അതെ, മാദ്ധ്യമരംഗവും ദുരന്തത്തിലേക്ക്

എൻ.പി.രാജേന്ദ്രൻ

മലബാറിലും തിരുകൊച്ചിയിലും തിരുവിതാംകൂറിലും വേറിട്ടു പ്രവര്‍ത്തിച്ചിരുന്ന പത്രപ്രവര്‍ത്തക സംഘടനകള്‍ ഒറ്റ സംഘടനയായി മാറുന്നത് 1950-ലാണ്. ഐ.എഫ്.ഡബ്ല്യൂ.ജെ (IFWJ)  യുടെ രൂപവല്‍ക്കരണ സമ്മേളനം 1950-ല്‍ കോട്ടയത്തു നടന്നപ്പോള്‍ ദേശീയരംഗത്ത് പേരും പ്രശസ്തിയും നേടിക്കഴിഞ്ഞിരുന്ന പോത്തന്‍ ജോസഫ് പങ്കെടുത്തിരുന്നു. ഇതിനോടൊപ്പമാണ് KUWJ യും രൂപം കൊള്ളുന്നത്. സംഘടന രൂപം കൊണ്ടിട്ടു 67 വര്‍ഷം പിന്നിട്ടു എന്നര്‍ത്ഥം. പ്രമുഖന്മാരായ കെ.കാര്‍ത്തികേയ(കേരളകൗമുദി)നും പെരുന്ന കെ.എന്‍.നായരും പില്‍ക്കാലത്ത് സോഷ്യലിസ്റ്റ് നേതാവായ പി.വിശ്വംഭരനും ഡോ.എന്‍.വി.കൃഷ്ണവാരിയരും കെ.ദാമോദരമേനോനും സി.എച്ച് മുഹമ്മദ് കോയയും വര്‍ഗീസ് കളത്തിലും ഉള്‍പ്പെടെ ഒരുപാട് പ്രഗത്ഭമതികള്‍ പത്രപ്രവര്‍ത്തകയൂണിയനെ നയിച്ചിരുന്ന കാലമായിരുന്നു അത്.പിന്നെയും മുപ്പതോളം വര്‍ഷം കഴിഞ്ഞ്്, എണ്‍പതുകളുടെ തുടക്കത്തിലാണ് ഞങ്ങളുടെ തലമുറ പത്രപ്രവര്‍ത്തന രംഗത്തെത്തുന്നത്.  ആ തലമുറയില്‍ പെട്ട ഏതാണ്ട് എല്ലാവരും ഇന്നു പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നു പിരിഞ്ഞ് സീനിയര്‍ ജേണലിസ്റ്റ്‌സ് സംഘടനയില്‍ എത്തിക്കഴിഞ്ഞു!

ഏഴു പതിറ്റാണ്ടോളം മുമ്പത്തെ പത്രപ്രവര്‍ത്തനത്തിന്റെ അവസ്ഥയെക്കുറിച്ച് അക്കാലത്ത് ജീവിച്ചിരുന്ന പല പത്രപ്രവര്‍ത്തകരും എഴുതിയിട്ടുണ്ട്. പത്രനിര്‍മാണത്തിന്റെയും വാര്‍ത്താവിനിമയത്തിന്റെയും സഞ്ചാരസൗകര്യങ്ങളുടെയും മറ്റും അവികസിതാവസ്ഥയെക്കുറിച്ചു നമുക്ക് സങ്കല്പിക്കാന്‍ കഴിയും. വീട്ടിലോ റിപ്പോര്‍ട്ടിങ്ങ് ബ്യൂറോവിലോ പോലും ഒരു ഫോണ്‍ ഇല്ലാത്ത, സഞ്ചരിക്കാന്‍ സൈക്കിള്‍ പോലും ഇല്ലാത്ത കാലത്തുനിന്നു മാദ്ധ്യമങ്ങളുടെ സാങ്കേതികവിദ്യയിലുണ്ടായ വിപ്ലവകരമായ മാറ്റം വിവരിക്കേണ്ട കാര്യമില്ല. ആവേശം കൊണ്ടും തൊഴിലാഭിമുഖ്യം കൊണ്ടും സേവനസന്നദ്ധത കൊണ്ടും സാമൂഹ്യബോധം കൊണ്ടും മറ്റു സാദ്ധ്യതകളുടെയൊന്നും പിറകെ പോകാന്‍ കൂട്ടാക്കാഞ്ഞ സവിശേഷവ്യക്തിത്വങ്ങളാണ് അന്നു മാദ്ധ്യമപ്രവര്‍ത്തകരായത്.
അന്നത്തെ അവസ്ഥയെക്കുറിച്ച് കെ.യു.ഡ്ബ്‌ള്യു.ജെ സ്ഥാപകരില്‍ ഒരാളായ സി.പി മമ്മു എഴുതി-

