മാധ്യമ ഉപദേശങ്ങളുമായി ട്രായ് വീണ്ടും

എൻ.പി.രാജേന്ദ്രൻ

മാധ്യമ ഉടമസ്ഥത സംബന്ധിച്ച് ടെലിഫോണ്‍ റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI ) ആഗസ്തില്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ സ്വാഭാവികമായും മാധ്യമങ്ങളില്‍ ചര്‍ച്ചയും ഒരളവോളം വിവാദവുമായിരിക്കുകയാണ്. ആരും ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്. പൊന്നുരുക്കുന്നേടത്ത് പൂച്ചക്കെന്ത് കാര്യം എന്ന പോലെ മാധ്യമകാര്യങ്ങളില്‍ ടെലഫോണ്‍ അതോറിറ്റി എന്തിന് ഇടപെടുന്നു ? ന്യായമായ ചോദ്യം. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് ടെലഫോണും മാധ്യമങ്ങളുമായി ബന്ധമൊന്നുമില്ല. പക്ഷേ, മാധ്യമകാര്യങ്ങള്‍ നോക്കുന്ന ഇന്‍ഫര്‍മേഷന്‍  ആന്റ് ബ്രോഡ്കാസ്റ്റിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റ് തങ്ങളുടെ വിഷയങ്ങള്‍ പഠിക്കുന്നതിനുള്ള ഒരു സ്ഥാപനം കൂടിയായാണ് ട്രായിയെ കാണുന്നത്. വാര്‍ത്താപ്രക്ഷേപണ വകുപ്പിന് വേണ്ടി ട്രായ് ഇതിനുമുമ്പും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ച് 2009 ഫിബ്രുവരി 25 ട്രായ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഭരണതലത്തിലും മാധ്യമങ്ങളിലും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു- നടപടികള്‍ ഒന്നും ഉണ്ടായില്ലെങ്കിലും. ഇത്തവണയും ഇന്‍ഫര്‍മേഷന്‍ വകുപ്പ് നല്‍കിയ വ്യക്തമായ നിര്‍ദ്ദേശനത്തിന്റെ അടിസ്ഥാനത്തിലാണ് ട്രായ് ഈ പഠനം ഏറ്റെടുത്തതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും.

ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന നിലയില്‍ മാധ്യമങ്ങള്‍ ജനാധിപത്യത്തില്‍ വഹിക്കുന്ന നിര്‍ണായകമായ പങ്ക് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് 111 പേജുള്ള പുതിയ ട്രായ് റിപ്പോര്‍ട്ട് തുടങ്ങുന്നത്. മറ്റ് മൂന്ന് എസ്റ്റേറ്റുകള്‍ പോലെ മാധ്യമങ്ങളും പൊതുസ്ഥാപനങ്ങളാണ്. അഭിപ്രായ സ്വാതന്ത്ര്യമില്ലാതെ ജനാധിപത്യമില്ല. മാധ്യമങ്ങളുടെ അടിത്തറ അഭിപ്രായപ്രകടനസ്വാതന്ത്ര്യമാണ്. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം എന്നതാണ് ഫോര്‍ത്ത് എസ്റ്റേറ്റിന്റെ സ്ഥാപന ലക്ഷ്യവും അതിന്റെ നിലനില്‍പ്പിനുള്ള ന്യായീകരണവും ജനങ്ങളുമായി അവര്‍ക്കുള്ള അലിഖിത കരാറിന്റെ അടിസ്ഥാനവും. അതുകൊണ്ട് തന്നെ മറ്റ് സ്വകാര്യവ്യവസായങ്ങളൈ കാണുന്നതുപോലെ മാധ്യമങ്ങളെ കണ്ടുകൂടാ. മറ്റെല്ലാ സ്വകാര്യവ്യവസായത്തിനും ലാഭമുണ്ടാക്കുക എന്നതാണ് മുഖ്യദൗത്യം.  മാധ്യമങ്ങള്‍ അങ്ങനെ ആയിക്കൂടെന്നതാണ് ജനാധിപത്യം ആവശ്യപ്പെടുന്നത്. മാധ്യമങ്ങളില്‍ എന്തുനടക്കുന്നു എന്നത് മാധ്യമങ്ങളെ മാത്രം ബാധിക്കുന്ന കാര്യമല്ല. അത് പൊതുസമൂഹത്തെ ബാധിക്കുന്നു.

