പത്രധര്‍മവും ധര്‍മസങ്കടവും

എൻ.പി.രാജേന്ദ്രൻ

എന്താണ്‌ ന്യൂസ്‌ എന്ന ധാരണയില്‍ നിന്നാണ്‌ ന്യൂസ്‌ കവറേജ്‌ എങ്ങനെയായിരിക്കണം എന്ന ചിന്തയും പ്രവര്‍ത്തനവും രൂപപ്പെടുന്നത്‌. വാര്‍ത്തയെക്കുറിച്ചുള്ള ധാരണകള്‍ മാറാതെ നില്‍ക്കുന്നവയാണോ ? അല്ല. എന്താണ്‌ വാര്‍ത്ത എന്ന ചോദ്യത്തിന്‌ കിട്ടുന്ന ഉത്തരം കാലത്തിനൊത്ത്‌, ദേശത്തിനൊത്ത്‌, വ്യക്തിയുടെ കാഴ്‌ചപ്പാടിനൊത്ത്‌ മാറിക്കൊണ്ടേയിരിക്കുന്നു. പത്രപ്രവര്‍ത്തനപാഠപുസ്‌തകങ്ങളില്‍ വാര്‍ത്തയുടെ നിര്‍വചനം മാറാറില്ല. എന്നാല്‍ പത്രപ്രവര്‍ത്തകന്റെ വാര്‍ത്തയോടുള്ള സമീപനം നിരന്തരം മാറുന്നുണ്ട്‌. ന്യൂസ്‌ കവറേജിന്റെ തത്ത്വവും പ്രയോഗവും ഇതിനൊത്താണ്‌ മാറാറുള്ളത്‌.ലിന്‍ഡന്‍ ജോണ്‍സണെയോ ജോണ്‍ എഫ്‌ കെന്നഡിയെയോ യു.എസ്‌ പ്രസിഡന്റായി തിരഞ്ഞെടുത്ത ദിവസത്തെ മലയാള പത്രങ്ങളും ദ#39;സാമ തിരഞ്ഞെടുക്കപ്പെട്ട ദിവസത്തെ പത്രങ്ങളും വെറുതെ കൗതുകത്തിന്‌ വേണ്ടി താരതമ്യപ്പെടുത്തുകയാണെങ്കില്‍ ചില കാര്യങ്ങള്‍ ബോധ്യപ്പെടും. ലോകത്തിലെ ഏറ്റവും ശക്തിയുള്ള രാഷ്‌ട്രം ആയതുകൊണ്ട്‌ എക്കാലത്തും അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ അന്യരാജ്യങ്ങള്‍ വളരെയേറെ താല്‌പര്യം പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഇത്തവണ ചരിത്രത്തിലാദ്യമായി കറുത്ത വര്‍ഗക്കാരന്‍ പ്രസിഡന്റായത്‌ ചരിത്രമൂഹൂര്‍ത്തമായെന്നതും അവഗണിക്കാനാവില്ല. എങ്കില്‍പ്പോലും തിരഞ്ഞെടുപ്പിന്‌ നല്‍കിയ പ്രാധാന്യം അത്യസാധാരണമായിരുന്നു. നമ്മുടെ പത്രങ്ങള്‍ അമേരിക്കന്‍ പത്രങ്ങളുമായാണോ മത്സരിക്കുന്നത്‌ എന്ന്‌ തോന്നുപ്പിക്കുന്ന വിധത്തിലായിരുന്നു തിരഞ്ഞെടുപ്പിന്റെ ന്യൂസ്‌ കവറേജ്‌. അമേരിക്കയെ സാമ്രാജ്യത്വഭീകരനായി നാഴികയ്‌ക്ക്‌ നാല്‌പത്‌ വട്ടം തള്ളിപ്പറയുന്ന പത്രങ്ങള്‍പ്പോലും ഈ മത്സരത്തില്‍ പിറകോട്ട്‌ പോയില്ല. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പത്രങ്ങള്‍പ്പോലും കമ്യൂണിസ്റ്റ്‌ ക്യൂബയില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തതിനേക്കാള്‍ നൂറുമടങ്ങ്‌ പ്രാധാന്യം സാമ്രാജ്യത്വ ആസ്ഥാനത്തെ പുതിയ പ്രസിഡന്റിന്‌ നല്‌കി. അതില്‍ അപാകതയില്ല. ക്യൂബയുടെ പ്രസിഡന്റ്‌ ആരായിരുന്നാലും ലോകത്തെ അത്‌ ബാധിക്കുന്നില്ല, അമേരിക്കയുടെ കാര്യം അതല്ല.

പ്രസിഡന്റിനെ തിരഞ്ഞെടുത്ത ദിവസത്തെ പത്രത്തില്‍ പണ്ടാണെങ്കില്‍ വേറെയും നിരവധി വാര്‍ത്തകള്‍ ഉണ്ടാകുമായിരുന്നു. ഇന്ന്‌ ഏറ്റവും യാഥാസ്ഥിതിക മലയാളപത്രത്തില്‍ ആറുതലക്കെട്ടുകളാണുണ്ടായിരുന്നത്‌. അതില്‍ നാലെണ്ണം ഒബാമയുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ളതാണ്‌. അമേരിക്കയോട്‌ ലവലേശം അനുഭാവമില്ലാത്ത ഇടതുപക്ഷപത്രത്തിലെ അഞ്ചുതലക്കെട്ടുകളില്‍ അഞ്ചും യു.എസ്‌ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ളതാണ്‌. ` അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മൂടുതാങ്ങിപ്പത്ര `ത്തില്‍ മൂന്നുതലക്കെട്ടേ ഉള്ളൂ. മൂന്നും സ്വാഭാവികമായും അമേരിക്കന്‍ പ്രസിഡന്റ്‌ വിഷയം തന്നെ. ഒരു ലോക ഗവണ്മെന്റ്‌ ഉണ്ടാകുകയും അതിന്‌ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയും ചെയ്‌താലും ഇതില്‍കൂടുതല്‍ പ്രാധാന്യം നല്‌കാന്‍ പത്രങ്ങള്‍ക്ക്‌ കഴിയുകയില്ല.

