ഒരു സംഘടന ഒരു വെബ്‌സൈറ്റ് ആരംഭിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ അതൊരു പരിസ്ഥിതി സൗഹൃദ നടപടിയാകുന്നു. ഇന്ത്യന്‍ റെയില്‍വെ പരിസ്ഥിതി സൗഹൃദത്തിന് വലുതായൊന്നും പേരുകേട്ട സ്ഥാപനമല്ല. പക്ഷേ അവര്‍ അടുത്തിടെ കൊണ്ടുവന്ന ഒരു പരിഷ്‌കാരത്തിന്റെ ലക്ഷ്യം പരിസ്ഥിതി സംരക്ഷണത്തിന് സഹായകമായി. ഇന്റര്‍നെറ്റ് വഴി ടിക്കറ്റ് ബുക് ചെയ്യുന്നവര്‍ ടിക്കറ്റ് ഷീറ്റ് കടലാസ്സില്‍ പ്രിന്റൗട് എടുക്കേണ്ട, മൊബൈല്‍ ഫോണിലോ ലാപ്‌ടോപ്പിലോ അതിന്റെ പകര്‍പ്പുണ്ടായാല്‍ മതിയെന്ന് ഉത്തരവിട്ടു. ഇതുവഴി ദിവസവും ലക്ഷക്കണക്കിന് ഷീറ്റ് കടലാസ്സാണ് ലാഭിക്കുന്നത്. അത്രയും മരം രക്ഷപ്പെടുന്നു. ഇന്റര്‍നെറ്റില്‍ മെയിലയക്കുന്ന പലരും അതോടൊപ്പം പതിവായി എഴുതിവെക്കുന്ന ഒരു വാചകമുണ്ട്-അത്യാവശ്യമുണ്ടെങ്കില്‍ മാത്രം പ്രിന്റെടുക്കുക. ഇതെല്ലാം നോക്കുമ്പോള്‍ പരിസ്ഥിതി സംഘടനകള്‍ എന്നോ പ്രിന്റ് മീഡിയയില്‍ നിന്ന് ഇന്റര്‍നെറ്റ് മീഡിയയിലേക്ക് മാറേണ്ടതായിരുന്നു എന്ന് തോന്നിപ്പോകുന്നു. അവരുടെ പ്രസിദ്ധീകരണങ്ങളെല്ലാം ഇന്റര്‍നെറ്റിലാവുമ്പോള്‍ രക്ഷപ്പെടുന്നത് എത്ര മരങ്ങളായിരിക്കും !
മാധ്യമരംഗത്തുനിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ ഇതിന്റെ ഗൗരവാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അച്ചടിക്കുന്ന പത്രത്തിന്റെ ചെലവില്‍ നാലിലൊരു പങ്ക് വാര്‍ത്താശേഖരണവുമായി ബന്ധപ്പെട്ടതാണെങ്കില്‍ അത്രയുംതന്നെ കടലാസ്സിനായും ചെലവാകുന്നു. കടലാസ്സിലെ അച്ചടി നിര്‍ത്തി അതേപടി ഇന്റര്‍നെറ്റിലേക്ക് മാറുമ്പോള്‍ ഉദ്പാദനച്ചെലവും പ്രകൃതിവിഭവത്തിന്റെ നാശവും തടയാനാവുന്നു.
ഇതിന്റെയെല്ലാം ഫലമായി നാളത്തെ മാധ്യമമെന്നത് ഏതാണ്ട് പൂര്‍ണമായും ഇന്റര്‍നെറ്റ് മാധ്യമങ്ങളായിരിക്കും എന്ന ധാരണ മാധ്യമലോകത്ത് പടരുന്നുണ്ട്. അച്ചടിച്ച പത്രങ്ങളുടെ സ്ഥാനത്ത് അവയുടെ ഇന്റര്‍നെറ്റ് എഡിഷന്‍ ആയിരിക്കും ഉണ്ടാവുക എന്ന ധാരണയായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. അത് ശരിയല്ലെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇന്റര്‍നെറ്റ് തുറന്ന് ഇ പത്രം വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ വായിക്കുന്നത് സോഷ്യല്‍ മീഡിയയിലെ പോസ്റ്റിങ്ങുകളാണ്. സോഷ്യല്‍ മീഡിയ ആവുമോ നാളത്തെ മീഡിയ ?
