല്‍ മീഡിയ ആണ് സൗകര്യ്ര്രപദം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പത്രക്കടലാസ് ഉണ്ടാക്കാന്‍ നശിപ്പിക്കപ്പെടേണ്ട മരങ്ങള്‍, അച്ചടിച്ച പത്രം വിദൂരങ്ങളിലെത്തിക്കാന്‍ വേണ്ടിവരുന്ന ബുദ്ധിമുട്ട്, വിതരണം ചെയ്യാനുള്ള പ്രയാസങ്ങള്‍ എല്ലാം മറികടക്കാന്‍ ഡിജിറ്റല്‍ മാധ്യമമാണ് മാര്‍ഗം. പത്രം അച്ചടിക്കുന്നതിന്റെ ഏതാണ്ട് 40 ശതമാനം ചെലവുകള്‍ കുറക്കാനുമാവും. എല്ലാവരുടെ കൈകളില്‍ സ്മാര്‍ട് ഫോണ്‍ ഉണ്ടാകുന്നതോടെ എവിടെനിന്നും ഏതുനേരത്തും വാര്‍ത്ത അറിയാംഎന്നുവരുന്നതോടെ അച്ചടിപ്പത്രത്തിന് ഒരു പ്രാധാന്യവുമില്ല എന്ന് വരുന്നു.
സമീപഭാവിയില്‍ പത്രങ്ങള്‍ അപ്രത്യക്ഷമാകും എന്ന് പല മാധ്യമനിരീക്ഷകരും പ്രവചിച്ചിട്ടുണ്ട്. ഫിലിപ് മെയര്‍ എന്ന മാധ്യമപണ്ഡിതന്‍ ദ വാനിഷിങ്ങ് ന്യൂസ്‌പേപ്പേഴ്‌സ് എന്ന പുസ്തകത്തില്‍ 2043 ഓടെ ലോകത്തെമ്പാടും പത്രങ്ങള്‍ ഇല്ലാതാവും എന്നാണ്് പ്രവചിച്ചത്. വികസിത രാജ്യങ്ങളില്‍ അച്ചടിക്കുന്ന ദിനപത്രം ഇല്ലാതാവും എന്ന് ഏതാണ്ട് തര്‍ക്കരഹിതമായിട്ടുണ്ട്. എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇപ്പോഴും സര്‍ക്കുലേഷന്‍ വര്‍ദ്ധിക്കുകയാണ്. കൂടുതല്‍ ആളുകള്‍ സാക്ഷരതയിലേക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് കാരണം. ഇത് എത്രകാലം തുടരും എന്ന് വ്യക്തമല്ല. ഒരുപാട് കാര്യങ്ങളില്‍ യൂറോപ്യന്‍ സാമൂഹ്യ സൂചകങ്ങള്‍ പ്രകടമാകുന്ന കേരളത്തിലാവാം ഒരുപക്ഷേ യൂറോപ്പിലേത് പോലെ പത്രങ്ങള്‍ ആദ്യം പിറകോട്ടടിക്കുക എന്ന് ഭയപ്പെടുന്നവരുണ്ട്.
വായനക്കാരന് അപ്പപ്പോള്‍ വാര്‍ത്തയെകുറിച്ച്, ലേഖനത്തെ കുറിച്ച്, രാഷ് ട്രീയ സംഭവത്തെകുറിച്ച് അഭിപ്രായം പറയാമെന്നത് വളരെ സ്വീകാര്യമാധ്യമാക്കുന്നു ഇന്റര്‍നെറ്റിനെ. അച്ചടിയില്‍ സ്ഥലപരിമിതി വലിയ പ്രശ്‌നമാകുമ്പോള്‍ ഇന്റര്‍നെറ്റില്‍ അത് പ്രശ്‌നമേ അല്ല. പത്രങ്ങളില്‍ ഒരു ദിവസം വായനക്കാരന്റെ അഞ്ചോ ആറോ കത്തുകള്‍ മാത്രം പ്രസിദ്ധീകരിക്കുമ്പോള്‍ ഇന്റര്‍നെറ്റില്‍ ഓരോ വാര്‍ത്തയോടുമുള്ള അസംഖ്യം പ്രതികരണങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ കഴിയുന്നു.
പത്രങ്ങള്‍ തീര്‍ത്തും ഇല്ലാതായേക്കുമെന്ന നില മാറിയിട്ടുണ്ട്. സ്മാര്‍ട് ഫോണുകളിലും ടാബുകളിലും മറ്റ് പുതിയ ഡിവൈസുകളിലും ഡിജിറ്റല്‍പത്രം എത്തിക്കാം എന്ന നില ഉണ്ടായിട്ടുണ്ട്. പത്രം ഇല്ലെങ്കിലും ജേണലിസം ഉണ്ടാകും ഭാവിയിലും എന്ന പ്രതീക്ഷ വര്‍ദ്ധിക്കുകയാണ്.
