മോദി ഭരണകാലത്തെ മാധ്യമദുരന്തങ്ങള്‍

എൻ.പി.രാജേന്ദ്രൻ

വാര്‍ത്താമാധ്യമങ്ങളുടെ രൂപവും ഭാവവും സമൂലം മാറിയ ദശകമാണ് പിന്നിട്ടത്. മാധ്യമപ്രവര്‍ത്തകന്‍ ജനങ്ങള്‍ക്കു വേണ്ടി വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥ മാറി, ജനങ്ങളെല്ലാം മാധ്യമപ്രവര്‍ത്തകരായി മാറി എന്നു പറയുന്നത് അതിശയോക്തിയല്ല. തീര്‍ച്ചയായും ടെലിവിഷനും അച്ചടിയും ഓണ്‍ലൈനും റേഡിയോവുമെല്ലാം വളര്‍ന്നു വലുതായിട്ടുണ്ടാവാം. പക്ഷേ, ഓരോ ആളുടെയും പോക്കറ്റിലുള്ള ഫോണ്‍, മാധ്യമം എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ മാറ്റിയിട്ടുണ്ട്.സാമൂഹിക മാധ്യമങ്ങള്‍ ജന്മമെടുത്തിട്ട് പത്തു വര്‍ഷം തികഞ്ഞിട്ടില്ല. എന്തെല്ലാം പ്രതീക്ഷകളാണ് അതു വളര്‍ത്തിക്കൊണ്ടുവന്നത്. സമ്പന്ന മാധ്യമ ഉടമകളുടെയും എഡിറ്റര്‍മാരുടെയും ഔദാര്യമില്ലാതെ ആര്‍ക്കും എന്തു വാര്‍ത്തയും വിവരവും അഭിപ്രായവും ജനങ്ങളില്‍ എത്തിക്കാന്‍ കഴിയും എന്ന അവസ്ഥ ഈ ദശകത്തെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെതന്നെയും  സുവര്‍ണദശകം ആക്കേണ്ടതായിരുന്നു. ആകും എന്നെല്ലാവരും പ്രതീക്ഷിക്കുകയും ചെയ്തു. വെറും നാലഞ്ചു വര്‍ഷം കൊണ്ട് ആ പ്രതീക്ഷ തകര്‍ന്നിരിക്കുന്നു. ഇന്നു ലോകം ചര്‍ച്ച ചെയ്യുന്നത് ശക്തി പ്രാപിക്കുന്ന ഏകാധിപത്യ ഭരണങ്ങളെക്കുറിച്ചാണ്, മരിക്കുന്ന ഫോര്‍ത്ത് എസ്റ്റേറ്റിനെക്കുറിച്ചാണ്, മാധ്യമങ്ങളില്‍ അസത്യം വാഴുന്നതിനെക്കുറിച്ചാണ്, സ്വതന്ത്രചിന്തയും അഭിപ്രായസ്വാതന്ത്ര്യംതന്നെയും ഇല്ലാതാവുന്നതിനെക്കുറിച്ചാണ്…..

നല്ല അറിവുകളും മഹദ് തത്ത്വങ്ങളും മൂല്യങ്ങളും ജനമനസ്സുകളിലെത്തിക്കാന്‍ മാധ്യമങ്ങളുടെ പോകട്ടെ, എന്തെങ്കിലും വിവരവിനിമയ സംവിധാനത്തിന്റെ തന്നെ ആവശ്യം ഇല്ലെന്നു ചരിത്രം തെളിയിച്ചിട്ടുണ്ട്. ഉച്ചഭാഷിണിയേ ഇല്ലാതിരുന്ന കാലത്താണ് ശ്രീബുദ്ധനും യേശുക്രിസ്തുവും മുഹമ്മദ് നബിയുമെല്ലാം തങ്ങളുടെ ആശയങ്ങള്‍ ലോകമെമ്പാടും എത്തിച്ചത്. ഒരു ഗ്രാമത്തില്‍ ഒരു പത്രംപോലും എത്താതിരുന്ന കാലത്താണ് ഗാന്ധിജി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ ജനകോടികളെ അണി നിരത്തിയത്. വിവരവും വാര്‍ത്തയും തത്സമയം ജനങ്ങളിലെത്തുന്ന ഈ കാലത്തു മാനവരാശി എല്ലാ തിന്മകളെയും തോല്പിക്കേണ്ടിയിരുന്നില്ലേ? അങ്ങനെ നല്ലതൊന്നും സംഭവിച്ചില്ല എന്നതു പോകട്ടെ സത്യത്തിന്റെ മരണത്തെക്കുറിച്ചുപോലും ചര്‍ച്ച തുടങ്ങിയിരിക്കുന്നു. ഇതു സത്യാനന്തര കാലമത്രെ!

