പെണ്ണൊരുമ്പെടട്ടെ

ഇന്ദ്രൻ

അധികാരത്തിന്റെ മൂന്നിലൊന്നു തരാമെന്നു പറഞ്ഞ് മഹിളകളെ കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട് കൊല്ലം പത്തുപതിനഞ്ചായി. ഇത്തവണത്തേത് പഴയതുപോലുള്ള പറ്റിക്കലല്ല, സത്യമായും ഉള്ളതാണ് എന്ന് പെണ്ണുങ്ങള്‍ പോലും വിശ്വസിച്ചുതുടങ്ങിയിട്ടുണ്ട്. പരസ്​പരം കണ്ടാല്‍ മിണ്ടാന്‍ പാര്‍ട്ടിയുടെ അനുമതി ആവശ്യമുള്ള വൃന്ദാകാരാട്ടും സുഷമാസ്വരാജും ആഹ്ലാദം അണപൊട്ടിയപ്പോള്‍ കെട്ടിപ്പിടിച്ചുപോയത് അതുകൊണ്ടാണ്. സ്ത്രീകളുടെ സ്വത്വം ഉണര്‍ന്നു എന്നതിനു വേറെ തെളിവുവേണ്ട.

ഇതൊക്കെയാണെങ്കിലും സംഗതി ഉറപ്പായെന്ന് ഇപ്പോഴും പറയാറായിട്ടില്ല. കപ്പിനും ചുണ്ടിനുമിടയില്‍ തട്ടിക്കളയാന്‍ കാപാലികര്‍ കാത്തുനില്പുണ്ട്. രാജ്യസഭയില്‍ സമാജവാദികളുടെ കൈക്രിയയെ മാര്‍ഷലുമാരുടെ കൈക്രിയകൊണ്ട് നേരിട്ടാണ് സംഗതി ഒപ്പിച്ചത്. മാര്‍ഷലുമാര്‍ വന്ന് ജനപ്രതിനിധികളെ പൊക്കുന്നതുകണ്ട് മറ്റുജനപ്രതിനിധികളുടെ സ്വത്വം ഉണര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇതനുവദിച്ചുകൂടെന്ന് അവര്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ബലം പ്രയോഗിച്ച് ഭേദഗതി പാസ്സാക്കാന്‍ സമ്മതിക്കില്ലെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. ഭേദഗതി പാസ്സാക്കാതിരിക്കാന്‍ ബലം പ്രയോഗിക്കുന്നതില്‍ അവര്‍ക്ക് വിരോധമില്ലതാനും. അതുകൊണ്ട് ലോകരുടെ സഭയില്‍ വിചാരിച്ചത്ര എളുപ്പമാവില്ലത്രെ കാര്യം. യാദവ ത്രിമൂര്‍ത്തികളായ ലാലു, മുലായം, ശരദ് ആദികള്‍ക്ക് ബലം കൂടിയിരിക്കുന്നു. ഒന്നിനും മടിക്കാത്ത കൂട്ടരാണ്. ഇവരുടെ അവിഹിത കൂട്ടുകെട്ടുമൂലമാണ് വനിതകള്‍ക്ക് അവരുടെ വിഹിതം ഇത്രയും കാലം കിട്ടാതിരുന്നത്. പക്ഷേ, അതുമാത്രമായിരുന്നില്ല കാരണം. പരസ്യമായ രഹസ്യം ലാലു തുറന്നുപറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സിലെയും ബി.