പ്രസ് കൗണ്‍സില്‍ അധ്യക്ഷനും വേണം മാധ്യമവിദ്യാഭ്യാസം

എൻ.പി.രാജേന്ദ്രൻ

പ്രസ് കൗണ്‍സില്‍ മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാറുള്ളത് മാധ്യമരംഗത്ത് അത് സ്വീകരിച്ച എന്തെങ്കിലും പ്രയോജനപ്രദമായ നടപടികളുടെ പേരിലല്ല. മറിച്ച് അതതുകാലത്തെ ചെയര്‍മാന്‍മാര്‍ വാര്‍ത്തകളില്‍ സൃഷ്ടിക്കാറുള്ള ചായക്കോപ്പയിലെ കൊടുങ്കാറ്റുകള്‍ കൊണ്ടാണ്. തീര്‍ച്ചയായും ചുമതലയേറ്റ് ദിവസങ്ങള്‍ക്കകം തന്നെ ഇപ്പോഴത്തെ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു മുന്‍ ചെയര്‍മാന്മാരെയെല്ലാം ഇക്കാര്യത്തില്‍ പിന്നിലാക്കുകയുണ്ടായി.

പത്രപ്രവര്‍ത്തകര്‍ക്ക് യോഗ്യത നിയമപരമായി നിശ്ചയിക്കണം എന്നതാണ് അദ്ദേഹത്തിന്റെ പുതിയ ബ്രെയ്ന്‍വേവ്. വൈദ്യം, നിയമം, അധ്യാപനം തുടങ്ങിയ പ്രൊഫഷനുകളില്‍ നിന്ന് വ്യത്യസ്തമായി ജേണലിസത്തില്‍ പ്രവേശിക്കാന്‍ കുറഞ്ഞ യോഗ്യത നിശ്ചയിക്കപ്പെട്ടിട്ടില്ല. ‘ അതുകൊണ്ട് പലപ്പോഴും വേണ്ടത്ര, അല്ലെങ്കില്‍ ഒട്ടും പരിശീലനം കിട്ടാത്തവര്‍ തൊഴിലില്‍ പ്രവേശിക്കുന്നു. ഇവര്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നില്ല, ഇത് പല ദോഷഫലങ്ങളുമുണ്ടാക്കുന്നു ‘ എന്നാണ് ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടത്. ‘കുറഞ്ഞ യോഗ്യത നിയമപരമായി നിശ്ചയിക്കേണ്ട സമയമെത്തിയിരിക്കുന്നു’  എന്ന നിഗമനത്തില്‍ എത്തിയ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് അംഗങ്ങളെ നിയോഗിക്കുകയും ചെയ്തു.

മാധ്യമരംഗവുമായും മാധ്യമസ്വാതന്ത്ര്യവുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഇക്കാര്യത്തില്‍ സംശയമേറെ ഉണ്ട്. മാധ്യമം എന്ന ഫോര്‍ത്ത് എസ്റ്റേറ്റിനെ കുറിച്ച് വേണ്ടത്ര മനസ്സിലാക്കിയിട്ടുതന്നെയാണോ ജസ്റ്റിസ് കട്ജു തന്റെ പുതിയ ചുമതല നിര്‍വഹിക്കുന്നത് എന്ന സംശയം തുടക്കം മുതല്‍ തന്നെ ഉണ്ടായിരുന്നു. അഭിഭാഷക വൃത്തിയെയും അധ്യാപനത്തെയും വൈദ്യസേവനത്തെയും പോലൊരു പ്രൊഫഷനായി മാധ്യമപ്രവര്‍ത്തനത്തെ കാണുമ്പോള്‍തന്നെ അദ്ദേഹത്തിന് ചുവടുപിഴച്ചു എന്ന് മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് പഠിക്കാന്‍ ശ്രമിച്ചവര്‍ക്കെല്ലാം ബോധ്യപ്പെടും. മാധ്യമപ്രവര്‍ത്തനം മറ്റു പ്രൊഫഷനുകളില്‍നിന്നെല്ലാം വ്യത്യസ്തമായതുകൊണ്ടുതന്നെയാണ് ജനാധിപത്യലോകത്തൊരിടത്തും, മറ്റുതൊഴിലുകളുടെ മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളൊന്നും മാധ്യമപ്രവര്‍ത്തനത്തിന്റെ മേല്‍ ഏര്‍പ്പെടുത്താതിരുന്നത്.

