സി.പി.എം. നേതൃത്വം ഔദാര്യം കൊണ്ടുമാത്രം വെച്ചുനീട്ടിയ സ്ഥാനം സ്വീകരിക്കുന്നതോടെ പൊതുസമൂഹത്തിനു മുന്നില്‍ വി.എസ്. ധാര്‍മികമായി പരാജയപ്പെട്ടുകഴിഞ്ഞു.
ഭരണപരിഷ്‌കാര കമ്മിറ്റിയുടെ അധ്യക്ഷപദവിയാണ് വി.എസ്. സ്വീകരിക്കാന്‍ പോകുന്നത്. ഭരണപരിഷ്‌കാരം അടിയന്തരനടപടിയാണ് എന്നു ആരെങ്കിലും നിര്‍ദ്ദേശിക്കുകയോ അതിനായി ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കേണ്ടതുണ്ട് എന്നു ഭരണകര്‍ത്താക്കള്‍ക്കു ബോധ്യപ്പെടുകയോ അത്തരമൊരു ചുമതല നിര്‍വഹിക്കാന്‍ ഏറ്റവും ഉചിതനായ വ്യക്തി വി.എസ്. അച്യുതാനന്ദന്‍ ആണെന്നു അഭിപ്രായമുയരുകയോ ചെയ്തതുകൊണ്ടല്ല ഈ നിയമനം നടക്കാന്‍ പോകുന്നത്.
വണ്ടി പിറകോട്ടാണ് ഓടിയത്. അച്യുതാനന്ദന് ഒരു പദവി വേണം. വെറും പദവി പോര മന്ത്രിപദവി വേണം. പല പദവികളുടെ പേരും ഉയര്‍ന്നുവന്നു. മുമ്പു ഇ.എം.എസ്സും ഇ.കെ.നായനാരും വഹിച്ച പദവിയായതുകൊണ്ട്, അതു കൊള്ളാം എന്ന തോന്നലുമുണ്ടായി. അതാണ് വി.എസ്. അച്യുതാനന്ദന്‍ ഈ സ്ഥാനത്തിലേക്കു വരാന്‍ കാരണമാകുന്നത്.
നിയമം ഭേദഗതി ചെയ്തുകൊണ്ടാണോ ഇ.എം.എസ്സും ഇ.കെ.നായനാരും ഭരണപരിഷ്‌കാരകമ്മീഷന്‍ തലവന്മാരായത്? അല്ല. കമ്മിറ്റി ചെയര്‍മാന്‍ പദവി അവര്‍ക്ക് അധികബാധ്യതയായിരുന്നു. ഇരട്ടപ്പദവി പാടില്ല എന്നു നിയമവ്യവസ്ഥ ഉണ്ടായത് അതു ധാര്‍മികമായി ശരിയല്ല എന്നതുകൊണ്ടാണ്. അതിനെയാണ് പാര്‍ട്ടി താല്‍പര്യത്തിനുവേണ്ടി ഭേദഗതി ചെയ്തിരിക്കുന്നത്.
അതില്‍ വ്യാജമായ ഒരു ന്യായീകരണവും അടങ്ങിയിരിക്കുന്നുഅച്യുതാനന്ദനല്ലാതെ മറ്റൊരാള്‍ കേരളത്തില്‍ ഈ പദവി വഹിക്കാന്‍ യോഗ്യനായില്ല. അദ്ദേഹത്തിന് ആ ചുമതല നല്‍കാന്‍ നിയമതടസ്സമുണ്ട്. അതിനാല്‍ നിയമം ഭേദഗതി ചെയ്യുന്നു എന്നതാണ് ആ അസത്യമായ ന്യായീകരണം. അതിനാല്‍ അദ്ദേഹം 93ാം വയസ്സുമുതല്‍ 98ാം വയസ്സുവരെ ഈ സ്ഥാനം വഹിക്കും, അതിന്റെ ചെലവ് നികുതിദായകര്‍ വഹിക്കും്.
ഒരു റിപ്പോര്‍ട്ടിലൊതുങ്ങുമോ പരിഷ്‌കാരം?
