ലോകത്തിലെ ഏറ്റവും വലിയ ഇംഗ്ലീഷ് ദിനപത്രം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതാണ് എന്നത് സത്യമായും ഇന്ത്യക്കാര്‍ക്ക് അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ സര്‍ക്കുലേഷന്‍ 40 ലക്ഷം കവിഞ്ഞിരിക്കുന്നു. ലാഭത്തിന്റെയും ആസ്തിയുടെയും കാര്യത്തില്‍ അവര്‍ ആഗോള മാധ്യമകുത്തകകളുടെ അടുത്തൊന്നും എത്തുകയില്ലെങ്കിലും അസൂയാവഹമാണ് അവരുടെ പ്രചാരം. ഇന്ത്യയിലെ ഇംഗ്ലീഷ് പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്ന പരസ്യത്തിന്റെ പാതി ടൈംസ് ഓഫ് ഇന്ത്യയിലാണ്, ഇംഗ്ലീഷ് പത്രവായനക്കാരില്‍ പാതി ടൈംസ് വായനക്കാരാണ്, ടി.വി. കാണികളില്‍ മൂന്നിലൊന്ന് ടൈംസ് നൗ കാണുന്നവരാണ്…അങ്ങനെ ഒരുപാടുണ്ട് പ്രചാരത്തിന്റെ തെളിവുകള്‍. ലോകത്തെങ്ങും പത്രങ്ങള്‍ അധോഗതിയിലേക്ക് നീങ്ങുമ്പോഴും ഇന്ത്യന്‍ പത്രങ്ങള്‍ മുന്നോട്ട് കുതിക്കുകയാണ്.വെറുതെയല്ല ലോകോത്തര മാഗസീനായ ദ ന്യൂയോര്‍ക്കര്‍, ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനി നടത്തിപ്പുകാരായ ജെയിന്‍ സഹോദരന്മാരെ കാണാന്‍ പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനും മാധ്യമവിമര്‍ശകനുമായ കെന്‍ ഔലറ്റയെ ഇന്ത്യയിലേക്കയച്ചത്. എട്ടുപേജ് വരുന്ന സുദീര്‍ഘ ലേഖനമാണ് ന്യൂയോര്‍ക്കര്‍ ഒക്‌റ്റോബര്‍ എട്ട് ലക്കത്തില്‍ അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയെ കുറിച്ചെഴുതിയത്.
ഇന്ത്യയിലെ മാധ്യമ നിരീക്ഷകരെ ഈ ലേഖനം ഏറെ ആകര്‍ഷിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഏറ്റവുമധികം ആളുകളിലെത്തുന്ന പ്രസിദ്ധീകരണമാണെങ്കിലും അതിന്റെ നടത്തിപ്പുകാരായ ജെയിന്‍ സഹോദരന്മാര്‍- സമീറും വിനീതും-ഒട്ടും അറിയപ്പെടുന്നവരല്ല എന്നതാണ് ഒരു കാരണം. ഇന്ത്യയിലെ പത്രങ്ങളിലൊന്നും അവരുടെ അഭിമുഖമോ പടം പോലുമോ കാണാറില്ല. അവര്‍ എവിടെയും ചെന്ന് പ്രഭാഷണങ്ങള്‍ നടത്താറുമില്ല. അവരെകുറിച്ചും അവരുടെ വ്യവസായ നടത്തിപ്പിന്റെ തത്ത്വശാസ്ത്രത്തെ കുറിച്ചും അറിയാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ട്. ടൈംസ് ഓഫ് ഇന്ത്യ വായിക്കുന്നവര്‍ ധാരാളമുണ്ട് എന്നതുപോലെ ടൈംസ് ഓഫ് ഇന്ത്യയെ വെറുക്കുന്നവരും ധാരാളമുണ്ട് എന്നത് മറ്റൊരു കാരണം. വെറുത്താലും സ്‌നേഹിച്ചാലും ആര്‍ക്കും അവരെ അവഗണിക്കാനാവില്ല. കാരണം അവര്‍ ഈ രംഗത്ത് വിജയിച്ചുകഴിഞ്ഞവരാണ്.
