പുതിയ ആശയങ്ങളും പുതിയ ചിന്തകളും ഗൗരവമുള്ള വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും നിറഞ്ഞു നില്‍ക്കുന്ന പേജുകളായിരുന്നു ഏതു പത്രത്തിലെയും എഡിറ്റോറിയല്‍ പേജുകള്‍ ഒരു കാലത്ത്. പത്രം ഗൗരവമുള്ള കാര്യങ്ങള്‍ക്കുള്ളതല്ലെന്നും വായനക്കാരില്‍ ഭൂരിപക്ഷത്തിനു ഇഷ്ടപ്പെടുന്ന വിഭവങ്ങളാണ് വേണ്ടതെന്നുമുള്ള പുതിയ കാല കോര്‍പ്പറേറ്റ് ആശയം ശക്തി പ്രാപിച്ച തൊണ്ണൂറുകളോടെയാണ് പത്രലേഖനങ്ങളുടെ സ്വഭാവങ്ങളില്‍ മാറ്റംവന്നത്.
ഇപ്പോഴത്തെ ബി.ജെ.പി എഴുത്തുകാരില്‍ ഏറ്റവും പ്രമുഖന്‍ ജനറല്‍ സിക്രട്ടറി രാം മാധവ് ആണ്. മിക്ക പത്രം ഓഫീസുകളിലും കാണപ്പെടാറുള്ള ഇദ്ദേഹം ഒരു മാസം നാലു ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. നിയമമന്ത്രി രാംശങ്കര്‍ പ്രസാദ് മൂന്നു ലേഖനങ്ങള്‍ എഴുതി. ഇംഗ്ലീഷില്‍ ഒരു വാചകമെങ്കിലും എഴുതുമെന്ന് ആരും കുറ്റപ്പെടുത്തിയിട്ടില്ലാത്ത ആഭ്യന്തരമന്ത്രി അമിത് ഷാ 22 ദിവസത്തിനുള്ളില്‍ രണ്ടു ലേഖനങ്ങളെഴുതിയെന്നാണു ഐ.ജെ.ആര്‍ റിപ്പോര്‍ട്ടില്‍ പരിഹസിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും രണ്ടു ലേഖനം എഴുതിയിട്ടുണ്ട്.
.-
‘അഭൂതപൂര്‍വമായ’ ജന്മദിനവൂം മാധ്യമ ആഘോഷവും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69ാം പിറന്നാള്‍ സപ്തംബര്‍ 17-നായിരുന്നു. പിറന്നാളുകള്‍ അഭൂതപൂര്‍വമല്ല. വര്‍ഷംതോറും സംഭവിക്കുന്നതാണ്. അറുപതും എഴുപതുമൊക്കെ പ്രത്യേകതയുള്ള വയസ്സായാണ് കണക്കാക്കാറുള്ളത്. പ്രധാനമന്ത്രിയ്ക്കു അറുപത്തഞ്ചു തികഞ്ഞത് കാര്യമായൊന്നും കൊണ്ടാടിയിരുന്നില്ല. എന്തുകൊണ്ടെന്നറിയില്ല 69ാം പിറന്നാള്‍ വലിയ സംഭവമായിരുന്നു. മാധ്യമങ്ങളിലാണ് അതു കാര്യമായി ആഘോഷിക്കപ്പെട്ടത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന മാധ്യമങ്ങളില്‍, കേന്ദ്രമന്ത്രിസഭയിലെ രണ്ടാമന്‍ എന്നു കരുതപ്പെടുന്ന അമിത് ഷായുടെ പ്രത്യേകലേഖനം ഉണ്ടായിരുന്നു. ഒരു ജന്മദിനത്തില്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി രാജ്യത്തെ ഏറ്റവുമധികം പത്രങ്ങളില്‍ മുഖ്യലേഖനം പ്രസിദ്ധീകരിക്കുന്ന ആദ്യവ്യക്തി അമിത് ഷാ ആയിരിക്കാം.
