സ്റ്റിങ്ങ് ജേണലിസം – എന്താണ് പരിധി ?

എൻ.പി.രാജേന്ദ്രൻ

മാധ്യമപ്രവര്‍ത്തനരംഗത്ത് സ്റ്റിങ്ങ് ഓപറേഷന്‍ ഇന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത് ?  തെല്ല് ആശങ്കയോടെയാണ് ഈ ചോദ്യം മാധ്യമപ്രവര്‍ത്തനം നിരീക്ഷിക്കുന്ന ആരും ചോദിക്കുക. ശക്തി പ്രാപിച്ചുവരുന്ന ഈ പ്രവണതയെ സാധാരണ പൗരന്മാര്‍ ആവേശപൂര്‍വം സ്വാഗതം ചെയ്യുന്നു എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നേ ഉള്ളൂ. നിയമമോ വ്യവസ്ഥയോ നിയന്ത്രണമോ ചട്ടവട്ടങ്ങളോ ശരിതെറ്റുകളെക്കുറിച്ചുള്ള ചിന്തയോ ഇല്ലാതെ ആര്‍ക്കും ആര്‍ക്കെതിരെയും നടത്താവുന്ന ഒളിയാക്രമണസംവിധാനമായി മാറുകയാണ്  സ്റ്റിങ്ങ്  ജേണലിസം എന്ന ആശങ്കയാണ് ശക്തി പ്രാപിക്കുന്നത്.

