എം ടി എന്ന എഡിറ്റര്‍

എൻ.പി.രാജേന്ദ്രൻ

എം.ടി.യുടെ  കീഴിലിരുന്ന് ആ പ്രതിഭയുടെ ചൂടേല്‍ക്കാന്‍ ഭാഗ്യം കിട്ടിയ പത്രപ്രവര്‍ത്തകനല്ല ഞാന്‍. അതേറ്റവരില്‍ നിന്ന് അതിന്റെ പറഞ്ഞാല്‍  തീരാത്തത്ര കഥകള്‍ കേട്ടുകൊണ്ടാണ് ഞാന്‍ പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചിരുന്നത്. 1981 ല്‍ ഞങ്ങള്‍ മാതൃഭൂമിയിലെത്തുമ്പോള്‍ അദ്ദേഹം മാതൃഭൂമിയിലെ ആദ്യ അദ്ധ്യായം അടച്ചുപുറത്തുപോയിരുന്നു. എം.ടി.ഇല്ലാത്ത മാതൃഭൂമി. എം.ടി. ഇല്ലാത്തതിന്റെ ദു:ഖം പതിഞ്ഞ സ്വരത്തില്‍ പ്രകടിപ്പിക്കുന്നത് കേള്‍ക്കാത്ത ദിവസങ്ങളില്ല. അദ്ദേഹം മാതൃഭൂമി വിടേണ്ടി വന്ന സാഹചര്യങ്ങളെയും സംഭവങ്ങളെയും കുറിച്ച് ഓരോരുത്തരും അവരുടെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും  അടക്കിപ്പിടിച്ച ശബ്ദത്തില്‍ നല്‍കുന്നതും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. നീണ്ട കാലം അദ്ദേഹം മാതൃഭൂമിയിലുണ്ടായിരുന്നു. പലര്‍ക്കും വന്ദ്യഗുരുനാഥന്‍, ചിലര്‍ക്ക് സായാഹ്നകൂട്ടായ്മകളിലെ കൂട്ടുകാരന്‍, ഒരുപാട് പേര്‍ക്ക് ആരാധിക്കുന്ന ബിംബം….

പത്രാധിപര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മനസ് ഏറെ ഫലഭൂയിഷ്ടമായ ഒരു കൃഷിയിടമായിരുന്നു-പഴയ സഹപ്രവര്‍ത്തകരുടെ വാക്കുകളില്‍ നിന്നെല്ലാം ഊറ്റിയെടുത്താന്‍ കിട്ടുന്ന സത്ത് അതായിരുന്നു. കഥയാകട്ടെ, ലേഖനമാകട്ടെ, എന്തുസാഹിത്യസൃഷ്ടിയുമാകട്ടെ, ക്ഷണനേരം കൊണ്ടുള്ള എഡിറ്റോറിയല്‍ ജഡ്ജ്‌മെന്റ് അസാധാരണമായ ഉള്‍ക്കാഴ്ചയോടെയുള്ളതായിരുന്നു. അതാരാലും ചോദ്യം ചെയ്യപ്പെടാനാവാത്തതുമായിരുന്നു. സമകാലിക സംഭവങ്ങളെ കുറിച്ചായായാലും സാഹിത്യത്തിലെ പുത്തന്‍ പ്രതിഭാസങ്ങളെ കുറിച്ചായാലും, എന്താണ് വായനക്കാരിലെത്തിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു സംശയവും അദ്ദേഹത്തിനുണ്ടാവാറില്ല. ലോകത്തിന്റെ ഏത് മൂലയില്‍ നിന്നുമുള്ള സാഹിത്യസൃഷ്ടികളെ കുറിച്ച് ആ തലമുറയിലെ മലയാളി അറിഞ്ഞുപോന്നത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ നിന്നായത് വേറെ കാരണം കൊണ്ടൊന്നുമായിരുന്നില്ലല്ലോ.