അമിത് ഷായ്ക്ക്ു പുറമെ വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കറും പ്രകീര്‍ത്തന ലേഖനങ്ങള്‍ എഴുതാന്‍ നിയോഗിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ മനോരമ പത്രത്തില്‍ അമിത് ഷായുടെയും മാതൃഭൂമിയില്‍ പ്രകാശ് ജാവഡേക്കറുടെയും ലേഖനങ്ങളാണ് ഉണ്ടായിരുന്നത്. ചെറുകിട പത്രങ്ങളില്‍ ലേഖനമൊന്നും കണ്ടില്ല. ടൈംസ് ഓഫ് ഇന്ത്യ മാത്രം കേന്ദ്രമന്ത്രിമാരുടെ ലേഖനത്തിനു പകരും പ്രത്യേകം നിര്‍ദ്ദേശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ് ആണ് പ്രധാനമന്ത്രിയെക്കുറിച്ച് എഴുതിയത്.
മുമ്പ് ഒരു പ്രധാനമന്ത്രിയുടെയും ജന്മദിനം ഈ രീതിയില്‍ ആഘോഷിക്കപ്പെട്ടതായി ആര്‍ക്കും അറിയില്ല. പൊതുതിരഞ്ഞെടുപ്പിനു മുന്‍പുള്ള മൂന്നു വര്‍ഷക്കാലത്ത് കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ക്കു പ്രചാരം നല്‍കാന്‍ 3800 കോടി രൂപയുടെ പരസ്യം മാധ്യമങ്ങള്‍ക്ക് നല്‍കിയതായി ഇപ്പോള്‍ ലേഖനമെഴുതിയ മന്ത്രി പ്രകാശ് ജാവഡേക്കര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.
എന്തായാലും അടുത്ത വര്‍ഷത്തെ എഴുപതാം ജന്മദിനം അഭൂതപൂര്‍വമായിത്തന്നെ ആഘോഷിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ദി ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ടെലഗ്രാഫ്, ഡക്കാന്‍ ഹെറാള്‍ഡ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്നീ പത്രങ്ങളിലെ ലേഖനങ്ങളാണ് പരിശോധിച്ചത്. രാഷ്ട്രീയക്കാരുടെ ലേഖനങ്ങള്‍ കൊടുക്കുന്ന കാര്യത്തില്‍ ഏറ്റവും ‘മോശം’ നിലപാട് ദി ഹിന്ദുവിന്റെതാണ്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനു മാത്രമാണ് ആ പടി കയറാനായത്. ദി ടെലഗ്രാഫിലും പാര്‍ട്ടി നേതാക്കള്‍ എഴുതിയിട്ടില്ല.
കാല്‍നൂറ്റാണ്ടു മുന്‍പുവരെയും പത്രത്തിലെ ബുദ്ധിജീവികളായ എഡിറ്റര്‍മാരാണ് ദേശീയ- അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ച്്്് പഠനാര്‍ഹമായ ലേഖനങ്ങള്‍ എഴുതാറുള്ളത്. ഇപ്പോള്‍ പല പത്രങ്ങളിലും അത്തരം ബുദ്ധിജീവകള്‍ തീരെ ഇല്ലാത്തതാവാം രാഷ്ട്രീയബുദ്ധിജീവികളെ ആശ്രയിക്കാന്‍ കാരണം. പത്രങ്ങള്‍ക്ക് പുറത്തുള്ള യഥാര്‍ത്ഥ ബുദ്ധിജീവികളെക്കൊണ്ട് എഴുതിക്കാന്‍ പ്രതിഫലം കൊടുക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പ്രതിഫലമൊന്നും കൊടുക്കാതെ കിട്ടുന്നതാണ് രാഷ്ട്രീയക്കാരുടെ പ്രചാരണസാഹിത്യം. വായനക്കാരന് എന്തു പ്രയോജനം എന്ന് ആരും ചോദിക്കാറില്ല.