ആരുടെ കൈവശവും ഇന്ന് ഒളിക്യാമറ ഉണ്ടാവാം. സാങ്കേതികവിദ്യയുടെ വ്യാപനം അതിനെ ആര്‍ക്കും കിട്ടുന്ന ഒന്നായി മാറ്റിയിരിക്കുന്നു. പോക്കറ്റിലെ ഒരു പേനത്തുമ്പതത്ത് ഘടിപ്പിച്ച,് ആരോടുസംസാരിക്കുമ്പോഴും വീഡിയോയും ശബ്ദവും റെക്കോഡ് ചെയ്യാം. ആര്‍ക്കെതിരെ എപ്പോള്‍ വേണമെങ്കിലും ഇതുപ്രയോഗിക്കാം. ദിവസവും ടി.വി.ചാനലുകളില്‍ കാണുന്ന വാര്‍ത്തകളില്‍ നല്ലൊരു പങ്ക് ഒളിക്യാമറകളുടെ സംഭാവനയായി മാറിത്തുടങ്ങിയിട്ടുണ്ട്. ഈ കുറിപ്പ് എഴുതുന്നതിനിടെ, ഒരു ക്ഷേത്രത്തിലെ ജീവനക്കാര്‍ ഭണ്ഡാരത്തിലെ നോട്ട് എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയില്‍ നോട്ടുകെട്ടുകള്‍ അരയില്‍ തിരുകുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലില്‍ കാണാന്‍ കഴിഞ്ഞു. തീര്‍ച്ചയായും കാഴ്ച്ചക്കാരെ ഈ രംഗം രസിപ്പിക്കുന്നുണ്ട്. ചാനലിന്റെ പ്രവര്‍ത്തകരെ ആരും അഭിനന്ദിച്ചുപോകും. കുറച്ചുനേരം ലേഖകന്‍ സംഭവത്തെകുറിച്ച് സംസാരിച്ചതുകേട്ടപ്പോള്‍ ഒരു കാര്യം വ്യക്തമായി. ലേഖകന്‍ അല്ല ഒളിക്യാമറ ഓപറേഷന്‍ നടത്തിയത്. ക്ഷേത്രത്തിലെ അഴിമതിയില്‍ മനംനൊന്ത ഒരു ഭക്തനാണ് ക്യാമറ പിടിപ്പിച്ചത്. ഫലത്തില്‍ ഇതൊരു സിറ്റിസണ്‍ ജേണലിസം ഓപറേഷനാണ്.  പ്രത്യക്ഷത്തില്‍ അതില്‍ തെറ്റില്ല. പക്ഷേ, ഇത് ഏത് നിലയിലേക്കും വഴിതെറ്റിപ്പോകാം. വില്ലേജ് ഓഫീസില്‍ അഴിമതി എന്ന തലക്കെട്ടില്‍ വാര്‍ത്ത എഴുതി പത്രം ഓഫീസില്‍ എത്തിക്കുന്ന ലാഘവത്തോടെ ആളുകള്‍ കൈക്കൂലി സീനുകള്‍ ക്യാമറയില്‍ പകര്‍ത്തി ചാനല്‍ ഓഫീസുകളില്‍ എത്തിക്കുന്നത് നല്ലതാണോ ? അഴിമതിക്കാരല്ലേ പേടിക്കേണ്ടൂ, മറ്റുള്ളവര്‍ക്കെന്തിന് ഭയം എന്ന ചോദ്യം സ്വാഭാവികമായി ഉയരാം. ഒന്നുരണ്ട് ദശകങ്ങളായി വികാസം പ്രാപിച്ചുവന്ന ഒളിക്യാമറ സ്റ്റിങ്ങ് ജേണലിസത്തില്‍ എല്ലാ നാട്ടിലുമുള്ള മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിച്ചുവരുന്ന ഒരു മുന്‍കരുതലുണ്ട്-ഒളിക്യാമറ പ്രവര്‍ത്തനം എവിടെ എപ്പോള്‍ നടത്തണമെന്ന് തീരുമാനിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ ആയിരിക്കണം. അവര്‍ ഉണ്ടാക്കിയ റിപ്പോര്‍ട്ട് മാത്രമേ സ്വീകരിക്കുകയുള്ളൂ. ആര്‍ക്കും എവിടെയും ക്യാമറ വെച്ച്  ആരെ വേണമെങ്കിലും ചിത്രീകരിച്ച് ചാനലില്‍ പ്രസിദ്ധപ്പെടുത്താം എന്ന് വരുന്നത് അഴിമതി ഇല്ലാതാക്കുകയല്ല, സ്റ്റിങ്ങ് ഓപറേഷനെതന്നെ വന്‍ അഴിമതി ആക്കി മാറ്റുകയാണ് ചെയ്യുക. വന്‍തോതിലുള്ള ബ്ലാക്ക്‌മെയിലിങ്ങ് വ്യവസായമായി ഇത് രൂപാന്തരപ്പെടാം എന്നര്‍ത്ഥം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയില്‍ രൂപം കൊണ്ട  ‘മക്‌റേക്കേഴ്‌സ്’  ( കുപ്പ കോരുന്നവര്‍ ) എന്നുവിളിക്കപ്പെട്ട പ്രതിഭാസം ദീര്‍ഘകാലം നിലനിന്നിരുന്നു. നിരവധി പത്രപ്രവര്‍ത്തകര്‍ അനീതികളെയും അഴിമതികളെയും ഭരണപരമായ വീഴ്ചകളെയും തുറന്നുകാട്ടാന്‍ രംഗത്തിറങ്ങി. വേഷം മാറി ഭ്രാന്ത് അഭിനയിച്ച് സര്‍ക്കാര്‍ ഭ്രാന്താസ്പത്രിയില്‍ പ്രവേശനം നേടി ആസ്പത്രിയെകുറിച്ച് ആരെയും ഞെട്ടിക്കുന്ന അന്വേഷണ പരമ്പര രചിച്ച ലേഖകരുണ്ട്. ജെയിലിലും മറ്റനവധി മേഖലകളിലും ഇങ്ങനെ കടന്നുചെന്ന് കണ്ണുതുറപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ എഴുതിയവരുടെ കഥകള്‍ മക്‌റേക്കേഴ്‌സ് എന്ന പേരില്‍ ഇറങ്ങിയ അനേകം പുസ്തകങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 1970കള്‍ വരെ അത് തുടര്‍ന്നിരുന്നു. ഈ ലേഖകരൊന്നും പേരും പ്രശസ്തിയും കാംക്ഷിച്ചല്ല വളരെയേറെ അപകടസാധ്യതയുള്ള ഈ പണിക്കിറങ്ങിത്തിരിച്ചത്. അവര്‍ സമൂഹത്തെ സേവിക്കുക എന്ന ലക്ഷ്യംതന്നെയാണ് മുന്നില്‍ കണ്ടത്. അക്കാലത്തെ മാധ്യമപ്രവര്‍ത്തനം സമൂഹസേവനം മുഖ്യലക്ഷ്യമായി കണ്ടിരുന്നു. അന്നത്തെ സാമൂഹ്യപ്രതിബദ്ധത ഇന്നില്ല. ഉണ്ടെന്ന് അഭിനയം മാത്രമുണ്ട്. അതുകൊണ്ടുതന്നെ വ്യാജനാണയങ്ങളെ തിരിച്ചറിയാനും തെറ്റുശരികള്‍ വേര്‍തിരിക്കാനും വഴി കണ്ടെത്തുന്നില്ലെങ്കില്‍ ഏത് പുത്തന്‍ പ്രവണതയും ആദ്യം മധുരിക്കുകയും പിന്നെ കയ്ക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്.