ഇതെല്ലാം സത്യം സത്യം സത്യം. പക്ഷേ, ഈ സത്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള നിയമനടപടികളെപ്പറ്റി ചര്‍ച്ച ചെയ്തുതുടങ്ങിയാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്ന് മനസ്സിലാവും. കോര്‍പ്പറേറ്റുകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, മതസംഘടനകള്‍ തുടങ്ങിയവ മാധ്യമരംഗത്ത് വരുമ്പോള്‍ സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം അസാധ്യമാവും എന്നതാണ് ട്രായ് പഠനത്തിന്റെ ഒരു പ്രധാന നിഗമനം. ലാഭത്തിന് വേണ്ടിയാണ് കോര്‍പ്പറേറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്, തങ്ങളുടെ പ്രചാരണം മാത്രമാണ് രാഷ്ട്രീയപത്രങ്ങളുടെ ഉദ്ദേശ്യം. ഈ കൂട്ടരെ മാറ്റിനിര്‍ത്തിയാലേ സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം സാധ്യമാവൂ- ട്രായ് കരുതുന്നു.

പറയുന്നത് പോലെ അത്ര ലളിതമല്ല കാര്യങ്ങള്‍ എന്ന് മാധ്യമമേഖലയെ നിരീക്ഷിച്ചിട്ടുള്ളവര്‍ക്കെല്ലാം അറിയാം. ലോകമെങ്ങും ആഗോള കോര്‍പ്പറേറ്റുകളാണ് മാധ്യമങ്ങളുടെ മേല്‍ പിടിമുറുക്കിയിട്ടുള്ളത്. ഇന്ത്യയിലേക്കും  അവ കടന്നുവരികയായി. ഇവിടത്തെ വന്‍കിട മാധ്യമങ്ങളുമായി കൂട്ടുചേര്‍ന്നാണ് അവ പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ഉണ്ടാകാന്‍ പോകുന്ന വ്യവസ്ഥയനുസരിച്ച്  ഒരു വിഭാഗത്തിന് 51 ശതമാനം ഉടമസ്ഥത ഉള്ള സ്ഥാപനത്തില്‍മാത്രമേ വിദേശ ഓഹരി അനുവദിക്കുകയുള്ളൂ. ആ വ്യവസ്ഥതന്നെ ട്രായ് ശുപാര്‍ശയെ അപ്രസക്തമാക്കും.
കോര്‍പ്പറേറ്റുകള്‍ പൂര്‍ണമായി മാറിനിന്നാല്‍ ആരാണ് മാധ്യമരംഗത്ത് മൂലധനം നിക്ഷേപിക്കുക എന്ന ചോദ്യവുമുണ്ട്. ട്രായ് ശുപാര്‍ശ പെട്ടെന്ന് നടപ്പാക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഇന്ത്യയിലെ പകുതി മാധ്യമസ്ഥാപനങ്ങള്‍ ഉടന്‍ അടക്കേണ്ടി വരും. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് അനുഗുണമാണോ ? മഹത്തായ ഒരു തത്ത്വത്തിന്റെ പിന്‍ബലം ഉണ്ട് എന്നതുകൊണ്ട് മാത്രം ഒരു നിര്‍ദ്ദേശം ശരിയോ പ്രായോഗികമോ ആവണമെന്നില്ലല്ലോ. സത്യസന്ധമായ വാര്‍ത്ത തരില്ല എന്ന മുന്‍വിധിയോടെ ഇന്നയിന്ന കൂട്ടര്‍ മാധ്യമസ്ഥാപനം നടത്തിക്കൂടാ എന്ന് വ്യവസ്ഥ ചെയ്യുന്നത് ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യങ്ങള്‍ക്ക് കടകവിരുദ്ധമാകില്ലേ ? അഭിപ്രായ പ്രകടനത്തിനുള്ള ഭരണഘടനാവകാശം മാത്രമല്ലേ നമ്മുടെ പത്രസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം ? അതെങ്ങനെ പാര്‍ട്ടികള്‍ക്കും മതങ്ങള്‍ക്കും നിഷേധിക്കും ?  ട്രായ് റിപ്പോര്‍ട്ടിലെ നിരവധി നിര്‍ദ്ദേശങ്ങള്‍ ഈ രീതിയില്‍  മറുചോദ്യങ്ങള്‍ ഉന്നയിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ളവയാണ്. അത്തരം നിര്‍ദ്ദേശങ്ങളുടെ ഭരണഘടനാസാധുതയും പ്രായോഗികതയും സംശയാസ്പദമാണ്.