1978 വരെയാണ് അദ്ദേഹം ആദ്യഘട്ടത്തില്‍ മാതൃഭൂമി പത്രാധിപരായിരുന്നത്. മലയാളത്തില്‍ മാഗസിന്‍ ജേണലിസം ഇത്രയും ഉയര്‍ന്നുപറന്ന വേറൊരു കാലഘട്ടമുണ്ടായിരുന്നിട്ടില്ല. പുതിയ ആശയങ്ങളുടെ കുത്തൊഴുക്കായിരുന്നു അക്കാലം മുഴുവന്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ നടന്നുകൊണ്ടിരുന്നത്. മലയാളത്തിലെ സാഹിത്യപ്രതിഭകളുടെയൊക്കെ ഉദയം ആഴ്ചപ്പതിപ്പിലൂടെയാകാന്‍ കാരണം എം.ടി.യുടെ പത്രാധിപത്യ മനസ്സിന്റെ വിശാലത തന്നെ. മുന്‍വിധികളില്ലാതെ എന്തിനെയും തുറന്ന മനസ്സോടെ കാണാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. നല്ലത് എന്ന് ബോധ്യമുള്ളതിനെ ഉള്ളഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയും ചെയ്തുപോന്നിരുന്നു. ആയിരം  പൂക്കള്‍ വിരിയട്ടെ എന്ന് ഉള്ളുകൊണ്ടാഗ്രഹിക്കാന്‍ വലിയ  മനസ്സുവേണം. അത് പ്രസംഗത്തില്‍ മാത്രം ഒതുങ്ങേണ്ട കാര്യമല്ലല്ലോ.

എണ്‍പതുകളുടെ മധ്യത്തോടെ അദ്ദേഹം ഒരു ഇടവേളയ്ക്ക് ശേഷം മാതൃഭൂമിയില്‍ തിരിച്ചെത്തി. പഴയ സഹപ്രവര്‍ത്തകര്‍- വി.രാജഗോപാലും കെ.സി.നാരായണനും എ.എസ്സും പ്രസാദും മറ്റനേകം പേരും- മിക്കവരും അപ്പോഴും മാതൃഭൂമിയിലുണ്ടായിരുന്നതുകൊണ്ട് തിരിച്ചുവരവ്, കുടുംബത്തിലേക്കുള്ള തിരിച്ചുവരവായേ അദ്ദേഹത്തിന് അനുഭവപ്പെട്ടുകാണൂ. വളരെ ജൂനിയര്‍ പത്രപ്രവര്‍ത്തകര്‍ ആയിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ മുറിയുടെ നാലയലത്തൊന്നും എന്നെപ്പോലുള്ളവര്‍ പോകാറുണ്ടായിരുന്നില്ല. ഞങ്ങളുടെ ബാച്ചില്‍ പെട്ട എ.സഹദേവനുമാത്രമേ അതിനുള്ള ധൈര്യവും സാഹചര്യവുമുണ്ടായിരുന്നുള്ളൂ. ഒരേ ദിവസം ജോയിന്‍ ചെയ്തവരെങ്കിലും പ്രായം കൊണ്ടും അനുഭവം കൊണ്ടും സഹദേവന്‍ കുറെ  സീനിയറായാണ് സ്വയം അംഗീകരിച്ചിരുന്നത്. എം.ടി.യുടെ രണ്ടാം സേവനഘട്ടത്തില്‍ സഹദേവന്‍ ആഴ്ചപ്പതിപ്പില്‍ സബ് എഡിറ്ററായിരുന്നതിന്റെ അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു.

