പത്രം എക്കാലവും നിലനില്‍ക്കണമെന്ന് ധാരാളമാളുകള്‍ അതിയായി ആഗ്രഹിക്കുന്നുണ്ടാവുമെങ്കിലും പത്രമില്ലാത്ത ഒരു ലോകം നാളെ ഉണ്ടായിക്കൂടെന്നില്ല. ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും ഇല്ലാത്ത കാലം ഉണ്ടാവുമെന്ന് ആരും ആഗ്രഹിക്കുന്നുമില്ല, അങ്ങനെ പ്രവചിക്കുന്നുമില്ല. സാങ്കേതികവിദ്യയുടെ നിര്‍മിതിയായ ആ മാധ്യമത്തിനു നൂറുകുറ്റങ്ങളുണ്ടെങ്കിലും അതു നിലനില്‍ക്കം. കാരണം, അതിന് കുറ്റങ്ങള്‍ മാത്രമല്ല, ഒരുപാടൊരു പാട് സൗകര്യങ്ങളും സാധ്യതകളും സവിശേഷതകളുമുണ്ട് എന്നതുതന്നെ.
ഇംഗ്‌ളണ്ടില്‍, അച്ചടിപ്പത്രം ഉണ്ടായ കാലം മുതല്‍തന്നെ സെന്‍സറിങ്ങ് ഉണ്ടായിരുന്നല്ലോ. പത്രപ്രവര്‍ത്തകര്‍ക്ക് പാര്‍ലമെന്റില്‍ പ്രവേശനമില്ലാത്ത കാലവും ഉണ്ടായിരുന്നു. സെന്‍സര്‍ഷിപ്പ് ഇല്ലാതെ ഇനി ആര്‍ക്കും വാര്‍ത്ത അച്ചടിക്കാം എന്ന തീരുമാനത്തോടുള്ള ചിലരുടെ പ്രതികരണത്തെക്കുറിച്ച് കേട്ടാല്‍ ഇന്ന് നാം ചിരിക്കും. ആര്‍ക്കും എന്തും എഴുതാം, പ്രചരിപ്പിക്കാം എന്നുവരുന്നത് അത്യപകടകരമാവും, അതനുവദിക്കരുതെന്നായിരുന്നു പലരുടെയും പ്രതികരണം. ചില പത്രാധിപന്മാര്‍പോലും അങ്ങനെ കരുതിയിരുന്നു. പക്ഷേ, പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം പത്രങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും വലിയ ഉത്തേജനം നല്‍കിയത് ഈ തീരുമാനമായിരുന്നു. വല്ലപ്പോഴും ഒരു പത്രം എന്ന നിലമാറി ആഴ്ചയില്‍ മൂന്നു ദിവസം പത്രം തുടങ്ങിയത് 1695 മെയ് 17-നാണ്. തുടര്‍ന്നു തുരുതുരാ പത്രങ്ങള്‍ ഇറങ്ങി. വൈകാതെ 1702 മാര്‍ച്ച് 11ന് ആദ്യത്തെ ദിനപത്രം-ഡെയ്‌ലി കൗറാന്റ്-പുറത്തിറങ്ങി. മാധ്യമചരിത്രത്തിലെ വലിയൊരു വിപ്ലവമായിരുന്നു അത്. ഹെന്റി വിഖാം സ്റ്റീഡ് എഴുതി 1938-ല്‍ പ്രസിദ്ധപ്പെടുത്തിയ ദ് പ്രസ് എന്ന പത്രചരിത്ര കൃതിയില്‍ ഈ കഥ വിവരിക്കുന്നുണ്ട്. മലയാളത്തിലെ ആദ്യദിനപത്രം പ്രസിദ്ധീകരിച്ചത് പിന്നെയും രണ്ടേകാല്‍ നൂറ്റാണ്ടിനു ശേഷമാണെന്ന് ഓര്‍ക്കണം. (ദീപിക 1927-ലും മലയാള മനോരമ 1928-ലും മാതൃഭൂമി 1930-ലുമാണ് ദിനപത്രമായത്).
എട്ടൊന്‍പത് പതിറ്റാണ്ട് മുന്നോട്ടുപോയാണ് സാമൂഹികമാധ്യമം എന്ന സാങ്കേതികവിദ്യ രൂപം കൊള്ളുന്നത്. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് വിവരവിനിമയം നടത്തുന്ന കത്തുകളും ടെലഗ്രാമുകളും ഫോണുകളും പോലെ ഒരാളില്‍നിന്ന് പലരിലേക്ക് വിവരവിനിമയം നടത്തുന്ന സംവിധാനങ്ങളാണല്ലോ പത്രങ്ങളും റേഡിയോവും ടെലിവിഷനുമൊക്കെ. ഇന്റര്‍നെറ്റ് അത് അനന്തമായി വിപുലപ്പെടുത്തി. ഉള്ളടക്കം എന്ത് എന്നു നോക്കുക പോലും ചെയ്യാതെ മിന്നല്‍വേഗത്തില്‍ ഭൂഗോളത്തിലെവിടെയും ആര്‍ക്കും എത്തിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ. അതും വലിയ വിപ്ലവമായി. അവര്‍ സ്വന്തമായി ഒരു ലേഖനം പോലും എഴുതുന്നില്ല, എഴുതിക്കുന്നുമില്ല. സക്കര്‍ബര്‍ഗ് ഒന്നിന്റെയും ചീഫ് എഡിറ്ററല്ല. ആ സ്ഥാപനത്തില്‍ എഡിറ്റിങ്ങേ ഇല്ല. സാമൂഹികമാധ്യമം വാസ്തവത്തില്‍ ഒരു ചുമരു മാത്രമാണ്. ആര്‍ക്കും എന്തും എഴുതാവുന്ന ചുമര്‍. ഒരു ചുമരല്ല, കോടിക്കോടി ചുമരുകളാണ്.
