മാധ്യമങ്ങളെ തല്ലി നന്നാക്കാന്‍ വരേണ്ട

എൻ.പി.രാജേന്ദ്രൻ

പ്രസ് കൗണ്‍സിലിന് പുതിയ ചെയര്‍മാന്‍ ഉണ്ടായ വിവരം എല്ലാ ജനങ്ങളെയും അറിയിക്കാനെന്നോണം വിവാദപരാമര്‍ശങ്ങള്‍ ഏറെ നടത്തുന്നുണ്ട് ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ണ്ഡേയ കട്ജു. മാധ്യമമേഖലയെകുറിച്ചും തന്നെ ഏല്‍പ്പിച്ച ചുമതലയെക്കുറിച്ചും വേണ്ടത്ര ആഴത്തില്‍ പഠിച്ച ശേഷമാണ് ചെയര്‍മാന്‍ ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്നില്ല. എല്ലാ മാധ്യമങ്ങളെയും ഒറ്റ ശിലാഖണ്ഡമായി കണക്കാക്കി അടക്കിയാക്ഷേപിക്കുന്ന രീതിയാണ് അദ്ദേഹം അവലംബിച്ചിട്ടുള്ളത്. പറഞ്ഞതിലൊന്നും സത്യമില്ല എന്നല്ല. സത്യമുണ്ട്. പക്ഷേ അവ എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരേ പോലെ ബാധകമാണ് എന്ന മട്ടിലുള്ള സാമാന്യവല്‍ക്കരണങ്ങള്‍ പക്വമതിയായ ഒരു ന്യായാധിപന്റെ ചിത്രമല്ല നമ്മളിലെത്തിക്കുന്നത്. ശരിയായ കാര്യങ്ങള്‍ പോലും തെറ്റായ രീതിയില്‍ പറയുകയാണ് ബഹുമാനപ്പെട്ട ജസ്റ്റിസ്.

മിക്ക മാധ്യമപ്രവര്‍ത്തകരെക്കുറിച്ചും എനിക്ക് വലിയ അഭിപ്രായമില്ല എന്ന പരാമര്‍ശം ആവര്‍ത്തിക്കുന്നുണ്ട് അദ്ദേഹം. ഇത്രയും കാലം ജസ്റ്റിസ് ആയി ദന്തഗോപുരത്തില്‍ കഴിഞ്ഞുപോന്ന അദ്ദേഹം എത്ര മാധ്യമപ്രവര്‍ത്തകരെ നേരില്‍ കണ്ടിട്ടുണ്ടാവും എന്നറിയില്ല. മോശമായ അഭിപ്രായം ആളുകളിലുണ്ടാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ധാരാളമുണ്ട് എന്ന നിരീക്ഷണത്തില്‍ തെറ്റൊന്നുമില്ല. പക്ഷേ, കൊള്ളാവുന്ന ഒരുവനേ ഉള്ളൂ എന്ന നിഗമനം വിവരക്കേടാണ്. ആയിരക്കണക്കിന് പത്രങ്ങളും പ്രസിദ്ധീകരണങ്ങളും പതിനായിരക്കണക്കിന് മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും നൂറുകണക്കിന് പത്രാധിപന്മാരുമുള്ള ഒരു മഹാരാജ്യത്തിരുന്നുകൊണ്ട്, പ്രസ് കൗണ്‍സില്‍ പോലൊരു സുപ്രധാനമായ സ്ഥാപനത്തിന്റെ തലവന്‍ നടത്തേണ്ട കുറ്റാരോപണമാണോ ഇത് ?  ഒരു ജഡ്ജിയുടെ പ്രസംഗമോ മറ്റൊരു ജഡ്ജിയുടെ ടി.വി. അഭിമുഖമോ ഇനിയുമൊരു ജഡ്ജിയുടെ സ്‌പെല്ലിങ്ങ് മിസ്റ്റേക്കും അസംബന്ധങ്ങളും നിറഞ്ഞ വിധിന്യായമോ വായിച്ചശേഷം ഒരാള്‍ക്ക് നമ്മുടെ ജുഡീഷ്യറിയെ ക്കുറിച്ചും മോശം അഭിപ്രായം പറയാവും. അതെത്ര അസംബന്ധമാകുമോ അത്രയും അസംബന്ധമാണ് പത്രപ്രവര്‍ത്തകരെ കുറിച്ചുള്ള പ്രസ് കൗണ്‍സില്‍ ചെയര്‍മാന്റെ അഭിപ്രായവും.

അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു, ജ്യോത്സ്യം വില്‍ക്കുന്നു, ജനങ്ങളെ മതപരമായി ചിന്തിപ്പിക്കുന്നു തുടങ്ങിയ ഒരു പാട് ആക്ഷേപങ്ങള്‍ ചെയര്‍മാനുണ്ട്. കുറെയെല്ലാം അവ ശരിയുമാണ്. പക്ഷേ അതൊന്നും എല്ലാ മാധ്യമങ്ങള്‍ക്കും ഒരേ പോലെ ബാധകമല്ല. അന്ധവിശ്വാസത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്ന, അഴിമതികള്‍ നിരന്തരം പുറത്തുകൊണ്ടുവരുന്ന, തെറ്റുകള്‍ക്കെതിരെ ത്യാഗപൂര്‍വം  പോരാടുന്ന എത്രയോ സ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും ഇന്ത്യയിലുണ്ട്. ചെയര്‍മാന്റെ നീണ്ട അഭിമുഖത്തില്‍ അവരെ കുറിച്ചൊരു വാക്കുപോലുമില്ല. ന്യൂനപക്ഷങ്ങളെ പ്രതിക്കൂട്ടില്‍ ആക്കുന്ന പരാമര്‍ശങ്ങള്‍ വ്യാപകമായി നടത്തുന്നു എന്നതാണ് അദ്ദേഹത്തിന്റെ അഭിമുഖത്തില്‍ കണ്ട കുറച്ചേറെ ഗൗരവമുള്ള ഒരു സംഗതി. പക്ഷേ അതുപോലും തീര്‍ത്തും ഇരുണ്ട അധ്യായമല്ല. വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തില്‍ വലിയ പങ്ക് വഹിച്ച മാധ്യമങ്ങള്‍ രാജ്യത്തേറെയുണ്ട് എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള ഒരു പാട് കാര്യങ്ങളില്‍ ഗുണപരമായ പങ്ക് വഹിച്ച ചാനലുകളും പത്രങ്ങളുമുണ്ട്.

ഏതോ മാധ്യമത്തില്‍ നിന്ന് എന്തോ തിക്താനുഭവം ഉണ്ടായ ഒരാളിന്റെ പകയും വിരോധവും ആ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്. മാധ്യമശിശുക്കളെ തല്ലി നന്നാക്കാന്‍ നിയോഗിക്കപ്പെട്ട സ്‌കൂള്‍ മാഷാണ് താനെന്ന തെറ്റിദ്ധാരണയും അദ്ദേഹത്തിനുണ്ട് എന്ന് തോന്നുന്നു. വളരെ പരിമിതമായ അധികാരങ്ങളാണ് പ്രസ് കൗണ്‍സിലിനും അതിന്റെ ചെയര്‍മാനുമുള്ളത്. തീര്‍ച്ചയായും, അധികാരം പോര എന്ന അഭിപ്രായം ആ സ്ഥാനം വഹിച്ചവര്‍ക്ക് മാത്രമല്ല ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചവര്‍ക്കും ഉണ്ട്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് ഇത്. ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതും ഉണ്ട്. അധികാരമേറ്റ ഉടനെ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും പ്രതിപക്ഷ നേതാക്കളെ കാണുകയും ചെയ്താല്‍ ഇത് സാധിച്ചെടുക്കാവുന്ന ധാരണ ബാലിശമാണെന്നേ പറയാനൊക്കൂ. പ്രസ് കൗണ്‍സില്‍ കേസ്സുകളില്‍ കുടുങ്ങി കോടതി കയറുന്ന അവസ്ഥ ഉണ്ടാകരുതെന്ന ചിന്ത കൊണ്ടുകൂടിയാണ് കൗണ്‍സിലിന് കൂടുതല്‍ ‘ പല്ല് ‘ നല്‍കാതിരുന്നത്.