‘പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുവര്‍ക്ക് ജോലിസ്ഥിരതയോ മാന്യമായ വേതനമോ അര്‍ഹമായ മറ്റാനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല. പത്രപ്രവര്‍ത്തകരുടെ സംഘടനയെ അംഗീകരിക്കാന്‍ പോലും പല മുതലാളിമാരും തയ്യാറായില്ല. സംഘടനയുമായി ബന്ധപ്പെട്ടുവെന്ന പേരില്‍ ചില സ്ഥാപനങ്ങളിലെ പത്രപ്രവര്‍ത്തകര്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പത്രമുതലാളിമാരുടെ ഭീഷണി ഡെമോക്ലസ്സിന്റെ വാള്‍ പോലെ പത്രപ്രവര്‍ത്തകരുടെ തലയ്ക്കു മീതെ തൂങ്ങിക്കിടന്നിരുന്നു. പത്രമുതലാളിമാരുടെ നീരസത്തിനു വിധേയരാകുന്ന പത്രപ്രവര്‍ത്തകര്‍ക്ക് ജോലിതന്നെ നഷ്ടപ്പെടുമായിരുന്നു. നിക്ഷിപ്ത താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പല മുതലാളിമാരും പത്രം നടത്തിക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ അതില്‍ പണിയെടുത്തിരുന്നവര്‍ മുതലാളിമാരുടെ താല്പര്യം കാത്തുസൂക്ഷിക്കാന്‍ നിര്‍ബന്ധിതരായിരുന്നു’- (2000 ഫിബ്രുവരി 20ന് മാധ്യമം പത്രത്തിന്റെ വാരാദ്യപ്പതിപ്പില്‍ എഴുതിയ ‘പത്രപ്രവര്‍ത്തക സംഘടനയ്ക്ക് അമ്പത് വയസ്സ്’ എന്ന ലേഖനം)

പത്രപ്രവര്‍ത്തകര്‍ സംഘടിച്ച അമ്പതുകള്‍ക്കു ശേഷം സ്ഥിതി ഏറെ മെച്ചപ്പെടുകയുണ്ടായി. മിക്ക പത്രസ്ഥാപനങ്ങളിലും ട്രെയ്‌നിങ്ങ് കഴിഞ്ഞാല്‍ ജേണലിസ്റ്റുകള്‍ക്ക് ഉറച്ച നിയമനം കിട്ടുമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗമുള്‍പ്പെടെ ഉറപ്പുള്ള ജോലികള്‍ ഉപേക്ഷിച്ച് പലരും പത്രരംഗത്തേക്കു വന്നത് തൊഴില്‍ഭദ്രത ഈ രംഗത്തുള്ളതുകൊണ്ടാണ്. സേവനവേതന കാര്യങ്ങളില്‍ വന്‍കിട പത്രങ്ങള്‍ മാത്രമല്ല, ഇടത്തരം പത്രങ്ങളും നിയമങ്ങള്‍ പാലിച്ചിരുന്നു. വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ ചോദ്യം ചെയ്യാതെ നടപ്പാക്കിയിരുന്നു. മാന്യമായ ശമ്പളനിരക്കുകള്‍ നിലവില്‍ വന്നു. അപൂര്‍വ്വമായി സ്ഥാപനങ്ങില്‍ തൊഴിലാളികള്‍ ആവശ്യങ്ങള്‍ നേടാന്‍ സമരം ചെയ്തിട്ടുണ്ട്. ഒരു പത്രപ്രവര്‍ത്തകനെ പിരിച്ചുവിട്ടതിനെതിരെ കേരളകൗമുദിയുടെ തലസ്ഥാനത്തെ ആസ്ഥാനത്ത്  പത്രപ്രവര്‍ത്തക പണിമുടക്കും സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്തിയത് അടിയന്തരാവസ്ഥക്കാലത്താണ്. സംഘടിതശക്തിയെ വെല്ലുവിളിക്കാന്‍ സ്ഥാപന ഉടമകള്‍ മടിച്ചിരുന്നു. പലേടത്തും സ്ഥലംമാറ്റത്തിനു പോലും യൂനിയനുകളും മാനേജ്‌മെന്റും ചര്‍ച്ച ചെയ്ത് വ്യവസ്ഥകള്‍ നിശ്ചയിച്ചിരുന്നു. പത്രപ്രവര്‍ത്തകയൂണിയന്റെയും പത്രപ്രവര്‍ത്തകേതര സംഘടനയുടെയും ഘടകങ്ങള്‍ മിക്ക സ്ഥാപനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അവയില്‍ അംഗമാകുന്നത് അപൂര്‍വം മാനേജ്‌മെന്റുകളേ സംശയത്തോടെ കണ്ടിരുുള്ളൂ……ആത്മാഭിമാനത്തോടെ അന്നു പത്രപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിരുന്നു എന്നര്‍ത്ഥം.

