പൂട്ടിയ ന്യൂസ് ഓഫ് ദ് വേള്‍ഡ്- പതിറ്റാണ്ടിനു ശേഷം…

എൻ.പി.രാജേന്ദ്രൻ

നരോഷത്തിനു മുന്നില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാനാവില്ല-ലോകത്തിന്റെ മാധ്യമചക്രവര്‍ത്തി റുപര്‍ട് മര്‍ഡോക്കും അതിശക്ത ഭരണകൂടങ്ങളും ആ പാഠം പഠിച്ചിട്ട് ഒരു ദശകം പിന്നിടുന്നു. ലോകത്തിലെ ഏറ്റവും വലിയ പത്രം, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പത്രം എന്നീ അവകാശവാദങ്ങളുള്ള ന്യൂസ് ഓഫ് ദ വേള്‍ഡ്, നാണക്കേടും ലോകത്തിന്റെ രോഷവും സഹിക്കാനാവാതെ നിരപാധികം അടച്ചുപൂട്ടിയത് 2011 ജുലൈ പത്തിനാണ്.  മൂന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ബ്രിട്ടീഷ് പത്രലോകത്തെ ഞെട്ടിച്ച സംഭവത്തിന്റെ മുഴുവന്‍ ഉള്ളുകള്ളികള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. എന്നാല്‍, വെളിച്ചത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നവയായിരുന്നു.

1843 മുതല്‍ പ്രവര്‍ത്തിക്കുന്ന ഞായറാഴ്ചപ്പത്രമായ ന്യൂസ് ഓഫ് ദ് വേള്‍ഡ് 1969-ലാണ് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലെത്തിച്ചേരുന്നത്. ഒരു ഘട്ടത്തില്‍ അതായിരുന്നു ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പ്രസിദ്ധീകരണം. അച്ചടി നിര്‍ത്തുമ്പോഴും ന്യൂസ് ഓഫ് ദ് വേള്‍ഡ് ആയിരുന്നു ബ്രിട്ടനില്‍ ഒന്നാം സ്ഥാനത്ത്.  2011-ല്‍ വിനാശം സൃഷ്്ടിച്ച വിവാദകാലത്ത് എഡിറ്റര്‍ ആയിരുന്ന കോളിന്‍ മൈലര്‍ തൊട്ടുമുമ്പൊരു ദിവസം അവകാശപ്പെട്ടത് ലോകത്തിലെ ഏറ്റവും മഹത്തായ പത്രം ന്യൂസ് ഓഫ് ദ് വേള്‍ഡ് ആണ് എന്നായിരുന്നു. ആ വര്‍ഷത്തെ ബ്രിട്ടീഷ് പ്രസ് അവാര്‍ഡുകളില്‍ പ്രധാനപ്പെട്ട നാലെണ്ണം ന്യൂസ് ഓഫ് ദ് വേള്‍ഡ് പത്രപ്രവര്‍ത്തകരാണ് നേടിയത്. അതാണ് എഡിറ്ററെ ഇത്രയും ആവേശഭരിതനാക്കിയത്. പത്രത്തിന് മികച്ച റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും ഉണ്ടായിരുന്നു എന്നതൊരു യാഥാര്‍ത്ഥ്യം തന്നെ. മാസങ്ങള്‍ക്കകം പത്രം അടച്ചുപൂട്ടപ്പെടുമെന്നും ലോകത്തിനു മുന്നില്‍ താന്‍ പരിഹാസ്യനായ ഒരു കുറ്റവാളിയാകുമെന്നും ആ എഡിറ്റര്‍ ഒരു ദുസ്വപ്‌നത്തില്‍പ്പോലും കണ്ടുകാണില്ല.