ജെ.പി.യിലെയും എം.പി.മാര്‍ക്കും ബില്ലിനെ വല്ല വിധത്തിലും കുളിപ്പിച്ചുകിടത്തണമെന്നുണ്ട്. പെണ്ണുങ്ങള്‍ക്കു സീറ്റ് കൊടുക്കണമെന്നൊക്കെ ഉച്ചത്തില്‍ പറയുമെന്നേ ഉള്ളൂ. സ്വന്തം കസേരയൊഴിച്ച് ഏതു കസേര വേണമെങ്കിലും വനിതകള്‍ എടുത്തോട്ടെ എന്ന ഉദാരമായ സമീപനമാണ് എല്ലാ പുരുഷ ജനപ്രതിനിധികള്‍ക്കും ഉള്ളത്. ബില്ലിനെ എതിര്‍ക്കാന്‍ ധൈര്യംപോരാ. എതിര്‍ത്താല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താകും; അനുകൂലിച്ചാല്‍ പാര്‍ലമെന്റില്‍ നിന്നു പുറത്താകും. ആത്മഹത്യയ്ക്കും രക്തസാക്ഷിത്വത്തിനും ഇടയില്‍ എന്നു പറയാറില്ലേ, അതുതന്നെ അവസ്ഥ. സംവരണത്തെ പല നൊണ്ടിന്യായങ്ങള്‍ പറഞ്ഞ് എതിര്‍ക്കാനുള്ള കോണ്‍ട്രാക്ട് അവര്‍ ലാലു മുലായാദികളെ ഏല്പിച്ചിരിക്കുകയാണ്. പെണ്ണുങ്ങളുടെ ശാപമേല്‍ക്കാന്‍ യാദവന്മാര്‍ വേണം. പെണ്ണിന്റെ ശാപംകൊണ്ട് പണ്ടേ കുളംതോണ്ടിയ കുലത്തില്‍പ്പെട്ടവരാണവര്‍. സാക്ഷാല്‍ ശ്രീകൃഷ്ണന്‍ ഉണ്ടായിട്ടുപോലും രക്ഷപ്പെട്ടില്ല. ഇനിയാരെ പേടിച്ചിട്ടെന്തുകാര്യം. ഇത് അവസാനത്തെ യുദ്ധമാണ്. തോറ്റാല്‍ ഈ ആയുസ്സില്‍ ലോക്‌സഭ കാണില്ല.
യാദവകുലംപോലെ തമ്മില്‍ത്തല്ലി തുലഞ്ഞുപോയ സോഷ്യലിസ്റ്റ് കുലത്തിന്റെ അനന്തരാവകാശികളാണ് ലാലു, മുലായം, ശരദ് ത്രിമൂര്‍ത്തികള്‍. കുലം തുലഞ്ഞിട്ടും അവര്‍ തമ്മിലടി നിര്‍ത്തിവെച്ചിരുന്നില്ല. ഇപ്പോഴിതാ പെണ്ണുങ്ങളെ തോല്പിക്കാന്‍വേണ്ടി മാത്രം അവര്‍ കൈകോര്‍ത്തിരിക്കുന്നു. സ്ത്രീയുടെ പാരതന്ത്ര്യത്തിനു ജാതിഭേദമില്ലെന്നും മുന്തിയ ജാതിയിലെ സ്ത്രീയാണ് കൂടുതല്‍ യാതനയും അടിമത്തവും അനുഭവിക്കുന്നതെന്നും പറഞ്ഞ റാം മനോഹര്‍ ലോഹ്യയുടെ അനുയായികളായിരുന്നു അവര്‍. അവരാണിപ്പോള്‍ മേല്‍ജാതിയിലെ പെണ്ണുങ്ങളാണ് കൂടുതല്‍ ജയിച്ചുവരികയെന്ന ന്യായം പറഞ്ഞ് സ്ത്രീസംവരണത്തിനു പാരവെക്കുന്നത്. നേരത്തേ മരിച്ചത് ലോഹ്യയുടെ ഭാഗ്യം.