ജേണലിസംതന്നെ ഇല്ലാതാവുമോ ?
ജേണലിസത്തിന് ഭീഷണിയില്ല എന്നും കരുതിക്കൂടാ. വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ എത്തിക്കാന്‍ ജേണലിസ്റ്റുകള്‍ വേണ്ട. കൈവശം മൊബൈല്‍ ഫോണുള്ള ആര്‍ക്കും ഫോട്ടോകളും വാര്‍ത്തകളും എടുക്കാം അയക്കാം എന്ന സാങ്കേതിക സാധ്യത ഒരു പ്രൊഫഷന്‍ എന്ന നിലയില്‍ ജേണലിസത്തെ തകര്‍ക്കുകയില്ലേ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
സോഷ്യല്‍ മീഡിയ ആണ് വാര്‍ത്താ ്ര്രേസാതസ് എന്ന നില വന്നിരിക്കുന്നു. അറിയേണ്ട വാര്‍ത്തകള്‍ അതിലുണ്ട് എന്ന് നല്ലൊരു വിഭാഗം ആളുകള്‍ കരുതുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പത്രപ്രവര്‍ത്തകരെ ആശ്രയിച്ചിരുന്നതാണ് പ്രധാനമന്ത്രിമാര്‍. വിദേശയാത്രകളില്‍ പത്രപ്രവര്‍ത്തകരെ കൂടെക്കൂട്ടിയാണ് അവര്‍ യാത്ര ചെയ്യാറുള്ളത്. ഇപ്പോഴത്തെ പ്രധാനമന്ത്രി അത് വേണ്ട എന്നുവെച്ചിരിക്കുന്നു. ജനങ്ങളുമായി സംവദിക്കാന്‍ അവര്‍ക്ക് നവമാധ്യമസംവിധാനങ്ങള്‍ ധാരാളം മതിയാകും. ട്വിറ്ററില്‍ എഴുതുന്നത് പത്രങ്ങളിലും എത്തും, അതുവഴി ജനങ്ങളിലുമെത്തും. ഇങ്ങോട്ടുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാം എന്ന മെച്ചവുമുണ്ട്.
നവമാധ്യമങ്ങളും അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളും സിറ്റിസണ്‍സ് ജേണലിസവുമെല്ലാം ചേര്‍ന്നാണ്് ഭാവിയുടെ മാധ്യമത്തെ പുനര്‍സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും എന്തെല്ലാമാണ് ഉയരാന്‍ പോകുന്നത് എന്ന നമുക്ക് സങ്കല്‍പ്പിക്കാനേ കഴിയൂ. അനിശ്ചിതത്ത്വം നിറഞ്ഞതാണ്, പ്രവചനാതീതമാണ് ഭാവിയുടെ മാധ്യമം, ഇന്ന് കണ്ടതല്ല നാളെ കാണുക എന്നുമാത്രം പറയാം.
ആഗോളീകരണം സൃഷ്ടിച്ച പണത്തോടുള്ള അത്യാര്‍ത്തി മറ്റെല്ലാം മേഖലകളെയും ബാധിച്ചതുപോലെ മാധ്യമപ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട് എന്ന് ചുരുക്കത്തില്‍ പറയാം. കുടുതല്‍ ലാഭമുണ്ടാക്കുക, കൂടുതല്‍ പണമുണ്ടാക്കുക എന്നതാണ് എല്ലാ വ്യവസായങ്ങളുടെയും ഉദ്ദേശ്യം എന്ന് വന്നിരിക്കുന്നു. എല്ലാം വ്യവസായമാകുന്നു. പഴയ സേവനങ്ങള്‍ ഓരോന്നും വാണിജ്യവും വ്യവസായമായിക്കൊണ്ടിരിക്കുന്നു. അര നൂറ്റാണ്ട് മുമ്പ് ആരും മാധ്യമവ്യവസായം എന്ന് പറയാറില്ല. കോളേജ് നടത്തിപ്പുകാര്‍ വ്യാപാരി വ്യവസായി സംഘടനയില്‍ ചേരാന്‍ ഇനി അധികം താമസമുണ്ടാകില്ല. രാഷ്ട്രീയവും വൈദ്യശുശ്രൂഷയും സ്‌പോര്‍ട്‌സും ആത്മീയത പോലും പച്ചയായ കച്ചവടമായിക്കൊണ്ടിരിക്കുന്ന കാലമാണിത്.
( മൂവാറ്റുപുഴ നിര്‍മല കോളേജില്‍ യു.ജി.സി. സെമിനാറില്‍ 2014 സെപ്തംബര്‍ 25 ന് അവതരിപ്പിച്ച പ്രബന്ധത്തിന്റെ പൂര്‍ണരൂപം)