മറ്റുമാധ്യമങ്ങള്‍ക്കില്ലാത്ത ഒരുപാട് ഗുണങ്ങള്‍ സോഷ്യല്‍ മീഡിയക്കുണ്ട്. ആര്‍ക്കും മാധ്യമപ്രവര്‍ത്തകനാകാന്‍ അത് സ്വാതന്ത്ര്യം നല്‍കുന്നു. ആഗോള വായനാസമൂഹത്തെ ആര്‍ക്കും കൈവശപ്പെടുത്താനാവുന്നു. അതിന് ഉടമസ്ഥനില്ല. ഉടനുടന്‍ ആശയവിതരണവും അതിന്റെ പ്രതികരണവും സാധ്യമാവുന്നു. ചരിത്രത്തില്‍ മുമ്പൊരിക്കലും കഴിഞ്ഞിട്ടില്ലാത്ത വിധത്തില്‍ മനുഷ്യനെ ഒരു മാധ്യമ ജീവി ആക്കിയത് ടെക്‌നോളജിയാണ്. ആരുടെയും അനുമതിയില്ലാതെ ഒരു വ്യക്തിക്ക് തന്റെ അഭിപ്രായം ആളുകളിലെത്തിക്കാന്‍ കഴിയുന്നു എന്നതാണ് ഈ രംഗത്തുണ്ടായ വിപ്ലവത്തിന്റെ ഫലം. തത്ത്വത്തില്‍ ഇത് പണ്ടും കഴിയുമായിരുന്നു.നോട്ടീസടിച്ച് വിതരണം ചെയ്യാം, തെരുവിലിറങ്ങി വിളിച്ചുപറയാം. പക്ഷേ, അതിന് ഉയര്‍ന്ന ചെലവും പരിമിതമായ സാധ്യതകളുമാണുണ്ടായിരുന്നത്. ഇന്റര്‍നെറ്റില്‍ ഒരു മെയില്‍ എഴുതി ലോകം മുഴുവനുമുള്ള പരിചയക്കാര്‍ക്ക് അയച്ചുകൊടുക്കാന്‍ ഇന്ന് കാല്‍കാശ് ചെലവില്ല. സ്വന്തമായി ഒരു ബ്ലോഗ് എഴുതിയാല്‍ അത് ആര് എവിടെയെല്ലാമിരുന്ന് വായിക്കും എന്നറിയുകയില്ല. ആയിരങ്ങള്‍ വായിക്കാം, അവരുടെ പ്രതികരണങ്ങള്‍ നിങ്ങള്‍ക്കും വായിക്കാം. പത്രമോ ടെലിവിഷനോ ശ്രദ്ധിക്കാത്ത വീട്ടമ്മമാര്‍പോലും ഫേസ്ബുക്കില്‍ ചില വിവരങ്ങള്‍ വായിച്ചറിയുന്നു. അനേകം പേരുമായി അത് പങ്കുവെക്കുന്നു. പത്രത്തിലെ ഇന്റര്‍നെറ്റ് എഡിഷനില്‍ വരുന്ന വാര്‍ത്ത ആളുകള്‍ പരസ്പരം പങ്കുവെക്കുമ്പോഴാണ് കൂടുതല്‍ ആളുകളിലേക്കെത്തുന്നത്. പത്രവാര്‍ത്ത വായിക്കാനെത്തുന്നവരില്‍ നാലിലൊരു പങ്ക് സോഷ്യല്‍ മീഡിയ വഴിയാണ് അതിലെത്തുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സോഷ്യല്‍ മീഡിയ ഇപ്പോഴും സര്‍വതന്ത്രസ്വതന്ത്രമാണ്. തികഞ്ഞ ജനാധിപത്യമാധ്യമമാണ് അത്. നിയമങ്ങള്‍ വലുതായൊന്നും അതിലേക്ക് കടന്നുവന്നിട്ടില്ല. അത് ഫോര്‍ത്ത് എസ്റ്റേറ്റിനെയും സദാ നിരീക്ഷിക്കുന്ന ഫിഫ്ത് എസ്റ്റേറ്റ് ആണ്. ആശയങ്ങളുടെ, മനോവ്യാപാരങ്ങളുടെ, കലാ-സാഹിത്യസൃഷ്ടികളുടെ വലിയ വിപണി