പല ഇനത്തില്‍പ്പെട്ട നൂറോളം സമാജവാദി ആണുങ്ങള്‍ കഴിഞ്ഞ ലോക്‌സഭയിലേക്ക് ജയിച്ചുവരികയുണ്ടായി. ഇത്രയും പുരുഷസമാജവാദികള്‍ക്ക് ജയിച്ചുവരാമെങ്കില്‍ അത്രയും സ്ത്രീസമാജവാദികള്‍ക്കും ജയിക്കാം. പക്ഷേ, മത്സരിക്കാന്‍ പാര്‍ട്ടിയില്‍ പെണ്ണുങ്ങളില്ലെങ്കില്‍ അതിനു സോണിയയെ പഴിച്ചിട്ട് കാര്യമില്ല. പിന്നാക്കജാതിക്കാരിയായ ഫൂലന്‍ദേവി എം.പി.യും ആയിട്ടുണ്ട്, കൊള്ളക്കാരിയും ആയിട്ടുണ്ട്. ആദ്യം കൊള്ള, പിന്നെ എം.പി. എന്ന ക്രമത്തില്‍. പലരും എം.പി. ആയ ശേഷമാണ് മറ്റേത് തുടങ്ങാറ്. ആര്‍ക്കും എം.പി.യാകാം, തോക്കേന്തുന്ന കൊള്ളക്കാരിയാവാനാണ് പ്രയാസം. അതിനു ചില്ലറ ഉശിരൊന്നും പോരാ. ആ നിലയ്ക്ക് എം.പി.യാകാനും പിന്നാക്കജാതിയില്‍പ്പെട്ട പെണ്ണുങ്ങള്‍ക്കു ക്ഷാമമുണ്ടാകില്ലെന്ന് ഉറപ്പ്. പിന്നാക്ക ജാതിക്കാരെ എന്നും പിന്നാക്കക്കാരാക്കി നിലനിര്‍ത്തുകയാണ് അവരുടെ ലക്ഷ്യം. പിന്നാക്കക്കാര്‍ മുന്നിലെത്തിയെന്ന് സമ്മതിച്ചാല്‍ അവരുടെ സ്വത്വം നഷ്ടപ്പെടുമല്ലോ. പോട്ടെ, ഇത്രയുംകാലം കോണ്‍ഗ്രസ് ഭരിച്ചതുകൊണ്ടാണ് പിന്നാക്കക്കാര്‍ നന്നാവാഞ്ഞതെന്ന് പറഞ്ഞാല്‍ അതിലൊരു ന്യായമുണ്ട്. ഇവിടെ അതും പറയാന്‍ പറ്റില്ല. ബിഹാറിലും മറ്റും സമാജവാദികള്‍ നാല്പതുവര്‍ഷം മുമ്പ് ഭരണം കൈയാളാന്‍ തുടങ്ങിയതാണ്. കര്‍പ്പൂരി താക്കൂറായിരുന്നു ബിഹാരത്തിലെ ആദ്യകാല സമാജവാദി മുഖ്യമന്ത്രി. അഞ്ചു ലാലുപ്രസാദുമാര്‍ ചേര്‍ന്നാലും കര്‍പ്പൂരി താക്കൂറാകാന്‍ പറ്റില്ല, അത്രയ്ക്ക് കിടിലനായിരുന്നു താക്കൂര്‍. പിന്നെ ലാലുവും നീണ്ടകാലം തിമിര്‍ത്തുഭരിച്ചു. എന്നിട്ടും പറയുന്നത് മത്സരിക്കാന്‍ പറ്റിയ പെണ്ണുങ്ങള്‍ പിന്നാക്കജാതിയില്‍ ഇല്ല എന്നാണ്. അതൊന്നുമല്ല കാര്യം. പെണ്ണുങ്ങള്‍ക്കു സീറ്റ് വിട്ടുകൊടുക്കാന്‍ ആരും തയ്യാറല്ല. ഇതിനൊരു പരിഹാരമേ ഉള്ളൂ. പിന്നാക്കവിഭാഗങ്ങളിലെ പെണ്ണുങ്ങളും ഒരുമ്പെട്ടിറങ്ങണം. പിന്നെ ലാലുമുലായാദികളുടെ ഒച്ച കേള്‍ക്കില്ല.

ഇത്രയുംകാലം സീറ്റ് സ്വപ്നം കണ്ടുകഴിയുന്ന പാവപ്പെട്ട പുരുഷപ്രജകളുടെ വേദനയും നമ്മള്‍ കാണണം. പോസ്റ്റര്‍ ഒട്ടിക്കാനും കല്ലെറിയാനും കുത്തുമുറി നടത്താനുമൊന്നും ഒരിക്കല്‍പ്പോലും വീടിനുപുറത്തിറങ്ങിയിട്ടില്ലാത്തവരല്ലേ ഇനി മത്സരിച്ച് ജയിച്ച് സുഖസൗകര്യങ്ങള്‍ മുഴുവന്‍ ആസ്വദിക്കുക? ഓര്‍ക്കുമ്പോള്‍ കണ്ണീര് വരുന്നു. സംവരണം വന്നാലും പേടിക്കേണ്ടാത്ത കുറെ നേതാക്കള്‍ ഉണ്ട്. ജയിക്കുന്ന സീറ്റുതന്നെ അവര്‍ക്കു കിട്ടും. ബാക്കിയുള്ളവരെന്ത് ചെയ്യും? പലരും പല വിദ്യകള്‍ ആലോചിക്കുന്നുണ്ട്. ഭാര്യയെ മത്സരിപ്പിച്ചാല്‍ കുറെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. വേറെയൊരു വഴിയുണ്ട്- ലിംഗമാറ്റം നടത്തി പെണ്ണാവുക. ഇനി അതുതടയാന്‍ ഭരണഘടനാഭേദഗതി കൊണ്ടുവരുമോ എന്തോ…