ഡസന്‍കണക്കിന് ചാനലുകള്‍ ഓരോ സംസ്ഥാനത്തും ദേശീയതലത്തിലും കാഴ്ച്ചക്കാരെയും അതുവഴി പരസ്യക്കാരെയും ആകര്‍ഷിക്കാന്‍ കഴുത്തറപ്പന്‍ മത്സരം നടത്തുന്ന ഇക്കാലത്ത് ചാനല്‍ ഉടമസ്ഥന്മാരില്‍ നിന്ന് വലിയ തോതിലുള്ള ധാര്‍മിക അച്ചടക്കമൊന്നും പ്രതീക്ഷിക്കാനാവില്ല. ചാനലുകളുടെ വാര്‍ത്താചുമതല വഹിക്കുന്നവര്‍ ഈ രംഗത്ത് എത്രത്തോളം പോകാം എന്നുനിശ്ചയിച്ചേ തീരൂ. എത്രത്തോളം പോകാം, എന്താണ് ശരി, എന്താണ് തെറ്റ് എന്ന് ആരാണ് തീരുമാനിക്കുന്നത ? വിവാദമാവുകയും ചാനല്‍ പ്രേക്ഷകര്‍ തിരഞ്ഞുപിടിച്ചുകാണുകയും റെയ്റ്റിങ്ങ് ഉയര്‍ത്തുകയും ചെയ്യുന്നതെല്ലാം ശരി എന്നുവരുന്നത് മാധ്യമപ്രവര്‍ത്തനമാവില്ല, അതിന് വേറെ പേര് കണ്ടെത്തേണ്ടിവരും.