എല്ലാ നിര്‍ദ്ദേശങ്ങളും അങ്ങനെ ആണെന്നല്ല.  പല നിര്‍ദ്ദേശങ്ങളും വളരെ പ്രസക്തവും അതിപ്രധാനങ്ങളുമാണ്. വാര്‍ത്തയും മാധ്യമവും മറ്റേതൊരു ഉല്‍പ്പന്നവും പോലെ കരുതിയാല്‍ മതിയെന്ന പുതിയ കാല കോര്‍പ്പറേറ്റ് ന്യായീകരണത്തെ ട്രായ് എന്നല്ല ഏത് ചെകുത്താന്‍ ചോദ്യം ചെയ്താലും  ജനാധിപത്യരാജ്യത്തിലെ പൗരബോധമുള്ള ഏതൊരാളും ചെകുത്താനോടൊപ്പം നില്‍ക്കുമെന്ന് ഉറപ്പാണ്. കോര്‍പ്പറേറ്റ് ധാര്‍ഷ്ട്യം അത്രത്തോളം അസഹ്യമായിത്തീരുന്നുണ്ടെന്നത് സത്യം.

വാര്‍ത്താപ്രക്ഷേപണ വകുപ്പ് നിര്‍ദ്ദേശിച്ചു എന്നതുകൊണ്ടുമാത്രം മാധ്യമമേഖലയെ  കുറിച്ച് പഠിക്കാന്‍ പ്രാപ്തമായ ഒരു സ്ഥാപനമാണ് ട്രായ് എന്ന് വരുന്നില്ല. പ്രസ് കൗണ്‍സില്‍ പോല ഒരു മാധ്യമ തിങ്ക്ടാങ്ക് സ്ഥാപനമല്ല ട്രായ്. പെയ്ഡ് ന്യൂസും പ്രൈവറ്റ് ട്രീറ്റികളും കുത്തകവല്‍ക്കരണവും  കോര്‍പ്പറേറ്റ് സ്വാധീനവും മാധ്യമധാര്‍മികതയുടെ തകര്‍ച്ചയും ഉള്‍പ്പെടെ ഒട്ടേറെ അതി പ്രധാന പ്രശ്‌നങ്ങള്‍ ട്രായ് എടുത്തുകാട്ടിയിട്ടുണ്ടെങ്കിലും മാധ്യമമേഖലയുടെ പ്രവര്‍ത്തനരീതികളെക്കുറിച്ചും നമ്മുടെ ഭരണഘടനാപരവും നിയമപരവുമായ പരിമിതകളെക്കുറിച്ചും ഉള്ള ധാരണക്കുറവ് റിപ്പോര്‍ട്ടില്‍ മുഴച്ചുനില്‍ക്കുന്നുണ്ട്.