തുറന്നുകിടക്കുകയാണ്. ആര്‍ക്കും എന്തും എഴുതാം,ആര്‍ക്കും വായിക്കാം, വായിച്ചതിനെകുറിച്ച് അഭിപ്രായം അപ്പപ്പോള്‍ പറയാം. തത്ത്വത്തില്‍, ഇതിനേക്കാള്‍ വലിയ ജനാധിപത്യവല്‍ക്കരണം മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് പറയാം. ഇതെല്ലാം സത്യംതന്നെ. എന്നാല്‍, ഇതുമുഴുവന്‍ ആശാസ്യമാണ് എന്നുപറയാനാവില്ല. ഒരുപാട് അനാശാസ്യതകള്‍ ഈ രംഗത്തുണ്ട്. ഏറ്റവും വലിയ പരിമിതി അതില്‍ ഇപ്പോള്‍ മീഡിയയില്‍ ഉള്ള ഗേറ്റ് കാവല്‍ക്കാരന്‍ ഇല്ല എന്നതാണ്. അച്ചടിയിലായാലും ടെലിവിഷനിലായാലും പഴയ കാലത്തെ കയ്യെഴുത്തുമാസികയിലായാലും നിങ്ങളെഴുതുന്ന എന്തും മറ്റൊരാള്‍ കണ്ട് ഗുണനിലവാരം വിലയിരുത്തിയേ പ്രസിദ്ധപ്പെടുത്തുമായിരുന്നുള്ളൂ. ഇന്ന് ആ ചുമതല വായനക്കാരനിലേക്കെത്തിയിരിക്കുന്നു.
വായനക്കാരനില്‍ ഓവര്‍ലോഡ് ഉണ്ടാകുന്നു. ആവശ്യമുള്ളതും ഇല്ലാത്തതുമായ അറിവുകളും വിവരങ്ങളും അഭിപ്രായങ്ങളും പ്രവഹിക്കുന്നു. അതുപോലുമല്ല പ്രശ്‌നം. എത്തുന്ന വിവരത്തില്‍ ഏത് ശരി, ഏത് തെറ്റ് എന്നറിയാന്‍ വായനക്കാരന് ഒരു വഴിയുമില്ല. സത്യത്തിന്റെ മുഖം മൂടിയിട്ട് എത്തിച്ചേരുന്നതില്‍ നല്ലൊരു പങ്ക് വാസ്തവവിരുദ്ധമാണ്, അസത്യമാണ്. ഇത് മുഖ്യധാരാമാധ്യമങ്ങളിലും സംഭവിക്കുന്നില്ലേ എന്നുചോദിക്കാം. സംഭവിക്കുന്നുണ്ട്, ഗേറ്റ് കീപ്പര്‍ ഉണ്ടായാലും സംഭവിക്കുന്നുണ്ട്. പക്ഷേ, പരമ്പരാഗത മാധ്യമലോകത്ത് ഈ കൃത്യം നിര്‍വഹിക്കുന്നതിന്റെ അനേകമടങ്ങ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇത് അനുദിനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അത് പലപ്പോഴും ആപല്‍ക്കരമാകുന്നു. സ്വതന്ത്രമല്ലാത്ത പരമ്പരാഗത മാധ്യമത്തില്‍ സംഭവിക്കുന്നതിലേറെ മീഡിയ മാനിപ്പുലേഷന്‍ സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്നു. ഒരു സംഘടിത ഗ്രൂപ്പിന് ഏത് അസംബന്ധത്തെയും സാര്‍വത്രികാംഗീകാരമുള്ള പരമസത്യമായി വളര്‍ത്തിയെടുക്കാനാവും. ഇന്ത്യയിലെ അണ്ണാ ഹസാരെ പ്രതിഭാസം അത്തരത്തിലൊന്നാണ് എന്ന് കരുതുന്നവരുണ്ട്.