ന്യൂസ്‌ കവറേജിന്റെ മാനദണ്ഡങ്ങള്‍ ആരാണ്‌ നിര്‍ണയിക്കുന്നത്‌. മഹാത്മാഗാന്ധി വെടിയേറ്റുമരിച്ചപ്പോള്‍ നല്‌കിയ തലക്കെട്ടിനേക്കാള്‍ വലിയ തലക്കെട്ട്‌ വീരപ്പന്‍ വെടിയേറ്റുമരിച്ചപ്പോള്‍ നല്‌കിയതിന്റെ ന്യായമെന്ത്‌ ? ഇതിന്‌ ന്യായവുമില്ല യുക്തിയുമില്ല. യുക്തിക്കോ ഇരുമ്പുലക്ക പോലുള്ള എന്തെങ്കിലും തത്വങ്ങള്‍ക്കോ അനുസരിച്ചല്ല വാര്‍ത്താപ്രാധാന്യം നിശ്ചയിക്കുന്നത്‌. കാലത്തിന്റെ മാറ്റത്തിനനുസരിച്ച്‌ പുതിയ ആശയങ്ങള്‍ പരീക്ഷിക്കപ്പെടും. ഈ പരീക്ഷണങ്ങളെല്ലാം വിപണിയെ തൃപ്‌തിപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍തന്നെയാണ്‌. അതൊളിച്ചുവെക്കേണ്ട കാര്യമൊന്നുമില്ല. പത്രങ്ങള്‍ മത്സരാധിഷ്‌ഠിതവിപണിയിലെ ഉത്‌പന്നങ്ങളാണ്‌. അത്‌ മാത്രമാണോ എന്ന ചോദ്യമുയര്‍ന്നാല്‍മാത്രമേ ഭിന്നാഭിപ്രായമുണ്ടാകാറുള്ളൂ.

ജനങ്ങള്‍ക്കെന്താണ്‌ നല്‌കേണ്ടത്‌ എന്ന്‌ ഞങ്ങള്‍ക്കറിയാം എന്ന ബോധ്യത്തില്‍നിന്നാണ്‌ പഴയകാല പത്രാധിപന്മാര്‍ നൂസ്‌ കവറേജ്‌ നിശ്ചയിച്ചിരുന്നത്‌. ജനങ്ങള്‍ എന്ത്‌ വായിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നധികം അന്വേഷിക്കാറില്ല. നല്ലതല്ലാത്ത കാര്യങ്ങള്‍ ആളുകള്‍ ആഗ്രഹിച്ചാലും അത്‌ കൊടുക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന്‌്‌ തുറന്നടിക്കാന്‍ അവര്‍ക്ക്‌ മടിയുണ്ടായിട്ടില്ല. ചാരായം കഴിക്കാന്‍ ആഗ്രഹിക്കുന്നവന്‌ അത്‌ നല്‌കാന്‍ അവര്‍ തയ്യാറാല്ലായിരുന്നു, പാലേ നല്‌കൂ എന്നില്ല. ചായയും സര്‍ബത്തും കട്ടന്‍കാപ്പിയും നല്‌കാം. ദോഷംചെയ്യുന്ന ലഹരി പാനീയങ്ങള്‍ കൊടുക്കില്ല എന്നവര്‍ വാശിപിടിച്ചു. മാധ്യമ വിപണിയിലെ കച്ചവടക്കാരന്‍ നല്ല അരിഷ്ടമാണെന്ന നാട്യത്തില്‍ ലഹരിപിടിപ്പിക്കുന്ന സാധനം കൊടുത്തുതുടങ്ങിയാല്‍ എന്താണ്‌ സംഭവിക്കുക ? മൂല്യബോധമുള്ള മറ്റുകച്ചവടക്കാര്‍ അതിനെ ചെറുക്കുകതന്നെ വേണം എന്ന്‌ ആവേശപൂര്‍വം നമ്മള്‍ക്ക്‌ പറയാം. കുറെപ്പേര്‍ കുറെക്കാലം ചെറുക്കുകയും ചെയ്യും. എത്ര പേര്‍ എത്രകാലം എന്നതിന്‌ ഉറച്ച മറുപടികളൊന്നും നല്‌കാന്‍ സാധ്യമല്ല. ഉല്‌പ്പന്നത്തിന്റെ വിപണിസ്വീകാര്യതയില്‍ വന്ന മാറ്റം മറ്റുല്‌പ്പന്നങ്ങളുടെ ഉള്ളടക്കത്തിലും മാറ്റംവരുത്തും. വിപണിയില്‍ വിജയിക്കുന്ന പത്രത്തിന്റെ രീതികള്‍ മറ്റുപത്രങ്ങളും കുറെയേറെ സ്വീകരിക്കും. ന്യൂസ്‌ കവറേജിനെ കാര്യമായി സ്വാധീനിക്കുന്ന ഒരു കാര്യമാണിത്‌.

എന്താണ്‌ നല്ലത്‌ എന്നറിയാഞ്ഞിട്ടല്ല. നല്ലതേ കൊടുക്കൂ എന്ന വാശി ഇന്നാര്‍ക്കുമില്ല. ജനങ്ങള്‍ ആഗ്രഹിക്കുന്നത്‌ ഞങ്ങള്‍ നല്‌കുന്നു എന്നാണ്‌ ഇന്ന്‌ മാധ്യമങ്ങള്‍ അവകാശപ്പെടുക. ജനങ്ങള്‍ ഇതാണ്‌ ആഗ്രഹിക്കുന്നത്‌ എന്ന്‌ ആരാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌ ?വായനക്കാരുടെ ഹിതമറിഞ്ഞ്‌ ന്യൂസ്‌ കവറേജ്‌ നിശ്ചയിക്കാന്‍ എന്ത്‌ സംവിധാനമാണ്‌ പത്രങ്ങള്‍ക്കുള്ളത്‌. വായനക്കാര്‍ പത്രാധിപന്മാരെ വിളിച്ചുപറയുന്നതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ അവലോകനം ചെയ്യാന്‍ സംവിധാനമുണ്ടോ ? പത്രം വില്‌ക്കുന്ന ഏജന്റുമാരില്‍നിന്നുള്ള കണക്കുകള്‍ വിലയിരുത്തിയാണോ ന്യൂസ്‌ കവറേജ്‌ നിശ്ചയിക്കുന്നത്‌? ശാസ്‌ത്രീയമായ വിലയിരുത്തലൊന്നുമാകില്ല ഇതെല്ലാമെങ്കിലും ഏതാണ്ട്‌ ചില ഊഹങ്ങള്‍ ഇക്കാര്യത്തില്‍ ന്യൂസ്‌ കവറേജ്‌ നി്‌ശ്ചയിക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട്‌. എത്രത്തോളം ഇതിനൊത്തുപോകാം എന്നതിലെ വ്യത്യാസങ്ങളാണ്‌ വിപണിയില്‍ ചിലപ്പോള്‍ പ്രധാനമായി മാറുന്നത്‌.