ഇതിന്റെ അര്‍ത്ഥം മാധ്യമപ്രവര്‍ത്തകന് യോഗ്യത നിശ്ചയിക്കരുതെന്നല്ല. സാമാന്യം മാന്യതയുള്ള പ്രസിദ്ധീകരണങ്ങളിലെല്ലാം മാധ്യമപ്രവര്‍ത്തകന് മിനിമം യോഗ്യത നിശ്ചയിച്ചിട്ടുണ്ട്. എന്തുതരം പത്രം വേണം എന്ന് നിശ്ചയിക്കുന്ന പത്രനടത്തിപ്പുകാരന്‍ തന്നെയാണ് എന്തുതരം പത്രപ്രവര്‍ത്തകന്‍ വേണം എന്നും എന്തുയോഗ്യത അയാള്‍ക്കുണ്ടാവണം എന്നും നിശ്ചയിക്കുന്നത്. യോഗ്യത നിശ്ചയിച്ചും അതുപരിശോധിച്ചും തന്നെയാണ് അവര്‍ റിപ്പോര്‍ട്ടര്‍മാരെയും സബ് എഡിറ്റര്‍മാരെയും നിയമിക്കുന്നത്. ഒരു പത്രത്തിന് അതര്‍ഹിക്കുന്ന തരം പത്രപ്രവര്‍ത്തകരെ കിട്ടും. നിയമം കൊണ്ട് അതുനിര്‍ണയിക്കുന്നത് പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം തന്നെയായിരിക്കുമെന്ന് തീര്‍ച്ച. തനിക്ക് പത്താം കിട മാധ്യമപ്രവര്‍ത്തകനും പത്താം കിട പത്രവും മതി എന്നുനിശ്ചയിക്കാനുള്ള സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യത്തില്‍ പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ജസ്റ്റിസ് കട്ജുവിന്റെ നിലപാട് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യതയാണോ പത്രപ്രവര്‍ത്തകന്റെ അറിവും ഗുണവും നിശ്ചയിക്കുന്നത് ? മിനിമം അറിവുണ്ടോ എന്ന് അവന് ശമ്പളം കൊടുക്കുന്നവരാണ് ആദ്യം നോക്കുക, അതവരുടെ തലവേദനയാണ്. ഇനി, മിനിമം വിദ്യാഭ്യാസ യോഗ്യത ഉണ്ട് എന്നത് പത്രപ്രവര്‍ത്തകനാകാന്‍ മതിയായ യോഗ്യത ആവുമോ ? ലോകത്തെ ഒരുപാടൊരുപാട് മികച്ച പത്രാധിപന്മാര്‍ ന്യൂസ് റൂമുകളില്‍ കോഫി ബോയ്‌സ് ആയി വന്നവരായിരുന്നു എന്ന് ജസ്റ്റിസ് കട്ജുവിന് അറിഞ്ഞില്ലെന്ന് വരുമോ ? അവര്‍ ജോലിയില്‍ കഴിവ് ആര്‍ജിക്കുകയാണ് ചെയ്യുന്നത്, വിവരം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അവരുടെ ക്രിയേറ്റിവിറ്റി ജന്മനാ ഉള്ളതാണ്. പാര്‍ലമെന്റില്‍ നിയമമുണ്ടാക്കിയാല്‍ ഉണ്ടാകുന്നതല്ല പത്രപ്രവര്‍ത്തകനാനുളള ക്രിയേറ്റിവിറ്റിയും സാമൂഹ്യബോധവും പ്രതിബദ്ധതയും മറ്റും മറ്റും. പഴയ കാലമല്ലല്ലോ ഇത്. ഏറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അതനുസരിച്ചുള്ള മാറ്റങ്ങള്‍ മാധ്യമവിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടുണ്ടോ ഇനിയും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്നെല്ലാം പരിശോധിക്കാന്‍ പ്രസ് കൗണ്‍സില്‍ മുന്നോട്ടുവന്നാല്‍ അതിനെ ആരും സ്വാഗതം ചെയ്യും തീര്‍ച്ച.