അതിവിപുലമായ ഈ ജനകീയത അതിന്റേതായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടല്ലോ. കോടിക്കണക്കിനാളുകള്‍ കോടിക്കണക്കിന് ആളുകളിലേക്ക് വിവരവും വിവരക്കേടും സത്യവും അസത്യയും വിശ്വാസവും അന്ധവിശ്വാസവും അതിബുദ്ധിയും ബുദ്ധിശൂന്യതയും എത്തിച്ചുകൊണ്ടേ ഇരിക്കുകയാണല്ലോ. ഇതിന്റെ സൗകര്യങ്ങള്‍ പൂര്‍ണമായി ഉപയോഗിക്കുമ്പോള്‍തന്നെ ഇതിന്റെ അപകടവശങ്ങള്‍ നിരന്തരം നിരീക്ഷിക്കുകയും പഠിക്കുകയും ഇതിന്റെ ഉപയോക്താക്കളെ ബോധവല്‍ക്കരിക്കുകയും ചെയ്യേണ്ടതുണ്ട്്് എന്നാണ് ഇന്ന് സാമൂഹിക മാധ്യമങ്ങെ നിരീക്ഷിക്കുന്നവര്‍ കരുതുന്നത്. അച്ചടിച്ചിറക്കുന്നതില്‍ തെറ്റുവരാതിരിക്കാന്‍ പരമ്പരാഗത മാധ്യമങ്ങളില്‍ അതിവിപുലമായ സംവിധാനങ്ങളുണ്ട്. ഒരുപാട് പണം അതിനായി ചെലവഴിക്കുന്നുണ്ട്. എന്നിട്ടും അതില്‍ തെറ്റുകളും കുറ്റങ്ങളും വിവരക്കേടുകളും ബോധപൂര്‍വമായ വ്യാജവാര്‍ത്തകളും ഉണ്ടാകുന്നു. അപ്പോള്‍, തെറ്റുവരാതിരിക്കാന്‍ ഒരു മുന്‍കരുതലുമില്ലാത്ത സാമൂഹിക മാധ്യമത്തിന്റെ അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളൂ. ആ മാധ്യമത്തെ ആഘോഷിക്കുന്നവര്‍ ഇത് മറക്കുന്നു. അച്ചടിച്ചുവരുന്ന എന്തും വിശ്വസിച്ചിരുന്ന വലിയ അറിവില്ലാത്തവര്‍ പണ്ടുണ്ടായിരുന്നു. ഇന്റര്‍നെറ്റിലും മൊബൈല്‍ ഫോണിലും വരുന്ന എന്തും ശരിയെന്നു വിശ്വസിക്കുന്ന ‘വലിയ അറിവുള്ളവര്‍’ ചെറിയ പ്രശ്‌നമൊന്നുമല്ല ലോകത്ത് ഇന്നുണ്ടാക്കുന്നത്.
അപാര സ്വാതന്ത്ര്യം
അതിരില്ലാത്ത അഭിപ്രായസ്വാതന്ത്ര്യത്തിന്റെ നവലോകമാണ്്് സാമൂഹികമാധ്യമം. ഏതാനും വര്‍ഷം മുന്‍പ് മാത്രം എഴുതുകയോ പറയുകയോ ചെയ്താല്‍ ജീവഹാനി വരെ ഉണ്ടാകുമായിരുന്ന കാര്യങ്ങള്‍ ഇന്ന് ആയിരക്കണക്കിനാളുകള്‍ പങ്കാളികളാകുന്ന നവസംവിധാനങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്നു. ക്ലബ്ഹൗസില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്ത വിഷയം വല്ലതുമുണ്ടോ? ചിലതു എഴുതിയതിനു ചില ഭരണാധികാരികള്‍ ചിലരെ കൊല്ലാന്‍ കല്പന കൊടുത്തത് ഓര്‍ക്കുന്നു. ഇതുവരെ കൊന്നിട്ടില്ല. ഇന്നായിരുന്നെങ്കില്‍ എത്രപേരെ കൊല്ലാന്‍ ഉത്തരവ് കൊടുക്കേണ്ടി വരുമായിരുന്നു! ഈ അവസ്ഥ മനുഷ്യരെ കൂടുതല്‍ അസംസ്‌കൃതരാക്കുകയാണോ ചെയ്തത്? വിശ്വാസികളും മതംവിട്ടവരും ഒരു നവമാധ്യമ വേദിയില്‍ പരമാവധി വിവേകപൂര്‍വം തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും പരസ്പരം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതും കാണുമ്പോള്‍ ആശ്വാസം തോന്നാറുണ്ട്. ഇപ്പോള്‍ ബുദ്ധിയുള്ളവരാരും ഏതെങ്കിലും പുസ്തകം നിരോധിക്കാന്‍ ശബ്ദമുയര്‍ത്താറില്ല. നിരോധിച്ചാല്‍ ആ പുസ്തകമാവും ഇന്റര്‍നെറ്റില്‍ കൂടുതല്‍ ആളുകള്‍ തിരഞ്ഞുവായിക്കുക. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പാരമ്യം തന്നെ.