പത്രാധിപന്മാര്‍ വാര്‍ത്തയുടെ പ്രാധാന്യത്തിന്‌ നല്‌കുന്ന മാര്‍ക്ക്‌്‌ എത്ര എന്നറിയാന്‍ ഹെഡ്ഡിങ്ങിന്റെ വലുപ്പവും ഏത്‌ പേജിലാണ്‌ കൊടുക്കുന്നത്‌ എന്നതും നോക്കിയാല്‍ മതിയെന്ന്‌ കരുതിപ്പോന്നിരുന്നു. എട്ടുകോളത്തിലാണെങ്കില്‍ അതിപ്രധാനം. പ്രാധാന്യം കുറയുന്നതിനൊത്ത്‌ ഹെഡ്ഡിങ്ങിന്റെ വലുപ്പവും കുറയുന്നു.എന്തെളുപ്പം. ഇതാണ്‌ രീതിയെങ്കില്‍ ലോകത്തിലെല്ലാ പത്രങ്ങളും എല്ലാദിവസവും ഏതാണ്ട്‌ ഒരുപോലിരിക്കും. ഇതല്ല രീതി എന്നുറപ്പ്‌. അപ്പോള്‍ എന്താണ്‌ രീതി ? ദിവസത്തെ ഏറ്റവും പ്രധാന വാര്‍ത്ത എന്ന കാര്യത്തില്‍പോലും ഏകാഭിപ്രായമുണ്ടാകാറില്ല. എല്ലാ പത്രങ്ങളും -ഒരേ വാര്‍ത്ത ഏറ്റവും വലിയ തലവാചകമായി കൊടുക്കുന്നത്‌ അപൂര്‍വമായി മാത്രമാണ്‌. എട്ടുപത്രങ്ങള്‍ക്ക്‌ എട്ടുമെയ്‌ന്‍ വാര്‍ത്തയാണ്‌ മിക്ക ദിവസവും. ഒരേ പ്രൊഫഷനില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ ഇത്രയും വൈജാത്യം പാടുണ്ടോ എന്ന്‌ ചോദിക്കാം. രോഗിയെ പരിശോധിക്കുന്ന എട്ട്‌ ഡോക്‌റ്റര്‍മാര്‍ എട്ടുവ്യത്യസ്‌ത രോഗനിര്‍ണയങ്ങള്‍ നടത്തുംപോലെ അപകടകരമാണോ ഇത്‌ ? അല്ല. വൈദ്യം പോലൊരു ശാസ്‌ത്രീയസംഗതിയല്ല കലയും മാധ്യമവുമെല്ലാം. എട്ടുമനുഷ്യര്‍ എട്ടുതരത്തില്‍ ചിന്തിക്കുമെന്ന പോലെ എട്ടുപത്രങ്ങള്‍ക്കും ചിന്തിക്കാം. പരശ്ശതം ഘടകങ്ങള്‍ക്ക്‌ വ്യക്തിഗതമായും ആദര്‍ശപരമായും മറ്റും നല്‌കുന്ന വ്യത്യസ്‌ത പ്രാധാന്യങ്ങള്‍ക്കൊത്ത്‌ വാര്‍ത്താപ്രാധാന്യത്തിനും അതുവഴി ന്യൂസ്‌ കവറേജിനും വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു.

എല്ലാറ്റിലും പ്രധാനം പുതുമയാണെന്ന കരുതുന്നവര്‍കാണും. അവര്‍ പുതുമയുള്ള സംഭവങ്ങള്‍ക്ക്‌ പ്രാധാന്യം നല്‌കും. പട്ടിയെ മനുഷ്യന്‍ കടിക്കുന്ന പഴയകേസ്‌തന്നെ. വ്യക്തിയെ എങ്ങനെ ബാധിക്കുന്നു എന്നതാണ്‌ പ്രധാനമെന്നുകരുതുന്നവര്‍ കാണും. അമേരിക്കയുടെ പ്രസിഡന്റ്‌ ആരായാലെന്ത്‌, അരിയുടെ വില കൂടിയോ എന്നതല്ലേ പ്രധാനം ? അങ്ങനെയും ചിന്തിക്കാം. ന്യൂസ്‌ ദാറ്റ്‌ ഈസ്‌ ഫ്‌ യൂസ്‌. കുറ്റകൃത്യങ്ങള്‍ വായിക്കാന്‍ ആളുകള്‍ക്ക്‌ പ്രത്യേകാവേശമാണ്‌. എന്ത്‌ കൊണ്ട്‌ എന്നറിയില്ല. അരക്ഷിതത്വബോധം കൊണ്ടാവാം, അല്ലെങ്കില്‍ എല്ലാവരിലും കുറ്റവാളി ഒളിച്ചിരിക്കുന്നത്‌ കൊണ്ടാവാം. ലൈംഗികാംശമുള്ള എന്ത്‌ വാര്‍ത്തയും ജനപ്രിയമാകുന്നതിന്‌ മനുഷ്യനെ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ല, മനുഷ്യസൃഷ്ടിയിലുണ്ടായ വൈകല്യമോ സൗകര്യമോ ആണത്‌. സംഘര്‍ഷം, വിശ്വാസം, തമാശ, കൗതുകം,അത്ഭുതം,ശാസ്‌ത്രം, വിനോദം, പ്രശസ്‌തി,രുചി, ഉടമസ്ഥതാല്‌പര്യങ്ങള്‍ തുടങ്ങിയ അനേകമനേകം ഘടകങ്ങള്‍ ന്യൂസ്‌ കവറേജിന്റെ രീതികളെയും വാര്‍ത്താപ്രാധാന്യത്തെയും നിശ്ചയിക്കുന്നു. വ്യക്തികള്‍ക്കൊത്ത്‌ ഇത്‌ മാറിക്കൊണ്ടിരിക്കുന്നു. രണ്ട്‌ മാധ്യമപ്രവര്‍ത്തകര്‍ തമ്മില്‍ അപൂര്‍വം കാര്യങ്ങളിലേ യോജിപ്പുണ്ടാകാറുള്ളൂ, സ്വാഭാവികമായും രണ്ടുമാധ്യമങ്ങള്‍തമ്മില്‍ യോജിപ്പുള്ള കാര്യങ്ങള്‍ അതിലും കുറവായിരിക്കും.ശകാരിക്കുന്നവര്‍ പലപ്പോഴും മാധ്യമങ്ങളെ അടക്കിയാണ്‌ ശകാരിക്കുക.ചിലപ്പോള്‍ ചില മാധ്യമങ്ങള്‍പോലും അങ്ങനെ ചെയ്യുന്നു, തങ്ങള്‍ ഇക്കൂട്ടത്തില്‍ പെടുന്നില്ല എന്ന ഭാവത്തില്‍. മാധ്യമങ്ങള്‍ ഒറ്റക്കല്ലല്ല. മനുഷ്യര്‍ തമ്മില്‍, സംഘടനകള്‍ തമ്മില്‍, സ്ഥാപനങ്ങള്‍ തമ്മില്‍, രാഷ്‌ ട്രീയപാര്‍ട്ടികള്‍ തമ്മില്‍ എത്രയെല്ലാം വ്യത്യാസങ്ങളുണ്ടോ അത്രയെല്ലാം വ്യത്യാസം മാധ്യമങ്ങള്‍ തമ്മിലും ഉണ്ട്‌.