ന്യൂസ് ഓഫ് ദ് വേള്‍ഡ് 2010-ല്‍ ശരാശരി 28.12 ലക്ഷം കോപ്പിയാണ് വിറ്റിരുന്നത്. വെറും സെക്‌സും ക്രൈമും മാത്രം വിറ്റുണ്ടാക്കിയ സ്വാധീനമായിരുന്നില്ല അത്. പലപ്പോഴും പരിധി വിട്ടെങ്കിലും, അവരുടെ റിപ്പോര്‍ട്ടുകള്‍ മിക്കതും നല്ല ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടുകള്‍ ആയിരുന്നു. ഒരുപാട് മാന്യന്മാരുടെ, അധികാരികളുടെ അഴിമതിയും അക്രമവും ലൈംഗികാപവാദങ്ങളും തെളിവുകളോടെ ജനമധ്യത്തില്‍ കൊണ്ടുവന്ന് അവരെ തുറന്നുകാട്ടിയ പ്രസിദ്ധീകരണം എന്ന നിലയില്‍ അതിനെ ധാരാളമാളുകള്‍ ബഹുമാനിച്ചിരുന്നു. വാര്‍ത്തകള്‍ക്ക് പിന്നിലെ രഹസ്യങ്ങള്‍ എങ്ങനെ അവര്‍ പുറത്തുകൊണ്ടുവരുന്നു എന്ന് ജനങ്ങള്‍ കാര്യമായൊന്നും അറിഞ്ഞിരുന്നില്ല.

എക്‌സ്‌ക്‌ളൂസീവ് കുതന്ത്രങ്ങള്‍

എന്നാല്‍, രഹസ്യം കണ്ടെത്താന്‍ പത്രം സ്വീകരിക്കുന്ന കുതന്ത്രങ്ങളുടെ കഥകള്‍ 2006 മുതല്‍ ജനങ്ങള്‍ അറിഞ്ഞുതുടങ്ങിയിരുന്നു. ഉന്നതരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയാണ് രഹസ്യം കണ്ടുപിടിച്ചിരുന്നത് എന്ന ആക്ഷേപത്തെ ജനങ്ങള്‍ ആദ്യം അത്ര കാര്യമാക്കിയിരുന്നില്ല. അത് കുറ്റാന്വേഷകര്‍ സാധാരണയായി ചെയ്യുന്നതല്ലേ, കുറ്റമന്വേഷിക്കുന്ന പത്രപ്രവര്‍ത്തകരും അങ്ങനെ ചെയ്‌തെങ്കില്‍ അതിലെന്തു തെറ്റ് എന്നേ ജനങ്ങള്‍ കരുതിക്കാണൂ. എന്നാല്‍, ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടേയും മാത്രമല്ല, ജോലിയിലുള്ള സൈനികരുടെയും അഭിഭാഷകരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സാധാരണക്കാരുടെ തന്നെയും ഫോണ്‍ ചോര്‍ത്തപ്പെടുന്നു എന്ന അറിവ് അവരെ ഞെട്ടിച്ചു.  രാജകുടുംബാംഗം പ്രിന്‍സ് വില്യത്തിന്റെ ഒരു ഫോണ്‍ സംഭാഷണം ചോര്‍ത്തി അദ്ദേഹത്തിന്റെ ചികിത്സ സംബന്ധമായ വിവരങ്ങള്‍ വാര്‍ത്തയാക്കിയത് വലിയ ചര്‍ച്ചയായി. കുറ്റകൃത്യങ്ങള്‍ പുറത്തുകൊണ്ടുവരലല്ല, അപവാദങ്ങളും അപഖ്യാതികളും പ്രസിദ്ധപ്പെടുത്തി കാശുണ്ടാക്കലാണ് പത്രത്തിന്റെ ലക്ഷ്യമെന്ന് ബോധ്യപ്പെട്ടതോടെ ജനം ക്ഷോഭിച്ചു. പത്തു വര്‍ഷം മുമ്പ്് കാണാതായ, പിന്നീട് മരിച്ചതായി കണ്ടെത്തിയ ഒരു പെണ്‍കുട്ടിയുടെ സംഭാഷണം ചോര്‍ത്തിയിരുന്നു എന്നു കൂടി അറിഞ്ഞതാണ് അവസാനത്തെ അടിയായി ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ  നില തെറ്റിച്ചത്.

