സ്വാതന്ത്ര്യം കവരാന്‍ ഇനി ‘വസ്തുക്കളുടെ ഇന്റര്‍നെറ്റും’?

എൻ.പി.രാജേന്ദ്രൻ
internet

നോബല്‍ സമ്മാനം ഇത്തവണ ലഭിച്ചവരില്‍ രണ്ടുപേര്‍ മാധ്യമപ്രവര്‍ത്തകരാണ് എന്നത് സ്വാഭാവികമായും മാധ്യമസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന ലോകജനതയെ സന്തോഷിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്തിരുന്നു. മരിയ റെസ്സയും ദമിത്ര അന്‍ദ്രയേവിച്ച് മുറാടോവും മാത്രമല്ല, ലോകത്തെങ്ങുമുള്ള മാധ്യമപ്രവര്‍ത്തകരാണ് ഇതിലൂടെ ആദരിക്കപ്പെട്ടതെന്നുമുള്ള സത്യമായ പ്രകീര്‍ത്തനങ്ങള്‍ എങ്ങും ഉയര്‍ന്നു വരികയും ചെയ്തു. ഒപ്പം, ഒരു യാഥാര്‍ത്ഥ്യം കൂടി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ലോകത്തു പത്രസ്വാതന്ത്ര്യം ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്ക്  മുന്നേറുന്നതുകൊണ്ടല്ല ഇത്തവണ ഈ അഭൂതപൂര്‍വമായ അംഗീകാരം ലഭിച്ചിട്ടുള്ളത്. അന്ത്യശ്വാസം വലിക്കാന്‍ തുടങ്ങിയ ചില മഹാത്മാക്കളെ അവസാനമായി ഒന്ന് ആദരിക്കുന്നതുപോലെ, അന്ത്യശ്വാസം വലിച്ചുതുടങ്ങിയ മാധ്യമസ്വാതന്ത്ര്യത്തിനു നല്‍കപ്പെടുന്ന അവസാന ആദരവാണോ ഇതെന്ന ചോദ്യം ഉയര്‍ന്നു വരികയും ചെയ്തിട്ടുണ്ട്.

2020-ല്‍, മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ സംഘടിത ശക്തികളും ആള്‍ക്കൂട്ടങ്ങളും ഭരണകൂടങ്ങളും നടത്തുന്ന ആക്രമണങ്ങളും ഉയര്‍ത്തുന്ന ഭീഷണികളും എന്നത്തേക്കാള്‍ കൂടതലായിരുന്നു എന്നു ‘അതിര്‍ത്തികളില്ലാത്ത റിപ്പോര്‍ട്ടര്‍മാര്‍’ -ആര്‍.എസ്.ബി-കണക്കുകള്‍ സഹിതം വ്യക്തമാക്കിയിട്ടുണ്ട്.  ഇത്രയും കാലം ഭരണകൂടങ്ങളും ഫാഷിസ്റ്റ് സംഘടിതശക്തികളും സ്ഥാപനങ്ങളുമാണ് പത്രസ്വാതന്ത്ര്യത്തിന് ഭീഷണി ആയിരുന്നതെങ്കില്‍ ഇപ്പോള്‍ നിരവധി പുത്തന്‍ വിപണി സംവിധാനങ്ങളും ശക്തികളും സാങ്കേതികവിദ്യകളുമാണ് മുന്‍പില്ലാത്ത വിധം കടുത്ത ഭീഷണി ഉയര്‍ത്തുന്നതെന്ന് വിദഗ്ദ്ധന്മാര്‍ ചൂണ്ടിക്കാട്ടുന്നു.* സാങ്കേതികരംഗത്തുണ്ടായ വികാസം, പ്രത്യേകിച്ച് ഇന്റര്‍നെറ്റ് വിപ്ലവം സൃഷ്ടിച്ച പ്രശ്‌നങ്ങളെക്കുറിച്ച് പുതിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഇന്റര്‍നെറ്റാണ് മാധ്യമസ്വാതന്ത്ര്യത്തിന് വലിയ സഹായമായി വളരുന്നതെങ്കില്‍ ഇതേ ഇന്റര്‍നെറ്റ് വലിയ ഭീഷണിയും ആകുന്നു എന്നതാണ് കണ്ടെത്തല്‍. ഇന്റര്‍നെറ്റ് ഓഫ് തിങ്്സ് എന്നു വിളിക്കുന്ന സാങ്കേതികവിപ്ലവത്തെയാണ് പുത്തന്‍ അപകടമായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ നെറ്റ്‌വര്‍ക്ക് ഒട്ടനവധി നിത്യോപയോഗ സാമഗ്രികളെ ഇന്റനെറ്റുമായി ബന്ധിപ്പിക്കുകയും ഉപഭോക്താവിനെ അതുവഴി രഹസ്യനിരീക്ഷണത്തിനു വിധേയമാക്കുകയും ചെയ്യുന്നു. നാം കിടക്കുന്ന കിടക്ക അതിന്റെ നിര്‍മാതാക്കള്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചാല്‍ എന്തു സംഭവിക്കും? അതില്‍ ഉറങ്ങുന്ന വ്യക്തിയുടെ ഉറക്കത്തിന്റെയോ ഉറക്കമില്ലായ്മയുടെയോ സകലവിവരങ്ങളും കിടക്ക അതിന്റെ നിര്‍മാതാക്കളില്‍ എത്തിക്കുന്നത് എത്രത്തോളം വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കും? ഇത് നമ്മുടെ എല്ലാ സങ്കല്‍പ്പങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും സ്വകാര്യതാവകാശത്തിനും അപ്പുറമെത്തുന്ന സാങ്കേതികവിദ്യയായി മാറുന്നു.