** **
അംബാസഡര്‍ എന്നു കേട്ടാല്‍ നിലയും വിലയും ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. എല്ലാറ്റിനെയും കാലം തളര്‍ത്തുമല്ലോ. ഇന്ന് അംബാസഡര്‍ പദവിയും ഏതാണ്ട് പഴയ അംബാസഡര്‍ കാര്‍ പോലായിട്ടുണ്ട്. വിലയും മതിപ്പും കുറഞ്ഞിരിക്കുന്നു.

രാഷ്ട്രത്തിന്റെ പ്രതിനിധിയായി അന്യരാജ്യ തലസ്ഥാനങ്ങളില്‍ വമ്പിച്ച അധികാരങ്ങളോടെ പ്രവര്‍ത്തിക്കുന്ന ആളാണല്ലോ അംബാസഡര്‍. മുന്‍ ബ്രിട്ടീഷ് കോളനി രാജ്യങ്ങള്‍ പരസ്​പരം അയയ്ക്കുന്ന പ്രതിനിധികളെ മാത്രം ഹൈക്കമ്മീഷണര്‍ എന്നുവിളിക്കും; ജോലി അംബാസഡറുടേതുതന്നെ. നയതന്ത്രവൃത്തങ്ങള്‍ക്കു പുറത്തും അംബാസഡര്‍മാരുണ്ട്. യുനെസ്‌കോ പോലുള്ള വലിയ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ജനങ്ങളില്‍ അവരുടെ സല്‍പ്പേര് വളര്‍ത്താന്‍ ഉപയോഗിച്ചിരുന്ന ബഹുമാന്യവ്യക്തികളാണ് അത്തരക്കാര്‍. അതും മോശപ്പെട്ട പണിയായിരുന്നില്ല.

അല്ലെങ്കില്‍ എന്താണ് മോശപ്പെട്ട പണി? അങ്ങനെയൊന്നില്ല. കച്ചവടസ്ഥാപനങ്ങള്‍ക്കു വേണ്ടിയും അംബാസഡര്‍ ആകാം. സംസ്ഥാനത്ത് ടൂറിസം വളര്‍ത്താനും അംബാസഡറെ വെക്കാം. അതുകൊണ്ട് കച്ചവടം കൂടുമോ എന്നൊന്നും അറിഞ്ഞൂകൂടാ. അംബാസഡര്‍മാര്‍ക്കു ചില്വാനം കിട്ടുന്ന ഏര്‍പ്പാടായതുകൊണ്ട് അസൂയപ്പെടേണ്ട കാര്യമേ ഇല്ല. അംബാസഡര്‍മാരെ മുട്ടിയിട്ടു വഴിനടക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായാല്‍ പ്പോലും മുഷിയരുത്. ഒടുവില്‍ കേട്ടത് അമിതാഭ് ബച്ചന്‍ കേരള ടൂറിസത്തിന്റെ അംബാസഡര്‍ ആകുന്നു എന്നാണ്. നമുക്കതില്‍ വിരോധമില്ല. സുകുമാര്‍ അഴീക്കോടിനുപോലും വിരോധമില്ലാത്ത സ്ഥിതിക്ക് നമ്മള്‍ എന്തിനു വിരോധിക്കണം?

