മക്രോണി മുതല്‍ അരവയര്‍ വരെ

ഇന്ദ്രൻ

പ്രതിസന്ധി വരുമ്പോള്‍ ഒന്നിച്ചുനിന്ന്‌ നേരിടുകയാണ്‌ വേണ്ടത്‌ എന്ന്‌ കമ്യുണിസ്‌റ്റുകാരോട്‌ പറയേണ്ട കാര്യമില്ല. അടിവരുമ്പോള്‍ നാളാള്‍ നാല്‌ വഴിക്ക്‌ പായുന്ന ശീലം കോണ്‍ഗ്രസ്സുകാരുടേതാണ്‌, കമ്യുണിസ്റ്റുകാര്‍ പൊതുവെ ഒരു വഴിക്കേ ഓടാറുള്ളു . ഭക്ഷ്യപ്രതിസന്ധി വന്നപ്പോള്‍ ഇറച്ചിയും മുട്ടയും കഴിച്ചുശീലിക്കണമെന്ന്‌ ഭക്ഷ്യമന്ത്രിയും അരവയര്‍ നിറച്ചാല്‍ മതിയെന്ന്‌ കൃഷിമന്ത്രിയും പറയുമ്പോള്‍ എന്തോ എവിടെയോ പിശകുണ്ട്‌. സംസ്ഥാനക്കമ്മിറ്റി യോഗം ചേര്‍ന്ന്‌ തലങ്ങും വിലങ്ങും ചര്‍ച്ച ചെയ്‌തിട്ടായാലും ശരി ഇക്കാര്യത്തിലൊരു തീര്‍പ്പുണ്ടാക്കുന്നത്‌ നന്നാവും. അല്ലെങ്കില്‍, അരവയര്‍ നിറച്ച്‌ ഇറച്ചിയും മുട്ടയും കഴിച്ച്‌ അജീര്‍ണം ബാധിച്ച്‌ ആളുകള്‍ ആസ്‌പത്രിയിലാകും. മുട്ടയും ഇറച്ചിയും ഔട്ടോഫ്‌ സ്റ്റോക്ക്‌ ആയി വില കുതിച്ചുപൊങ്ങും എന്നത്‌ മറ്റൊരു പ്രശ്‌നം. ഇതിന്റെയും പഴി കേള്‍ക്കേണ്ടിവരിക മന്ത്രിമാര്‍തന്നെയാകും.

മുല്ലക്കര രത്‌നാകരനെ ഒരു ഗാന്ധിയന്‍ എന്ന്‌ വിളിക്കുന്നത്‌ മുല്ലക്കര രത്‌നാകരനോ ഗാന്ധിയന്മാരോ ഇഷ്ടപ്പെടുകയില്ല എന്നറിയാം. എന്നാലും പറയാതെ വയ്യ. മുല്ലക്കരയുടെ അരവയര്‍ നിര്‍ദ്ദേശം ഗാന്ധിയന്‍ ലൈന്‍ ആണ്‌്‌. പണ്ട്‌ യുദ്ധകാലത്ത്‌ അരികിട്ടാതെ ആളുകള്‍ പരക്കംപായുന്ന സമയത്താണ്‌ ഭക്ഷണക്രമത്തില്‍ മാറ്റംവരുത്തണമെന്ന്‌ ഗാന്ധിജി നിര്‍ദ്ദേശിച്ചത്‌. കുറ്റം പറയരുതല്ലോ അന്ന്‌ ഗാന്ധിയെ കമ്യുണിസ്റ്റ്‌ നേതാക്കള്‍ കണക്കിന്‌ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഗാന്ധിയും അന്ന്‌ പ്രതിപക്ഷത്തായിരുന്നു, കമ്യുണിസ്റ്റുകാരും പ്രതിപക്ഷത്തായിരുന്നു. എന്നിട്ടും ഗാന്ധിയെ വെറുതെവിട്ടിരുന്നില്ല.

