22 വര്‍ഷംമുമ്പ് കോഴിക്കോട് നഗരാതിര്‍ത്തിയിലെ മുണ്ടിക്കല്‍ത്താഴത്ത് താമസമാക്കിയ കാലത്ത് രാവിലെ ഒരു തുണിസഞ്ചിയുമായി നടന്നുപോകുന്ന പ്രായമുള്ള ആ മനുഷ്യനെ കാണാറുണ്ട്. ആളാരാണെന്ന് ഒരുനാള്‍ ആരോടോ ചോദിച്ചു. മറുപടി എന്നെ അമ്പരപ്പിച്ചു– അതല്ലേ എം.എന്‍.സത്യാര്‍ഥി !
അറുപതുകളില്‍ ജനയുഗം വാരിക വായിച്ചവര്‍ എം.എന്‍.സത്യാര്‍ഥിയെ മറക്കില്ല. ബിമല്‍മിത്രയുടെയും യശ്പാലിന്റയും കൃതികള്‍ മലയാളികളിലെത്തിച്ചത് വിചിത്രമായ പേരുള്ള ആ വിവര്‍ത്തകനാണ്. എന്നെങ്കിലും കാണുമെന്ന് കരുതിയതേ അല്ല. അടുത്തൊരു കുന്നിന്‍പുറത്ത് ഇങ്ങനെയൊരാള്‍ ജീവിക്കുന്നുണ്ടെന്ന് എങ്ങനെ സങ്കല്പ്പിക്കാന്‍ ! സത്യാര്‍ഥി പത്രക്കാരെയും അഭിമുഖക്കാരെയും കാണാറേ ഇല്ലെന്ന് കേട്ട് ചെന്നുപരിചയപ്പെടാന്‍ മടിച്ചു. പിന്നെയൊരിക്കല്‍ വീട്ടില്‍പോയി കണ്ടു. അദ്ദേഹം നിരാശപ്പെടുത്തിയില്ല. പത്രക്കാരോടുള്ള വിരോധമൊക്കെ അപ്പോഴേക്ക് തീര്‍ന്നതായി തോന്നി.
ഓ…ഞാനൊരു വെറും കൃഷിക്കാരന്‍ എന്ന വിനയം. ജീവിതകഥ കേട്ടാല്‍ ആരും നടുങ്ങും. ലാഹോറിലാണ് ജനിച്ചത്. അച്ഛന്‍ കൃഷ്ണന്‍ അവിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. സര്‍ക്കാര്‍വിരുദ്ധ കവിത എഴുതിയതിന് പതിനഞ്ചാം വയസ്സില്‍ ലോക്കപ്പിലായ, വിപ്ലവകാരികളുടെ കൂട്ടുകാരനായിരുന്ന, പതിനേഴാംവയസ്സില്‍ കല്‍ക്കത്തയിലേക്ക് നാടുകടത്തപ്പെട്ട, ഗവര്‍ണറെ വെടിവെക്കാന്‍ തോക്കുമായി കോളേജ് സെനറ്റ് ഹാളില്‍ പോയി പിടിയിലായി അന്തമാന്‍ സെല്ലുലാര്‍ ജയിലിലായ, രക്ഷപ്പെട്ട് പതിനഞ്ചുവര്‍ഷത്തോളം ഒളിവില്‍പാര്‍ത്ത, രണ്ടാം ലോകമഹായുദ്ധത്തിനിടയില്‍ കാബൂളിലേക്ക് രാജ്യംവിടാന്‍ സുഭാഷ് ചന്ദ്ര ബോസിന് ഇന്ത്യാ അതിര്‍ത്തിയിലേക്ക് അകമ്പടി സേവിച്ച…..കഥകള്‍ സത്യാര്‍ഥിമാഷ് നിസ്സംഗതയോടെ വിവരിക്കുന്നതുകേട്ടാല്‍ ആരാണ് നടുങ്ങാതിരിക്കുക ? എന്റെ സഹപ്രവര്‍ത്തകന്‍ ജോസഫ് ആന്റണി നടത്തിയ ഒരു അഭിമുഖം 1996 ജുലായ് 14 ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.
1957 ലെ ഇ.എം.എസ് മന്ത്രിസഭയെക്കുറിച്ചെഴുതാന്‍ കേരളത്തില്‍ വന്ന സത്യാര്‍ഥി പിന്നെ മടങ്ങിപ്പോയില്ല. ജനയുഗം പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരനാണ് അദ്ദേഹത്തെ ബിമല്‍മിത്രയുടെ വിവര്‍ത്തകനാക്കി മാറ്റിയത്. നാല്പതിലേറെ ബംഗാളി നോവലുകള്‍ അദ്ദേഹം മലയാളത്തിലാക്കിയിട്ടുണ്ട്. ഒരുപാട് അവാര്‍ഡുകളും സത്യാര്‍ഥിയെ തേടിവന്നു. ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടില്‍ അദ്ദേഹം കൃഷിയും പ്രാരബ്ധങ്ങളുമായി, കഴിയുന്നേടത്തോളം എല്ലാവരില്‍നിന്നും അകന്ന് കഴിഞ്ഞുപോന്നു. ആത്മകഥയോ ഓര്‍മക്കുറിപ്പുകളുമോ പോലും എഴുതിയില്ല.
അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റ് വിവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ അവാര്‍ഡും മുണ്ടിക്കല്‍ത്താഴം-ചെലവൂര്‍ റോഡിന് കോര്‍പ്പറേഷന്‍ ഇട്ട പേരും ആണ് ഇന്ന് അദ്ദേഹത്തെ ഓര്‍മിപ്പിക്കുന്നത്.
(Published in Mathrubhumi weekend)