ഇനി സി.പി. മമ്മുവിന്റെ ലേഖനത്തിന്റെ മുകളില്‍ ചേര്‍ത്ത വാചകങ്ങളിലേക്കു ഒരിക്കല്‍ കൂടി കണ്ണോടിച്ചുനോക്കൂ. ഇന്ന്് അതു വായിക്കുന്ന, പത്രലോകവുമായി ബന്ധമുള്ള ആര്‍ക്കും ആ  പറഞ്ഞത് ഈ കാലത്തിനും ബാധകമല്ലേ എന്നു തോന്നിപ്പോകും. ആറു പതിറ്റാണ്ട് അകലമുള്ള കാലങ്ങള്‍ തമ്മില്‍ എന്തെങ്കിലും അന്തരമുണ്ടോ? സി.പി മമ്മു എഴുതിയ ഓരോ വാക്കും ഈ കാലത്തിനു ബാധകമാണ്്. പുരോഗതിയെക്കുറിച്ചും തൊഴിലാളി ശാക്തീകരണത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചുമെല്ലാമുള്ള വാഗ്ദാനങ്ങള്‍, സ്വപ്‌നങ്ങള്‍ എല്ലാം എങ്ങോ പോയി മറ്ഞ്ഞിരിക്കുന്നു.

കാലമാറ്റത്തിന്റെ രണ്ടു ഘട്ടങ്ങളാണ് ഇത്. അര്‍ദ്ധ അടിമത്തത്തിന്റെ കാലം ആദ്യം. പിന്നെ ഉയര്‍ന്ന സംഘബോധത്തിന്റെയും തൊഴിലാളി അവകാശബോധത്തിന്റെയും പോരാട്ടത്തിന്റെയും കാലം. ഇതാ വീണ്ടും അര്‍ദ്ധ അടിമത്തത്തിലേക്കുള്ള തിരിച്ചുപോക്ക്്.

