1977-2019 ചരിത്രം തിരിഞ്ഞു നടക്കുമ്പോള്‍

എൻ.പി.രാജേന്ദ്രൻ

കന്നിവോട്ട് ചെയ്ത തിരഞ്ഞെടുപ്പ് ആയാണ് ഞാന്‍ 1977-ലെ പൊതു തിരഞ്ഞെടുപ്പിനെ ഓര്‍ക്കേണ്ടത്. 23ാം വയസ്സിലാണ് കന്നിവോട്ട് വന്നത്. അക്കാലത്തു വോട്ടവകാശം കിട്ടുന്നത് 21 ാം വയസ്സിലാണ്. അടിയന്തരാവസ്ഥ കാരണം ലോക്‌സഭയുടെ കാലാവധി ഒരു വര്‍ഷം നീട്ടിയ വകയില്‍ അങ്ങനെയും നീണ്ടു. കന്നിവോട്ടല്ല, പ്രശ്‌നം അടിയന്തരാവസ്ഥയാണ്. അടിയന്തരാവസ്ഥ അവസാനിപ്പിച്ച തിരഞ്ഞെടുപ്പ് എന്നതാണ് 1977-ലെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം-എനിക്കെന്നല്ല, ഈ രാജ്യത്തിനാകെയും. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഈ രാജ്യം പിന്നിട്ട അത്യപൂര്‍വമായ, ഏറ്റവും ചരിത്രപ്രധാനമായ തിരഞ്ഞെടുപ്പ് എഴുപത്തേഴിലേതാണ്. അതുപോലൊന്നു ഒരുപക്ഷേ, ഇനിയും നൂറുവര്‍ഷം പിന്നിട്ടാലും ഉണ്ടാവണമെന്നില്ല. തിരഞ്ഞെടുപ്പിലൂടെ ഒരു ഏകാധിപത്യഭരണകൂടത്തെ പിഴുതെറിയാന്‍ 1977-ലെ ഇന്ത്യക്കല്ലാതെ ലോകത്തൊരു രാജ്യത്തിനും കഴിഞ്ഞതായി കേട്ടിട്ടില്ല. ഇനി കഴിയുമെന്നു തോന്നുന്നുമില്ല. ആ തിരഞ്ഞെടുപ്പില്‍ വെറുതെ ഒരു കന്നിവോട്ട് ചെയ്യുകയല്ല, അടിയന്തരാവസ്ഥാ ഭരണകൂടത്തിനെതിരെ പ്രസംഗപ്രചാരണവും വോട്ടുപിടിത്തവും നടത്തിയാണ് കന്നിവോട്ട് ചെയ്തത്. ചെറിയ കാര്യമല്ല എന്നിപ്പോള്‍ ഓര്‍ക്കുന്നു.ഓര്‍ക്കാപ്പുറത്താണ് 1977 ഫിബ്രുവരിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ലോക്‌സഭയുടെ കാലാവധി ആറാം വര്‍ഷവും പിന്നിട്ടാല്‍ സഭ പിരിച്ചുവിട്ട് മുഴുവന്‍ അധികാരവും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തേക്കും എന്ന ആശങ്ക പരക്കെ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിക്കാതെയാണ് തിരഞ്ഞെടുപ്പ്് പ്രഖ്യാപിച്ചത്. അതിന്റെ അര്‍ത്ഥം, ഇന്ദിരാഗാന്ധി ജയിച്ചാല്‍ അടിയന്തരാവസ്ഥ പൂര്‍വാധികം ക്രൗര്യത്തോടെ തിരിച്ചുവരും എന്നായിരുന്നില്ലേ?  ആവോ, സെന്‍സര്‍ഷിപ്പ്് പിന്‍വലിച്ചിട്ടുണ്ട്്, ജയിലിലുള്ള നേതാക്കളെ വിട്ടയക്കുന്നുമുണ്ട്. പക്ഷേ, എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ആര്‍ക്കും ഒരുറപ്പും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകകയാണ് വേണ്ടത് എന്നു വാദിച്ച പല പ്രതിപക്ഷ നേതാക്കളുമുണ്ടായിരുന്നു. പക്ഷേ, പ്രതിപക്ഷം ഒന്നിച്ചു മത്സരിക്കണമെന്ന ജയപ്രകാശ് നാരായണന്റെ ആഹ്വാനം എല്ലാ അനിശ്ചിതത്ത്വത്തിനും തിരശ്ശീലയിട്ടു. തിരഞ്ഞെടുപ്പെന്ന ജീവന്മരണ പോരാട്ടത്തിന്റെ കാഹളമുയര്‍ന്നു.