കേരളത്തിലെന്നല്ല ലോകത്തെങ്ങും കമ്യൂണിസ്റ്റ്‌ പാര്‍ട്ടി വളര്‍ന്നത്‌ നാട്ടിലെ പട്ടിണിയും ഭക്ഷ്യക്ഷാമവും കാരണമാണ്‌. ഏത്‌ രാജ്യമെടുത്തുനോക്കിയാലും ഇതുസത്യം. എല്ലാദിവസവും വയറുനിറച്ചുണ്ണാന്‍കിട്ടിയാല്‍പ്പിന്നെ ജനത്തിന്‌ കമ്യുണിസം വേണ്ട,കിടക്കാന്‍ പായ കിട്ടിയാല്‍ മതി. പട്ടിണിജാഥയും ഭക്ഷ്യപ്രക്ഷോഭവും നടത്താതെ ഒരു കമ്യുണിസ്‌റ്റ്‌ നേതാവും നേതാവായിട്ടില്ല. ആശയസമരത്തേക്കാള്‍ അതീവഗുണപ്രദമാണ്‌ ഈ ആമാശയസമരം. ജാതകദോഷം എന്നല്ലാതെന്ത്‌ പറയാന്‍….കമ്യുണിസ്‌റ്റ്‌ പാര്‍ട്ടി എന്ന്‌ അധികാരത്തില്‍ വന്നോ അന്നുതുടങ്ങും ആ പാമ്പ്‌ തിരിച്ചുകടിക്കാന്‍. അത്‌ ഇന്നുതുടങ്ങിയ നിര്‍ഭാഗ്യമൊന്നുമല്ല. അമ്പത്തേഴില്‍ ആദ്യമായി അധികാരത്തില്‍ വന്നപ്പോഴായിരുന്നു ആദ്യത്തെ പുകില്‍. അരിയില്ല. കേരളീയര്‍ പട്ടിണി കിടന്നാലും വേണ്ടില്ല, കമ്യുണിസ്റ്റുകാരുടെ മണ്ടയ്‌ക്ക്‌ രണ്ടുകൊടുക്കാന്‍ ഇതുതന്നെ നല്ല ചാന്‍സ്‌ എന്നാണ്‌ കേന്ദ്രത്തിലെ മഹാന്‍മാര്‍ക്ക്‌ തോന്നിയത്‌. അരിതരാത്ത തുണിതരാത്ത പണിതരാത്ത ഭരണമേ തകരു തകരു തകരു നിന്റെ കൊടിമരങ്ങള്‍ തകരട്ടെ എന്ന്‌ വിളിച്ച്‌ ശീലിച്ചിരുന്ന നാവുകള്‍ ആവശ്യത്തിന്‌ ഭക്ഷണം കിട്ടാതെ തളര്‍ന്നുപോയി. അന്നാണ്‌ മക്രോണിയെന്നൊരു ഭക്ഷ്യവസ്‌തു ഭരണാധികാരികള്‍ അവതരിപ്പിച്ചത്‌. ആ വിചിത്രവസ്‌തു കപ്പയില്‍ നിന്ന്‌ ഉണ്ടാക്കിയെടുത്തതായിരുന്നുവെന്ന്‌ നവീനകേരളീയ ചരിത്രകാരന്മാരായ ചെറിയാന്‍ഫിലിപ്പ്‌, കെ.രാജേശ്വരി തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌്‌. കൃത്യമായി പറഞ്ഞാല്‍ അറുപതുശതമാനം ഉണക്കക്കപ്പ, മുപ്പതുശതമാനും പിണ്ണാക്ക്‌, പത്തുശതമാനം ഗോതമ്പ്‌ എന്നിങ്ങനെയാണ്‌ ഉള്ളടക്കത്തിന്റെ അനുപാതം. ആരുടെ പേരിലായിരുന്നു ഇതിന്റെ പേറ്റന്റ്‌ എന്നൊന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടില്ല. അന്നത്തെ മുല്ലക്കര രത്‌നാകരനായിരുന്ന മന്ത്രി ജോര്‍ജിനെ അന്നത്തെ പ്രതിപക്ഷവും മാധ്യമസിന്‍ഡിക്കേറ്റും ചേര്‍ന്ന്‌ മാക്രോണിമന്ത്രിയെന്നായിരുന്നു വിളിച്ചിരുന്നത്‌. കേരളീയരുടെ ഭാഗ്യം എന്നാണോ നിര്‍ഭാഗ്യം എന്നാണോ പറയേണ്ടത്‌ എന്നറിയില്ല, അതിന്‌ മുമ്പും അതിന്‌ ശേഷവും മക്രോണിയെ കേരളത്തിലാരും കണ്ടിട്ടില്ല. കഞ്ഞിയും കപ്പയും മത്തിയും വരെ ഫൈസ്‌ സ്റ്റാര്‍ ഹോട്ടലുകളില്‍ എത്തിയിട്ടും മാക്രോണി എത്തിയില്ല എന്നോര്‍ത്താല്‍ അറിയാം അതിന്റെ ഗുണമേന്മ. മക്രോണി കൊണ്ട്‌ ഒരു രക്ഷയും ഇല്ലാതായപ്പോഴാണ്‌ അന്നത്തെ സര്‍ക്കാര്‍ ആന്ധ്രയില്‍ നിന്ന്‌ അരി ഇറക്കുമതി ചെയ്‌തത്‌. അതുണ്ടാക്കിയ പൊല്ലാപ്പ്‌ വേറെ.