എത്ര കാലം പ്രവര്‍ത്തിക്കും ഭരണപരിഷ്‌കാരകമ്മീഷന്‍? പ്രതിപക്ഷനേതാവിന്റെ പദവി പോലെയോ ചീഫ് സിക്രട്ടറിയുടെ തസ്തിക പോലെയോ ഉള്ള ഒരു സ്്ഥിരം സംവിധാനമല്ല അത്. ഒരു പ്രത്യേക ആവശ്യത്തിനുവേണ്ടി നിശ്ചിതമായ ഒരു കാലത്തേക്കുള്ള നിയമനമാണത്. ഇതിനു മുമ്പുള്ള മൂന്നു ഭരണപരിഷ്‌കാര കമ്മിറ്റികളുടെയും കീഴ്‌വഴക്കം അതായിരുന്നു.
ഒന്നാമത്തെ കമ്മിറ്റിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെയായിരുന്നു. മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയും പ്രമുഖന്മാരായ വി.കെ.എന്‍ മേനോന്‍, പി.എസ്. നടരാജപിള്ള, എന്‍.ഇ.എസ് രാഘവാചാരി, ജി.പരമേശ്വരന്‍പിള്ള എന്നിവരും ആയിരുന്നു അംഗങ്ങള്‍.
1957 ആഗസ്ത് 15നു നിയമിക്കപ്പെട്ട കമ്മിറ്റി വെറും ഒരു വര്‍ഷം കൊണ്ടു റിപ്പോര്‍ട്ട് തയ്യാറാക്കി 1958 ആഗസ്തില്‍ സര്‍ക്കാറിനു സമര്‍പ്പിക്കുകയുണ്ടായി. ഐ.സി.എസ്സുകാരനായ എം.കെ.വെള്ളോടിയായിരുന്നു 1965 ല്‍ നിയമിക്കപ്പെട്ട രണ്ടാമത്തെ കമ്മിറ്റിയുടെ തലവന്‍. 1997 മെയില്‍ നിയമിക്കപ്പെട്ട മൂന്നാമത്തെ കമ്മിറ്റി മുഖ്യമന്ത്രി ഇ.കെ.നായനാരുടെ നേതൃത്വത്തിലായിരുന്നു. നാലു വര്‍ഷത്തിനു ശേഷം 2001 മെയില്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്.
അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ കാര്യത്തില്‍ ഒരു പ്രശനമുണ്ട്. അദ്ദേഹത്തിനു എന്തെങ്കിലും പണി ഉണ്ടാകുമോ എന്നറിയില്ല, ഉണ്ടെങ്കിലും ഇല്ലെങ്കിലും അഞ്ചുവര്‍ഷം കമ്മീഷനു പ്രവര്‍ത്തിക്കേണ്ടതായി വരും. ഇ.എം.എസ് കമ്മിറ്റി പോലെ ഒരു കൊല്ലംകൊണ്ടു പണിതീര്‍ക്കാന്‍ പറ്റില്ല. കാരണം, റിപ്പോര്‍ട്ടു നല്‍കിയാല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം നിലയ്ക്കുകകയും അച്യുതാനന്ദനു മന്ത്രിപദവി ഇല്ലാതാകുകയും ചെയ്യും. അതുപാടില്ലല്ലോ.
വ്യക്തിയെ പൊതുനിയമത്തില്‍ നിന്നുമാറ്റി പ്രത്യേക പരിഗണന നല്‍കുന്നതിനാണ് ഇരട്ടപദവിച്ചട്ടം ഭേദഗതി ചെയ്തത്. ഇതോടെ അച്യുതാനന്ദന്‍ സോണിയാഗാന്ധിയുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുകയോ താഴ്ത്തപ്പെടുകയോ ചെയ്തിരിക്കയാണ്. പ്രധാനമന്ത്രിയാകേണ്ടതില്ല എന്നു തീരുമാനിച്ച സോണിയാഗാന്ധി 2004 ല്‍ കേന്ദ്രമന്ത്രി പദവിയോടെ നാഷനല്‍ അഡൈ്വസറി കൗണ്‍സിലിന്റെ അധ്യക്ഷയായത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ഇരട്ടപദവി നിയമംതന്നെ പ്രശ്‌നം. വിവാദം ബലപ്പെട്ടപ്പോള്‍ സോണിയ എം.പി.സ്്ഥാനം രാജിവെക്കുകയാണ് ചെയതത്. പക്ഷേ, പിന്നീട് നിയമം ഭേദഗതി ചെയ്താണ് അവര്‍ രണ്ടു സ്ഥാനങ്ങളിലും ഒരേ സമയം തുടര്‍ന്നത്. അവരെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി മാത്രം ഇത്തരമൊരു പദവി സൃഷ്ടിക്കുകയും നിയമം ഭേദഗതി ചെയ്യുകയും ചെയ്ത കോണ്‍ഗ്രസ്സിന് അച്യുതാനന്ദനു വേണ്ടി നിയമം ഭേദഗതി ചെയ്തതിനെ എങ്ങിനെ ചോദ്യം ചെയ്യാനാവും?