റിപ്പോര്‍ട്ട് പരിഗണനക്കെടുക്കുന്ന സര്‍ക്കാര്‍ (പരിഗണിക്കണമെന്നില്ല. ഇങ്ങനെ എത്ര റിപ്പോര്‍ട്ടുകള്‍ ഫയലില്‍ കിടക്കുന്നു!) മാധ്യമരംഗത്തെ കുറിച്ച് സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പഴയ പ്രസ്  കമ്മീഷന്റെ മാതൃകയില്‍ ഒരു സ്ഥാപനത്തെ നിയോഗിക്കുകയാണ് വേണ്ടത്. മാധ്യമം എന്നത് മറ്റേതൊരു വ്യവസായവും പോലെ ഒന്നല്ല എന്നതും അതൊരു പൊതുസ്ഥാപനമാണ് എന്നതും ആവണം ആ പഠനത്തിന്റെ  പ്രേരകഘടകം. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിന് ആധാരമായ നിയന്ത്രണസംവിധാനങ്ങള്‍ പത്രസ്വാതന്ത്ര്യം ഹനിക്കാതെ എങ്ങനെ നടപ്പില്‍വരുത്താം എന്ന് ആ കമ്മീഷന്‍ പരിഗണിക്കണം. മാധ്യമപ്രവര്‍ത്തനം ഒരു പ്രൊഫഷന്‍ ആണ് എന്നതും പ്രൊഫഷനല്‍ ഓട്ടോണമി ഉറപ്പുവരുത്തുന്ന ആഭ്യന്തരസംവിധാനം ഓരോ മാധ്യമസ്ഥാപനത്തിലും ഉണ്ടാവണം എന്നതും മുന്നില്‍കണ്ട് അതുറപ്പ് വരുത്തുന്നതിനുള്ള വ്യവസ്ഥകള്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കണം. എല്ലാറ്റിനുമുപരി, എല്ലാ പൊതുസ്ഥാപനങ്ങളുടെ കാര്യത്തിലുമുള്ളതുപോലുള്ള സുതാര്യത മാധ്യമാസ്ഥാപനങ്ങളുടെ നടത്തിപ്പിലും ഉണ്ടാവണം. ഉടമസ്ഥത, വരവുചെലവുകള്‍, വേതന സേവന വ്യവസ്ഥകള്‍, മൂലധന ബന്ധങ്ങള്‍, എഡിറ്റോറിയ്ല്‍ നടത്തിപ്പ് സംബന്ധമായ വ്യവസ്ഥകള്‍, സ്ഥാപനത്തിന്റെ ഉടമസ്ഥരെയും ജേണലിസ്റ്റുകളെയും സംബന്ധിച്ച കോഡ് ഓഫ് എത്തിക്‌സ്/ കോണ്ടക്റ്റ് തുടങ്ങിയവയെല്ലാം പൊതുജനത്തിന് ലഭ്യമായിരിക്കണം. ഇക്കാര്യവും നിര്ദ്ദിഷ്ട കമ്മീഷന്‍  പഠിക്കണം.

പത്രവും ടെലിവിഷനുമാണ് മാധ്യമം എന്നൊരു ചിന്താപരമായ പരിമിതി ഈ വിഷയം കൈകാര്യം ചെയ്യുന്നവരെയെല്ലാം ബാധിക്കുന്നുണ്ട്. മാധ്യമം എന്നത് പത്രം അല്ലാതായിക്കഴിഞ്ഞു പല രാജ്യങ്ങളിലും. ടെലിവിഷന്‍ പോലും പിറകോട്ട് തള്ളപ്പെടുന്നു. സോഷ്യല്‍ മീഡിയ അത്രയേറെ മുന്നിലെത്തുകയാണ്. പോക്കറ്റിലെ ഫോണ്‍ മതി എല്ലാറ്റിനും. ഇതൊന്നും കാണാതെ നാളത്തെ മാധ്യമത്തെകുറിച്ചും നിയമനിര്‍മാണത്തെക്കുറിച്ചും പഠിക്കാനും പഠിപ്പിക്കാനും ശ്രമിക്കുന്നത് വെറുംനേരംപോക്ക് മാത്രമായിത്തീരും. അതും നാം മറന്നുകൂടാ.

(മീഡിയ മുഖപ്രസംഗം സെപ്തംബര്‍ 2014)

Leave a Reply

Your email address will not be published. Required fields are marked *

Go Top