പരമ്പരാഗത മാധ്യമങ്ങളെ സാമൂഹിക മാധ്യമങ്ങളുടെ വരവ് എങ്ങനെ ബാധിച്ചു എന്നത് ഗൗരവമുള്ള വിഷയമാണ്. ലോകവ്യാപകമായി അച്ചടി പ്രസിദ്ധീകരണങ്ങളുടെ പ്രചാരം ചുരുങ്ങുന്നു എന്നത് വാര്‍ത്തയല്ലാതായിട്ടുണ്ട്. എങ്കിലും അതിന്റെ ഗൗരവം സംബന്ധിച്ച പഠനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ഉദാഹരണമായി, അമേരിക്കയിലെ ആനുകാലികപ്രസിദ്ധീകരണങ്ങളുടെ പ്രചാരവീഴ്ച സംബന്ധിച്ച ചില കണക്കുകള്‍ പ്രശസ്തമായ പ്യൂ റിസര്‍ച്ച്് ഇന്‍സ്റ്റിറ്റ്യൂട്ട്് ഈയിടെ പ്രസിദ്ധപ്പെടുത്തിയിരുന്നു. 2020-ല്‍ അമേരിക്കയില്‍ വിറ്റത്് 2.43 കോടി പത്രങ്ങളാണ്. അറുപത് വര്‍ഷം മുന്‍പ് 1940-ല്‍ വിറ്റതാവട്ടെ 4.11 കോടി പത്രങ്ങളും. ആനുകാലികങ്ങളുടെയും മറ്റും പതനം ഇതിനേക്കാള്‍ കൂടിയ തോതിലാണ്. ഇ പേപ്പറുകളുടെ പ്രചാരം ചില സ്ഥാപനങ്ങളില്‍ പത്രങ്ങളുടെ അച്ചടിയിയുടെ കുറവുണ്ടാക്കിയ ദോഷങ്ങളെ മറികടക്കുന്നുണ്ട്. പക്ഷേ, പൊതുവെ സ്ഥിതി അതല്ല. പത്രവില്പന കുറയുന്ന പ്രവണത എല്ലാ രാജ്യങ്ങളിലുമുണ്ട്. അമേരിക്കയിലാവട്ടെ വലിയ ഭൂപ്രദേശങ്ങളില്‍ ഒരു പത്രം പോലും ഇല്ലാതാകുന്നുമുണ്ട്. ഇത്തരം പ്രദേശങ്ങളെ ന്യൂസ് ഡസേര്‍ട്‌സ് -വാര്‍ത്താമരുഭൂമികള്‍- എന്നവര്‍ വിളിക്കുന്നു. 2000-2010 കാലത്ത് ഇങ്ങനെ 1300 പ്രദേശങ്ങള്‍ വാത്താമരുഭൂമികളായി മാറിയതായി ഒരു സര്‍വെയില്‍ കണ്ടെത്തി. ഇതിനും പുറമെ പത്രങ്ങളെല്ലാം അടച്ചുപൂട്ടപ്പെട്ട പട്ടണങ്ങളില്‍ പഴയ ഏതെങ്കിലും വലിയ പത്രത്തിന്റെ ചെറിയ എഡിഷന്‍ നിഴല്‍പോലെ പ്രവര്‍ത്തിക്കുന്ന അവസ്ഥയും ഉണ്ടെന്ന് യു.എസ് മാധ്യമനിരീക്ഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അച്ചടി കുറഞ്ഞുകുറഞ്ഞ് 2043 ആവുമ്പോഴേക്ക് ലോകത്തിലെ അവസാനത്തെ പത്രവും അച്ചടി നിര്‍ത്തുമെന്നു പ്രവചിച്ചത് മാധ്യമപണ്ഡിതനായ ഫിലിപ്പ് മെയര്‍ ‘ദ് വാനിഷിങ് ന്യൂസ്‌പേപ്പേഴ്‌സ്’ എന്ന കൃതിയിലാണ്. 2009-ല്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പല രാജ്യങ്ങളിലും പത്രം ഇല്ലാതാകുന്ന വര്‍ഷംകൂടി ചേര്‍ത്തിരുന്നു. അമേരിക്കയില്‍ 2017-ലും ബ്രിട്ടനില്‍ 2019-ലും കനഡയില്‍ 2020-ലും ആസ്‌ട്രേലിയയില്‍ 2022-ലും അച്ചടിച്ച പത്രം അപ്രത്യക്ഷമാകുമെന്നായിരുന്നു ആ പ്രവചനം. അതൊന്നും സംഭവിച്ചില്ല. എല്ലായിടത്തും പത്രങ്ങള്‍ ദുര്‍ബലമായി എന്നതു മാത്രമാണ് സത്യം. പത്രങ്ങള്‍ അതിദുര്‍ബലമാകുമെങ്കിലും പൂര്‍ണമായി ഇല്ലാതാവില്ല എന്നാണ് ഇപ്പോഴത്തെ നിഗമനം.