തകരുന്ന പത്രങ്ങള്‍, വേരുറക്കാതെ ഓണ്‍ലൈന്‍:
മാധ്യമഭാവി ഇപ്പോഴും അനിശ്ചിതം
നാളെയുടെ മാധ്യമം ഏത്്? ഇപ്പോഴും ഇത്തരം കിട്ടാത്ത ചോദ്യമായി അതു തുടരുന്നു. ഇന്നത്തെ മാധ്യമം ഏത് എന്നതിനെക്കുറിച്ചുപോലും ഉറച്ച ഉത്തരം കിട്ടുന്നില്ല. ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ വാര്‍ത്ത തേടുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കേതന്നെ, ആ വിധം മാധ്യമങ്ങള്‍ക്കും വേരുറക്കുന്നില്ല. ഒരുപാട് ഓണ്‍ലൈന്‍ മാധ്യമങ്ങളും പരമ്പരാഗതമാധ്യമങ്ങള്‍ നേരിടുന്ന തരം പ്രതിസന്ധികളെ നേരിടുന്നു. പോരാത്തതിനു അവരുടെ വാര്‍ത്തകള്‍ക്കു വിശ്വാസ്യത നേടാന്‍ കഴിയുന്നുമില്ല, സ്ഥാപനങ്ങളില്‍ തൊഴില്‍സുരക്ഷിതത്വം നല്‍കാന്‍ കഴിയുന്നില്ല. ഭാവി അനിശ്ചിതം.
ന്യൂ ഓര്‍ലീന്‍സില്‍ ഒക്‌റ്റോബറില്‍ നടക്കുന്ന അമേരിക്കന്‍ ഓണ്‍ലൈന്‍ ന്യൂസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തിനു മുന്നോടിയായി പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വെ ഈ അനിശ്ചിതത്ത്വങ്ങളിലേക്കാണ് വിരല്‍ ചൂണ്ടിയത്. പ്രധാന നിഗമനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കുടുതല്‍ വായന ഓണ്‍ലൈനില്‍
2018-ല്‍ മുതിര്‍ന്ന അമേരിക്കക്കാരില്‍ 34 ശതമാനം പേരും ഓണ്‍ലൈനില്‍ വിവരങ്ങള്‍ അറിയാനാണ് താല്പര്യപ്പെട്ടത്. 2016-ലെ ഇത്തരക്കാരുടെ ശതമാനം 28 ആയിരുന്നതാണ് ഇത്തവണ 34 ആയത്. ഇങ്ങനെ പറയുമ്പോഴും വാര്‍ത്തയുടെ ആദ്യ സ്രോതസ് ടെലിവിഷന്‍ ആയി തുടരുകയാണ് 44 ശതമാനം ആളുകള്‍ക്കും.
പ്രാദേശികവാര്‍ത്തകള്‍ക്കു രണ്ടും
പ്രാദേശികവാര്‍ത്തകള്‍ വായിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ടെലിവിഷനെയും ഏതാണ്ട് ഒരേ പോലെ ആശ്രയിക്കുന്നവരാണ് ഭൂരിപക്ഷം മുതിര്‍ന്ന അമേരിക്കക്കാരും. 37 ശതമാനം വായനക്കാര്‍ ഓണ്‍ലൈന്‍ വഴിയും 41 ശതമാനം പേര്‍ ടെലിവിഷന്‍ ചാനലുകളിലൂടെയുമാണ് പ്രാദേശികവാര്‍ത്തകള്‍ അറിയുന്നത്. ടെലിവിഷനില്‍ പൊതുവാര്‍ത്തകള്‍ അറിയാം. എന്നാല്‍, ഏതെങ്കിലും പ്രദേശത്തെ ഏതെങ്കിലും പ്രത്യേകവാര്‍ത്ത തെരച്ചില്‍ നടത്തി അറിയാന്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍തന്നെ വേണം.