മാധ്യമങ്ങളുടെ ചുമതലകളെയും ബാധ്യതകളെയും കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ സദുപദേശം നല്‍കി നന്നാക്കാന്‍ മാത്രം നിയോഗിക്കപ്പെട്ട സ്ഥാപനങ്ങളാണ് മാധ്യമങ്ങള്‍ എന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ജസ്റ്റിസ് കട്ജുവിനുണ്ട്. പക്ഷേ, അങ്ങനെ ആക്കാനുള്ള അധികാരമൊന്നും ആരും അദ്ദേഹത്തിന് നല്‍കിയിട്ടില്ല. അത് മാധ്യമങ്ങളും അതിന്റെ വായനക്കാരുമാണ് തീരുമാനിക്കേണ്ടത്. മോശമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവയെ തിരസ്‌കരിക്കുകയും നല്ലവയെ പ്രോത്സാഹിപ്പിക്കുകയും  ചെയ്യേണ്ടത് വായനക്കാരാണ്. മാധ്യമസ്വാതന്ത്ര്യസംരക്ഷണമാണ് പ്രസ് കൗണ്‍സിലിന്റെ പ്രധാന ചുമതല. മാധ്യമങ്ങള്‍ക്ക് പേടി വേണം, അവയെ ഭയപ്പെടുത്തണം എന്നും മറ്റും ആവര്‍ത്തിക്കുന്ന ഈ ന്യായാധിപന്‍, താന്‍ ഏറ്റെടുത്ത ചുമതലയെക്കുറിച്ച് എത്രത്തോളം ബോധവാനാണെന്ന കാര്യത്തില്‍ ആശങ്ക തോന്നുന്നു.

ജനാധിപത്യത്തിലെ നാല് എസ്‌റ്റേറ്റുകളില്‍ മാധ്യമം മാത്രമാണ് ഒരു വ്യവസായമായി പ്രവര്‍ത്തിക്കുന്നത്. ജഡ്ജിമാര്‍ക്ക് ശമ്പളം നികുതിപ്പണത്തില്‍ നിന്നുകിട്ടും. സര്‍ക്കാര്‍ ലാഭത്തിലാണോ എന്നുനോക്കേണ്ട കാര്യമൊന്നും അവര്‍ക്കില്ല. മാധ്യമങ്ങള്‍ക്ക് ലാഭമുണ്ടാക്കിയേ നിലനില്‍ക്കാനാവൂ. കഴുത്തറപ്പന്‍ മത്സരം അവര്‍ക്കിടയില്‍ നില നില്‍ക്കുന്നു. എന്നിട്ടും ഇത്രയല്ലേ മാധ്യമങ്ങള്‍ അധ: പതിച്ചിട്ടുള്ളൂ എന്ന് ആശ്വസിക്കാനാണ് തോന്നുന്നത് !  വമ്പിച്ച തോതിലുള്ള ധാര്‍മികാധ:പതനം മാധ്യമമേഖലയിലുണ്ടാവുന്ന തരത്തിലാണ് മാധ്യമപ്രവര്‍ത്തനരീതികള്‍ മാറിക്കൊണ്ടിരിക്കുന്നത്. പരസ്യത്തിനും സര്‍ക്കുലേഷനും ടാം റേറ്റിങ്ങിനും വേണ്ടി ഏതറ്റത്തോളവും പോകാന്‍ തയ്യാറാവുകയാണ് മാധ്യമങ്ങള്‍. ഇത് നേരിടാനുള്ള ശ്രമങ്ങള്‍ക്ക് കൗണ്‍സില്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്.  വലിയൊരു വിഭാഗം മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്ക് വഹിക്കാനാവും. തീര്‍ച്ചയായും ടെലിവിഷനെയും പ്രസ് കൗണ്‍സിലിന്റെ അല്ലെങ്കില്‍ മീഡിയ കൗണ്‍സിലിന്റെ കീഴില്‍ കൊണ്ടുവരണം. ജനാധിപത്യം വികസിക്കുന്തോറും വ്യക്തിസ്വാതന്ത്ര്യം കുറയുകയാണ് എങ്ങും. മാധ്യമസ്വാതന്ത്ര്യം നിയന്ത്രിച്ചുകൊണ്ടാവരുതേ മാധ്യമങ്ങളെ നന്നാക്കുന്നത് എന്നേ പറയാനുള്ളൂ.

(May 10 2011)

Leave a Reply

Your email address will not be published. Required fields are marked *

Go Top