പത്രത്തിന്റെ ഒന്നാംപേജ്‌ നിവര്‍ത്തിപ്പിടിക്കുന്ന ഏത്‌ വായനക്കാരനാണ്‌ പത്രാധിപര്‍ നിര്‍ണയിച്ച പ്രാധാന്യക്രമത്തിനനുസരിച്ച്‌ വാര്‍ത്ത വായിക്കുക- ഏറ്റവും വലുത്‌ ആദ്യം ഏറ്റവും ചെറുത്‌ അവസാനം എന്ന ക്രമത്തില്‍ ? കണ്ണോടിച്ചുനോക്കി വായനക്കാരന്‍ സ്വയം നിശ്ചയിക്കും അവന്റെ മെയ്‌നും സെക്കന്‍ഡ്‌ മെയ്‌നുമെല്ലാം. അതവന്‍ തീരുമാനിക്കുന്നത്‌ ജേണലിസം ടെക്‌റ്റ്‌ബുക്കിലെ നിര്‍വചനങ്ങള്‍ പഠിച്ചിട്ടല്ല. അവന്റെ താല്‌പര്യങ്ങള്‍ തന്നെയാണ്‌ അതിന്റെ മാനദണ്ഡം. തലവാചകങ്ങള്‍ സ്‌കാന്‍ ചെയ്‌ത ശേഷം ഏത്‌ വായിക്കണമെന്ന്‌ അവന്‍ നിശ്ചയിക്കും. പത്രാധിപരുടെ വിലയിരുത്തലും അവന്റെ വിലയിരുത്തലുമായി ഒരു ബന്ധവും കാണില്ല. ഒന്നുമുതല്‍ പതിമൂന്നുവരെ പേജുകള്‍ നിവര്‍ത്തുക പോലും ചെയ്യാതെ പതിനാലാം പേജിലെ സ്‌പോര്‍ട്‌സ്‌ വായിച്ചുതുടങ്ങുന്നവരുണ്ട്‌, ആ പേജില്‍തന്നെ വായന അവസാനിപ്പിക്കുന്നവരുമുണ്ട്‌. ഒന്നാം പേജിലെ മെയ്‌ന്‍ വാര്‍ത്ത ചിലര്‍ കാണാറുപോലുമില്ല. കണ്ടവരോട്‌ അഞ്ചുമിനിട്ട്‌ കഴിഞ്ഞ്‌ എന്തായിരുന്നു നിങ്ങള്‍ വായിച്ച മെയ്‌ന്‍ എന്നു ചോദിച്ചുനോക്കൂ, അധികംപേരും അതോര്‍ക്കുകയേ ഇല്ല. ഇതെല്ലാം ന്യൂസ്‌ കവറേജിനെ സ്വാധീനിക്കുകയില്ലേ, സ്വാധീനിക്കേണ്ടതല്ലേ ?

ഇന്റര്‍നെറ്റില്‍ ഇ പേപ്പര്‍ എന്ന സംവിധാനമുണ്ട്‌. അച്ചടിച്ച പത്രം അതേപടി കാണാം, വായിക്കാം. ബഹുഭൂരിപക്ഷവും സൗജന്യമായാണ്‌ ലഭിക്കുക. അസ്സമിലെ സ്‌ഫോടനം അസം പത്രം എങ്ങനെ റിപ്പോര്‍ട്ട്‌ ചെയ്‌തു എത്രകോളം ഹെഡ്ഡിങ്‌ കൊടുത്തു എന്നറിയാന്‍ ഗുവാഹതിയിലേക്ക്‌ വണ്ടികേറേണ്ട, ഇന്റര്‍നെറ്റ്‌ തപ്പിയാല്‍മതി. ഇ പേപ്പറുകളില്‍ മറ്റൊരു സൗകര്യവുമുണ്ട്‌. ഢരോവാര്‍ത്തയും എത്രപേര്‍ വായിച്ചുവെന്ന്‌ അറിയാം. വെറും കൗതുകത്തിന്‌ വേണ്ടി പലപ്പോഴും ഇത്‌ നോക്കിയിട്ടുണ്ട്‌. അത്രനല്ല അഭിപ്രായമല്ല എനിക്ക്‌ ജനത്തെക്കുറിച്ചുള്ളത്‌. മോശം വാര്‍ത്തകളാണ്‌ കൂടുതല്‍പേര്‍ വായിക്കാറുള്ളത്‌. സിനിമാനടിയുടെ വിവാഹമോചനവാര്‍ത്തയ്‌ക്ക്‌ കിട്ടുന്ന എണ്ണം വായനക്കാരെ മന്‍മോഹന്‍സിങ്ങിന്റെ പ്രസംഗത്തിന്‌ കിട്ടില്ല. ദുരന്തങ്ങള്‍ക്കും മറ്റു നെഗറ്റീവ്‌ വാര്‍ത്തകള്‍ക്കും കിട്ടുന്നത്ര വായനക്കാരെ നല്ല പോസിറ്റീവ്‌ വാര്‍ത്തകള്‍ക്ക്‌ കിട്ടാറില്ല. തീവണ്ടി ഒരപകടവുമില്ലാതെ ലക്ഷ്യസ്ഥാനത്തെത്തുന്നത്‌ വാര്‍ത്തയേ അല്ല, അത്‌ വാര്‍ത്തയാകണമെങ്കില്‍ മറ്റു തീവണ്ടികളെല്ലാം വഴിയില്‍ പാളംതെറ്റിവീഴണം. പോസിറ്റീവ്‌ വാര്‍ത്തകള്‍ക്ക്‌ പ്രാധാന്യം നല്‌കണമെന്നത്‌ നല്ല ആശയമാണ്‌. പക്ഷേ അത്‌ ആളുകളെക്കൊണ്ട്‌ വായിപ്പിക്കാന്‍ എന്ത്‌ വിദ്യയാണ്‌ പ്രയോഗിക്കേണ്ടത്‌ എന്നറിയില്ല. മോശം വാര്‍ത്തകള്‍ കൊടുത്തുശീലിപ്പിച്ചതുകൊണ്ടാണ്‌ ആളുകള്‍ മോശം വാര്‍ത്തയ്‌ക്ക്‌ അഭിനിവേശം കാട്ടുന്നതെന്ന്‌ പറയുന്നവരുണ്ട്‌.