ചരിത്രത്തിലെ ഏറ്റവും വലിയ കമ്യൂണിക്കേഷന്‍ വിപ്ലവം നടന്ന ദശകം പിന്നിടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹാശിസ്സുകളോടെ ഇന്ത്യയില്‍ ഒരു വിപ്ലവം അരങ്ങേറിയത് മറക്കാനായില്ല. അംബാനിയുടെ ജിയോ മൊബൈല്‍ ഏതാണ്ട് സൗജന്യമായി കോടിക്കണക്കിന് ആളുകളുകളിലെത്തിയത് ഇക്കാലം വരെ അചിന്ത്യമായിരുന്ന ഒരു പുത്തന്‍ പ്രചരാണായുധം സൃഷ്ടിച്ചുകൊണ്ടാണ്. ഒരു മൊബൈല്‍ ഫോണ്‍ കമ്പനിയുടെ മാധ്യമപരസ്യത്തില്‍ പ്രധാനമന്ത്രി തന്നെ പ്രത്യക്ഷപ്പെട്ടത് ജനങ്ങളെ ഞെട്ടിച്ചിരുന്നോ? ഇല്ലെന്നു തോന്നുന്നു. ഒരോ വോട്ടറുടെ ചെവിയിലും ബി.ജെ.പിയുടെ ഒരു മെഗഫോണ്‍ ഘടിപ്പിച്ചതുപോലെ അതു പ്രവര്‍ത്തിച്ചു. കാല്‍ലക്ഷത്തോളം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് 2018-ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ സാമൂഹ്യമാധ്യമ മാനേജര്‍മാര്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും നിറഞ്ഞ പ്രചാരണം നടത്തിയതെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. അപ്പോഴെന്തായിരിക്കും 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ നടന്നത്?. സാമൂഹ്യമാധ്യമവിപ്ലവം ആരെയാണ് ശാക്തീകരിച്ചത്? ജനങ്ങളെയല്ല തീര്‍ച്ച. ജനങ്ങളുടെ മേലുള്ള ഭരണകൂടത്തിന്റെ നിയന്ത്രണമാണ് ദൃഢമായത്. സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ച് വോട്ടിങ്ങിനെ നിയന്ത്രിക്കാന്‍ കഴിയും എന്നു റഷ്യയിലും ബ്രിട്ടനിലും മറ്റനേകം രാജ്യങ്ങളിലും തെളിയിക്കപ്പെട്ടതാണ്. ഇന്ത്യയില്‍ അതിനു പുതിയ തെളിവൊന്നും ആവശ്യമുണ്ടായിരുന്നില്ല.

ഒപ്പം മോദി- അമിത് ഷാ നേതൃത്വം മറ്റൊന്നു കൂടി ഉറപ്പാക്കി. പരമ്പരാഗത മാധ്യമങ്ങളെ പരമാവധി ദുര്‍ബലമാക്കി. പ്രശസ്ത പത്രപ്രവര്‍ത്തക സെവന്തി നൈനാന്‍ ഇതിനെ വിശേഷിപ്പിച്ചത് മാധ്യമങ്ങളുടെ അസാധുവാക്കല്‍ എന്നാണ്-ഡി-ലജിറ്റിമൈസിങ് മീഡിയ. തന്റെ വിദേശപര്യടനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ കൂടെ കൂട്ടില്ല എന്നതായിരുന്നു 2014-ല്‍ അധികാരമേറ്റ മോദി ഭരണകൂടത്തിന്റെ ആദ്യപ്രഖ്യാപനങ്ങളിലൊന്ന്്. മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിലുള്ള വ്യക്തിപരമായ അധൈര്യം ഒരു പങ്കു വഹിച്ചിരിക്കാം. അതുമാത്രമല്ല കാര്യം. ഒരു പത്രസമ്മേളനം പോലും നടത്താത്തവരല്ല മറ്റുള്ള ഏകാധിപതികള്‍. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ എല്ലാ വര്‍ഷവും ഒരു പത്രസമ്മേളനമേ നടത്താറുള്ളൂ. പക്ഷേ, ആ പത്രസമ്മേളനത്തില്‍ എന്തു ചോദ്യവും ചോദിക്കാം, എത്ര നേരവും ചോദിക്കാം. ഈ വര്‍ഷത്തെ പത്രസമ്മേളനം നാലര മണിക്കൂറാണ് നീണ്ടുനിന്നത്്്്്!. മോദി നാലര മിനിട്ടു പോലും ഒരു തുറന്ന പത്രസമ്മേളനം നേരിടാന്‍ തയ്യാറായിട്ടില്ല. ഭരണകൂടത്തില്‍ സുതാര്യത ഇത്രയും ഇല്ലാതാക്കിയ ഒരു പ്രധാനമന്ത്രിയെ കാണില്ല. ഇല്ല, അടിയന്തരാവസ്ഥയിലെ ഇന്ദിരാഗാന്ധി പോലും ഇല്ല. കാബിനറ്റ് അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം മാധ്യമങ്ങളെ അകറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ടു. തീര്‍ത്തും അനാവശ്യവും അപകടകരവുമായ ഒരു കാര്യമാണ് മാധ്യമം എന്ന സന്ദേശം 2014-ല്‍ സ്ഥാനമേറ്റ് മാസങ്ങള്‍ കൊണ്ട് എല്ലാവരിലും എത്തിച്ചു.