അനായാസ ഉപയോഗം
സമയം മെനക്കെടുത്താതെ അതിവേഗം, ക്ലേശരഹിതമായി വാര്‍ത്ത അറിയാന്‍ കഴിയണം എന്നതിനാണ് പത്തില്‍ എട്ടു അമേരിക്കക്കാരും(82ശതമാനം) പ്രാധാന്യം നല്‍കുന്നത്. വളച്ചുകെട്ടിയും സങ്കീര്‍ണത കൂട്ടിക്കലര്‍ത്തിയും വാര്‍ത്ത ദുരൂഹമാക്കുന്ന പ്രവണണയുണ്ട്. നാട്ടില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ആര്‍, എപ്പോള്‍, എവിടെ, എങ്ങനെ… തുടങ്ങിയ വിവരങ്ങള്‍ ഒറ്റ വായനയില്‍ അറിയുകയാണ് പ്രധാനം.
തൊഴില്‍ ലഭ്യത ഏറുന്നു, പക്ഷേ
2008-നും 2018-നും ഇടയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം 82 ശതമാനം വര്‍ദ്ധിച്ചതായി സര്‍വെ കണ്ടെത്തി. എന്നാല്‍, പരമ്പരാഗത മാധ്യമങ്ങളില്‍ നഷ്ടപ്പെട്ട തൊഴിലവസരങ്ങളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ദ്ധന നിസ്സാരമാണ്. 33000 തൊഴിലുകള്‍ പത്രങ്ങളില്‍ നഷ്ടപ്പെട്ടപ്പോഴാണ് ഓണ്‍ലൈനില്‍ 7000-13000 തൊഴിലുകള്‍ ഉണ്ടായത്. പരമ്പരാഗതമാധ്യമങ്ങളില്‍ നാലിലൊന്നു തൊഴിലവസരങ്ങളാണ് 2008-18 കാലത്ത് ഇല്ലാതായത്. ലേഓഫ് പോലുള്ള തൊഴില്‍ മുടക്കങ്ങളുടെ കാര്യത്തില്‍ ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ സ്ഥിതി ഒട്ടും ഭേദമല്ലതാനും. പത്രങ്ങളേക്കാള്‍ അനിശ്ചിതവും അപ്രവചനീയവുമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വരുമാനനില. വായനക്കാരുടെ എണ്ണം ദിവസംതോറും മാറുന്നതുകൊണ്ടു വരുമാനവും അനിശ്ചിതമാകുന്നു. തൊഴില്‍ സുരക്ഷിതത്വം ഒട്ടുമില്ലെന്നു സാരം
ഫെയ്‌സ്ബുക്ക് മുന്നില്‍
ഫെയ്‌സ് ബുക്ക് ഒരു വാര്‍ത്താമാധ്യമമല്ലെങ്കിലും 43 ശതമാനം അമേരിക്കക്കാര്‍ക്ക്് വാര്‍ത്ത ആദ്യം ലഭിക്കുന്നത് ഫെയ്‌സ്ബുക്കില്‍ നിന്നാണ്. അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ കിട്ടുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെക്കുറിച്ച് ഉറപ്പും ആര്‍ക്കുമില്ല. വസ്തുതാപരമല്ലാത്ത വാര്‍ത്തകളാണ് മിക്കപ്പോഴും സോഷ്യല്‍ മീഡിയ തരുന്നത്. ഒന്നും വിശ്വസിക്കാന്‍ വയ്യ. കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന വാര്‍ത്തകളാണ് സാമൂഹ്യമാധ്യമങ്ങളിലേറെയും എന്ന് സാമൂഹ്യമാധ്യമം വായിക്കുന്നവരില്‍ പകുതിയിലേറെപ്പേര്‍ തിരിച്ചറിഞ്ഞതായി സര്‍വെ വെളിവാക്കി.
നാലിലൊന്നു പത്രങ്ങളും ജോലിക്കാരെ കുറച്ചു
2018-ല്‍ അമേരിക്കയിലെ നാലിലൊന്നു പത്രങ്ങളിലും പത്രപ്രവര്‍ത്തകരുള്‍പ്പെടെയുള്ള ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നതായി പ്യൂ റിസര്‍ച്ച് സെന്ററിന്റെ സര്‍വെ വ്യക്തമാക്കി. ഞായര്‍ പ്രചാരം അരലക്ഷം വരെ കോപ്പിയുള്ള പത്രങ്ങള്‍ക്കാണ് ഏറെയും ക്ഷതമേറ്റത്. തൊഴില്‍ നഷ്ടപ്പെട്ട പത്രജീവനക്കാരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണ്.