ജസ്റ്റിസ് കട്ജുവിന് പല നല്ല വശങ്ങളുമുണ്ട്. അദ്ദേഹം വര്‍ഗീയചിന്തകള്‍ക്കെതിരെ ആഞ്ഞടിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചാല്‍ പത്രങ്ങളിലെ വര്‍ഗീയചിന്ത ഇല്ലാതാവുമോ ? മാധ്യമ അഴിമതിയില്‍ അക്ഷമനാണ് അദ്ദേഹം. പെയ്ഡ് ന്യൂസ് സമ്പ്രദായം രാജ്യത്തുണ്ടായത് മാധ്യമവിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടാണോ ? മരിച്ചുപോയ പെണ്‍കുട്ടിയുടെ ഫോണ്‍ ഹാക്ക് ചെയ്ത് വാര്‍ത്ത ചമച്ച് ബ്രിട്ടനെ ഞെട്ടിച്ച് പത്രപ്രവര്‍ത്തകര്‍ക്ക് വിദ്യാഭ്യാസയോഗ്യതയുടെ കുറവുവല്ലതും ഉണ്ടായിരുന്നോ ?  മാധ്യമങ്ങളിലെ സെന്‍സേഷനലിസത്തെ ചെറുക്കുന്ന ആളാണ് കട്ജു. മാധ്യമം വെറും കച്ചവടം ആയത് മാധ്യമവിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടാണോ ? ഞങ്ങള്‍ വാര്‍ത്താവ്യവസായത്തിലല്ല, പരസ്യവ്യവസായത്തിലാണ് എന്ന് മാധ്യമ ഉടമ പ്രഖ്യാപിച്ചത് മാധ്യമവിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടാണോ ?

മാധ്യമ പ്രവര്‍ത്തകന്‍ യോഗ്യനാവട്ടെ, അല്ലാതിരിക്കട്ടെ. അയാള്‍ എഴുതുന്ന വാര്‍ത്ത പ്രസിദ്ധീകരിക്കണമോ എന്നുതീരുമാനിക്കുന്നത് എന്തുവിദ്യാഭ്യസയോഗ്യത ഉള്ള ആളാണ് ? അക്ഷരാഭ്യാസമില്ലാത്തവര്‍ക്കും ഇവിടെ പ്രധാനമന്ത്രിയാകാം, രാഷട്രപതിയാകാം, പത്ര ഉടമയാകാം, ചാനല്‍ നടത്താം, പത്രാധിപരുമാകാം. അതിലൊന്നും ഒരു കുഴപ്പവും കാണുന്നില്ല. മിനിമം യോഗ്യത മാധ്യമപ്രവര്‍ത്തകന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ല എന്നതുമാത്രമാണ് ആകാശം ഇടിച്ചുവീഴ്ത്തുന്ന ഭീമന്‍ പ്രശ്‌നം.