ഒരു കാര്യം പറയാതെ വയ്യ. സോണിയാഗാന്ധിയുടെ അധികാരപ്പൊങ്ങച്ചത്തിനു വേണ്ടി മാത്രമാണ് നാഷനല്‍ അഡൈ്വസറി കൗണ്‍സില്‍ ഉണ്ടാക്കിയതെങ്കിലും പ്രവര്‍ത്തനത്തില്‍ അതൊരു വെള്ളാനയായിരുന്നു എന്നു പറയാനാവില്ല. പ്രഗത്ഭരായ ഒട്ടനവധി വ്യക്തികള്‍, വിദഗ്ദ്ധന്മാര്‍ ഈ കൗണ്‍സിലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന്റെയും അന്നന്നത്തെ ഭരണത്തിന്റെയും പ്രതിസന്ധികളില്‍ സമയം ചെലവാക്കുന്ന മന്ത്രിസഭയ്ക്കുള്ള ഒരു തിങ്ക് ടാങ്ക് ആകാന്‍ ആ സംവിധാനത്തിനു കഴിഞ്ഞിരുന്നു എന്നതു സത്യമാണ്.
പ്ലാനിങ്ങ് കമ്മീഷനോ കേന്ദ്രമന്ത്രിസഭ തന്നെയോ കൈകാര്യം ചെയ്യാനിടയില്ലാത്ത വിഷയങ്ങളിലേക്ക് എത്തിനോക്കാനുള്ള ധൈര്യം ആ കൗണ്‍സിലിനുണ്ടായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും വിവരാവകാശനിയമവും വിദ്യാഭ്യാസാവകാശനിയമവും ഈ കൗണ്‍സിലിലൂടെയാണ് മന്ത്രിസഭയിലേക്കു വന്നത്.
ഭരണപരിഷ്‌കാരപ്രസ്ഥാനം തുടങ്ങണം വി.എസ്.
കേരളത്തിലും ഈ ചോദ്യം ഉയരേണ്ടതുണ്ട്. ഭരണപരിഷ്‌കാര കമ്മിറ്റി അച്യുതാനന്ദനു മന്ത്രിപദവിയുടെ സൗകര്യങ്ങള്‍ നല്‍കാന്‍ വേണ്ടിയുള്ള ഒരു അലങ്കാരസ്ഥാപനം മാത്രമായിരിക്കുമോ? പൊതുപ്പണം പാഴാക്കുന്നതിനെതിരെകൂടി പോരാടിയ നേതാവാണ് അച്യുതാനന്ദന്‍. അദ്ദേഹത്തിനു രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ വാഹനം, ജീവനക്കാര്‍ എന്നിവ സര്‍ക്കാര്‍ ചെലവില്‍ നല്‍കാന്‍ മാത്രമാണു തീരുമാനമെങ്കില്‍ അച്യുതാനന്ദന്‍ ഇതുവരെ നിലകൊണ്ട എല്ലാ തത്ത്വങ്ങളുടെയും ലംഘനമായിരിക്കും അത്. പൊതുപ്പണത്തിന്റെ ഗുരുതരമായ ദുരുപയോഗവുമാവും.