എന്തു ധൈര്യത്തിലാണ് അന്ന് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് എന്ന് ചോദിച്ചവര്‍ അന്നും ഉണ്ട്, ഇന്നും ഉണ്ട്്. പലരും പല സിദ്ധാന്തങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വിശ്വസിച്ചാണ് അതിനു മുതിര്‍ന്നത് എന്ന് അക്കാലത്തും കേട്ടിരുന്നു. ഇന്ദിരാഗാന്ധിയുടെ ഏറ്റവും വിശ്വസ്ത പ്രൈവറ്റ് സിക്രട്ടറിയായിരുന്ന ആര്‍.കെ.ധവാന്‍ അടുത്തകാലത്ത് ഒരു മാധ്യമഅഭിമുഖത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ 340 സീറ്റെങ്കിലും കിട്ടും എന്നായിരുന്നത്രെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസ്സും നല്ല ആത്മവിശ്വാസത്തോടെയാണ് രംഗത്തിറങ്ങിയത്. പക്ഷേ, കുറച്ചുനാള്‍ കൊണ്ടു കാറ്റു മാറി വീശിത്തുടങ്ങി. ഇന്ദിരാഗാന്ധിയുടെ ഏറ്റവും മുതിര്‍ന്ന സഹപ്രവര്‍ത്തകനായിരുന്ന ജഗ്ജീവന്റാം കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചതും അടിയന്തരാവസ്ഥയെ തള്ളിപ്പറഞ്ഞതും ഇന്ദിരാഗാന്ധിക്കു വന്‍ പ്രഹരമായി. ജഗ്ജീവന്‍ റാമിനൊപ്പം, ഉത്തരപ്രദേശില്‍ നല്ല പിന്‍ബലമുള്ള എച്ച്. എന്‍ ബഹുഗുണയും ഒറിസ്സ മുഖ്യമന്ത്രിയായിരുന്ന നന്ദിനി സത്പതിയും മറ്റനേകം നേതാക്കളും കൂടിച്ചേര്‍ന്നതോടെ പ്രതിപക്ഷത്തിന് വന്‍കരുത്തായി. പിന്നീടങ്ങോട്ട്  സംഗതി ജീവന്മരണ പോരാട്ടം തന്നെയായി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍തന്നെ അതിനെ ചോദ്യം ചെയ്ത് ജയിലിലായിരുന്നു. അദ്ദേഹം പിന്നീട് ജനതാപാര്‍ട്ടി പ്രസിഡന്റായി.

ബി.ജെ.പിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘവും കോണ്‍ഗ്രസ്സിന്റെ ഒറിജിനല്‍ രൂപമായ സംഘടന കോണ്‍ഗ്രസ്സും പലയിനും സോഷ്യലിസ്റ്റ് പാര്‍ട്ടികളും ഭാരതീയ ക്രാന്ത്രി ദള്‍ പോലുള്ള യു.പി-ബിഹാര്‍ പാര്‍ട്ടികളും ചേര്‍ന്നു രൂപം നല്‍കിയ ജനതാപാര്‍ട്ടിയാണ് കോണ്‍ഗ്രസ്സിനെ നേരിട്ടത്. സമുന്നത സ്വാതന്ത്ര്യസമര സേനാനികളായ ജയപ്രകാശ് നാരായാണനും ജെ.ബി കൃപലാനിയും ജനതാപാര്‍ട്ടിക്കു എല്ലാ പിന്തുണയുമേകി.