പത്രപ്രവര്‍ത്തകന് മിനിമം വിദ്യാഭ്യസയോഗ്യത വേണ്ട എന്നല്ല വാദിക്കുന്നത്. മറ്റനേകം യോഗ്യതകള്‍ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത കൂടി ഉണ്ടെങ്കില്‍ സംഗതി അസ്സലാവും, സംശയമില്ല. അറിവില്ലാത്ത പത്രപ്രവര്‍ത്തകന്‍ അയോഗ്യന്‍ തന്നെ. പക്ഷേ, ഇതൊന്നും നിയമമുണ്ടാക്കിയല്ല നിശ്ചയിക്കേണ്ടതെന്നുമാത്രം. ഇതോടൊപ്പം ഓര്‍ക്കേണ്ട വേറൊരു കാര്യമുണ്ട്. നാളെ പ്രസ് കൗണ്‍സിലിന്റെ ശുപാര്‍ശ കേട്ട് കേന്ദ്രസര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകനാകാന്‍ ഉയര്‍ന്ന യോഗ്യത നിശ്ചയിക്കുന്നു എന്നു വെക്കുക. (അതുനടപ്പില്ലെന്നത് വേറെ കാര്യം). ബിരുദാനന്തര ബിരുദവും ഡോക്റ്ററേറ്റും മിനിമം യോഗ്യതയായി നിശ്ചയിച്ചുഎന്നുതന്നെ കരുതുക. മാധ്യമങ്ങളിലെ ഇന്നത്തെ ശമ്പള നിലവാരം അതിനൊത്തതാക്കാന്‍ സര്‍ക്കാറിനോ പ്രസ് കൗണ്‍സിലിനോ കഴിയുമോ ? ഉയര്‍ന്ന വിദ്യാഭ്യാസവും മോശം ശമ്പളവുമെന്ന പൊരുത്തക്കേട്  പത്രപ്രവര്‍ത്തനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമാണോ ?മുന്തിയ ഭാഷാപത്രത്തില്‍ പത്തുകൊല്ലം സര്‍വീസുള്ളവര്‍ പോലും സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്റ് പണി കിട്ടിയാല്‍ പാഞ്ഞുപോകും. മുന്‍കാലങ്ങളില്‍ കോളേജ് അധ്യാപക ജോലിയാണ് മാധ്യമപ്രവര്‍ത്തനത്തോട് തുല്യത ഉണ്ടായിരുന്ന തൊഴില്‍. ഇപ്പോള്‍ എന്‍.ഡി.ക്ലാര്‍ക്ക് തസ്തിക മാധ്യമപ്രവര്‍ത്തനത്തേക്കാള്‍ സാമ്പത്തികമായി ആകര്‍ഷകമായിരിക്കുന്നു. സര്‍ക്കാര്‍ സര്‍ക്കാര്‍ നിയോഗിച്ച വേജ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് നടപ്പാക്കിക്കാനുള്ള നെട്ടെല്ലില്ലാത്ത സര്‍ക്കാറുകളാണോ നാളെ  നാളെ പത്രപ്രവര്‍ത്തകന് മിനിമം വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കാന്‍ പോകുന്നത് ?

ആവര്‍ത്തിക്കട്ടെ, മാധ്യമവിദ്യാഭ്യസം പ്രധാനമല്ല എന്ന വാദം ഇല്ലേയില്ല. അത് പ്രധാനമാണ്. മാധ്യമവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ പ്രസ് കൗണ്‍സില്‍ ശ്രമിക്കണം. സമഗ്രമായി വേണം ഈ പ്രശ്‌നത്തെ കാണാന്‍. മാധ്യമവിദ്യാഭ്യാസം, തൊഴില്‍ ലഭ്യത, തൊഴില്‍ സുരക്ഷിതത്ത്വം, വേതനം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ചേര്‍ത്തുവെച്ചുവേണം പ്രശ്‌നത്തെ സമീപിക്കാന്‍. മാധ്യമപ്രവര്‍ത്തകര്‍ വേണ്ടത്ര യോഗ്യത ഉള്ളവരല്ല എന്നതിനേക്കാള്‍ വലിയ പ്രശ്‌നംപ്രസ് കൗണ്‍സില്‍ ചെയര്‍മാനുപോലും വേണ്ടത്ര മാധ്യമവിദ്യാഭ്യസം ഇല്ല എന്നതാണ്.  മാധ്യമം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാതെ മറ്റെന്ത് അറിഞ്ഞിട്ടെന്തുകാര്യം !

 

Leave a Reply

Your email address will not be published. Required fields are marked *

Go Top