ഇന്ന് വിജയ്ദിവസ്
*1971-ലെ യുദ്ധത്തില്‍ പാകിസ്താനെ കീഴടക്കിയ ദിനം
*നാട്ടുയുദ്ധത്തിന്റെ ഫലം ഇന്നു ഉച്ചയോടെ അറിയാം
* ഇന്ന് ഡിസംബര്‍ 16. 1971-ലെ യുദ്ധത്തില്‍ പാകിസ്താന്‍ ഇന്ത്യയോട് അടിയറവ് പറഞ്ഞ ദിവസം. നമ്മുടെ രാജ്യത്തിന് ഇത് വിജയ് ദിവസ്. അഭിമാനവിജയത്തിന്റെ 49-ാം വാര്‍ഷികദിനമായ ബുധനാഴ്ച നമ്മുടെ കേരളത്തിലും ഒരു നാട്ടുയുദ്ധത്തിന് അവസാനമാകും. തദ്ദേശതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ഫലം ഉച്ചയോടെ ഏതാണ്ട് പൂര്‍ണ്ണമായി അറിയാം. ഒപ്പം ആര് അടിയറവ് പറയുമെന്നും ആരുടെ വിജയദിവസം ആണെന്നും വ്യക്തമാകും.
ഇന്ത്യന്‍ സേനയെപ്പോലെ രാജകീയ വരവാണ് ഇടത്-വലതുമുന്നണികളുടെ സ്വപ്നം. ബംഗ്ളാദേശ് പിറന്നതുപോലെ കേരളത്തില്‍ അധികാരപ്പിറവിക്കായി കാത്തുനില്‍ക്കുകയാണ് എന്‍.ഡി.എ സഖ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികളിലെക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം-2020 ഡിസംബര്‍ 16- മാതൃഭൂമി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചതാണ് ഇത്. ചരിത്രത്തില്‍ ഇന്ത്യ നേടിയ ഏറ്റവും വലിയ സൈനികവിജയത്തെ പ്രകീര്‍ത്തിക്കുകയാണോ അതല്ല പരിഹസിക്കുകയാണോ വാര്‍ത്തയുടെ ഉദ്ദേശ്യമെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് നല്‍കുന്ന പ്രാധാന്യമേ ആ ചരിത്രവിജയത്തിനുള്ളൂ? രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന ദേശീയപ്രസ്ഥനത്തിന്റെ ഘടകമായിരുന്ന മാതൃഭൂമിക്ക് അങ്ങനെ ഒരു ദുരുദ്ദേശ്യമുണ്ടായിരുന്നു എന്നാരും സംശയിക്കില്ല. പിന്നെ, എന്തിനായിരുന്നു ഇത്?
പ്രശ്നം അതല്ല. ഇല്ലാത്ത യുദ്ധങ്ങള്‍ ഉണ്ടാക്കുവാനും അവയെ പാടിപ്പുകഴ്ത്താനും ജനങ്ങളില്‍ എപ്പോഴും യുദ്ധാവേശം ഉണ്ടാക്കാനും ശ്രമിക്കുന്ന ചാനല്‍ സംസ്‌കാരം പത്രങ്ങളിലേക്കും- മലയാളത്തിലെ ദേശീയപത്രത്തിലേക്കും – പടരുന്ന എന്നതാണ് പ്രശ്നം. തരം കിട്ടുമ്പോഴെല്ലാം യുദ്ധത്തിന്റെ ഭാഷ പ്രയോഗക്കുകയും എല്ലാറ്റിനെയും അക്രമാസക്തയുദ്ധങ്ങളുടെ പ്രതീകങ്ങളും തുടര്‍ച്ചകളുമാക്കുകയും ചെയ്യുന്നു. അതിര്‍ത്തിയിലെ ചെറുവെടിവെപ്പുകളെപ്പോലും വന്‍യുദ്ധങ്ങളാക്കി കൊട്ടിഘോഷിക്കുന്നു. കേരളത്തില്‍ ഇതാ തരം കിട്ടിയപ്പോള്‍ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിനെയും യുദ്ധമാക്കിയിരിക്കുന്നു. ‘-ഇന്ത്യന്‍ സേനയെപ്പോലെ രാജകീയ വരവ്….ബംഗ്ളാദേശ് പിറന്നതുപോലെ കേരളത്തില്‍ അധികാരപ്പിറവി…’ എന്തൊരു തമാശ!