കേരളത്തിന്റെ നാനാഭാഗങ്ങളില്‍ മാധ്യമസെമിനാറുകളിലും ചര്‍ച്ചകളിലും കോളേജ്‌ സെമിനാറുകളിലും പങ്കെടുത്തതിന്റെ അനുഭവംവെച്ച്‌ പറയട്ടെ, വായനക്കാരന്റെ താത്‌പര്യവും അഭിരുചിയും നോക്കിയാണ്‌ വാര്‍ത്ത നല്‌കുന്നത്‌ എന്ന്‌ നമ്മള്‍ പറയാറുണ്ടെങ്കിലും വായനക്കാരന്‍ തൃപ്‌തനല്ല. വായനക്കാരന്‌ നല്‌കേണ്ടത്‌ എന്ത്‌ എന്ന്‌ ഞങ്ങള്‍ക്കറിയാം എന്ന്‌ പത്രാധിപന്മാര്‍ അഹങ്കരിച്ചിരുന്ന കാലത്തേക്കാള്‍ വായനക്കാരന്‍ മാധ്യമങ്ങളിലെ ന്യൂസ്‌ കവറേജിനെക്കുറിച്ച്‌ അസംതൃപ്‌തനാണ്‌. വാര്‍ത്താപ്രാധാന്യത്തിന്റെ നിര്‍ണയവും അതിന്റെ ഡിസ്‌പ്ലെയും എല്ലാം അവരില്‍ വലിയൊരു വിഭാഗത്തില്‍ വെറുപ്പും അവജ്ഞയുമുണ്ടാക്കുന്നു. പഴയ തലമുറയിലെ വായനക്കാരും അസംതൃപ്‌തരാണ്‌, പുതിയ വായനക്കാര്‍ക്കും പരാതികള്‍ ഏറെയുണ്ട്‌. എന്താണിതിന്‌ കാരണം ?

മോശം വാര്‍ത്ത വായിക്കാന്‍ ഇഷ്ടമാണെങ്കിലും അതിന്റെ ഡിസ്‌പ്‌ളെയക്ക്‌ അമിതപ്രാധാന്യം നല്‌കുന്നത്‌ വായനക്കാരന്‌ ഇഷ്ടമാകുന്നില്ല. അതില്‍രു നൈതിക പ്രശ്‌നമുണ്ട്‌. മോശമായതും മനുഷ്യന്‍ ചിലപ്പോഴെല്ലാം ചെയ്‌തെന്നിരിക്കും. പക്ഷേ അത്‌ നല്ലതാണെന്ന്‌ വാദിക്കാനും തര്‍ക്കിക്കാനൊന്നും അവന്‍ തയ്യാറാവില്ല. തരംകിട്ടിയാല്‍ രണ്ട്‌ പെഗ്‌ അടിച്ചെന്നിരിക്കും, പക്ഷേ മകന്‍ അത്‌ ചെയ്യാനൊരുമ്പെട്ടാല്‍ സഹിക്കില്ല. ലൈംഗിക ഉള്ളടക്കമുള്ളത്‌ അവര്‍ വായിക്കാതിരിക്കുന്ന പ്രശ്‌നമില്ല. പക്ഷേ അത്തരമൊരു വാര്‍ത്ത ഒന്നാം പേജ്‌ മുകള്‍ഭാഗത്ത്‌ എട്ടുകോളത്തില്‍ കൊടുക്കുന്നതിന്റെ ധാര്‍മികത അവനെ ന്യായമായും അലട്ടും. പെണ്‍വാണിഭത്തിന്റെ ഹെഡിങ്‌ വായിക്കുന്ന കൊച്ചുമോന്‍ ‘എന്തിനാണച്ഛാ പെണ്ണുങ്ങളെ വില്‍ക്കുന്നത്‌, അടുക്കളപ്പണി ചെയ്യിക്കാനാണോ’ എന്ന്‌ ചോദിച്ചാല്‍ മറുപടി പറയാന്‍ പ്രയാസമുണ്ട്‌. നിങ്ങളുടെ പത്രത്തില്‍നിന്ന്‌ ഇത്‌ പ്രതീക്ഷിച്ചതല്ല എന്ന എത്രയോ വായനക്കാര്‍ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. കെ.പി.കേശവമേനോന്റെ കാലത്തെ ന്യൂസ്‌ കവറേജ്‌ കുറെയാളുകള്‍ ഇക്കാലത്തും ആഗ്രഹിക്കുന്നുണ്ട്‌.