കൂടുതല്‍ വായനക്കാര്‍ എന്നത്ടൈംസ് ഓഫ് ഇന്ത്യയുടെ നേട്ടങ്ങളില്‍ മുഖ്യമായതല്ല എന്ന് കെന്‍ ഔലറ്റയുമായുള്ള സംഭാഷണങ്ങളില്‍ ജെയിന്‍ സഹോദരന്മാര്‍ ആവര്‍ത്തിക്കുന്നുണ്ട്. ‘ ഞങ്ങള്‍ ന്യൂസ്‌പേപ്പര്‍ വ്യവസായത്തിലല്ല, ഞങ്ങള്‍ പരസ്യ വ്യവസായത്തിലാണ്’ എന്നും അവര്‍ ആവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ വരുമാനത്തിന്റെ 90 ശതമാനം പരസ്യത്തില്‍ നിന്നാവുമ്പോള്‍ ഞങ്ങള്‍ വാര്‍ത്താവ്യവസായത്തിലാണ് എന്ന് എങ്ങനെ പറയും എന്നവര്‍ ചോദിക്കുന്നു. പരസ്യങ്ങള്‍ക്കിടയിലുള്ള സ്ഥലം നികത്താന്‍ മാത്രമുള്ളതാണ് വാര്‍ത്ത എന്ന് മൂത്ത ജെയിന്‍ സഹോദരന്‍ സമീര്‍ മുമ്പെന്നോ പറഞ്ഞെന്ന് പലേടത്തും ഉദ്ധരിക്കപ്പെടാറുണ്ട്. ഇത് പുറത്ത് പറയുന്ന ഒരു വീമ്പുമാത്രമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. വായിക്കാന്‍ കൊള്ളാവുന്നതും വിശ്വസിക്കാവുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തിയ നീണ്ട പാരമ്പര്യം ഉള്ളതുകൊണ്ടും ഇന്നും അതുണ്ടെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നതുകൊണ്ടുമാണ് ആളുകള്‍ ആ പത്രം വായിക്കുന്നത്. കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതുകൊണ്ടാണ് കൂടുതല്‍ ആളുകള്‍ പരസ്യം കൊടുക്കുന്നതും.
പത്രാധിപന്മാരുടെ പാണ്ഡിത്യപ്രകടന ഗീര്‍വാണങ്ങളുടെ സ്ഥാനത്ത് ജനത്തിന് കൗതുകമുണ്ടാക്കുന്ന രസകരമായ കാര്യങ്ങള്‍ കുറഞ്ഞ വാചകത്തില്‍ എഴുതുന്ന വാര്‍ത്താരചനാരീതിയിലേക്കാണ് പത്രം ആദ്യം മാറിയത്. രാജ്യം നന്നാക്കാനോ തിന്മകളെ ചെറുക്കാനോ ത്യാഗം ചെയ്യുമെന്നൊന്നും അവര്‍ അവകാശപ്പെടാറില്ല. ഇന്നലെ നടന്ന സംഗതികള്‍ അറിയാന്‍ ടൈംസ് ഓഫ് ഇന്ത്യ വായിക്കാം. അത്രയേ ഉള്ളൂ. ഇതായി പുതിയ നയം. ഇത് സര്‍ക്കുലേഷന്‍ വര്‍ദ്ധനയ്ക്ക് കാരണമായെന്ന സത്യം അവരെ വിമര്‍ശിക്കുന്നവരും അംഗീകരിക്കുന്നു. എന്നുമാത്രമല്ല അവരും ആ രീതിയിലേക്ക് മാറുന്നു. വാര്‍ത്തയുടെ കാര്യത്തില്‍ മാത്രമല്ല വരുമാനത്തെയും ലാഭത്തെയും കുറിച്ചുള്ള തത്ത്വശാസ്ത്രത്തിന്റെ കാര്യത്തിലും ടൈംസ് ഓഫ് ഇന്ത്യ തങ്ങളുടെ എതിരാളികള്‍ക്കും വഴി കാട്ടുന്നുണ്ട്.