ഉദ്ബുദ്ധതയുടെയും പോരാട്ടത്തിന്റെയും നല്ല കാലം അമ്പതുകളില്‍ ആരംഭിക്കുകയും എണ്‍പതുകളില്‍ സാവകാശം തകര്‍ച്ചയിലേക്കു നീങ്ങുകയുമാണ് ചെയ്തത്. ഉദ്ബുദ്ധതയുടെ ഇടക്കാലത്തെ നയിച്ച പ്രബുദ്ധരായ നേതാക്കളെ ഓര്‍ക്കാതെ ആ കാലത്തെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല. ജി.വേണുഗോപാലും ടി.വേണുഗോപാലനും എന്‍.എന്‍ സത്യവ്രതനും ടി.കെ.ജി നായരും വി.എം കൊറാത്തും മലപ്പുറം പി മൂസ്സയും സി.ആര്‍ രാമചന്ദ്രനും…. വിട്ടുപോയ പേരുകളാവും ഓര്‍ക്കുന്ന പേരുകളേക്കാള്‍ കൂടുതല്‍. ഇവര്‍ നമ്മെ ഏല്പിച്ചു പോയ മഹത്തായ പാരമ്പര്യത്തെക്കുറിച്ചു പുതിയ കാലത്തെ മാദ്ധ്യമപ്രവര്‍ത്തകരെ ഇടക്കെല്ലാം ഓര്‍മിപ്പിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ചെയ്യുന്ന തൊഴിലിനോട് ഒന്നും ആഭിമുഖ്യം പുലര്‍ത്താതെ മുഴുവന്‍ സമയം ട്രെയ്ഡ് യൂണിയന്‍ നേതാവ് ചമഞ്ഞു നടന്ന ഒരാളെയും പത്രപ്രവര്‍ത്തകരംഗത്ത് കാണാന്‍ കഴിയില്ല, അന്നും ഇന്നം. മികച്ച രീതിയില്‍ തൊഴില്‍ ചെയ്തു പോന്ന ഈ നേതാക്കള്‍ നല്ല പത്രപ്രവര്‍ത്തനത്തിനും മാതൃകകളായിരുന്നു. അവര്‍ യഥാര്‍ത്ഥ ഗുരുക്കന്മാരായും നില കൊണ്ടു. പുതുതായി പത്രപ്രവര്‍ത്തനരംഗത്തു വരുന്നവരെ തൊഴിലിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കാനും തുടര്‍വിദ്യാഭ്യാസം നടത്താനും മുന്‍കൈ എടുത്തത് പത്രമാനേജ്‌മെന്റുകള്‍ ആയിരുന്നില്ല, പത്രപ്രവര്‍ത്തക സംഘടനയായിരുന്നു എന്നത് മറ്റു തൊഴില്‍മേഖലകളില്‍ കാണാത്ത അപൂര്‍വതയാണ്. കേരള പ്രസ് അക്കാദമിയുടെ ജനനംതന്നെ ഇങ്ങിനെയാണ് ഉണ്ടായത് എന്ന്് ഇനിയുള്ള തലമുറ ഓര്‍ക്കുമോ എന്നറിയില്ല. ട്രെയ്ഡ് യൂണിയന്‍ പ്രവര്‍ത്തനത്തെ കക്ഷിരാഷ്ട്രീയത്തിന്റെയും മറ്റു പരിഗണനകളുടെയും സങ്കുചിത്വത്തില്‍ നിന്നു മാറ്റിനിര്‍ത്താനുള്ള ഉയര്‍ന്ന  ചിന്തയും വിവേകവും പ്രകടിപ്പിച്ചവരാണ് ആ കാലത്തെ നേതാക്കള്‍ എന്നും ഓര്‍ക്കേണ്ടതുണ്ട്. ഇതിന്റെയെല്ലാം ഫലമായാണ് കേരളത്തില്‍ ഇപ്പോഴും പത്രപ്രവര്‍ത്തകരുടെ ഏകസംഘടനയായി കെ.യു.ഡബ്‌ള്യൂ.ജെ നിലകൊള്ളുതും.