സോഷ്യല്‍ മീഡിയയെ കുറിച്ച്, ദിസ് ഈസ് മോഡേണ്‍ മാഡ്‌നസ് എന്ന് ഒരു അമേരിക്കന്‍ സാമൂഹ്യശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെടുകയുണ്ടായി. ആധുനികമായ ഭ്രാന്ത് ! ചിലപ്പോഴെങ്കിലും അത് സത്യമാണ് എന്നുതോന്നിപ്പോകും. മാതൃഭൂമി ഇന്റര്‍നെറ്റ് എഡിഷനില്‍ ഒരുതവണ ശശി തരൂരുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ അഭിപ്രായം എഴുതിയത് ആയിരത്തഞ്ഞൂറിലേറെ ആളുകളാണ്. ഗംഭീരം ! ഇത്രയും പേര്‍ക്ക് അഭിപ്രായം പറയാന്‍ മറ്റേത് മീഡിയയിലാണ് കഴിയുക ? കഴിയുകയില്ല, ശരി. പക്ഷേ, ഇത്രയും പേര്‍ അഭിപ്രായം പറഞ്ഞിട്ട് എന്താണ് പ്രയോജനം. ആരാണ് 1500 അഭിപ്രായങ്ങള്‍ കുത്തിയിരുന്നു വായിക്കുക ? ആരെങ്കിലും ഒരാള്‍ വായനക്കാരന് വേണ്ടി ഇവ പരിശോധിച്ച് നല്ലതും ചീത്തയും, അര്‍ത്ഥമുള്ളതും അര്‍ത്ഥശൂന്യവും വേര്‍തിരിച്ചുകൊടുത്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോവും. നോം ചോംസ്‌കിക്കും എനിക്കും തുല്യപ്രാധാന്യം കിട്ടുക എന്നത് മാധ്യമജനാധിപത്യമാണോ അതല്ല മാധ്യമ അരാജകത്വമോ ? അഴുക്കുചാല്‍ നിലവാരം പോലുമില്ലാത്ത ഒരു സിനിമ അതിന്റെ അതിശയിപ്പിക്കുന്ന നിലവാരമില്ലായ്മ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായി വാഴുകയും അതിന്റെ ഫലമായി വന്‍ ലാഭമാകുകയും ചെയ്യുന്ന പ്രതിഭാസത്തിന് എന്താണ് പേരാണ് ഇടേണ്ടത്. മോഡേണ്‍ മാഡ്‌നസ് എന്ന് പറഞ്ഞത് വെറുതെയല്ല !
സോഷ്യല്‍ മീഡിയ ലോകത്തെങ്ങും പുതിയ സമൂഹത്തിന്റെ സൃഷ്ടിയില്‍ നിര്‍ണായകപങ്ക് വഹിക്കുന്നുണ്ട് എന്ന യാഥാത്ഥ്യം ഇതുകൊണ്ടൊന്നും അവഗണിക്കേണ്ടതില്ല. പുത്തന്‍ തലമുറ അരാഷ്ട്രീയമാവുന്നു, ടെക്‌നോളജിയിലെ വിനോദങ്ങളില്‍ മാത്രം മുഴുകുന്നു, വോട്ട ചെയ്യാന്‍ പോലും വിമുഖത കാട്ടുന്നു എന്നിങ്ങനെയുള്ള ആശങ്കകള്‍ക്കിടയില്‍ പുത്തന്‍ തലമുറയെ സോഷ്യല്‍ മീഡിയയാണ് കൂടുതല്‍ സാമൂഹ്യ-രാഷ് ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നത് എന്ന വെളിപ്പെടുത്തലും ഉണ്ടായിട്ടുണ്ട്. വികസിത രാജ്യങ്ങളില്‍ വോട്ടിങ് ശതമാനം തന്നെ കുറഞ്ഞുവരുന്നതിനിടയിലാണ് 2005നും 2010നും ഇടയില്‍ വോട്ടിങ് ശതമാനത്തിലുണ്ടായ ഏഴ് ശതമാനം വര്‍ദ്ധനയ്ക്ക് കാരണം സോഷ്യല്‍ മീഡിയയില്‍ നടന്ന സാമൂഹ്യ രാഷ്ട്രീയപ്രശ്‌നങ്ങളെകുറിച്ചുള്ള ചര്‍ച്ചകളും മറ്റുമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തിയത്. പഴയതലമുറയേക്കാള്‍ കൂടുതല്‍ വോട്ടിങ് പുതിയ തലമുറയിലാണെന്നും കാണുന്നുണ്ട്.