മാര്‍ക്കറ്റിങ്ങ് രംഗത്ത് ഏറെ വിവാദമുണ്ടാക്കിയ രണ്ട് ടൈംസ് പരിഷ്‌കാരങ്ങളെ കുറിച്ച് കെന്‍ ഔലറ്റ പരാമര്‍ശിക്കുന്നുണ്ട്. ഒന്ന് അഡ്വറ്റോറിയല്‍ ആണ്. പരസ്യവുമല്ല വാര്‍ത്തയുമല്ലാത്ത, ആണും പെണ്ണുമല്ലാത്തഒരു സാധനം ആണ് അഡ്വറ്റോറിയല്‍. എഴുതുന്നതുപക്ഷേ, വാര്‍ത്ത എഴുതുന്ന ലേഖകന്മാര്‍ തന്നെ. പ്രസിദ്ധപ്പെടുത്തുന്നത് പരസ്യനിരക്കില്‍ കാശ് വാങ്ങിയിട്ടാണെന്നുമാത്രം. ഇതില്‍ അധാര്‍മികമായി യാതൊന്നും ഇല്ലെന്നും അഡ്വര്‍ട്ടോറിയല്‍, എന്റര്‍ടെയ്ന്‍മെന്റ് പ്രൊമോഷനല്‍ ഫീച്ചര്‍ എന്ന് പ്രത്യേകം കൊടുക്കാറുണ്ട് എന്നും മാര്‍ക്കറ്റിങ്ങ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ( ആ മുന്നറിയിപ്പ് വായിക്കാന്‍ ഭൂതക്കണ്ണാടി വേണമെന്ന് കെന്‍ ഔലറ്റ) ടൈംസ് ഓഫ് ഇന്ത്യ പക്ഷേ ഇത് അവരുടെ സ്‌പെഷല്‍ ഫീച്ചറുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പണ്ട് ലേഖകന്മാര്‍ കവറില്‍ പണം വാങ്ങി ചെയ്തിരുന്നത് ഞങ്ങള്‍ വ്യവസ്ഥയാക്കി ചെയ്യുന്നുവെന്നേ ഉള്ളൂ എന്ന അധികൃതരുടെ വിശദീകരണം പത്ര പ്രവര്‍ത്തകര്‍ക്കുള്ള കുത്താണെങ്കിലും മന:സാക്ഷിയുള്ളവര്‍ക്ക് ബോധിക്കുന്ന ന്യായമല്ല. ഭാഗ്യവശാല്‍, രാഷ്ട്രീയവാര്‍ത്തകള്‍ക്കോ മുഖപ്രസംഗത്തിനോ ഒന്നും ടൈംസ് ഈ തത്ത്വശാസ്ത്രം ബാധകമാക്കിയിട്ടില്ല. യഥാര്‍ത്ഥത്തില്‍, പണ്ട് ലേഖകന്മാര്‍ സ്വയം ചെയ്തുപോന്ന കാര്യമേ പെയ്ഡ് ന്യൂസ് അപവാദക്കേസ്സുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പത്രം ഉടമകളും പത്രാധിപന്മാരും ചെയ്തിട്ടുള്ളൂ എന്നതല്ലേ സത്യം ?
പ്രൈവറ്റ് ട്രീറ്റീസ് എന്നതാണ് മറ്റൊരു ടൈംസ് ഇന്നവേഷന്‍. മറ്റുകമ്പനികളുടെ പരസ്യം സൗജന്യമായി നല്‍കുകയും അത് ആ കമ്പനികളിലെ ഉടമസ്ഥതാവകാശമാക്കുകയും ചെയ്യുന്ന സംവിധാനത്തിന്റെ വിശദാംശങ്ങളിലേക്ക് ലേഖകന്‍ കെന്‍ ഔലറ്റ കടന്നുചെല്ലുന്നില്ല. ഈ സ്ഥാപനങ്ങള്‍ക്ക് വാര്‍ത്താപരമായ യാതൊരു മുന്‍ഗണനയോ പരിഗണനയോ നല്‍കുന്നില്ലെന്നും എഡിറ്റോറിയലില്‍ ഇരിക്കുന്നവര്‍ക്ക് ഈ സ്ഥാപനങ്ങള്‍ അറിയുകതന്നെ ഇല്ലെന്നും ടൈംസ് അധികൃതര്‍ പറയുന്നത് കെന്‍ ഔലറ്റ പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് മാത്രം. അല്ലെങ്കില്‍ എന്തിന് ഓരോന്നും കുത്തിക്കുത്തി പരിശോധിക്കണം ? തങ്ങള്‍ സമൂഹത്തെ സേവിക്കുകയാണ് എന്നോ ഫോര്‍ത്ത് എസ്റ്റേറ്റ് ധര്‍മം നിര്‍വഹിക്കുകയാണ് എന്നോ സമീര്‍-വിനീത് സഹോദരന്മാര്‍ അവകാശപ്പെടുന്നില്ലല്ലോ. പത്രാധിപ സ്വാതന്ത്ര്യത്തെ കുറിച്ചോ എഡിറ്റോറിയല്‍ പരസ്യം വിഭാഗങ്ങളെ വേര്‍തിരിക്കുന്ന മതിലിനെ കുറിച്ചോ അവരൊന്നും പറയുന്നില്ല. ബിസിനസ് നന്നാകണമെങ്കില്‍ ഇത്തരം തടസ്സങ്ങള്‍ ഒന്നും ഉണ്ടാകരുതെന്നുതന്നെയാണ് അവര്‍ ഉറച്ചുവിശ്വസിക്കുന്നതും.