ജനങ്ങള്‍ പത്രം ബഹിഷ്‌കരിച്ചു, സ്ഥാപനങ്ങള്‍ പരസ്യം നിഷേധിച്ചു. നാണം മറയ്ക്കാന്‍ ഒരു തുണ്ട് തുണിപോലും ഇല്ലാതായപ്പോഴാണ് റുപര്‍ട്ട് മര്‍ഡോക്ക് പരസ്യമായി മാപ്പുപറഞ്ഞതും ന്യൂസ് ഓഫ് ദ വേള്‍ഡ് പത്രം എന്നന്നേക്കുമായി അടച്ചതായി പ്രഖ്യാപിച്ചതും. ഇത്രയും പഴക്കമുള്ള ഒരു പത്രം ഇത്രയും വലിയ അപവാദത്തില്‍പ്പെട്ട് അടച്ചുപൂട്ടുന്നത് ആദ്യമായിരുന്നു. പത്രത്തിന്റെ ആദ്യപേജില്‍ Thank you Good Bye എന്നു വലിയ അക്ഷരങ്ങളില്‍ യാത്ര പറഞ്ഞായിരുന്നു ആ വിടവാങ്ങല്‍. തങ്ങളുടെ കഴിഞ്ഞ കാല സേവനങ്ങള്‍ വിവരിക്കുന്നതിനു കൂടിയായി പതിവിലും ഇരട്ടിയോളം കൂടുതല്‍ പേജുകള്‍ ഉണ്ടായിരുന്നു അവസാന ലക്കത്തില്‍. ആ ലക്കം വിറ്റത് 38 ലക്ഷം കോപ്പികളാണ്. സാധാരണ വില്‍ക്കുന്നതിനേക്കാള്‍ പത്തു ലക്ഷം കൂടുതല്‍.

ഇതില്‍നിന്നു തലയൂരാന്‍ മര്‍ഡോക്ക് കുടുംബം പരക്കം പാഞ്ഞു. അച്ഛനെയും മകനെയും പാര്‍ലമെന്റിലേക്കു വിളിച്ചുവരുത്തി ജനപ്രതിനിധികള്‍ നിഷ്‌കരുണം വിചാരണ ചെയ്തത് കൂട്ടത്തില്‍ നിസ്സാരമെന്നു പറയാം. എഡിറ്റര്‍ ഉള്‍പ്പെടെ പല പ്രധാനികളും അറസ്റ്റ് ചെയ്യപ്പെട്ടു. പുറത്തുവന്ന അപവാദങ്ങള്‍ പലതും അവര്‍ പണം കൊടുത്ത് ഒതുക്കി. അതിന്റെ ചെലവ് എത്ര എന്ന് അവര്‍ക്കേ അറിയൂ. കേസ് നടത്തിപ്പിന് പത്തുകോടി പൗണ്ട് ചെലവുവന്നു എന്നാണ് കണക്കാക്കിയിട്ടുള്ളത്. നിയമസഹായ ഫീസ് ആയി 2.67 കോടി പൗണ്ട് നല്‍കേണ്ടി വന്നതായി ന്യൂസ് ഗ്രൂപ്പ് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. ന്യൂസ് ഓഫ് ദ് വേള്‍ഡ് അടച്ചതു മൂലമുള്ള 2012-ലെ നഷ്ടം  6.8 കോടി പൗണ്ട് ആയിരുന്നു. ഇനി ഓരോ വര്‍ഷവും തുടരുന്ന നഷ്ടം. അഞ്ചുവര്‍ഷത്തോളം മര്‍ഡോക്കും മക്കളും പൊതുവേദികളില്‍നിന്നു മാറിനിന്നു. മറ്റു പ്രസിദ്ധീകരണങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നതുകൊണ്ട് മര്‍ഡോക്കിന്റെ സ്വാധീനത്തിന് ഒട്ടും കോട്ടമുണ്ടായില്ല. 2016-ല്‍ ഡൊണാല്‍ഡ് ട്രംപ് പ്രഡിസന്റ് സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങിയപ്പോള്‍, പണ്ടേ സുഹൃത്തായ മര്‍ഡോക്ക് പിന്തുണയുമായി കൂടെക്കൂടി. അപ്പോഴേക്കും കേസ്സുകള്‍ ഏതാണ്ട് അവസാനിച്ചിരുന്നു. മര്‍ഡോക്ക് കുടുംബത്തില്‍ ആരും ശിക്ഷിക്കപ്പെട്ടില്ല.

പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍! 

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് എത്രത്തോളം അധഃപതനം സംഭവിക്കാം എന്നതിന്റെ വ്യക്തമായ ചിത്രമാണ് ഈ സംഭവങ്ങള്‍ എടുത്തുകാട്ടിയത്. വര്‍ഷം ഒരു ലക്ഷം പൗണ്ട് പ്രതിഫലം നല്‍കിയാണ് ഒരാളെ പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍ ആയി നിയോഗിച്ചിരുന്നത്. ആ ആള്‍ പത്രപ്രവര്‍ത്തകനല്ല. ആരുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തണം എന്നു ന്യൂസ് വിഭാഗം നിര്‍ദ്ദേശിക്കും. ഇന്‍വെസ്റ്റിഗേറ്റര്‍ അതു ശേഖരിച്ച് എത്തിച്ചുകൊടുക്കും. ചോര്‍ത്തിയതു സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അയാള്‍ രേഖപ്പെടുത്തിയിരുന്നു. പ്രൈവറ്റ് ഇന്‍വെസറ്റിഗേറ്റര്‍മാരെ 2002 മുതല്‍ തന്നെ നിയോഗിച്ചിരിന്നതായും അതിലൊരാളെ ഫോണ്‍ ചോര്‍ത്തിയതിന് മുന്‍പ് ശിക്ഷിച്ചിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ എത്ര പേരുടെ സംഭാഷണം ചോര്‍ത്തിയിരിക്കും എന്നു കൃത്യമായി ആര്‍ക്കും അറിയില്ല. ആയിരക്കണക്കിനു പേരുടെ എന്നേ പറയാനാവൂ. 2011-ല്‍ കേസ് നടക്കുമ്പോള്‍ വാദിഭാഗത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ആരോപിച്ചത് ഏഴായിരം പേരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ന്യൂസ് ഓഫ് ദ വേള്‍ഡുകാര്‍ ചോര്‍ത്തിയിട്ടുണ്ട് എന്നാണ്. അതു പ്രതിഭാഗം നിഷേധിച്ചതേയില്ല!

വിവരങ്ങള്‍ ലഭിക്കാനും ഉദ്ദേശിച്ച രീതിയില്‍ വാര്‍ത്തകള്‍ സൃഷ്്ടിക്കാനും പണം മുടക്കാന്‍ ഈ പത്രം ഒട്ടും മടിച്ചിരുന്നില്ല. കോടതിയില്‍ പ്രത്യേക രീതിയില്‍ കേസ് വഴിതിരിക്കാനും അവര്‍ പണം മുടക്കി. ചെക്ക് ബുക് ജേണലിസത്തിന്റെ ആശാന്മാരായിരുന്നു മര്‍ഡോക്കിന്റെ പത്രങ്ങള്‍.  2006-ല്‍ ഉണ്ടായ ഒരു ഇടപെടല്‍ തീര്‍ത്തും അസാധാരണമായിരുന്നു. ആയിടെ ഏറെ കോലാഹലം ഉണ്ടാക്കിയ സംഭവമായിരുന്നു അഞ്ച് ലൈംഗിക തൊഴിലാളികളുടെ കൊലപാതകം. ഈ സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ സഹായകമായ തെളിവുകള്‍ നല്‍കുന്നവര്‍ക്ക് രണ്ടര ലക്ഷം പൗണ്ട് പ്രതിഫലം നല്‍കുമെന്നായിരുന്ന പത്രത്തിന്റെ പ്രഖ്യാപനം. പ്രയോജനമൊന്നുമുണ്ടായില്ലെന്നത് മറ്റൊരു കാര്യം. പ്രശസ്തിയും പ്രചാരവും ഉണ്ടാക്കാന്‍ ഏതറ്റം വരെയും പോകാന്‍ അവര്‍ സന്നദ്ധരായിരുന്നു എന്നു മാത്രം. കണ്ണടച്ച് പ്രസിദ്ധപ്പെടുത്തിയ സ്‌കൂപ്പു വാര്‍ത്തകള്‍ക്കെതിരെ ഉയര്‍ന്നുവന്ന മാനനഷ്ടക്കേസ്സുകളും അതിനു നല്‍കേണ്ടിവന്ന നഷ്ടപരിഹാരവും കുറച്ചൊന്നുമായിരുന്നില്ല.