മാധ്യമരംഗത്തെ ധാര്‍മികത നാട്ടില്‍ വലിയ ചര്‍ച്ചാവിഷയമാണ്. എന്തുവാര്‍ത്തയെകുറിച്ച് പരാതിപ്പെടുമ്പോഴും ആളുകള്‍ പത്രധര്‍മം എന്ന് ആവര്‍ത്തിച്ചുപറയും. പക്ഷേ, നാം പത്രപ്രവര്‍ത്തകര്‍ ആ വാക്ക് കഴിയുന്നേടത്തോളം ഉപയോഗിക്കാറില്ല. ധാര്‍മികമായ എന്തെങ്കിലും വ്യവസ്ഥ ഈ രംഗത്തുണ്ട്  എന്നുപോലും പുതിയ തലമുറയെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നില്ല എന്ന പരാതിയും നിലനില്‍ക്കുന്നു. സ്വാഭാവികമായും സ്റ്റിങ്ങ് ജേണലിസത്തിന്റെ സ്ഥിതി ഇതിനേക്കാള്‍ മോശമാണ്. എളുപ്പത്തില്‍ ചെയ്ത് സ്റ്റാറാകാവുന്ന ഒന്നായി അത് മാറുന്നു. സ്റ്റിങ് ഓപറേഷന്‍ തുടങ്ങി വെച്ചത് പോലീസ് ആണ്. കുറ്റാന്വേഷണത്തിന് ഉപയോഗിച്ച ആ രീതി അതേപടി വാര്‍ത്താരംഗത്തെ ഇന്‍വെസ്റ്റിഗേഷനും ഉപയോഗിക്കുന്നതിന് ഏറെ പരിമിതികളുണ്ട്. പോലീസിന് ഉള്ള നിയമപരമായ പരിരക്ഷ മാധ്യമപ്രവര്‍ത്തകര്‍ക്കില്ല എന്നതുതന്നെ ഒരു കാര്യം. എല്ലാ സ്റ്റിങ്ങ് ഓപറേഷനുകളിലും എന്തെങ്കിലും രീതിയിലുള്ള നിയമലംഘനമുണ്ട് എന്നോര്‍ക്കേണ്ടതുണ്ട്. ആള്‍മാറാട്ടമോ രഹസ്യം ചോര്‍ത്തലോ മുതല്‍ പച്ചയായ വിശ്വാസവഞ്ചന വരെ ഇതില്‍പെടും. നാട്ടിലെ നിയമലംഘനം തുറന്നുകാട്ടാന്‍ നമ്മള്‍ ചെയ്യുന്നതും അതിനേക്കാള്‍ മോശമായ നിയമലംഘനമാകാമോ ?  പോലീസ് പലപ്പോഴും കെണിയില്‍പെടുത്തുകയാണ് ചെയ്യുന്നത്-എന്‍ട്രാപ്‌മെന്റ്. തങ്ങളും പോലീസ്സാണെന്ന് ധരിച്ച് ആളുകളെ കെണിയില്‍ പെടുത്താന്‍ ശ്രമിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ കുഴപ്പത്തില്‍ ചാടുകയേ ഉള്ളൂ.

സമീപകാലത്തെ ഇന്ത്യന്‍ സ്റ്റിങ്ങ് ഓപറേഷന്‍ ചരിത്രത്തില്‍ തെഹല്‍ക്കയുടെ പേരാണ് എപ്പോഴും മുന്നില്‍ വരിക. എന്‍.ഡി.എ ഭരണകാലത്ത് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്സിനെയും ബി.ജെ.പി.അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണനെയും ഒളിക്യാമറയില്‍  കുടുക്കി നിലംപതിപ്പിച്ച് കയ്യടി  നേടിയ തെഹല്‍ക പിന്നീട് ചെയ്ത പലതും ആളുകളുടെ നെറ്റി ചുളിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ഉറപ്പിക്കാന്‍ കോള്‍ ഗേള്‍സിനെ രംഗത്തിറക്കിയതിന് പൊതുസമൂഹത്തിന് മുന്നില്‍ ന്യായീകരിക്കാന്‍ തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ പാടുപെട്ടു. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ രീതികള്‍ അവലംബിക്കേണ്ടി വരും എന്ന അദ്ദേഹത്തിന്റെ ന്യായീകരണം, ആര്‍ക്കും എന്തിനെയും ന്യായീകരിച്ച് പറയാവുന്ന ഒന്നായേ ജനങ്ങള്‍ പരിഗണിച്ചുള്ളൂ. സാധാരണമാണോ അസാധാരണമാണോ എന്നാരാണ് തീരുമാനിക്കുന്നത് ?

