മാധ്യമം എന്ന ആശയത്തെ തന്നെ തല കീഴായി മറിച്ചിരിക്കുന്നു ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ. ജനങ്ങള്‍ക്കുവേണ്ടി വാര്‍ത്ത എഴുതുകയും അവലോകനം നടത്തുകയും സംഭവങ്ങളെ വ്യാഖ്യാനിക്കുകയുമെല്ലാം ചെയ്യാന്‍ പ്രത്യേകവൈദഗ്ദ്ധ്യം നേടിയ ഒരു വിഭാഗമായി നാം പത്രപ്രവര്ത്തകന്മാര് ലോകത്തെങ്ങും ഞെളിഞ്ഞുനടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ജനങ്ങള്‍ എഴുതുന്നത് ശരിയോ തെറ്റോ വെളിച്ചം കാണിക്കാന്‍ കൊള്ളുന്നതാണോ എന്ന് തീരുമാനിച്ചിരുന്നതും നമ്മുടെ കൂട്ടത്തിലെ യോഗ്യന്മാരായ മറ്റൊരു കൂട്ടരായിരുന്നു- എഡിറ്റര്‍മാര്‍. അവരാണ് പത്രത്തിന്റെ അധിപന്മാര് എന്ന് തോന്നിപ്പിക്കുംവിധം പത്രാധിപന്മാര് എന്ന വിളിപ്പേര് മലയാളത്തില്‍ ഉണ്ടായി. അത് അവര്‍ തന്നെ ഉണ്ടാക്കിയതാണോ എന്നറിയില്ല. എന്തായാലും യഥാര്‍ത്ഥ അധിപന്മാരായ പത്ര ഉടമസ്ഥന്മാരേക്കാള്‍ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ അവര്‍ക്കായിരുന്നു ആധിപത്യമെന്നത് സത്യമാണ്. ഇന്റര്‍നെറ്റ് മീഡിയയുടെ വരവോടെ സംഭവിച്ച വിപ്ലവം പത്രാധിപന്മാരെയും പത്രപ്രവര്‍ത്തകരെയും അപ്രസക്തരാക്കിയിട്ടുണ്ട്.
ആര്‍ക്കും എഴുതാം എന്തും എഴുതാം എന്തും പ്രസിദ്ധപ്പെടുത്താം എന്നത് ഈ രംഗത്ത് അരാജകാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ ഇതിനെ നിഷേധാത്മകമായി കണ്ടിട്ട് കാര്യമില്ല. വലിയ തോതിലുള്ള ഒരു ജനാധിപത്യവല്‍ക്കരണമായി ഇതിനെ കണ്ടാല്‍ മതി. മനുഷ്യരാശിയുടെ ചരിത്രം തന്നെ ഈ രീതിയിലാണ് മുന്നോട്ട് പോകുന്നത്. സമൂഹത്തില്‍ ഒച്ചയെടുക്കാന്‍ അധികാരമില്ലാത്തവരായിരുന്നു പഴയ കാലത്ത് ഭൂരിപക്ഷവും. പാവപ്പെട്ടവന്, കീഴ്ജാതിക്കാര്‍ എന്നിവര്‍ പൊതുസമൂഹത്തില്‍ ശബ്ദമുയര്‍ത്താറില്ല. തെരുവോരത്ത് നിന്നുകൊണ്ടുപോലും അവര്‍ സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കാറില്ല. ആരോടെങ്കിലും സംസാരിക്കുമ്പോള്‍ പോലും മൂന്നാമതൊരാള്‍ കേള്‍ക്കുന്നില്ല എന്നുറപ്പ് വരുത്താന്‍ ശബ്ദം താഴ്ത്തുമായിരുന്നു. ഈ നില മാറി ചായക്കടയിലുന്ന് പ്രധാനമന്ത്രിയെ ചീത്ത വിളിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും ലഭിച്ചപ്പോള്‍ ഇതെന്തുകഥ, എന്തൊരു അരാജകത്വമാണിത് എന്ന് അതിശയിച്ചവര്‍ ധാരാളമുണ്ടായിരുന്നു. നൂറുപോസ്റ്ററെഴുതി നാട് മുഴുവന്‍ ഒട്ടിക്കാനോ 25 രൂപ ചെലവിട്ട് മൈക്ക് വാടകക്കെടുത്ത് കവലയില്‍ നിന്ന് പ്രസംഗിക്കാനോ ആര്‍ക്കും പറ്റും എന്ന നിലയും രാജ്യത്തൊരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല. സാങ്കേതിക വിദ്യയിലെ മുന്നേറ്റം കൊണ്ടുമാത്രമുള്ള ഇതിന്റെ മുന്നേറ്റമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ മീഡിയ- സോഷ്യല്‍ മീഡിയ ജനാധിപത്യവിപ്ലവം. ഇതിനോട് അപ്രിയം കാട്ടിയിട്ടുകാര്യമില്ല. ഗുണമായാലും ദോഷമായാലും ഇത് സംഭവിക്കുകതന്നെ ചെയ്യും.