കെന്‍ ഔലറ്റയിലെന്നല്ല ആരിലും ബഹുമാനമുയര്‍ത്തുന്ന പല നല്ലഗുണങ്ങളുള്ള പത്രവ്യവസായിയാണ് സമീര്‍ ജെയിന്‍. അദ്ദേഹം മാധ്യമങ്ങള്‍ക്കൊന്നും അഭിമുഖം നല്‍കാറില്ല. പൊതു ചടങ്ങുകളിലൊന്നും പങ്കെടുക്കാറില്ല. കെന്‍ ഔലറ്റയെ കാണാന്‍തന്നെ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. പ്രസിഡന്റ് ഒബാമ വന്നപ്പോള്‍ ഡിന്നറിന് ക്ഷണിച്ചിട്ടും ടൈംസ് ഉടമകളാരും പോയില്ല. തങ്ങള്‍ക്ക് അവിടെ പോകേണ്ട കാര്യമില്ലെന്നവര്‍ ഉറച്ചുവിശ്വസിച്ചു. മന്ത്രിമാരുമായും നേതാക്കളുമായും ഒന്നും അവര്‍ ബന്ധപ്പെടാറില്ല. അത്തരം സൗഹൃദങ്ങള്‍ ഗുണകരമല്ല. മിക്കപ്പോഴും അത് വാര്‍ത്തകളെ സ്വാധീനിക്കാനുള്ള ഇടപെടലുകളായി കലാശിക്കുകയാണ് പതിവ്. മൂത്ത സഹോദരനായ സമീര്‍ കൂടുതല്‍ ആത്മീയമായാണ് ചരിക്കുന്നത്. വര്‍ഷത്തില്‍ മൂന്നുമാസമെങ്കിലും അദ്ദേഹം പുണ്യസ്ഥലങ്ങളില്‍ തങ്ങുന്നു. ഇടക്കെല്ലാം ഹരിദ്വാറിലെത്തുന്നു. ഗംഗയില്‍ പാപങ്ങള്‍ കഴുകിക്കളയുന്നു, യോഗയിലും ധ്വാനത്തിലും ഏര്‍പ്പെടുന്നു. ചെയ്യുന്ന പല കാര്യങ്ങളെ കുറിച്ചും പല വിമര്‍ശനങ്ങളും ഉണ്ടാകാറുണ്ടെങ്കിലും എല്ലാ തീരുമാനങ്ങളെടുക്കുമ്പോഴും അദ്ദേഹം ‘ഇങ്ങനെ ചെയ്യുന്നത് ദൈവികമായി ശരിയോ ‘എന്ന് സ്വയംചോദിക്കാറുണ്ട്. ആത്മീയ ഗുരുവിന്റെ ഉപദേശങ്ങള്‍ സ്വീകരിക്കാറുമുണ്ട്. അനുജന്‍ വിനീതിനെ ഇടക്കെല്ലാം ഉപദേശിക്കും… വിശ്രമിക്കൂ, എന്തിന് ഇത്രയേറെ അധ്വാനിക്കുന്നത് ? ഇത്രയുമേറെ പണത്തിന് പിറകെ ഓടണമോ?
എന്തുതന്നെയായാലും മാധ്യമലോകത്ത് കോര്‍പ്പറേറ്റ് പരസ്യസ്ഥാപനങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്നതിലും വലിയ സ്ഥാനവും സ്വാധീനവുമാണ് ടൈംസ് ഓഫ് ഇന്ത്യയുടെ നയങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് ഇന്ത്യാടുഡെ സി.ഇ.ഓ അരുണ്‍ പുരി ഉള്‍പ്പെടെ പലരും കരുതുന്നുണ്ട്. വാര്‍ത്തകളില്‍ കോര്‍പ്പറേറ്റ് സ്വാധീനം ആര്‍ക്കും നിഷേധിക്കാനാവില്ല. സര്‍ക്കാറും ഭരണവും രാഷ്ട്രീയവും മാത്രമേ ദുഷിച്ചിട്ടുള്ളൂ എന്ന തെറ്റായ ചിത്രമാണ് വന്‍കിടമാധ്യമങ്ങള്‍ ജനങ്ങളിലെത്തിക്കുന്നത്. ഏറ്റവും വലിയ അഴിമതി നടക്കുന്നത് കോര്‍പ്പറേറ്റ് മേഖലയിലാണ്. അതിനെ കുറിച്ചാരും എഴുതുന്നേയില്ല. കോര്‍പ്പറേറ്റ് അഴിമതി മൂടി വെക്കാനുള്ള