വോട്ടെണ്ണല്‍ വാര്‍ത്തയും പൂഴ്്ത്തി
’77 മാര്‍ച്ച് 20ന് ആയിരുന്നു വോട്ടെണ്ണല്‍. അന്ന്, വാര്‍ത്തക്കായി ഒരു പകലും രാത്രിയും റേഡിയോകള്‍ക്ക് അരികില്‍ ചെവി കൂര്‍പ്പിച്ചിരുന്നവരാരും അതു മറിക്കില്ല. ഇനി ജനാധിപത്യമോ ഏകാധിപത്യമോ എന്നു നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പുഫലം. വാര്‍ത്ത തരാന്‍ അന്നുള്ളത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആകാശവാണി മാത്രം. വാര്‍ത്താ ഏജന്‍സികളില്‍നിന്നുള്ള വിവരങ്ങള്‍ അപ്പോഴപ്പോള്‍ ഉച്ചഭാഷിണികളിലൂടെ വിളിച്ചു പറഞ്ഞിരുന്നത് വലിയ നഗരങ്ങളിലെ പത്രം ഓഫീസുകളില്‍നിന്നു മാത്രമാണ്. അതു കേള്‍ക്കാന്‍ വലിയ ജനക്കൂട്ടം കോഴിക്കോട്ടെ അന്നത്തെ റോബിന്‍സണ്‍ റോഡില്‍ മാതൃഭൂമിക്കു മുന്നില്‍ നിലയിറപ്പിച്ചിരുന്നതിനെക്കുറിച്ച് കഥകള്‍ നാലു വര്‍ഷത്തിനു ശേഷം പത്രത്തില്‍ ജോലിക്കു ചേര്‍ന്ന ഞങ്ങളുടെ തലമുറ കേട്ടിട്ടുണ്ട്. ടെലിവിഷന്‍ ചാനലുകള്‍ വന്നശേഷം പോലും ഈ ഉച്ചഭാഷിണി ഫലപ്രഖ്യാപനം തുടര്‍ന്നതായാണ് ഓര്‍മ. കേരളത്തിലെ 20 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ ലീഡ് വര്‍ദ്ധിപ്പിക്കുന്ന വിവരങ്ങളേ ആദ്യം മുതല്‍ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ. ദേശീയതലത്തില്‍ സ്ഥിതി വ്യത്യസ്തമാവില്ലെന്നും ഏകാധിപത്യത്തിലേക്കു രാജ്യം തിരിച്ചുപോകുമെന്നുമുള്ള ഭീതി വളരുകയായിരുന്നു. കയ്യടികളും കൂക്കൂവിളികളും അലര്‍ച്ചകളുമായി ആള്‍ക്കൂട്ടം ഇന്ദിരയ്ക്കുവേണ്ടി തെരുവില്‍ ജയാരവം മുഴക്കുന്നുണ്ടായിരുന്നു.

വൈകുന്നേരം ആയപ്പോഴേക്ക് സ്ഥിതിമാറി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി റായ്ബറേലിയിലും മകന്‍ സഞ്ജയ് ഗാന്ധി അമേത്തിയിലും തോറ്റുകൊണ്ടിരിക്കുന്നുവെന്ന് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത് ആദ്യം എതിരാളികള്‍ പോലും വിശ്വസിച്ചില്ല. ആകാശവാണി അത് ദീര്‍ഘനേരം മറച്ചുവയ്ക്കുകതന്നെ ചെയ്തു. അടിയന്തരാവസ്ഥയിലെ സെന്‍ഷര്‍ഷിപ്പില്‍നിന്ന് അവരുടെ മനസ്സ് മോചിതമായിരുന്നില്ല. പത്രം ഓഫീസുകള്‍തന്നെ നല്ല മുന്‍കരുതല്‍ എടുത്തേ വോട്ടെണ്ണല്‍വിവരങ്ങള്‍ പതുക്കെ വെളിപ്പെടുത്തിയുള്ളൂ. ആദ്യം ജനക്കൂട്ടം ക്ഷോഭിച്ചു…… ഇന്ദിര തോല്ക്കുകയോ…..അവര്‍ ആക്രോശിച്ചു. ഉത്തരേന്ത്യയിലെ വന്‍ കോണ്‍ഗ്രസ് തകര്‍ച്ച സ്ഥിരീകരിക്കുമ്പോഴേക്ക് അര്‍ദ്ധരാത്രി പിന്നിട്ടിരുന്നു. ബി.ബി.സി കേട്ടവര്‍ നേരത്തെതന്നെ വിവരമറിഞ്ഞിരുന്നു. കേരളത്തില്‍ മുഴുവന്‍ സീറ്റിലും ജയിച്ചത് ആഘോഷിക്കാന്‍ കഴിയാതെ, ഡല്‍ഹി വാര്‍ത്തകളുടെ ഞെട്ടലിലായിരുന്നു ഇന്ദിരാഗാന്ധിയുടെ ആരാധകര്‍. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു പ്രധാനമന്ത്രിയെ ജനങ്ങള്‍ തോല്പിക്കുകയായിരുന്നു. അടിയന്തരാവസ്ഥയെത്തന്നെ ജനങ്ങള്‍ തോല്പിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി, ഒരു പക്ഷേ അവസാനമായും ഒരു ഏകാധിപത്യ ഭരണകൂടത്തെ ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ വലിച്ചുതാഴെയിടുകയായിരുന്നു.