പേജ്‌ വണ്‍ അപ്പര്‍ഫോള്‍ഡിന്‌ എന്തെങ്കിലും വാണിജ്യപരമായ പ്രാധാന്യമുണ്ടോ ? ഉണ്ട്‌. കടകളില്‍ വായനക്കാരന്റെ നോട്ടമിരന്ന്‌ തൂങ്ങിക്കിടക്കുന്ന പത്രങ്ങളുടെ അപ്പര്‍ഫോള്‍ഡാണ്‌ അവന്റെ തീരുമാനത്തെ സ്വാധീനിക്കുക. അവിടെ ഞെട്ടിക്കുന്ന വാര്‍ത്ത വേണോ, ചിരിപ്പിക്കുന്ന വാര്‍ത്ത വേണോ, രോമാഞ്ചമുണ്ടാക്കുന്ന വാര്‍ത്ത വേണോ എന്നതെല്ലാം വിപണനവുമായിക്കൂടി ബന്ധപ്പെട്ട കാര്യങ്ങളാണ്‌. ന്യൂസ്‌ കവറേജും വിപണനവും രണ്ട്‌ വെള്ളം കടക്കാത്ത കുപ്പികളല്ല. നല്ലസര്‍ക്കുലേഷന്‍ ഉണ്ടാക്കുന്ന എഡിറ്ററെയാണ്‌ നല്ല എഡിറ്ററായി കണക്കാക്കുന്നത്‌. മാനേജ്‌മെന്റുകള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കുതന്നെയും ഇക്കാര്യത്തില്‍ ഒരേ കാഴ്‌ച്ചപ്പാടാണ്‌. .

വിദ്യാഭ്യാസമുള്ളവര്‍, സാധാരണക്കാര്‍, സമ്പന്നര്‍, ചിന്തകന്മാര്‍, നവസാക്ഷരര്‍ തുടങ്ങി നിരവധി വിഭാഗങ്ങളുണ്ട്‌ ജനങ്ങള്‍ക്കിടയില്‍. അവര്‍ക്കെല്ലാം വേണ്ടി ഒരേ പത്രമാണ്‌ ന്യൂസ്‌ സ്റ്റാന്‍ഡുകളില്‍ തൂക്കിയിടുന്നത്‌. പണക്കാരനും പാവപ്പെട്ടവനും വേണ്ടി വെവ്വേറെ പത്രമിറക്കാന്‍ ഇപ്പോള്‍ കഴിയില്ല. പല വന്‍നഗരങ്ങളിലും അതുണ്ട്‌. ഒരേ സ്ഥാപനംതന്നെ സാധാരണക്കാരന്‌ വേണ്ടി അനേക ദശലക്ഷം കോപ്പികള്‍ വില്‌ക്കുന്ന ടാബ്‌ളോയ്‌ഡ്‌ പത്രവും ഉയര്‍ന്ന വര്‍ഗക്കാര്‍ക്ക്‌ ഗൗരവമുള്ള പത്രങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്‌. ഒരേ കമ്പനിയുടെ വില കൂടിയ ചന്ദനസോപ്പ്‌ സമ്പന്നനും അതേ കമ്പനിയുടെ സാദാസോപ്പ്‌ പശുവിനെ മേയ്‌ക്കുന്നവനും വാങ്ങും. രണ്ടുപേരുടെയും ആവശ്യം ഏതാണ്ട്‌ ഒന്നുതന്നെയാണ്‌. വാര്‍ത്താപ്രസിദ്ധീകരണരംഗത്ത്‌ ഇത്‌ ഏറെ ധര്‍മസങ്കടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌. എല്ലാവര്‍ക്കും വേണ്ടുന്ന വിഭവങ്ങള്‍ പത്രത്തിലുണ്ടാകണം. ആരേയും അവഗണിക്കാനാവില്ല. എന്നാല്‍ ഒരു വിഭാഗത്തിന്‌ നല്ലതായി തോന്നുന്നത്‌ മറ്റൊരു വിഭാഗത്തിന്‌ കടുത്ത ധാര്‍മികരോഷമുണ്ടാക്കിയേക്കും. ഒരു ബുഫെ ഡിന്നറില്‍ പോത്തിറച്ചി വറുത്തുവെച്ചത്‌ കണ്ടാല്‍ അത്‌ കഴിക്കാത്തയാള്‍ക്ക്‌ ദേഷ്യമൊന്നുമുണ്ടാകില്ല. പോത്തിറച്ചിയാണെന്ന അറിവ്‌ നല്‌കണമെന്നേ ഉള്ളൂ. അയാള്‍ക്ക്‌ വേണ്ടതേ അയാള്‍ എടുക്കൂ. ടി വി ചാനലില്‍ കണ്ണീര്‍ സീരിയല്‍ വേണ്ടെങ്കില്‍ കാണാതിരിക്കാം, വാര്‍ത്ത മാത്രം കാണാം. രോഷവും വിരോധവുമാര്‍ക്കുമില്ല, ചാനല്‍മാറ്റിയാല്‍ മതി. പത്രത്തില്‍ അതല്ല സ്ഥിതി, തനിക്കിഷ്ടമുള്ളത്‌ വേണം എന്നതാണ്‌ ഓരോരുത്തരുടെയും വാശി, തീര്‍ന്നില്ല. തനിക്കിഷ്ടമില്ലാത്തത്‌ ഉണ്ടാകാനേ പാടില്ല എന്ന വാശിയുമുണ്ട്‌. ഒന്നാം പേജില്‍ അത്തരമൊന്നു കണ്ടാല്‍ ഉടനെ പത്രംഓഫീസില്‍ വിളിച്ച്‌ രോഷം പ്രകടിപ്പിക്കുകയും ചെയ്യും.