കെ.പി.കേശവമേനോന്‍ റോഡിലെ ഹെഡ് ഓഫീസ് കെട്ടിടത്തില്‍ മൂന്നാം നിലയിലാണ് അന്ന് ആനുകാലികങ്ങളുടെ ഡസ്‌കുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. എംടിയും എന്‍.വി.കൃഷ്ണവാരിയരും വി.കെ.മാധവന്‍കുട്ടിയുമൊക്കെ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് മൂന്നാം നില പ്രതിഭാസമ്പന്നമായ നിലയായിരുന്നു. തൊട്ടുതാഴത്തെ നിലയിലുള്ള റിപ്പോര്‍ട്ടിങ് വിഭാഗത്തിന്റെ മുന്നിലൂടെയേ എല്ലാവരും വരാറും പോകാറുമുണ്ടായിരുന്നുള്ളൂ. പരിചയമൊന്നുമില്ലെങ്കിലും എന്‍.വി. കണ്ടാല്‍ മനോഹരമായി ചിരിക്കുകയും ചിലപ്പോഴെങ്കിലും ലോഗ്യം പറയുകയും ചെയ്യുമായിരുന്നു.  എം.ടി. നേരെ തിരിച്ചും. കണ്ണോട് കണ്ണ് കണ്ടുമുട്ടാറേയില്ല. കണ്ടുഎന്നുവന്നാല്‍ ചുണ്ടുകള്‍ ഒരു ഭാഗത്തേക്ക് അല്പം കോട്ടിയെന്നിരിക്കും. വലിയ സൗഹൃദപ്രകടനമാണ് അതുപോലും. ഞങ്ങളുടെ തലമുറക്കാരെ കാണുമ്പോള്‍ അപൂര്‍വമായേ അങ്ങനെപോലും സംഭവിക്കാറുള്ളൂ.

രണ്ടുധ്രുവങ്ങളിലെന്ന മട്ടിലായിരുന്നു ഞങ്ങള്‍ മാതൃഭൂമിയിലെങ്കിലും വ്യക്തിപരമായി എനിക്ക് എം.ടി.എന്ന പത്രാധിപരില്‍ നിന്ന് ഒരിക്കല്‍ വലിയ അംഗീകാരത്തിന്റെ, ഓദാര്യത്തിന്റെ കരസ്പര്‍ശം അനുഭവിക്കാന്‍ അവസരം ലഭിക്കുകയുണ്ടായി. അതിനെ കുറിച്ച് പറയാതിരിക്കാന്‍ വയ്യ. 1990 ല്‍് ഒന്നര മാസക്കാലം ജര്‍മനിയില്‍ സഞ്ചരിക്കാന്‍ എനിക്ക് അവസരം കിട്ടിയിരുന്നു. ബര്‍ലിലിനെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഫോര്‍ ജേണലിസം ഒരു പഠനപരിപാടിയില്‍ തിരഞ്ഞെടുത്തതുകൊണ്ട് ലഭിച്ചത്  ഭാഗ്യമായിരുന്നു അത്. ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസമായിരുന്ന ബര്‍ലിന്‍ മതില്‍ തകരുകയും രണ്ടായി കിടന്ന ജര്‍മനി ഒന്നായിത്തീരുകയും ചെയ്ത ചരിത്രമുഹൂര്‍ത്തമായിരുന്നു ആ വര്‍ഷം. അന്ന് പശ്ചിമ ബര്‍ലിന്‍ എന്നറിയപ്പെട്ടിരുന്ന നഗരഭാഗത്തായിരുന്നു താമസം. പടിഞ്ഞാറന്‍ ജര്‍മനിയിലെ ബോണ്‍, മ്യൂണിക്, ഫ്രാങ്ക്ഫര്‍ട്ട്, ഹാംബര്‍ഗ്, ബ്രമര്‍, ബ്രമര്‍ഹാവന്‍, ഹാംലിന്‍, കൊളോന്‍ തുടങ്ങിയ പട്ടണങ്ങളിലും കിഴക്കന്‍ ജര്‍മനിയിലും പര്യടനം നടത്താനായി. ഒന്നായിക്കഴിഞ്ഞ ജര്‍മനിയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് കാണാനും അവസരമുണ്ടായി. അന്ന് മാതൃഭൂമി പത്രത്തില്‍ കുറെ  റിപ്പോര്‍ട്ടുകള്‍ എഴുതുകയും ചെയ്തിരുന്നു.