ന്യൂസ് ഓഫ് ദ് വേള്‍ഡ് പൂട്ടിയെങ്കിലും ഏതാണ്ട് അതേ സ്വഭാവമുള്ള മറ്റൊരു മര്‍ഡോക്ക് പത്രം-സണ്‍ ഓണ്‍ സണ്‍ഡെ- 2012 ഫിബ്രുവരിയില്‍ പ്രസിദ്ധീകരണം തുടങ്ങിയിരുന്നു. എഡിറ്റര്‍ ഉള്‍പ്പെടെ മിക്കവാറും എല്ലാവരും അടച്ചുപൂട്ടപ്പെട്ട ന്യൂസ് ഓഫ് ദ് വേള്‍ഡ്-ല്‍ പ്രവര്‍ത്തിച്ചവരായിരുന്നു. നല്ല പ്രചാരം ഈ ബദല്‍ പത്രത്തിനും കിട്ടി. 2019 കഴിയുമ്പോള്‍ അതിന്റെ പ്രചാരം പതിനൊന്ന് ലക്ഷം കവിഞ്ഞിരുന്നു. കുറെ നഷ്ടം ഇങ്ങനെ നികത്താനായി.

നാലാമതൊരു വിവാഹം കഴിച്ച റുപര്‍ട്ട് മര്‍ഡോക്ക് പുതുതായി വാങ്ങിയ ഒരു വന്‍കൊട്ടാരത്തില്‍ ഏതാണ്ട് ഒളിവിലെന്ന പോലെ കുറെക്കാലം ചെലവഴിച്ചപ്പോള്‍ കുടുംബത്തിലും അസ്വാരസ്യങ്ങള്‍ മൂര്‍ഛിച്ചു. കാര്യങ്ങള്‍ ഇങ്ങനെ പിടിവിട്ടുപോകാന്‍ കാരണം, അച്ഛന്‍ എഡിറ്റര്‍മാര്‍ക്കും മറ്റും  നല്‍കിയ ഫ്രീ ലൈസന്‍സ് ആണെന്നു മകന്‍ ജെയിംസ് മര്‍ഡോക്ക് കുറ്റപ്പെടുത്തുകതന്നെ ചെയ്തു. കുഴപ്പങ്ങളെ അതിജീവിക്കാന്‍ നടത്തിയ ശ്രമങ്ങളുമായി മകന്‍ സഹകരിച്ചില്ല എന്നും അച്ഛന്‍ കുറ്റപ്പെടുത്തി. ജയിംസിനെ പുറത്താക്കുന്നതിന്റെ വക്കത്തുവരെ എത്തിയെങ്കിലും രണ്ടാമത്തെ മകന്‍ ലാച്‌ലാന്‍ ഇടപെടുകയും അച്ഛനെ സമാധാനിപ്പിക്കുകയും ചെയ്തതുകൊണ്ട് കുടുംബം കുത്തനെ പിളര്‍ന്നില്ല.