എല്ലാ മേഖലകളിലും വിപണിമത്സരം സമൂഹത്തിന്‌ ഗുണകരമാണ്‌. വിപണിമത്സരം കൂടി ഇല്ലായിരുന്നുവെങ്കില്‍ ലാഭക്കൊതിയന്മാര്‍ മനുഷ്യന്റെ ചോരയൂറ്റിക്കുടിക്കുമായിരുന്നു. മിക്ക ഉല്‌പ്പന്നങ്ങളുടെയും മത്സരം വിലയുടെ കാര്യത്തില്‍മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലുമാണ്‌. വാര്‍ത്തയുടെ കാര്യത്തില്‍ മത്സരത്തിന്റെ സ്വഭാവം മാറുന്നു. മലയാളപത്രങ്ങള്‍ക്കിടയില്‍ വിലയുടെ കാര്യത്തിലിപ്പോള്‍ മത്സരമില്ല, ഗുണനിലവാരത്തിന്റെ കാര്യത്തിലും മത്സരമില്ലാതായിട്ടുണ്ട്‌. മിക്കവാറും പത്രങ്ങളുടെയും ന്യുസ്‌ കവറേജ്‌ നിര്‍ണയിക്കുന്നത്‌ ഒന്നുകില്‍ വാര്‍ത്തയുടെ സ്രോതസ്സുകളായി പ്രവര്‍ത്തിക്കുന്ന വ്യക്തികളോ അധികാരകേന്ദ്രങ്ങളുടെയും സ്ഥാപനങ്ങളുടെയും വക്താക്കളോ ആയി മാറിയിരിക്കുന്നു. എന്ത്‌ പച്ചക്കള്ളവും ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ പത്രത്തില്‍ വരുത്താന്‍ കഴിയും. നിങ്ങള്‍ കൊടുത്തില്ലെങ്കില്‍ നിങ്ങളുടെ എതിര്‍പത്രത്തിന്‌ കൊടുക്കും എന്ന്‌ ഭീഷണിപ്പെടുത്തിയാല്‍ അതിനെ തള്ളിക്കളഞ്ഞ്‌ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ എത്രപത്രത്തിന്‌ കഴിയും ? വസ്‌തുതകളുടെ കാര്യത്തില്‍ സംശയമുള്ളതുകൊണ്ടുമാത്രം ഒരു വാര്‍ത്ത കവര്‍ ചെയ്യാതിരിക്കാന്‍ ലേഖകനോ സ്ഥാപനത്തിനോ കഴിയില്ല എന്ന നിലയെത്തിയിട്ടുണ്ട്‌. നിരന്തരം വ്യാജവിവരങ്ങള്‍ ചോര്‍ത്തി നല്‍കി ഏത്‌ ആടിനെയും പട്ടിയാക്കാന്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ക്ക്‌ കഴിയും. തെറ്റായ വാര്‍ത്തയാണെങ്കില്‍പ്പോലും എതിര്‍പത്രത്തില്‍ വന്ന വാര്‍ത്ത തന്റെ പത്രത്തില്‍ വന്നില്ല എന്നത്‌ മിക്കപ്പോഴും ലേഖകന്റെ കഴിവുകേടായാണ്‌ വ്യാഖ്യാനിക്കപ്പെടാറുള്ളത്‌. പത്രങ്ങള്‍ക്ക്‌ വൈകീട്ട്‌ പ്രിന്റിങ്‌ സമയമാകുംവരെയെങ്കിലും കിട്ടിയ വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാനും സ്വയം ബോധ്യപ്പെടാനും സമയമുണ്ട്‌. തെറ്റോ ശരിയോ എന്ന്‌ പരിശോധിക്കുന്നത്‌ വലിയ ആഡംബരമാണ്‌ ചാനലുകളില്‍. തെറ്റായ വാര്‍ത്തയാണ്‌ കൊടുക്കുന്നതെങ്കിലോ ? യാതൊന്നും പേടിക്കാനില്ല. പിന്നെ ആ വാര്‍ത്തയെക്കുറിച്ച്‌ ഒന്നും മിണ്ടാതിരുന്നാല്‍മതി. ഏത്‌ ചാനലിലാണ്‌ നേരത്തെ ആ വാര്‍ത്ത കേട്ടതെന്നുപോലും ജനമോര്‍മിക്കുകയില്ല.

സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ വ്യത്യസ്‌തജനവിഭാഗങ്ങളെയും പരസ്യവരുമാനം കൂട്ടാന്‍ വാണിജ്യവിഭാഗങ്ങളെയും പ്രീണിപ്പിക്കുക എന്നത്‌ മാധ്യമമേഖലയിലൊരു സാധാരണ കാര്യമായിട്ടുണ്ട്‌. ജാതിയും മതവും തിരിച്ച്‌ ആഘോഷങ്ങളും മരണഅടിയന്തരങ്ങളും ജന്മവാര്‍ഷികങ്ങളും കൊണ്ടാടപ്പെടുന്നു. പത്രങ്ങളില്‍ സപ്‌ളിമെന്റുകള്‍ പ്രത്യക്ഷപ്പെടുന്നു. ഇരുപത്തഞ്ചുവര്‍ഷംമുമ്പ്‌ ലോക്കല്‍ പേജില്‍പോലും വരാത്ത ആഘോഷങ്ങള്‍ ഒന്നാംപേജില്‍ കളര്‍ചിത്രസഹിതം കവര്‍ചെയ്യപ്പെടുന്നു. പരമ്പരാഗത വാര്‍ത്താനിര്‍വചനങ്ങളുടെ പരിധിയിലൊന്നും പെടുന്നവയല്ല ഇവയെന്ന്‌ മാത്രം സൂചിപ്പിക്കട്ടെ.

സംഭവങ്ങളും സംഘര്‍ഷങ്ങളുമാണ്‌ വായനക്കാരില്‍ കൗതുകവും താല്‌പര്യവുമുണ്ടാക്കുക എന്നതുകൊണ്ട്‌ മാധ്യമങ്ങള്‍ അവയില്‍ അമിതമായി ശ്രദ്ധിക്കേണ്ടിവരുന്നുണ്ട്‌. ചെറിയ പോലീസ്‌ നടപടികള്‍പോലും ലൈവ്‌ ആയി ചിത്രീകരിക്കപ്പെടുന്നത്‌ ഇക്കാരണത്താലാണ്‌. ഇതിനിടയില്‍ ഒരുപാട്‌ പ്രവണതകളും പ്രതിഭാസങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്‌. സമൂഹത്തില്‍ നീണ്ട വര്‍ഷങ്ങളിലൂടെ രൂപംകൊണ്ടുവരുന്ന ഒട്ടനവധി രീതികളും ശീലങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നേയില്ല. ഒരു മരം വളര്‍ന്നുവലുതാകുന്നത്‌ ഒരിക്കലും വാര്‍ത്തയായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നില്ല, എന്നാലതിന്റെ വീഴ്‌ച വാര്‍ത്തയാകാറുമുണ്ട്‌. സമൂഹത്തിലെ പല അനാശാസ്യപ്രവണതകളും പൊട്ടിത്തെറിയിലെത്തുന്നതുവരെ മാധ്യമങ്ങള്‍ കവര്‍ ചെയ്യുന്നേയില്ല.