ഗൂഡ അജന്‍ഡയാണ് പല അഴിമതി വിരുദ്ധ സമരങ്ങളിലുമുള്ളതെന്ന സംശയംപോലും പലരും ഉന്നയിക്കുന്നുണ്ട്. ഇന്ത്യന്‍ മാധ്യമലോകത്തെ മൊത്തം അഴിമതിയിലാഴ്ത്തുകയാണ് ടൈംസ് ചെയ്തത് എന്ന ടൈംസ് എഡിറ്റോറിയലില്ഉയര്‍ന്ന പദവി വഹിച്ചിരുന്ന ഡാറില്‍ ഡി മോന്‍ട് കുറ്റപ്പെടുത്തുന്നുണ്ട്. പടരുന്ന ഒരു അര്‍ബുദമാണ് അതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
അച്ചടിപത്രം പ്രമുഖസ്ഥാനം വഹിക്കുന്ന, അച്ചടിപത്രത്തിന്റെ പ്രാമുഖ്യം വര്‍ദ്ധിക്കുന്ന ലോകത്തിലെ അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അമേരിക്കയില്‍ അഞ്ചുവര്‍ഷത്തിനിടയില്‍ പത്രങ്ങളുടെ പരസ്യവരുമാനത്തിലുണ്ടായ ഇടിവ് അമ്പത് ശതമാനം വരും. ഇന്ത്യയില്‍ പരസ്യവരുമാനവും പ്രചാരവും വര്‍ദ്ധിക്കുകയാണ്. ശരി, പക്ഷേ ഇതെത്ര കാലം തുടരും ? ഇന്ത്യന്‍ ജനസംഖ്യയില്‍ പത്ത് ശതമാനത്തിനേ ഇപ്പോഴും ഇന്റര്‍നെറ്റ് ലഭ്യമായിട്ടുള്ളൂ. പക്ഷേ പലരും അവഗണിക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. ടൈംസ് ഓഫ് ഇന്ത്യ വായിക്കുന്ന മുഴുവനാളുകളും ഇന്റര്‍നെറ്റ് വായിക്കുന്നവരാണ്. എന്നിട്ടും അവര്‍ പത്രവായന തുടരുന്നു. ഏതാണ്ട് സൗജന്യമെന്നു പറയാവുന്ന വിധം കുറഞ്ഞ വിലയ്ക്കാണ് ഉത്തരേന്ത്യയില്‍ ഇംഗഌഷ് പത്രങ്ങള്‍ വില്‍ക്കുന്നത്. തൂക്കിവിറ്റാല്‍ കിട്ടുന്ന വില കൂടി ചേര്‍ത്താല്‍ പത്രം സൗജന്യം തന്നെ. അതുകൊണ്ടുതന്നെ സൗകര്യപ്രദമായ വായനയ്ക്ക് ജനങ്ങള്‍ അച്ചടിപത്രം വാങ്ങുന്നുണ്ട്. എത്ര കാലം ? പരസ്യവും ഇന്റര്‍നെറ്റിലേക്ക് ഒഴുകാന്‍ തുടങ്ങിയാല്‍ ഈ സൗജന്യപത്രവില്‍പ്പന തുടരാന്‍ കഴിയാതെവരും. ഞങ്ങള്‍ പത്രബിസിനസ്സിലല്ല, പരസ്യബിസിനസ്സിലാണ് എന്ന് വീമ്പുപറച്ചിലും അവസാനിക്കും. അഞ്ചോ പത്തോ വര്‍ഷത്തിനപ്പുറം ഇന്ത്യന്‍ പത്രവ്യവസായം എങ്ങനെയുണ്ടാകും എന്നാര്‍ക്കും പ്രവചിക്കാനാവില്ല.
ഒരുപക്ഷേ, നാളെ ഇംഗ്ലീഷ് പത്രങ്ങള്‍ തകര്‍ച്ചയെ നേരിടുയും് പ്രാദേശിക ഭാഷാ പത്രങ്ങള്‍ മുമ്പോട്ട് കുതിക്കുകയും ചെയ്‌തേക്കാം. ടൈംസ് ഓഫ് ഇന്ത്യാ അധിപന്മാര്‍ അതുകാണുന്നില്ല എന്നല്ല. കാണുന്നുണ്ട്. മൂന്നോ അതിലധികമോ ഭാഷാപത്രങ്ങളില്‍ മൂലധനം നിക്ഷേപിക്കാന്‍ ഉദ്ദേശ്യമുണ്ടെന്ന് വിനീത് ജെയിന്‍ പറഞ്ഞതായി ലേഖനത്തിലുണ്ട്.