പുന്നപ്ര വയലാര്‍ കലാപം മുതലിങ്ങോട്ട് ഇത്രയും ത്യാഗോജ്വല ജീവിതം നയിച്ച അച്യുതാനന്ദന്റെ ജീവിതകഥയുടെ അവസാന അധ്യായം ഇതാകുന്നത് അദ്ദേഹം അദ്ദേഹത്തോടുതന്നെ ചെയ്യുന്ന കടുത്ത അനീതി ആയിരിക്കും. അതുപാടില്ല. ഭരണപരിഷ്‌കാരം സാധ്യമാക്കുന്ന ഒരു പ്രസ്ഥാനത്തിന് അദ്ദേഹം ഈ പദവി വഹിച്ചുകൊണ്ടു നേതൃത്വം നല്‍കണം.
ഏതാനും പേഴ്‌സണല്‍ ജീവനക്കാരെ ഇരുത്തി കൈകാര്യം ചെയ്യാവുന്ന ഒരു വിഷയമല്ല ഭരണപരിഷ്‌കാരം. ഈ വിഷയത്തില്‍ വൈദഗ്ദ്ധ്യമുള്ള വ്യക്തികളുടെ പങ്കാളിത്തത്തോടെ ഗൗരവപൂര്‍വം ഈ പ്രശ്‌നം പഠിക്കുകയും സമഗ്രമായ പരിഷ്‌കാരനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുക എന്നതാണ് ഈ കമ്മിറ്റിക്കു ചെയ്യാവുന്നത്. ഈ കമ്മിറ്റിതന്നെ ഒരു ദുഷ്‌ചെലവാണ് എന്ന ആരോപണത്തിന്റെ മുനയൊടിക്കുംവിധം സര്‍ക്കാരിന്റെ ദുഷ്‌ചെലവുകള്‍ എങ്ങനെ ഇല്ലാതാക്കാം എന്നതാവട്ടെ കമ്മിറ്റിയുടെ മുഖ്യചര്‍ച്ചാവിഷയം.
അഞ്ചുകൊല്ലം കുത്തിയിരുന്ന് ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കി പിരിഞ്ഞുപോവുകയും റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റിലെ ഏതെങ്കിലും അലമാറയില്‍ കുഴിച്ചിടപ്പെടുകയും ചെയ്യുന്നത് നികുതിദായകരോടു ചെയ്യുന്ന മറ്റൊരു അനീതിയാവും. റിപ്പോര്‍ട്ടുകള്‍ നല്‍കല്‍ മാത്രമാവരുത്, അതു നടപ്പാക്കുന്നതിന്റെ മേല്‍നോട്ടം കൂടി ഈ കമ്മിറ്റിയുടെ ഉത്തരവാദിത്തമാവണം. അതു പൊതുജനപിന്തുണയോടെ ഏറ്റെടുക്കണം.
സര്‍ക്കാറിന്റെ ശ്രമംകൊണ്ടു സര്‍ക്കാര്‍ മാത്രമാണ് നമ്മുടെ നാട്ടില്‍ തടിച്ചുകൊഴുക്കുന്നത്. എത്രയായിരം ജീവനക്കാരാണ് ഒരു ജോലിയും ചെയ്യാതെ സര്‍ക്കാറില്‍ ശമ്പളംപറ്റുന്നത്? പ്രത്യക്ഷത്തില്‍ അതുകാണില്ല. പത്താള്‍ ചെയ്യേണ്ട ജോലി ഇരുപതാളുകള്‍ ചെയ്യുമ്പോള്‍ പത്തുപേര്‍ വെറുതെ ശമ്പളം വാങ്ങുന്നു എന്നാണ് അര്‍ത്ഥം. മുന്‍കാലത്തു പല അന്വേഷണകമ്മിറ്റികളും ഇതു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഫയല്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്റ്ററിയായി മാറുന്നു സെക്രട്ടേറിയറ്റ്. അധികാരവികേന്ദ്രീകരണത്തിനു വേണ്ടി ജില്ലാ/ബ്ലോക്കു തല ഭരണകേന്ദ്രങ്ങള്‍ ഉണ്ടാക്കിയതുകൊണ്ടും സെക്രട്ടേറിയറ്റ് മെലിഞ്ഞില്ല. ഒരു അധികാരവും അവര്‍ വിട്ടുകൊടുത്തിട്ടില്ല.
ഒരു ഭരണപരിഷ്‌കാരകമ്മിറ്റിക്ക് തീരാത്ത പണിയുണ്ടു കേരളത്തില്‍. സംശയമില്ല.