രാജ്യസ്നേഹത്തിന്റെ മറപിടിച്ച് യുദ്ധഭ്രാന്തും ആക്രമണോത്സുകതയും വളര്‍ത്തുന്നതില്‍ മുന്നില്‍നില്‍ക്കുന്നത് ചാനലുകളാണ്. അച്ചടിമാധ്യമം മാത്രമുള്ള ആദ്യകാലത്തെല്ലാം രാജ്യതാല്പര്യവും ശത്രുരാജ്യത്തോടുള്ള വികാരവും സ്വാഭാവികമായ വാര്‍ത്താപ്രാധാന്യവും കൂടിച്ചേര്‍ന്ന് യുദ്ധങ്ങള്‍ വലിയ സംഭവമാകാറുണ്ട്. പക്ഷേ, ദൃശ്യമാധ്യമങ്ങള്‍ രാജ്യത്തെ യുദ്ധത്തിലേക്ക് ഉന്തിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഇല്ലാത്ത യുദ്ധം ഉണ്ടെന്നു ഭാവിക്കുകയാണ്. പ്രതികാരത്തിന്റെയും രക്തച്ചൊരിച്ചലിന്റെയും ഭാഷയും വികാരവും ജനങ്ങളില്‍ പടര്‍ത്തുകയാണ്. രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാര്‍ തങ്ങളാണ് എന്നു ഭാവിക്കുകയാണ്് ഇവര്‍. പക്ഷേ, സാമാന്യബുദ്ധിയുള്ളവര്‍ക്കറിയാം- ഇത് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള കുടില മാര്‍ക്കറ്റിങ്ങ് തന്ത്രം മാത്രമാണ്.
രാജ്യത്തിനകത്തുള്ള ചില ജനവിഭാഗങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തുക എന്ന ദുഷ്ടബുദ്ധിയും ഇവര്‍ക്കുണ്ട്. പുല്‍വാമ സംഭവം നടന്നത് കശ്മീരിലാണ് എന്നത് മാത്രമാണ് സാധാരണ കശ്മീരികള്‍ക്ക് ഇതുമായുള്ള ബന്ധം. പക്ഷേ, ആ സംഭവത്തെത്തുടര്‍ന്ന് പലേടത്തും കശ്മീരികള്‍ക്ക് എതിരായ ആക്രമണങ്ങള്‍ നടന്നു. ദൃശ്യമാധ്യമം ഉയര്‍ത്തുന്ന യുദ്ധാവേശം ജനങ്ങളില്‍ നല്ലൊരു വിഭാഗത്തെ പിടികൂടാതിരിക്കില്ല. രാജ്യസ്നേഹവും യുദ്ധഭ്രമവും ഒന്നു തന്നെ എന്ന് കരുതുന്നവരാണ്് ഏറെ. പുല്‍വാമ ആക്രമണം നടന്ന സമയത്ത,് കശ്മീരുകാരെ ബഹിഷ്‌കരിക്കണമെന്ന് ഒരു റിട്ടയേഡ് കേണല്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്തവരില്‍ മേഘാലയ ഗവര്‍ണറും പെടുമെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് പല മഹാന്മാരുടെയും രാജ്യസ്നേഹത്തിന്റെ നിലവാരം. ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും സംഘര്‍ഷവും ശത്രുതയും വളര്‍ത്തുന്നത് യഥാര്‍ത്ഥത്തില്‍ രാജ്യസ്നേഹമല്ല, രാജ്യദ്രോഹമാണ്.
ഇന്ത്യ ബാലക്കോട്ട് പാകിസ്താനെ തിരിച്ചടിച്ചപ്പോള്‍ പ്രതികാരത്തിന്റെ അത്യാവേശത്തിലായിരുന്നു മാധ്യമങ്ങള്‍. ടെലിവിഷന്‍ ചാനലുകളില്‍ സൈനികവേഷം കെട്ടിവരാന്‍ പോലും മടിച്ചില്ല ചില ആങ്കര്‍മാര്‍. മുന്‍പെല്ലാം സംഘര്‍ഷകാലങ്ങളില്‍ സമാധാനപരമായ പ്രശ്നപരിഹാരത്തിനുള്ള നടപടികള്‍ തുടങ്ങിവെക്കണമെന്ന് നിര്‍ദ്ദേശവുമായാണ് മാധ്യമങ്ങള്‍ മുന്നോട്ടുവരാറുള്ളത്. തര്‍ക്കപ്രശ്നം വിലയിരുത്തുന്ന വിദഗ്ദ്ധരുടെ ലേഖനങ്ങളാണ് ആളുകള്‍ താല്പര്യത്തോടെ വായിച്ചിരുന്നത്. തീര്‍ച്ചയായും യുദ്ധവിജയം പൗരന്മാരെ ആവേശഭരിതരാക്കും പക്ഷേ, യുദ്ധഭ്രമം വളര്‍ത്തി ലാഭമുണ്ടാക്കാന്‍ ആരും ശ്രമിച്ചിരുന്നില്ല. യഥാര്‍ത്ഥത്തില്‍ പാകിസ്താന്‍ ഇന്ത്യയെ സംബന്ധിച്ച് ഗൗരവത്തിലെടുക്കേണ്ട ഒരു ശത്രുരാജ്യംതന്നെയല്ല. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാകിസ്്താന്‍ ഇന്ത്യക്ക് ഇര പോര! ചൈനയായിരുന്നെങ്കില്‍ ശരി, അതൊരു ബലമുള്ള എതിരാളിയാണ്. കൗതുകകരമായ മറ്റൊരു കാര്യമുണ്ട്്. പാകിസ്താനുമായി പ്രശ്നമുണ്ടാകുമ്പോള്‍ തുരത്തണം, തകര്‍ക്കണം എന്നെല്ലാം മുറവിള കൂട്ടുന്നവരും ചൈനയുടെ കാര്യംവരുമ്പോള്‍ വലിയ ആവേശമൊന്നും കാട്ടുന്നില്ല. പാകിസ്താനുമായുള്ളതിലേറെ വലിയ പ്രശ്നങ്ങള്‍ ചൈനയുമായുണ്ട്. പക്ഷേ, തല്ലണം കൊല്ലണം എന്നാരും പറയുന്നില്ല. ഇന്ത്യയും പാകിസ്താനും ഒരുപോലെ ആണവശക്തികളാണ് എന്ന കാര്യമൊന്നും മാധ്യമങ്ങളിലെ മുറവിളിക്കാര്‍ ഓര്‍ക്കാറുതന്നെയില്ല.