പത്തുവര്‍ഷം കഴിഞ്ഞ്‌ സപ്‌തകക്ഷി മന്ത്രിസഭ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നപ്പോഴും ആവര്‍ത്തിച്ചു ഏതാണ്ട്‌ ഇതേ നാടകങ്ങള്‍തന്നെ. കേരളത്തില്‍ അന്ന്‌ ഭരണവും ഒപ്പം സമരവും ആയിരുന്നു അഭ്യാസം. കേന്ദ്രഭരണകക്ഷി കേരളത്തില്‍ കേരളത്തിലെ ഭരണകക്ഷിക്കെതിരെ സമരം ചെയ്യുക, കേരളഭരണകക്ഷി കേരളത്തില്‍ കേന്ദ്രം അരി തരണം എന്നാവശ്യപ്പെട്ട്‌ കേന്ദ്രത്തിനെതിരെ സമരം ചെയ്യുക-അതായിരുന്നു മുറ. ഫലം ജനത്തിന്‌ അരവയറുണ്ണാന്‍ പോലും അരിയില്ല. അരവയര്‍ നിറയാപ്പെണ്ണിന്‌ പെരുവയറേകിയ മര്‍ത്യന്‌ സ്‌തുതിപാടുക നാം എന്ന്‌ കവി എഴുതിയത്‌ അക്കാലത്താകാനാണ്‌ സാധ്യത. എന്തായാലും ഭക്ഷ്യസമരവും കേന്ദ്രവിരുദ്ധസമരവും പൊടിപൊടിച്ചു. സൂക്ഷ്‌മവിവരങ്ങള്‍ ആവശ്യമുള്ളവര്‍ യു.ഡി.എഫ്‌ ഏകോപനസമിതിയോഗത്തില്‍ ചെന്ന്‌ ചോദിച്ചാല്‍ മണിമണിയായി പറഞ്ഞുതരും. സമരം നയിച്ച അന്നത്തെ കെ.എസ്‌.യു പ്രസിഡന്റ്‌ ഇന്ന്‌ പ്രതിപക്ഷനേതാവായും അന്നത്തെ യൂത്ത്‌കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ കേന്ദ്രപ്രതിരോധമന്ത്രിയായും സപ്‌തമുന്നണിമന്ത്രിസഭയുടെ ഭക്ഷ്യമന്ത്രി ഇന്നത്തെ ജെ.എസ്‌.എസ്‌ നേതാവായും രംഗത്തുതന്നെയുണ്ട്‌. ഔണ്‍സ്‌ കണക്കിനായിരുന്നു അന്ന്‌ റേഷന്‍ കൊടുത്തിരുന്നത്‌. അതിന്‌ കോഴിറേഷന്‍ എന്നും അസൂയക്കാര്‍ പറയാറുണ്ടായിരുന്നു.