സമൂഹത്തോടും ജനാധിപത്യ സംവിധാനങ്ങളോടും ഉത്തരവാദിത്തം പുലര്‍ത്തുന്ന മാധ്യമസംവിധാനത്തിനു പകരമായി, ആര്‍ക്കും ഒരു നിയന്ത്രണവും ആരോടും ഒരു ഉത്തരവാദിത്തവും ഇല്ലാത്ത പുത്തന്‍ സാമൂഹികമാധ്യമങ്ങള്‍ ശക്തിപ്പെടുന്നത് ജനാധിപത്യത്തെ ഹനിക്കുകയല്ല ശക്തിപ്പെടുത്തുകയാണ് ചെയ്യുക എന്നാണ് തുടക്കത്തില്‍ മാധ്യമനിരീക്ഷകരും കരുതിയിരുന്നത്. പരസ്യ-പ്രചാര താല്പര്യങ്ങള്‍ സാമൂഹികമാധ്യമത്തിനില്ലല്ലോ എന്ന് ആശ്വസിക്കുകയും ചെയ്തിരുന്നു. പക്ഷേ, അതല്ല ഇപ്പോഴത്തെ അവസ്ഥ. സാമൂഹികമാധ്യമം ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികളെക്കുറിച്ചും ഭീഷണികളെക്കുറിച്ചും ഗൗരവമേറിയ ചര്‍ച്ച ലോകവ്യാപകമായി നടക്കുന്നുണ്ട്. പത്രപ്രവര്‍ത്തനമെന്ന തൊഴില്‍ ചെയ്യുന്നവര്‍ ആ പ്രൊഫഷന് ആവശ്യമായ സാങ്കേതികജ്ഞാനവും കഴിവും ആര്‍ജിച്ചവരാണെന്ന യാഥാര്‍ത്ഥ്യം വിസ്്മരിച്ച്, ആര്‍ക്കും ചെയ്യാവുന്ന പണിയാണിത് എന്ന ധാരണ ചിലര്‍ സൃഷ്ടിച്ചിരുന്നു. സിറ്റസണ്‍ ജേണലിസ്റ്റ് എന്നൊരു വിഭാഗം ഉടലെടുക്കുകയുണ്ടായി. അത് അത്രയൊന്നും ജീവന്‍വെച്ചില്ല. ആര്‍ക്കും കോടതിയില്‍ വാദിക്കാം എന്നു തത്ത്വത്തില്‍ പറയാമെങ്കിലും സിറ്റിസണ്‍ അഡ്വക്കറ്റുമാര്‍ ഉണ്ടാകാത്തതുപോലെ, സിറ്റിസണ്‍ അധ്യാപകരും സിറ്റിസണ്‍ ഡോക്റ്റര്‍മാരും ഉണ്ടാകാത്തതുപോലെ അമച്വര്‍ .ജേണലിസത്തിനും നിലനില്‍പ്പില്ല എന്ന് ലോകത്തിനു ബോധ്യമായി വരികയാണ്. എന്നാല്‍ ഇതു സാമൂഹിക മാധ്യമത്തെ ഒട്ടും അപ്രസക്തമാക്കുന്നില്ല. ഏതൊരാള്‍ക്കും എന്തും എത്രയും എഴുതാം പറയാം എന്നത് സാമൂഹിക മാധ്യമത്തെ അജയ്യമാക്കുന്നു.
ഓമിഡിയര്‍ ഓര്‍മിപ്പിക്കുന്നത്
സാമൂഹികമാധ്യമം ഏതു രീതിയിലാണ് ജനാധിപത്യത്തിനു ഭീഷണിയാകുന്നത് എന്ന്ു പലരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രമുഖ ചിന്തകനും ഇബെ സ്ഥാപകനും മനുഷ്യസ്‌നേഹിയും മാധ്യമപ്രവര്‍ത്തകനുമെല്ലാമായ പ്യുറെ ഓമിഡിയര്‍, മനുഷ്യരെ ഒപ്പംനിര്‍ത്തുമെന്നു തോന്നിപ്പിച്ചെങ്കിലും കുറഞ്ഞകാലം കൊണ്ട് ഈ മാധ്യമം മനുഷ്യരാശിയെ കീറിയെറിയുകയാണ് ചെയ്തത് എന്ന് വിവരിക്കുന്നു. ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന നിലയിലേക്ക് അതു വളരുകയാണ്. ഗൗരവമേറിയ സാമൂഹിക വിഷയങ്ങളില്‍ മനുഷ്യരെ ഭിന്നിപ്പിക്കുകയാണത് ചെയ്യുന്നത്. അടുത്തായി അദ്ദേഹം നേതൃത്വം നല്‍കുന്ന രണ്ട് സ്ഥാപനങ്ങള്‍-ഡമോക്രസി ഫണ്ടും ഓമിഡിയാര്‍ ഫണ്ടും- ചേര്‍ന്ന് സാമൂഹികമാധ്യമങ്ങള്‍ ജനാധിപത്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന വിഷയത്തില്‍ വിശദമായ പഠനം നടത്തി. പ്രധാന നിഗമനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത് ഇങ്ങനെ-
1. ഏകപക്ഷീയമായ വിവരങ്ങളും അഭിപ്രായങ്ങളും നല്‍കി ആരോഗ്യകരമായ സംവാദംതന്നെ പല മേഖലകളിലും ഇല്ലാതാക്കുന്നു.
2. ഭരണകൂടവും സ്വകാര്യസ്ഥാപനങ്ങളും സൃഷ്ടിച്ചുവിടുന്ന വ്യാജവാര്‍ത്തകളെ, ശരിയായ അറിവെന്ന മട്ടില്‍ പ്രചരിപ്പിക്കുക വഴി സമൂഹത്തില്‍ ഭിന്നതയും അവിശ്വാസവും സംഘര്‍ഷവും അപകടങ്ങളും ഉണ്ടാക്കുന്നു.
3. ലൈക്കുകളുടെയും ഷെയറുകളുടെയും എണ്ണമാണ്് ശരിതെറ്റുകള്‍ നിര്‍ണയിക്കാനുള്ള മാനദണ്ഡം എന്നു വരുത്തുക വഴി, സമൂഹത്തിലെ പ്രശ്‌നങ്ങളില്‍ അറിവും ആധികാര്യതയുമുള്ള ആശയങ്ങളും നിലപാടുകളും അപ്രസക്തമായി മാറ്റുന്നു.
4. യഥാര്‍ത്ഥ വ്യക്തികളാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യാജവ്യക്തിത്വ സൃഷ്ടികള്‍ ജനാഭിപ്രായം സംബന്ധിച്ച് അയഥാര്‍ത്ഥ ധാരണ സൃഷ്ടിക്കുന്നു.