നമ്മള്‍ ഇപ്പോള്‍ അനുസ്മരിക്കുന്ന സി.ആര്‍.രാമചന്ദ്രന്‍ ആ നേതാക്കളുടെ കൂട്ടത്തിലൊരാളായിരുന്നു. സി.പി.ഐ.യുടെ മുഖപത്രമായ ജനയുഗത്തില്‍ പത്രപ്രവര്‍ത്തകനായിരുന്ന രാമചന്ദ്രന്‍ ഇടതുപക്ഷ തൊഴിലാളിപ്രവേര്‍ത്തകന്റെ മൂല്യബോധം പ്രകടിപ്പിച്ചു കൊണ്ടാണ് കെ.യു.ഡ്ബ്‌ള്യൂ.ജെ യില്‍ നീണ്ട കാലം നേതൃസ്ഥാനം വഹിച്ചത്. തൊണ്ണൂറുകളിലെത്തുമ്പോഴേക്ക് സംഘടനയെ പല തരം ജീര്‍ണതകള്‍ ബാധിച്ചുതുടങ്ങിയിരുന്നു. അതിനെതിരായ ചെറുത്തുനില്‍പ്പ് യുവ പത്രപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ. ഇതിന്റെ ഭാഗമായി സംസ്ഥാന നേതൃസ്ഥാനങ്ങളിലേക്കു മത്സരിക്കാനും ചുമതലകള്‍ ഏറ്റെടുക്കാനും ഞാന്‍ ഉള്‍പ്പെടെ പലരും തയ്യാറാകേണ്ടി വന്നു. മലപ്പുറം പി മൂസ്സ പ്രസിഡന്റും സി.ആര്‍.രാമചന്ദ്രന്‍ ജനറല്‍ സിക്രട്ടറിയുമായ സ്റ്റേറ്റ് നേതൃത്വത്തിനെതിരെയാണ് അന്നു എല്ലാ ജില്ലകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഏറ്റവും കൂടുതല്‍ എതിര്‍പ്പുയര്‍ന്നുവന്നത്.  സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടത് ഓര്‍മ വരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്നത് സംഘര്‍ഷാത്മകമായ അന്തരീക്ഷത്തിലായിരുന്നു. പക്ഷേ, റിട്ടേണിങ്ങ് ഓഫീസറായിരുന്നസി.ആര്‍ രാമചന്ദ്രന്‍, താന്‍ മലപ്പുറം പി. മൂസ്സയുടെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനാണ് എന്ന യാഥാര്‍ത്ഥ്യം മാറ്റി വച്ച്,  തീര്‍ത്തും നിഷ്പക്ഷമായി ആ വോട്ടെണ്ണലിലെ തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്തതും അതിന്റെ അവസാനം മലപ്പുറം പി. മൂസ്സയുടെ പരാജയം പ്രഖ്യാപിച്ചതും മറക്കാനാവില്ല. ട്രെയ്ഡ് യൂണിയന്‍ ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ കറകളഞ്ഞ പ്രതിബദ്ധതയാണ് അന്നു പ്രകടിപ്പിക്കപ്പെട്ടത്. പിന്നെയും കുറെക്കാലം അദ്ദേഹവുമായി ഒത്തു പ്രവര്‍ത്തിച്ചട്ടുണ്ട്, ദേശീയ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ ഉത്തരേന്ത്യന്‍ പട്ടണങ്ങളിലേക്ക് ഒപ്പം യാത്ര ചെയ്തിട്ടുണ്ട്. പില്‍ക്കാലത്ത് സഹപ്രവര്‍ത്തകരായിരുന്ന പല പുതുതലമുറക്കാരിലും കണ്ടിട്ടില്ലാത്ത തൊഴിലാളി ബോധവും സമരസന്നദ്ധതയും അദ്ദേഹത്തിനുണ്ടായിരുന്നു.