പിന്നീട്‌ ഇങ്ങോളം അച്യുതമേനോന്‍, കരുണാകരന്‍, നായനാര്‍, ആന്റണി, ഉമ്മന്‍ചാണ്ടി എന്നീ ഭരണത്തലവന്മാര്‍ക്കൊന്നും ഭക്ഷ്യപ്രശ്‌നം നേരിടേണ്ടിവന്നിട്ടില്ല. അതവരുടെ കഴിവ്‌ കൊണ്ടാണെന്ന്‌ അവര്‍പോലും അവകാശപ്പെടുകയില്ല. പല പ്രശ്‌നവും ഉണ്ടാകുന്നത്‌ എങ്ങനെയാണ്‌ എന്നറിയാത്തത്‌ പോലെ നമ്മുടെ പല മന്ത്രിമാരും അവ ഇല്ലാതാകുന്നത്‌ എങ്ങനെയെന്നും അറിയാറില്ല. ആരൊക്കെയോ ഗവേഷണം നടത്തുകയോ മുന്തിയ നെല്ലിനങ്ങള്‍ കണ്ടെത്തുകയോ ഹരിതവിപ്‌ളവം നടത്തുകയോ എന്തെല്ലാമോ ചെയ്‌തിട്ടുണ്ട്‌. എഴുപതുകള്‍ക്ക്‌ ശേഷം കഴിഞ്ഞ വര്‍ഷം വരെ കേന്ദ്രത്തിലെ ഭക്ഷ്യമന്ത്രിയാര്‌ എന്ന്‌ ചോദിച്ചാല്‍ ഉത്തരം പറയാന്‍ പത്രപ്രവര്‍ത്തകര്‍പോലും ബുദ്ധിമുട്ടുമായിരുന്നു. പണ്ടായിരുന്നെങ്കില്‍ സി.സുബ്രഹ്മണ്യം ആരാണ്‌ എന്ന്‌ ചോദിച്ചാല്‍ ഒന്നാം ക്ലാസ്സിലെ കുട്ടിയും കേന്ദ്രഭക്ഷ്യമന്ത്രി എന്നു ഉത്തരം പറയുമായിരുന്നു. ഇപ്പോള്‍ ഭക്ഷ്യമന്ത്രിമാരുടെ നല്ലകാലം വരുന്നുണ്ട്‌. കേരളത്തില്‍പ്പോലും സദാസമയം അവരുടെ പേര്‌ ജനങ്ങളുടെ നാവിന്‍തുമ്പിലാണ്‌- ശപിക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും.

എഴുപതുകളുടെ മധ്യകാലത്ത്‌ ചില്ലറ വിലക്കയറ്റമുണ്ടായപ്പോളാണ്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിലക്കയറ്റം ആഗോളപ്രതിഭാസമാണ്‌ എന്ന്‌ പറഞ്ഞത്‌. അതിന്റെ പേരില്‍ ഇന്ദിരാഗാന്ധി കേള്‍ക്കാന്‍ കൊള്ളാത്തതെല്ലാം കേട്ടിട്ടുണ്ട്‌. ഇന്നത്തെ വിലക്കയറ്റവും ഭക്ഷ്യവസ്‌തുദൗര്‍ലഭ്യവും കേരളപ്രതിഭാസമാണോ ദേശീയപ്രതിഭാസമാണോ അതോ ആഗോളപ്രതിഭാസമാണോ ? കേരളപ്രതിഭാസമാണെന്ന്‌ കോണ്‍ഗ്രസ്സുകാരും ദേശീയമാണെന്ന്‌ ഇടതുപക്ഷക്കാരും പറയും. ലോകത്തെന്താണ്‌ നടക്കുന്നത്‌ എന്നതിനെക്കുറിച്ച്‌ ബോധമില്ലാത്തതുകൊണ്ടും അത്‌ മനസ്സിലാക്കിയാല്‍ ഇവിടെ രാഷ്ട്രീയം പറയാന്‍കഴിയില്ല എന്നതുകൊണ്ടും അക്കാര്യം നോക്കാറേ ഇല്ല. 1974 നും 2005നും ഇടയില്‍ മൂന്നിലൊന്നായി കുറഞ്ഞ ലോകഭക്ഷ്യവില ഇക്കഴിഞ്ഞ കാലത്ത്‌ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്‌- 2005 ന്‌്‌ ശേഷം എഴുപത്തഞ്ചുശതമാനം വര്‍ദ്ധന. ലോകത്തെങ്ങും ഭക്ഷ്യോല്‌പ്പാദനം കുറഞ്ഞിട്ടില്ല, ഇന്ത്യയിലും കുറഞ്ഞിട്ടില്ല. 2007-08 ലെ ഇന്ത്യന്‍ ഉത്‌പാദനംസര്‍വകാലറെക്കോഡ്‌ ആണത്രെ. ഇന്ത്യയിലെയും ചൈനയിലെയും