ഡല്‍ഹിയിലെ ടി.വി.ചാനലിലെ ഒരു വനിതാറിപ്പോര്‍ട്ടര്‍ ചാന്‍സ് തേടി വന്ന അഭിനേത്രി ആണെന്ന് തെറ്റിദ്ധരിപ്പിച്ച്്, ശക്തി കപ്പൂര്‍ എന്ന സിനിമാ സംവിധായകനെ ഹോട്ടലിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി അയാളെ ലൈംഗികമായി പ്രകോപിപ്പിക്കുക വരെ ചെയ്തു, സിനിമാരംഗത്ത് ലൈംഗികചൂഷണം ഉണ്ട് എന്ന് തെളിയിക്കാന്‍. ഈ രംഗത്ത് ആര്‍ക്കും എന്തുമാവാം എന്ന നില സംജാതമായിരിക്കുന്നു എന്നാണ്     ഇതെല്ലാം വിളിച്ചുപറയുന്നത്. തെഹല്‍ക്കയുടെ സ്റ്റിങ്ങ് ഓപറേഷന്‍ നടത്തിയ പത്രപ്രവര്‍ത്തകരെ കേസ്സില്‍ കുടുക്കാനുള്ള പോലീസിന്റെ ശ്രമം കോടതി തടയുകയും സ്റ്റിങ്ങ് ജേണലിസം നിയമവിരുദ്ധമല്ല എന്ന് വിധിക്കുകയും ഉണ്ടായി. കോഴ കൊടുക്കുന്നത് ചിത്രീകരിക്കാന്‍ വേണ്ടി കോഴപ്പണം കൈമാറിയത് അഴിമതി നിരോധനനിയമപ്രകാരം കുറ്റകരമാണെന്ന് ആരോപിച്ചാണ് പോലീസ് പത്രപ്രവര്‍ത്തകരുടെ പേരില്‍ കേസ് എടുത്തത്. കോടതി അത് അനുവദിച്ചില്ല. അഴിമതി തടയുക എന്നത് ഭരണഘടനാപരമായ കര്‍ത്തവ്യമായതുകൊണ്ട് അഴിമതി തടയുന്നതിനുള്ള സ്റ്റിങ്ങ് ഓപറേഷനും ഭരണഘടനാനുസൃതമാണ് എന്ന ഡല്‍ഹി ഹൈക്കോടതി വിധി മാധ്യമസമൂഹത്തിന് വലിയ ആശ്വാസമേകുകയുണ്ടായി.എന്നാല്‍ കോടതിയും ഇതിന് പരിധികള്‍ നിശ്ചയിക്കുകയോ നിയമവ്യവസ്ഥകള്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല.

ഇന്ത്യയില്‍ സ്റ്റിങ്ങ് ഓപറേഷന്‍ സംബന്ധിച്ച് ഒരു വ്യവസ്ഥയും നിയന്ത്രണവും നിലവിലില്ല എന്ന് ഇതിനര്‍ത്ഥമില്ല. ഇന്ത്യന്‍ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം പ്രസ് കൗണ്‍സിലാണ് ഇപ്പോള്‍ ഈ രംഗത്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്ന ഏക സ്ഥാപനം. പ്രസ് കൗണ്‍സില്‍ നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ദൃശ്യമാധ്യമങ്ങള്‍ക്ക് ബാധകമല്ല എന്ന് വാദിക്കാമെങ്കിലും അതൊരു സാങ്കേതികത്വം മാത്രമാണ്. ഒട്ടും സമഗ്രമല്ലാത്ത ഉപരിപ്ലവമായ വ്യവസ്ഥകളാണ് ഇവയെങ്കിലും  പ്രസ് കൗണ്‍സില്‍ താഴെചേര്‍ത്ത നിബന്ധനകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്ന് നാം അറിഞ്ഞിരിക്കേണ്ടതാണ്.
1. സ്റ്റിങ്ങ് പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാപനം, അത് നടത്തിയവരില്‍ നിന്ന് തങ്ങള്‍തന്നെ, സത്യസന്ധമായാണ് ഇത് നടത്തിയത് എന്ന് എഴുതിവാങ്ങേണ്ടതാണ്.
2. സ്റ്റിങ്ങ് ഓപറേഷന്റെ ഓരോ ഘട്ടത്തിലും ആരെല്ലാം എന്തെല്ലാം ചെയ്തു എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.
3. സ്റ്റിങ്ങ് ഓപറേഷന്‍ നടത്താനും റിപ്പോര്‍ട്ട് ചെയ്യാനുമുള്ള തീരുമാനം പത്രാധിപര്‍ തന്നെ കൈക്കൊള്ളണം. അന്വേഷിക്കുന്ന വിഷയം പൊതുതാല്പര്യം ഉള്ളതാണ്     എന്നും റിപ്പോര്‍ട്ട് നിയമപരമായി ശരിയാണ് എന്നും പത്രാധിപര്‍ ഉറപ്പുവരുത്തണം.
4. വായനക്കാരനെ മനസ്സില്‍ കണ്ടുവേണം വാര്‍ത്ത പ്രസിദ്ധപ്പെടുത്താന്‍. അവര്‍ക്ക് ഞെട്ടലോ ആഘാതമോ ഉണ്ടാക്കുന്നതാവരുത് റിപ്പോര്‍ട്ട് എന്ന ശ്രദ്ധയും പരിഗണനയും ഉണ്ടാവണം.