മഞ്ഞപ്പത്രം എന്നു തന്നെ വിളിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ പത്രം നാമാവശേഷമായെങ്കിലും ആ പത്രസംസ്‌കാരത്തിന് വലിയ ക്ഷതമൊന്നും സംഭവിച്ചില്ല എന്നതാണ് വാസ്തവും. ഇന്നും, ബ്രിട്ടനിലെ ഏറ്റവും പ്രചാരമുള്ള പത്തു പത്രങ്ങളില്‍ പകുതിയിലേറെ ടാബ്ലോയ്ഡ് പത്രങ്ങളാണ്. മേന്മയുള്ള പത്രങ്ങളുടെ കൂട്ടത്തില്‍ മുന്നില്‍നില്‍ക്കുന്ന ദ് സണ്‍ഡെ ടൈംസിന് ആറാം സ്ഥാനമേ ഉള്ളൂ. ദ് സണ്‍, ദ് സണ്‍ ഓണ്‍ സണ്‍ഡെ, ഡെയ്‌ലി മെയില്‍, മെയില്‍ ഓണ്‍ സണ്‍ഡെ, മെട്രോ എന്നിവ ഏറ്റവും മുന്നില്‍ നില്‍ക്കുന്നു. ഇവയെല്ലാം ടാബ്ലോയ്ഡ് വലുപ്പത്തിലുള്ളവയാണെങ്കിലും എല്ലാം മുഴുനീള മഞ്ഞയല്ല.

ന്യൂസ് ഓഫ് ദ് വേള്‍ഡ്് തകര്‍ന്നത് മര്‍ഡോക് കുടുംബത്തെ തകര്‍ത്തൊന്നുമില്ല. ലോകത്തിലെ 500 സമ്പന്നന്മാരുടെ പട്ടികയില്‍ 272ാം സ്ഥാനത്ത് ആ കുടുംബമായിരുന്നു 2005-ല്‍. അന്ന്് 2.3 ബില്യന്‍ ഡോളര്‍ ആയിരുന്നു അവരുടെ ആസ്തി. 2020-ല്‍ റാങ്ക് 375-ലേക്കു താഴ്‌ന്നെങ്കിലും ആസ്തി 5.2 ആയി വളര്‍ന്നിരുന്നു.

ലെവ്‌സണ്‍ റിപ്പോര്‍ട്ടിന് എന്തു സംഭവിച്ചു?

ന്യൂസ് ഓഫ് ദ് വേള്‍ഡ് വിവാദം ഉയര്‍ത്തിയ കൊടുങ്കാറ്റ് ഗുണപരമായി പരിണമിക്കണമെന്ന സദുദ്ദേശ്യത്തോടെയാണ് അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഭരണകൂടം ജസ്റ്റിസ് ലെവ്‌സണ്‍ എന്ന മുതിര്‍ന്ന ജഡ്ജി അദ്ധ്യക്ഷനായി ഒരു അന്വേഷണകമ്മീഷനെ നിയമിച്ചത്. ബ്രിട്ടനിലെ പത്രപ്രവര്‍ത്തനരീതിയും മാധ്യമസംസ്‌കാരവും ധാര്‍മികതയും പഠിക്കുകയാണ് കമ്മീഷനു നല്‍കിയ ചുമതല. പത്രങ്ങളും പൊതുജനവുമായുള്ള ബന്ധം, ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെ മാധ്യമരംഗത്തു നടക്കുന്ന നിയമവിരുദ്ധ നടപടികള്‍, പത്രങ്ങളും പൊലിസും തമ്മിലും പത്രങ്ങളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം എന്നീ കാര്യങ്ങള്‍ കമ്മീഷന്‍ പഠിച്ചു. അധികം സമയമെടുക്കാതെ കമ്മീഷന്‍ 2012-ല്‍ രണ്ടായിരത്തിലേറെ പേജുകളുള്ള റിപ്പോര്‍ട്ട് ഗവണ്മെന്റിനു സമര്‍പ്പിച്ചു. പ്രധാനപ്പെട്ട ശുപാര്‍ശകള്‍ ചുവടെ-

 * തീര്‍ത്തും ഹാനികരമായ രീതിയില്‍ മാധ്യമങ്ങള്‍ സെന്‍സേഷന്‍ വാര്‍ത്തകള്‍ക്ക് പിറകെ പോകുന്നു. അനേകം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതുകാരണം ഗുരുതരമായ ഹാനി സംഭവിച്ചിട്ടുണ്ട്.