നരേന്ദ്രമോഡിക്ക് സ്തുതി പറഞ്ഞുനടന്ന ആളെത്തന്നെ ദൈവത്തിന്റെ സ്വന്തം നാടിനു സ്തുതി പറയാന്‍ വിളിച്ചത് ഒട്ടും ശരിയായില്ലെന്ന ഒരപസ്വരവും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതാണ് ചിലര്‍ക്കു വിവേചനബുദ്ധി ഇല്ലെന്നു പറയുന്നത്. നിലയ്‌ക്കൊത്ത കനത്തില്‍ ദ്രവ്യം കൊടുത്താല്‍ ദൈവത്തിന്റെ സ്വന്തം നാടിനെ മാത്രമല്ല പിശാചിന്റെ നാടിനെയും പുകഴ്ത്തും. അതാണ് അംബാസഡറുടെ പണി. ഒരു കക്ഷിയുടെ വക്കീലായാല്‍ കക്ഷിക്കു വേണ്ടി വാദിക്കാനല്ലേ പറ്റൂ. കക്ഷി നിരപരാധിയാണെങ്കിലേ കേസ് വാദിക്കൂ എന്നൊരു വക്കീലും പറയില്ല. രണ്ടായാലും വക്കീല്‍ മിനക്കെട്ട് തെളിവുണ്ടാക്കണം. അംബാസഡര്‍ക്ക് ആ ബുദ്ധിമുട്ടുമില്ല. താന്‍ പറഞ്ഞത് ഏതെങ്കിലും വിഡ്ഢി വിശ്വസിക്കുമോ എന്നുപോലും നോക്കേണ്ട കാര്യമില്ല. അംബാസഡര്‍മാരുടെ എണ്ണം പെരുകട്ടെ.

** **

സംഘടന പറയുന്നത് കേട്ടില്ലെങ്കില്‍ അംഗത്തെ സസ്‌പെന്‍ഡ് ചെയ്യും. ഏതു സംഘടനയും അങ്ങനെയാണ്. പക്ഷേ, സംഘടന സസ്‌പെന്‍ഡ് ചെയ്താല്‍പ്പിന്നെ ആ തൊഴിലെടുക്കാന്‍ പറ്റില്ലെന്ന അവസ്ഥ ലോകത്തെവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല. കേരളത്തിലെ ചലച്ചിത്ര മേഖലയില്‍ അതുണ്ട്. അഭിനേതാക്കളുടെ സംഘടന പറഞ്ഞതുകേട്ടില്ലെങ്കില്‍ പിന്നെ അഭിനയം ടെലിവിഷന്റെ ന്യൂസ് ക്യാമറയ്ക്കു മുന്നിലേ പറ്റൂ, സിനിമയില്‍ പറ്റില്ല. ഹോളിവുഡാണ്, ഓസ്‌കറ് കിട്ടും എന്നൊക്കെ പള്ളിയില്‍ പറഞ്ഞാല്‍ മതി.

ഇത്രയും സൗകര്യപ്രദമായ രീതിയെ വേറെ ഒരു തൊഴില്‍മേഖലക്കാരും അനുകരിക്കാത്തതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. സാഹിത്യകാരന്മാരുടെ സംഘടനയുണ്ടാക്കിയാല്‍ താപ്പാനകളായി നടക്കുന്ന പലരുടെയും കാലില്‍ ചങ്ങലയിടീക്കാം. അധികം കളിച്ചാല്‍ അവരുടെ എഴുത്തും നിര്‍ത്തിക്കാം. പത്രക്കാരുടെ സംഘടനയെ വെല്ലുവിളിച്ചാല്‍ വാര്‍ത്തയെഴുത്ത് നിര്‍ത്തിക്കാം. അതിനേക്കാളൊക്കെ സമൂഹത്തിനു ഗുണമുണ്ടാകാനിടയുള്ള മറ്റൊരു മേഖലയുണ്ട്. പ്രസംഗക്കാരുടെ സംഘടന ഉണ്ടാക്കണം. മൈക്കിനു മുന്നിലെത്തിയാല്‍ സമനില നഷ്ടപ്പെടുന്ന അസുഖമുള്ള പ്രസംഗക്കാരെ നോട്ട് ചെയ്യണം. അവര്‍ സംഘടനയെ തെറിപറയാതിരിക്കില്ല. നാലു പ്രസംഗം ചെയ്യുമ്പോഴേക്ക് സംഘടനയില്‍നിന്ന് പുറത്താക്കാനാവും. അധികപ്രസംഗം അതോടെ നിലയ്ക്കുകയും ചെയ്യും. ചിലരുടെ ശല്യം എന്നെന്നേക്കും തീരും. ഊരുവിലക്കിന്റെ വേറൊരു പതിപ്പായ ഈ സംഘടനാഫാസിസം നാട്ടുനടപ്പായാല്‍ ജനാധിപത്യംകൊണ്ടുള്ള ശല്യവും തീരും.

Leave a Reply

Your email address will not be published. Required fields are marked *

Go Top