5.വന്‍രാഷ്ട്രങ്ങളിലെ പൊതു തിരഞ്ഞെടുപ്പുകളെപ്പോലും സാമൂഹിക മാധ്യമങ്ങളിലെ അദൃശ്യമായ പ്രചാരണത്തിലൂടെ സ്വാധീനിക്കാന്‍ വിദേശ വന്‍ശക്തികള്‍ക്കും കഴിയുമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
6. ഭീകരവാദ ആശയങ്ങളുടെയും വിദ്വേഷത്തിന്റെയും പ്രചാരണം അനായാസമായതോടെ ജനങ്ങളില്‍ അകല്‍ച്ചയും സംഘര്‍ഷവും വര്‍ദ്ധിപ്പിക്കുന്നു. ഇതാണ് സാമൂഹികമാധ്യമങ്ങളുടെ മുഖ്യപ്രവര്‍ത്തനമെന്ന നില പോലും പല രാജ്യങ്ങളിലുമുണ്ടായിട്ടുണ്ട്. തുര്‍ക്കി, ഇസ്രായേല്‍, റഷ്യ, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ തല്പരകക്ഷികള്‍ വന്‍തോതിലുള്ള സാമൂഹിക മാധ്യമ ഇടപെടലുകളിലൂടെ മറ്റു രാജ്യങ്ങളിലെ പൊതുജനാഭിപ്രായത്തെയും തിരഞ്ഞെടുപ്പുഫലത്തെത്തന്നെയും തകിടം മറിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഇവയോരോന്നും ഏറിയും കുറഞ്ഞും എല്ലാ വികസിത, വികസ്വര രാജ്യങ്ങളിലും നിലനില്‍ക്കുന്നു. തീര്‍ത്തും അവികസിത രാജ്യങ്ങളിലാകട്ടെ ഇപ്പോള്‍ കടുത്ത അന്ധവിശ്വാസവും വിനാശകരമായ അസത്യ-വിദ്വേഷ പ്രചാരണവും നടക്കുന്നത് ഈ സാങ്കേതികവിദ്യയിലൂടെയാണ്.
ജനാധിപത്യത്തെയും തകര്‍ക്കും
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ 2017-ലെ തിരഞ്ഞെടുപ്പില്‍ റഷ്യ ചെലുത്തിയ സ്വാധീനത്തിന്റെ ആഴം പിന്നീട് വെളിവായല്ലോ. വ്യാജവീഡിയോകളും അക്കൗണ്ടുകളും ഉണ്ടാക്കി മറ്റൊരു രാജ്യത്തിലെ പൗരന്മാരെ തെറ്റായ വഴിയിലെത്തിക്കാന്‍ കഴിയുമെന്നത്് ഒരു നീണ്ട സായുധയുദ്ധത്തേക്കാള്‍ വിനാശകരമായിത്തീര്‍ന്നേക്കാം. ഒരു തിരഞ്ഞെടുപ്പിലോ ഒരു രാജ്യത്തിലോ ഒതുങ്ങുന്നതല്ല ഈ അപകടം. സ്പര്‍ദ്ധ വളര്‍ത്തുക വഴി സമൂഹത്തെ ഭിന്നിപ്പിക്കുകയും കലാപങ്ങളഴിച്ചുവിടുകയും ചെയ്യുന്നതില്‍ സാമൂഹികമാധ്യമങ്ങളെയും തോല്പിക്കാന്‍ ശ്രമിക്കുകയാണ് കുറെ ദൃശ്യമാധ്യമങ്ങള്‍ എന്നതും ഇതോടു ചേര്‍ത്ത് പരിഗണിക്കേണ്ട വിപത്തുതന്നെ.
അപാരമായ അഭിപ്രായസ്വാതന്ത്ര്യമാണ് സാമൂഹിക മാധ്യമത്തിലെന്നു പറയാറുണ്ടെങ്കിലും നിര്‍ണായകഘട്ടങ്ങളില്‍ ജനാധിപത്യത്തിന്റെ പക്ഷത്തു നില്‍ക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്കും കഴിയാറില്ല. ഭരണകൂടങ്ങള്‍ ഇന്റര്‍നെറ്റ് അപ്പടി അടച്ചുപൂട്ടും. മിക്കപ്പോഴും ജനമുന്നേറ്റങ്ങളെ ബ്‌ളാക്കൗട്ട് ചെയ്ത് തകര്‍ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കൊടിയ ഏകാധിപത്യരാജ്യങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുന്നതാണ് കാശ്മീരില്‍ നമ്മള്‍ ചെയ്തത്. ജനങ്ങള്‍ പ്രതികരിക്കാതിരിക്കുന്നതിനു വേണ്ടി വര്‍ഷത്തിലേറെ എല്ലാ അടിസ്ഥാന വിവരവിനിമയ സംവിധാനങ്ങളും അടച്ചിട്ടു. സ്വതന്ത്ര ഫോര്‍ത്ത് എസ്റ്റേറ്റ് സ്ഥാപനം മാത്രമല്ല സാമൂഹികമാധ്യമവും അടച്ചു. ഭരണകൂടങ്ങളേക്കാള്‍ വലിയ ആഗോള സ്ഥാപനങ്ങളാണ് തങ്ങള്‍ എന്നു സ്ഥാപിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ടെങ്കിലും കച്ചവടം സുഗമമായി നടക്കാന്‍ ഭരണകൂടങ്ങള്‍ക്കൊപ്പം നിന്നേ പറ്റൂ. എല്ലാ അടിച്ചമര്‍ത്തലുകളിലും അവര്‍ ഭരണകൂടങ്ങള്‍ക്കൊപ്പമാണ്
സാമൂഹിക മാധ്യമങ്ങളുടെ പരിപാടി എന്തും കച്ചവടംനടത്തി പണമുണ്ടാക്കുക മാത്രമാണെന്നും വേറെ ദ്രോഹമൊന്നും അവര്‍ ചെയ്യില്ലെന്നുമുള്ള ന്യായീകരണം കേള്‍ക്കാറുണ്ട്. കച്ചവടത്തില്‍ മാത്രമാണോ അവരുടെ ശ്രദ്ധ, താല്പര്യം? അല്ല. അവര്‍ക്ക് ഈ ലോകത്തെ അവരുടെ കൈപ്പിടിയിലൊതുക്കാനുള്ള വ്യഗ്രതയുണ്ട്. പൗരന്റെ ഓരോ ചലനവും അവര്‍ക്ക് അറിയാനാവും. വ്യക്തിയുടെ സ്വഭാവം, പെരുമാറ്റം, ശീലം, ആവശ്യങ്ങള്‍, ദൗര്‍ലഭ്യങ്ങള്‍, വാങ്ങലുകള്‍, വില്പനകള്‍….എന്തും സ്വന്തം താല്പര്യത്തിനും ഭരണകൂടങ്ങളുടെ താല്പര്യത്തിനും വേണ്ടി ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് ഒട്ടും വൈമനസ്യമില്ല. അതാണ് അവരുടെ ഏറ്റവും വലിയ പ്രവര്‍ത്തനരംഗം. വ്യക്തികളെക്കുറിച്ചുള്ള അറിവ് വലിയ വില്പന വസ്തുവാക്കി വന്‍ലാഭമുണ്ടാക്കുകയാണ്. രാഷ്ട്രങ്ങള്‍ക്കും മേലെയാണ് തങ്ങളുടെ കമ്പനികള്‍ എന്നു പറയാനും അവര്‍ മടിക്കുന്നില്ല. അത്ര ശക്തമാണ് അവരുടെ സാന്നിദ്ധ്യം. .