ഇലക്ട്രോണിക് വിവരവിനിമയ ഉപകരണങ്ങളോരോന്നും ഈ രീതിയില്‍ പൗരനെ നിരീക്ഷിക്കുന്നതിനു ഉപയോഗിക്കാന്‍ തയ്യാറെടുക്കുകയാണ് ഭരണകൂടങ്ങളും അതിനേക്കാള്‍ ശക്തിയുള്ള മറ്റു ചില അധികാരകേന്ദ്രങ്ങളും. ഭരണകൂടങ്ങള്‍ മാത്രമല്ല, ഇക്കാലത്ത് ചിലപ്പോള്‍ മാധ്യമ നടത്തിപ്പുകാര്‍തന്നെ പഴയ ഏകാധിപത്യങ്ങളേക്കാള്‍ കുടിലമായി മാധ്യമ പ്രവര്‍ത്തകനെത്തന്നെ നിരീക്ഷിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്്.  ഇതൊന്നും ഒറ്റപ്പെട്ട സംഗതികളല്ല എന്നും മനുഷ്യാവകാശത്തെ ചോദ്യം ചെയ്യുന്ന പുതിയ അപകടങ്ങളാണെന്നും നിരീക്ഷകര്‍ക്കു ബോധ്യപ്പെട്ടിട്ടുണ്ട്.

പത്രസ്വാതന്ത്ര്യം ഇക്കാലത്ത് ശക്തിപ്പെടുക തന്നെയാണോ ചെയ്യുന്നത് എന്നും നിരീക്ഷിക്കേണ്ട സമയമായിട്ടുണ്ട്് എന്നാണ് ഇതു നമ്മളോടു പറയുന്നത്. റിപ്പോര്‍ട്ടേഴ്‌സ വിതൗട്ട് ബോര്‍ഡേഴ്‌സ് നടത്തുന്ന ആഗോളപഠനം അനുസരിച്ച് ലോകത്തിലെ 180 രാജ്യങ്ങളില്‍ 73 ശതമാനത്തിലും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം മുഴുവനായോ ഭാഗികമായോ തടസ്സപ്പെടുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പഠനത്തില്‍ ഇവിടെ സൂചിപ്പിച്ച പുത്തന്‍ ‘ഇന്റര്‍നെറ്റുകള്‍’ ഉള്‍പ്പെടുന്നില്ല. വേണ്ടത്ര ഭീഷണികള്‍ നേരത്തെതന്നെ ഉയര്‍ന്നിട്ടുണ്ട്. ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട പെഗാസസ് സ്‌പൈവേര്‍ ഇതിന്റെ ഏറ്റവും വ്യക്തമായ ചിത്രം നല്‍കുന്നു. സ്മാര്‍ട് ഫോണുകള്‍ ഉപയോഗിച്ച് ലോകത്തെമ്പാടും നിരീക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും മാത്രമല്ല, മാധ്യമപ്രവര്‍ത്തകരും ധാരാളമുണ്ട്.