പകുതി കോമാളിയായും പകുതി പോരാളിയായും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ സുപരിചിതനായ രാജ് നാരായണനാണ് റായ്ബറേലിയില്‍ ഇന്ദിരയെ തോല്പിച്ചത്്. തിരഞ്ഞെടുപ്പു ജയം അദ്ദേഹത്തിനു ഒരു പ്രതികാരം കൂടിയായിരുന്നു. 1972-ല്‍ ഇതേ റായ്ബറേലിയില്‍ ഇന്ദിരയോട് തോറ്റ രാജ് നാരായണന്‍ അലഹബാദ് കോടതിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് കേസ്സ് സൃഷ്ടിച്ച വമ്പിച്ച കോളിളക്കം രാഷ്ട്രീയചരിത്രത്തിന്റെ ഭാഗമാണ്. രാജ്‌നാരായണന്‍ കൊടുത്ത കേസ്സില്‍ ഇന്ദിരാഗാന്ധി തോറ്റതും പ്രതിപക്ഷം ഒന്നടങ്കം പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതും സുപ്രിം കോടതിയില്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അനുവദിച്ച ഭാഗിക സ്റ്റേയുടെ ബലത്തില്‍ അവര്‍ അധികാരത്തില്‍ തുടര്‍ന്നതും. അതു സൃഷ്ടിച്ച വന്‍വിവാദവും രാഷ്ട്രീയ കോളിളക്കവുമാണ് യഥാര്‍ത്ഥത്തില്‍ അടിയന്തരാവസ്ഥയിലേക്ക് നയിച്ചത്. റായ്ബറേലിയില്‍ ഇന്ദിരയെ തോല്പിച്ച രാജ്‌നാരായണന്‍ ജനതാപാര്‍ട്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായതും പിന്നെ ജനതാഭരണത്തെ തകര്‍ത്തതുമെല്ലാം ചരിത്രം.

ഇന്ദിരയും സഞ്ജയനുമെല്ലാം തോല്‍ക്കുകയും ബിഹാറിലും ഉത്തരപ്രദേശിലുമൊക്കെ ഒരു സീറ്റു പോലുമില്ലാതെ തൂത്തുവാരപ്പെടുകയും ചെയ്തുവെങ്കിലും കോണ്‍ഗ്രസ്സിന്റെ നില ഇന്നത്തേക്കാള്‍ വളരെ ഭേദമായിരുന്നു. 298 സീറ്റാണ് ജനതാപാര്‍ട്ടിക്കു ലഭിച്ചത്. കോണ്‍ഗ്രസ്സിന് നൂറ്റമ്പതിലേറെ സീറ്റ് ലഭിച്ചു. ഈ അംഗബലം കൊണ്ട് അവര്‍ ജനതാ ഭരണത്തെ ശരിക്കും വിറപ്പിക്കുകയും വെറും മൂന്നു വര്‍ഷം കൊണ്ട് അധികാരം തിരിച്ചുപിടിക്കുകയും ചെയ്തു. അതും വല്ലാത്ത അപൂര്‍വതയായി.