പല രാജ്യങ്ങളിലും സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ഉയര്‍ന്നുവന്ന പല ജനകീയ പ്രക്ഷോഭങ്ങളെയും തകര്‍ത്തതും സാമൂഹിക മാധ്യമങ്ങളാണ്. അറബ് സ്പ്രിങ് ഒരു ഉദാഹരണമാണ്. അതെല്ലാം എങ്ങോ പോയി മറഞ്ഞിരിക്കുന്നു. ഇപ്പോള്‍ സാങ്കേതികവിദ്യയുടെ എല്ലാ സൗകര്യങ്ങളും ശക്തിയും ഉപയോഗിക്കുന്നത് ഭരണകൂടങ്ങളും സാമ്പത്തികശക്തികളുമാണ്. രാജ്യത്തിന്റെ ഏതു മൂലയില്‍ എന്തുനടക്കുന്നു, ആര്‍ ആര്‍ക്കെതിരെ ചിന്തിക്കുന്നു, എന്തുകൊണ്ട് ചിന്തിക്കുന്നു എന്നെല്ലാം ഞൊടിയിടയില്‍ മനസ്സിലാക്കാന്‍ ഭരണകൂടങ്ങള്‍ ഉപയോഗിക്കുന്നത് ഇന്റര്‍നെറ്റ് അനുബന്ധ സാങ്കേതികവിദ്യയെത്തന്നെയാണ്. പ്രക്ഷോഭങ്ങളെ അതിന്റെ ആദ്യനാളുകളില്‍തന്നെ ഊതിക്കെടുത്താന്‍ ഇപ്പോള്‍ ഭരണാധികാരികള്‍ക്കു കഴിയുന്നുണ്ട്. ഇതിനെല്ലാമപ്പുറം ഫെയ്‌സ്ബുക്കും മറ്റും ജനങ്ങൡനിന്നു ശേഖരിക്കുന്ന വിവരങ്ങള്‍ ഭരണാധികാരികള്‍ക്ക് വിലപ്പെട്ട ആയുധങ്ങളായി മാറുന്നു. ഞെട്ടിപ്പിക്കുന്നതാണിത്. വ്യക്തികളുടെ അറിവുകളും ആശയങ്ങളും രാഷ്ട്രീയചിന്തകളും സ്വഭാവവിശേഷങ്ങളും രോഗങ്ങള്‍ പോലും ഇന്റര്‍നെറ്റിലൂടെ ശേഖരിക്കാനും ഭരണകൂടങ്ങള്‍ക്കു ഉപയോഗപ്പെടുത്താനും പറ്റും. ഒരു പൂര്‍ണഫാഷിസ്റ്റ് ഭരണകൂടത്തെ എന്ന പോലെ ഇന്ന്് ഏത് ഭരണകൂടത്തെയും ഭയപ്പെടേണ്ട അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഭരണകൂടങ്ങളെ ചെറുക്കാന്‍ ജനങ്ങള്‍ ഉപയോഗിച്ച അതേ ആയുധം ഇതാ ജനങ്ങളെ ചെറുക്കാനും തകര്‍ക്കാനും ഭരണകൂടങ്ങള്‍ ഉപയോഗിക്കുകയാണ്; ഒരിടത്തല്ല എല്ലായിടത്തും. പുതിയ പെഗാസസ് ചാരപ്പണിയിലും അടിസ്ഥാന വിവരശേഖരത്തിന് ഉപയോഗപ്പെടുത്തുന്നത് മൊബൈല്‍ ഫോണിലെ സന്ദേശശേഖരണ സംവിധാനംതന്നെ.
തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്നതെങ്കിലും എന്തും ഏതളവിലും ചെയ്യാന്‍ മടിക്കാത്ത കടുകട്ടി ഭരണകൂടങ്ങളാണ് ഇന്ന് പല രാജ്യങ്ങളിലുമുള്ളത്. ഇന്ത്യയും അതില്‍ പെടും. നരേന്ദ്ര മോദി ഭരണകൂടം ഇത് ആവര്‍ത്തിച്ചു തെളിയിട്ടുകൊണ്ടിരിക്കുകയാണ്. കശ്മീര്‍ ഒരു ഉദാഹരണമാണ്. പതിനെട്ടു മാസക്കാലം ജീവനുളള അവകാശം ഉള്‍പ്പെടെ എല്ലാ അവകാശങ്ങളും നിഷേധിക്കാന്‍ ഒരു മടിയുമുണ്ടായില്ല. ടെലഫോണും ടെലിവിഷനും ഇന്റര്‍നെറ്റും ഉള്‍പ്പെടെ ആധുനികമനുഷ്യന്റെ സര്‍വ സൗകര്യങ്ങളും നിഷേധിക്കപ്പെട്ടു. പൊലീസ് അനുമതിയില്ലാതെ റോഡിലിറങ്ങി നടക്കാന്‍പോലും പറ്റുമായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബി.ജെ.പി അനുകൂലികളല്ലാത്ത മുഴുവന്‍ ജനനേതാക്കളും ജയിലിലായി. അടിയന്തരാവസ്ഥയുടെ പതിനെട്ടു മാസം ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്ര ലളിതം, മൃദുലം! ഇതെല്ലാം കഴിഞ്ഞിട്ടും കശ്മീരിന്റെ ഒരു പ്രശ്‌നവും പരിഹരിക്കപ്പെട്ടിട്ടില്ല താനും.
താഴോട്ടു പതിക്കുന്ന രാജ്യം
ഇന്ത്യ ഒരു ഫാഷിസ്റ്റ് രാജ്യമായിക്കഴിഞ്ഞിട്ടില്ലായിരിക്കാം. എന്നാല്‍ ഇവിടെ ജനാധിപത്യാവശകാശങ്ങള്‍ വര്‍ദ്ധിതമായ തോതില്‍ നിഷേധിക്കപ്പെടുന്നു എന്നതാണ് സത്യം. പഴയ അര്‍ത്ഥത്തിലുള്ള ഫാഷിസത്തേക്കാള്‍ ഭൂരിപക്ഷാധിപത്യം വലിയ ഒച്ചപ്പാടില്ലാതെ തന്നെ നടപ്പാക്കാം എന്നു തെളിയിക്കുകയാണ് കേന്ദ്ര ഭരണകൂടം. ഇപ്പോള്‍ ലോകം തിരിച്ചറിയുന്നുമുണ്ട്.
ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് എത്തിച്ചേരുന്ന നിഗമനം ജനാധിപത്യാവകാശങ്ങളുടെ കാര്യത്തില്‍ ഇന്ത്യ വര്‍ഷംതോറും പിറകോട്ടു പോവുകയാണ് എന്നാണ്. 2019-ല്‍ 6.9 ആയിരുന്ന ഇന്ത്യയുടെ സ്‌കോര്‍ 2020-ല്‍ 6.61 ആയി താഴേക്കു വന്നു. 53 ആണ് ഇന്ത്യയിലെ ലോകറാങ്ക്. 167 രാജ്യങ്ങള്‍ക്കിടയില്‍ ഇത് മോശമല്ലാത്ത റാങ്കല്ലേ എന്നു വേണമെങ്കില്‍ ചോദിക്കാം. സത്യംതന്നെ. പക്ഷേ, 2014-ല്‍ 27 ആയിരുന്നു ഇന്ത്യയുടെ റാങ്ക് എന്നറിയുമ്പോഴാണ് എന്താണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നു മനസ്സിലാവുക. തീര്‍ച്ചയായും ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ അയല്‍രാജ്യങ്ങളൊക്കെ ഇന്ത്യയേക്കാള്‍ ബഹുദൂരം പിറകിലാണെന്ന് ഉറക്കെ പറഞ്ഞ് വേണമെങ്കില്‍ നമുക്ക് ആശ്വസിക്കാം. ഇന്ത്യ പാകിസ്ഥാനോ ബംഗ്്‌ളാദേശോ ശ്രീലങ്കയോ ചൈനയോ അല്ലല്ലോ. ഏറ്റവും വിശ്വാസ്യതയുള്ള ദ് ഇക്കണോമിസ്റ്റ് മാഗസീന്‍ നടത്തുന്ന ഗവേഷണസ്ഥാപനമാണ് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ്. വര്‍ഷംതോറും അവര്‍ തയ്യാറാക്കുന്ന ആഗോള പഠന സൂചികകളില്‍ ഒന്നാണ് ദ് ഡമോക്രസി ഇന്‍ഡക്‌സ്. സര്‍വെ പ്രകാരം പൂര്‍ണ ജനാധിപത്യരാജ്യങ്ങളുടെ കൂട്ടത്തില്‍ പെടില്ല ഇന്ത്യ. 23 രാജ്യങ്ങളേ പൂര്‍ണ ജനാധിപത്യ രാജ്യങ്ങളുടെ പട്ടികയില്‍ പെടുന്നുള്ളൂ. ഇന്ത്യ പിഴവുകളുള്ള ജനാധിപത്യമാണ്. 52 രാജ്യങ്ങളാണ് ഇത്തരത്തിലുള്ളത്. അതിനും താഴെയുള്ള രണ്ടു ഗ്രൂപ്പുകളില്‍ ഏകാധിപത്യം എന്നു ഉറച്ചു പറയാവുന്ന 57 രാജ്യങ്ങളുണ്ട്. ഇതിലേക്കെത്താന്‍ നമുക്ക് ഒരുപാട് പോകാനുണ്ട്!
മാധ്യമ സ്വാതന്ത്ര്യം പരിഗണിച്ചുള്ളതാണ് മറ്റൊരു ആഗോള ഇന്‍ഡക്‌സ്. ഇതില്‍ ഇന്ത്യയുടെ നില അതിദയനീയമാണ്. 180 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ 142-ാം റാങ്കിലാണ് എന്നു പറയുന്നത് അങ്ങേയറ്റം അപമാനകരമാണ്. ഇതുതന്നെയും വര്‍ഷംതോറും താഴേക്കു വരുന്നു. അതിരുകളില്ലാത്ത പത്രറിപ്പോര്‍ട്ടര്‍മാര്‍ (റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ്) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമസ്വാതന്ത്ര്യ നിരീക്ഷക സംഘടനയാണ് ആഗോള സര്‍വെ നടത്തി ഈ സൂചിക തയ്യാറാക്കുന്നത്.