സ്വയം സുരക്ഷ നേടുന്നതിനെക്കുറിച്ച് ജേണലിസ്റ്റുകള്‍ക്ക് അധികൃതരും സ്വന്തം സ്ഥാപനങ്ങളും നല്‍കുന്ന മുന്നറിയിപ്പുകളില്‍ ഈ പുതിയ ചാരനിരീക്ഷണം വരുന്നേയില്ല. ശരീരം സംരക്ഷിക്കുന്ന അത്രയോ അതിലേറെയോ പ്രധാനമാണ് ഈ ‘വസ്തു ഇന്റര്‍നെറ്റു’കളില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നത്. പുതിയ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതി എന്നു ധരിക്കുന്നതും മണ്ടത്തമാവും. പുതിയ ഉപകരണങ്ങളില്‍ ചെയ്യുന്നതുപോലെതന്നെ, ഇന്റര്‍നെറ്റ് ബന്ധിതമായ പഴയ ഉപകരണങ്ങളിലും ഉപയോക്താവ് അറിയാതെ എന്തു മാറ്റങ്ങളും വരുത്താന്‍ ഉല്‍പ്പാദകര്‍ക്കു കഴിയും. ഇതിനു സ്മാര്‍ട് ഫോണ്‍ തന്നെ വേണമെന്നില്ല. വീട്ടിലെ കോളിങ്ങ് ബെല്‍ മതി കാര്യം സാധിക്കാന്‍.

പെഗാസസ് സ്‌പൈവേര്‍ ആണ് ഏറ്റവും വലിയ ഭീഷണി എന്നോ അല്ലെങ്കില്‍ അതു മാത്രമാണ് ഭീഷണിയെന്നോ ഇനിയുള്ള കാലത്ത് പത്രപ്രവര്‍ത്തകര്‍ ധരിച്ചുകൂട എന്ന മുന്നറിയിപ്പാണ് ഗവേഷകര്‍ നല്‍കുന്നത്.  ഹാര്‍വാര്‍ഡ് കെന്നഡി സ്്കൂള്‍ ഷൊറന്‍സ്റ്റീന്‍ കേന്ദ്രത്തില്‍ സൈബര്‍ സെക്യുറിറ്റി ഗവേഷകയായ അന്‍ജുലി ഷെറെ എഴുതിയ ലേഖനമാണ് ഈ വിഷയത്തിലേക്ക് മാധ്യമഗവേഷകരുടെയും സൈബര്‍ സെക്യൂറിറ്റി വിദഗ്ദ്ധരുടെയും ശ്രദ്ധ ആകര്‍ഷിച്ചത്. ജനാധിപത്യ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ സൈബര്‍ രംഗത്ത് നേരിടുന്ന പുതിയ വെല്ലുവിളികളിലാണ് അവരുടെ ഗവേഷണം ഊന്നുന്നത്. ഡിജിറ്റല്‍ ഗവേഷണരംഗത്ത് അവര്‍ ‘ഡിജിറ്റല്‍ ഷെര്‍ലോക്ക്’ എന്നാണ് വിളിക്കപ്പെടുന്നത്.

നാലിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഭീഷണി ഉയരുന്നത് എന്ന് അന്‍ജുലി ഷെറെ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യഭവനങ്ങള്‍, പൊതുസ്ഥലങ്ങള്‍, തൊഴിലിടം, ശരീരത്തോട് ചേര്‍ന്നുള്ള ഉപകരണങ്ങള്‍-തീര്‍ച്ചയായും പലര്‍ക്കും ഒരിടത്തുതന്നെയാണ് പല കാര്യങ്ങളും നിര്‍വഹിക്കപ്പെടുന്നത്. വീട്ടില്‍തന്നെ ഓഫീസ് പ്രവര്‍ത്തിക്കുന്നതുപോലെ. ഇവയിലോരോന്നിലും ഉണ്ടാകാനിടയുള്ള വസ്തുക്കള്‍ എങ്ങനെ സൈബര്‍ ചാരന്മാര്‍ അവരുടെ പ്രവര്‍ത്തിക്ക് ഉപയോഗിക്കും എന്നും അവര്‍ ഈ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. എന്തെല്ലാം കാര്യത്തിന് ഇന്റര്‍നെറ്റ് ഉപയോഗിക്കന്നുണ്ടോ അതെല്ലാം ചാരപ്പണിക്കും ഉപയോഗിക്കപ്പെടാം എന്നു ചുരുക്കം. നമ്മുടെ വീടുകളും ഓഫീസുകളും വലുതായൊന്നും പുരോഗമിച്ചിട്ടില്ലല്ലോ എന്നു വേണമെങ്കില്‍ ആശ്വസിക്കാം. പക്ഷേ, ഉള്ള പരിമിതമായ ഏതു വസ്തവും വേണമെങ്കില്‍ ഉപയോഗപ്പെടുത്തിയേക്കാം എന്നും ഓര്‍ക്കേണ്ടതുണ്ട്.

*https://journalistsresource.org/home/how-the-internet-of-things-poses-a-threat-to-journalists/

(Media Bilingual Magazine Nov. 2021)

Leave a Reply

Your email address will not be published. Required fields are marked *

Go Top