ഗൂഗ്‌ളിനെതിരെ പത്രങ്ങളുടെ പടയൊരുക്കം
ഗൂഗ്ള്‍ സേര്‍ച്ചില്‍ വാര്‍ത്തകള്‍ വരുന്നത് കോപ്പിറൈറ്റ് നിയമങ്ങളുടെ ലംഘനമാണോ? ഗൂഗ്‌ളും പത്രങ്ങളും തമ്മില്‍ ഈ വിഷയത്തില്‍ ശണ്ഠ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോഴിതാ ഫ്രാന്‍സിലെയും ജര്‍മനിയിലെയും പ്രസാധകര്‍ ഗൂഗ്‌ളിനെ തുരത്താന്‍ ഐക്യമുന്നണി രൂപവല്‍ക്കരിക്കുകയാണ്.
ലോകമെങ്ങും ഗൂഗ്‌ളില്‍ വാര്‍ത്ത കൊടുക്കുന്നതിന് പ്രത്യേക വ്യവസ്ഥയൊന്നുമില്ല. പല പ്രസാധകരും അതു നല്ല കാര്യമായാണ് കണക്കാക്കിയിരുന്നത്. അത്രയും കൂടുതല്‍ ആളുകള്‍ തങ്ങളുടെ പത്രവും വാര്‍ത്തയും വായിക്കുമല്ലോ എന്നവര്‍ ആശ്വസിച്ചിരുന്നു. എന്നാല്‍, ഒരു വാര്‍ത്ത പോലും സ്വന്തമായി പ്രസിദ്ധീകരിക്കാതെ, മറ്റുള്ളവര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ കൊണ്ട് ഗൂഗ്ള്‍ പണം കൊയ്യുകയാണെന്ന തിരിച്ചറിഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. കോപ്പിറൈറ്റ് നിയമങ്ങള്‍ വാര്‍ത്തകള്‍ക്കു ബാധകമാക്കണമെന്ന ആവശ്യം ഉയര്‍ന്നതും ഇതിനെത്തുടര്‍ന്നാണ്.
ഓണ്‍ലൈന്‍ പ്രസാധകര്‍ക്ക് ബാധകമാകുന്ന കോപ്പിറൈറ്റ് നിയമം യൂറോപ്യന്‍ യൂണിയന്‍ തയ്യാറാക്കുന്നതാണ് ഇപ്പോള്‍ ഈ ചര്‍ച്ച സജീവമാകാന്‍ കാരണം. പ്രതിഫലം കൊടുത്ത് സേര്‍ച്ച് വിവരം പ്രസിദ്ധപ്പെടുത്താന്‍ തയ്യാറല്ലെന്നു ഗൂഗ്ള്‍ ആദ്യമേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. സേര്‍ച്ചില്‍ ചേര്‍ക്കാന്‍ തങ്ങള്‍ ആര്‍ക്കും പ്രതിഫലം നല്‍കുന്നില്ല. അതുകൊണ്ട് പത്രങ്ങള്‍ക്കു മാത്രം അങ്ങനെ പണം നല്‍കാനാവില്ല. സേര്‍ച്ച് ഫലങ്ങളല്ല, സേര്‍ച്ച് പേജിലെ പരസ്യങ്ങളാണ് തങ്ങള്‍ വില്‍ക്കുന്നത്-അവര്‍ ന്യായീകരിക്കുന്നു.