ഇടത്തരക്കാരുടെ പോക്കറ്റില്‍ കൂടുതല്‍ കാശുവന്നതും അവര്‍ വലിയ തോതില്‍ ഭക്ഷണം കഴിച്ചുതുടങ്ങിയതുമത്രെ ദൗര്‍ലഭ്യത്തിനും വിലകയറാനും ഒരു കാരണം. അമേരിക്കക്കാര്‍ ജൈവഇന്ധനം ഉണ്ടാക്കാന്‍ വന്‍തോതില്‍ ചോളം ഉപയോഗിച്ചുതുടങ്ങിയതാണത്രെ മറ്റൊരു കാരണം. കാരണമെന്തായാലുംശരി നമ്മുടെ പോക്കറ്റ്‌ കാലിയാകുന്നു…ഭക്ഷണത്തെക്കുറിച്ച്‌ ആശങ്ക തുടങ്ങിയിരിക്കുന്നു….എല്ലാം സഹിക്കാം. വെറും വയറ്റില്‍ മന്ത്രിമാരുടെ അരവയര്‍ ഉപദേശവും കേള്‍ക്കേണ്ടിവരുന്നു.

********
എന്തൊരു ജനാധിപത്യബോധം, എവറസ്റ്റോളം ഉയരത്തിലുള്ള സഹിഷ്‌ണത… സാഹിത്യത്തിന്‌ അവാര്‍ഡ്‌ കൊടുക്കുന്ന ശീലം കോണ്‍ഗ്രസ്സുകാര്‍ക്ക്‌ പൊതുവെ ഇല്ല. ആ രംഗത്ത്‌ പ്രതിഭാശാലികളായ കോണ്‍ഗ്രസ്സുകാര്‍ കുറവാണെന്നതാണ്‌ ഒരു കാരണം. ഉള്ളവര്‍തന്നെ രഹസ്യമായി കോണ്‍ഗ്രസ്സാണെന്ന്‌ സമ്മതിക്കുമെങ്കിലും പരസ്യമായി സ്വതന്ത്രബുദ്ധിജീവി ചമഞ്ഞുകളയും. ഭരണം കൈയിലുള്ളപ്പോള്‍ സാഹിത്യഅക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ ഒരു കോണ്‍ഗ്രസ്സുകാരനെകണ്ടെത്താന്‍ പ്രയാസപ്പെടാറാണ്ടെന്നതാണ്‌ അനുഭവം.
സാഹിത്യഅവാര്‍ഡിന്റെ സ്ഥിതിയും ഇതുതന്നെയാണിപ്പോള്‍
കോണ്‍ഗ്രസ്സിന്റെ കലാസാംസ്‌കാരികവിഭാഗം പനമ്പിള്ളിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരത്തിന്‌ ഡോ.സുകുമാര്‍ അഴീക്കോട്‌ ആണ്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. അഴീക്കോടിന്റെ യോഗ്യതയെക്കുറിച്ച്‌ ഒരു തര്‍ക്കത്തിനുമില്ല. അഴീക്കോടിനേക്കാള്‍ സഹിഷ്‌ണതയാണിപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ക്ക്‌. അല്ലെങ്കില്‍ അവരീ അവാര്‍ഡ്‌ ബാലചന്ദ്രന്‍ വടക്കേടത്തിനോ യു.കെ.കുമാരനോ അക്‌ബര്‍ കക്കട്ടിലിനോ മറ്റോ കൊടുക്കുമായിരുന്നു. ഇനി അതുമല്ലെങ്കില്‍ പ്രഖ്യാപിത മാര്‍ക്‌സിസ്റ്റ്‌ വിരുദ്ധന്മാരായ എത്രയെത്ര ബുദ്ധിജീവികളുണ്ട്‌. അവര്‍ക്കും കൊടുത്തില്ല. അഴീക്കോടിന്‌ തന്നെ കൊടുത്തു. അതിനുള്ള നന്ദിസൂചകമായ പിറ്റേദിവസംതന്നെ അഴീക്കോട്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാഗാന്ധിയുടെ തലയ്‌ക്ക്‌ വെന്‍ട്രിലോക്വിസം എന്നൊരു മുട്ടന്‍വടിയെടുത്താണ്‌ അടിച്ചത്‌. ഇതിലും ഭേദം മലയാളത്തില്‍ രണ്ട്‌ തെറിയെഴുതുകയായിരുന്നു. മധുരം മലയാളം എന്നെങ്കിലും സമാധാനിക്കാമായിരുന്നു!.