കേരളം അന്നും ഇന്നും
1977-ല്‍ ഇരുപതില്‍ ഇരുപതു സീറ്റും കോണ്‍ഗ്രസ് പക്ഷം നേടി. ഇത്തവണ ഇരുപതില്‍ പത്തൊന്‍പതാണ് നേടിയത്. അന്നു കേരളത്തിനാണ് തെറ്റിയത്. ഇന്നോ? ചരിത്രം എന്താണ് തീരുമാനിക്കുക എന്നറിയില്ല. 1977-ല്‍ രാഷ്ട്രത്തിന്റെ പൊതുനിലപാടില്‍നിന്നു മാറി നിന്ന ഒരേയൊരു സംസ്ഥാനമാണു കേരളമെന്നതു സത്യമല്ല. 1977-ല്‍ ആന്ധ്രപ്രദേശും കര്‍ണ്ണാടകയും കോണ്‍ഗ്രസ്സിനെയാണ് ജയിപ്പിച്ചത്. വേറെയും പല സംസ്ഥാനങ്ങള്‍ അതേ നിലപാട് എടുത്തിരുന്നു. ഏകാധിപത്യവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടത്തില്‍ ഈ സംസ്ഥാനങ്ങള്‍ ഏകാധിപത്യപക്ഷത്തു നിലകൊണ്ടു എന്നു പറയാമെന്നതു ശരിയാണ്. ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ലഭിക്കുന്ന അവസാന അവസരമാണ് അതെന്നു തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നതും സത്യമാണ്. അതിന്റെ കാരണങ്ങളെക്കുറിച്ച് വിശദപഠനം ഇനിയും നടക്കാനിരിക്കുന്നേയൂള്ളൂ. അടിയന്തരാവസ്ഥക്കാലം മുഴുവന്‍ കൊടിയ അതിക്രമങ്ങളിലൂടെ കണ്ണീരു കുടിപ്പിച്ചവര്‍ക്കെതിരെ സാധാരണജനം നിശ്ശബ്ദം വോട്ടുചെയ്യുന്നതാണ് 77-ല്‍ ഉത്തരേന്ത്യയില്‍ കണ്ടത്. ദക്ഷിണേന്ത്യയില്‍ അതിന്റെ ആവശ്യമേ ഉണ്ടായില്ല. ഇന്ദിരാപുത്രന്‍ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നാസ്ബന്ദി(നിര്‍ബന്ധ വന്ധ്യംകരണം)യുടെയും 20 ഇന പരിപാടിയുടെയും ചേരിനിര്‍മാര്‍ജനത്തിന്റെയും പേരില്‍ നടന്ന ക്രൂരതകള്‍ക്കെതിരെയാണ് ജനങ്ങള്‍ വോട്ടു ചെയ്തത്. ആ അതിക്രമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഹിന്ദിജനതയും ഇന്ദിരയെ വാഴ്ത്തുമായിരുന്നോ? ആര്‍ക്കറിയാം…..


അടിയന്തരാവസ്ഥയെക്കുറിച്ച് മൗനം
2019-ലെ പ്രചാരണകാലത്ത് പഴയ അടിയന്തരാവസ്ഥ ഒരു വിഷയമേ ആയിരുന്നില്ല. എന്തു കൊണ്ടാണ് ബി.ജെ.പി-പ്രത്യേകിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി-അടിയന്തരാവസ്ഥ എന്ന ആ കിരാതകാലത്തെക്കുറിച്ചോ അതിലൂടെ കോണ്‍ഗ്രസ് കാട്ടിയ ജനദ്രോഹത്തെക്കുറിച്ചോ വോട്ടര്‍മാരെ ഓര്‍മിപ്പിക്കാതിരുന്നത്?  അര നൂറ്റാണ്ടു മുമ്പ് ദിവംഗതനായ നെഹ്‌റുവിനെതിരെ ദിവസവുമെന്നോണം മോദി ആഞ്ഞടിച്ചു. 27 വര്‍ഷം മുമ്പ് രാഷ്ട്രശത്രുക്കള്‍ നിഷ്ഠുരം ഉന്മൂലനം ചെയത രാജീവ് ഗാന്ധിയെയും മോദി വെറുതെ താറടിച്ചു. അത്ഭുതമെന്നു പറയട്ടെ, അടിയന്തരാവസ്ഥയെക്കുറിച്ചോ ഇന്ദിരാഗാന്ധിയെക്കുറിച്ചോ ആ കാലത്തെ അതിക്രമങ്ങള്‍ക്കു മുഖ്യ ഉത്തരവാദിത്തം വഹിച്ച സഞ്ജയ് ഗാന്ധിയെക്കുറിച്ചോ മോദി മിണ്ടുകയുണ്ടായില്ല.

ഇന്ദിരാഗാന്ധിയുടെ പേര് ജനങ്ങളെ ഓര്‍മിപ്പിക്കാതിരുന്നതു തന്നെയാണോ? ഇന്ദിരയുടെ പേര് ഓര്‍മിപ്പിക്കുന്നത് ജനങ്ങളില്‍ മറ്റു പല ശോഭന ഓര്‍മകളും ഉയര്‍ത്തിയേക്കും എന്നു മോദി ഭയന്നോ? അറിയില്ല. വ്യോമസേനയുടെ ഒന്നോ രണ്ടോ വിമാനങ്ങള്‍ എയ്ത മിസൈലുകള്‍ ബാലക്കോട്ട് ഉണ്ടാക്കിയ നാശം തന്റെ തീവ്രദേശസ്‌നേഹത്തിന്റെയും നേതൃത്വപൗരുഷത്തിന്റെയും തെളിവായി എടുത്തുകാട്ടി വോട്ടു ചോദിച്ച മോദിക്ക് ഇന്ദിരാഗാന്ധിയുടെ പേര് ഓര്‍മിപ്പിക്കുന്നതു ദോഷം ചെയ്യുമെന്നു തോന്നിയിരിക്കാം. കാരണം, 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിലൊരിക്കല്‍ മാത്രമാണ് ഇന്ത്യ പാകിസ്താനെ ശരിക്കും തകര്‍ത്തത്. 93,000 പാക് സൈനികരാണ് അന്നു തടവുകാരാക്കപ്പെട്ടത്. ആ രാജ്യം രണ്ടായി വെട്ടിമുറിക്കപ്പെട്ടത് ആ യുദ്ധത്തിന്റെ ഫലമായാണ്. ആ യുദ്ധത്തില്‍ ഇന്ത്യയെ നയിച്ച ഇന്ദിരാഗാന്ധിയുടെ പേര് ഓര്‍മിക്കാന്‍ അവസരം നല്‍കാതിരുന്നത് നല്ല ബുദ്ധി തന്നെയാണ്.