ഇ മെയ്ലുകള്, ബ്ലോഗുകള്‍, സോഷ്യല്‍ മീഡിയയിലെ പേജുകള്‍ എന്നിവ വഴി ആര്‍ക്കും സ്വന്തം രചന വായനക്കാരിലെത്തിക്കാം, അതിന് മാധ്യമഎഡിറ്റര്‍മാരുടെ ഓശാരമൊന്നും വേണ്ട എന്ന നിലയെത്തിയാല്‍ പരമ്പരാഗത മാധ്യമങ്ങള്‍ പിന്നെ എന്താണ് ചെയ്യുക ? അവര്‍ കച്ചോടം പൂട്ടി വീട്ടില്‍ പോകണമോ ? അച്ചടി മാധ്യമരംഗം ഇന്നലെ മുതലനുഭവിക്കുന്നതും ദൃശ്യമാധ്യമരംഗം നാളെ അനുഭവിക്കാന്‍ പോകുന്നതുമായ വെല്ലുവിളിയാണ് ഇത്. വെല്ലുവിളിയായി വന്നത് ഇന്റര്‍നെറ്റാണെങ്കില്‍ ആ ഇന്റര്‍നെറ്റ് തന്നെയാവും പരമ്പരാഗതമാധ്യമം അതിന്റെ നില നില്പ്പിനുപയോഗിക്കുന്ന രക്ഷാമാര്‍ഗവും.
അച്ചടി മാധ്യമം ഇപ്പോഴും വളര്‍ച്ചയുടെ പാതയിലാണ് എന്ന് വേണമെങ്കില്‍ കണക്കുകള്‍ നിരത്തി വാദിക്കാം. ലോകത്താകമാനമുള്ള പത്രസ്ഥാപനങ്ങളുടെ സംഘടനയായ ണഅച കഎഞഅ അതിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം 2010 നും 11നും ഇടയില്‍ 1.1 ശതമാനം വര്‍ദ്ധന ആഗോളതലത്തില്‍ പത്രപ്രചാരത്തിലുണ്ടായിട്ടുണ്ട്. പക്ഷേ, ഇത് സത്യമായ ഒരു ചിത്രമല്ല നമുക്കുമുമ്പില്‍ അവതരിപ്പിക്കുന്നത്. ന്യൂസ് പേപ്പര്‍ സബ്സ്ക്രൈബേഴ്സ് എന്ന പഴയ പദപ്രയോഗത്തില്‍ ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു. ഇപ്പോള്‍ പറയുക ന്യൂസ്പേപ്പര്‍ ഓഡിയന്‍സ് എന്നാണ്. ഇതുതമ്മില്‍ പ്രധാനമായ ഒരു വ്യത്യാസമുണ്ട്. ഇന്റര്‍നെറ്റിലൂടെ പത്രം വായിക്കുന്നവര്‍ കൂടി ചേര്ന്നാലുണ്ടാകുന്നതാണ് ന്യൂസ് പേപ്പര്‍ ഓഡിയന്‍സ്. പണം കൊടുത്ത് പത്രം വാങ്ങുന്നവരുടെ എണ്ണം ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രമാണ് വര്‍ദ്ധിക്കുന്നത്. വികസിത രാജ്യങ്ങളില്‍ പത്രവില്‍പ്പന അനുദിനം കുറഞ്ഞുവരുന്നു. പല ലോകപ്രസിദ്ധ പത്രങ്ങള്‍പോലും പ്രിന്റ് എഡിഷന് പൂര്‍ണമായി അവസാനിപ്പിച്ച് ഇന്റെര്‍നെറ്റിലേക്ക് കുടിയേറുന്നു.
ഓഡിയന്‍സിലൂടെ മാത്രം നില നില്ക്കുന്ന മാധ്യമമാണ് ദൃശ്യമാധ്യമം. ബഹുഭൂരിപക്ഷമാളുകളും ചാനല്‍ വാര്‍ത്തകള്‍ സൗജന്യമായാണ് കാണുന്നത്. അതുകൊണ്ടുമാത്രം നില നില്ക്കുന്നവയാണ് ചാനലുകള്‍. പുതിയ സാങ്കേതിക വിദ്യമൂലം ചാനലുകള്‍ക്ക് കാഴ്ചക്കാരുടെ എണ്ണത്തില്‍ ഇപ്പോള്‍ കുറവൊന്നും സംഭവിച്ചിട്ടില്ല എന്നാണ് സൂചന. എന്നാല്‍ ധാരാളം ആളുകള്‍, ഇഡിയറ്റ് ബോക്സ് എന്ന് വിളിക്കപ്പെടുന്ന ടെലിവിഷനില്‍ നിന്ന് മോഡേണ്‍ ഇഡിയ്റ്റ് ബോക്സ് എന്ന് വിളിക്കപ്പെടുന്ന കമ്പ്യൂട്ടറിലേക്ക് നീങ്ങുന്നതായുള്ള സൂചനകള്‍ വന്നുതുടങ്ങിയിട്ടുണ്ട്.