* പത്രങ്ങള്‍ സ്വയംനിയന്ത്രിതമായി തുടരണം. എന്തു പ്രസിദ്ധപ്പെടുത്തണം എന്ന കാര്യത്തില്‍ ഗവണ്മെന്റിന് ഒരു നിയന്ത്രണവും ഉണ്ടാവരുത്. 

* വാര്‍ത്തകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും പരിശോധിക്കുന്നതിന് ഒരു സ്വതന്ത്രസംവിധാനം ഉണ്ടാവണം. ഇതിന്റെ പെരുമാറ്റച്ചട്ടം മാധ്യമ       ങ്ങള്‍ തന്നെ തീരുമാനിക്കണം. ഇക്കാര്യത്തില്‍ ഗവണ്മെന്റ് നിയമനിര്‍മാണം നടത്തണം. നിലവിലുള്ള സംവിധാനം ഒട്ടും ഫലപ്രദമല്ല.

* ഗുരുതരമായ വീഴ്ചകള്‍ക്ക് മാധ്യമങ്ങളില്‍നിന്ന് മൊത്തം ടേണോവറിന്റെ ഒരു ശതമാനമോ, കൂടിയാല്‍ ദശലക്ഷം പൗണ്ടോ പിഴ ഈടാക്കാം.

* സ്വതന്ത്രസമിതിയുടെ പ്രവര്‍ത്തനത്തിന് ബലവും സ്വാതന്ത്ര്യവും ഉണ്ടാകാന്‍ ഗവണ്മെന്റ് നിയമനിര്‍മാണം നടത്തണം. 

* പത്രപ്രവര്‍ത്തനം സംബന്ധിച്ചുള്ള  പരാതികള്‍ ഗൗരവപൂര്‍വം കൈകാര്യം ചെയ്യുമെന്ന ഉറപ്പ് ജനങ്ങള്‍ക്കും മറ്റ് ഇടപെടലുകളില്‍ നിന്ന്് സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ് പ്രസിദ്ധീകരണങ്ങള്‍ക്കും ഉണ്ടാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. 

ഗവണ്മെന്റ് നിയമനിര്‍മാണം നടത്തണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ നിരസിച്ചു. മാധ്യമസ്വാതന്ത്ര്യത്തിലുള്ള ഇടപെടലാവും അതെന്നും അതിരു കടന്നുള്ള ഒരു നടപടിക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെത്തുടര്‍ന്ന് പത്രങ്ങള്‍ക്കെതിരെ അണിനിരന്ന മുഴുവനാളുകളും ഇതില്‍ ക്ഷുഭിതരായി. തുടര്‍ന്ന്, ചില നടപടികള്‍ക്ക് ഗവണ്മെന്റ് തുടക്കമിട്ടു.

മാധ്യമങ്ങള്‍ക്കു മേല്‍ എന്തുതരം നിയന്ത്രണ സംവിധാനമാണ് ഉണ്ടാക്കേണ്ടത് എന്നതു സംബന്ധിച്ച് ചര്‍ച്ചകളും തര്‍ക്കങ്ങളും പിന്നെയും തുടര്‍ന്നു. നിലവിലുണ്ടായിരുന്ന പ്രസ് കംപ്ലെയ്ന്റ്‌സ് കമ്മീഷന്‍(പി.സി.സി.) അവസാനിപ്പിക്കണമെന്നും കൂടൂതല്‍ ഫലപ്രദമായ പുതിയ സംവിധാനം ഉണ്ടാകണമെന്നും പി.സി.സി ചെയര്‍മാന്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഒട്ടും ഫലപ്രദമല്ല നിലവിലുള്ള സംവിധാനമെന്നും ശിക്ഷാധികാരമുള്ള-സ്വതന്ത്ര, കര്‍ശന, ‘പല്ലുള്ള’- സംവിധാനം വേണം എന്നായിരിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. 