**********
എം.ടി.വാസുദേവന്‍ നായര്‍ പോയി കേന്ദ്രസാഹിത്യഅക്കാദമി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിച്ചുതോറ്റതിനും പഴി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌. കേട്ടാല്‍ തോന്നുക അക്കാഡമിയിലെ വോട്ടര്‍മാരെല്ലാം സി.പി.എം കാര്‍ഡ്‌ ഹോള്‍ഡര്‍മാരാണ്‌ എന്നാണ്‌. സി.പി.എമ്മിനോട്‌ ചോദിച്ചിട്ടൊന്നുമല്ല എം.ടി. മത്സരിച്ചത്‌. സി.പി.എം പറഞ്ഞിട്ടുമല്ല. മത്സരിച്ചാല്‍ കൈയും കാലും പിടിച്ച്‌ വോട്ട്‌ ചോദിക്കുക എന്നതാണ്‌. നാട്ടുനടപ്പ്‌. എം.ടി വോട്ടറെ റോഡില്‍കണ്ടാല്‍ ചിരിച്ചെന്നുപോലും വരില്ല. സാഹിത്യകാരന്മാരെയും ബുദ്ധിജീവികളെയും ഈഗോവില്‍ തോല്‌പ്പിക്കാന്‍ കഴിയുന്ന ജീവികള്‍ ഇനി പരിണാമം വഴി ഭാവിയില്‍ ഉണ്ടാകുമായിരിക്കും, ഇപ്പോഴില്ല. സുനില്‍ ഗംഗോപാദ്ധ്യായ സുഹൃത്തായതുകൊണ്ടാണ്‌ എം.ടി വോട്ട്‌ പിടിക്കാതിരുന്നത്‌. എം.ടി.യോട്‌ ബഹുബഹുമാനമായതുകൊണ്ട്‌ സുനില്‍ നാടെങ്ങും പാഞ്ഞുവോട്ട്‌ പിടിച്ചു. എന്നിട്ടും എം.ടി അഞ്ചുവോട്ടിനേ തോറ്റുള്ളൂ. അത്ഭുതം.

നന്ദിഗ്രാമില്‍ സി.പി.എമ്മിനെ ന്യായീകരിച്ച ആളത്രെ സുനില്‍. എം.ടി അത്രയൊന്നും ചെയ്യാറില്ല. ഏറിവന്നാല്‍ കോണ്‍ഗ്രസ്സുകാരുടെ ഹര്‍ത്താലിനെതിരെ കൂട്ടപ്രസ്‌താവനയിലൊപ്പിടും, അത്രമാത്രം. അതൊന്നുമല്ല സി.പി.എമ്മിന്റെ നയങ്ങളെ നിശ്ചയിക്കുന്നത്‌. അതുനേരത്തെ പറഞ്ഞതാണല്ലോ. എം.ടി.ആയാലും ശരി എച്ച്‌.എം.ടി ആയാലും ശരി നയവും തത്ത്വവും വിട്ടുള്ള ഒരു കളിക്കും സി.പി.എമ്മിനെകിട്ടില്ല, അതിന്‌ ആളെ വേറെ നോക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Go Top