പട്ടിണിയും ദാരിദ്ര്യവും വാര്‍ത്തയല്ല എന്ന്‌ നമ്മള്‍ തീരുമാനിച്ചിട്ടുണ്ട്‌. പട്ടിണിമരണം വാര്‍ത്തയായി നിലനില്‍ക്കുന്നു എന്നത്‌ ആശ്വാസകരമാണ്‌ ! അവയുടെ എണ്ണം വല്ലാതെ കൂടി ഒരു സാധാരണസംഭവമാകുന്നതുവരെ വാര്‍ത്തയായിതുടരും എന്ന്‌ പ്രതീക്ഷിക്കാം. വെള്ളപ്പൊക്കത്തില്‍ നൂറുപേര്‍ മരിച്ചാല്‍ അതുവാര്‍ത്തയാകും. വരള്‍ച്ച ബാധിച്ച്‌ ക്രമേണയാണ്‌ നൂറുപേര്‍ മരിക്കുന്നതെങ്കില്‍ ചരമപേജില്‍പോലും അതുകവര്‍ചെയ്യപ്പെടില്ല. ന്യൂസ്‌ കവറേജിന്റെ മാനദണ്ഡങ്ങളെക്കുറിച്ച്‌ ഇതുഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. ന്യൂസ്‌ കവറേജിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ പല കാര്യങ്ങളിലും മാറ്റിയെഴുതിയിട്ടുണ്ടെങ്കിലും പാവപ്പെട്ടവരുടെ കാര്യത്തില്‍ ഇത്‌ കൂടുതല്‍ ദോഷകരമായ അവസ്ഥയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. മാധ്യമങ്ങള്‍ പതിനഞ്ചുവര്‍ഷം മുമ്പ്‌ ആദിവാസികളുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക്‌ നല്‍കിപ്പോന്ന പ്രാധാന്യം ഇന്നുനല്‍കുന്നില്ല, പത്രംവായിക്കുന്ന ക്ലാസ്സ്‌വര്‍ഗം ഏത്‌ എന്നത്‌ പത്രത്തിന്റെ പരസ്യവരുമാനത്തെ സ്വാധീനിക്കുന്ന ഘടകമാണ്‌. ആദിവാസികളും വാങ്ങല്‍ശേഷിയില്ലാത്ത സാധാരണക്കാരനും വാങ്ങുന്ന പത്തുലക്ഷംകോപ്പി സര്‍ക്കുലേഷനുള്ള പത്രത്തിന്‌ കിട്ടുന്നതിനേക്കാള്‍ പരസ്യവരുമാനം സമ്പന്നഭവനങ്ങളില്‍ വാങ്ങുന്ന അഞ്ചുലക്ഷം കോപ്പി സര്‍ക്കുലേഷനുള്ള പത്രത്തിന്‌ കിട്ടും. ഇപ്പോള്‍ സര്‍ക്കുലേഷന്‍ മാനേജര്‍മാര്‍ കാര്യമായി ശ്രദ്ധിക്കുന്ന ഒരു ഘടകമാണ്‌ ഇത്‌. കേരളത്തില്‍ ഇതത്ര ഗൗരവമുള്ള പ്രശ്‌നമായി മാറിയിട്ടില്ലെങ്കിലും ഇംഗ്‌ളീഷ്‌ മാധ്യമരംഗം ഇതിനൊത്ത്‌ മാറിക്കഴിഞ്ഞു. നാട്ടിലെ പ്രശ്‌നങ്ങള്‍ക്കൊന്നും ഒരു പ്രാധാന്യവും കല്‌പ്പിക്കാതെ തമാശയും റിയല്‍എസ്‌റ്റേറ്റും എന്റര്‍ടെയ്‌ന്‍മെന്റും എല്ലാപേജിലും കുത്തി നിറയ്‌ക്കുന്ന പത്രമാണ്‌ ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ പത്രമായി വളര്‍ന്നിരിക്കുന്നത്‌.

ആളുകളെ സന്തോഷിപ്പിക്കുക മാത്രമല്ല പത്രങ്ങളുടെ ചുമതല. പ്രചാരണവും പരസ്യവരുമാനവും കുറഞ്ഞാലും പത്രം അതിന്റെ സാമൂഹ്യബാധ്യതകള്‍ നിറവേറ്റുകതന്നെ വേണം. താല്‌ക്കാലിക നേട്ടങ്ങള്‍ക്ക്‌ വേണ്ടിയുള്ള പരക്കംപാച്ചില്‍ ന്യൂസ്‌ കവറേജിന്റെ വിശ്വാസ്യതയെ തകര്‍ക്കും. കുറെയെല്ലാം വിട്ടുവീഴ്‌ചകള്‍ നിലനില്‌പ്പിന്‌ ആവശ്യമാകാമെങ്കിലും സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളെ തിരിച്ചറിയുന്നതിലും അത്തരം പ്രവണതകളെ ചെറുക്കുന്നതിലും വിട്ടുവീഴ്‌ച പാടില്ല എന്നതാണ്‌ അടിസ്ഥാനപരമായ കാര്യം. രണ്ടു പ്രവണതകള്‍ക്കുമിടയിലൂടെ സഞ്ചരിച്ചുകൊണ്ടേ ഇക്കാലത്ത്‌ മാധ്യമപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ. രണ്ട്‌ ധ്രുവങ്ങളായി ഈ പ്രവണതകളെ കാണേണ്ടതില്ല. പോപ്പുലര്‍ ജേണലിസത്തിലും കുറെയെല്ലാം സ്വീകാര്യവശങ്ങളുണ്ട്‌. വിവേകത്തോടെ അവയെ സ്വീകരിക്കാന്‍ കഴിയണം. അതോടൊപ്പം ജനതാല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്‌ച്ചയും പാടില്ല. താല്‌ക്കാലികമായ തിരിച്ചടികള്‍ ഉണ്ടായേക്കാം. ജനങ്ങള്‍ കൂടുതല്‍ ബോധവന്മാരാകുമെന്നും ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ്‌ ആര്‍ജിക്കുമെന്നുമുള്ള ഉറച്ച വിശ്വാസമാണ്‌ മൂല്യബോധമുള്ള മാധ്യമപ്രവര്‍ത്തകനെ മുന്നോട്ട നയിക്കേണ്ടത്‌.

നവംബര്‍ 2008

One thought on “പത്രധര്‍മവും ധര്‍മസങ്കടവും

Leave a Reply

Your email address will not be published. Required fields are marked *

Go Top