സംഘം ചേരലൊക്കെ നടക്കുമെങ്കിലും, ഗൂഗ്‌ളിനെ തോല്‍പ്പിക്കുക അത്ര എളുപ്പമല്ല. സൗജന്യമായി ഉള്ളടക്കം തന്നില്ലെങ്കില്‍ തങ്ങളുടെ സേര്‍ച്ച് ഫലത്തില്‍നിന്നു പത്രം ഒഴിവാക്കപ്പെടുമെന്നു ഗൂഗ്ള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വെബ് വാര്‍ത്തകളിലേക്ക് മിക്കപ്പോഴും വായനക്കാര്‍ എത്തുന്നത് സേര്‍ച്ച് പേജുകളിലൂടെയാണ്. എന്നാല്‍ ഗൂഗ്‌ളിനും ഇതു പൂര്‍ണരൂപത്തില്‍ നടപ്പാക്കാനാവില്ല. അവര്‍ക്കും പത്രവാര്‍ത്ത വേണം. ഇതില്ലെങ്കില്‍ സേര്‍ച്ച് സംവിധാനം ദുര്‍ബലമാകും. പരസ്യം കുറയും.
ഫ്രഞ്ച്, ജര്‍മന്‍ പ്രസാധകരാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാട് എടുത്തിട്ടുള്ളതെങ്കിലും രണ്ട് രാജ്യങ്ങളിലെയും ഗവണ്മെന്റുകള്‍ ഇതുവരെ നിലപാട് ഉറപ്പിച്ചിട്ടില്ല. ഫ്രഞ്ച് സര്‍ക്കാര്‍ പൊതുവെ പത്രങ്ങള്‍ക്ക് അനുകൂലമാണ്. എന്നാല്‍ ഗൂഗ്ള്‍ നിലപാടില്‍ തെറ്റൊന്നുമില്ല എന്നാണ് ജര്‍മന്‍ സര്‍ക്കാറിന്റെ കാഴ്ചപ്പാട്. യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചകളില്‍ അവര്‍ എന്തു നിലപാട് സ്വീകരിക്കുമെന്നു കണ്ടറിയണം.
ലോകവ്യാപകമായി പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാണമാണ് ഇതില്‍ ഉരുത്തിരിയുക. ഫ്രാന്‍സിലാണ് പുതിയ ചട്ടം ആദ്യം നടപ്പാക്കേണ്ടത്. ഫ്രാന്‍സിന്റെ അനുഭവമനുസരിച്ചാവും മറ്റു രാജ്യങ്ങള്‍ അവരുടെ നയം രൂപവല്‍ക്കരിക്കുന്നത്. യൂറോപ്പിനു പുറത്തും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
ചൈനയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ‘കൂറു പരീക്ഷ’
ചൈനയിലെ പൊതുമേഖലാ പത്രങ്ങളിലെ പതിനായിരത്തിലേറെ മാധ്യമപ്രവര്‍ത്തകര്‍ പ്രസിഡന്റ് ഷി ചിന്‍പിങ്ങിനോട് കൂറു പുലര്‍ത്തുന്നവരാണോ എന്നു പരിശോധിക്കപ്പെടും. കൂറു മാത്രമല്ല, പ്രസിഡന്റ് പിന്തുടരുന്ന നയങ്ങളോടും അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തയോടും മാക്‌സിസത്തിന്റെ ചൈനീസ് പ്രയോഗത്തോടും ഉള്ള സമീപനവും അറിവും പരിശോധിക്കപ്പെടുമെന്നു സൗത് ചൈന മോണിങ്‌പോസ്റ്റ്് റിപ്പോര്‍ട്ട് ചെയ്തു. .
രാജ്യവ്യാപകമായി രണ്ടു ഘട്ടമായാണ് പരീക്ഷ നടത്തുക. ആദ്യഘട്ടപരീക്ഷ ഒക്‌റ്റോബറില്‍ നടക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണവകുപ്പാണ് ഇതിന്റെ ചുമതല വഹിക്കുക. പരീക്ഷ എഴുതുന്നതിന് പ്രത്യേക ആപ്പ് തയ്യാറാക്കിക്കഴിഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്കള്ള പ്രസ് കാര്‍ഡുകള്‍ പരീക്ഷയില്‍ വിജയിച്ചവര്‍ക്കു മാത്രമേ കിട്ടൂ. സൗത് ചൈന മോണിങ്ങ് പോസ്റ്റ്( scmp.com ) ഇതുസംബന്ധിച്ച് വിശദവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ഹോങ്കോങ് പ്രസിദ്ധീകരണമാണ് ഇത്.