ലോകം മുഴുവന്‍ ഇങ്ങനെയാണോ? മനുഷ്യവംശം സമാധാനത്തേക്കാള്‍ വിലമതിക്കുന്നത് യുദ്ധത്തെയാണോ? തര്‍ക്കങ്ങള്‍ തീര്‍ക്കാനും യുദ്ധങ്ങളും മരണങ്ങളും കുറക്കാനുമുള്ള അന്താരാഷ്ട്രസംവിധാനങ്ങള്‍ ദുര്‍ബലമാവുകയാണോ? സാമാന്യബോധമുള്ള മനുഷ്യരൊന്നും യുദ്ധം ആഗ്രഹിക്കുകയില്ല. അതുണ്ടാക്കുന്ന മരണങ്ങളും സാമ്പത്തികത്തകര്‍ച്ചകളും ചെറുതല്ല. യുദ്ധസന്നാഹങ്ങളും സൈനികസംവിധാനങ്ങളും എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്. സ്വന്തം ജനങ്ങളുടെ സ്വാതന്ത്ര്യവും സമാധാനവും സംരക്ഷിക്കുന്നതിനാണ് അവര്‍ക്കു യുദ്ധം ചെയ്യേണ്ടിവരുന്നത്. ചെറിയ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനും നിവൃത്തിയുണ്ടെങ്കില്‍ യുദ്ധം ഒഴിവാക്കാനും ആണ് മനുഷ്യന്‍ പരിശ്രമിക്കുക. ആയുധങ്ങള്‍ക്കും സൈന്യത്തിനും വേണ്ടി ചെലവഴിക്കുന്ന പണം മതി ഭൂമിയില്‍നിന്ന്ു പട്ടിണി തുടച്ചുമാറ്റാന്‍. 1945-നു ശേഷം ലോകത്ത് യുദ്ധങ്ങളും യുദ്ധമരണങ്ങളും കുറഞ്ഞുവരികയാണ്. എന്നാല്‍, ആയുധനിര്‍മാതാക്കളുടെയും അതില്‍നിന്നു ലാഭമുണ്ടാക്കുന്നവരുടെയും പരിശ്രമഫലമായി ആയുധവില്പന കുറയുകയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. 1990-ല്‍ യു.എസ്-യു.എസ്.എസ്.ആര്‍ ശീതയുദ്ധം അവസാനിച്ചതോടെ ആയുധമത്സരം അവസാനിച്ചിരുന്നു. ആയുധവില്പനയും കുറഞ്ഞു. പക്ഷേ, യുദ്ധങ്ങളില്ലെങ്കിലും സാരമില്ല, യുദ്ധഭീതി വളര്‍ത്തിയാല്‍ ആയുധവിപണി സജീവാക്കാം എന്ന്് ആയുധലോബികള്‍ക്ക് അറിയാം. അതിനാല്‍, യുദ്ധം കുറയുമ്പോഴും ആയുധവില്പന വര്‍ദ്ധിക്കുകയാണ്. അവസാനിക്കാത്ത സംഘര്‍ഷം നിലനിര്‍ത്തുക എന്നത് ആയുധലോബികളുടെ അജന്‍ഡയാണ്.