റിപ്പോര്‍ട്ടര്‍മാര്‍ അകറ്റിനിര്‍ത്തപ്പെട്ടെങ്കിലും പത്ര-ടി.വി സ്ഥാപന ഉടമകള്‍ എപ്പോഴും പ്രധാനമന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു. വാര്‍ത്ത അവരുടെ വിഷയമല്ലല്ലോ. മാധ്യമസ്ഥാപനങ്ങള്‍ നടത്തുന്ന നാനാവിധ മാര്‍ക്കറ്റിങ്ങ് പരിപാടികള്‍ക്ക് പ്രധാനമന്ത്രി നിരന്തരം ക്ഷണിക്കപ്പെടുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിക്ക് അരുചികരമായ വാര്‍ത്തകള്‍ വരുന്നില്ല എന്നുറപ്പു വരുത്താന്‍ ഇത് ഉപയോഗപ്പെടുത്തപ്പെട്ടു. ഒരുതരം സ്വയംസന്നദ്ധ സെന്‍സറിങ്ങ് നടത്താന്‍ മിക്ക പത്രാധിപന്മാരും നിര്‍ബന്ധിതരായി. പരസ്യങ്ങള്‍ നിഷേധിക്കപ്പെടുമെന്നു മാത്രമല്ല, ക്രിമിനല്‍ കേസ്സും ജയില്‍വാസംപോലും ഉണ്ടായേക്കും എന്നവര്‍ ഭയന്നു. പ്രധാനമന്ത്രി ആഗ്രഹിക്കുന്ന സമയത്ത്, ആഗ്രഹിക്കുന്ന പത്രപ്രവര്‍ത്തകന്‍, ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ മാത്രം ചോദിക്കുന്ന അഭിമുഖങ്ങളേ അനുവദിക്കപ്പെട്ടിട്ടുള്ളൂ. എഴുപതുകളിലും അതിനു ശേഷവും ഒരുപാട് മാധ്യമ പോരാളികളെ രാജ്യം കൈയടിച്ച് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അത്തരം അധികമാളുകളെയൊന്നും ഇപ്പോള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയില്ല. എന്‍.ഡി.ടി.വിയുടെ റവീഷ് കുമാറും ടെലഗ്രാഫ് പത്രാധിപര്‍ ആര്‍.രാജഗോപാലും ….. വേറെ പേരുകളുണ്ടോ?

ഒരു കാലത്തും ഒരു പക്ഷേ ഒരു രാജ്യത്തും കണ്ടിട്ടില്ലാത്ത പുതിയ ഒരു പ്രവണതയും ഈ കാലത്ത് ഇന്ത്യയിലുണ്ടായി. അര്‍ണാബ് പ്രതിഭാസം എന്നിതിനെ വിളിക്കാം. മാധ്യമ ധാര്‍മിക പോകട്ടെ, സാമാന്യമര്യാദയുടെ തരിമ്പു പോലുമില്ലാത്ത, അങ്ങേയറ്റം പക്ഷപാതപരവും അമാന്യവുമായ ചാനല്‍ ആന്‍ക്കറിങ് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തില്‍ വിശ്വസിക്കുന്നവരെ ഞെട്ടിച്ചു. മതസ്പര്‍ദ്ധയും യുദ്ധഭ്രാന്തും വംശീയാധിക്ഷേപവും നല്ല വില്പനവസ്തുക്കളായി. ഇത്തരം അധമ മാധ്യമപ്രവര്‍ത്തനം ജനപ്രിയമായി എന്നതാണ് ഈ കാലത്തു സംഭവിച്ച ഏറ്റവും വലിയ മാധ്യമദുരന്തം.