ചരിത്രപരമായ അനിവാര്യത എന്നു പണ്ട് കമ്യുണിസ്റ്റ് സൈദ്ധാന്തികരില്‍ നിന്നു സദാ കേള്‍ക്കാറുണ്ടായിരുന്നു. ഇന്ന് ഏതാണ്ട് സദൃശമായ ആശയം ഉയരാറുള്ളത് ആഗോളീകരണ വക്താക്കളില്‍ നിന്നാണ്. മറ്റൊരു തരം ചരിത്രപരമായ അനിവാര്യതയെന്നോണം മൂലധനത്തിന്റെ അപ്രമാദിത്തമാണ് എല്ലാ രംഗത്തും. തൊഴില്‍രംഗത്ത് തൊഴിലാളിയുടെ സംഘടനതന്നെ അനുദിനം അപ്രസക്തനായിക്കൊണ്ടിരിക്കുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം പരിമിതമാക്കുന്ന നിയമങ്ങള്‍ക്ക് രൂപം നല്‍കിക്കൊണ്ടിരിക്കുകയാണ് ഭരണാധികാരികള്‍. വേജ് ബോര്‍ഡ് ഉള്‍പ്പെടെയുള്ള സംരക്ഷണവ്യവസ്ഥകള്‍ അപ്രസക്തമാവുന്നു. സ്ഥിരം തൊഴില്‍ ഒരു പഴഞ്ചന്‍ ആശയം പോലെ ഉപേക്ഷിക്കപ്പെടുന്നു. മാദ്ധ്യമങ്ങളില്‍ സംഘടിത തൊഴിലാളികള്‍ ഒരിടത്തുമില്ല. പാര്‍ലമെന്റ് അംഗീകരിച്ച വ്യവസ്ഥയുടെ ഭാഗമായിരുന്നിട്ടും വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സുപ്രിം കോടതിയുടെ ഉത്തരവ് വേണ്ടിവന്നു. എന്നിട്ടുപോലും അവ നിരുപാധികം നടപ്പാക്കപ്പെട്ടില്ല. വേജ്‌ബോര്‍ഡ് ശുപാര്‍ശ പ്രകാരം ശമ്പളം വേണം എന്ന് ആവശ്യപ്പെട്ടവര്‍ ക്രൂരമായി ശിക്ഷിക്കപ്പെട്ടു. മാതൃഭൂമി പോലെ സ്വാതന്ത്ര്യ സമര പാരമ്പരമുള്ള സ്ഥാപനത്തില്‍പ്പോലും. മാനേജ്‌മെന്റിന്റെ അനുബന്ധങ്ങള്‍ പോലെ പ്രവര്‍ത്തിക്കാനേ ഇന്നു പത്രപ്രവര്‍ത്തകയൂണിയന്‍ ഉള്‍പ്പെടെയുള്ള പത്രജീവനക്കാരുടെ സംഘടനകള്‍ക്കു കഴിയുകയുള്ളൂ. വേജ് ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കിയാല്‍ സ്ഥാപനങ്ങള്‍ തകര്‍ന്നുവീഴും എന്നു പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. ഓരോ സ്ഥാപനവും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വന്‍ലാഭത്തിന്റെ കണക്കുകള്‍ അവരുടെ ബാലന്‍സ് ഷീറ്റുകളില്‍ മാത്രമേ കാണൂ, പൊതുജനം അറിയുകയില്ല. ഇനിയൊരു വേജ് ബോര്‍ഡ് ഉണ്ടാകില്ല എന്നുറപ്പു വരുത്താന്‍ അവര്‍ക്കാവും. വേതനം പൂര്‍ണ്ണമായും തൊഴിലുടമയുടെ തീരുമാനം മാത്രമായി മാറുന്നു. തൊഴിലാളികള്‍ക്കു സംഘടന ഉണ്ടായാലും ഇല്ലെങ്കിലും അവ തീര്‍ത്തും അപ്രസക്തമാവുകയാണ്.

സാങ്കേതികവിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങളും  ആഗോളീകരണവുമെല്ലാം കൂടിച്ചേര്‍ന്ന്്, ഉല്പാദനം നടത്താന്‍ തൊഴിലാളി വേണ്ട എന്ന അവസ്ഥ സൃഷ്ടിക്കുകയാണ്. എന്തു ചെയ്തും ലാഭം നേടാം എന്ന അത്യാര്‍ത്തി ഒരു തത്ത്വശാസ്ത്രമായി മനുഷ്യരെ വരിഞ്ഞുമുറുക്കുന്നു. ഏതെങ്കിലും ഒരു രംഗത്തോ സംസ്ഥാനത്തോ രാജ്യത്തുതന്നെയോ പ്രവര്‍ത്തിക്കുന്ന  സംഘടനകള്‍ക്കു മാത്രമായി ഒുന്നം ചെയ്യാനാവില്ല.  ദിവസവും മുന്നൂറു കോടി രൂപ ലാഭമുണ്ടാക്കുന്ന സമ്പന്നന്മാര്‍ ഭരണനയങ്ങളും നിയമങ്ങളും നിശ്ചയിക്കുന്ന ഈ കാലത്തെ എങ്ങനെ സാധാരണക്കാര്‍ അതിജീവിക്കുമെന്നത് വലിയ ചോദ്യമാണ്. കാലം മാത്രമേ അതിന് ഉത്തരം കാണൂ. എന്താണ് സംഭവിക്കുന്നത് എന്നറിയാനുള്ള ബോധമെങ്കിലും വളരുന്നില്ലെങ്കില്‍ ലോകം പഴയ അടിമവ്യവസ്ഥയേക്കാള്‍ മനുഷ്യത്വരഹിതമായ ഒരു വര്‍ഗ്ഗവിഭജനത്തിലേക്കു നീങ്ങിയേക്കും.

(2019 മെയില്‍ കേരള സീനിയര്‍ ജേണലിസ്റ്റ് ഫോറം കൊല്ലം ജില്ലാ കമ്മിറ്റി  പ്രസിദ്ധപ്പെടുത്തിയ സിആര്‍ സ്മൃതി സപ്ലിമെന്റില്‍ എഴുതിയത്)

Leave a Reply

Your email address will not be published. Required fields are marked *

Go Top