‘വിമര്‍ശനമല്ല വേണ്ടത്, പ്രതികാരമാണ് വേണ്ടത്…. രക്തമൊഴുക്കേണ്ട സമയമാണിത്, ശത്രുവിന്റെ രക്തം’- എന്നു മറ്റും സംഘര്‍ഷത്തിന്റെ നാളുകളില്‍ രാപകല്‍ ഭ്രാന്തമായി അലറുകയായിരുന്നു ഒരു ജനപ്രിയ ഇംഗ്ളീഷ് ചാനല്‍ അധിപന്‍. ദേശീയചാനലുകള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ചെറിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ഇനിയെങ്കിലും മനുഷ്യരെ കൊല്ലാതെ സമാധാനത്തിന്റെ വഴി അന്വേഷിക്കണമെന്ന് ചര്‍ച്ചയില്‍ ഒരു സൈനികന്റെ വിധവ പറഞ്ഞപ്പോള്‍ അവരുടെ രാജ്യസ്നേഹത്തെ മാത്രമല്ല, ഭത്തൃസ്നേഹത്തെയും ചോദ്യം ചെയ്യാന്‍ മടിച്ചില്ല ഒരു നിഷ്ഠുര ചാനല്‍ ‘നങ്കൂര’ക്കാരന്‍.
മറ്റെല്ലാ ദേശീയനയങ്ങളെയും പോലെ പൗരന്റെ നിരീക്ഷണത്തിനും വിലയിരുത്തലിലും വിധേയമായിത്തന്നെയാണ് രാജ്യരക്ഷാമേഖലയും പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങളുടെ പണമുപയോഗിച്ചാണ് നമ്മള്‍ ആയുധങ്ങള്‍ വാങ്ങുന്നതും പട്ടാളത്തിനു ശമ്പളം നല്‍കുന്നതുമെല്ലാം. രാജ്യരക്ഷാവകുപ്പിന് പ്രത്യേകാധികാരങ്ങളുമില്ല. ജനങ്ങള്‍ ജനാധിപത്യാവകാശം പ്രയോഗിച്ചതുകൊണ്ടാണ് പല രാജ്യങ്ങളുടെയും ഭരണാധികാരികള്‍ക്ക് സ്വയം നിയന്ത്രിക്കേണ്ടിവന്നത്. വിയറ്റ്നാം യുദ്ധത്തിനെതിരെ ഒരു ഘട്ടത്തില്‍ അമേരിക്കന്‍ ജനത തന്നെ മുന്നോട്ടുവന്നു. ജനങ്ങള്‍ക്കു ഭരണാധികാരികളെ നിയന്ത്രിക്കാന്‍ കഴിയാഞ്ഞതുകൊണ്ടാണ് ലോകയുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതും. സൈനികസേവനം നിര്‍ബന്ധമായിട്ടുള്ള രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് യുദ്ധങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ മടിയില്ല. അതില്ലാത്ത രാജ്യങ്ങളില്‍ സൈനികരേ ചോര ചൊരിയേണ്ടതുള്ളൂ. എയര്‍കണ്ടീഷന്‍ഡ് ചാനല്‍ സ്റ്റുഡിയോളിലിരുന്ന് സുരക്ഷിതമായി പോര്‍വിളി നടത്തുന്നവര്‍ സിനിമയിലെ യുദ്ധങ്ങളേ കണ്ടുകാണൂ. പതിനായിരങ്ങളുടെ മരണവും നഗരങ്ങളിലെ ബ്ലാക്കൗട്ടും അവശ്യവസ്തുക്കളുടെ ക്ഷാമവും മറ്റനേകം ദുരന്തങ്ങളും യുദ്ധത്തിന്റെ ദുരന്തഫലങ്ങളാണ്. യുദ്ധമുണ്ടാക്കുകയല്ല, സമാധാനമുണ്ടാക്കുകയാണ് രാജ്യസ്നേഹം, അതാണ് മനുഷ്യസ്നേഹം.
‘ഇന്നു വിജയദിവസ്’ പത്രവാര്‍ത്ത അര്‍ത്ഥശൂന്യവും അപക്വവുമാണ് എന്ന് ആവര്‍ത്തിക്കട്ടെ. അതല്ല പ്രശ്നം. മത്സരിച്ച് യുദ്ധഭ്രാന്ത് വളര്‍ത്തുക എന്ന പ്രചരണതന്ത്രം പ്രയോഗിക്കുന്നവയല്ല ഇക്കാലം വരെ മലയാളമാധ്യമങ്ങള്‍. പ്രത്യേകിച്ച് പത്രങ്ങള്‍. ഗാന്ധിജിയുടെ ചിതഭസ്മം മാത്രമല്ല, അഹിംസയുടെയും സമാധാനത്തിന്റെയും തത്ത്വങ്ങളും പരിപാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. അതു മറക്കരുതല്ലോ.
(പാഠഭേദം മാസികയില്‍ 2021 ജനവരി ലക്കത്തില്‍ എഴുതിയ ഡെഡ്എന്‍ഡ് പംക്തി)