അച്ചടിപ്പത്രങ്ങളുടെ അസ്തമനം അടുത്തതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ട്. പത്രപ്രചാരം കുറയാത്ത അപൂര്‍വം രാജ്യങ്ങളിലൊന്ന്്്് എന്ന ബഹുമതി ഇപ്പോള്‍ ഇന്ത്യക്കില്ല. കുറയുന്ന പ്രചാരവും പരസ്യവരുമാനവും പത്രസ്ഥാപനങ്ങളെ ദുര്‍ബലമാക്കിയിട്ടുണ്ട്. ദൃശ്യമാധ്യമങ്ങള്‍ അടിസ്ഥാനപരമായി  വാര്‍ത്താമാധ്യമങ്ങളല്ല, വിനോദമാധ്യമങ്ങളാണ്. പരസ്യവരുമാനംകൊണ്ടു മാത്രം നിലനില്‍ക്കുന്നവയുമാണ്. വലിയ വ്യവസായങ്ങള്‍ ആണ് എന്നതുകൊണ്ടുതന്നെ അധികാരകേന്ദ്രങ്ങളുമായി ഏറ്റുമുട്ടുന്നത്് അവരുടെ ആരോഗ്യത്തിന് തികച്ചും ഹാനികരമാണ്. ഓണ്‍ലൈന്‍ രംഗത്തു മാത്രമേ പ്രതീക്ഷയുടെ കിരണങ്ങള്‍ കാണുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. നിരവധി സ്ഥാപനങ്ങള്‍ അധികാരിവര്‍ഗത്തെ ചോദ്യംചെയ്യാന്‍ തന്റേടം കാണിക്കുന്നുണ്ട്. പക്ഷേ, അവയുടെ നിലനില്‍പ്പ് ഉറപ്പിക്കാന്‍ കാലമായിട്ടില്ല.

ചങ്കൂറ്റത്തോടെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളോ പാഠം പഠിപ്പിക്കാന്‍  കോര്‍പ്പറേറ്റ് ഇന്ത്യ ഇപ്പോള്‍ പ്രയോഗിക്കുന്ന ഗൂഢ തന്ത്രങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ട്. വലിയ അഴിമതികളെക്കുറിച്ച് വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങളെ കോടതികയറ്റി പാപ്പരാക്കിക്കൊല്ലുന്നതിന് ഒരുമ്പെട്ടിറങ്ങുകയാണ് അവര്‍. 2018-ല്‍ മാത്രം  മാധ്യമങ്ങള്‍ക്കെതിരെ കോര്‍പ്പറേറ്റുകള്‍ ഫയല്‍ ചെയ്ത അമ്പതോളം മാനനഷ്ടക്കേസ്സുകളില്‍ ആവശ്യപ്പെട്ടിരുന്ന നഷ്ടപരിഹാരം ഒരു ലക്ഷം കോടി രൂപയോളം വരും. എന്‍.ഡി.ടി.വി ക്കെതിരെ കൊടുത്ത കേസ്സുകളില്‍ മാത്രം ആകെ നഷ്ടപരിഹാരം പതിനായിരം കോടി വരും. ഒരു കേസ്സെങ്കിലും നഷ്ടപരിഹാരം വിധിച്ചാല്‍ ആ മാധ്യമവും  മാധ്യമപ്രവര്‍ത്തകനും പിന്നെ പ്രകാശം കാണില്ല. ടി.വി സ്്‌ക്രോളില്‍ വന്ന ഒരു തെറ്റിന് പത്രസ്ഥാപനത്തിന്ു നൂറു കോടി രൂപ പിഴ വിളിച്ചിട്ടുണ്ട് ഇന്ത്യന്‍ കോടതി. പത്രസ്വാതന്ത്ര്യം എന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം തന്നെയാണ് എന്ന് ഉറപ്പിച്ചു സ്ഥാപിച്ചിട്ടുള്ള ജുഡീഷ്യറിയുടെ വരാന്തയില്‍ തന്നെയാണ് ഇപ്പോള്‍ അതിന്റെ കഴുത്തറക്കാനുള്ള കത്തി രാകി മൂര്‍ച്ചകൂട്ടുന്നത്.

*****

റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് തയ്യാറാക്കുന്ന പത്രസ്വാതന്ത്ര്യത്തിന്റെ ആഗോള സൂചികയില്‍ 2019-ലെ ഇന്ത്യയുടെ സ്ഥാനം 140 ആണ്. 180-ല്‍ 140. അവര്‍ ഉപയോഗിക്കുന്ന അളവുകോലുകളെക്കുറിച്ച് വലിയ മതിപ്പൊന്നുമില്ലെങ്കിലും, നമ്മുടെ നില ഒട്ടും അഭിമാനകരമല്ല. പാകിസ്താന്‍ നമ്മളേക്കാള്‍ രണ്ടു റാങ്ക് പിന്നിലാണെന്ന ആശ്വാസമെങ്കിലും ഉണ്ടായിരുന്നു. 2020-ല്‍ അതെങ്കിലും ഉണ്ടാകുമോ എ്ന്നു കണ്ടറിയാം.

Leave a Reply

Your email address will not be published. Required fields are marked *

Go Top