ലോകത്തിന്റെ പല ഭാഗങ്ങളിലും സര്‍ക്കാറുകളും കോടതികളും മാധ്യമസംഘടനകളും സ്ഥാപനങ്ങളും മറ്റുപല കാര്യങ്ങളിലെന്ന പോലെ സ്റ്റിങ്ങ് ഓപറേഷനിലും പെരുമാറ്റച്ചട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇവയെകുറിച്ച് ഏകദേശമൊരു ധാരണയെങ്കിലും നമുക്കുണ്ടാവേണ്ടതുണ്ട്. 99 ശതമാനം ഇല്ലെങ്കില്‍ 90 ശതമാനമെങ്കിലും പൊതുജനം സ്റ്റിങ്ങ് ഓപറേഷനുകളെ സര്‍വാത്മനാ പിന്തുണക്കുന്നവരാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഈ നിയന്ത്രണങ്ങളെകുറിച്ച് ചിന്തിക്കുന്നത്. ഇന്നത്തെ നില തുടര്‍ന്നാല്‍ അഴിമതിക്കാരെ  തല്ലിക്കൊല്ലണം  എന്ന് സാധാരണജനം പറയുമെന്നുറപ്പാണ്. പക്ഷേ, മാധ്യമപ്രവര്‍ത്തകര്‍ക്ക് അത് ചെയ്യാന്‍ പറ്റില്ലല്ലോ.

സമീപകാലത്ത് ഏറ്റവുമേറെ വിവാദമുണ്ടാക്കിയ ജസ്റ്റിസ് ബസന്ത് ചാനല്‍ വിവാദത്തെ കുറിച്ചൊരു  വാക്ക്. സ്റ്റിങ്ങ് ഓപറേഷനുകളെ കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ പരിഗണിക്കപ്പെടേണ്ട വിഷയമേ അല്ല അത്. അതൊരു സ്റ്റിങ്ങ് ഓപറേഷന്‍ ആയിരുന്നില്ല. ഒരാളെ അഭിമുഖസംഭാഷണം നടത്താന്‍ ചെന്നു. അയാള്‍ അതിന് സന്നദ്ധനായില്ല. എന്നാല്‍ രേഖപ്പെടുത്തുകയോ  പ്രസിദ്ധപ്പെടുത്തുകയോ ചെയ്യില്ലെങ്കില്‍ സംസാരിക്കാമെന്ന് സമ്മതിച്ചു. ആ വാഗ്ദാനം ലംഘിച്ച്  ഒരു മര്യാദയുമില്ലാതെ സ്വകാര്യസംഭാഷണം റിക്കോഡ് ചെയ്യുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇത് അഭിമുഖമോ സ്റ്റിങ്ങ് ഓപറേഷനോ പത്രപ്രവര്‍ത്തനം പോലുമോ അല്ല. അതിലൊരു തത്ത്വദീക്ഷയില്ല, പൊതുതാല്പര്യമില്ല, സമൂഹനന്മ എന്ന ലക്ഷ്യവുമില്ല.

(മീഡിയ മാഗസില്‍ 2013 ഫിബ്രുവരി ലക്കത്തിന് വേണ്ടി എഴുതിയത് )

Leave a Reply

Go Top