വിശ്വാസ്യതയുള്ള സംഘടനകളാണ് ഇക്കണോമിസ്റ്റും റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സും. പക്ഷേ, ഇവരുടെ സൂചികകള്‍ പൊരുത്തപ്പെടുന്നില്ല എന്നു പറയാതിരിക്കാന്‍ നിവൃത്തിയില്ല. ആദ്യം 27-ലും ഇപ്പോള്‍ 53-ലും ഉള്ള ജനാധിപത്യ സൂചികയേക്കാള്‍ നന്നെ മോശമാണ് 142 എന്ന മാധ്യമ സ്വതന്ത്യ സൂചിക. കുറ്റമറ്റതല്ലെങ്കിലും തരക്കേടില്ലാത്ത ജനാധിപത്യം ഉണ്ടെന്നു ഒരു സൂചികയും അതേ രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം അതിദയനീയമാണെന്നു മറ്റൊരു സൂചികയും പറയുന്നു. ഇത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് നമ്മളല്ലല്ലോ. എന്തായാലും രണ്ടു കാര്യത്തിലും ഇന്ത്യ ഒരിഞ്ചുപോലും കൂടുതല്‍ ജനാധിപത്യത്തിലേക്കല്ല, ബഹുദൂരം പിറകേട്ട് ഏകാധിപത്യത്തിലേക്കു തന്നെയാണ് നീങ്ങുന്നത് എന്നത് നിഷേധിക്കാനാവില്ല.
മോദി- അമിത് ഷാ നേതൃത്വം പരമ്പരാഗത മാധ്യമങ്ങളെ പരമാവധി ദുര്‍ബലമാക്കുന്നതിനുള്ള ആസൂത്രിത പദ്ധതികള്‍ നടപ്പാക്കിവരുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. പ്രശസ്ത പത്രപ്രവര്‍ത്തക സെവന്തി നൈനാന്‍ ഇതിനെ വിശേഷിപ്പിച്ചത് മാധ്യമങ്ങളുടെ അസാധുവാക്കല്‍ എന്നാണ്-ഡി-ലജിറ്റിമൈസിങ് മീഡിയ. തന്റെ വിദേശപര്യടനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ കൂടെ കൂട്ടില്ല എതായിരുന്നല്ലോ 2014-ല്‍ അധികാരമേറ്റ മോദി ഭരണകൂടത്തിന്റെ ആദ്യപ്രഖ്യാപനം. ഭരണകൂടത്തില്‍ സുതാര്യത ഇത്രമേല്‍ ഇല്ലാതാക്കിയ ഒരു കാലം ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ മാത്രമാണ്. അതുപെട്ടന്നു തന്നെ ഇല്ലാതായി. ഇതങ്ങനെയല്ല, ക്രമേണ ക്രമേണ രൗദ്രഭാവമാര്‍ജിക്കുകയാണ്. കാബിനറ്റ് അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം മാധ്യമങ്ങളെ അകറ്റാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.
ചങ്കൂറ്റത്തോടെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളോ പാഠം പഠിപ്പിക്കാന്‍ കോര്‍പ്പറേറ്റ് ഇന്ത്യ പ്രയോഗിക്കുന്ന ഗൂഢതന്ത്രങ്ങളെക്കുറിച്ച് ഇതിനു മുന്‍പും പലരും പറഞ്ഞിട്ടുണ്ട്. കോര്‍പ്പറേറ്റ് അഴിമതികളെക്കുറിച്ച് വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങളെ കേസ്സുകളില്‍ കുടുക്കുന്നത് പഴയ പ്രവര്‍ത്തിതന്നെ. കോടതികയറ്റി പാപ്പരാക്കിക്കൊല്ലുക എന്നതാണ് മറ്റൊരു തന്ത്രം. 2018-നു ശേഷം മാധ്യമങ്ങള്‍ക്കെതിരെ കോര്‍പ്പറേറ്റുകള്‍ ഫയല്‍ ചെയ്ത അമ്പതോളം മാനനഷ്ടക്കേസ്സുകളില്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം ഒരു ലക്ഷം കോടി രൂപയിലേറെ വരും. എന്‍.ഡി.ടി.വി ക്കെതിരെ കൊടുത്ത കേസ്സുകളില്‍ മാത്രം പതിനായിരം കോടി വരും ആവശ്യപ്പട്ട നഷ്ടപരിഹാരം. ഒരു കേസ്സിലെങ്കിലും ആവശ്യപ്പെട്ട തോതില്‍ നഷ്ടപരിഹാരം വിധിച്ചാല്‍ ആ മാധ്യമവും മാധ്യമപ്രവര്‍ത്തകനും പിന്നെ സൂര്യപ്രകാശം കാണില്ല. കോടതികള്‍ അങ്ങനെ വിധിക്കില്ലല്ലോ എന്നാശ്വസിക്കാനും നിവൃത്തിയില്ല. ടി.വി സ്‌ക്രോളില്‍ വന്ന ഒരു തെറ്റിന് പത്രസ്ഥാപനത്തിനു കോടതി നൂറു കോടി രൂപ പിഴ വിളിച്ച ചരിത്രമുണ്ട് ഇവിടെ. എന്തും സംഭവിക്കാം.
(മാധ്യമം 2021 വാര്‍ഷികപ്പതിപ്പില്‍ എഴുതിയ ലേഖനം)