ഇന്ദിരാഗാന്ധിയെക്കുറിച്ച് നല്ലതും ചീത്തയും പറയാന്‍ പറ്റാത്ത വിധമുള്ള മറ്റൊരു ഇന്ദിരാകണക്ഷന്‍ ബി.ജെ.പി പക്ഷത്തിനുണ്ട്. അടിയന്തരാവസ്ഥയിലെ മിക്കവാറും അതിക്രമങ്ങള്‍ക്കും ഉത്തരവാദിയെന്നു മുദ്രകുത്തപ്പെട്ട സഞ്ജയ് ഗാന്ധിയെ, രാജീവ് ഗാന്ധിയെ താറടിക്കുംപോലെ താറടിക്കാനാവുമോ? ഇല്ല. സഞ്ജയ് ഗാന്ധിയുടെ ഭാര്യയും പുത്രനും ബി.ജെ.പി നേതാക്കളാണ്. അവരെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ രാഹുല്‍ ഗാന്ധി പോലും ഇഷ്ടപ്പെടുകയില്ല!


ഇടതുപക്ഷത്തും മൗനം
അടിയന്തരാവസ്ഥയ്ക്ക് അന്ത്യം കുറിച്ച 77-ലെ പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ച് കേരളത്തിലെ ഇടതുപക്ഷവും മൗനം ദീക്ഷിക്കും. കാരണം, 1977-ല്‍ കേരളത്തില്‍ ഇടതുപക്ഷമുന്നണിയേ ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥയിലേക്കു നയിച്ച ബിഹാര്‍ പ്രക്ഷോഭകാലത്തും അടിയന്തരാവസ്ഥയില്‍തന്നെയും സി.പി.ഐ ഇന്ദിരാഗാന്ധിക്കൊപ്പമായിരുന്നു. പ്രതിപക്ഷത്തെയാണ്  സി.പി.ഐ ഫാസിസ്റ്റുകളായി കണ്ടിരുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് നയിച്ച മുന്നണിയിലെ ഘടകകക്ഷിയായിരുന്നു സി.പി.ഐയും ആര്‍.എസ്.പിയും. കോണ്‍ഗ്രസ് നയിച്ച മുന്നണി എന്നു പറയാന്‍ പോലും പറ്റില്ല. 1971-77 കാലത്ത് സി.പി.ഐ നേതാവായ സി.അച്യൂതമേനോന്‍ ആയിരുന്നല്ലോ ആ മുന്നണിയുടെ കേരള മുഖ്യമന്ത്രി. ചരിത്രത്തിന്റെ അലമാറകളില്‍ എന്തെല്ലാം വികൃത കോലങ്ങളാണ് അടുക്കി വച്ചിരിക്കുന്നത്!