ഒന്നരമാസം ജര്‍മനിയില്‍ കണ്ടതുംകേട്ടതുമായ സംഗതികള്‍ തിരിച്ചുവന്നിട്ടും എന്റെ മനസ്സിനെ വിട്ടൊഴിഞ്ഞില്ല. യാത്രാവിവരണമെഴുത്തിന്റെ കാലം കഴിഞ്ഞുഎന്ന തോന്നല്‍ തടസ്സം പിടിച്ചെങ്കിലും എനിക്ക്  എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല. ഓഫീസില്‍ നിന്ന് അവധിയെടുത്ത് നീണ്ട യാത്രാവിവരണം എഴുതിത്തീര്‍ത്തു. പിന്നെയാണ്, ഇതിനെ ഇനി എന്തുചെയ്യും എന്ന ആകുലത പിടികൂടിയത്. ആഴ്ചപ്പതിപ്പ് എം.ടി.യുടെ കൈയിലാണ്. യാത്രാവിവരണവുമായി ചെന്നുകാണാനുള്ള ധൈര്യം പോരാ. പുറത്തേതെങ്കിലും വാരികയ്ക്ക് അയക്കുന്നത് അത്ര ശരിയുള്ള കാര്യവുമല്ല.  റിപ്പോര്‍ട്ടിങ്ങ് ബ്യൂറോവില്‍ ഞങ്ങളുടെ ചീഫ് വി.രാജഗോപാലുമായി ധര്‍മസങ്കടം പങ്കിട്ടപ്പോള്‍ അദ്ദേഹം എടുത്തവഴിക്ക് പറഞ്ഞു- എം.ടി.യോട് ഞാന്‍ ചോദിക്കാം. ഒപ്പം ഞാന്‍ പോയില്ല. 17 അധ്യായങ്ങളുള്ള യാത്രാവിവരണവുമായി അദ്ദേഹം എം.ടി.യെ കാണാന്‍ പോയി. അല്പനേരമേ കഴിഞ്ഞുള്ളൂ രാജഗോപാല്‍ തിരിച്ചുവന്നു. എം.ടി.അത് വാങ്ങിവെച്ച്, വായിച്ചുനോക്കട്ടെ എന്നുപറഞ്ഞുകാണും. അതിനൊക്കെ സമയമെടുക്കുമല്ലോ. ഞാന്‍  വലിയ ഔത്സുക്യമൊന്നും കാട്ടിയില്ല. കൊടുത്തോ എന്നുമാത്രം ഞാന്‍ ചോദിച്ചു. അടുത്ത ആഴ്ച പ്രസിദ്ധീകരണം തുടങ്ങും എന്നായിരുന്നുമറുപടി.  കളിയാക്കുകയാണോ എന്നായി സംശയം. മുഖഭാവം അങ്ങനെയല്ല. എം.ടി. ഒരദ്ധ്യായം വായിച്ചു, പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു എന്നായിരുന്നു രാജഗോപാലിന്റെ വിശദീകരണം.

എന്റെ യാത്രാവിവരണം കേമമായിരുന്നു എന്ന അവകാശവാദമൊന്നും എനിക്കില്ല. പക്ഷേ, പത്രാധിപരുടെ തീരുമാനമെടുക്കലിന്റെ മിന്നല്‍ വേഗത അത്ഭുതകരമായി എനിക്കുതോന്നി. ഒന്നാലോചിച്ചാല്‍, അങ്ങിനെയാണ് വേണ്ടത് എന്നും തോന്നി. ഒരു നോവല്‍പോലെ ആദ്യാവസാനം വായിക്കുകയൊന്നും വേണ്ട യാത്രാവിവരണത്തിന്റെ ഗുണവും ദോഷവും അറിയാന്‍. ഒരധ്യായം വായിച്ചാല്‍ മതി. ചോറുവെന്തോ എന്നുനോക്കുംപോലെ.

( ഒരു പുസ്തകത്തിന് വേണ്ടി തയ്യാറാക്കിയത് ഏപ്രില്‍ 2012)

Leave a Reply

Your email address will not be published. Required fields are marked *

Go Top