അമേരിക്കയിലും അറേബ്യന്‍ രാജ്യങ്ങളിലും നടന്ന, നടന്നുകൊണ്ടിരിക്കുന്ന ‘വിപ്ലവ’ശ്രമങ്ങള്‍ക്ക് പിന്നില്‍ സോഷ്യല്‍ മീഡിയയാണെന്ന നിഗമനം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. അഭിപ്രായസ്വാതന്ത്ര്യം പോലും വേണ്ടത്ര ഇല്ലാത്ത രാജ്യങ്ങളിലാണ് സോഷ്യല്‍ മീഡിയ കൂടുതല്‍ പ്രസക്തവും സ്വാധീനമുള്ളതുമാകുന്നത്. സമൂഹത്തില്‍ മാറ്റം വേണമെന്നും അത് സാധ്യമാണെന്നുമുള്ള ചിന്ത ആളുകളില്‍ ഉണ്ടാക്കിയത് അവിടെ സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനമാണ്. പഴയ മാറ്റങ്ങളില്‍ നിന്ന്, രാഷ്ട്രീയ കൊടുങ്കാറ്റുകളില്‍ നിന്ന് വ്യത്യസ്തമായി പുതിയ വിപ്ലവങ്ങള്‍ക്ക് നേതൃത്വമില്ല, എന്തെങ്കിലും വ്യക്തമായ പ്രത്യയശാസ്ത്രമില്ല, അവ സമഗ്രചിന്തയുടെ ഉല്പ്പന്നങ്ങളല്ല, അവ ക്ഷണികമാണ് തുടങ്ങിയ നിരവധി പരിമിതികള്‍ ആരോപിക്കപ്പെടുന്നുണ്ട്. കുറെയെല്ലാം സത്യവുമാണ്.
അശ്ലീലവും മതഭ്രാന്തുമെല്ലാം അനിയന്ത്രിതമായി ഒഴുകുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍. ഇതിന്റെ മേലും നിയന്ത്രണമില്ല. ഫേസ് ബുക്ക്, യുട്യൂബ് തുടങ്ങിയവയ്ക്ക മേല്‍ നിയന്ത്രണം കൊണ്ടുവരണം എന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. ഗവണ്മെന്റുകളും ആ നിലയിലേക്ക് നീങ്ങുന്നുണ്ട്. അച്ചടിമാധ്യമത്തിന്റെ തുടക്കവുമായി ഇതിനെ താരതമ്യപ്പെടുത്തുന്നത് നന്നാവും. അച്ചടിയില്‍ ആദ്യം സെന്‍സര്‍ഷിപ്പാണ് ഉണ്ടായത്. ഇംഗഌണ്ടില്‍ പോലും കര്‍ശന നിയന്ത്രണത്തിന് ശേഷമാണ് അത് സ്വതന്ത്രമായത്. സെന്‍സര്‍ഷിപ്പ് അവസാനിപ്പിക്കുന്ന തരത്തിലുള്ള നീക്കം ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായപ്പോള്‍ വലിയ തോതില്‍ ആശങ്കകള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതോടെ സാമൂഹ്യസുരക്ഷിതത്ത്വം ഇല്ലാതാവുമെന്നും രാജ്യം അരാജകത്വത്തിലേക്കും അക്രമത്തിലേക്കും ചെന്നുപതിക്കുമെന്നും പക്വമായി ചിന്തിക്കുന്നവര്‍ പോലും ഭയപ്പെട്ടു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഈ അച്ചടിമാധ്യമമാണ് സ്വതന്ത്രമായ ഫോര്‍ത് എസ്റ്റേറ്റ് ആയി വളര്‍ന്നത്. സോഷ്യല്‍ മീഡിയ സര്‍വസ്വാതന്ത്ര്യത്തില്‍ നിന്ന് നിയന്ത്രണത്തിലേക്കാണ് നീങ്ങുന്നത്.
മനുഷ്യന്‍ പിന്നോട്ടല്ല, മുമ്പോട്ടാണ് പോവുക. കുറയെല്ലാം ഭ്രാന്തുകളും അസഹ്യ പ്രവണതകളും കണ്ടെന്നുവരാം. പക്ഷേ, അവയുടെ സംഹാര സ്വഭാവത്തെ മറികടക്കാന്‍ മനുഷ്യര്‍ക്ക് കഴിയും. നിയമങ്ങളുള്ള എന്നാല്‍ വലിയ നിയന്ത്രണമില്ലാത്ത രീതിയില്‍ സോഷ്യല്‍ മീഡിയ മുന്നോട്ടുപോയേ തീരൂ. നാളത്തെ വിപ്ലവങ്ങള്‍ പോസ്റ്റ് ചെയ്യപ്പെടുന്നത് സോഷ്യല്‍ മീഡിയയിലാവാം.
(Published in Keraleeyam magazine)