1977-ല്‍ അടിയന്തരാവസ്ഥയെ പ്രകീര്‍ത്തിച്ച്്് ജനങ്ങളുടെ കയ്യടി നേടി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ പ്രഗത്ഭരായ പല ഇടതുപക്ഷനേതാക്കളും ഉണ്ടായിരുന്നു എന്നും ഓര്‍ക്കണം. തിരുവനന്തപുരത്തു നിന്നു തിരഞ്ഞെടുക്കപ്പെട്ടത് പ്രഗത്ഭ സി.പി.ഐ നേതാവ് എം.എന്‍ ഗോവിന്ദന്‍ നായരായിരുന്നു. ആര്‍.എസ്.പിയുടെ എക്കാലത്തെയും പ്രമുഖനേതാവ് വിപ്ലവകാരി എന്‍. ശ്രീകണ്ഠന്‍നായരും യുവ സി.പി.ഐ നേതാവ് സി.കെ ചന്ദ്രപ്പനും വിജയശ്രീലാളിതരായിട്ടുണ്ട്. ഒരു പേരു കൂടി ഓര്‍ക്കാതെ വയ്യ-എല്‍. കെ അദ്വാനിയും ഇ.എം.എസ്സും ചേര്‍ന്ന് കേരളത്തിലേക്ക് അനുഗ്രഹിച്ചയച്ച പ്രതിപക്ഷ സ്ഥാനാര്‍ത്ഥി പ്രശസ്ത പത്രാധിപര്‍ ബി.ജി വര്‍ഗീസ്. ഇന്ദിരയുടെ ഉറ്റ സുഹൃത്തായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥയെ എതിര്‍ക്കാന്‍വേണ്ടിത്തന്നെ ജന്മദേശത്ത് മത്സരിക്കാന്‍ എത്തിയതായിരുന്നു. മാവേലിക്കരയില്‍ അദ്ദേഹം അരലക്ഷത്തിലേറെ വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി.കെ നായരോട് തോറ്റു മടങ്ങി. മുപ്പതു തികഞ്ഞിട്ടില്ലാത്ത വി.എം സുധീരന്‍ ആലപ്പുഴയില്‍ തോല്പിച്ചത് മുതിര്‍ന്ന സി.പി.എം നേതാവ് ഇ.ബാലാനന്ദനെ ആയിരുന്നു. കാസര്‍കോട് ഇ.കെ നായരാരെ തോല്പിച്ചത് മറ്റൊരു യുവ നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളിയും.

കേരളത്തിലെ മിക്ക പാര്‍ട്ടികളും ആ കാലം ഓര്‍ക്കാനല്ല, മറക്കാനാണ് ഇഷ്ടപ്പെടുക. ദേശീയതലത്തില്‍ രൂപം കൊണ്ട    കോണ്‍ഗ്രസ്‌വിരുദ്ധ ദേശീയമുന്നണിയുടെ ഭാഗമായിരുന്നു കേരളത്തില്‍ സി.പി.എമ്മും. അന്നത്തെ ജനസംഘവും സംഘടനാകോണ്‍ഗ്രസ്സും ഭാരതീയ ലോക് ദളും സോഷ്യലിസ്റ്റ് പാര്‍ട്ടിയും ജഗ്ജീവന്‍ റാമിന്റെ സി.എഫ്.ഡിയും എല്ലാം ചേര്‍ന്നുള്ള ജനതാപാര്‍ട്ടിക്കൊപ്പമാണ് സി.പി.എം, അഖി.മുസ്ലിം ലീഗ്, കോണ്‍.പരിവര്‍ത്തനവാദികള്‍ തുടങ്ങിയ കക്ഷികള്‍ കേരളത്തില്‍ അണിനിരന്നത്. ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഉദുമയില്‍ മത്സരിച്ച മുന്‍ ജനസംഘം നേതാവ് കെ.ജി മാരാറെ ജയിപ്പിക്കാന്‍ സി.പി.എം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സി.പി.എം ആ രണ്ട് അവിഹിത ബന്ധങ്ങളെയും പിന്നീട് തള്ളിപ്പറഞ്ഞു. ജനസംഘം ഉള്‍പ്പെടുന്ന ജനതാപാര്‍ട്ടിയെയും അഖി. മുസ്ലിംലീഗിനെയും പാര്‍ട്ടി തിരസ്‌കരിച്ചു. ജനസംഘക്കാര്‍ ജനതാപാര്‍ട്ടി വിട്ട് ബി.ജെ.പി ഉണ്ടാക്കി. അഖി.മുസ്ലിം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലേക്കു മടങ്ങി.

വ്യക്തിപരം
1977-ലെ തിരഞ്ഞെടുപ്പ് എനിക്കു വ്യക്തിപരമായും മറക്കാനാവാത്ത അനുഭവമായിരുന്നു എന്നു പറഞ്ഞല്ലോ. ആ തിരഞ്ഞെടുപ്പില്‍ മാത്രമാണ് പാര്‍ട്ടി പ്രവര്‍ത്തകനായി പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്. അടിയന്തരാവസ്ഥയെ എതിര്‍ത്ത കോണ്‍ഗ്രസ് പരിവര്‍ത്തനവാദികളുടെ തലശ്ശേിയിലെ സജീവപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. തലശ്ശേരി ഇല്ലിക്കുന്നിലെ ബി.ഇ.എം.എല്‍.പി സ്‌കൂളിലാണ് കന്നിവോട്ട് ചെയ്തത്. പഠിച്ച സ്‌കൂള്‍ തന്നെ.