മാധ്യമസ്ഥാപനം എന്നത് ഏതെങ്കിലും ഒരു രീതിയില്‍ മാത്രമോ ഒരു സാങ്കേതിക വിദ്യയില്‍ കൂടി മാത്രമോ വാര്‍ത്തകള്‍ വില്‍ക്കുന്ന സ്ഥാപനമായിക്കൂടാ എന്നതാണ് പുതിയ കാലത്തിന്റെ സന്ദേശം. വായിച്ചറിയുന്നതിനും കണ്ടറിയന്നതിനും കേട്ടറിയുന്നതിനുമുള്ള സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള മാധ്യമസമ്പ്രദായം വികസിച്ചേ തീരൂ. ഇത് കമ്പ്യൂട്ടര്‍-ഇന്റര്‍നെറ്റ് മാധ്യമത്തിലൂടെയല്ലാതെ സാധ്യമല്ല.
ഈ സാധ്യത മുന്നില്‍ കണ്ട് ഇന്റര്‍നെറ്റ് മീഡിയയിലേക്ക് ചാടിവീഴുന്നവരുടെ എണ്ണത്തില്‍ ഭയപ്പെടുത്തുന്ന പെരുപ്പം സമീപകാലത്തുണ്ടായിട്ടുണ്ട്. ഒരു കമ്പ്യൂട്ടറും പത്രസൈറ്റുകളില് വരുന്ന വാര്‍ത്തകള്‍ കോപ്പി പേസ്റ്റ് ചെയ്ത് അപ്ലോഡ് ചെയ്യാന്‍ ഒരു ഓപറേറ്ററും ഉണ്ടായാല്‍ ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായി എന്ന നിലയുണ്ടായിട്ടുണ്ട്. ഇതാണ് ഓണ്‍ലൈന്‍ മാധ്യമം എന്ന ചീത്തപ്പേരും ഉണ്ടായിരിക്കുന്നു. ആരാണ് ഒന്നിന്റെ പ്രസാധകന് എന്നോ എഡിറ്റര്‍ എന്നുപോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ എങ്ങനെയാണ് ഒന്നിന് വിശ്വസ്യത കല്പ്പിക്കാനാവുക ?
പ്രിന്റ് മീഡിയ രംഗത്തായാലും വിഷ്വല്‍ മീഡിയ രംഗത്തായാലും വിശ്വാസ്യതയുള്ള സ്ഥാപനങ്ങള്‍ ശക്തമായി ഇന്റര്‍നെറ്റ് മീഡിയ രംഗത്തേക്ക് വരേണ്ടതിന്റെ അടിയന്തര ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പ്രിന്റില്‍ വായനയേ ഉള്ളൂ, ദൃശ്യമാധ്യമത്തില്‍ വായനയില്ല എന്നിത്യാദി പരിമിതികള്‍ മറികടക്കുന്ന മാധ്യമമാണ് ഇന്റര്‍നെറ്റ്. വായനയും കാണലും കേള്‍ക്കലും അതില്‍ സാധ്യമാണ്. അതുകൊണ്ടുതന്നെ ഇവ മൂന്നിന്റെയും സംയോജനം ഓരോന്നിലും നടന്നാലേ നിലനില്ക്കാനാവൂ. മാതൃഭൂമി പത്രവും മാതൃഭൂമി ഓണ്‍ലൈനും മാതൃഭൂമി ടെലിവിഷനും നാളെ ഇന്റര്‍നെറ്റ് തുറന്നാല്‍ കാണാനാവും എന്നതുപോലെ ഏഷ്യാനെറ്റിലും സംഭവിക്കും.
ടാബ്ലറ്റുകളും മൊബൈല്‍ ഫോണുകളും മാധ്യമലോകം കീഴടക്കുകയാണ്. എല്ലാവരുടെയും കൈയില്‍ സ്മാര്‍ട് ഫോണുകല്‍ എന്ന നില ഉണ്ടായിക്കൊണ്ടിരിക്കുന്നു. എല്ലാ മാധ്യമ രൂപങ്ങളും വിശ്വാസ്യതയുള്ള മാധ്യമസ്ഥാപനങ്ങള്‍ക്ക് സ്വന്തമായുണ്ടാകുമ്പോഴേ ജനാധിപത്യത്തിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ധര്‍മം അവയ്ക്ക് നിര്‍വഹിക്കാന്‍ കഴിയൂ. എണ്ണമറ്റ, ഊരുംപേരുമില്ലാത്ത അവനവന് പ്രസാധകരില്‍ നിന്ന് വായനക്കാരെ വിശ്വാസ്യതയുള്ള മാധ്യമങ്ങളിലേക്ക് തിരിച്ചുകൊണ്ടുവന്നേ തീരൂ. ഏഷ്യാനെറ്റിന്റെ സംരംഭത്തിന് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട്.
(Published in the website of Asianet)