പ്രധാനമന്ത്രി കാര്യം ഗൗരവമായാണ് എടുത്തത്. പരാതികള്‍ നേരാംവണ്ണം അന്വേഷിക്കാനും ചട്ടലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കാനും ശിക്ഷാനടപടികള്‍ പത്രങ്ങളില്‍ പരസ്യപ്പെടുത്താനും വ്യവസ്ഥയുണ്ടാകണമെന്നുമാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. ഇതുകൊണ്ടൊന്നും ആശയക്കുഴപ്പങ്ങള്‍ തീര്‍ന്നില്ല. ജസ്റ്റിസ് ലെവ്‌സണ്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പത്രങ്ങള്‍ക്കു മാത്രമാണ് ബാധകമായിരുന്നത്. ദൃശ്യമാധ്യമങ്ങള്‍ക്ക് നിയമപ്രാബല്യമുള്ള സംവിധാനം ഉണ്ട്. എന്നാല്‍, നവമാധ്യമങ്ങള്‍ക്ക് പഴയ പീനല്‍ കോഡ് മാത്രമാണ് ബാധകമായിരുന്നത്. ഇങ്ങനെയൊരു കുഴഞ്ഞ സംവിധാനം പോരെന്ന നിലപാട് പലരും ഉന്നയിച്ചു. 

നീണ്ട ചര്‍ച്ചകള്‍ക്കും നിയമനിര്‍മാണങ്ങള്‍ക്കും ശേഷം നിലവിലുണ്ടായിരുന്ന പ്രസ് കംപ്‌ളെയന്‍സ് കമ്മീഷന്‍ ഇല്ലാതാവുകയും പകരം  ഇന്‍ഡിപെന്‍ഡന്റ് പ്രസ് സ്റ്റാന്‍ഡേഡ്‌സ് ഒര്‍ഗനൈസേഷന്‍(ഐ.പി.എസ്.ഒ) രൂപവല്‍ക്കരിക്കുകയും ചെയ്തു. ചെറുകിട മാധ്യമങ്ങള്‍ക്കായി ഇംപ്രസ്(ദ് ഇന്‍ഡിപെന്‍ഡന്റ് മോണിറ്റര്‍ ഫോര്‍ ദ് പ്രസ്)എന്ന മറ്റൊരു സംവിധാനമാണ് നിലവിലുള്ളത്. ജസ്റ്റിസ് ലെവ്‌സണ്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ അനുസരിച്ചുതന്നെയാണോ ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നു നിരീക്ഷിക്കാന്‍ ഗവണ്മെന്റു തലത്തില്‍ പ്രസ് റിക്കഗ്നിഷന്‍ പാലനും പ്രവര്‍ത്തിക്കുന്നുണ്ട്. ഐ.പി.എസ്.ഒ.യും ഇംപ്രസ്സും ഗവണ്മെന്റ് നിയമിതമല്ലെങ്കിലും പി.ആര്‍.പി.യെ നിയമിച്ചതും നിയന്ത്രിക്കുന്നതും ഗവണ്മെന്റ്  ആണ്.

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് ദോഷകരമായ നടപടികളൊന്നും പത്രവിരുദ്ധവികാരം ഉണര്‍ത്തിയ ഈ വിവാദം മൂലം ഉണ്ടായില്ല എന്നത് ശരിയാണ്.ഒപ്പം, ബ്രിട്ടീഷ് പൗരന്മാര്‍ക്ക് സെന്‍സേഷനല്‍ മാധ്യമങ്ങളില്‍നിന്ന് മതിയായ സംരക്ഷണം ഉറപ്പുനല്‍കാന്‍ ഇപ്പോഴും കഴിയുന്നില്ല എന്ന പരാതി തുടരുകയാണ്.  

 

(മീഡിയ മാഗസീനില്‍ മീഡിയ ബൈറ്റ്‌സ് പംക്തിയില്‍ 2021 ആഗസ്ത് ജുലൈ ലക്കത്തില്‍ എഴുതിയത്)

Leave a Reply

Your email address will not be published. Required fields are marked *

Go Top