പ്രചാരണത്തിന്റെ ഒരു മാസക്കാലം എല്ലാ ദിവസവും വൈകുന്നേരം തലശ്ശേരി ടി.സി മുക്കിലെ സി.പി.എം ഓഫീസിലെ തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില്‍ എത്തുമായിരുന്നു. മണ്ഡലത്തിലെങ്ങും രാത്രി പ്രചാരണയോഗങ്ങളുണ്ടാകും. ഈ കന്നിവോട്ടര്‍ എല്ലാ രാത്രിയും  രണ്ടും മൂന്നും പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ നിയോഗിക്കപ്പെടാറുണ്ട്. വലിയ നേതാക്കള്‍ വരുന്നതു വരെ കാലോ അരയോ മണിക്കൂര്‍ പ്രസംഗിക്കാനേ അവസരംകിട്ടൂ. ഒരു തവണ മാത്രം വട്ടംകറങ്ങിപ്പോയി. ധര്‍മടം പ്രദേശത്തെ ചിറക്കുനിയിലെ പ്രചാരണയോഗത്തില്‍, ലോക്‌സഭാ സ്ഥാനാര്‍ത്ഥി അരങ്ങില്‍ ശ്രീധരന്‍ വരുംവരെ പ്രസംഗിക്കണം, ഉടന്‍ വരും എന്നു സ്വകാര്യം പറഞ്ഞാണ് മൈക്ക് ഏല്പിച്ചത്. കാലും അരയും മുക്കാലും ഒന്നും മണിക്കൂര്‍ കഴിഞ്ഞിട്ടും ആരും വന്നില്ല. എന്റെ സ്റ്റോക്ക് തീര്‍ന്നിട്ടും പ്രസംഗം നിര്‍ത്താനായില്ല. കടിച്ചുവലിച്ചു നീട്ടി. തല കറങ്ങിവീഴുംമുമ്പ് അരങ്ങില്‍ എത്തി….രക്ഷപ്പെട്ടു…. ശീലമില്ലാഞ്ഞിട്ടാണ്. അഞ്ചു മണിക്കൂര്‍ പ്രസംഗിക്കുന്നവരൊക്കെ അക്കാലത്ത് സാധാരണമായിരുന്നു.

അരങ്ങില്‍ ലോക്‌സഭയിലേക്ക് ജയിച്ചില്ല. സി.പി.എം സ്ഥാനാര്‍ത്ഥി പാട്യം ഗോപാലന്‍ നിയമസഭയിലേക്കു ജയിച്ചു. മിക്ക ദിവസവും ഏതെങ്കിലും യോഗസ്ഥലത്ത് അദ്ദേഹത്തെ കണ്ടുമുട്ടാറുണ്ടായിരുന്നു. നല്ല മനുഷ്യന്‍. ഇതേ തലശ്ശേരിയില്‍നിന്നു 26ാം വയസ്സില്‍ നിയമസഭാംഗമായ ആളാണ് പാട്യം ഗോപാലന്‍. അന്നു അദ്ദേഹത്തിന്റെ എതിര്‍സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ പില്‍ക്കാലത്ത് ഏറെ ഉയരങ്ങള്‍ താണ്ടിയ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ആയിരുന്നു. സി.പി.ഐ സ്ഥാനാര്‍ത്ഥിയായിരുന്നു അന്നു കൃഷ്ണയ്യര്‍. പാട്യം ഗോപാലന്‍ ഏറെ ഉയരാന്‍ കഴിവുള്ള നേതാവായിരുന്നു. പക്ഷേ, 78-ല്‍ എം.എല്‍.എ ആയിരിക്കെ മരണമടഞ്ഞു….അന്നു തലശ്ശേരിയില്‍ പ്രാദേശിക നേതാവായി ഉണ്ടായിരുന്ന ഒരാള്‍ ഇന്നു സംസ്ഥാന നേതൃത്വത്തിലുണ്ട്്-കോടിയേരി ബാലകൃഷ്ണന്‍. പിണറായി വിജയന്‍ അന്നു കൂത്തുപറമ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു.

(ഡല്‍ഹി മലയാളി മാധ്യമ കൂട്ടായ്മ പ്രസിദ്ധീകരണമായ ഡല്‍ഹി സ്‌കെച്ചസില്‍ നിന്ന് )

Leave a Reply

Your email address will not be published. Required fields are marked *

Go Top